ജാലകം നിത്യജീവൻ: പത്രോസ് ആദ്യമായി ഈശോയെ കാണുന്നു

nithyajeevan

nithyajeevan

Tuesday, September 28, 2010

പത്രോസ് ആദ്യമായി ഈശോയെ കാണുന്നു

     ഈശോ വീതികുറഞ്ഞ ഒരു നടപ്പാതയിലൂടെ നടന്നുവരികയാണ്. തനിച്ചേയുളളൂ. വേറൊരു വഴിയിലൂടെ ജോൺ(അപ്പസ്തോലൻ) ഈശോയുടെ അടുത്തേക്കു നടന്നുവരുന്നു. "ഗുരോ " എന്ന് ഉറക്കെ വിളിക്കുന്നു.
ഈശോ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്നു.

"ഗുരോ, അങ്ങയെക്കാണാൻ ഞാൻ ഏറെ മോഹിച്ചു. അങ്ങു താമസിക്കുന്ന വീട്ടിലെ ആളുകൾ പറഞ്ഞു, അങ്ങ് ഉൾനാട്ടിലേക്കു പോയിരിക്കയാണ് എന്ന്. എവിടെയെന്നു കൃത്യമായി പറഞ്ഞില്ല. അങ്ങയെ കണ്ടുമുട്ടാൻ കഴിയാതെ പോകുമോ എന്നു ഞാൻ ഭയപ്പെട്ടു."

സംസാരിക്കുമ്പോൾ ബഹുമാനസൂചകമായി ജോൺ തല അൽപ്പം കുനിച്ചാണു പിടിച്ചിരിക്കുന്നത്. അവന്റെ കണ്ണുകളിൽ സ്നേഹം തുളുമ്പിനിൽക്കുന്നു.

"നീ എന്നെ അന്വേഷിക്കുകയാണെന്നു കണ്ട് ഞാൻ നിന്റെയടുത്തേക്കു വരികയായിരുന്നു."

അങ്ങകലെയുള്ള ഒരു വൃക്ഷക്കൂട്ടത്തിലേക്കു ചൂണ്ടിക്കാട്ടിക്കൊണ്ട് ഈശോ പറഞ്ഞു, "അതാ അവിടെ, ഞാൻ പ്രാർത്ഥിക്കയായിരുന്നു. ഇന്നു വൈകുന്നേരം സിനഗോഗിൽ എന്താണു പറയേണ്ടത്എന്നു ധ്യാനിക്കുകയായിരുന്നു. നിന്നെ കണ്ടയുടൻ ഞാനിങ്ങുപോന്നു."

" ആ വേലി കൊണ്ടു മറഞ്ഞിരിക്കുന്ന സ്ഥലം കണ്ണിൽപ്പെടാൻ വളരെ പ്രയാസമാണ്. പിന്നെങ്ങനെയാണ് അവിടുന്ന് എന്നെ കണ്ടത് ?"
"കാണാൻ പ്രയാസമാണെങ്കിലും ഇതാ ഞാനിവിടെ എത്തി. നിന്നെ ദൂരെനിന്നു കണ്ടതു കൊണ്ടാണ് ഞാനിങ്ങോട്ടു വന്നത്. കണ്ണുകൾക്കു കാണാൻ കഴിയാത്തതു സ്നേഹം കാണുന്നു."

"അതെ, സ്നേഹം കാണുന്നു. ഗുരോ, അങ്ങു് എന്നെ സ്നേഹിക്കുന്നുണ്ടോ?"

ഇതിനുത്തരമായി ഈശോയുടെ മറുചോദ്യം: "സെബദിയുടെ പുത്രനായ ജോണേ, നീയെന്നെ
സ്നേഹിക്കുന്നുവോ ?"

