ജാലകം നിത്യജീവൻ: ഫാത്തിമ - നാലാം ദർശനം

nithyajeevan

nithyajeevan

Sunday, March 1, 2015

ഫാത്തിമ - നാലാം ദർശനം

                     

ഫാത്തിമ ഉൾപ്പെടുന്ന ഭൂവിഭാഗം അന്ന് ഔറേം പ്രൊവിൻസിന്റെ കീഴിലായിരുന്നു. അതിന്റെ അന്നത്തെ ഭരണാധികാരിയായ (മജിസ്ട്രെറ്റ്)   ആർതർ ഒലിവേറിയ സാന്റോസ്‌,  മേസോണിക് (സാത്താൻസേവ) വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. രാഷ്ട്രീയമായി പരമാധികാരം കൈയാളിയിരുന്ന അയാൾ, സ്വന്തമായി ഒരു പത്രവും നടത്തിയിരുന്നു; അതിലൂടെ കത്തോലിക്കാസഭയെയും വൈദികരെയും ഇകഴ്ത്തിക്കാണിച്ച് ആളുകളുടെ വിശ്വാസം തകർക്കാൻ തന്റെ സകല കഴിവുകളും അയാൾ പ്രയോഗിച്ചുപോന്നിരുന്നു. 
                   ദൈവമാതാവിന്റെ കോവാ ദെ ഇറിയായിലെ പ്രത്യക്ഷപ്പെടലുകളെപ്പറ്റിയുള്ള വാർത്ത താമസംവിനാ അയാളുടെ ചെവിയിലുമെത്തി.  ഈ വാർത്ത രാജ്യം മുഴുവൻ പ്രചരിച്ചാലുണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട അയാൾ, ഇതിനൊരവസാനം വരുത്തുമെന്ന് ദൃഡനിശ്ചയം ചെയ്തു.  
 സി.ലൂസി എഴുതുന്നു:
              പരിശുദ്ധ മാതാവിന്റെ കോവാ ദെ ഇറിയായിലെ
ദർശനങ്ങൾ പരസ്യമായപ്പോൾ ഒരു ദിവസം,  എന്റെ പിതാവിന് ഭരണാധികാരികളിൽ നിന്ന് ഒരു കൽപ്പന  കിട്ടി.  ഞങ്ങൾ മൂന്നുപേരെയും കൂട്ടി അഡ് മിനിസ്റ്റേറ്ററുടെ പക്കൽ ചെല്ലാനായിരുന്നു നിർദേശം.  ജസീന്തയുടെയും ഫ്രാൻസിസിന്റെയും പിതാവായ എന്റെ അങ്കിൾ പറഞ്ഞു: "ഞാനെന്തായാലും എന്റെ കുട്ടികളെ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ല.  അവർ കുഞ്ഞുങ്ങളായതിനാൽ അവരുടെ പ്രവൃത്തികൾക്ക്  അവർ ഉത്തരവാദികളാണെന്നു ഞാൻ കരുതുന്നില്ല. തന്നെയുമല്ല, ഈ ദീർഘദൂരമത്രയും (6മൈൽ) കാൽനടയായി യാത്ര ചെയ്യാൻ അവർക്ക് ശേഷിയുമില്ല.  അവർക്കാവശ്യമായ വിവരങ്ങൾ ഞാൻ നൽകിയാൽ മതിയല്ലോ.."
