ജാലകം നിത്യജീവൻ: October 2010

nithyajeevan

nithyajeevan

Tuesday, October 12, 2010

ദർശനം - ഈശോ പരിശുദ്ധ അമ്മയെപ്പറ്റി




       നിത്യകന്യകയായ മേരിയെയും നീതിമാനും വിരക്തനുമായ ജോസഫിനെയും പറ്റി 'ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ'  ഈശോ പറയുന്നു :

          "മേരി ഏറ്റം പരിശുദ്ധയാണ്. ദൈവനിശ്വാസത്തിന്റെ ശക്തിയാണവൾ. അതിനാൽ കളങ്കമുള്ള ഒന്നിനും അവളിൽ പ്രവേശനമില്ല. അവൾ ദൈവികനന്മയുടെ പ്രതിച്ഛായയാണ്.

        മുദ്ര വയ്ക്കപ്പെട്ട പുസ്തകമായ അമലോത്ഭവകന്യകയെ ജോസഫ് എങ്ങനെ വായിച്ചു? അമാനുഷികമായ ഒരു രഹസ്യത്തെ എങ്ങനെ കണ്ടു? പ്രവാചകന്മാർ അറിയിച്ചിരുന്ന രഹസ്യത്തിന്റെ പടിക്കൽ എങ്ങനെ  എത്തി? സാധാരണക്കാർ ഒരു വലിയ പുണ്യമായി മാത്രം കണക്കാക്കുന്ന കന്യാത്വം എന്ന രഹസ്യത്തെ ജോസഫ് മാനുഷികമായ അറിവു കൊണ്ടല്ല, സ്വഭാവാതീതമായ ജ്ഞാനത്താലാണ്  കണ്ടത്. ഈ ജ്ഞാനം ദൈവത്തിൽനിന്നുള്ള ഒരു പ്രസരണമാണ്. ഇപ്രകാരമുള്ള ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മേരി എന്ന രഹസ്യത്തിന്മേൽ, കൃപാവരസമുദ്രത്തിന്മേൽ യാത്ര ചെയ്യുവാൻ ജോസഫിനു കഴിഞ്ഞു. അവരുടെ ആദ്ധ്യാത്മിക സമ്പർക്കത്തിൽ അധരങ്ങൾ കൊണ്ടുള്ള സംസാരത്താലല്ലാ, ആത്മാവിന്റെ നിശ്ശബ്ദതയിൽ രണ്ടു ചേതനകൾ സംസാരിക്കുന്നു. ദൈവത്തിനു മാത്രമേ അവരുടെ സ്വരം കേൾക്കാൻ കഴിയുന്നുള്ളു. ദൈവത്തിന്റെ സംപീതരായവർക്കും അതു കേൾക്കാം. കാരണം അവർ അവന്റെ വിശ്വസ്തദാസരാണ്. 

    നീതിമാനായ ജോസഫിന്റെ ജ്ഞാനം,  കൃപാവരപൂർണ്ണയായ മേരിയുടെ സാമീപ്യം വഴി വർദ്ധിക്കുന്നു. നീതിമാനായ മനുഷ്യനെ അതു വിശുദ്ധനാക്കുന്നു. വിശുദ്ധനായ മനുഷ്യനെ ദൈവത്തിന്റെ മണവാട്ടിയുടേയും ദൈവപുത്രന്റെയും സംരക്ഷകനുമാക്കുന്നു.

     വിരക്തനായ മനുഷ്യൻ; തന്റെ ചാരിത്ര്യത്തെ ദൈവദൂതന്മാർക്കടുത്ത ധീരതയിലേയ്ക്കുയർത്തിയ മനുഷ്യന് ദൈവത്തിന്റെ മുദ്ര നീക്കാതെ തന്നെ, ദൈവം, കന്യകയാകുന്ന വജ്രക്കല്ലിൽ അഗ്നി കൊണ്ട് എഴുതിരിക്കുന്ന വാക്കു വായിക്കാൻ കഴിയും. തന്റെ  ജ്ഞാനത്തിന് ആവർത്തിച്ചു പറയാൻ കഴിയാത്ത വാക്കു് ; എന്നാൽ മോശ കൽപ്പലകകളിൽ വായിച്ചതിനേക്കാൾ ശ്രേഷ്ഠമായ വചനം. ഈ രഹസ്യത്തിലേക്ക് ദൈവദൂഷകരുടെ കണ്ണുകൾ കടന്നുചെല്ലാതിരിക്കുവാൻ, മുദ്ര മേൽ മുദ്രയായി തന്നെത്തന്നെ അവൻ സ്ഥാപിക്കുന്നു. പറുദീസയുടെ കാവൽക്കാരനായിരുന്ന ആഗ്നേയനായ മുഖ്യദൂതനെപ്പോലെയായിരുന്നു ജോസഫ്. ഈ പറുദീസയിൽ നിത്യനായ പിതാവ് ആനന്ദം കൊള്ളുന്നു. 
  
      മേരിയുടെ  കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും പലരും ശക്തിയായി നിഷേധിക്കുന്നുണ്ട്. തങ്ങൾ തന്നെ ഭോഗാസക്തിയുടെ ചെളിക്കുണ്ടായതിനാൽ തങ്ങളെപ്പോലുള്ള ഒരാൾക്ക് പ്രകാശം പോലെ നിർമ്മലവും തെളിവുറ്റതുമായ പരിശുദ്ധജീവിതം നയിക്കാൻ കഴിയുമെന്ന് അവർ സമ്മതിക്കില്ല. നികൃഷ്ടരായ അവരുടെ ആത്മാക്കൾ അത്യന്തം ദുഷിച്ചതാണ്. തന്മൂലം തങ്ങളെപ്പോലുള്ള ഒരാൾക്ക് ഒരു സ്ത്രീയെ അവളുടെ ശരീരത്തെപ്രതിയല്ലാതെ, ആത്മാവിനെ പ്രതി ബഹുമാനിക്കാൻ കഴിയുമെന്ന്  വിചാരിക്കാൻ അവർക്കു സാധിക്കയില്ല. മാംസമായതിനെ വിട്ടുയർന്ന് സ്വഭാവാതീത തലത്തിൽ ജീവിക്കാനോ ദൈവത്തിനായി മാത്രം  ജീവിക്കാനോ അവർക്കു കഴിയുകയില്ല.
    
    ഏറ്റം  മനോഹരമായ കാര്യങ്ങൾ നിഷേധിക്കുന്ന അവർ ശലഭമാകാൻ കഴിയാത്ത പുഴുക്കളാണ് ; സ്വന്തം ഭോഗാസക്തിയുടെ തുപ്പൽ കൊണ്ടു പൊതിയപ്പെട്ടിരിക്കുന്ന ഇഴജന്തുക്കൾ. ഒരു ലില്ലിപ്പുഷ്പത്തിന്റെ സൗന്ദര്യം മനസ്സിലാക്കാൻ അവർക്കു കഴിവില്ല. അവരോടു പറയാൻ ഞാനാഗ്രഹിക്കുന്നു ; എന്റെ അമ്മ കന്യകയായിരുന്നു; കന്യകയായിത്തന്നെ ജീവിച്ചു; അവളുടെ ആത്മാവു മാത്രം ജോസഫിനോടു വിവാഹിതമായിരുന്നു. ദൈവത്തിന്റെ പ്രവൃത്തിയാൽ, അവൾ തന്റെ ഏകജാതൻ, ഈശോമിശിഹാ ആയ എന്നെ  ഗർഭംധരിച്ചു. 

    ഇത് പിൽക്കാലങ്ങളിൽ കെട്ടിച്ചമച്ച ഒരു പാരമ്പര്യമല്ല. ആദ്യകാലങ്ങൾ മുതൽ അറിഞ്ഞിരുന്ന സത്യമാണ്.
          മേരിയുടെ കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും അവരുടെ ശിരസ്സിൽ വിളങ്ങുന്ന പ്രകാശവലയമാണ്. അന്യൂനയായ കന്യക, നീതിമാനും വിരക്തനുമായ മനുഷ്യൻ ; ചാരിത്ര്യത്തിന്റെ സൗരഭ്യം വീശിയിരുന്ന രണ്ടു ലില്ലിപ്പൂക്കൾ; അവരുടെ മദ്ധ്യേ പരിശുദ്ധിയുടെ പരിമളം സ്വീകരിച്ചാണു ഞാൻ വളർന്നത്."  

Thursday, October 7, 2010

മരിയയ്ക്ക് ലഭിച്ച ദർശനങ്ങൾ

കോതമംഗലത്തുള്ള മരിയ എന്ന സഹോദരിക്ക് ഈശോ നൽകിയ ദർശനങ്ങളെപ്പറ്റി ആ സഹോദരി തന്നെ സംസാരിക്കുന്നതു കേൾക്കൂ.



