ജാലകം നിത്യജീവൻ: ഫാത്തിമ - നരക ദർശനം

nithyajeevan

nithyajeevan

Wednesday, February 25, 2015

ഫാത്തിമ - നരക ദർശനം

1917 ജൂലൈ 13 -  മൂന്നാം ഫാത്തിമാദർശനം

     വർഷങ്ങൾക്കു ശേഷം സിസ്റർ ലൂസി തൻ്റെ ഓർമ്മക്കുറിപ്പിൽ ദൈവമാതാവിൻ്റെ മൂന്നാമത്തെ  ദർശനത്തെപ്പറ്റി എഴുതി..   
              "അളവില്ലാത്ത സ്നേഹത്തോടെ,   രോഗിയായ തൻ്റെ കുഞ്ഞിനെ ഒരമ്മ നോക്കുന്നതുപോലെ മാതാവ് സ്നേഹത്തോടെ ഞങ്ങളെ നോക്കി.. സന്തോഷം നിമിത്തം ഞാൻ സംസാരിക്കാൻ മറന്നു. അപ്പോൾ ജസീന്ത എന്നെ തോണ്ടിക്കൊണ്ടു പറഞ്ഞു; "ലൂസി, മാതാവിനോട് സംസാരിക്ക്... അമ്മ നിന്നോട് സംസാരിക്കുന്നുണ്ട്.."
ഞാൻ ചോദിച്ചു: "ഞാൻ എന്തുചെയ്യണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്?"
"അടുത്ത മാസം പതിമ്മൂന്നാം തീയതിയിലും നിങ്ങൾ ഇവിടെ വരണമെന്ന് ഞാനാഗ്രഹിക്കുന്നു.   ലോകത്തിൽ സമാധാനം കൈവരുന്നതിനും യുദ്ധം അവസാനിക്കുന്നതിനുമായി ജപമാല രാജ്ഞിയുടെ സ്തുതിയ്ക്കായി ജപമാല ചെല്ലുന്നത് തുടരുക; കാരണം ലോകത്തെ രക്ഷിക്കാൻ കഴിവുള്ളത് അവൾക്കു മാത്രമാണ്.."
                   ഈ ദർശനം പിശാചിൻ്റെ തട്ടിപ്പാണെന്നുള്ള തൻ്റെ അമ്മയുടെയും ഇടവക വികാരിയുടെയും വാക്കുകൾ ഈ സമയം ലൂസി  ഓർമ്മിച്ചു.  നിഷ്കളങ്കമായി അവൾ ചോദിച്ചു; "അങ്ങ് ആരാണെന്ന് ഞങ്ങളോട് പറയുമോ? ഞങ്ങൾ പറയുന്നതൊന്നും ആളുകൾ വിശ്വസിക്കുന്നില്ല.. അങ്ങ് യഥാർഥത്തിൽ   ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന്  അവർ വിശ്വസിക്കുന്നതിനായി അങ്ങ് ഒരു അത്ഭുതം പ്രവർത്തിക്കുമോ ?"
"നിങ്ങൾ എല്ലാ മാസവും ഇവിടെ വരുന്നതു തുടരുക. ഒക്ടോബർ മാസത്തിൽ, ഞാൻ ആരാണെന്നും എന്തിനാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നതെന്നും  പറയുന്നതാണ്.  എല്ലാവരും കാണുന്നതിനും വിശ്വസിക്കുന്നതിനുമായി അന്ന് ഞാൻ ഒരത്ഭുതം പ്രവർത്തിക്കുകയും ചെയ്യും... "
                   അനന്തരം ലൂസി, ആളുകളുടെ അപേക്ഷകൾ മാതാവിനെ അറിയിച്ചു. അമ്മ പറഞ്ഞു; "ചിലർക്ക് സൗഖ്യം ലഭിക്കും; മറ്റുള്ളവർക്ക് ഇല്ല.  മുടന്തനായ കുട്ടിയോട് പറയുക, ഞാൻ അവനെ സുഖപ്പെടുത്തുകയോ അവൻ്റെ ദാരിദ്ര്യം നീക്കുകയോ ഇല്ല; എങ്കിലും, എല്ലാ ദിവസവും അവൻ കുടുംബത്തോടോന്നിച്ച് ജപമാല ചൊല്ലണം." 
