ജാലകം നിത്യജീവൻ: 1917 ജൂണ്‍ 13 - ഫാത്തിമയിലെ രണ്ടാം ദർശനം

nithyajeevan

nithyajeevan

Thursday, February 19, 2015

1917 ജൂണ്‍ 13 - ഫാത്തിമയിലെ രണ്ടാം ദർശനം


                                    1917 മേയ്  പതിമൂന്നാം തീയതിയായിരുന്നു ദൈവമാതാവിന്റെ ആദ്യ ദർശനം. ആ ദർശനത്തിൽ മാതാവ് നിർദ്ദേശിച്ചതനുസരിച്ച് ജൂണ്‍ 13 ന് രണ്ടാമത്തെ ദർശനത്തിനായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു. ഇതിനകം ദർശനവാർത്ത രാജ്യമൊട്ടാകെ പരന്നിരുന്നു. ഓരോരുത്തർക്കും  അവരവരുടേതായ ധാരണകളുണ്ടായിരുന്നു. ചിലർ  വിശ്വസിച്ചു; ഭൂരിപക്ഷവും അവിശ്വസിച്ചു.  ദർശകരായ മൂന്നു കുട്ടികളും അവരുടെ മാതാപിതാക്കളും   പലവിധത്തിലും അവഹേളിക്കപ്പെട്ടു.  ലൂസിയുടെ അമ്മയാകട്ടെ,  ഈ പ്രചാരണങ്ങൾക്ക് ഒരു അറുതി വരുത്തണമെന്ന് നിശ്ചയിച്ച് ഇടവകവികാരിയെ ചെന്നുകണ്ടു.  അദ്ദേഹം കുട്ടികളെ മൂന്നുപേരെയും വരുത്തി വെവ്വേറെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിനും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.  കുട്ടികളാകട്ടെ, തങ്ങൾ  പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു.
ദർശനം സത്യമാണെന്നു വിശ്വസിച്ചവരിൽ ഒരാളായിരുന്നു മരിയ കരിര എന്ന സ്ത്രീ.  (ദർശനങ്ങളുടെ ഏതാണ്ട് തുടക്കം മുതൽ എല്ലാറ്റിനും ദൃക് സാക്ഷിയായിരുന്ന   ഇവരിൽ നിന്നാണ് പിൽക്കാലത്ത് ദർശനങ്ങളെപ്പറ്റി വിലപ്പെട്ട പല വിവരങ്ങളുംലഭിച്ചത്.)           അവർ പറയുന്നു: "എനിക്ക് എപ്പോഴും അസുഖമായിരുന്നു. ഡോക്ടർമാർ എന്നെ എഴുതിത്തള്ളിയതായിരുന്നു.  എന്റെ ഭർത്താവ്  ലൂസിയുടെ പിതാവിന്റെ കൂടെയാണ് ജോലി ചെയ്തിരുന്നത്.  അദ്ദേഹം പറഞ്ഞാണ് ആദ്യത്തെ ദർശനത്തെപ്പറ്റി ഞാനറിയുന്നത്.  ലൂസിക്കും അവളുടെ പിതൃ സഹോദരിയുടെ മക്കളായ മറ്റു രണ്ടു കൊച്ചുകുട്ടികൾക്കും ദൈവമാതാവ്  പ്രത്യക്ഷയായി എന്നും അടുത്ത ആറുമാസക്കാലം എല്ലാ പതിമൂന്നാം തീയതികളിലും മാതാവ് വീണ്ടും പ്രത്യക്ഷയാകുമെന്നും കേട്ടപ്പോൾ എനിക്ക്    ഉൽസാഹമായി.  കോവാ ദെ ഇറിയായിൽ പോകുമെന്ന് അപ്പോൾത്തന്നെ ഞാൻ ഉറപ്പിച്ചു. എന്നാൽ,  അക്കാര്യം ഭർത്താവിനോടു പറഞ്ഞപ്പോൾ അദ്ദേഹമെന്നെ നിരുൽസാഹപ്പെടുത്തുകയാണ് ചെയ്തത്.  "നീ എന്തൊരു വിഡ്ഢിയാണ്? നിനക്ക് മാതാവിനെ കാണാൻ പറ്റുമെന്നാണോ നീ വിചാരിക്കുന്നത്?"  എന്നാൽ പോകണമെന്ന തീരുമാനത്തിൽനിന്നു പിന്മാറാൻ ഞാനൊരുക്കമായിരുന്നില്ല.  ഞാൻ പറഞ്ഞു; "മാതാവിനെക്കാണാൻ പറ്റില്ല എന്നെനിക്കറിയാം; എന്നാൽ,  രാജാവ് വരുന്നുവെന്നു കേട്ടാൽ നാം വീട്ടിലിരിക്കുമോ ? മാതാവ് അവിടെ പ്രത്യക്ഷപ്പെടുന്നുവെന്നു അവർ പറയുമ്പോൾ കുറഞ്ഞപക്ഷം മാതാവിനെക്കാണാൻ നമുക്ക് ഒരു ശ്രമം നടത്തുകയെങ്കിലും ചെയ്യാമല്ലോ?" (പില്ക്കാലത്ത്  കുട്ടികളുടെ വലിയൊരു സഹായിയായിത്തീർന്നു ഈ സ്ത്രീ)
                                      വി.അന്തോനീസിന്റെ തിരുനാൾ ദിനമായ ജൂണ്‍ 13,   ഇടവകയുടെ  ആഘോഷ ദിനമാണ്. അന്നത്തെ ആഘോഷത്തിമിർപ്പിൽ ദർശനത്തിന്റെ കാര്യം കുട്ടികൾ മറക്കുമെന്ന് അവരുടെ അമ്മമാർ കരുതി. എന്നാൽ, അവർക്കിപ്പോൾ  ആഘോഷമോ സന്തോഷമോ സംഗീതമോ സദ്യയോ ഒന്നുമല്ല പ്രധാനമെന്ന്   ആ അമ്മമാർ അറിഞ്ഞില്ല!! കഴിഞ്ഞ ഒരുമാസമായി പാട്ടും ഡാൻസും ഉച്ചഭക്ഷണവുമെല്ലാം ഉപേക്ഷിച്ച് പാപികളുടെ മാനസാന്തരത്തിനു വേണ്ടി അവർ കാഴ്ച വെയ്ക്കുകയായിരുന്നുവെന്നും അവർ അറിഞ്ഞില്ല!  കുട്ടികൾ ദർശനസ്ഥലത്തു പോകുന്നുവെങ്കിൽ അവരെ തടയേണ്ട എന്ന് വൈദികൻ പറഞ്ഞിരുന്നുവെങ്കിലും അതു കൂട്ടാക്കാതെ, ദർശനസ്ഥലത്തു പോകരുതെന്ന്  തിരുനാളിന്റെ തലേന്ന്  അമ്മമാർ കുട്ടികളെ വിലക്കി. എന്നാൽ, പിറ്റേന്ന് രാവിലെ തന്നെ കുട്ടികൾ മൂവരും ആടുകളെയുമായി കോവാ ദെ ഇറിയായിലെയ്ക്കു പുറപ്പെട്ടു.  അവർ ദർശനസ്ഥലത്തെത്തിയപ്പോൾ, മരിയ കരിരയുടെ നേതൃത്വത്തിൽ ഒരു ചെറിയ ആൾക്കൂട്ടം പ്രാർത്ഥന ചൊല്ലിക്കൊണ്ട് അവരെയും കാത്തിരിപ്പുണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളെപ്പറ്റി മരിയ ഇപ്രകാരം ഓർമ്മിക്കുന്നു:
                   "വി.അന്തോനീസിന്റെ തിരുനാൾദിനമായ ജൂണ്‍ 13 ന് വീട്ടിലെല്ലാവരും പള്ളിയിലേക്കു പുറപ്പെടുന്നതിനു മുൻപുതന്നെ ഞാൻ എന്റെ മുടന്തനായ മകൻ ജോണുമൊന്നിച്ച് കോവാ ദെ ഇറിയായിലേക്കു പുറപ്പെട്ടു.  ഞങ്ങളായിരുന്നു അവിടെ ആദ്യമെത്തിയവർ. അല്പം കഴിഞ്ഞപ്പോൾ ളൂരേരായിൽ നിന്നുള്ള ഒരു സ്ത്രീ വന്നുചേർന്നു. ഞങ്ങളെക്കണ്ടപ്പോൾ അവൾ ആശ്ചര്യഭരിതയായി; കാരണം ഞാൻ മാറാരോഗിയാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ ചോദിച്ചു; "നിങ്ങളിവിടെ എന്തുചെയ്യുകയാണ് ?"
