സി.ലൂസി പോൾ ആറാമൻ പാപ്പായോടൊപ്പം |
ഔറെമിലെ മജിസ്ട്രേറ്റ്, കുട്ടികളെയുംകൊണ്ട് ഔറേം ലക്ഷ്യമാക്കി പായുന്നത് ഗ്രാമവാസികൾ കണ്ടു. അയാൾ അവരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്ന് ഗ്രാമവാസികൾക്കു മനസ്സിലായി. അവർ കുതിരവണ്ടിയുടെ നേരെ കല്ലെറിയാൻ തുടങ്ങി; കുട്ടികൾക്ക് ഏറു കൊള്ളാതിരിക്കാൻ അവരെ ഒരു പുതപ്പുകൊണ്ട് പുതപ്പിച്ച് അയാൾ വണ്ടി പായിച്ചു. വണ്ടി നേരെ ചെന്നുനിന്നത് അയാളുടെ വീടിന്റെ മുന്പിലാണ്. കുട്ടികളെ ഒരു മുറിക്കുള്ളിലാക്കി പൂട്ടിയിട്ട് അയാൾ പറഞ്ഞു; "നിങ്ങളുടെ രഹസ്യം വെളിപ്പെടുത്താതെ ഈ മുറിയിൽ നിന്ന് നിങ്ങൾ പുറത്തിറങ്ങാൻ പോകുന്നില്ല." കുട്ടികൾ ഒരക്ഷരംപോലും മറുപടി പറഞ്ഞില്ല. അയാൾ പൊയ്ക്കഴിഞ്ഞപ്പോൾ ജസീന്ത മറ്റു രണ്ടുപേരെയും ആശ്വസിപ്പിച്ചു: "അയാൾ നമ്മളെ കൊല്ലുകയാണെങ്കിൽ കൊല്ലട്ടെ; നമ്മൾ നേരെ സ്വർഗ്ഗത്തിൽ പോകും."
എന്നാൽ,അവർ ഭയന്നതുപോലെ ഒന്നും സംഭവിച്ചില്ല. മജിസ്ട്രേട്ടിന്റെ ഭാര്യ അവരോട് വളരെ സ്നേഹത്തോടെ പെരുമാറി. ഉച്ചയ്ക്ക് അവർക്ക് നല്ല ഭക്ഷണം നൽകുകയും പിന്നീട് അവരുടെ കുട്ടികളോടൊപ്പം കളിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു. അവരെ സന്തോഷിപ്പിക്കാൻ തന്നാലാവുന്നത് അവർ ചെയ്തു.
കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടതിനാൽ, ദർശനസ്ഥലത്ത് സാത്താൻ പ്രത്യക്ഷപ്പെടുമെന്നും അന്നേരം ഭൂമി പിളർന്ന് അവിടെക്കൂടിയിരിക്കുന്ന സകലരും അതിനുള്ളിലാക്കപ്പെടുമെന്നും ഒരു അഭ്യൂഹം ഇതിനിടയിൽ ഗ്രാമവാസികൾക്കിടയിൽ പരന്നു. എന്നാൽ,ഇതൊന്നും ആളുകളെ പിന്തിരിപ്പിച്ചില്ല. അവർ കൂട്ടമായി ആ വിശുദ്ധസ്ഥലത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. ജൂലൈ മാസത്തിൽ അവിടെക്കൂടിയ ആൾക്കൂട്ടത്തേക്കാൾ വലുതായിരുന്നു ഓഗസ്റ്റിലേത്. അന്നത്തെ സംഭവവികാസങ്ങൾക്കു ദൃക് സാക്ഷിയായിരുന്ന മരിയ കരീര പറയുന്നു:
"എനിക്ക് പേടിയൊന്നും തോന്നിയില്ല; അവിടെ ആളുകൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു; പ്രാർത്ഥനയുള്ളിടത്ത് പിശാച് വരില്ലല്ലോ .. ദൈവത്തിന്റെ തിരുഹിതമനുസരിച്ച് മാതാവേ എന്നെ നയിക്കേണമേ എന്നു പ്രാർഥിച്ചുകൊണ്ട് ഞാൻ അവിടെയിരുന്നു..