                  രോഗിയായ ഒരു മനുഷ്യൻ, തന്നെ വേഗം സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകണമെന്ന് അപേക്ഷിച്ചിട്ടുള്ള കാര്യം ലൂസി മാതാവിനോടു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു: "ധൃതി പിടിക്കേണ്ട എന്ന് അവനോടു പറയുക; എപ്പോഴാണ് അവനു വേണ്ടി വരേണ്ടതെന്ന് എനിക്കറിയാം.."
                ചിലരുടെ മാനസാന്തരത്തിനായി അപേക്ഷിച്ചപ്പോഴും, മുടന്തനായ കുട്ടിയുടെ കാര്യത്തിലെന്നപോലെ ജപമാല ചൊല്ലാനാണ് അമ്മ ആവശ്യപ്പെട്ടത്.  അനന്തരം കുട്ടികളെ അവരുടെ പ്രത്യേക ദൗത്യത്തെപ്പറ്റി ഓർമ്മിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു: "പാവപ്പെട്ട പാപികൾക്കായി നിങ്ങൾ നിങ്ങളെത്തന്നെ ബലിയാക്കുക. എപ്പോഴും, പ്രത്യേകിച്ച് ത്യാഗങ്ങൾ ചെയ്യുമ്പോൾ ഇപ്രകാരം പ്രാർഥിക്കുക: "ഓ, എന്റെ ഈശോയെ, അവിടുത്തോടുള്ള സ്നേഹത്തെപ്രതിയും പാപികളുടെ മാനസാന്തരത്തിനായും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനെതിരെ ചെയ്യപ്പെടുന്ന നിന്ദനങ്ങൾക്കു പരിഹാരമായും ഈ ത്യാഗപ്രവൃത്തി ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു."
              അനന്തരം മാതാവ് കഴിഞ്ഞ ദർശനങ്ങളിലെപ്പോലെ ഇരുകരങ്ങളും വിടർത്തി;  ആ കരങ്ങളിൽനിന്നു പുറപ്പെട്ട പ്രകാശം ഭൂമിയുടെ അഗാധങ്ങളിലേക്ക് തുളഞ്ഞു കയറുന്നതുപോലെ തോന്നി.  അപ്പോൾ ഞങ്ങൾക്കു മുൻപിൽ ഒരു തീക്കടൽ കാണായി; അതിൽ വന്യമൃഗങ്ങളുടെ രൂപമുള്ള ധാരാളം   പിശാചുക്കളെയും    കത്തുന്ന കനൽക്കട്ട പോലെയിരുന്ന നിരവധി മനുഷ്യാത്മാക്കളെയും ഞങ്ങൾ കണ്ടു.  കൊടും തീയിൽ പതിക്കുന്ന തീപ്പൊരി പോലെ  മനുഷ്യരൂപങ്ങൾ എല്ലാ വശത്തുനിന്നും ആ തീക്കടലിലേക്ക് പതിച്ചുകൊണ്ടിരുന്നു!! ഭയങ്കരമായ വേദനയുടെയും നിരാശയുടെയും കരച്ചിലുകൾ അവിടെ നിന്നും ഉയർന്നുകേട്ടു .. പേടിച്ചരണ്ട ഞങ്ങൾ അമ്മയെ നോക്കി നിലവിളിച്ചു.. "ഓ, അമ്മേ.." 

