ജാലകം നിത്യജീവൻ: August 2012

nithyajeevan

nithyajeevan

Tuesday, August 14, 2012

ഈശോ 12 അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നു

ഈശോ   12    അപ്പസ്തോലന്മാരെ    തെരഞ്ഞെടുത്തുകൊണ്ട് അവര്‍ക്കു നല്‍കുന്ന പ്രബോധനം: 
            ഈശോ 12 അപ്പസ്തോലന്മാരുമൊത്ത് ഏകാന്തമായ ഒരു പാര്‍വതഗുഹയിലേക്ക്      പ്രാര്‍ഥനയ്ക്കും      ധ്യാനത്തിനുമായി പോകുന്നു.     ഒരാഴ്ചക്കാലം    തീക്ഷ്ണമായ     പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചശേഷം  അവര്‍ക്ക് ഇപ്രകാരം പ്രബോധനം നല്‍കുന്നു.
               "പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെയും ലോകത്തിലേക്ക് അയയ്ക്കുന്നു. ഇന്നുമുതല്‍ നിങ്ങള്‍ എന്റെ പ്രിയപ്പെട്ട  ശിഷ്യരെന്ന നിലയിലായിരിക്കുകയില്ല, എന്റെ സഭയുടെ മുഖ്യ അപ്പസ്തോലന്മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. നിങ്ങള്‍ ഏറ്റവും യോഗ്യരായതുകൊണ്ടല്ല ഞാന്‍ നിങ്ങളെ തെരഞ്ഞെടുത്തത്; നേരെമറിച്ച് നിങ്ങള്‍ ഇപ്പോള്‍ അറിയേണ്ടതില്ലാത്ത ഒട്ടേറെ കാരണങ്ങളാലാണ്. നിങ്ങളില്‍ ഗലീലിയാക്കാരും യൂദയാക്കാരും പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരും ധനവാന്മാരും ദരിദ്രരുമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം ഞാന്‍ തെരഞ്ഞെടുത്തു എന്ന് ലോകം പറയാതിരിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്. എന്നാല്‍, ഇപ്പോഴും ഭാവിയിലും ചെയ്തുതീര്‍ക്കേണ്ട  എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ മതിയാവുകയില്ല.   
                       വിശുദ്ധ ഗ്രന്ഥത്തിലെ പ്രസക്തമായ ഒരു ഭാഗം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.   ദിനവൃത്താന്തം രണ്ടാം പുസ്തകം അദ്ധ്യായം 29  ല്‍  യൂദയാ  രാജാവായ  ഹെസക്കിയ ദേവാലയം  എങ്ങനെ ശുദ്ധീകരിച്ചു എന്നു പറയുന്നുണ്ട്. ശുദ്ധീകരണത്തിനു ശേഷം തന്റെ രാജ്യത്തിന്റെയും ദേവാലയത്തിന്റെയും  യൂദയാ മുഴുവന്റെയും പേരില്‍ അദ്ദേഹം പ്രായശ്ചിത്തബലികള്‍ നടത്തി. പിന്നീടാണ് വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹം ബലികള്‍ നടത്തിയത്. എന്നാല്‍, ഈ ബലികളെല്ലാം കൂടി നടത്തുന്നതിന് പുരോഹിതന്മാര്‍ മതിയാവാതെ വന്നതിനാല്‍ പുരോഹിതന്മാരേക്കാള്‍ പദവി കുറഞ്ഞ ലേവ്യരെയും വിളിച്ചു വരുത്തി.