"നിങ്ങൾ എന്തു ചെയ്യുന്നോ അതുതന്നെ .." ഞാൻ മറുപടി നല്കി.
അവൾ എന്റെയടുത്തായി ഇരിപ്പുറപ്പിച്ചു.  അൽപ്പംകൂടി കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ വന്നു.  അയാളും ഞങ്ങളുടെ കൂടെക്കൂടി.  പിന്നെ, കൂടുതൽക്കൂടുതൽ ആളുകൾ വരാൻ തുടങ്ങി. ഏതാണ്ട് 11 മണിയായപ്പോൾ കുട്ടികൾ മൂന്നുപേരും അവരുടെ ഏതാനും കൂട്ടുകാരുമൊത്ത് വന്നു.   ഞങ്ങൾ എല്ലാവരുംകൂടി മാതാവ് പ്രത്യക്ഷപ്പെട്ട ഓക്ക് മരത്തിനടുത്തേക്കു ചെന്നു.  ഏതാണ്ട് മൂന്നടി പൊക്കമുള്ള, നല്ല വളർച്ചയുള്ള ഒരു മരം...ലൂസി അതിന്റെ മുൻപിൽ നിന്നിട്ട് കിഴക്കുഭാഗത്തേക്കു നോക്കിക്കൊണ്ടു നിന്നു... അൽപ്പനേരം അങ്ങനെ നിന്ന ശേഷം വെയിൽ കൊള്ളാതിരിക്കാനായി അവൾ അടുത്തുള്ള വലിയൊരു വൃക്ഷത്തിന്റെ തണലിൽ പോയിരുന്നു.. ജസീന്തയും ഫ്രാൻസിസും അവളുടെ ഇരുവശത്തുമായി ഇരിപ്പുറപ്പിച്ചു .."
സമയം കടന്നുപോയിക്കൊണ്ടിരുന്നു.. ചിലരൊക്കെ ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങി. ആരോ ഒരാൾ കുട്ടികൾക്ക് മൂന്നുപേർക്കും ഓരോ ഓറഞ്ച് കൊടുത്തു. അവരതു വാങ്ങിയെങ്കിലും ഭക്ഷിച്ചില്ല. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ അപ്പോൾ  കൊന്ത ചൊല്ലാൻ തുടങ്ങി.  ഞാൻ തീരെ അവശയായിരുന്നതിനാൽ മാതാവ് വരാൻ താമസമുണ്ടോ എന്ന് ലൂസിയോട്‌ ചോദിച്ചു: വൈകാതെ വരും എന്നവൾ മറുപടി പറഞ്ഞു.  കൊന്ത ചൊല്ലിത്തീർന്ന് ലുത്തിനിയ ചൊല്ലാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ലൂസി വിലക്കി. അവൾ എഴുന്നേറ്റു നിന്ന് ജസീന്തയോടായി വിളിച്ചു പറഞ്ഞു: "അതാ, മിന്നൽ കണ്ടില്ലേ? മാതാവ് വരുന്നുണ്ട്.."