Wednesday, October 6, 2010

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.

                മലയിലെ പ്രസംഗത്തിനു ശേഷം ഈശോയും ശിഷ്യന്മാരും ഈശോയെ അനുഗമിച്ച ജനക്കൂട്ടവും താഴ്വാരത്തിലള്ള സമതലത്തിൽ തങ്ങി. താഴ്വാരത്തിലെ നിരവധി പുഷ്പങ്ങൾക്കിടയിൽ വൃണങ്ങൾ കൊണ്ട് ശരീരം മുഴുവൻ നിറഞ്ഞ ഭീകരരൂപിയായ ഒരു കുഷ്ഠരോഗിയെ അവർ കാണുന്നു. ആളുകൾ പേടിച്ച് ബഹളം വയ്ക്കുകയും അയാളെ എറിയാനായി കല്ലുകളെടുക്കുകയും ചെയ്യുന്നു.

           എന്നാൽ   ഈശോ കൈകൾ രണ്ടും നീട്ടി അഭ്യർത്ഥിച്ച; "സമാധാനമായിരിക്കുക. എല്ലാവരും ഇരിക്കുക. ഭയപ്പെടേണ്ട, കല്ലുകൾ താഴെയിടുക. പാവപ്പെട്ട ഈ സഹോദരനോട് കരുണ കാണിക്കുക. അവനും ദൈവത്തിന്റെ പുത്രനാണ്."

            ഗുരുവിന്റെ ആജ്ഞയുടെ ശക്തിയാൽ ജനം അനുസരിച്ചു. പൂത്തുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ ഈശോ മുമ്പോട്ടു നടന്നപ്പോൾ കുഷ്ഠരോഗി ഈശോയുടെ അടുത്തേക്കു നടന്നു. അടുത്തെത്തിയപ്പോൾ അവിടുത്തെ പാദങ്ങളിൽ അയാൾ സാഷ്ടാംഗം പ്രണമിച്ചു. " കർത്താവേ അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ കഴിയും. എന്നോടും കരുണ കാണിക്കേണമേ." അയാൾ ദീനനായി വിലപിച്ചു.

          "നീ തലപൊക്കി എന്നെ നോക്കുക. സ്വർഗ്ഗത്തിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിലേക്കു നോക്കണം. നീ വിശ്വസിക്കുന്നുണ്ട്. എന്തെന്നാൽ നീ ദൈവകൃപ യാചിക്കുന്നു.''

       അയാൾ മുഖമുയർത്തി ഈശോയെ നോക്കുന്നു. ഈശോ തന്റെ മനോഹരമായ വിരലുകൾ അയാളുടെ വൃണബാധിതമായ നെറ്റിയിൽ സ്പർശിച്ചുകൊണ്ട് പറഞ്ഞു; " ഞാൻ ആഗ്രഹിക്കുന്നു. നീ ശുദ്ധി പ്രാപിക്കുക."

              ഉടൻതന്നെ അയാളുടെ വൈകൃതവും വൃണങ്ങളും മാറി. ശുദ്ധജലത്തിൽ കഴുകിയെടുത്തപോലെ അയാളുടെ ശരീരം  ശുദ്ധമായി. ആദ്യം സുഖപ്പെട്ടത് വൃണങ്ങളാണ്. പിന്നെ തൊലിയുടെ  വൈകൃതം മാറി. വലതുകണ്ണിന്റെ സ്ഥാനത്തു ഒരു  കുഴിയാണു് മുമ്പുണ്ടായിരുന്നത്. അവിടെയും വലിയ  വൃണം ഉണ്ടായിരുന്ന തലയിലും അയാൾ തപ്പിനോക്കി. എല്ലാം സുഖമായിരിക്കുന്നു. അയാൾ എഴുന്നേറ്റു നിന്ന് ആപാദചൂഢം തന്നെ പരിശോധിച്ചു. അയാൾ പൂർണ്ണമായും ശുദ്ധനായിരിക്കുന്നു.  സന്തോഷാധിക്യത്താൽ കരഞ്ഞുകൊണ്ട്  പൂത്തുനിൽക്കുന്ന പുല്ലുകൾക്കിടയിലേക്ക് അയാൾ ഒരിക്കൽക്കൂടി  സാഷ്ടാംഗം വീണു. 

"കരയരുത്; എഴുന്നേറ്റു നിന്ന് ഞാൻ പറയുന്നത് കേൾക്കുക. മുറപ്രകാരമുള്ള ജീവിതത്തിലേക്കു മടങ്ങിപ്പോവുക. അക്കാര്യങ്ങൾ പൂർത്തിയാകുന്നതുവരെ ഇതാരോടും പറയേണ്ട. നിന്നെത്തന്നെ നീ പുരോഹിതനു കാണിച്ചുകൊടുക്കുക."

             അത്ഭുതകരമായിസുഖപ്പെട്ട ആ മനുഷ്യന്റെ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ജനക്കൂട്ടം ചെയ്തുകൊടുക്കുന്നു. ചിലർ നാണയത്തുട്ടുകളും ചിലർ അപ്പവും ഭക്ഷണസാധനങ്ങളും എറിഞ്ഞു കൊടുത്തു. അയാളുടെ കീറിപ്പറിഞ്ഞ വസ്ത്രങൾ കണ്ട് അലിവു തോന്നിയ ഒരാൾ തന്റെ മേലുടുപ്പ് ഊരി ചുരുട്ടിക്കെട്ടി അയാളുടെ നേരെ എറിഞ്ഞു. ഔദാര്യം പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്നതാകയാൽ വേറൊരാൾ തന്റെ ചെരിപ്പുകൾ അയാൾക്കു നൽകി. ഇതുകണ്ട് ഈശോ ചോദിച്ചു; "നിങ്ങളിനി എങ്ങിനെ പോകും ?"

" ഞാനിവിടെ അടുത്താണു ഗുരോ താമസിക്കുന്നത്. ഞാൻ നഗ്നപാദനായി പൊയ്ക്കൊള്ളാം. അയാൾക്കു് വളരെ ദൂരം പോകാനുണ്ടല്ലോ."

"ദൈവം നിന്നെയും ആ സഹോദരനെ സഹായിച്ച മറ്റെല്ലാവരേയും അനുഗ്രഹിക്കുട്ടെ !"

സുഖം പ്രാപിച്ച മനുഷ്യൻ സന്തോഷത്തോടെ പോകുന്നു.

