ജാലകം നിത്യജീവൻ: ഈശോയുടെ ഒരു പ്രബോധനം

nithyajeevan

nithyajeevan

Tuesday, June 29, 2010

ഈശോയുടെ ഒരു പ്രബോധനം

ഈശോ അപ്പസ്തോലന്മാരോട്  സംസാരിക്കുന്നു.


   "വസന്തകാലത്തിൽ മരങ്ങളെല്ലാം പൂക്കുമ്പോൾ കൃഷിക്കാരൻ സന്തോഷിക്കുന്നു. അയാൾ സ്വയം പറയും,"ഇക്കൊല്ലം നല്ല വിളവായിരിക്കും.' ഈ പ്രതീക്ഷ അയാളുടെ ഹൃദയത്തെ കുളിർപ്പിക്കുന്നു. എന്നാൽ പൂക്കാലത്തിനും വിളവെടുക്കുന്ന കാലത്തിനുമിടക്ക് എത്രയോ നാളുകളുണ്ട്? എന്തെല്ലാം സംഭവിക്കുന്നു? കാറ്റും മഴയുംവെയിലും കൊടുങ്കാറ്റും ഉണ്ടാകുന്നു. ചിലപ്പോൾ ചെടികൾക്ക് രോഗം പിടിപെടുന്നു. ചിലപ്പോൾ പണിക്കാർക്ക് രോഗം പിടിപെടുന്നു. അപ്പോൾ ചെടികൾക്ക് ശുശ്രൂഷയില്ല, വെള്ളമില്ല, അങ്ങനെ ചെടികൾ ഉണങ്ങിപ്പോകുന്നു. വിള ഇല്ലാതെ വരുന്നു. പൂക്കാലത്തെ പ്രതീക്ഷയിൽനിന്നും എത്രയോ വ്യത്യസ്തമായ അവസ്ഥ .

                                    നിങ്ങൾ എന്റെകൂടെ നടക്കുന്നു. എന്നെ സ്നേഹിക്കുന്നു. വസന്തകാലത്തിൽ ചെടികളെന്നപോലെ ലക്ഷ്യബോധം കൊണ്ടും സ്നേഹംകൊണ്ടും നിങ്ങൾ പൂവണിയുന്നു.എന്റെ ദൗത്യം ആരംഭിക്കുന്ന കാലത്ത് ഇസ്രായേൽജനം നിസാൻമാസത്തിലെ മനോഹരമായ നമ്മുടെ നാട്ടിൻപുറം പോലെയാണ്. എന്നാൽ അസൂയാലുവായ പിശാച്, വേനൽക്കാലത്തെ കൊടുംചൂടുപോലെ അവന്റെ കോപവുമായി നിങ്ങളെ കരിച്ചുകളയാൻ വരും. ലോകത്തിന്റെ മരവിപ്പിക്കുന്ന കാറ്റ് വീശും.നിങ്ങളുടെ പൂക്കൾ കരിഞ്ഞുപോകും. കൊടുങ്കാറ്റുപോലെ വികാരവിക്ഷോഭങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഉദ്ദേശങ്ങൾ ദൈവത്തിൽ സഫലമാകുന്നതു തടയാൻ എന്റെയും നിങ്ങളുടേയും ശത്രുക്കൾ കഴിവതെല്ലാം ചെയ്യും.
                                                       
     ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു.  വരാൻ പോകുന്നതെന്താണെന്ന് എനിക്കറിയാം. രോഗിയായ ഒരു കർഷകനെപ്പോലെ, അഥവാ മരണമടഞ്ഞ കർഷകനെപ്പോലെ ഞാൻ നിങ്ങളുടെയിടയിൽ നിന്നു മറഞ്ഞുപോയാൽ, ഞാൻ നിങ്ങളോടു സംസാരിക്കാതായാൽ, അത്ഭുതങ്ങൾ പ്രവർത്തിക്കാതായാൽ,ഈ കൃഷി അപ്പാടെ നശിച്ചു പോകുമോ?   ഇല്ല: എനിക്കാവുന്നത്ര കാലം ഞാൻ വിതക്കുകയും കൃഷി അന്വേഷിക്കുകയും ചെയ്യും.  ചെടികൾ വളരുകയും കതിരുകൾ നിങ്ങൾക്കായി വിളയുകയും ചെയ്യും.  നിങ്ങൾ ശരിക്കും കാവലിരുന്നാൽ മതി.

                     ആ വീടിനടുത്തു നിൽക്കുന്ന അത്തിവൃക്ഷത്തെ കണ്ടോ? അത്ര വളക്കൂറുള്ള മണ്ണിലല്ല അതു നിൽക്കുന്നത്. വേരു പിടിക്കാതെ പട്ടു പോകേണ്ടതായിരുന്നുവെങ്കിലും പിടിച്ചു നിൽക്കാൻ അത് മാർഗം കണ്ടെത്തി. സൂര്യപ്രകാശവും ചൂടും തേടി അതു ശാഖകൾ വിരിച്ചു. അതാ, ഇപ്പോൾ അത് അവിടെ നിൽക്കുന്നു.  വളവുണ്ടെകിലും നല്ല ആരോഗ്യമുള്ള വൃക്ഷം; അതിരാവിലെ മുതൽ വെയിലു കിട്ടും.അതുകൊണ്ട്  ആഹാരം പാകം ചെയ്ത് നൂറു നൂറു കനികളെ പുലർത്തുന്നു; സ്വന്തം മിടുക്കുകൊണ്ട് ആ മരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ചെറുത്തു നിന്നു; വിജയിച്ചു. ആ വൃക്ഷം സ്വയം പറഞ്ഞു; "ദൈവം എന്നെ സൃഷ്ടിച്ചത് മനുഷ്യന് ആനന്ദവും ഭക്ഷണവും നൽകാനാണ്. ദൈവതിരുമനസ്സ് നിറവേറ്റാനാണ് എൻ്റെയും ആഗ്രഹം."  ഒരു അത്തിവൃക്ഷം! സംസാരിക്കാൻ കഴിവില്ലാത്ത ഒരു മരം.. ആത്മാവില്ലാത്ത ഒരു വൃക്ഷം! ദൈവത്തിൻ്റെ മക്കളായ നിങ്ങൾക്ക്, മനുഷ്യമക്കളായ നിങ്ങൾക്ക്, വെറും ഒരു വൃക്ഷം കാണിക്കുന്ന തന്റേടവും സ്വാശ്രയബോധവും കാട്ടാൻ കഴിയില്ലേ?

          നിത്യജീവൻ്റെ കനികൾ പുറപ്പെടുവിക്കുവാൻ നിങ്ങൾ നിരന്തരം ജാഗ്രതയുള്ളവരായിരിക്കുവിൻ.