                                    അതാണ്‌ ഞാന്‍ ചെയ്യാന്‍ പോകുന്നത്.   നിത്യപുരോഹിതനായ ഞാന്‍ ഒരുക്കിയെടുത്ത പുരോഹിതന്മാരാണ് നിങ്ങള്‍. എന്നാല്‍, ദൈവത്തിനു ബലിയര്‍പ്പിക്കുക എന്നതിനേക്കാള്‍ വിപുലമായ ജോലിക്ക് നിങ്ങള്‍ മതിയാവുകയില്ല. അതിനാല്‍ ശിഷ്യരെന്ന നിലയില്‍ത്തന്നെ തുടരുന്നവരെക്കൂടി ഞാന്‍ നിങ്ങളുടെ കൂടെച്ചേര്‍ക്കും. ഇപ്പോള്‍ത്തന്നെ ആത്മീയമായി ഉയര്‍ന്ന പദവിയില്‍ എത്തിയിട്ടുള്ളവരും ഇസ്രായേല്‍ മുഴുവനിലുമായി വ്യാപിച്ചിട്ടുള്ളവരും ഭാവിയില്‍ ലോകം മുഴുവന്‍ വ്യാപിക്കേണ്ടവരുമായ ആളുകളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  അവര്‍ക്കും ഇതേ ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കും;  എന്തെന്നാല്‍ ദൌത്യം   ഒന്നുതന്നെയാണ്.  എന്നാല്‍ ലോക ദൃഷ്ടിയില്‍ അവരുടെ പദവി വ്യത്യസ്തമായിരിക്കും. എങ്കിലും ദൈവത്തിന്റെ നീതിനിഷ്ഠമായ കണ്ണുകള്‍ കാണുന്നത് അങ്ങനെയായിരിക്കുകയില്ല.  അപ്പസ്തോലന്മാരാലും സ്വന്തം സഹോദരന്മാരാലും അവഗണിക്കപ്പെടുന്ന ഈ ശിഷ്യന്മാര്‍,  മനുഷ്യാത്മാക്കളെ ദൈവത്തിലേക്കു നയിച്ചുകൊണ്ട് പരിശുദ്ധമായ ജീവിതം നയിക്കുമ്പോള്‍, അവര്‍ അറിയപ്പെട്ട അപ്പസ്തോലന്മാരേക്കാള്‍ -  ഈ പേരു  മാത്രമുള്ള അവര്‍ മാനുഷികമായ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സ്വന്തം പദവിയെ തരം  താഴ്ത്തിയേക്കാം -  സമുന്നതരായിരിക്കും.  ഹെസക്കിയായുടെ പുരോഹിതന്മാരെയും ലേവ്യരെയും പോലെ, അപ്പസ്തോലന്മാരും ശിഷ്യന്മാരും ഒരേ കര്‍ത്തവ്യമാണ് ഏറ്റെടുക്കേണ്ടത്.  ഈ വിശ്വാസത്തിന് അനുയോജ്യമായ ആരാധനകള്‍ നടത്തുക, വിഗ്രഹാരാധന ഇല്ലായ്മ ചെയ്യുക, ഹൃദയങ്ങളും സ്ഥലങ്ങളും ശുദ്ധീകരിക്കുക, ദൈവത്തെയും അവിടുത്തെ വചനങ്ങളെയും പറ്റി പ്രസംഗിക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരിക്കും.  ഇതിലും പരിശുദ്ധമായ ഒരു ജോലി ഈ ലോകത്തിലില്ല.  നിങ്ങളുടെതിനേക്കാള്‍ ഉന്നതമായ ഒരു പദവിയുമില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളോട് ഇപ്രകാരം പറയുന്നു; 'നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ കാതോര്‍ക്കുകയും നിങ്ങളെത്തന്നെ പരിശോധിക്കുകയും ചെയ്യുക. 