Tuesday, October 5, 2010

മലയിലെ പ്രസംഗം - അഞ്ചാം ദിവസം

              അഞ്ചാം ദിവസത്തെ പ്രഭാതം മനോഹരമായിരുന്നു. ഗുരുവിന്റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തയാറായി ഇരിക്കുന്നു. പല ഭാഗങ്ങളിൽനിന്നായി കൂടുതൽ ആളുകൾ വന്നുകൊണ്ടുമിരിക്കുന്നു. പ്രായം ചെന്നവരും രോഗികളും ആരോഗ്യമുള്ളവരും കുട്ടികളും യുവമിഥുനങ്ങളും അക്കൂട്ടത്തിലുണ്ട്. വലിയ പണക്കാരെയും യാചകരെയും അവിടെക്കാണാം. ധനവാന്മാർ അപ്പസ്തോലന്മാരെ വിളിച്ച് ആളൊഴിവുള്ള സ്ഥലത്തേക്കു  കൊണ്ടുപോയി പാവപ്പെട്ടവർക്കു വേണ്ടിയുള്ള സംഭാവന നൽകുന്നു. ഒരു  വലിയ സഞ്ചിയിൽ  തോമസ് ആ പണമെല്ലാം കൂടി വാരിയിട്ടു് ഈശോയുടെ അടുക്കൽ കൊണ്ടുവന്നു പറയുന്നു; " ഗുരോ സന്തോഷിച്ചാലും, ഇന്ന് പാവങ്ങൾക്കു കൊടുക്കാൻ വേണ്ടത്രയുണ്ട്."
 ഈശോ പുഞ്ചിരിച്ചു. അവിടുന്ന്പറഞ്ഞു; "എങ്കിൽ നമുക്ക് ഉടനെ ആരംഭിക്കാം. ദുഃഖിതരായി വന്നിട്ടുള്ളവർ എത്രയുംവേഗം സന്തോഷിക്കട്ടെ. നീയു കൂട്ടുകാരും കൂടി പാവപ്പെട്ടവരേയും രോഗികളെയും കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരിക."
      പറഞ്ഞതുപോലെ തോമസ് ചെയ്തു. ഈശോ  രോഗികളെ സുഖപ്പെടുത്താൻ തുടങ്ങി. ഓരോ അത്ഭുതം നടക്കുമ്പോഴും ജനങ്ങൾ ഓശാനാ പാടി.
    പൂർണ്ണമായും നിരാശയിലാണ്ട  ഒരു സ്ത്രീ ആൻഡ്രൂവിനോടു സംസാരിച്ചുകൊണ്ടിരുന്ന ജോണിന്റെ കുപ്പായത്തിൽ പിടിച്ചുവലിച്ചു. ജോൺ അവരോട്ചോദിച്ചു, "സ്ത്രീയേ, നിനക്കെന്താണു വേണ്ടത് ?'
"എനിക്കു ഗുരുവിനോടു സംസാരിക്കണം."
"നീ രോഗിയാണോ ?'
"ഞാൻ രോഗിയല്ല. ദരിദ്രയുമല്ല. എങ്കിലും എനിക്കു് ഗുരുവിനെക്കൊണ്ട് ആവശ്യമുണ്ട്. എന്തെന്നാൽ യാതൊരു രോഗലക്ഷണവുമില്ലാത്ത പാപങ്ങളും ദാരിദ്ര്യമല്ലാത്ത കഷ്ടതകളുമുണ്ട്.  എന്റേത് .....എന്റേത് .....അതാണ്." അവൾ കരയുകയാണ്.
" ആൻഡ്രൂ, ഈ സ്ത്രീ ഹൃദയം തകർന്നവളാണ്. ഗുരുവിനോടു സംസാരിക്കുവാൻ ഇവൾ ആഗ്രഹിക്കുന്നു. നാമെന്താണു ചെയ്യുക ?'
ആൻഡ്രൂ   പറഞ്ഞു, "കരയാതിരിക്കൂ, ജോൺ, നീ ഇവളെ നമ്മുടെ കൂടാരത്തിനടുത്തേക്കു കൊണ്ടുപോവുക. ഞാൻ  ഗുരുവിനെ അവിടെ കൂട്ടിക്കൊണ്ടുവരാം."
ജനങ്ങളുടെ തിക്കിനും തിരക്കിനുമിടയിലൂടെ ജോൺ കടന്നുപോയി. ആൻഡ്രൂ എതിർദിശയിൽ
 ഈശോയുടെ അടുത്തേക്കുംപോയി.  ഈശോ ഈസമയത്ത് ഒരു മുടന്തനെ
 സുഖപ്പെടുത്തുകയായിരുന്നു.   വിജയിയായ ഒരാൾ  ട്രോഫികൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതുപോലെ അയാൾ തന്റെ താങ്ങുവടികൾ ഉയർത്തിപ്പിടിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. സാവധാനം അടുത്തുചെന്ന ആൻഡ്രൂ മന്ത്രിച്ചു; "ഗുരോ, നമ്മുടെ കൂടാരത്തിനു പിന്നിൽ ഒരു  സ്ത്രീ കരഞ്ഞുകൊണ്ടു കാത്തുനിൽക്കുന്നു. ഹൃദയവേദനയോടെ നിൽക്കുന്ന അവൾ, തന്റെ ദുഃഖം പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല."
"ശരി, ഈ പെൺകുട്ടിയെയും ഈ സ്ത്രീയേയും കൂടി സുഖപ്പെടുത്താനുണ്ട്. അതിനുശേഷം ഞാൻ വരാം. അവരോട് വിശ്വാസമുള്ളവരായിരിക്കുവാൻ ചെന്നുപറയുക."
രോഗികളല്ലാം സുഖം പ്രാപിച്ചു. "ദാവീദിന്റെ പുത്രന് സ്തോത്രം, ദാവീദിന്റെ പുത്രന് സ്തോത്രം" എന്നിങ്ങനെ അവർ ആർത്തുവിളിച്ചു.
ഈശോ കൂടാരത്തിന്റെ അടുത്തേക്കു പോയി.
കരഞ്ഞുകൊണ്ടുനിൽക്കുന്ന സ്ത്രീയോടു പറഞ്ഞു, " സ്ത്രീയേ, ഭയം കൂടാതെ എല്ലാം തുറന്നുപറയുക."
"എന്റെ കർത്താവേ, ഒരു  വേശ്യയോടുള്ള ഇഷ്ടംകൊണ്ട് എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചുകളയാൻ ആഗ്രഹിക്കുന്നു. എനിക്ക് അഞ്ചു കുട്ടികളുണ്ട്. അവരുടെ കാര്യം ഓർത്താണു ഞാൻ  ദുഃഖിക്കുന്നത്. അദ്ദേഹം കുഞ്ഞുങ്ങളെ വിട്ടുതരുമോ എന്നെനിക്കു നിശ്ചയമില്ല.  കുട്ടികൾ എന്നെയും അവരുടെ പിതാവിനെയുംപറ്റി എന്തുവിചാരിക്കും ? ഞങ്ങളിൽ ആരെങ്കിലും ഒരാൾ പാപിയാണെന്ന് അവർ കരുതും. തങ്ങളുടെ പിതാവിനെതിരെ അവർ വിധികൽപ്പിക്കാൻ ഇടയാകരുതെന്നാണ് എന്റെ ആഗ്രഹം."
"കരയാതിരിക്കൂ, ഞാൻ  ജീവന്റെയും മരണത്തിന്റെയുംനാഥനാണ്. നിന്റെ ഭർത്താവ് ആ സ്ത്രീയെ വിവാഹം കഴിക്കുകയില്ല. സമാധാനത്തോടുകൂടി പോവുക. നല്ലവളായി തുടർന്നും ജീവിക്കുക."
"എന്നാലും .........എന്റെ കർത്താവേ,  അവിടുന്ന് അദ്ദേഹത്തെ കൊന്നുകളയരുതേ...
ഞാൻ  അദ്ദേഹത്തെ സ്നേഹിക്കുന്നു."
"ഈശോ പുഞ്ചിരിച്ചു. " ഞാൻ ആരേയും കൊല്ലുകയില്ല. എന്നാൽ ഓരോരുത്തരും അവനവന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാത്താൻ ദൈവത്തെക്കാൾ വലിയവനല്ല എന്നു നീ മനസ്സിലാക്കണം. നീ പട്ടണത്തിൽ തിരിയെ ചെല്ലുമ്പോഴേക്കും ആരോ ഒരാൾ ആ ദുഷ്ടജീവിയെ - വേശ്യയെ കൊന്നുകളഞ്ഞിരിക്കും. അപ്പോൾ നിന്റെ ഭർത്താവിന് തന്റെ തെറ്റു മനസ്സിലാകും. പൂർവാധികം സ്നേഹത്തോടെ അയാൾ നിന്നെ സ്വീകരിക്കും."
അവൾ ഈശോയുടെ കൈ മുത്തിയശേഷം അതു ശിരസ്സിൽവച്ചു. പിന്നീട് അവൾ പോയി.
ഈശോ  ജനക്കൂട്ടത്തിന്റെ അടുത്തേക്കു തിരിയെപ്പോയി. ദരിദ്രർക്കു സംഭാവനകൾ നൽകി. അങ്ങനെ എല്ലാവരും സന്തുഷ്ടരായപ്പോൾ ഈശോ പ്രസംഗം ആരംഭിച്ചു.

Sunday, October 3, 2010

ഈശോ തീക്ഷ്ണമതിയായ സൈമണെ സുഖപ്പെടുത്തുന്നു.

