ഫാ.ജെയിംസ് മഞ്ഞാക്കലിൻ്റെ "നിയമത്തിൻ്റെ ശാപത്തിൽ നിന്നുള്ള മോചനം" എന്ന പുസ്തകത്തിൽ നിന്ന്:-
ഒരുവൻ ക്രിസ്ത്യാനി ആകുമ്പോൾത്തന്നെ ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ ശക്തിയാൽ, ദൈവമക്കളുടെ ശാപം മുഴുവൻ നീക്കിക്കളഞ്ഞതിനാൽ ശാപം മുഴുവൻ അക്രൈസ്തവർക്കു മാത്രമേ ബാധകമാകുന്നുള്ളൂ എന്നുപറയുന്നവർ ധാരാളമുണ്ട്. മാമോദീസാ വഴി ലഭിച്ച രക്ഷ, സ്വാഭാവികമായിത്തന്നെ തലമുറകളുടെ ശാപം നീക്കിക്കളയുന്നതിനാൽ, പൂർവികശാപത്തിൽ നിന്നു വിടുതൽ ലഭിക്കുവാൻ പ്രത്യേകിച്ച് ഒരു വിമോചന പ്രാർത്ഥനയുടെ ആവശ്യമില്ല എന്നാണവർ പറയുന്നത്. ഇവിടെ ചോദ്യം ഇതാണ്: ക്രിസ്തുവിൽ വിശ്വസിച്ച്, അവനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്ന വേളയിൽത്തന്നെ ഒരുവന്റെ രക്ഷ പൂർണ്ണമാകുന്നുണ്ടോ ? അഥവാ, അതൊരു തുടർപ്രക്രിയയും അനുഭവവുമാണോ? മാമോദീസായോടുകൂടി ഒരുവൻ സ്വർഗ്ഗജീവിതം ആരംഭിക്കുന്നതേയുള്ളൂ എന്നകാര്യം എല്ലാവരും സമ്മതിക്കും എന്നെനിക്ക് ഉറപ്പുണ്ട്. മാമോദീസായിലൂടെ ലഭിച്ച പ്രസാദവരം നഷ്ടമാകാതെ ഉജ്ജ്വലിപ്പിക്കുവാൻ ജീവിതകാലം മുഴുവൻ പ്രാർത്ഥന, അനുതാപം, പരിഹാരാനുഷ്‌ഠാനം കൂദാശാസ്വീകരണം, ദാനധർമ്മം എന്നിവയാൽ നിരന്തരം പരിശ്രമിക്കണം. "വിശ്വാസത്തിലൂടെ മാത്രം രക്ഷ" എന്ന സിദ്ധാന്തം ബൈബിൾ തന്നെ നിരസിക്കുന്നു. "എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കുവാൻ കഴിയുമോ? ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തി കൂടാതെയുള്ള വിശ്വാസവും മൃതമാണ്." (യാക്കോബ് 2:14, 26). വസ്തുനിഷ്ഠമായി പറഞ്ഞാൽ, നാമെല്ലാവരും ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ടവരാണ് എന്നതു സത്യമാണെങ്കിലും ആത്മനിഷ്ഠമായി പറഞ്ഞാൽ, ഈ രക്ഷ സ്വന്തമാക്കണമെങ്കിൽ വിശ്വാസത്തോടും വിശ്വാസത്തിനനുയോജ്യമായ പ്രവൃത്തികളോടുംകൂടെ ക്രിസ്തുവിന്റെ പക്കലേക്കു നാം വരേണ്ടിയിരിക്കുന്നു.
ഒരു ശാപത്തിന്റെ ശരിയായ കഥ
ഒരിക്കൽ,ഒരു സ്ത്രീ തന്റെ ഏഴുവയസ്സുള്ള വികലാംഗനായ മകനെ ഒരു വീൽചെയറിൽ ഇരുത്തി എന്റെയടുത്തുകൊണ്ടു കൊണ്ടുവന്നിട്ട് അവന്റെമേൽ കൈകൾ വെച്ച് സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചു. ഈ കുട്ടി എങ്ങനെ വികലാംഗനായി എന്നു ചോദിച്ചപ്പോൾ ആ സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു, ആ കുഞ്ഞു ഉദരത്തിലായിരുന്നപ്പോൾ അവളുടെ അമ്മായിയമ്മ ശപിച്ചതാണെന്ന്. അവൾ എട്ട് ആഴ്ച ഗർഭവതിയായിരിക്കുമ്പോഴാണ് 'അമ്മ ശപിച്ചത്. ശപിച്ച ആ നിമിഷം തന്നെ അവൾക്ക് അടിവയറ്റിൽ വേദനയുണ്ടാവുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഡോക്ടർമാർ പരിശോധിച്ചിട്ട് ഒരു സാധാരണ പ്രസവമുണ്ടാകാൻ വേണ്ടി ബെഡ് റസ്റ്റ് എടുക്കുവാൻ ഉപദേശിച്ചു. പക്ഷെ, ആ കുഞ്ഞു ജനിച്ചത് വികലാംഗനായാണ്.
അവിടെ ഒരത്ഭുതം തന്നെ സംഭവിച്ചു. എന്റെ പ്രാർത്ഥനയ്ക്കുശേഷം അവർ അമ്മായിയമ്മയുടെ അടുത്തു പോയപ്പോൾ ആ 'അമ്മ അവരെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് കണ്ടത്. ആ മക്കൾ അവരോടു ക്ഷമ ചോദിച്ചു. 'അമ്മ അവരോട് ക്ഷമിക്കുകയും അവരെ ചുംബിക്കുകയും ചെയ്തു. അവർ ആ പേരക്കുട്ടിയെ ചുംബിച്ചമാത്രയിൽ അവൻ വീൽചെയറിൽ നിന്നു ചാടിയെണീറ്റ് ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു; 'ഇപ്പം ഞാൻ ശരിയായി. എനിക്ക് നടക്കാം.. നമുക്ക് വീട്ടിൽപ്പോകാം' എന്ന്. അവൻ പൂർണ്ണ ആരോഗ്യവാനായി മാറി. 'അമ്മ അവരോടുകൂടി പോയി താമസിക്കാൻ തുടങ്ങി. അവർ പറഞ്ഞത് മരിച്ചുപോയ അവരുടെ ഭർത്താവിനെ ഒരാഴ്ച മുൻപ് സ്വപ്നത്തിൽ കണ്ടെന്നും മക്കളോട് ക്ഷമിച്ചു അവരുടെ കൂടെപ്പോയി താമസിക്കാൻ അയാൾ പറഞ്ഞെന്നുമാണ്. അവരിൽ മാറ്റമുണ്ടാക്കിയത് ആ മക്കൾ അർപ്പിച്ച വിശുദ്ധ കുർബാനകളും പരിശുദ്ധാത്മാവിനോടുള്ള നൊവേനയും ഉപവാസവുമാണ്.എന്നുഞാൻ വിശ്വസിക്കുന്നു.