ഫ്രാൻസിസ്, ലൂസി ജസീന്ത - ദർശകരായ കുട്ടികൾ 




           അവർ മൂന്നുപേരും ആ ചെറിയ ഓക്ക് മരത്തിനടുത്തേക്ക് ഓടി. അവരുടെ  പിന്നാലെ ഞങ്ങളും ഓടിച്ചെന്ന് അവരുടെ പിന്നിലായി മുട്ടുകുത്തി... ലൂസി പ്രാർത്ഥനയിലെന്നപോലെ കണ്ണുകൾ ഉയർത്തി കൈകൾ കൂപ്പി നിന്നിരുന്നു..  ഞങ്ങൾക്ക്  കാണാനാവാത്ത ആരോടോ അവൾ സംസാരിക്കുന്നത് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അദൃശ്യമായ ഒരു സാന്നിദ്ധ്യം ഞങ്ങൾക്കു മുൻപിലുണ്ടെന്ന് തോന്നിക്കുമാറ്‌ തീരെച്ചെറിയ സ്വരത്തിലുള്ള സംസാരം പോലെ എന്തോ ഒന്ന് ഞങ്ങൾക്ക് അനുഭവവേദ്യമാവുകയും ചെയ്തു..."
 ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ അന്നേദിവസത്തെ സംഭവങ്ങളെപ്പറ്റി എഴുതുന്നു:  "ഞങ്ങളുടെ കണ്മുൻപിൽ സ്വർഗ്ഗത്തിൽ നിന്നുവന്ന ആ മനോഹരി പുഞ്ചിരി തൂകി നിൽക്കുന്നുണ്ടായിരുന്നു. അത്യധികം ദയയോടെ, മാതൃസഹജമായ വാത്സല്യത്തോടെ, എന്നാൽ, വിവരണാതീതമായ ഒരു ശോകഭാവത്തോടെയാണ് അമ്മ നിന്നിരുന്നത്. ഞാൻ ചോദിച്ചു: "ഞങ്ങൾ എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?"
"അടുത്ത മാസം പതിമ്മൂന്നാം തീയതിയിലും നിങ്ങൾ ഇവിടെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. "ആ മനോഹരി തുടർന്നു: എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. ജപമാലയുടെ ഓരോ ദശകത്തിനും ശേഷം നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കണം;  'ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ; നരകാഗ്നിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ; എല്ലാ ആത്മാക്കളെയും, വിശിഷ്യാ, അങ്ങേ കാരുണ്യം ഏറ്റം ആവശ്യമായവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ, ആമേൻ.'  നീ(ലൂസി) എഴുതുവാനും വായിക്കുവാനും പഠിക്കണം; ഇനിയുള്ള കാര്യങ്ങൾ പിന്നീട് ഞാൻ പറയാം.."
            അപ്പോൾ, മാതാവിന്റെ പക്കൽ സൗഖ്യത്തിനായി അപേക്ഷിച്ചിട്ടുള്ള ഒരു രോഗിയുടെ കാര്യം ഞാൻ അമ്മയോടു പറഞ്ഞു.  അമ്മ പറഞ്ഞു: 'അയാൾ മാനസാന്തരപ്പെടുകയാണെങ്കിൽ ഇക്കൊല്ലം തന്നെ സുഖം പ്രാപിക്കും.'
             ഞങ്ങളെക്കൂടി സ്വർഗ്ഗത്തിൽ കൊണ്ടുപോകണമെന്ന് ഒരിക്കൽക്കൂടി ഞാൻ  ആവശ്യപ്പെട്ടപ്പോൾ അമ്മ പറഞ്ഞു; "തീർച്ചയായും;  ജസീന്തയെയും ഫ്രാൻസിസിനെയും ഉടൻതന്നെ ഞാൻ കൊണ്ടുപോകും; എന്നാൽ, ഞാൻ കൂടുതലായി അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിക്കുന്നു;  എന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ നിന്നെ ഉപയോഗപ്പെടുത്താനും അവിടുന്ന് അഭിലഷിക്കുന്നു. അതിനാൽ, നീ കൂടുതൽക്കാലം ഈ ഭൂമിയിൽ ഉണ്ടായിരിക്കും.."