      പെസഹാ തിരുനാളിന്റെ ദിവസങ്ങളായതിനാൽ ജറുസലേമിൽ ധാരാളം ആളുകളുണ്ട്. ഈശോയും പത്രോസും ജോണും കൂടി ഈശോ താമസിക്കുന്ന വീട്ടിലേക്കു പോകുന്നു. വീടിനടുത്തെത്തുമ്പോൾ ഈശോയെ കാത്ത് രണ്ടാളുകൾ നിൽപ്പുണ്ടെന്ന് വീടിന്റെ ഉടമസ്ഥൻ വന്നറിയിക്കുന്നു. ഈശോ ചോദിക്കുന്നു; "അവർ എവിടെ?ആരാണവർ?"
"എനിക്കറിഞ്ഞുകൂടാ. ഒരാൾ യൂദയായിൽ നിന്നാണ്. മറ്റേയാൾ....... എനിക്കറിയില്ല. ഞാൻ ചോദിച്ചില്ല.'
"അവർ എവിടെ?" ജോൺ ചോദിച്ചു
"അടുക്കളയിൽ കാത്തിരിക്കുകയാണ്. ഇവരെക്കൂടാതെ വേറൊരാൾ കൂടിയുണ്ട്. അയാളുടെ ദേഹം മുഴുവനും വൃണമാണ്. അയാളോടു കുറച്ചു മാറിനിൽക്കാൻ ഞാൻ പറഞ്ഞു. അയാൾക്കു് കുഷ്ഠരോഗമാണോ എന്നെനിക്കു സംശയമുണ്ട്. ദേവാലയത്തിൽ പ്രസംഗിച്ച പ്രവാചകനെ കാണണം എന്നയാൾ പറയുന്നു."
              ഇതുവരെ നിശ്ശബ്ദനായിരുന്ന ഈശോ പറഞ്ഞു: "നമുക്ക് ആദ്യം അയാളെപ്പോയിക്കാണാം. മറ്റുരണ്ടുപേരോടും വേണമെങ്കിൽ അങ്ങോട്ടു വരാൻ പറയൂ. തോട്ടത്തിൽവച്ച് അവരോട് ഞാൻ സംസാരിക്കാം." ഇതുപറഞ്ഞിട്ട് ഈശോ വൃണമുള്ളവൻ നിന്നിരുന്ന സ്ഥലത്തേക്കു പോയി.
 "ഞങ്ങളെന്തു ചെയ്യണം?" പത്രോസ് ചോദിച്ചു
"വേണമെങ്കിൽ എന്റെകൂടെ പോരൂ."
         തോട്ടത്തിന്റെ അതിർത്തിയിൽ കഴുത്തിനുചുറ്റും തുണികെട്ടിയ ഒരാൾ നിൽപ്പുണ്ട്. ഈശോ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ അയാൾ വിളിച്ചുപറയുന്നു, "അടുത്തേക്കു വരരുതേ...തിരിച്ചുപോകൂ...എന്നോടു കനിവു തോന്നേണമേ."
"നീ കുഷ്ഠരോഗിയാണോ?ഞാൻനിനക്കുവേണ്ടി എന്തുചെയ്യണം ?"

"എന്നെ കല്ലെറിയരുതേ...കഴിഞ്ഞദിവസം ദേവാലയത്തിൽ ദൈവത്തിന്റ സ്വരമായും അനുഗ്രഹദാതാവായും നീ സ്വയം വെളിപ്പെടുത്തിയെന്ന് ആളുകൾ പറയുന്നു. നിന്റെ അടയാളം ഉയർത്തി എല്ലാ രോഗങ്ങളും സുഖപ്പെടുത്തുമെന്നും നീ പറഞ്ഞതായിക്കേട്ടു. ദയവായി ആ അടയാളം എന്റെമേൽ ഉയർത്തേണമേ. ഞാൻ അങ്ങകലെയുള്ള കുഴിമാടങ്ങളിൽനിന്നാണ് വന്നിരിക്കുന്നത്. ഒരു പാമ്പിനെപ്പോലെ ചെടികൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞാണ് ഇവിടെ വരെയെത്തിയത്. ഇരുട്ടാകുന്നതുവരെ ഞാനിവിടെ ഒളിച്ചിരുന്നു. ഈ മനുഷ്യനെ, വീടിന്റെ ഉടമസ്ഥനെ ഞാൻ കണ്ടുമുട്ടി. അയാൾ നല്ലവനാണ്. അയാൾ എന്നെ കൊന്നില്ല. എന്നോടു കരുണ തോന്നേണമേ." ഈശോ തനിയേ അവന്റെ സമീപത്തേക്കു പോയി. ശിഷ്യന്മാരും വീട്ടുടമയും പുതുതായി വന്നരണ്ട് അപരിചിതരും അങ്ങകലെ അറച്ചുനിൽക്കുകയാണ്. ഈശോ അടുത്തുവരുന്നതുകണ്ട് രോഗി വിളിച്ചുപറഞ്ഞു,

"എന്റെ അടുത്തുവരരുതേ, ഈ രോഗം പകരുന്നതാണ്." ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഈശോ മുമ്പോട്ടു നീങ്ങി. കാരുണ്യം നിറഞ്ഞ കണ്ണുകൾകൊണ്ട് അവനെ നോക്കി. അയാൾ കരഞ്ഞുതുടങ്ങി. മുട്ടിൽനിന്ന് തലകുനിച്ചു തേങ്ങിക്കരഞ്ഞു. "നിന്റെ അടയാളം, നിന്റെ അടയാളം!"
"സമയമാകുമ്പോൾ ആ അടയാളം ഉയർത്തപ്പെടും. ഇപ്പോൾ ഞാൻ നിന്നോടു പറയുന്നു: എഴുന്നേറ്റു നിൽക്കൂ, സുഖം പ്രാപിക്കൂ. ഇത് എന്റെ ആജ്ഞയാണ്. എന്നെ തിരിച്ചറിയുന്നതിന് ഈ പട്ടണത്തിനു നൽകുന്ന അടയാളം നീ ആയിരിക്കട്ടെ ! എഴുന്നേൽക്കൂ, ഇനി പാപം ചെയ്യരുത്. അങ്ങനെ ദൈവത്തോട് നന്ദികാണിക്കണം."
              ആ മനുഷ്യൻ മെല്ലെ എഴുന്നേൽക്കുന്നു. നീണ്ട പുൽക്കൊടികൾക്കിടയിൽനിന്ന് അയാൾ പുറത്തേക്കുവന്നു. ഇതാ അയാൾ സുഖം പ്രാപിച്ചിരിക്കുന്നു ! ദിനാന്ത്യത്തിലുള്ള അരണ്ട വെളിച്ചത്തിൽ അയാൾ തന്റെ ശരീരം നോക്കിക്കണ്ടു. താൻ സുഖം പ്രാപിച്ചിരിക്കുന്നു ! അയാൾ ഉച്ചത്തിൽ ആർത്തുവിളിച്ചു. "എന്റെ രോഗംമാറി. അങ്ങേയ്ക്കുവേണ്ടി ഇനി ഞാൻ എന്തുചെയ്യണം ?"

"നിയമം വിധിച്ചിരിക്കുന്നതെന്തോ അതു ചെയ്യുക. നീ പുരോഹിതനെപ്പോയി കാണുക. ഭാവിയിൽ നന്മ ചെയ്യുക. പൊയ്ക്കോളൂ." എന്നാൽ
                 അയാൾ അകലെ നിന്ന് ഈശോയ്ക്ക് സ്വസ്തി പറഞ്ഞിട്ട് വീണ്ടും കരയുകയാണ്.
                മറ്റുള്ളവർ അത്ഭുതംകണ്ട് സംസാരശേഷി നഷ്ടപ്പെട്ടവരെപ്പോലെ നിന്നു. ഈശോ തിരിഞ്ഞ് അവരെനോക്കി പുപുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു; "ഈ മനുഷ്യന്റെ കുഷ്ഠം ശരീരത്തെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. ഹൃദയത്തിന്റെ കുഷ്ഠം മാറുന്നതും നിങ്ങൾ കാണും." അപരിചിതരായ രണ്ടുപേരോട് ഈശോ ചോദിച്ചു; "നിങ്ങളാണോ എന്നെക്കാണണമെന്നു പറഞ്ഞത് ? നിങ്ങളാരാണ് ?"

"കഴിഞ്ഞദിവസം ഞങ്ങൾ അങ്ങയുടെ പ്രസംഗം കേട്ടു. ദേവാലയത്തിൽ ചെയ്ത പ്രസംഗം. അങ്ങ് അനുവദിക്കുമെങ്കിൽ അങ്ങയെ പിൻതുടരാൻ ഞങ്ങളാഗ്രഹിക്കുന്നു. അങ്ങയുടെ വാക്കുകൾ സത്യത്തിന്റെ വാക്കുകളാണ്."

"ഞാൻ എങ്ങോട്ടാണു പോകുന്നതെന്ന് നിങ്ങൾക്കറായാമോ?"

"അറിഞ്ഞുകൂടാ. അങ്ങ് മഹത്വത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പാണ്."

"അതുശരി തന്നെ. എന്നാലത് ഈ ലോകത്തിലെ മഹത്വമല്ല. സ്വർഗ്ഗീയ മഹത്വത്തിലേക്കാണു ഞാൻ പോകുന്നത്. ത്യാഗത്തിലൂടെയും പുണ്യകർമ്മങ്ങളിലൂടെയും കീഴടക്കേണ്ട ഒന്നാണത്. നിങ്ങൾ എന്തിനാണ് എന്നെ പിൻതുടരാൻ ആഗ്രഹിക്കുന്നത്?"

"അങ്ങയുടെ മഹത്വത്തിൽ പങ്കാളികളാകാൻ."

" സ്വർഗ്ഗീയ മഹത്വത്തിൽ ?"

"അതേ, സ്വർഗ്ഗീയ മഹത്വത്തിൽ തന്നെ."