     ഈ ദർശനം ഒരു നിമിഷം മാത്രമേ നീണ്ടുനിന്നുള്ളൂ.  പരിശുദ്ധ മാതാവ്, ൻ്റെ ആദ്യ ദർശനത്തിൽത്തന്നെ, ഞങ്ങൾ മൂവരും സ്വർഗ്ഗത്തിൽ പോകുമെന്ന് ഉറപ്പുനല്കിയിരുന്നു. അല്ലായിരുന്നെങ്കിൽ,  ഭീതിയുളവാക്കുന്ന ദർശനം കണ്ടുപേടിച്ച് ഞങ്ങൾ അപ്പോൾത്തന്നെ മരിച്ചുപോയേനെ ..   ഭയന്നു വിറച്ച് മാതാവിനെ നോക്കിയ ഞങ്ങളോട് അതിയായ കാരുണ്യത്തോടെ അമ്മ പറഞ്ഞു: "പാവപ്പെട്ട പാപികൾ ചെന്നുചേരുന്ന സ്ഥലമായ നരകമാണ് നിങ്ങൾ കണ്ടത്.  അവരെ രക്ഷിക്കുന്നതിനായി

 എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകമെമ്പാടും വ്യാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
എൻ്റെ നിർദേശങ്ങൾ അനുസരിച്ചാൽ നിരവധി ആത്മാക്കൾ രക്ഷപ്പെടും. ലോകത്തിൽ സമാധാനമുണ്ടാകും. യുദ്ധം അവസാനിക്കാൻ പോവുകയാണ്..
എന്നാൽ, ആളുകൾ ദൈവനിഷേധം തുടർന്നാൽ, ഇപ്പോഴത്തേതിലും  ഭയാനകമായ മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടും. അത് പതിനൊന്നാം പീയൂസ് മാർപ്പാപ്പായുടെ കാലത്തായിരിക്കും. രാത്രിസമയം  അജ്ഞാതമായ ഒരു വലിയ പ്രകാശത്താൽ ആകാശം പ്രശോഭിതമാകുന്നതു കാണുമ്പോൾ മനസ്സിലാക്കിക്കൊള്ളുക,  ദൈവം ലോകത്തെ അതിന്റെ പാപങ്ങൾക്കായി ശിക്ഷിക്കാൻ പോവുകയാണ് .. യുദ്ധങ്ങളും തൽഫലമായി   പട്ടിണിയും ലോകത്തിൽ നടമാടും. സഭയും അതിൻ്റെ ഇടയനും പീഡിപ്പിക്കപ്പെടും.
                   ഇതു തടയുന്നതിനായി, റഷ്യയെ എൻ്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണം. ഒപ്പം,എനിക്കെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കു പരിഹാരമായി തുടർച്ചയായ   അഞ്ചു മാസാദ്യ ശനിയാഴ്ചകളിലെ ബലിയർപ്പണം എനിക്കു കാഴ്ച വെയ്ക്കുകയും വേണം.  ഇതാവശ്യപ്പെടുന്നതിനായാണ്‌ ഞാൻ ഇവിടെ വന്നത്.  
 ഇക്കാര്യങ്ങൾ ആരോടും പറയരുത്.  ഫ്രാൻസിസിനോട് പറയാം.."
ലൂസി ചോദിച്ചു; "ഞാൻ മറ്റെന്തെങ്കിലും ചെയ്യണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ?"
"ഇല്ല; ഇന്ന് നീ മറ്റൊന്നും തന്നെ ചെയ്യേണ്ടതില്ല."
    ദർശനം സമാപിച്ചു. കുട്ടികൾ ധ്യാനത്തിൽ നിന്നുണരുന്നതുപോലെ   എഴുനേറ്റപ്പോൾ ആളുകൾ അവരെ പൊതിഞ്ഞു.  എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു; "ലൂസി, നിങ്ങൾക്കിത്രമാത്രം സങ്കടം വരാൻ എന്തുകാര്യമാണ് മാതാവ് നിങ്ങളോടു പറഞ്ഞത്?"
"അതൊരു രഹസ്യമാണ്."
"നല്ലകാര്യമാണോ ?"
"ചിലർക്ക് നല്ലതാണ്; ചിലർക്ക് അല്ല.."
"അതെന്താണെന്ന് ഞങ്ങളോടു പറയില്ലേ?"
"ഇല്ല. എനിക്ക് അതിന് അനുവാദമില്ല."
തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ചതയുമെന്നായപ്പോൾ ജസീന്തയുടെ പിതാവ് അവളെയും എടുത്തുകൊണ്ട് ആളുകളെ തള്ളിമാറ്റി റോഡിലേയ്ക്കിറങ്ങി. ഫ്രാൻസിസിനെ മറ്റൊരു ബന്ധു എടുത്തു; നല്ല ഉയരമുള്ള മറ്റൊരാൾ ലൂസിയുടെ കൈയിലും പിടിച്ചു.   അവർ വീട്ടിലേക്കു മടങ്ങി.  ജനക്കൂട്ടം അപ്പോഴും പിരിഞ്ഞു  തുടങ്ങിയിരുന്നില്ല..