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ വിട്ടുപിരിയുന്നതോർത്ത് സങ്കടപ്പെട്ട് ഞാൻ ചോദിച്ചു: "അപ്പോൾ ഞാൻ ഇവിടെ തനിച്ചായിപ്പോകുമല്ലോ ?"
"അതോർത്ത് നിനക്ക് വിഷമമാണോ ? ഞാൻ എപ്പോഴും നിന്റെയരികിൽ ഉണ്ടായിരിക്കും.  എന്റെ വിമലഹൃദയം,  ദൈവത്തിലേക്കു നിന്നെ വഴി നടത്തുന്ന നിന്റെ അഭയകേന്ദ്രമായിരിക്കും.."
      അനന്തരം പരിശുദ്ധ മാതാവ് തന്റെ കൈകൾ രണ്ടുവശത്തുമായി വിടർത്തി.   അപ്പോൾ ആദ്യത്തെ ദർശനത്തിലെപ്പോലെ തന്നെ, ആ കൈകളിൽ നിന്ന് വലുതായ പ്രകാശം പുറപ്പെട്ട് മാതാവിനെ വലയം ചെയ്തു.  ആ പ്രകാശത്തിൽ ഞങ്ങളെയും ഞങ്ങൾ കണ്ടു.; ഞങ്ങൾ ദൈവത്തിലായിരിക്കുന്നതായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്.   ജസീന്തയും ഫ്രാൻസിസും സ്വർഗ്ഗത്തിലേക്ക് പോകുന്നതായി തോന്നിയ പ്രകാശപാതയിലും ഞാൻ   ഭൂമിയിലേക്കൊഴുകുന്ന പ്രകാശപാതയിലുമായിരുന്നു . മാതാവിന്റെ വലതുകൈയിൽ മുള്ളുകളാൽ വലയം ചെയ്യപ്പെട്ട ഒരു ഹൃദയം കാണപ്പെട്ടു;  അത് മാതാവിന്റെ വിമലഹൃദയമാണെന്നും മനുഷ്യരുടെ പാപങ്ങളാകുന്ന മുള്ളുകളാണ് നമ്മുടെ രക്ഷകനെയും അവിടുത്തെ മാതാവിനെയും അതിയായി വേദനിപ്പിക്കുന്നതെന്നും ഞങ്ങൾക്കു മനസ്സിലായി..." 
                        പിന്നീടുണ്ടായ കാര്യങ്ങൾ മരിയ കരിര വിവരിക്കുന്നു:  "പെട്ടെന്ന് ലൂസി എഴുന്നേറ്റു നില്ക്കുന്നത് ഞങ്ങൾ  കണ്ടു. കൈകൾ നീട്ടി അവൾക്കൊണ്ട് അവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു: "അതാ പോകുന്നു, അമ്മ അതാ പോകുന്നു.."
                   ദർശനം സമാപിച്ചെന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങൾ ആ ഓക്ക് മരത്തിനടുത്തേക്കുചെന്ന്  അതിന്റെ ഇലകളും ശിഖരങ്ങളുമൊക്കെ ഒടിച്ചെടുക്കാൻ തുടങ്ങി.  പിന്നെ മാതാവിന്റെ ലുത്തിനിയ ചൊല്ലി പ്രാർഥിച്ചതിനു ശേഷം ഞങ്ങൾ പിരിഞ്ഞു.. കൊന്ത ചൊല്ലിക്കൊണ്ട്‌ നേരെ പള്ളിയിലേക്കാണ് ഞങ്ങൾ പോയത്. അവിടെ വി.അന്തോനീസിന്റെ പ്രദക്ഷിണം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.  ഞങ്ങളെ കണ്ടയുടൻ, എവിടുന്നാണ് വരുന്നതെന്ന് ആളുകൾ ചോദിച്ചു;  കോവാ ദെ ഇറിയായിൽ നിന്നാണെന്നും അവിടെപ്പോകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അത്യധികം സന്തോഷമുണ്ടെന്നും ഞങ്ങൾ പറഞ്ഞു.."