"ആർക്കു വേണമെങ്കിലും എത്തിച്ചേരാവുന്ന ഒരു സ്ഥലമല്ല സ്വർഗ്ഗം. അവിടെയെത്താൻ ആഗ്രഹിക്കുന്നവരെ കുരുക്കിൽ വീഴ്ത്താൻ മാമ്മോൻ അഥവാ ധനമോഹം നിരവധി കെണികൾ ഒരുക്കിയിട്ടുണ്ട്. നല്ല തന്റേടവും ധൈര്യവുമുള്ളവർക്കേ ഈ പരീക്ഷണത്തെ അതിജീവിക്കാനാവൂ. നമ്മിൽത്തന്നെയുള്ള ശത്രുവിനെതിരായി നിരന്തരം പോരാടുക, ഈ ലോകത്തിനെതിരായി പോരാടുക, പിശാചിനെതിരായി പോരാടുക ഇതെല്ലാമാണ് എന്നെ പിൻതുടരുക എന്നു പറയുന്നതിനർത്ഥം. നിങ്ങൾക്ക് എന്റെ അനുയായികളാകണമെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ ?എന്തുകൊണ്ട് ? "

"ഞങ്ങളുടെ അന്തരാത്മാവിനെ അങ്ങ് കീഴടക്കിക്കഴിഞ്ഞു. അന്തരാത്മാവിന്റെ ആഗ്രഹമാണ്, ദാഹമാണ്, അങ്ങയെ പിൻതുടരണമെന്നത്. അങ്ങ് പരിശുദ്ധനാണ്, ശക്തിമാനാണ്. അങ്ങയുടെ ചങ്ങാതിമാരാകാൻ ഞങ്ങളാഗ്രഹിക്കുന്നു."

" ചങ്ങാതിമാർ !" ഈശോ നിശ്ശബ്ദനായി ദീർഘശ്വാസമെടുത്തു. ഈ സമയമത്രയും സംസാരിച്ചിരുന്ന യുവാവിനെ സൂക്ഷിച്ചുനോക്കി. അവൻ തന്റെ മേലങ്കി തലയിൽനിന്നു മാറ്റിയിരിക്കുന്നു. അത് യൂദാ സ്കറിയോത്തായാണ്.
          ഈശോ അവനോടു ചോദിക്കുന്നു; "നീ ആരാണ് ? സാധാരണക്കാരുടേതിൽനിന്നും വ്യത്യസ്തമാണല്ലോ നിന്റെ ഭാഷ. അതിന് ഓജസ്സുണ്ട്."

'ഞാൻ സൈമണിന്റെ മകൻ യൂദാസ്സാണ്. കറിയോത്താണ് എന്റെ നാട്. ഞാൻ ദേവാലയത്തിന്റെ ആളാണ്. യഹൂദന്മാരുടെ രാജാവു വരുന്നതു സ്വപ്നം കാണുന്നവനാണു ഞാൻ. അങ്ങ് ഒരു രാജാവിനെപ്പോലെ സംസാരിക്കുന്നത് ഞാൻ കേട്ടു. എന്നെയും അങ്ങയുടെ കൂടെച്ചേർക്കൂ."

"ഇപ്പോഴോ? ഉടനെ ? അതുവേണ്ട."

"എന്തുകൊണ്ട് ഗുരോ ?"

"ഇങ്ങനെയുള്ള ദുർഘടം പിടിച്ച വഴി നടക്കാൻ തുടങ്ങുംമുമ്പ് നീ ഒരാത്മപരിശോധന നടത്തണം. അതാണു നല്ലത്."

"എന്റെ ആത്മാർത്ഥതയിൽ അങ്ങേക്കു വിശ്വാസമില്ലേ ?"

"അതാണു പ്രശ്നം. ഇപ്പോഴത്തെ ചൂടിൽ നീ ഇതുപറയുന്നു. ഈ ചൂട് എത്രകാലം നിലനിൽക്കും എന്നറിഞ്ഞുകൂടാ. യൂദാസ്സേ, നീ ഇക്കാര്യത്തെപ്പറ്റി ഗാഢമായി ചിന്തിക്കൂ. ഇപ്പോൾ ഞാൻ യാത്രപുറപ്പെടുകയാണ്. പെന്തക്കോസ്തയ്ക്കു ഞാൻ മടങ്ങിവരും. നീ ദേവാലയത്തിലുണ്ടെങ്കിൽ അവിടെവച്ചു നമുക്കു കാണാം."

അനന്തരം ഈശോ മറ്റേയാളോടു ചോദിക്കുന്നു; " നീ ആരാണ് ?"

"അങ്ങയെ അന്നു ദേവാലയത്തിൽ വച്ചു കാണാനിടയായ ഒരാൾ. അങ്ങയുടെ കൂടെവരാൻ എനിക്കും മോഹമുണ്ട്. പക്ഷെ ഇപ്പോൾ, അങ്ങു പറഞ്ഞതു കേട്ടപ്പോൾ എനിക്കു പേടി തോന്നുന്നു."

"നിന്റെ പേരെന്താണ്?"

'തോമസ്, ദിദിമൂസിൽനിന്ന്."

"നിന്റെ പേരു ഞാൻ മറക്കില്ല. സമാധാനമായി പോകൂ."

അവരെ പറഞ്ഞയച്ചശേഷം ഈശോ തന്റെ ആതിഥേയന്റെ വീട്ടിൽ പ്രവേശിച്ചു.

Saturday, October 2, 2010

ജോണും ജയിംസും പത്രോസിനോടു മിശിഹായെപ്പറ്റി സംസാരിക്കുന്നു.

       ഗലീലിയാ തടാകത്തിനടുത്തുള്ള ബത്സയ്ദാ ഗ്രാമം. ഒരു ചെറിയ തെരുവിൽനിന്നും ജോൺ വേഗം നടന്നുവരുന്നു. സഹോദരൻ ജയിംസ് അവന്റെ പിന്നാലെ സാവധാനം നടന്നുവരുന്നു. തടാകത്തിന്റെ കരയിലേക്കാണവർ നടക്കുന്നത്. കരയിൽ കയറ്റിവച്ചിരിക്കുന്ന വള്ളങ്ങൾ ജോൺ പരിശോധിക്കുന്നു. അവൻ അന്വേഷിക്കുന്ന വള്ളം അവിടെയില്ല. കരയിൽനിന്നും കുറച്ചകലെയായി തുറമുഖത്ത് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ വള്ളം കണ്ണിൽപ്പെടുന്നു. കൈ വായ്ക്കുചുറ്റും പിടിച്ച് ഉച്ചത്തിൽ വള്ളത്തിലുള്ളവരെ വിളിക്കുന്നു.

വള്ളത്തിലുള്ളവർ ആഞ്ഞുതുഴഞ്ഞ് വേഗം കരയ്ക്കടുക്കുന്നു. പത്രോസും ആൻഡ്രൂവുമാണ്

വള്ളത്തിൽ. ജോണിനെ കണ്ടപ്പോൾ ആൻഡ്രൂ ചോദിക്കുന്നു; " നിങ്ങൾ രണ്ടാളും എന്തേ വരാഞ്ഞത്?"

പത്രോസു് പരിഭവിച്ചിരിക്കയാണ്. ഒരക്ഷരംമിണ്ടുന്നില്ല.


ജോൺ തിരിച്ചു ചോദിക്കുന്നു; " നിങ്ങൾ രണ്ടാളും എന്തേ ഞങ്ങളുടെ കൂടെ വരാഞ്ഞത്?


"ഞാൻ മീൻപിടിക്കാൻ പോയി. വെറുതെ കളയാൻ സമയമില്ല."


"ഞങ്ങൾ മിശിഹായെ കാണാൻ പോയി. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടതു തന്നെയാണ്. നിങ്ങളും വരൂ എന്ന്പറയാനാണ് ഞങ്ങൾ വന്നിരിക്കുന്നത്."


"അതു യഥാർത്ഥത്തിൽ മിശിഹാ തന്നെയാണോ?"

' അവൻ തന്നെ. അവൻ അതു നിഷേധിക്കുന്നില്ല.

പതോസ് പിറുപിറുക്കുന്നു ; "മണ്ടന്മാരെകളിപ്പിക്കാൻ ആർക്കും എന്തു വേണമെങ്കിലും പറയാം." അയാൾക്ക് ഇതൊന്നും പിടിക്കുന്നില്ല.


ഏയ് സൈമൺ, നീ അങ്ങനെ പറയരുത്. ഇതു മിശിഹായാണ്. അവന് എല്ലാമറിയാം. നീ പറയുന്നതും അവൻ കേൾക്കുന്നുണ്ട്." പത്രോസിന്റെ വാക്കുകൾ കേട്ടിട്ട് ജോണിന് ഭയവും സങ്കടവും തോന്നി.


