ജാലകം നിത്യജീവൻ: ലിയോ പതിമൂന്നാമൻ പാപ്പായുടെ പിശാചിനെക്കുറിച്ചുള്ള ദർശനം

nithyajeevan

nithyajeevan

Tuesday, August 9, 2016

ലിയോ പതിമൂന്നാമൻ പാപ്പായുടെ പിശാചിനെക്കുറിച്ചുള്ള ദർശനം

           

     രണ്ടാം വത്തിക്കാൻ കൗൺസിൽ നവീകരണങ്ങൾക്കു മുമ്പ് എല്ലാ ദിവ്യബലിക്കും ശേഷം കാർമ്മികനും വിശ്വാസികളും മുട്ടിന്മേൽ നിന്ന് പരിശുദ്ധ കന്യകാമാതാവിനോടും വി.മിഖായേലിനോടുമുള്ള ഓരോ പ്രാർഥനകൾ ചൊല്ലിയിരുന്നത് പലരും ഓർമ്മിക്കുന്നുണ്ടാകും. ഇത് വളരെ മനോഹരമായ ഒരു പ്രാർത്ഥനയാണ്. ഇത് ചൊല്ലുന്നവർക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കുന്നു.

     "മുഖ്യദൂതനായ വി.മിഖായേലേ, പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവും ആയിരിക്കേണമേ. പിശാചിന്റെ ദുഷ്ടതയിൽ നിന്നും കെണികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ദൈവം അവനെ ശാസിക്കട്ടെ എന്ന് എളിമയോടെ ഞങ്ങൾ പ്രാർഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗ്ഗീയ സൈന്യാധിപാ, ദൈവത്തിന്റെ ശക്തിയാൽ അങ്ങ് നരകാഗ്നിയിലേക്കു തള്ളിത്താഴ്ത്തേണമേ. ആമേൻ."
ഈ പ്രാർഥനയുടെ ഉത്ഭവം എങ്ങിനെയെന്ന് ഫാ.ഡൊമിനിക്കോ പെച്ചനിനോ എഴുതുന്നു. 
                        "ഏതുവർഷമാണെന്നു ഞാൻ കൃത്യം ഓർമിക്കുന്നില്ല. ഒരു പ്രഭാതത്തിൽ പതിവുപോലെ ദിവ്യബലിക്കു ശേഷം ലിയോ പതിമൂന്നാമൻ പാപ്പാ സ്തോത്രഗാന(തെ ദേവും)ത്തിൽ  പങ്കുചേർന്നിരിക്കുകയായിരുന്നു. പെട്ടെന്ന്, അതിനു നേതൃത്വം കൊടുത്തു കൊണ്ടിരുന്ന വൈദികന്റെ ശിരസ്സിനു മുകളിൽ എന്തോ കണ്ടതുപോലെ അദ്ദേഹം തുറിച്ചുനോക്കുന്നതു ഞങ്ങൾ കണ്ടു. സ്‌തബ്ധനായി, കണ്ണുചിമ്മാതെ അദ്ദേഹമതു നോക്കിനിൽക്കുകയായിരുന്നു. വലിയ ഭയവും ഭീതിയും മുഖത്തു നിറഞ്ഞു. അദ്ദേഹത്തിൻറെ മുഖഭാവവും നിറവും അതിവേഗം മാറിക്കൊണ്ടിരുന്നു. അസാധാരണവും ഗൗരവമേറിയതുമായ എന്തോ അദ്ദേഹത്തിൽ സംഭവിക്കുകയായിരുന്നു. 
                       ദർശനം അവസാനിച്ചപ്പോൾ സുബോധത്തോടെ അദ്ദേഹം കൈകൾ മൃദുവായിഎന്നാൽ ശക്തമായി കൂട്ടിത്തിരുമ്മി എഴുന്നേറ്റു. പെട്ടെന്ന് അദ്ദേഹം സ്വന്തം മുറിയിലേക്കു പോയി. സഹപ്രവർത്തകർ വളരെ ആകാംക്ഷയോടെയും അസ്വസ്ഥയോടെയും അദ്ദേഹത്തെ അനുഗമിച്ചു. അവർ പതിയെ ചോദിക്കുന്നുണ്ടായിരുന്നു; "പരിശുദ്ധ പിതാവേ, അങ്ങേക്ക് അസുഖം വല്ലതും .." പാപ്പാ പറഞ്ഞു; "ഇല്ല, ഒന്നുമില്ല." ഏകദേശം അറ മണിക്കൂർ കഴിഞ്ഞ് ആരാധനാക്രമ തിരുസംഘത്തിന്റെ സെക്രട്ടറിയെ വിളിച്ച് ഒരു പേപ്പർ കൊടുത്തിട്ട് അതു പ്രിന്റ് ചെയ്ത് ലോകത്തെങ്ങുമുള്ള എല്ലാ മെത്രാന്മാർക്കും അയയ്ക്കാൻ പറഞ്ഞു. എന്തായിരുന്നു ആ പേപ്പറിൽ? ഓരോ  ദിവ്യബലിയുടെ അവസാനവും നാം ചൊല്ലുന്ന പ്രാർത്ഥനയായിരുന്നു അത്. പരിശുദ്ധ കന്യകാമാതാവിനോടുള്ള യാചനയും മാലാഖമാരുടെ രാജകുമാരനോടുള്ള തീക്ഷ്ണമായ സഹായാഭ്യർഥനയും വഴി സാത്താനെ നരകത്തിലേക്ക് തിരിച്ചയക്കണമേ എന്ന് ദൈവത്തോട് അർഥിക്കുന്ന പ്രാർത്ഥനയായിരുന്നു അത്."
          ഈ പ്രാർത്ഥനയിലെ 'ആത്മാക്കളെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും എന്ന ഭാഗത്തിന് ചരിത്രപരമായ വിശദീകരണമുണ്ട്. പപ്പയുടെ സെക്രട്ടറി മോൺസിഞ്ഞോർ റിനാൾഡോ ആഞ്ചലി പല പ്രാവശ്യം ഇത് ആവർത്തിച്ചിട്ടുണ്ട്. നിത്യനഗരത്തെ (റോം) വലയം ചെയ്ത് ചുറ്റിനടക്കുന്ന ദുഷ്ടാരൂപികളെ ലിയോ പതിമൂന്നാമൻ പാപ്പാസത്യമായും ദർശനത്തിലൂടെ കണ്ടതാണ്. ആ അനുഭവത്തിന്റെ ഫലമായിരുന്നു സഭയോടു മുഴുവൻ ചൊല്ലാൻ ആഹ്വാനം ചെയ്ത ആ പ്രാർത്ഥന.