ഏറെ, ഏറെ ഗുരോ, അങ്ങയെ ഞാൻ എന്നുംഎപ്പോഴും സ്നേഹിച്ചിരുന്നതായി എനിക്കു തോന്നുന്നു. അങ്ങയെ കണ്ടെത്തുന്നതിനു മുമ്പേ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുകയായിരുന്നു. അങ്ങയെ കണ്ടപ്പോൾ എന്റെ ആത്മാവ് മന്ത്രിച്ചു; "ഇതാ നീ അന്വേഷിക്കുന്നവൻ;" എന്റെ ആത്മാവ് അങ്ങയെ കണ്ടതുകൊണ്ടാണ് ഞാൻ അങ്ങയെ കണ്ടുമുട്ടിയത്."

"നീ പറയുന്നതു ശരിയാണ്. ഞാൻ നിന്റെയടുത്തേക്കു വന്നതും എന്റെ ആത്മാവ് നിന്നെ കണ്ടതുകൊണ്ടാണ്. നീ എത്രകാലം എന്നെ സ്നേഹിക്കും?"

"എന്നെന്നേക്കും ഗുരോ, അങ്ങയെ അല്ലാതെ വേറാരെയും മേലിൽ സ്നേഹിക്കാൻ എനിക്ക് ആഗ്രഹമില്ല."

"നിനക്ക് അപ്പനും അമ്മയുമുണ്ട്. സഹോദരന്മാരുണ്ട്. സഹോദരിമാരുണ്ട്. നീ ജീവിതം ആരംഭിച്ചിട്ടേയുള്ളൂ. നീ ഒരു യുവതിയെ കണ്ടുമുട്ടും, നിങ്ങൾ സ്നേഹബദ്ധരാകും, ഇതാണു നിന്റെ ജീവിതം. ഇതെല്ലാം എനിക്കുവേണ്ടി നീ എങ്ങനെ ഉപേക്ഷിക്കും?"

"ഗുരോ, എനിക്കറിഞ്ഞുകൂടാ. ഇപ്പറയുന്നത് അഹന്ത കൊണ്ടാണെന്നു തോന്നരുതേ. അങ്ങയുടെ വാൽസല്യം അപ്പനമ്മമാരുടേയും സഹോദരീസഹോദരന്മാരുടേയും ഭാര്യയുടേയും സ്നേഹത്തിനു ബദലായിരിക്കും. അങ്ങു് എന്നെ സ്നേഹിച്ചാൽ ഞാൻ ഉപേക്ഷിക്കുന്നതിനെല്ലാം പ്രതിഫലമായി."

"എന്റെ സ്നേഹം നിനക്കു കൊണ്ടുവരുന്നതു ദുഃഖമാണെങ്കിലോ ? മർദ്ദനമാണെങ്കിലോ ?"

"അങ്ങു് എന്നെ സ്നേഹിക്കുന്നെങ്കിൽ അതൊക്കെ നിസ്സാരമാണ്.'

"ഞാൻ മരിക്കുന്ന ദിവസം........."

"അയ്യോ, അങ്ങു് മരിക്കുകയോ ?അങ്ങു് ചെറുപ്പമാണ്."

"നിയമവും അതിന്റെ യഥാർത്ഥ ഉദ്ദേശവും ആളുകൾക്കു മനസ്സിലാക്കിക്കൊടുത്ത് മനുഷ്യരക്ഷ സാധിക്കാനാണു് മിശിഹാ വന്നിരിക്കുന്നത്. ലോകം നിയമത്തെ വെറുക്കുന്നു. രക്ഷ പ്രാപിക്കാൻ അതാഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദൈവം അയയ്ക്കുന്ന പ്രവാചകന്മാരെ ലോകം മർദ്ദനങ്ങൾക്കു വിധേയരാക്കുന്നു."