"ഉവ്വുവ്വ്, മിശിഹാ ! ജയിംസിനും ആൻഡ്രൂവിനും നിനക്കും മിശിഹാ പ്രത്യക്ഷനായി ! അക്ഷരവൈരികളായ മൂന്നു മുക്കുവന്മാർക്ക് !!! മിശിഹായിൽനിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. ഞാൻ പറയുന്നത് മിശിഹാ കേൾക്കുന്നന്നോ? കഷ്ടം ! എടാ കൊച്ചനേ, കാലത്ത് വെയിലുകൊണ്ട് നിന്റെ തലക്കെന്തോ സംഭവിച്ചിരിക്കുന്നു. വന്നേ, വന്നു കുറച്ചുപണിയെടുത്തേ, ഈ പഴംകഥകളൊക്കെ മറന്നേക്കൂ."


"ഞാൻ പറയുന്നു അവൻ മിശിഹാ തന്നെ. ജോൺ(സ്നാപകൻ) വിശുദ്ധമായ കാര്യങ്ങൾ സംസാരിച്ചു. ഇവൻ ദൈവത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ക്രിസ്തുവിനല്ലാതെ ആർക്കും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല." ജോൺ വീണ്ടുംപറഞ്ഞു.


ഈ സമയം ജയിംസ് പറയുന്നു; "സൈമൺ, ഞാനൊരു കൊച്ചുകുട്ടിയല്ല. പ്രായപൂർത്തിയായവനാണ്. എനിക്കു ഭ്രാന്തില്ല. ആലോചിച്ചേ ഞാൻ സംസാരിക്കൂ. നിനക്കും അതറിയാമല്ലോ. ദൈവത്തിന്റെ കുഞ്ഞാടിനോടുകൂടി മണിക്കൂറുകൾ ഞാൻ ചിലവഴിച്ചു. അവൻ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു. ഞാൻ ഉറപ്പിച്ചുപറയുന്നു: അവൻ മിശിഹാ തന്നെയാണ്. നീഎന്തുകൊണ്ടു വിശ്വസിക്കുന്നില്ല ? അവന്റെ വാക്കുകൾ നീ കേട്ടിട്ടില്ല. അതുകൊണ്ടാണു നീ വിശ്വസിക്കാത്തത്. ഞാൻ അവനിൽ വിശ്വസിക്കുന്നു. നമ്മൾ ദരിദ്രരും അറിവില്ലാത്തവരുമാണ്, അല്ലേ ? സ്വർഗ്ഗരാജ്യത്തെപ്പറ്റി പാവങ്ങളോടും എളിയവരോടും സംസാരിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണവൻ പറയുന്നത്. ഉന്നതന്മാരേക്കാൾ നമ്മേപ്പോലുള്ളലരോടാണ് അവനു താൽപര്യം. അവൻ പറഞ്ഞു; വലിയവർക്ക് അവരുടേതായ സന്തോഷങ്ങളുണ്ട്. നിങ്ങൾക്കു ഞാൻ നൽകാൻ പോകുന്ന സന്തോഷവുമായി തട്ടിച്ചുനോക്കുമ്പോൾ അവരുടേത് വലിയ സന്തോഷമൊന്നുമല്ല. ഞാൻ വന്നിരിക്കുന്നത് ഇസ്രായേലിലും ലോകത്തെങ്ങുമുള്ള ചെറിയ മനുഷ്യരുടെയടുത്തേക്കാണ്. കരയുകയും ആശിക്കുകയുംചെയ്യുന്നവരുടെ അടുത്തേക്കു്. ഇങ്ങനെയുള്ള പാവങ്ങൾക്ക് പണ്ഡിതന്മാർ വെളിച്ചവും അപ്പവും കൊടുക്കുന്നില്ല. ഇരുട്ടും ചങ്ങലയും പരിഹാസവുമാണ് പാവങ്ങൾക്ക് അവർ കൊടുക്കുന്നത്. ഞാൻ പാവങ്ങളെ വിളിക്കുന്നു. ഈ ലോകത്തെ കീഴ്മേൽമറിക്കാനാണു ഞാൻ വന്നിരിക്കുന്നത്. ഇന്നു മഹത്വമേറിയതെന്നു മനുഷ്യൻ കരുതുന്നതിനെ ഞാൻ നിസ്സാരമാക്കും. സത്യവും സമാധാനവും വേണമെന്നുള്ളവർ, നിത്യജീവൻ വേണമെന്നുള്ളവർ, എന്റെ അടുത്തേക്കു വരട്ടെ. അവൻ അങ്ങനെയൊക്കെയല്ലേ പറഞ്ഞത് ജോൺ ?"


"അതേ, അവൻ അങ്ങനെയൊക്കെയാണു പറഞ്ഞത്. അവൻ വീണ്ടും ഇങ്ങനെ പറഞ്ഞു; ലോകം എന്നെ സ്നേഹിക്കില്ല. വിഗ്രഹാരാധന കൊണ്ടും പാപംകൊണ്ടും ദുഷിച്ചുപോയ വലിയവരുടെ ഈ ലോകം എന്നെ സ്നേഹിക്കില്ല. ഇരുട്ടിന്റെ സന്തതിയായ ഈ ലോകത്തിനു് എന്നെ വേണ്ട. അതു വെളിച്ചത്തെ സ്നേഹിക്കുന്നില്ല. എന്നാൽ ഈ ഭൂമിയിൽ വലിയവരുടെ ഈ ലോകം മാത്രമല്ലഉള്ളത്. ഈ ലോകത്തിലാണെങ്കിലും ലോകത്തിന്റതല്ലാത്ത ആളുകളുമുണ്ട്. ഈ രണ്ടുതരമാളുകളും കൂടിക്കലർന്നു കഴിയുന്നു. ഒരു വലയിൽപ്പെട്ട മീനിനേപ്പോലെ, ലോകമാകുന്ന കാരാഗൃഹത്തിലടക്കപ്പെട്ടതുകൊണ്ട് ലോകത്തിന്റന്റെതായിത്തീർന്ന ആളുകളുമുണ്ട്. ഞങ്ങൾ തടാകത്തിന്റെ തീരത്തുനിൽക്കുകയായിരുന്നു. വലയിൽ കടുങ്ങിയ മൽസ്യങ്ങളെ കരയ്ക്കടുപ്പിക്കുന്നതു ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ ഇങ്ങനെ തുടർന്നു; ആ മൽസ്യങ്ങൾക്കൊന്നിനും വലയിൽപ്പെടണമെന്ന് ആഗ്രഹമില്ലായിരുന്നു. അതുപോലെതന്നെ മനുഷ്യർക്ക് മാമ്മോന് ഇരയായിത്തീരണമെന്ന് യഥാർത്ഥത്തിൽ ആഗ്രഹമില്ലായിരുന്നു. ഏറ്റവും വലിയ ദുഷടർക്കുപോലും, അഹങ്കാരംകൊണ്ട് തിമിരം ബാധിച്ചവർക്കുപോലും അവർ ചെയ്യുന്ന തെറ്റ് തെറ്റാണ് എന്നറിയാം. തെറ്റു ചെയ്യാതിരുന്നാൽക്കൊള്ളാമെന്ന് ആഗ്രഹവും കാണും. അവരുടെ യഥാർത്ഥപാപം അഹങ്കാരമാണ്. മറ്റുപാപങ്ങളെല്ലാം അഹങ്കാരത്തിൽനിന്നു മുളക്കുന്നവയാണ്. ദുഷടത പാരമ്യത്തിൽ എത്തിയിട്ടില്ലെങ്കിൽ മാമ്മോന്റെ കൈയിൽപ്പെടാൻ ആരും ആഗ്രഹിക്കില്ല. ഗൗരവമുള്ള കാര്യങ്ങൾ നിസ്സാരമായിട്ടെടുക്കുന്നതും ആദാമിന്റെ പാപത്തിന്റെ ഫലമായി അവർക്ക് തിന്മയിലേക്കുണ്ടാകുന്ന ചായ്ചിലും അവരെ മാമ്മോന്റെ കൈയിലെത്തിക്കുന്നു. ഞാൻ വന്നിരിക്കുന്നത് ആദാമിന്റെ പാപഫലം ഇല്ലാതാക്കാനാണ്. രക്ഷയുടെ സമയം കാത്തിരിക്കുന്നവർക്ക്. എന്നിൽ വിശ്വസിക്കുന്നവർക്ക്, കെണിയിൽനിന്നു രക്ഷപ്പെടാനുള്ള ശക്തി ഞാൻ നൽകും. ഈശോ ഇങ്ങനെയെല്ലാമാണു പറഞ്ഞത്.'