പതിനൊന്നു മണിയായി. ആളുകൾ പാട്ടു പാടുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടികൾ വരാഞ്ഞതുകാരണം അവർ അസ്വസ്ഥരായിരുന്നു. അവരെ മജിസ്ട്രേട്ട് തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞതോടെ ആളുകൾ പ്രകോപിതരായി. നിരാശയും കോപവും മൂത്ത അവർ എന്ത് അതിക്രമത്തിനും തയാറായി.. എന്നാൽ,ദൈവം അതനുവദിച്ചില്ല. ആളുകളുടെ ശ്രദ്ധതിരിച്ചുകൊണ്ട് പെട്ടെന്ന് ഒരു ഇടിമുഴക്കമുണ്ടായി! തങ്ങൾ കൊല്ലപ്പെടാൻ പോകയാണെന്നു പേടിച്ച് മിക്കവരും കരയാൻ തുടങ്ങി.. എല്ലാവരും തന്നെ ഭയന്നുപോയിരുന്നു..
ഇടിമുഴക്കത്തിനു പിന്നാലെ ഒരു മിന്നൽപ്പിണരുണ്ടായി. തൊട്ടുപിന്നാലെ, വെണ്മയേറിയ ഒരു മേഘത്തുണ്ട് ആ ഓക്ക്മരത്തിന്മേൽ വന്നിരിക്കുന്നത് ഞങ്ങളെല്ലാവരും കണ്ടു; ഏതാനും നിമിഷം കഴിഞ്ഞപ്പോൾ അത് മേലോട്ടേക്ക് ഉയർന്നുപോയി. ഞങ്ങൾ ചുറ്റും നോക്കിയപ്പോൾ വിചിത്രമായ ഒരു കാഴ്ചയാണ് കണ്ടത് ; എല്ലാവരുടെയും മുഖങ്ങൾ മഴവിൽശോഭയോടെ പല വർണങ്ങളിൽ തിളങ്ങുന്നു; മരങ്ങളിന്മേൽ ഇലകളില്ല; പകരം പൂക്കൾ മാത്രം. ഓരോ ഇലയും പൂവായി മാറിയിരുന്നു!! നിലമാകട്ടെ, ചെറിയ ചെറിയ ചതുരത്തിലുള്ള ബഹുവർണപ്പരവതാനി വിരിച്ചതുപോലെ തോന്നിച്ചു. രാത്രി ജാഗരണപ്രാർത്ഥനയ്ക്കായി അവിടെ താവളമടിച്ചിരുന്നവർ ഒരു ആർച്ചുണ്ടാക്കി അതിന്മേൽ രണ്ട് വിളക്കുകൾ തൂക്കിയിരുന്നു. അവ സ്വർണ്ണം പോലെ തിളങ്ങി..
ഈ അടയാളങ്ങൾ പെട്ടെന്നുതന്നെ അവസാനിച്ചു; അപ്പോഴാണ് ദൈവമാതാവ് അവിടെ വന്നുവെന്നും കുട്ടികളെ കാണാഞ്ഞു സ്വർഗത്തിലേക്ക് മടങ്ങിപ്പോയി എന്നും ആളുകൾക്കു മനസ്സിലായത്. മാതാവ് നിരാശയോടെയാണ് മടങ്ങിയതെന്ന ഒരു തോന്നൽ ആളുകളെ ഗ്രസിച്ചു; അതോടെ അവർ അക്രമാസക്തരായി ഗ്രാമത്തിലേക്കു തിരിച്ചു; വികാരിയച്ചന്റെ ഒത്താശയോടെ മജിസ്ട്രേട്ടാണ് ഈ പണി പറ്റിച്ചതെന്നു കരുതി അവരെ രണ്ടുപേരെയും നേരിടാനായിരുന്നു അവരുടെ നീക്കം. എന്നാൽ, ജസീന്തയുടെ പിതാവ് അവരെ തടഞ്ഞു; സർവ്വശക്തിയുമെടുത്ത് ഉച്ചത്തിൽ അദ്ദേഹം വിളിച്ചുപറഞ്ഞു: "ശാന്തരാകൂ കൂട്ടരേ, ആരെയും ഉപദ്രവിക്കരുത്.. തെറ്റു ചെയ്തവരെ ദൈവം ശിക്ഷിച്ചുകൊള്ളും. അവിടുന്നറിയാതെ യാതൊന്നും സംഭവിക്കുന്നില്ല."
ജനക്കൂട്ടം അനുസരിച്ചു. അവർ ശാന്തരായി പിരിഞ്ഞുപോയി."
വികാരിയച്ചനാകട്ടെ, മജിസ്ട്രേട്ടിന്റെ ഗൂഡതന്ത്രങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പിറ്റേന്ന് പത്രങ്ങൾ വഴി പ്രസ്താവനയിറക്കി തന്റെ നിരപരാധിത്വം വ്യക്തമാക്കി.