ജാലകം നിത്യജീവൻ: ഫാത്തിമ - മൂന്നാം ദർശനം ( 1917 ജൂലൈ )

nithyajeevan

nithyajeevan

Tuesday, February 24, 2015

ഫാത്തിമ - മൂന്നാം ദർശനം ( 1917 ജൂലൈ )

ദൈവമാതാവിന്റെ മൂന്നാമത്തെ ദർശനത്തീയതിയായ ജൂലൈ 13 അടുത്തു വരുംതോറും ജസീന്തയും  ഫ്രാൻസിസും ആനന്ദഭരിതരായി. എന്നാൽ, പാവം ലൂസിയുടെ സ്ഥിതി നേരെ മറിച്ചായിരുന്നു; അവളുടെ മാതാപിതാക്കളും സഹോദരങ്ങളും അവളോട്‌ ഒട്ടുംതന്നെ അനുഭാവം കാണിച്ചില്ലെന്നു മാത്രമല്ല,  അവൾ നുണ പറയുകയാണെന്നാരോപിച്ച്  അവളെ നിരന്തരം ശകാരിക്കുകയും ചെയ്തിരുന്നു.  അവൾ കണ്ടത് മാതാവിനെയല്ല, പിശാചിനെയാണ് എന്ന് അവളെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിച്ചു.. അതോടെ ലൂസി ആശയക്കുഴപ്പത്തിലായി.  ഇത്തവണ കോവാ ദെ ഇറിയായിലേക്കു പോകുന്നില്ലെന്ന് അവൾ തീരുമാനിച്ചു. പന്ത്രണ്ടാം തീയതി വൈകിട്ട് അവൾ ഇക്കാര്യം ജസീന്തയോടും   ഫ്രാൻസിസിനോടും പറഞ്ഞു; അതോടെ അവർ   നിരാശരായി, കരയാൻ തുടങ്ങി...  ലൂസിയെക്കൂടാതെ അവിടെപ്പോകുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പോലുമായില്ല .. ലൂസി പറഞ്ഞു:  "ഞാൻ എന്താണു വരാഞ്ഞതെന്ന് മാതാവു ചോദിച്ചാൽ നിങ്ങൾ പറയണം, അത് പിശാചാണെന്നു പേടിച്ചാണ് വരാത്തതെന്ന് ..."ഇതു പറഞ്ഞിട്ട് അവൾ ധൃതിയിൽ ഓടിപ്പോയി.  
എന്നാൽ, പതിമ്മൂന്നാം തീയതി പ്രഭാതമായപ്പോഴേക്കും ലൂസിയുടെ ആശയക്കുഴപ്പമെല്ലാം നീങ്ങി; അവൾ ഉന്മേഷവതിയായി.. തന്റെ കസിൻസ് കോവാ ദെ ഇറിയായിലേക്കു പോയോ എന്നറിയാനായി അവൾ അവരുടെ വീട്ടിലേക്കു ചെന്നു.   അവിടെ ഫ്രാൻസിസും ജസീന്തയും കട്ടിലിനരികിൽ മുട്ടുകുത്തി കരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് അവൾ കണ്ടത്.
"നിങ്ങൾ ഇതുവരെ പോയില്ലേ?" ലൂസി ചോദിച്ചു.
"നിന്നെക്കൂടാതെ പോകാൻ ഞങ്ങൾക്കു ധൈര്യം വന്നില്ല.." ജസീന്ത പറഞ്ഞു.  ലൂസി പോകാനൊരുങ്ങിയാണ് വന്നിരിക്കുന്നതെന്നറിഞ്ഞപ്പോൾ അവർ ആനന്ദഭരിതരായി.  മൂന്നുപേരും സന്തോഷത്തോടെ ദർശനസ്ഥലത്തേക്കു പുറപ്പെട്ടു..
                        കുട്ടികൾ വരുന്നതിനു വളരെ മുൻപുതന്നെ ദർശനസ്ഥലം ആളുകൾ കൈയടക്കിയിരുന്നു. ദൂരെ നിന്നുള്ള ധാരാളം ആളുകൾ  തലേന്നുതന്നെ അവിടെയെത്തി കാവലിരിക്കുന്നുണ്ടായിരുന്നു.   തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽക്കൂടി ഞെരുങ്ങി അവർ ഓക്ക്‌ മരത്തിനടുത്തെത്തി അവിടെ മുട്ടുകുത്തി.   അന്നത്തെ സംഭവങ്ങൾ ജസീന്തയുടെ പിതാവ് വിവരിക്കുന്നു:
                     "കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഞാൻ നൂറു ശതമാനവും വിശ്വസിച്ചു. കാരണം അവർ നുണ പറയുന്ന കുട്ടികളായിരുന്നില്ല.  അന്നത്തെ ദിവസം (ജൂലൈ 13 ) എന്തായാലും കുട്ടികളുടെ കൂടെപ്പോകുമെന്ന് ഞാൻ തീരുമാനിച്ചു.  എന്നാൽ, വഴിയിലേക്കിറങ്ങിയ ഞാൻ കണ്ടത് റോഡ്‌ തിങ്ങി നിറഞ്ഞ് ആളുകൾ ദർശനസ്ഥലത്തേക്കു പോകുന്നതാണ്.. കുട്ടികളെ കാണാനേയുണ്ടായിരുന്നില്ല.  ഒരുകണക്കിൽ ഞാൻ അവിടെയെത്തി;  ലൂസി ജപമാലയ്ക്കു നേതൃത്വം കൊടുക്കുന്നുണ്ടായിരുന്നു.. എന്നാൽ, കുട്ടികളുടെ അടുത്തെത്താൻ ഒരു വഴിയും കണ്ടില്ല.  അപ്പോൾ എന്റെ രണ്ടു പരിചയക്കാർ എന്നെക്കണ്ടു;  "ഇതു കുട്ടികളുടെ പിതാവാണ്" എന്നുപറഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ അവർ എന്നെ മുൻപിലെത്തിച്ചു. അങ്ങനെ എനിക്ക് എന്റെ ജസീന്തയുടെ അടുത്തായി മുട്ടുകുത്തുവാൻ കഴിഞ്ഞു..
                 ജപമാല തീർന്നപ്പോൾ ലൂസി എഴുന്നേറ്റു നിന്നു; കിഴക്കുഭാഗത്തേക്കു നോക്കിക്കൊണ്ട്‌ അവൾ വിളിച്ചുപറഞ്ഞു; "കുട മടക്കുക, കുട മടക്കുക,  മാതാവ് വരുന്നുണ്ട് .."  സൂക്ഷിച്ചു നോക്കിയപ്പോൾ ചാരനിറത്തിലുള്ള ഒരു ചെറിയ മേഘത്തുണ്ട് ആ ഓക്ക്മരത്തിന്മേൽ വന്നിരിക്കുന്നത് ഞാൻ കണ്ടു. കത്തിജ്വലിച്ചുകൊണ്ടിരുന്ന സൂര്യൻ പെട്ടെന്ന് മേഘപടലത്തിനുള്ളിൽ ആയതുപോലെ കാണപെട്ടു; അന്തരീക്ഷത്തിൽ സുഖകരമായ ഒരു തണുപ്പ് അനുഭവപ്പെട്ടു.. ഒരു മന്ദമാരുതൻ ഞങ്ങളെയെല്ലാം തഴുകാൻ തുടങ്ങി... അതുവരെ സൂര്യന്റെ ചൂട് സഹിക്കാനാവാതെ കുട ചൂടി നിന്നിരുന്ന ആളുകൾക്ക് അന്തരീക്ഷത്തിൽ അനുഭവപ്പെട്ട ഈ വ്യതിയാനം അത്ഭുതകരമായിത്തോന്നി.   അത്യുഷ്ണമുള്ള വേനൽക്കാലത്തെ ഒരു മധ്യാഹ്നമാണ് അതെന്ന് ആർക്കും തോന്നിയില്ല.   ഒരു മൊട്ടുസൂചി നിലത്തു വീണാൽ കേൾക്കാവുന്നത്ര നിശബ്ദത അവിടെയെങ്ങും വ്യാപിച്ചു.."
വർഷങ്ങൾക്കു ശേഷം സിസ്റർ ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ ഈ ദർശനത്തെപ്പറ്റി എഴുതി.. 
Sr.Lucia at Dorothean Convent - 1945
                   "അളവില്ലാത്ത സ്നേഹത്തോടെ,   രോഗിയായ തന്റെ കുഞ്ഞിനെ ഒരമ്മ നോക്കുന്നതുപോലെ മാതാവ് സ്നേഹത്തോടെ ഞങ്ങളെ നോക്കി.. സന്തോഷം നിമിത്തം ഞാൻ സംസാരിക്കാൻ മറന്നു. അപ്പോൾ ജസീന്ത എന്നെ തോണ്ടിക്കൊണ്ടു പറഞ്ഞു; "ലൂസി, മാതാവിനോട് സംസാരിക്ക്... അമ്മ നിന്നോട് സംസാരിക്കുന്നുണ്ട്.."