"അങ്ങെനയാണോ അവൻ പറഞ്ഞത് ? എങ്കിൽ നമ്മൾ ഉടനെ അവന്റെയടുത്തു പോകണം." എടുത്തുചാട്ടക്കാരനായ പത്രോസ് പറഞ്ഞു. പെട്ടെന്നു തീരുമാനമെടുത്ത് അതനുസരിച്ച് ചെയ്തുതുടങ്ങി. "ആൻഡ്രൂ, നീയേന്തേ ഇവരുടെകൂടെ ഈശോയുടെ അടുത്ത് പോകാതിരുന്നത്, നീ ഒരുമഠയൻ തന്നെ," എന്ന് ആൻഡ്രൂവിനെ ശാസിക്കയും ചെയ്യുന്നു.

ആൻഡ്രൂ പറയുന്നു, "അതെന്താ സൈമൺ നീ ഇപ്പോഴിങ്ങനെ പറയുന്നത് ? ജോണിനെയും ജയിംസിനെയും കൂടെ വരാൻ നിർബ്ബന്ധിക്കാതിരുന്നതിന് നീ രാത്രി മുഴുവനും പിറുപിറുക്കുകയായിരുന്നല്ലോ ? ഇപ്പോൾ നീ മറുകണ്ടം ചാടുകയാണല്ലോ ?

"നീ പറയുന്നത് നേരാണ്.... പക്ഷേ ഞാനവനെ കണ്ടിട്ടില്ലല്ലോ ? നീ കണ്ടു. അവൻ നമ്മെപ്പോലൊരാളല്ലായെന്ന് അപ്പോൾ നിനക്ക് മനസ്സിലായിക്കാണണം. മനുഷ്യരെ തന്നിലേക്കാകർഷിക്കുന്ന എന്തെങ്കിലും അവനുണ്ടായിരിക്കണം."


"അതിനു സംശയമൊന്നുമില്ല. അവന്റെ മുഖം...ആ കണ്ണുകൾ... എത്ര സുന്ദരമായ കണ്ണുകൾ.... നീ ഓർമ്മിക്കുന്നില്ലേ ജയിംസേ ?" ഇതുപറയുന്നത് ജോൺ ആണ്.


"ആ സ്വരം... എന്തൊരു സ്വരം ! അവൻ സംസാരിക്കുമ്പോൾ നമ്മൾ സ്വർഗ്ഗം സ്വപ്നം കാണുകയാണെന്നു തോന്നും."


"നമുക്ക് വേഗം അവനെപ്പോയി കാണാം." പതോസ് പറഞ്ഞു.


അവരെല്ലാം വസ്ത്രംമാറി യാത്രപുറപ്പെട്ടു.

ഏതാനും അടി നടന്നപ്പോൾ പത്രോസ് ജോണിനെ പിടിച്ചുനിർത്തി ചോദിച്ചു; "അവന് എല്ലാം അറിയാം, എല്ലാം കേൾക്കുന്നു എന്നല്ലേ നീ പറഞ്ഞത് ?"


"അതെ, ആകാശത്തിൽ ചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നതുകണ്ടപ്പോൾ ഞാൻ പറഞ്ഞു - ഇപ്പോൾ സൈമൺ എന്തെടുക്കയാണാവോ ? ഈശോ അപ്പോൾ പറഞ്ഞു - സൈമൺ വല വീശുകയാണ്. അവന്റെ മനസ്സിനു സമാധാനമില്ല. കാരണം നീ കൂടി വള്ളത്തിലില്ലാത്തതുകൊണ്ട് എല്ലാം അവൻ തനിയെചെയ്യണം. നാലു മീൻ പിടിക്കാൻ പറ്റയ നല്ലൊരു ദിവസം. നീ കൂടെ ചെല്ലാത്തതാണ് അവനെ ശുണ്ഠി പിടിപ്പിക്കുന്നത്. ഏറെത്താമസിയാതെ വേറെ വലകൾകൊണ്ട് വേറൊരുതരം മീനിനെ അവൻ പിടിച്ചുതുടങ്ങും എന്നവനറിയുന്നില്ല."


"ഓ ദൈവമേ ! അതു നേരാണ് ! ഞാൻ പറഞ്ഞ മറ്റുകാര്യങ്ങളും അവൻ കേട്ടിരിക്കും..നുണ പറയുന്നവൻ എന്നു ഞാനവനെ പച്ചയ്ക്കുവിളിച്ചില്ല എന്നുമാത്രം... വേണ്ട...ഞാനവന്റെ അടുത്തേക്കു വരുന്നില്ല.."


' സാരമില്ല, ഈശോ നല്ലവനാണ്. നിന്റെ മനസ്സിലെ വിചാരങ്ങൾ ഈശോയ്ക്കറിയാം.നേരത്തതന്നെ അറിയാമായിരുന്നു. നിന്റെയടുത്തേക്കാണു പോകുന്നത് എന്നുപറഞ്ഞ് ഞങ്ങൾ യാത്രചോദിച്ചപ്പോൾ ഈശോ പറഞ്ഞു: പൊയ്ക്കൊള്ളൂ, അവൻ ആദ്യം പറയുന്ന കുത്തുവാക്കുകൾകേട്ടു വിഷമിക്കേണ്ട.ലോകത്തിന്റെ പരിഹാസവും ബന്ധുക്കളുണ്ടാക്കുന്ന തടസ്സങ്ങളും നേരിടാൻ തയ്യാറായിവേണം എന്റെ അനുയായികൾ എന്റെകൂടെ വരാൻ. എനിക്കു രക്തബന്ധങ്ങളില്ല, സാമൂഹികബന്ധങ്ങളില്ല. ഞാൻ അവയെ കീഴടക്കിക്കഴിഞ്ഞു. എന്റെകൂടെ നിൽക്കുന്നവനും അവയെ കീഴടക്കിക്കും.

ഈശോ ഒരുകാര്യംകൂടി പറഞ്ഞു; കാര്യങ്ങൾ തുറന്നുപറയാൻ ഭയപ്പെടേണ്ട, എല്ലാംകേട്ടിട്ട് അവനിങ്ങുവരും. അവൻ ആത്മാർത്ഥതയുള്ളവനാണ്. നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നവനാണ്.'


"ഈശോ അങ്ങനെ പറഞ്ഞോ ? എന്നാൽ ഞാൻ വരികയാണ്. അവനെപ്പറ്റി അറിയാവുന്നതൊക്കെ നീ പറയൂ. ഈശോ എവിടെയാണ് താമസിക്കുന്നത് ?"


"ഒരു കുടിലിലാണ്. അത് ഈശോയുടെ ബന്ധുക്കളുടേതാവണം,"


"അവൻ പാവപ്പെട്ടവനാണോ ?"


"നസ്രസ്സിൽനിന്നുവന്ന ഒരു ആശാരിപ്പണിക്കാരൻ. ഈശോ സ്വയം പരിചയപ്പെടുത്തിയത് അങ്ങനെയാണ്.'


"അവൻ ഇപ്പോൾ പണിയൊന്നുമെടുക്കുന്നില്ലെങ്കിൽ എങ്ങനെ ചെലവു കഴിയുന്നു ?"


"അതു ഞങ്ങൾ ചോദിച്ചില്ല. ഒരുപക്ഷെ അവന്റെ ബന്ധുക്കൾ സഹായിക്കുന്നുണ്ടാവാം."


"നമ്മൾ കുറച്ചുമീനും റൊട്ടിയും പഴവും കൊണ്ടുപോകേണ്ടതായിരുന്നു. ഒരു ഗുരുവിനെക്കാണാൻ പോവുകയല്ലേ ? അവൻ ഒരു റബ്ബിയെപ്പോലെയാണ്, റബ്ബിയെക്കാൾ വലിയവനാണ്. എന്നിട്ടും നാം വെറുംകൈയോടെ ചെല്ലുന്നു. നമ്മുടെ റബ്ബിമാർക്ക് ഇതിഷ്ടപ്പെടില്ല."


