ജാലകം നിത്യജീവൻ: നരകദർശനം

nithyajeevan

nithyajeevan

Friday, August 5, 2016

നരകദർശനം

              സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ  ഫാ.ജെയിംസ്   മഞ്ഞാക്കലിന്റെ  ജീവിതാനുഭവങ്ങളിൽ നിന്ന്:-


  (വളരെ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണം
നടത്തിക്കുണ്ടിരുന്ന ഫാ.ജെയിംസിന്,  വളരെ അപ്രതീക്ഷിതമായാണ് 2012 ഡിസംബറിൽ ഗിലൻ ബാരെ സിൻഡ്രോം (Guillain-Barre Syndrome - GBS) എന്ന രോഗം ബാധിച്ചു ശരീരമാസകലം തളർന്ന് ഏതാണ്ട് രണ്ടര വർഷത്തോളം  യൂറോപ്പിലെ വിവിധ ആശുപത്രികളിൽ കിടക്കേണ്ടിവന്നത്. ആഴ്ചകളോളം കോമയിൽ കഴിഞ്ഞ അദ്ദേഹത്തിന് മരണാനന്തരാനുഭവം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആദ്ധ്യാത്‌മികാനുഭവങ്ങൾ ഉണ്ടാവുകയും അതേത്തുടർന്ന് അദ്ദേഹം ക്രമേണ രോഗവിമുക്തനാവുകയും ചെയ്തു.  തന്റെ    ആദ്ധ്യാത്‌മികാനുഭവങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകമാണ് "നിത്യത ദർശിച്ച നിമിഷങ്ങൾ." നരകം - ശുദ്ധീകരണസ്ഥലം - സ്വർഗ്ഗം ഇവയാണ് ഈ പുസ്തകത്തിന്റെ  മുഖ്യ പ്രതിപാദ്യം.)
                                               "എന്നാൽ, ഭീരുക്കൾ, അവിശ്വാസികൾ, ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം;" (വെളി 21:8). ഒരു കറുത്ത ലോറി എന്റെ മുൻപിൽ വന്നു നിൽക്കുന്നതായി ഞാൻ കണ്ടു. മൂക്കുതുളച്ചു കയറുന്ന ദുർഗന്ധം അതിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. കറുത്ത് ഇരുണ്ട മുഖമുള്ള ഒരാളായിരുന്നു ലോറി ഡ്രൈവർ. അവനെ കണ്ടപ്പോൾ ഞാൻ ഭയന്നുപോയി. അവന്റെ വലതുവശത്തെ സീറ്റിലേക്ക് ഞാൻ എങ്ങനെ കയറി എന്നറിയില്ല. ഉരുണ്ടുകയറിയതു പോലെ തോന്നി. അതിവേഗത്തിൽ അവൻ വണ്ടിയോടിച്ചു. ഏറെ ദൂരം, ഏറെ സമയം വണ്ടി ഓടിയതായാണ് എനിക്ക് അനുഭവപ്പെട്ടത്.  പെട്ടെന്ന് വണ്ടി നിന്നു.. ഞാൻ തെറിച്ചുപോകും എന്നെനിക്കു തോന്നി. അകലെ എവിടെയോ നിന്ന് ഭീകരമായ നിലവിളികളും രോദനങ്ങളും കേൾക്കാമായിരുന്നു. അത് പിശാചിന്റേതാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു. ലോറിയിൽ നിന്ന് എന്നെ ആരോ തള്ളിയിട്ടപോലെ ഞാൻ ഇറങ്ങി. പക്ഷെ വീണില്ല. നിമിഷങ്ങൾക്കുള്ളിൽ കത്തിജ്വലിക്കുന്ന ഒരു തീച്ചൂളയുടെ മുൻപിൽ ഞാൻ വന്നുപെട്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ എനിക്കു മനസ്സിലായി, അതു തീച്ചൂളയല്ല, പിന്നെയോ, തീ കത്തി എരിയുന്ന, കറുത്തതും വെളുത്തതുമായ പുകകൾ മുകളിലേക്ക് ഉയരുന്ന വലിയ വിജനപ്രദേശമാണ്. പച്ച   മാംസം വെന്തുരുകുന്നതിന്റെ ദുർഗന്ധം ഉണ്ടായിരുന്നു. പലതരത്തിലുള്ള വികൃതവും പ്രാകൃതവുമായ, നീണ്ട ചുണ്ടും ചിറകുമുള്ള ജന്തുക്കളെയും ഇഴജന്തുക്കളെയും ഞാനവിടെ കണ്ടു. എല്ലായിടത്തും പുകയും പൊടിയും നിറഞ്ഞിരുന്നു..   വളരെ ഭീകരത നിറഞ്ഞ അന്തരീക്ഷമായിരുന്നു അത്..              