ജാലകം നിത്യജീവൻ: മാലാഖയുടെ സന്ദർശനം

nithyajeevan

nithyajeevan

Thursday, February 5, 2015

മാലാഖയുടെ സന്ദർശനം

                (1930 ഒക്ടോബറിൽ തിരുസഭ അംഗീകരിച്ച   ദൈവമാതാവിന്റെ ഫാത്തിമായിലെ  ദർശനങ്ങളെപ്പറ്റി)            

  1917 ലെ ദൈവമാതാവിന്റെ സന്ദർശനങ്ങൾ തുടങ്ങുന്നതിനു വളരെമുൻപുതന്നെ   ദൈവം ഒരു മാലാഖയെ അയച്ച്   കുട്ടികളെ ഒരുക്കുവാൻ  തിരുമനസ്സായി.  ഇതേപ്പറ്റി സിസ്റർ ലൂസി എഴുതി:
             "1915 ൽ,  മാസം ഏതെന്നു  കൃത്യമായി പറയാൻ എനിക്കറിയില്ല; കാരണം, എനിക്കന്ന് 8 വയസ്സു കഴിഞ്ഞിട്ടേയുള്ളൂ.  കാലാവസ്ഥ വെച്ചുനോക്കുമ്പോൾ   ഏപ്രിലിനും സെപ്ടംബറിനും ഇടയിലായിരിക്കണം,  ഞങ്ങൾ മൂവരും ആടുകളെയും കൊണ്ട്   കബെക്കോ കുന്നിന്റെ മുകളിലായിരുന്നു..  ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ കൊന്ത ചൊല്ലാൻ തുടങ്ങി.  അപ്പോൾ ഞങ്ങളുടെ മുൻപിൽ  മഞ്ഞുപ്രതിമ പോലെ ഒരു മനുഷ്യ രൂപം വായുവിൽ ഉയർന്നു നിൽക്കുന്നത് ഞങ്ങൾ കണ്ടു.  പേടിച്ചരണ്ട ജസീന്തയും ഫ്രാൻസിസും ചോദിച്ചു: എന്താണത്? എനിക്കറിയില്ലെന്നു  ഞാൻ പറഞ്ഞു.  പേടിച്ചുപോയെങ്കിലും കൊന്ത ചൊല്ലുന്നതു ഞങ്ങൾ നിർത്തിയില്ല. കൊന്ത ചൊല്ലിത്തീർന്നപ്പോൾ ആ രൂപവും അപ്രത്യക്ഷമായി... അൽപ കാലത്തിനുശേഷം ഈ പ്രതിഭാസം വീണ്ടും രണ്ടു തവണ കൂടി ആവർത്തിച്ചു..."
  1916 ൽ വീണ്ടും ഈ മാലാഖ കുട്ടികളെ സന്ദർശിച്ചു. സിസ്റർ ലുസിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്:-
             " ഞങ്ങൾ  ആടുകളെയും കൊണ്ട്   കബെക്കോ കുന്നിന്റെ കിഴക്കുഭാഗത്തേക്കു പോയി. കാലത്തുപെയ്ത മഴയ്ക്കുശേഷം അന്തരീക്ഷം തെളിവുറ്റതും ശാന്തവുമായിരുന്നു.  പതിവുപോലെ ഉച്ചഭക്ഷണവും അതിനുശേഷമുള്ള ജപമാല പ്രാർത്ഥനയും കഴിഞ്ഞ് ഞങ്ങൾ കളിക്കാൻ തുടങ്ങി.  അൽപ്പസമയം കഴിഞ്ഞപ്പോൾ ശക്തമായ കാറ്റിൽ മരങ്ങൾ  ആടിയുലയാൻ തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നറിയാൻ തലയുയർത്തി നോക്കിയ ഞങ്ങൾ കണ്ടത്, കഴിഞ്ഞ കൊല്ലം കണ്ട ആ മഞ്ഞുപ്രതിമ പോലെയുള്ള രൂപം ഒലിവുമരങ്ങൾക്കു മുകളിലൂടെ ഞങ്ങളുടെയടുത്തേക്കു വരുന്നതാണ് .  അടുത്തടുത്തു വരുംതോറും ഞങ്ങൾക്കു മനസ്സിലായി, അതൊരു ചെറുപ്പക്കാരന്റെ രൂപമാണെന്ന് .. മഞ്ഞിനേക്കാൾ വെണ്മയേറിയ, സ്ഫടികം പോലെ സുതാര്യമായ, അതീവ സൗന്ദര്യമുള്ള ഒരു രൂപം..
             ഞങ്ങളുടെ  അടുത്തെത്തിയ ആ രൂപം പറഞ്ഞു; "എന്നോടൊപ്പം പ്രാർഥിക്കുക.  ഭയപ്പെടേണ്ട,  ഞാൻ സമാധാനത്തിന്റെ മാലാഖയാണ്. എന്നോടൊപ്പം പ്രാർഥിക്കുക."
                    നിലത്തുമുട്ടുകുത്തിയ മാലാഖ, നെറ്റി നിലത്തുമുട്ടിച്ചുകൊണ്ട് സാഷ്ടാംഗം പ്രണമിച്ചു. ഞങ്ങളും അറിയാതെതന്നെ മാലാഖയെ അനുകരിച്ചുകൊണ്ട് മാലാഖ ചൊല്ലിത്തന്ന പ്രാർത്ഥന ഏറ്റുചൊല്ലി.  "എന്റെ ദൈവമേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു; ഞാനങ്ങയെ ആരാധിക്കുന്നു; ഞാനങ്ങിൽ ശരണപ്പെടുന്നു, ഞാനങ്ങയെ സ്നേഹിക്കുന്നു.  അങ്ങയെ സ്നേഹിക്കുകയോ  ആരാധിക്കുകയോ അങ്ങിൽ വിശ്വസിക്കുകയോ ശരണപ്പെടുകയോ ചെയ്യാത്തവർക്കു വേണ്ടി ഞാനങ്ങയോടു മാപ്പുചോദിക്കുന്നു..'
                    ഈ പ്രാർത്ഥന മൂന്നുപ്രാവശ്യം ഞങ്ങളെക്കൊണ്ട് ചൊല്ലിച്ചശേഷം മാലാഖ നിവർന്നുനിന്നുകൊണ്ടു പറഞ്ഞു; ഇങ്ങനെ എപ്പോഴും പ്രാർഥിക്കുക. യേശുവും മാതാവും നിങ്ങളുടെ പ്രാർഥനകൾക്കു കാതോർത്തിരിക്കയാണ് ..."
അതിനുശേഷം മാലാഖ അപ്രത്യക്ഷനായി .... 
 