'പക്ഷേ ഈശോയ്ക്ക് ഇഷ്ടമാണ്. എന്റേയും ജയിംസിന്റെയും കൈയിൽ ആകെ ഇരുപതു കാശേ ഉണ്ടായിരുന്നുള്ളൂ. റബ്ബിമാർക്ക് സാധാരണ സമ്മാനിക്കുന്നപോലെ ഇതുഞങ്ങൾ കൊടൂത്തു. എന്നാൽ ഈശോ അതു വേണ്ടെന്നു പറഞ്ഞു. ഞങ്ങൾ നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു, "സാധുക്കളുടെ അനുഗ്രഹങ്ങൾ ദൈവംനിങ്ങൾക്കു സമ്മാനമായി നൽകട്ടെ. എന്റെകൂടെവരൂ." എന്നിട്ടു് ഈ കാശെടുത്ത് കുറേ പാവങ്ങൾക്കു വീതിച്ചുകൊടുത്തു. ഞങ്ങൾ ചോദിച്ചു, ഗുരോ, അങ്ങേയ്ക്കായി ഒന്നും മാറ്റിവക്കുന്നില്ലേ? "ദൈവഹിതം നിറവേറ്റുന്നതിലുള്ളസന്തോഷം മാത്രം" എന്നാണ് ഈശോ മറുപടി പറഞ്ഞത്. "ഗുരോ, അങ്ങു ഞങ്ങളെ വിളിക്കുകയാണ്, ഞങ്ങൾ സാധുക്കളാണ്, ഗുരുദക്ഷിണയായി ഞങ്ങൾ എന്താണു കൊണ്ടുവരേണ്ടത്" എന്നുഞങ്ങൾ ചോദിച്ചു. അതിനു പുഞ്ചിരിച്ചുകൊണ്ടു് ഈശോ മറുപടി പറഞ്ഞു; നിങ്ങൾ വലിയൊരു നിധി എനിക്കു തരണം. എന്നാൽ ഞങ്ങൾ പാവങ്ങളാണെന്നു പറഞ്ഞപ്പോൾ ഈശോ പറഞ്ഞു; "ഏഴു പേരുള്ള ഒരു നിധിയുണ്ട്. ഏതു പാവപ്പെട്ടവനും ഈ നിധി കാണും. ധനവാന്റെ കൈയിൽ ഒരുപക്ഷെ ഇതുകണ്ടില്ലെന്നുവരാം. നിങ്ങൾക്കതുണ്ട്. അതെനിക്കു തരണം. ആ നിധിയുടെ പേരുകൾ കേൾക്കൂ: സ്നേഹം, വിശ്വാസം, സന്മനസ്സ്, ഉദ്ദേശശുദ്ധി, ഇന്ദ്രിയനിഗ്രഹം, ആത്മാർത്ഥത, പരിത്യാഗത്തിന്റെ അരൂപി. എന്റെ അനുയായികളിൽനിന്നു ഞാൻ പ്രതീക്ഷിക്കുന്നത് ഇതുമാത്രമാണ്. നിങ്ങൾക്ക് ഈ നിധിയുണ്ട്. ശീതകാലത്ത് മഞ്ഞിനടിയിൽ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന വിത്തുപോലെ നിശ്ചലമായിക്കിടക്കയാണത്. വസന്തം വരുമ്പോൾ, സൂര്യൻ വീണ്ടും തെളിയുമ്പോൾ, അതു പൊട്ടിമുളയ്ക്കും. ഏഴു ശിഖരങ്ങളുള്ള ഒരു ചെടിയായി വളരും."


"നമ്മുടെ യഥാർത്ഥറബ്ബി ഇതാണ് എന്നെനിക്കുതോന്നുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ അവൻതന്നെ. പാവങ്ങളെ അവൻ ഭത്സിക്കുന്നില്ല, പണം ചോദിക്കുന്നില്ല. ദൈവത്തിന്റെ വിശുദ്ധപുരുഷൻ എന്ന് അവനെ വിളക്കാൻ ഇത്രയുംമതി. നമുക്കു പേടിക്കാതെ ഈശോയെപ്പോയിക്കാണാം."

കാവല്‍ മാലാഖ




        ഒക്ടോബര്‍ 2                                       
       ഇന്ന് കാവല്‍ മാലാഖമാരുടെ തിരുനാള്‍.

                               ദൈവത്താല്‍ അയക്കപ്പെടുന്ന നമ്മുടെ സ്വര്‍ഗീയ   സംരക്ഷകരാണ് കാവല്‍ മാലാഖമാര്‍. 

ഒരാൾ മാമോദീസാ സ്വീകരിക്കുന്നതോടെ,      അയാൾ, അല്ലെങ്കിൽ ആ കുഞ്ഞ് ക്രിസ്തുവിന്റെ അനുയായി (ക്രിസ്ത്യാനി) ആകുന്നു. ആ നിമിഷം മുതൽ മരണം വരെ ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു മാലാഖ അയാളെ കാത്തുകൊണ്ടും നന്മയുടെ വഴിയിൽ നടക്കാൻ പ്രേരിപ്പിച്ചുകൊണ്ടും അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും അയാളുടെ കൂടെയുണ്ടാകും.
എന്നാൽ, മനുഷ്യന്റെ ഇച്ഛ (സ്വതന്ത്ര മനസ്സ് - free will) യിന്മേൽ   അവർക്ക്   സ്വാധീനം ചെലുത്താനാവില്ലെന്നതിനാൽ (ദൈവവും ഇതുചെയ്യുന്നില്ല) തിന്മ ചെയ്യുന്നതിൽനിന്ന് അവനെ തടയാൻ കാവൽമാലാഖക്ക് കഴിയില്ല.
വാസുലായും കാവല്‍ മാലാഖയും
 ക്രിസ്തീയ സഭകളുടെ ഐക്യം എന്ന ദൈവിക പദ്ധതിക്കായി, ദൈവത്തിന്റെ തിരഞെടുക്കപ്പെട്ട ഉപകരണമായി പ്രവർത്തിച്ചു വരുന്ന വാസുല റിഡൻ എന്ന പ്രമുഖ മിസ്റ്റിക്, തന്റെ ജീവിതത്തിൽ കാവൽമാലാഖ എപ്രകാരംഇടപെട്ട്, ഒരു തികഞ്ഞ ലൗകികയായി ജീവിച്ച തന്നെ പടിപടിയായി ആത്മീയതയിലേക്കു നയിച്ചു എന്നും ഈശോയുടെയും പരിശുദ്ധ ത്രിത്വത്തിന്റേയും മാതാവിന്റെയും സന്ദേശങ്ങൾ സ്വീകരിക്കാൻ തന്നെ ഒരുക്കി എന്നും "എന്റെ കാവൽമാലാഖ ഡാനിയൽ" എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.  കാവൽമാലാഖ തന്നെ അവളുടെ കൈ പിടിപ്പിച്ച് വരപ്പിച്ച ചിത്രം മുകളിൽ കാണുക.

Friday, October 1, 2010

തിരുരക്ത ഭക്തി

  നൈജീരിയക്കാരനായ ബര്‍ണബാസ് നോയെ എന്നയാള്‍ക്ക് 1995 - ല്‍  നമ്മുടെ കര്‍ത്താവായ ഈശോ പ്രത്യക്ഷനാവുകയും  മനുഷ്യപാപങ്ങള്‍ നിമിത്തം പീഡയനുഭവിക്കുന്ന തന്നെ ആശ്വസിപ്പിക്കാനും  തന്റെ അമൂല്യമായ തിരുരക്തത്തെ ആരാധിക്കുവാനും  ആഹ്വാനം ചെയ്യുകയും ചെയ്തു. ദൈവകരുണയുടെ മണിക്കൂറായ ഉച്ച തിരിഞ്ഞുള്ള മൂന്നു മണിക്കാണ് അവിടുന്ന് പ്രത്യക്ഷനായത്.   രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതെ സമയത്ത് തന്നെ അവിടുന്ന് ബാര്‍ണബാസിന് ദര്‍ശനം നല്‍കുകയും തിരുരക്ത ജപമാല പ്രാര്‍ത്ഥനകള്‍ നല്‍കുകയും ചെയ്തു. ഈശോയുടെ അഞ്ചു തിരുമുറിവുകളെ പ്രത്യേകമായ വിധത്തില്‍ ഈ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കുകയും ആ തിരുമുറിവുകളുടെ യോഗ്യതായാല്‍ സഭയുടെയും ലോകം മുഴുവന്റെയും നിയോഗങ്ങളും അര്‍ത്ഥനകളും നിത്യപിതാവിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.

നിത്യപിതാവിനോടുള്ള  ഹൃസ്വ പ്രാര്‍ത്ഥന 

 നിത്യപിതാവെ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌ പരിഹാരമായി അങ്ങയുടെ വത്സല സുതനായ ഈശോമിശിഹായുടെ എല്ലാ തിരുമുറിവുകളും അവിടുത്തെ തിരുഹൃദയത്തിന്റെ യാതനകളും നൊമ്പരങ്ങളും അവിടുത്തെ എല്ലാ  തിരുമുറിവുകളില്‍ നിന്നും  ഒഴുകിയ ഏറ്റവും അമൂല്യമായ  തിരുരക്തവും അവിടുത്തേക്ക്‌ ഞങ്ങള്‍ കാഴ്ച വെയ്ക്കുന്നു, ആമേൻ.