ജാലകം നിത്യജീവൻ: അനുഗ്രഹവും ശാപവും

nithyajeevan

nithyajeevan

Sunday, August 7, 2016

അനുഗ്രഹവും ശാപവും



      ശാപം അഥവാ പ്രാക്ക് എന്നുപറയുന്നത് അനുഗ്രഹത്തിന്റെ എതിർപദമാണ്. ഒരാൾ അനുഗ്രഹദായകമായ എല്ലാ സ്വാധീനവലയങ്ങളിൽ നിന്നും വിച്ഛേദിക്കപ്പെട്ട് തിന്മയുടെ അധീനതയ്ക്കു പൂർണ്ണമായും വിട്ടുകൊടുത്തുകൊണ്ടുള്ള ഉറച്ച ഒരു പ്രഖ്യാപനമാണത്. നിശിതമായി പറഞ്ഞാൽ, ശാപം എന്നുപറയുന്നത് വെറും ഒരു ആഗ്രഹമല്ല, പ്രത്യുത അലംഘനീയമായ അധികാരസ്വരത്തിലുള്ള ഒരു വാക്യമാണ്. അതുദ്ദേശിക്കുന്ന കാര്യം അതിന്റെ ശക്തിയാൽത്തന്നെ സാധിക്കുന്നു.  മൊവാബിലെ രാജാവായ ബാലാക്, കാനാൻ ദേശത്തേക്കുള്ള യാത്രയിൽ ആക്രമിച്ച ഇസ്രായേൽക്കാരെ ശപിക്കുന്നതിനും അതുവഴി അവരുടെ ശക്തി ക്ഷയിപ്പിക്കുന്നതിനുമായി മെസപ്പൊട്ടോമിയയിൽ നിന്ന് ബാലാം എന്ന മാന്ത്രികനെ വിളിച്ചുവരുത്തി (സംഖ്യ 22:28). പക്ഷേ, ശാപത്തിനുപകരം അനുഗ്രഹത്തിന്റെ വാക്കുകളാണ് അവൻ   ഇസ്രായേലിന്റെ മേൽ ചൊരിഞ്ഞത്.  ഉടമ്പടിക്കു വിപരീതമായി പ്രവർത്തിക്കുന്നവർക്കു മാത്രമേ ശാപത്തിന്റെ ഭീഷണിയുള്ളൂ. നിയമാവർത്തനപുസ്തകത്തിൽ ശാപം ഉൾക്കൊള്ളുന്ന വിപത്തുകൾ എന്തൊക്കെയാണെന്നതിന്റെ ഒരു നീണ്ട പട്ടികയുണ്ട് (നിയമാ 28:15-68).  ചുരുക്കിപ്പറഞ്ഞാൽ വലിയ തിന്മകൾ ചെയ്തവർക്ക് ദൈവകോപവും ശിക്ഷയും വിളിച്ചുവരുത്തുന്നതാണ് ശാപം.  നിയമാവർത്തനപുസ്തകം 27: 14-26 വരെ  വാക്യങ്ങളിൽ പത്തു കൽപ്പനകൾ വിവരിച്ചശേഷം അവ പാലിക്കാത്തവർക്കുണ്ടാകാവുന്ന ശാപങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. ഓരോ ശാപവും വായിക്കുമ്പോൾ ഇസ്രായേൽക്കാർ "ആമേൻ" ഏറ്റു പറയുമായിരുന്നു. കൽപ്പനകൾ പാലിച്ചില്ലെങ്കിൽ ഈ ശാപങ്ങൾ തങ്ങളുടെമേൽ വന്നുപതിച്ചുകൊള്ളട്ടെ എന്ന സമ്മതമായിരുന്നു അവർ നൽകിയത്! ലേവ്യർ പ്രഖ്യാപിച്ച പത്തു കല്പനകളുടെ ശാപങ്ങളുടെമേൽ ജനം "ആമേൻ" പറഞ്ഞു (നിയമാ 27: 14-26).
   അനുഗ്രഹത്തെപ്പോലെ തന്നെ ശാപവും ഗൗരവമേറിയ വാക്കുകളാണ്.  അത് തിരിച്ചെടുക്കാനോ റദ്ദാക്കാനോ ആവാത്തതാണ്. പറയപ്പെട്ട വാക്കുകൾക്ക് ഒരു പ്രത്യേക വാസ്തവികതയുണ്ട്;  അത് ലക്ഷ്യമാക്കുന്ന വ്യക്തിയെ മാറ്റമില്ലാതെ പിന്തുടരാനുള്ള കഴിവുമതിനുണ്ട്. യഹോവക്ക് ഈ ശാപത്തെ, അത് ഉച്ചരിക്കുന്നവന്റെ ശിരസ്സിലേക്കു തിരിച്ചു വിടാൻ കഴിയും (ഉൽപ്പ17:1-6).  യഹോവയുടെ അനുഗ്രഹം ശാപത്തെ നിർവീര്യമാക്കുന്നു (സംഖ്യ 23:8).