ചിത്രങ്ങളിൽ ഞാൻ കണ്ടിട്ടുള്ളനീണ്ട  വാലും  തലയും ചുരുണ്ട കൊമ്പും കടവാവലിന്റെതുപോലെയുള്ള ചിറകുകളും വന്യ മൃഗങ്ങളുടെതുപോലുള്ള കാലുകളും നഖങ്ങളുമുള്ള പിശാചിന്റെ രൂപം തീയിൽ ഞാൻ ദർശിച്ചു.. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ. (1പത്രോസ് 5:8-9) അവന് അവന്റേതായ കുതന്ത്രങ്ങൾ ഉണ്ട്. "സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തു നിൽക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല,പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കും എതിരായിട്ടാണ് പട വെട്ടുന്നത്. "(എഫേ 6:11-12)
                ഞാൻ അവിടെ മനുഷ്യരെ ആരെയും കണ്ടില്ല. ഒരുപക്ഷേ, ദൈവം എന്നിൽ നിന്ന് ആ കാഴ്ച മറച്ചതായിരിക്കാം. അഥവാ, അന്ത്യവിധിക്കു ശേഷം മാത്രമേ, ആരെല്ലാം ആയിരിക്കും നരകത്തിൽ എന്നു നമുക്ക് അറിയാനാവൂ. ഒരുകാര്യം സത്യമാണ്. ദൈവവിശ്വാസം ഇല്ലാത്തവരും അനുതപിക്കാത്തവരും നരകത്തിൽ നിപതിക്കും. 
                          ഇന്ന് പല ദൈവശാസ്ത്രജ്ഞന്മാരും ബിഷപ്പുമാർ പോലും പിശാചിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നില്ല എന്നതും പിശാചിനെതിരെ പോരാടണം എന്ന് ഉദ്ബോധിപ്പിക്കാത്തതും വളരെ ശോചനീയം തന്നെ. പിശാചിന്റെ അസ്തിത്വനിഷേധം എന്നതു തന്നെ അവന്റെ ഒരു കുതന്ത്രമാണ്. 'അവൻ ഇല്ല' എന്നു പറയുമ്പോൾ 
ആരും തന്നെ അവനെതിരായി അടരാടുകയില്ലല്ലോ. 
          പല രൂപതകളിലും പിശാചിനെ ശാസിക്കുവാനും ബഹിഷ്‌കരിക്കുവാനും പ്രത്യേക അധികാരമുള്ള വൈദികരെ (Exorcists)  നിയോഗിച്ചിട്ടില്ല എന്നത് ശോചനീയമാണ്. അതിനാൽ, ദൈവജനം പിശാചിനാൽ വശീകരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചിലപ്പോൾ ആവസിക്കപ്പെടുകയും ചെയ്യുന്നു. വിടുതൽ പ്രാപിക്കുവാൻ എവിടെപ്പോകണം എന്നറിയാതെ ചിലർ ഇതര മതവിഭാഗങ്ങളിലേക്ക് പരക്കം പായുന്നു. യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നത് സാത്താനെയും അവന്റെ പ്രവർത്തനങ്ങളെയും  നശിപ്പിക്കുവാനും മനുഷ്യവംശത്തെ രക്ഷിക്കുവാനുമാണ്. യേശുവിൽ വിശ്വസിക്കുന്നവരും അവിടുത്തെ അനുഗമിക്കുന്നവരും അവിടുന്ന് നടത്തിയ ശുശ്രൂഷകൾ തുടരേണ്ടതാണ്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ദുഷ്ടനിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ എന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. 
   എല്ലാ മാർപ്പാപ്പാമാരും  പിശാചിനെയും അവന്റെ ശക്തിയെയും പറ്റിയും അവനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെയും പറ്റി പഠിപ്പിച്ചിരുന്നു. ലിയോ പതിമ്മൂന്നാമൻ പാപ്പാ വിശുദ്ധ മിഖായേലിനോടുള്ള പ്രാർഥന എല്ലാ ദിവ്യബലിയുടെയും അവസാനം പ്രാർഥിക്കണം എന്നു നിഷ്കർഷിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പാ പറയുന്നു; "He who does not pray to Jesus prays to the devil; He who does not profess Jesus professes demoniac worldliness."