"അത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. അങ്ങയെ സ്നേഹിക്കുന്ന എന്നോട് മരണത്തെപ്പറ്റിയുള്ള പ്രവചനം അരുതേ ! അഥവാ അങ്ങു് മരിക്കുകയാണെങ്കിൽത്തന്നെ ഞാൻ അങ്ങയെ തുടർന്നും സ്നേഹിക്കും. അങ്ങയെ സ്നേഹിക്കാൻ എന്നെ അനുവദിക്കൂ..."

ഈശോ വഴിമദ്ധ്യത്തിൽ നിന്ന് ക്രാന്തദർശികളായ കണ്ണുകൾകൊണ്ട് ജോണിനെ സൂക്ഷിച്ചു നോക്കുന്നു. അനന്തരം അവന്റെ കുനിച്ച തലയിൽ കൈ വച്ചുകൊണ്ട് ഈശോ പറഞ്ഞു; "നീ എന്നെ സ്നേഹിക്കണമെന്നാണ് എന്റെ ആഗ്രഹം."
"ഗുരോ" ജോൺ സന്തോഷവാനായി. കണ്ണിൽ വെള്ളം പൊടിഞ്ഞെങ്കിലുംസുന്ദരമായ അവന്റെ ചുണ്ടുകളിൽ പുഞ്ചിരിയാണ്. ഈശോയുടെ ദിവ്യമായ കൈകളിൽ അവൻ ചുംബിക്കുകയും അത് നെഞ്ചോടുചേർത്ത് അമർത്തുകയും ചെയ്യുന്നു.

അവർ യാത്ര തുടരുന്നു.

"നീ എന്നെ അന്വേഷിക്കുകയായിരുന്നു എന്നല്ലേ പറഞ്ഞത് ?"

അതെ, എന്റെ കൂട്ടുകാർ അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു എന്നുപറയാനാണ് അങ്ങയെ ഞാൻ തിരക്കിയത്. അങ്ങയുടെ അടുത്തെത്താൻ തീവ്രമായ ആഗ്രഹം എനിക്കുണ്ടായിരുന്നു എന്നതും സത്യമാണ്."

"ദൈവവചനം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ നീ വേണ്ടതു ചെയ്തോ ?"

"ഞാൻ മാത്രമല്ല, എന്റെ സഹോദരൻ ജയിംസും അങ്ങയെപ്പറ്റിവാചാലമായി സംസാരിച്ചു. അവർക്കുവിശ്വാസമാകുന്ന രീതിയിൽ സംസാരിച്ചു. "

" അങ്ങനെ വിശ്വാസം തീരെ ഇല്ലാതിരുന്നവൻ കൂടി ഇപ്പോൾ വിശ്വസിച്ചു തുടങ്ങി. വിശ്വാസം ഇല്ലാതിരുന്നതിന് അവനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. (ഈശോ ഇവിടെ പത്രോസിനെപ്പറ്റിയാണു പറയുന്നതു് ) അവൻ കാണിച്ചത് വിവേകം മാത്രമാണ്. നമുക്കു പോയി അവന്റെ വിശ്വാസം കൂടുതൽ ബലപ്പെടുത്താം."

'അവൻ എന്തോ ഭയപ്പെടുന്നതുപോലെ തോന്നി."

"അവൻ ഭയപ്പെടുന്നത് എന്നെയാണോ ? ഞാൻ നല്ലവർക്കുവേണ്ടിയും, അതിലുപരി തെറ്റുപറ്റിയവർക്കുവേണ്ടിയും വന്നിരിക്കുന്നവനാണ്. മനുഷ്യരെ രക്ഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അവരെ വിധിക്കാനല്ല. സത്യസന്ധരായവരോട് ഞാൻ എപ്പോഴും കാരുണ്യമേ കാണിക്കൂ."

"പാപികളോടോ ?"