       വേനൽക്കാലം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോഴായിരുന്നു മാലാഖയുടെ രണ്ടാമത്തെ സന്ദർശനം.  ചൂട്  സഹിക്കവയ്യാതെ ആടുകളെ ഉച്ചയ്ക്കുമുൻപേ ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോരുകയും വൈകുന്നേരം വീണ്ടും മേയാൻ കൊണ്ടുപോവുകയുമായിരുന്നു പതിവ്.. ഇടയ്ക്കുള്ള (ഉച്ചയുറക്കത്തിന്റെ)  സമയം, ഞങ്ങളുടെ തോട്ടത്തിനു താഴെയുള്ള ഒരു കിണറിനു സമീപം  ചെലവഴിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. 
       ഒരുദിവസം പതിവുപോലെ ഞങ്ങൾ കിണറിനു ചുറ്റുമുള്ള വൃക്ഷങ്ങളുടെ തണലിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ മാലാഖയെ  വീണ്ടും ഞങ്ങളുടെ സമീപെ ഞങ്ങൾ കണ്ടു!
           "നിങ്ങൾ എന്തുചെയ്യുകയാണ്? പ്രാർഥിക്കൂ .. ധാരാളം പ്രാർഥിക്കൂ ... യേശുവിനും മാതാവിനും നിങ്ങളുടെ പ്രാർത്ഥനകൾ  ആവശ്യമുണ്ട്.  നിങ്ങളുടെ പ്രാർത്ഥനകളും ത്യാഗങ്ങളും അത്യുന്നതനായ ദൈവത്തിന് നിങ്ങൾ സമർപ്പിക്കുവിൻ."
"എങ്ങിനെയാണ് ഞങ്ങൾ ത്യാഗങ്ങൾ ചെയ്യേണ്ടത്?" ഞാൻ ചോദിച്ചു.
"നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ത്യാഗപ്രവൃത്തികളാക്കി മാറ്റി ദൈവത്തിനു സമർപ്പിക്കുക. അങ്ങനെ ദൈവനിന്ദയ്ക്കു പരിഹാരം ചെയ്യുക.  ഒപ്പം പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാർഥിക്കുക."
"അങ്ങനെ  നിങ്ങളുടെ മാതൃരാജ്യമായ പോർട്ടുഗലിന്   നിങ്ങൾ  സമാധാനം കൈവരുത്തും. ഞാൻ പോർട്ടുഗലിന്റെ കാവൽമാലാഖയാണ്.  എല്ലാറ്റിനുമുപരിയായി,  ദൈവം നിങ്ങൾക്കയയ്ക്കുന്ന സഹനങ്ങൾ വിനീതമായി സ്വീകരിക്കുക."
മാലാഖ അപ്രത്യക്ഷനായി.