          വീണുപോകുന്ന അപ്പസ്തോലന് അയ്യോ കഷ്ടം! പല ശിഷ്യന്മാരെയും അയാള്‍ വഴിതെറ്റിക്കും. അവര്‍ ധാരാളം വിശ്വാസികളെ വഴിതെറ്റിക്കും. കായലിലെ വെള്ളത്തില്‍ ഒരു ഭാഗത്ത് തുടര്‍ച്ചയായി കല്ലുകള്‍ പതിക്കുമ്പോള്‍ വലയം വലുതായി വരുന്നതുപോലെ,  തെറ്റിപ്പോകുന്നവരുടെ സംഖ്യ  വര്‍ദ്ധിച്ചുകൊണ്ടിരിക്കും."
                              നിങ്ങളെല്ലാവരും പരിപൂര്‍ണ്ണരായിരിക്കുമോ?  ഇല്ല.. ഈ നിമിഷത്തിലെ ആത്മീയ ചൈതന്യം തുടര്‍ന്നും നിലനില്‍ക്കുമോ? ഇല്ല.  നിങ്ങളുടെ ആത്മാക്കളെ ശ്വാസം മുട്ടിക്കുന്നതിനായി ലോകം അതിന്റെ ദംഷ്ട്രങ്ങള്‍ നിങ്ങളിലേക്കിറക്കും.  അത് ലോകത്തിന്റെ വിജയമായിരിക്കും.  വിശുദ്ധന്മാരുടെ ഹൃദയങ്ങളിലെ വെളിച്ചം അണച്ചുകളയാന്‍ ലോകം പരിശ്രമിക്കും. ലൌകികരില്‍ പത്തില്‍ അഞ്ചുപേര്‍ സാത്താന്റെ സാധാരണമക്കളും  മൂന്നുപേര്‍ അവന്റെ സേവകരും ശേഷിക്കുന്ന രണ്ടുപേര്‍ ദൈവത്തോടു താത്പര്യമില്ലാത്തവരുമായിരിക്കും. ഈ ലോകത്തിന്റെയും ജഡികമോഹങ്ങളുടെയും സാത്താന്റെയും പ്രലോഭനങ്ങളില്‍ നിന്നും   നിങ്ങളെത്തന്നെ നിങ്ങള്‍ കാത്തുകൊള്ളുക. സര്‍വോപരി നിങ്ങളുടെ കാവല്‍ക്കാര്‍ നിങ്ങള്‍ തന്നെയായിരിക്കും എന്റെ കുഞ്ഞുങ്ങളേ ! അഹംഭാവം, വിഷയാസക്തി, ആത്മീയമായ അലസത, പണക്കൊതി, മാന്ദ്യം തുടങ്ങിയ തിന്മകള്‍ക്കെതിരെ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക.  നിങ്ങളുടെ അഹംബോധത്തിന് ക്ഷതമേറ്റതായി തോന്നുമ്പോള്‍ അതിനോട് ഇപ്രകാരം പറയുക; "ഇപ്പോള്‍ ഒരു നിമിഷത്തെ ബുദ്ധിമുട്ടു  കൊണ്ട് ഞാന്‍ നിനക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്.. 
                                        നമുക്ക് പോകാം എന്റെ വരവും കാത്തിരിക്കുന്ന ആ വലിയ ജനക്കൂട്ടത്തിന്റെ അടുത്തേക്കു പോകാം. ധ്യാനവും തെരെഞ്ഞെടുപ്പും നടന്നുകഴിഞ്ഞിരിക്കുന്നു.."   