                   എന്നാൽ എന്റെ പിതാവിന്റെ പ്രതികരണം മറിച്ചായിരുന്നു.   അദ്ദേഹം പറഞ്ഞു; 'ഞാൻ ലൂസിയെയും കൂട്ടി പോകാനാണ് ഉദ്ദേശിക്കുന്നത്. അവളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ തന്നെ മറുപടി പറയട്ടെ."
                    അടുത്ത ദിവസം ഞങ്ങൾ പോകാനിറങ്ങി. ജസീന്തയുടെയും ഫ്രാൻസിസിന്റെയും പിതാവിനെക്കാത്ത് അവരുടെ വീടിനുമുൻപിൽ അൽപ്പസമയം നിന്നു. ജസീന്ത സുഖമില്ലാതെ കിടക്കുകയായിരുന്നതിനാൽ ഞാൻ ഓടിപ്പോയി അവളെക്കണ്ടു. അവളെ ആശ്ലേഷിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു : "അവർ നിന്നെ കൊല്ലുകയാണെങ്കിൽ അവരോടു പറയണം, ഞാനും ഫ്രാൻസിസും നിന്നെപ്പോലെതന്നെ കുറ്റക്കാരാണ്,  അതുകൊണ്ട് ഞങ്ങളെയും കൂടി കൊല്ലണമെന്ന്.  ഞങ്ങൾ നിനക്കുവേണ്ടി  മുട്ടിപ്പായി പ്രാർഥിക്കാൻ പോകയാണ് ...."
               മജിസ്ട്രെറ്റ് എന്നെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തെങ്കിലും ഒരക്ഷരം പോലും ഞാൻ വിട്ടുപറഞ്ഞില്ല. രഹസ്യം തുറന്നു പറഞ്ഞില്ലെങ്കിൽ ജീവനോടെ വെച്ചേക്കില്ലെന്നു ഭീഷണിപ്പെടുത്തിയശേഷം അയാൾ ഞങ്ങളെ വിട്ടയച്ചു.
                   ഞങ്ങൾ തിരിച്ചെത്തിയപ്പോൾരാത്രിയായി.  ഞാൻ നേരെ ഓടിപ്പോയത് ഞങ്ങൾ പതിവായി പ്രാർഥിക്കാൻ ഒത്തുകൂടിയിരുന്ന കിണറിന്നരികിലേയ്ക്കാണ്.  ഞാൻ കരുതിയതുപോലെ തന്നെ  ഫ്രാൻസിസും ജസീന്തയും അവിടെ മുട്ടിന്മേൽ നില്പ്പുണ്ടായിരുന്നു... കണ്ണീരൊഴുക്കിക്കൊണ്ട് അവർ എനിക്കുവേണ്ടി പ്രാർഥിക്കുകയായിരുന്നു..
                          എന്നെ കണ്ടപ്പോൾ അതിശയത്തോടെ അവർ പറഞ്ഞു; "ഓ, നീ തിരിച്ചുവന്നോ? നിന്റെ സഹോദരി വെള്ളം കോരാനായി ഇവിടെ വന്നപ്പോൾ പറഞ്ഞു, അവർ നിന്നെ കൊന്നുവെന്ന് .. ഞങ്ങൾ നിനക്കുവേണ്ടി പ്രാർഥിക്കയായിരുന്നു.."        
   അടുത്ത ദർശനത്തീയതിയായ ഓഗസ്റ്റ് 13 അടുത്തുവരികയായിരുന്നു...

