ജാലകം നിത്യജീവൻ: പ്രാർത്ഥനയുടെ ശക്തി

nithyajeevan

nithyajeevan

Thursday, February 5, 2015

പ്രാർത്ഥനയുടെ ശക്തി

                                  ഈശോ ജറുസലേം ദേവാലയത്തിലാണ്. ആളുകള്‍ അധികമില്ല.  ഇസ്രായേല്‍ക്കാരുടെ അങ്കണത്തില്‍ പ്രാര്‍ഥിച്ച ശേഷം ഈശോ തിരിച്ചുനടന്ന് ഒരു തൂണിന്മേല്‍ ചാരിനിന്ന് നോക്കുന്നു.  ഈശോയെ മറ്റുള്ളവരും നോക്കുന്നുണ്ട് . 
ഇസ്രായേല്‍ക്കാരുടെ അങ്കണത്തില്‍ നിന്നുവരുന്ന ഒരു പുരുഷനെയും സ്ത്രീയെയും ഈശോ കാണുന്നു. അവര്‍ കരയുന്നില്ലെങ്കിലും മുഖങ്ങള്‍ ദുഃഖിതമാണ്.
                        ഈശോ അവരുടെ പക്കലേക്ക് നടന്നുചെന്ന് സഹതാപത്തോടെ കാര്യമന്വേഷിക്കുന്നു.
                            ഈശോയുടെ താൽപ്പര്യം കണ്ട് വിസ്മയത്തോടെ ആ മനുഷ്യൻ ചോദിക്കുന്നു; "ഒരു റബ്ബി കേവലം സാധാരണക്കാരനായ ഒരു  വിശ്വാസിയുടെ ദുഃഖത്തിൽ ശ്രദ്ധിക്കുന്നതെങ്ങനെ?"
                           "കാരണം, റബ്ബി  കർത്താവിൽ നിന്റെ സഹോദരനാണ് മനുഷ്യാ.. കൽപ്പനയിൽ ആവശ്യപ്പെടുന്നതു പോലെ അവൻ നിന്നെ സ്നേഹിക്കുന്നു."
                                       "ഞാൻ അങ്ങയുടെ സഹോദരനോ? ഞാൻ ഷാരോൺ സമതലത്തിലെ ഒരു പാവപ്പെട്ട ഉഴവുകാരനാണ്. അങ്ങ് ഒരു റബ്ബിയും.."
                      "എല്ലാവരെയും പോലെ റബ്ബിമാർക്കും ദുഃഖങ്ങളുണ്ട്. ദുഃഖം എന്താണെന്ന് എനിക്കറിയാം.. നിങ്ങളെ ആശ്വസിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു."
                            "റബ്ബീ, ഞങ്ങൾക്ക് ഒരു മകളുണ്ട്. അവളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി; രണ്ടു കുട്ടികളുമുണ്ട്. ഇപ്പോൾ അവളുടെ ഭർത്താവ് വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മകൾ കരച്ചിൽ തന്നെ.. അധികം താമസിയാതെ ചങ്കുപൊട്ടി അവൾ മരിക്കും... അവളുടെ ഭർത്താവിനെ നല്ലവഴിക്ക് തിരിക്കാൻ ഞങ്ങൾ എല്ലാ വഴികളും നോക്കി.. അത്യുന്നതനോട് ധാരാളം പ്രാർത്ഥിച്ചു... അതിനായി മാത്രം ഞങ്ങൾ തീർത്ഥാടകരായി ഇവിടെ വന്നിരിക്കയാണ്.  ഒരു മാസമായി ഞങ്ങൾ ഇവിടെയായിട്ട്... എല്ലാ ദിവസവും ഞങ്ങൾ  ദേവാലയത്തിൽ വരുന്നുണ്ട്...  ഇന്നു രാവിലെ, മകളുടെ വേലക്കാരി ഞങ്ങളെ അറിയിച്ചു, അവൻ വിവാഹമോചനത്തിന്റെ പത്രിക അവളുടെ പക്കലേക്ക് അയയ്ക്കാൻ സെസ്സേറിയായിലേക്കു പോയിരിക്കയാണെന്ന്... അതാണ് ഞങ്ങളുടെ പ്രാർത്ഥനയ്ക്കു കിട്ടിയ മറുപടി..."
                                                   ഈശോ പറയുന്നു: " നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കൂ. കര്‍ത്താവ് നിങ്ങളെ ശ്രവിക്കും."
                         "വളരെ വൈകി പ്പോയി. ഞങ്ങളുടെ മകള്‍ക്ക് ഉപേക്ഷാ പത്രം കൊടുത്തു..."