(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്) 

Saturday, August 11, 2012

സ്നേഹം

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1940 April 2 

ഗബ്രിയേലി: ദിവ്യകാരുണ്യ സന്ദര്‍ശനസമയത്ത് ഞാന്‍ പറഞ്ഞു; "ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്നത് ഞാനറിയുന്നുണ്ടോ ? ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ ഒരുവന്‍ സ്നേഹിക്കുന്നത് എത്ര വിചിത്രം !"

ഈശോ: അതാണ്‌ എനിക്ക് പ്രസാദകരമായിട്ടുള്ള സ്നേഹം. എന്നെ കണ്ടുകഴിഞ്ഞ് എന്നെ സ്നേഹിക്കുന്നതില്‍ നിനക്ക് എന്ത് യോഗ്യതയാണുള്ളത്  ? ഈ ജീവിതത്തിന്റെ പരീക്ഷണമാണിത്."

August 29  (തിരുമണിക്കൂര്‍)  -  ഗബ്രിയേലി: "എന്നില്‍ വസിക്കുന്ന പിതാവിനും  പുത്രനും   പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ."

ഈശോ: ഈ ഒരു മണിക്കൂര്‍ മുഴുവനും മറ്റൊന്നും ചെയ്യാതെ ഈ പ്രാര്‍ത്ഥന മാത്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍പ്പോലും അത് ഒരു സമയം നഷ്ടപ്പെടുത്തലായിരിക്കില്ല.  കാരണം നിന്റെ ഒരു പ്രാര്‍ത്ഥന പോലും കേള്‍ക്കപ്പെടാതെ പോവുകയില്ല. തന്റെ കുഞ്ഞുമക്കളുടെ വാക്കുകളും പ്രവര്‍ത്തികളും പിതാവ് എത്ര താത്പര്യത്തോടെ ശ്രദ്ധിക്കുന്നു എന്ന് ആളുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!   വാസ്തവത്തില്‍, അവയില്‍ മിക്കവയും അവിടുത്തെ ഏകപുത്രന്റെ ഈ ഭൂമിയിലെ അധ്വാനത്തെക്കുറിച്ചാണ് അവിടുത്തെ ഓര്‍മിപ്പിക്കുന്നത്‌.  
     പരിശുദ്ധത്രിത്വം നിങ്ങളില്‍ ഓരോരുത്തരിലും വസിക്കുന്നു.  കൂടുതലോ .....  കുറവോ .....   അത് നിങ്ങള്‍ അനുവദിച്ചു തരുന്ന സ്ഥലം പോലെയായിരിക്കും. കാരണം, നിനക്കറിയാവുന്നതുപോലെ, ദൈവം ഒരിക്കലും ആരെയും നിര്‍ബന്ധിക്കില്ല.   അവിടുന്ന് മുട്ടിക്കൊണ്ട് കാത്തുനില്‍ക്കുന്നു.  നീ വിശ്വസ്തയാണെങ്കില്‍,  സ്വര്‍ഗ്ഗം പ്രദാനം ചെയ്യുന്ന ആനന്ദം നിനക്ക് ഉറപ്പാണ്. ഈ ചിന്ത എപ്പോഴും നിന്റെയുള്ളില്‍  ഉണ്ടായിരിക്കട്ടെ..."

Friday, August 10, 2012

ദൈവം നമ്മോടുകൂടെ

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1940 March 6 -  (ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം) 

ഈശോ: യുവജനങ്ങളും  ജീവനും സന്തോഷവുമുള്ള ഒരു ഭവനത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ്  ആള്‍പ്പാര്‍പ്പില്ലാത്ത    വിജനവും മൂകവുമായ  ഒരു വീടെന്നു നിനക്കറിയില്ലേ? ഞാന്‍ വസിക്കുന്ന ഒരാത്മാവും പാപം എന്നെ പുറംതള്ളുന്നതിനാല്‍ എനിക്കു വസിക്കാന്‍ പറ്റാത്ത ഒരാത്മാവും തമ്മിലുള്ള  വ്യത്യാസമിതാണ്.  നിന്നോടുതന്നെ കൂടെക്കൂടെ പറയുക; 'അവിടുന്ന് എന്നിലുണ്ട്.' നിന്റെ  ആതിഥേയനെ എവിടെ കൂട്ടിക്കൊണ്ടുപോയാലും അവനെ സ്നേഹിക്കുക. നിന്റെ സ്നേഹം പ്രചോദിപ്പിക്കുന്നതെല്ലാം അവനോടു  പറയുക.  വെറുതെ,   വെറുതെ  അവനോടു  വര്‍ത്തമാനം പറയുക..."

March 11 -  (ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം)

ഈശോ: നിനക്കെന്നോടുള്ള വിശ്വസ്തതയുടെ തെളിവ് ഇതായിരിക്കണം.  നീ എന്തെങ്കിലും  ജോലി  ചെയ്യുമ്പോള്‍ അതു നന്നായി ചെയ്യുക. നീ നിന്റെ ഔദ്യോഗികകാര്യങ്ങളില്‍ വ്യാപൃതയായിരിക്കുമ്പോള്‍ നിന്റെ മുഴുവന്‍ ശ്രദ്ധയും അവിടെ നല്‍കുക. എന്നാല്‍ പ്രാര്‍ഥനയ്ക്കായി നീ മാറ്റിവെച്ചിരിക്കുന്ന മണിക്കൂറില്‍,  യാതൊന്നും   നിന്നെ എന്നില്‍ നിന്നും  വ്യതിചലിപ്പിക്കാതിരിക്കട്ടെ..  നീ എന്നില്‍ ആയിരിക്കുക; അവിടെ വസിക്കുക.  എന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രം അന്വേഷിക്കുക.  എന്റെ വിശ്വസ്തയായ കുഞ്ഞേ,  ഇന്നുമുതല്‍ ഇപ്രകാരം ചെയ്യുക."    