"പാപികളോടും കാരുണ്യം കാണിക്കും. സത്യസന്ധത ഇല്ലാത്തവർ എന്നു പറയുമ്പോൾ ആന്തരികമായി സത്യസന്ധത പാലിക്കാതെ തിന്മ ചെയ്യുകയും നല്ലവരാണ് എന്നു ഭാവിക്കുകയും ചെയ്യുന്നവരെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. "

"അങ്ങനെയാണെങ്കിൽ സൈമണിനു ഭയപ്പെടാനൊന്നുമില്ല. അവനെപ്പോലെ വിശ്വസ്തനായി വേറെയാരേയും കാണാൻകിട്ടില്ല."

"ഞാൻ അതാണിഷ്ടപ്പെടുന്നത്. എല്ലാവരും അങ്ങനെയാകണമെന്നാണ് എന്റെ ആഗ്രഹം."

"അങ്ങയോടു പറയാൻ സൈമണിനു് ഏറെ കാര്യങ്ങളുണ്ട്."

"ഇന്നു സിനഗോഗിൽ പ്രസംഗിച്ചശേഷം അവനു പറയാനുള്ളതൊക്കെ ഞാൻ കേൾക്കാം. സിനഗോഗിൽ ഞാൻ പ്രസംഗിക്കുന്നുണ്ട് എന്നവിവരം പണക്കാരെയും നല്ല ആരോഗ്യമുള്ളവരെയും കൂടാതെ ചുറ്റുപാടുമുള്ള സാധുക്കളെയും രോഗികളെയും അറിയിക്കണമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. സുവിശേഷം ഇവർക്കെല്ലാം ആവശ്യമുണ്ട്.'

അവർ ഗ്രാമത്തിന്റെ അടുത്തെത്തി. വഴിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാൾ ഓടുന്നതിനിടയ്ക്ക് ഈശോയുടെ കാലിൽത്തട്ടിവീണു. കരയുന്ന കുട്ടിയെ ഈശോ കൈകളിലെടുത്തു ആശ്വസിപ്പിച്ചു. ഇതു കണ്ട് ജോൺ ചോദിക്കുന്നു; "ഗുരോ, അങ്ങേക്ക് കുട്ടികളെ ഇഷ്ടമാണോ ?'

"ഉവ്വ്, കുട്ടികൾ നിർമ്മലരാണ്. സ്നേഹമുള്ളവരാണ്."

"അങ്ങേക്ക് അനന്തരവന്മാരുണ്ടോ ?"

"ഉണ്ട്. എന്നാൽ എന്റെ അമ്മയ്ക്കും വിശുദ്ധിയും ആത്മാർത്ഥതയും കുട്ടികളുടേതുപോലെയുള്ള സ്നേഹവുമുണ്ട്. കൂടാതെ പ്രായമായവരുടെ വിവേകവും നീതിബോധവും ധീരതയും അവൾക്കുണ്ട്. എനിക്കു വേണ്ടതെല്ലാം എന്റെ അമ്മയിലുണ്ട്."

"എന്നിട്ട് അങ്ങ് അമ്മയെ ഉപേക്ഷിച്ചുപോന്നോ ?"

"ഏറ്റം പരിശുദ്ധയായ അമ്മയെക്കാളും വലുതാണ് ദൈവം."

"എനിക്ക് ഈ അമ്മയെക്കാണാൻ ഇടയാകുമോ?"

"നീ അമ്മയെക്കാണും."

"ആ അമ്മ എന്നെ സ്നേഹിക്കുമോ?"

"അവൾ നിന്നെ സ്നേഹിക്കും. അവളുടെ മകനെ സ്നേഹിക്കുന്ന ആരെയും അവൾ സ്നേഹിക്കും."

"അങ്ങേക്കു സഹോദരന്മാരില്ലേ ?"

"എന്റെ അമ്മയുടെ ഭർത്താവിന്റെ വഴിയിൽ എനിക്ക് ഏതാനും സഹോദരന്മാരുണ്ട്. എന്നാൽ എല്ലാ മനുഷ്യരും എന്റെ സഹോദരന്മാരാണ്. എല്ലാവർക്കും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്......ഇതാ, നാം സിനഗോഗിൽ എത്തിക്കഴിഞ്ഞു. നീയും നിന്റെ കൂട്ടുകാരും പ്രാർത്ഥനയിൽ എന്നോടൊപ്പം പങ്കുചേരൂ."