            ഔറെമിലെ മജിസ്ട്രേറ്റ്, തന്റെ അന്വേഷണം അവസാനിപ്പിച്ചുവെന്ന് ഗ്രാമവാസികൾ കരുതി. എന്നാൽ, അയാൾ തന്റെ പ്ലാൻ നടപ്പിലാക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന് പിന്നീടാണ് അവർക്കു മനസ്സിലായത്‌.  
   ജസീന്തയുടെ പിതാവ്  ഇപ്രകാരം പറയുന്നു:
               "ഓഗസ്റ്റ് 13 തിങ്കളാഴ്ച -  പണിസ്ഥലത്തായിരുന്ന എന്നെ വീട്ടിലേക്കു വിളിപ്പിച്ചു; വീടിനുമുൻപിൽ എത്തിയപ്പോൾ ഒരുകൂട്ടം അപരിചിതർ അവിടെ നിൽക്കുന്നതാണ്  കണ്ടത്. എനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല; എന്നെ അതിശയിപ്പിച്ചത് എന്റെ ഭാര്യയുടെ പെരുമാറ്റമാണ്.. വേവലാതി പൂണ്ട് അടുക്കളയിൽ നില്ക്കുകയായിരുന്ന അവൾ, ഒരക്ഷരം പോലും മിണ്ടാതെ, മുൻവശത്തെ മുറിയിലേക്ക് പോകാൻ ആംഗ്യം കാണിക്കുക മാത്രം ചെയ്തു.  ഞാൻ ഉറക്കെത്തന്നെ ചോദിച്ചു: "എന്താണിത്ര ധൃതി ?"
                അവൾ സംസാരിക്കാതെ വീണ്ടും ആംഗ്യം കാണിച്ചു.  ഞാൻ സാവധാനം മുൻവശത്തെ മുറിയിലേക്ക് ചെന്നു; ഔറെമിലെ മജിസ്ട്രേറ്റ് അവിടെയിരിപ്പുണ്ടായിരുന്നു!!
"ഓ, താങ്കൾ ഇവിടെയെത്തിയോ?" ഞാൻ കുശലം ചോദിച്ചു.
"ഉവ്വ്,  എനിക്കും മാതാവിന്റെ അത്ഭുതം കാണാൻ ആഗ്രഹമുണ്ട്.."
എന്തോ പിശകുണ്ടെന്ന് എന്റെ ഹൃദയം മന്ത്രിച്ചു..
"ശരി, നമുക്ക് പോകാം.. എവിടെ കുട്ടികൾ? അവരെ എന്റെ വണ്ടിയിൽ ഞാൻതന്നെ ദർശനസ്ഥലത്തേക്കു കൊണ്ടുപോകാം; സമയം പോകുന്നു.. കുട്ടികളെ വിളിപ്പിക്കൂ.." അയാൾ അക്ഷമനായി പറഞ്ഞു.
"അവരെ വിളിപ്പിക്കേണ്ട ആവശ്യമില്ല; സമയമാകുമ്പോൾ അവർ തനിയെ എത്തിക്കൊള്ളും.." ഞാനിതു പറഞ്ഞുതീർന്നതും കുട്ടികൾ മൂവരും എത്തിയതും ഒരേ സമയത്തായിരുന്നു.  അവരെ കണ്ടയുടൻ വണ്ടിയിൽ കയറാൻ മജിസ്ട്രേറ്റ് നിർബന്ധിച്ചു.  കുട്ടികൾ വഴങ്ങിയില്ല. അയാൾ പറഞ്ഞു; "വണ്ടിയിലാകുമ്പോൾ നമുക്ക് വേഗം അവിടെയെത്താൻ കഴിയും; തന്നെയുമല്ല, പോകുംവഴിക്ക് നമുക്ക് വികാരിയച്ചന്റെ അടുക്കൽ ഒന്നുകയറേണ്ടതുണ്ട്. അദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ, എനിക്കു നിങ്ങളോട് ചില കാര്യങ്ങൾ കൂടി ചോദിക്കാനുണ്ട്."
             ഞങ്ങൾ പുറപ്പെട്ടു.    വികാരിയച്ചൻ കാത്തിരിപ്പുണ്ടായിരുന്നു. (അദ്ദേഹത്തിന്റെ ആദ്യത്തെ അഭിപ്രായം - അതായത് ഈ ദർശനങ്ങൾ പിശാചിന്റെ തട്ടിപ്പാണെന്നുള്ളത് - മാറിയിരുന്നു; ഇതെല്ലാം കുട്ടികളുടെ ഭാവന മാത്രമാണെന്നായിരുന്നു ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിശ്വാസം)  പള്ളിമേടയിലെത്തിയപ്പോൾ   മജിസ്ട്രേട്ടിന്റെ  വിധം മാറി; സൗഹൃദഭാവം അധികാരഭാവത്തിനു വഴിമാറി.