Wednesday, August 8, 2012

സമര്‍പ്പണം

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1939 June 15

ഈശോ: "നീ ആയിരിക്കുന്നതുപോലെ നിന്നെ എനിക്ക് സമര്‍പ്പിക്കുക.   ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നീ ആയിരിക്കുന്നതുപോലെ  എനിക്ക് തരിക."

             "തീര്‍ച്ചയായും ഒരു നിമിഷം കൊണ്ട് നിന്നെ രൂപാന്തരപെടുത്താന്‍ എനിക്ക്  കഴിയും.  പക്ഷേ, നീ അത് വിശ്വസിക്കണം; നിന്റെ ശരണം മുഴുവന്‍ എന്നില്‍ വെയ്ക്കണം."

September 2:  ഫ്രഞ്ച് പട്ടാളം ക്യാമ്പ് മാറുന്ന സമയം -  ഞാന്‍ (ഗബ്രിയേലി)  എന്റെ കരിമ്പടം മടക്കിക്കൊണ്ടിരുന്നപ്പോള്‍: 

ഈശോ: വലിയ പൂക്കള്‍ കൊണ്ടുള്ള  ഒരു ബൊക്കെ പോലെ നിന്റെ ഏറ്റം   സാധാരണവും നിസ്സാരവുമായ പ്രവര്‍ത്തികള്‍ എനിക്ക് സമര്‍പ്പിക്കുക.  വയലില്‍ വിരിയുന്ന കുഞ്ഞുപൂക്കളും സ്നേഹിക്കപ്പെടുന്നില്ലേ ?  അവ കൊണ്ട് എനിക്ക് ഒരു കിരീടം ഉണ്ടാക്കുക.  ഒരു കിരീടത്തിനു ഒത്തിരി കുഞ്ഞുപൂക്കള്‍ വേണം. മുള്ളുകൊണ്ട് വരഞ്ഞുകീറിയ എന്റെ നെറ്റിത്തടത്തില്‍ അവ വെയ്ക്കുന്നതില്‍ നീ മടുത്തുപോകരുത്.   ആ രീതിയില്‍ ഇന്ന് ഇവിടുന്നുപോകുന്ന പാവപ്പെട്ട പട്ടാളക്കാര്‍ക്കുവേണ്ടി  ശക്തി സംഭരിക്കുക. ഇതാണ് വിശുദ്ധരുടെ കൂട്ടായ്മ.  അതിന്റെ അടിസ്ഥാനം ആദ്യത്തെ വിശുദ്ധനായ നിന്റെ ക്രിസ്തുവും.."

1939 September 15 -  പ്രാര്‍ഥനാസമയത്ത് 

ഈശോ: നിനക്ക്         ആവശ്യത്തിനു       വിശ്വാസമുണ്ടെങ്കില്‍, വര്‍ഷങ്ങള്‍   പ്രാര്‍ഥിച്ചുനേടുന്ന  കാര്യങ്ങള്‍  ഒരൊറ്റ  പ്രാര്‍ത്ഥന കൊണ്ട്       ലഭിക്കും.      ഞാന്‍       നിന്റെ        പ്രാര്‍ത്ഥന ശ്രവിക്കുന്നുണ്ടെന്നും നിന്റെ പ്രാര്‍ത്ഥനയുടെ പൂര്‍ത്തീകരണമെന്നു നിനക്ക്     തോന്നാത്ത     വഴികളിലൂടെ     എപ്പോഴും     ഉത്തരം തരുന്നുണ്ടെന്നും നീ വിശ്വസിക്കുക."  

Tuesday, August 7, 2012

പുരോഹിതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1938 June 12

ഈശോ:  "പുരോഹിതരില്‍ അപലപനീയമായി എന്തെങ്കിലും കാണുമ്പോള്‍ അവരെ വിമര്‍ശിക്കുന്നതിനു പകരം  ഒരു നിമിഷം നിന്നോട് തന്നെ ചോദിക്കണം, ഞാന്‍ അവര്‍ക്കു  വേണ്ടി  പ്രാര്‍ഥിച്ചിട്ടുണ്ടോ?" 