    ജോൺ പോകുന്നു. ഈശോ സിനഗോഗിൽ പ്രവേശിക്കുന്നു. അവിടെ ഒരു മുക്കോൺ വിളക്കും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ വച്ചു വായിക്കുന്നതിനുള്ള ഒരു പീഠവുമുണ്ട്. സിനഗോഗിൽ ധാരാളം ആളുകളുണ്ട്. അവർ പ്രാർത്ഥിക്കയാണ്. ഈശോയും പ്രാർത്ഥിക്കുന്നു. ഈശോയെപ്പറ്റി താഴ്ന്ന സ്വരത്തിൽ ആളുകൾ ഓരോന്ന് പറയുന്നു. ഈശോ, പ്രാർത്ഥനാലയത്തിന്റെ അധിപനെ തലകുനിച്ചു വണങ്ങിയശേഷം ഗ്രന്ഥത്തിന്റെ ഒരു ചുരുൾ ആവശ്യപ്പെടുന്നു. കൈയിൽ കിട്ടിയ ചുരുൾ അയാൾ ഈശോയെ ഏൽപ്പിക്കുന്നു. ഈശോ ചുരുൾ നിവർത്തി വായിച്ചശേഷം വായിച്ചതു വിശദീകരിക്കുന്നു.

പ്രസംഗശേഷം ഈശോ സിനഗോഗിൽ നിന്നിറങ്ങിവരുന്നു. വാതിൽക്കൽ ജോണും സഹോദരൻ ജയിംസും നിൽപ്പുണ്ട്. അവരുടെ കൂടെ സൈമണും(പത്രോസ്) സഹോദരൻ ആൻഡ്ര്രൂസും ഉണ്ട്.' നിങ്ങൾക്കു സമാധാനം." ഈശോ പറഞ്ഞു. "കാര്യമറിയാതെ മറ്റുള്ളവരെ വിധിക്കരുത് എന്ന പാഠം പഠിച്ചാൽമാത്രമേ ഈ നിൽക്കുന്ന മനുഷ്യൻ നീതിമാനായിത്തീരൂ. എന്നാൽ തന്റെ തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധത അയാൾക്കുണ്ട്. സൈമൺ, നിനക്ക് എന്നെ കാണണം, അല്ലേ? ഇതാ കണ്ടോളൂ. ആൻഡ്ര്രൂ, നീ എന്താണ് നേരത്തേ വരാതിരുന്നത്? " എന്താണു മറുപടി പറയേണ്ടത് എന്നറിയാതെ രണ്ടു സഹോദരന്മാരും പരസ്പരം നോക്കി.

    പതിഞ്ഞ സ്വരത്തിൽ ആൻഡ്രൂ പറഞ്ഞു; "വരാൻ ഞാൻ ധൈര്യപ്പെട്ടില്ല." ലജ്ജ കൊണ്ട് പത്രോസിന്റെ മുഖം ചുവന്നു. പക്ഷേ അയാൾ സംസാരിക്കുന്നില്ല. ഈശോ ആൻഡ്രൂവിനോടു പറഞ്ഞു; " ഇങ്ങോട്ടു വരുന്നത് തെറ്റായിരുന്നില്ലലോ ? തെറ്റു ചെയ്യുന്നതിനു മാത്രമേ അധൈര്യപ്പെടേണ്ടു." ഇതുകേട്ടപ്പോൾ പത്രോസ് ഉള്ള കാര്യം തുറന്നുപറഞ്ഞു; "ഇതെല്ലാം എന്റെ കുറ്റമാണ്. എന്നെ ഉടനെ അങ്ങയുടെ അടുത്തേക്കു കൊണ്ടുവരാനാണ് അവനാഗ്രഹിച്ചത്. എന്നാൽ ഞാൻ പറഞ്ഞു, 'എനിക്കിതിൽ വിശ്വാസമില്ല.' വരാൻ ഞാൻ ആഗ്രഹിച്ചുമില്ല. ഇപ്പോൾ എന്റെ മനസ്സിൽ സമാധാനം തോന്നുന്നു."