"ആദ്യത്തെയാളെ വിളിക്കൂ .." അച്ചന്റെ മുൻപിലിരുന്ന് അയാൾ കൽപ്പിച്ചു.
"ആദ്യത്തെയാളോ ? ആരാണത് ?" ഞാൻ അജ്ഞത നടിച്ചു.
"ലൂസി.."
ലൂസി അവരുടെ മുൻപിലേക്കു ചെന്നു.
അച്ചൻ ചോദിച്ചു; "നീ ഈ പറഞ്ഞുനടക്കുന്ന കാര്യങ്ങൾ പറയാൻ നിന്നെ ആരാണ് പഠിപ്പിച്ചത്?"
"കോവാ ദെ ഇറിയായിൽ എനിക്കു പ്രത്യക്ഷയായ അമ്മ.."
"ഇത്തരം ദുഷിച്ച നുണകൾ പറയുകയും പരത്തുകയും ചെയ്യുന്നവർ നരകത്തിൽ പോകും.  നീ  പറയുന്ന നുണകൾ വിശ്വസിച്ച് കൂടുതൽക്കൂടുതൽ ആളുകൾ അങ്ങോട്ടേക്കു പോവുകയാണ്.."
ലൂസി ധൈര്യസമേതം പറഞ്ഞു: "കള്ളം പറയുന്നവരാണ്  നരകത്തിൽ പോകുന്നതെങ്കിൽ ഞാനവിടെ പോകയില്ല; കാരണം, ഞാൻ കള്ളം പറഞ്ഞിട്ടില്ല. ഞാൻ കണ്ടതും അമ്മ എന്നോടു പറഞ്ഞതുമായ കാര്യങ്ങൾ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ.. ആളുകളോട് അവിടെ വരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടില്ല. വരാൻ ആഗ്രഹമുള്ളവർ സ്വന്ത ഇഷ്ടപ്രകാരമാണ് അവിടെ വരുന്നത്.."
 "നീ   പറയുന്ന    ഈ    അമ്മ    ഒരു    രഹസ്യം    നിന്നെ
അറിയിച്ചിട്ടുണ്ടോ?"
"ഉണ്ട്; എന്നാൽ, അത് വെളിപ്പെടുത്താൻ എനിക്ക് അനുവാദമില്ല.  അങ്ങേക്ക് അറിയണമെന്നുണ്ടെങ്കിൽ, അമ്മയോട് ഞാൻ ചോദിക്കാം; അമ്മ അനുവദിച്ചാൽ രഹസ്യം വെളിപ്പെടുത്താം.."
ഈ സമയം മജിസ്ട്രേറ്റ് ഇടപെട്ടു. കുട്ടികളെ ദർശനസ്ഥലത്തേക്കു പോകാൻ അനുവദിച്ചാൽ തന്റെ പ്ലാൻ പൊളിയുമെന്നു മനസ്സിലാക്കിയ അയാൾ പറഞ്ഞു; " പക്ഷേ അതൊക്കെ പ്രകൃത്യാതീതമായ കാര്യങ്ങളല്ലേ?  ശരി, നീ പൊയ്ക്കോള്ളൂ .. അല്ലെങ്കിൽ വേണ്ട, നമുക്കൊരുമിച്ച് പോകാം.. ഇപ്പോൾത്തന്നെ താമസിച്ചുപോയി.."
                  ലൂസി അയാളുമൊന്നിച്ചു പുറത്തേക്ക് ഇറങ്ങി വന്നു. ഒരു നിമിഷത്തിനുള്ളിൽ അയാളുടെ കുതിരവണ്ടി കുട്ടികൾ നിന്നിരുന്നതിന്റെ തൊട്ടുമുന്പിലായി വന്നുനിന്നു.  ഫ്രാൻസിസിനെ മുൻപിലും പെണ്‍കുട്ടികളെ പിന്നിലുമായി വലിച്ചുകയറ്റി  അയാൾ പുറപ്പെട്ടു; കോവാ ദെ ഇറിയാ ലക്ഷ്യമാക്കിയാണ് വണ്ടി പോകുന്നതെന്നു കണ്ട് ഞാൻ ആശ്വസിച്ചു.  എന്നാൽ, റോഡിലെത്തിയപ്പോൾ കുതിര വെട്ടിത്തിരിഞ്ഞ് ഔറേം ലക്ഷ്യമാക്കി മിന്നൽ  പോലെ പാഞ്ഞുപോയി.  ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്‌ വളരെ വിദഗ്ദ്ധമായി നടപ്പിലാക്കിയ ഒരു തട്ടിക്കൊണ്ടുപോകലാണെന്ന് അന്നേരമാണ് എനിക്കു ബോദ്ധ്യമായത് .."
              വഴി മാറിയാണ് കുതിരവണ്ടി സഞ്ചരിക്കുന്നതെന്നു മനസ്സിലാക്കിയ ലൂസി പറഞ്ഞു; "ഇതല്ല ദർശനസ്ഥലത്തേക്കുള്ള വഴി.."  ഔറേമിലെ വികാരിയെക്കൂടി കാണാനുണ്ടെന്നുപറഞ്ഞ് മജിസ്ട്രേറ്റ് കുട്ടികളെ നിശബ്ദരാക്കി.  അവർ ഭയന്നുപോയിരുന്നു..