October 11   (പരിശുദ്ധ കന്യകയുടെ മാതൃത്വ തിരുനാള്‍)
             "അമ്മ ... എന്റെ മാത്രമല്ല, നിന്റെയും.  ഇന്നത്തെ ദിവസം മുഴുവന്‍ അവളെ നിന്റെ അമ്മ എന്ന് വിളിക്കുക."

Sunday, August 5, 2012

ദൈവികരഹസ്യം

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)  


1938 May 25

                 ഈശോ:     "ആയിരക്കണക്കിന് വിത്തുകള്‍ ഉത്പ്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു വലിയ മരമായി ഒരു ചെറിയ വിത്ത്‌ വളരുന്നതിന്റെ രഹസ്യമെന്താണെന്നു നിനക്ക് മനസ്സിലാക്കാനാവില്ല. വിദ്യുത് ശക്തിയുടെയും തരംഗദൈര്‍ഘ്യത്തിന്റെയും        നിനക്ക്        അജ്ഞാതമായ
 മറ്റനേകം ശക്തികളുടെയും രഹസ്യമെന്താണെന്നു നിനക്ക് മനസ്സിലാക്കാനാവില്ല. അങ്ങനെയെങ്കില്‍ ദൈവിക രഹസ്യങ്ങളെക്കുറിച്ച് ആശ്ചര്യപ്പെടേണ്ടതില്ല. രഹസ്യങ്ങളെ സ്നേഹിക്കുക. പിതാവിലുള്ള നിന്റെ ശിശുതുല്യമായ ശരണം തെളിയിക്കുന്നതിനായി അവ അവിടെയുണ്ട്." 

Thursday, August 2, 2012

ജീവിതം

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്) 


1937 September 15
      "എന്റെ ക്രിസ്ത്യാനികളേക്കാള്‍ സന്തോഷമുള്ളവരായിരിക്കാന്‍ ആര്‍ക്കു സാധിക്കും? എന്റെ പിതാവു തന്നെ നിങ്ങളുടെ പിതാവ് ; എന്റെ അമ്മ തന്നെ നിങ്ങളുടെയും അമ്മ; ഞാന്‍ നിങ്ങളുടെ സഹോദരനും..  ഇതു മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട് സന്തോഷത്താല്‍ നിറയുക."

December 17
                   "ജീവിതത്തിലെ വലിയ വലിയ സംഭവങ്ങളെ എനിക്കു കാഴ്ച വെയ്ക്കാം എന്നു വിചാരിച്ചു നോക്കിയിരിക്കല്ലേ .. ഏറ്റം ചെറിയ ആംഗ്യം  പോലും എന്റെ കണ്ണുകളില്‍ വലുതാണ്‌.. എല്ലാം എനിക്കു സമര്‍പ്പിക്കുക. നിന്റെ പൂര്‍ണമനസ്സോടെ നന്നായി പ്രാര്‍ഥിക്കുന്നതിനായി ശ്രമിക്കുക. ബാക്കി ഞാന്‍ ചെയ്തുകൊള്ളാം."    

Wednesday, August 1, 2012

പ്രാര്‍ത്ഥന

                          (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്) 


1937 June 30
Gabrielle Bossis


ഈശോ:  "ചിലപ്പോള്‍ നിനക്ക് എന്റെ സാന്നിദ്ധ്യം കൂടുതലായി അനുഭവപ്പെടുന്നു; മറ്റുചിലപ്പോള്‍ കുറച്ചും... പ്രാര്‍ത്ഥന നിന്നെ ക്ഷീണിപ്പിക്കാതിരിക്കട്ടെ.എന്തിനാണ് നീ നിനക്കുതന്നെ ഇത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നത്?  പ്രാര്‍ത്ഥന വളരെ ലളിതവും ഹൃദ്യവുമായിരിക്കട്ടെ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൊച്ചുവര്‍ത്താനം പോലെ.."

ജൂലൈ 10 
                    "കൃത്യം എണ്ണം വാചാ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂട്ടാന്‍ ലക്‌ഷ്യം വയ്ക്കല്ലേ..ലളിതമായി എന്നെ സ്നേഹിക്കുക. നിന്റെ ഹൃദയത്തിന്റെ ഒരു നോട്ടം, ഒരു സ്നേഹിതന്റെ വാത്സല്യം നിറഞ്ഞ പുഞ്ചിരി.. "