പുഞ്ചിരിച്ചുകൊണ്ട് ഈശോ പറഞ്ഞു; "നിന്റെ ആത്മാർത്ഥത എനിക്കിഷ്ടമാണ്."

    "പക്ഷേ ഞാൻ നല്ലവനല്ല. അങ്ങ് ദേവാലയത്തിൽ പ്രസംഗിച്ചപ്പോൾ പറഞ്ഞതൊന്നും ചെയ്യാൻ എനിക്കു ശക്തിയില്ല. എനിക്കു് പെട്ടെന്ന് കോപം വരും. എനിക്കു് ധനമോഹമുണ്ട്. പണം എനിക്കിഷ്ടമാണ്. മീൻകച്ചവടത്തിൽ ചിലപ്പോഴൊക്കെ, എപ്പോഴുമില്ല, ഞാൻ കബളിപ്പിച്ചിട്ടുണ്ട്. എനിക്കു് എഴുത്തും വായനയും അറിഞ്ഞുകൂടാ. അങ്ങയെ പിന്തുടരാനോ അങ്ങയുടെ വെളിച്ചം സ്വീകരിക്കാനോ എനിക്കു വേണ്ടത്ര സമയമില്ല. ഞാനെന്തു ചെയ്യാനാണ്. അങ്ങു പറയുന്നതുപോലെ ജീവിച്ചാൽക്കൊള്ളാമെന്നുണ്ട്....."

    "അതു പ്രയാസമുള്ള കാര്യമല്ല സൈമൺ. നിനക്കു വേദപുസ്തകവുമായി അൽപ്പസ്വൽപ്പം പരിചയമുണ്ട്, അല്ലേ ? മിക്കാ പ്രവാചകനെ നീ ഓർക്കുന്നുണ്ടല്ലോ. ആ പ്രവാചകൻ പറഞ്ഞതാണ് ദൈവം നിന്നിൽ നിന്നും ആവശ്യപ്പെടുന്നത്. നിന്റെ ഹൃദയം ചൂഴ്ന്നെടുത്തു കൊടുക്കാൻ ദൈവം പറയുന്നില്ല. വിശുദ്ധങ്ങളായ സ്നേഹബന്ധങ്ങളെ ബലി കൊടുക്കണമെന്നും പറയുന്നില്ല. തൽക്കാലം ഇതൊന്നും ദൈവം ചോദിക്കുന്നില്ല. ഒരു ദിവസം വരും. അന്നു ദൈവം ചോദിക്കാതെ തന്നെ നീ നിന്നെത്തന്നെ ദൈവത്തിനു കൊടുക്കും. അതിനു ദൈവം ക്ഷമയോടെ കാത്തിരിക്കും. നീ ഇന്ന് ദുർബലമായ ഒരു പുൽക്കൊടിയാണ്. മഞ്ഞും വെയിലുമേറ്റ് നീ വളരും. വലിയ ഒരു പനയായി വളരും. അതുവരെ ദൈവം കാത്തിരിക്കും. ഇപ്പോൾ ദൈവം ആവശ്യപ്പെടുന്നത് ഇതുമാത്രമാണ്. നീതിപൂർവം പെരുമാറുക. കരുണയുള്ളവനായിരിക്കുക. നിന്റെ ദൈവത്തെ പിഞ്ചെല്ലുന്നതിൽ അങ്ങേയറ്റം ശ്രദ്ധിക്കുക. സൈമൺ, നിന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി പിന്നീടു നീ ചിന്തിക്കേണ്ട. നീ ഒരു പുതിയ മനുഷ്യനായിത്തീരും. ദൈവത്തിന്റെയും ദൈവത്തിന്റെ ക്രിസ്തുവിന്റെയും സ്നേഹിതൻ. ഇനി നീ സൈമൺ അല്ല, കേപ്പാ ആണ്. എനിക്കു വിശ്വസിച്ചു ചാരി നിൽക്കാവുന്ന പാറ."