                           "അത്യുന്നതന് വൈകിപ്പോകുന്നില്ല. നിര്‍ബന്ധമായ പ്രാര്‍ഥനയുടെ ഫലമായി ഒരു നിമിഷം കൊണ്ട് സംഗതികളുടെ ഗതി മാറ്റാന്‍ അവനു കഴിയും. കുടിക്കാന്‍ അടുപ്പിക്കുന്ന പാനപാത്രത്തിനും  അധരങ്ങള്‍ക്കും ഇടയ്ക്കു കൂടി മരണത്തിന് അതിന്റെ കഠാര കുത്തിയിറക്കി കുടിക്കാന്‍ 
ഇടയാക്കാതിരിക്കുന്നതിനു കഴിയും. അത് ദൈവത്തിന്റെ ഇടപെടല്‍ നിമിത്തമാണ് എന്നു ഞാന്‍ നിന്നോടു പറയുന്നു. നിങ്ങളുടെ പ്രാര്‍ഥനാസ്ഥലങ്ങളിലേക്ക് തിരിച്ചു പോകുവിന്‍. ഇന്നും നാളെയും മറ്റന്നാളും  പ്രാര്‍ഥനയില്‍ ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍  അത്ഭുതം നടക്കുന്നത് നിങ്ങള്‍ കാണും."
"റബ്ബീ, നീ ഞങ്ങളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നു... പക്ഷേ... ഈ സമയത്ത്... നിനക്കറിയാമല്ലോ, ഉപേക്ഷാപത്രിക പരിത്യജിക്കപ്പെട്ട സ്ത്രീയ്ക്ക് കൊടുത്തു കുഴിഞ്ഞാൽപ്പിന്നെ അതു റദ്ദാക്കാൻ സാദ്ധ്യമല്ലെന്ന്." ആ മനുഷ്യൻ തറപ്പിച്ചു പറയുന്നു.
"വിശ്വാസമുള്ളവരായിരിക്കുക എന്നാണു ഞാൻ പറയുന്നത്. അതു റദ്ദാക്കാൻ സാദ്ധ്യമല്ലെന്നുള്ളത് സത്യം തന്നെ. പക്ഷേ, നിങ്ങളുടെ മകൾ അതു കൈപ്പറ്റിയോ ഇല്ലയോ എന്നു നിങ്ങൾക്കറിയാമോ?"
"ഡോറായിൽ നിന്ന് സെസ്സേറിയായിലേക്കു വലിയ ദൂരമില്ല. ഭൃത്യ ഇങ്ങോട്ടു വന്ന സമയത്ത് ജേക്കബ് വീട്ടിലെത്തി തീർച്ചയായും മേരിയെ ഇറക്കി വിട്ടുകാണും."
"വലിയ ദൂരമില്ല, ശരി. പക്ഷേ അവൻ തിരിച്ചെത്തിയെന്ന് നിങ്ങൾക്കുറപ്പുണ്ടോ? ദൈവാനുഗ്രഹത്താൽ ജോഷ്വായ്ക്ക് സൂര്യനെ തടയാൻ കഴിഞ്ഞെങ്കിൽ, മനുഷ്യമനസ്സിന് അതീതമായ ഒരു മനസ്സിന്, ഒരു  മനുഷ്യനെ തടയാൻ കഴിയുകയില്ലേ? ഒരു നല്ല കാര്യത്തിനു വേണ്ടി പ്രത്യാശയോടെ അർപ്പിക്കുന്ന നിർബ്ബന്ധമായ നിങ്ങളുടെ പ്രാർത്ഥന, മനുഷ്യന്റെ  ദുഷ്ടമനസ്സിനെതിരായ ശ്രേഷ്ഠമായ ഒരു  മനസ്സല്ലേ? ഭോഷനായ ആ മനുഷ്യനെ വഴിയിൽ തടയാൻ ദൈവം നിങ്ങളെ സഹായിക്കില്ലേ? കാരണം, നിങ്ങളുടെ പിതാവായവനോട് ഒരു നല്ല കാര്യമാണ് നിങ്ങൾ ചോദിക്കുന്നത്. ഞാൻ പറയുന്നു, പോയി ഇന്നും നാളെയും നാളെ കഴിഞ്ഞും പ്രാർത്ഥിക്കുക; നിങ്ങൾ അത്ഭുതം കാണും."
സ്ത്രീ പറയുന്നു; "ഓ! നമുക്കു പോകാം ജയിംസേ; റബ്ബിക്കറിയാം. വിശ്വാസമുള്ളവനായിരിക്കുക. എനിക്ക് മനസ്സിൽ വലുതായ സമാധാനം അനുഭവപ്പെടുന്നു. റബ്ബീ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. നീ നല്ലവനാണ്. ജയിംസേ വരൂ.." അവർ ഈശോയെ അഭിവാദ്യം ചെയ്തശേഷം പോകുന്നു.
                     അപ്പസ്തോലന്മാർ പറയുന്നു; "നീ ആരാണെന്ന് അവരോടു പറഞ്ഞിരുന്നെങ്കിൽ അവർ കൂടുതൽ സമാധാനത്തോടെ പ്രാർത്ഥിക്കുമായിരുന്നു."
 
               "കൂടുതൽ സമാധാനത്തോടെ അവർ പ്രാർത്ഥിക്കുമായിരുന്നിരിക്കാം. എന്നാൽ ആ
പ്രാർത്ഥനയ്ക്ക്  ശക്തിയും യോഗ്യതയും കുറഞ്ഞു പോകുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ അവരുടെ വിശ്വാസം പൂർണ്ണമാണ്. അതിനു പ്രതിസമ്മാനവുമുണ്ടാകും."


 (ദൈവ മനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന് )