  "ഇതെനിക്കു പിടിച്ചു. ഇതെനിക്കു മനസ്സിലാകുന്ന ഭാഷയാണ്. റബ്ബിമാർ വ്യഖ്യാനിക്കുന്ന മാതിരിയുള്ള നിയമവും അതിന്റെ ചട്ടങ്ങളുമെല്ലാം അനുസരിക്കാൻ എനിക്കു പറ്റില്ല. എന്നാൽ അങ്ങു പറയുന്നത് അനുസരിക്കാൻ എനിക്കു കഴിഞ്ഞേക്കും. അങ്ങ് എന്നെ സഹായിക്കുമല്ലോ. അങ്ങ് ഈ വീട്ടിലാണോ താമസിക്കുന്നത്? ഇതിന്റെ ഉടമസ്ഥനെ എനിക്കറിയാം. "

" ഇപ്പോൾ ഞാൻ ഇവിടെയാണ് താമസിക്കുന്നത്. എന്നാൽ ഞാൻ ജറുസലേമിക്കു പോകയാണ്. അതിനുശേഷം പാലസ്തീനായിലെങ്ങും ഞാൻ പ്രസംഗിക്കും. അതിനുവേണ്ടിയാണു ഞാൻ വന്നത്. എന്നാൽ കൂടെക്കൂടെ ഞാൻ ഇവിടെ വരും."

"അങ്ങു പറയുന്നത് കേൾക്കാൻ ഞാൻ വീണ്ടും വരും. അങ്ങയുടെ ശിഷ്യനാകാൻ ഞാനാഗ്രഹിക്കുന്നു. എന്റെ തലയിലും അൽപ്പം വെളിച്ചം കയറും."

"നിന്റെ ഹൃദയത്തിലാണ് വെളിച്ചം വേണ്ടത്. ആൻഡ്രൂ, നിനക്കൊന്നും പറയാനില്ലേ?"

"ഞാൻ എല്ലാം കേൾക്കുന്നുണ്ട്."

"എന്റെ സഹോദരൻ അധികം സംസാരിക്കില്ല."

"അവൻ ഒരു സിംഹമായി വളരും. ഇരുട്ടിത്തുടങ്ങി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ വലയിൽ ധാരാളം മീൻ കയറാൻ ദൈവം ഇടയാക്കട്ടെ. ഇപ്പോൾ പൊയ്ക്കൊള്ളൂ."

"സമാധാനം അങ്ങയോടു കൂടെ." അവർ പിരിഞ്ഞുപോയി.

പുറത്തേക്കു വന്നയുടൻ പത്രോസ് ചോദിക്കുന്നു; "വേറെ വലകൾ കൊണ്ട് വേറൊരു തരം മീനിനെ ഞാൻ പിടിക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞല്ലോ. എന്താണതിന്റെ അർത്ഥം?"

"നീ എന്തേ ചോദിക്കാഞ്ഞത്? പല കാര്യങ്ങളും പറയാനുണ്ടായിട്ടും നീ ഒന്നുംതന്നെ പറഞ്ഞില്ലല്ലോ?"

"എനിക്കാകപ്പാടെ വിമ്മിഷ്ടമായിരുന്നു."

സുഹൃത്തുക്കൾ നാലുപേരും വീടുകളിലേക്കു മടങ്ങിപ്പോകുന്നു.