ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Tuesday, August 23, 2011

ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുക

                  ഈശോയും അപ്പസ്തോലന്മാരും  'മെഗ്ഗീദോ' എന്ന സ്ഥലത്തേക്ക്   പോവുകയാണ്.    യൂദാ സ്കറിയോത്താ കൂട്ടത്തിലില്ല.  ഒരു സ്നേഹിതനെ കാണാനുണ്ടെന്ന ഒഴികഴിവു പറഞ്ഞ് അവന്‍ ഈശോയെയും മറ്റ് അപ്പസ്തോലന്മാരെയും വിട്ടു പോയപ്പോൾ പത്രോസുൾപ്പെടെയുള്ളവര്‍ അവനെ വിമര്‍ശിച്ചു സംസാരിക്കുന്നു.  ബഹുമാനമില്ലാതെ ഗുരുവിനോടു  സംസാരിക്കുന്നതിനെപ്പറ്റിയും ധാരാളം  നുണകൾ പറഞ്ഞുകൂട്ടുന്നതിനെപ്പറ്റിയുമൊക്കെ  യൂദാ സ്കറിയോത്തായെ  കുറ്റപ്പെടുത്തി  സംസാരിച്ചു കൊണ്ടാണ്  അവരുടെ നടപ്പ്.   ശുദ്ധമനസ്കനായ ആന്‍ഡ്രൂ പറയുന്നു; "നമുക്ക് തിന്മയൊന്നും ചിന്തിക്കേണ്ട.  ഗുരു  അതൊന്നും അംഗീകരിക്കുന്നില്ല.  അവന്‍  എന്തെങ്കിലും തെറ്റു ചെയ്തു  എന്നതിന് നമുക്ക് തെളിവൊന്നുമില്ലല്ലോ."

                           പത്രോസ് ചോദിക്കുന്നു; "ബഹുമാനമില്ലാതെയും ഗുരുവിനു് അതൃപ്തി വരത്തക്കവിധവും  വര്‍ത്തിച്ചു കൊണ്ട് ഗുരുവിനെ ദുഃഖിപ്പിക്കുന്നത് ശരിയാണെന്നാണോ നീ പറയുന്നത്?" 

                       തീക്ഷ്ണനായ സൈമൺ സമാധാനം സ്ഥാപിക്കാന്‍  ശ്രമിക്കുന്നു; "സൈമൺ, സമാധാനപ്പെടൂ.. അവന് ഏതോ ഭ്രാന്താണെന്ന് ഞാന്‍  ഉറപ്പിച്ചു പറയുന്നു."
"ആകട്ടെ, അങ്ങനെയായിരിക്കാം. പക്ഷേ അവന്‍  കര്‍ത്താവിന്റെ കാരുണ്യത്തിനെതിരേ പാപം ചെയ്യുകയാണ്. അവന്‍  എന്റെ മുഖത്തു തുപ്പുകയോ എന്റെ ചെവിക്ക് ഇടിക്കയോ ചെയ്താല്‍ ഞാനതു ക്ഷമിച്ച് അവന്റെ രക്ഷയ്ക്കായി ദൈവത്തിനു് കാഴ്ചയര്‍പ്പിക്കുമായിരുന്നു. അവന്‍  വിഡ്ഡിവേഷം കെട്ടുമ്പോൾ എന്റെ നാവിനെ നിയന്ത്രിക്കാന്‍  ഞാന്‍  പഠിച്ചിട്ടുണ്ട്. എന്നാല്‍  ഗുരുവിനോടു  മോശമായി പെരുമാറുന്നത് ക്ഷമിക്കാന്‍  എനിക്ക് സാദ്ധ്യമല്ല. എന്നിട്ടോ? ഇതു വല്ലപ്പോഴും മാത്രമായിരുന്നെങ്കില്‍  തരക്കേടില്ലായിരുന്നു. പക്ഷേ അവന്‍  എപ്പോഴും അങ്ങനെതന്നെയാണ്. അവന്റെ വഴക്കിനെക്കുറിച്ച് എന്റെയുള്ളില്‍  തിളച്ചുമറിയുന്ന കോപം അടങ്ങുവാന്‍  സമയമാകുന്നതിനു മുമ്പ് അവന്‍  വീണ്ടും ഒരു രംഗം സൃഷ്ടിച്ചു കഴിഞ്ഞു! ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നെങ്കില്‍!  എല്ലാറ്റിനും ഒരു  പരിധിയുണ്ട്..."        വളരെ       വികാരഭരിതനായി                  ആംഗ്യവിക്ഷേപങ്ങളോടെയാണ് പത്രോസിന്റെ സംസാരം.

                          പതിവുപോലെ അപ്പസ്തോലന്മാരെ വിട്ട്  അല്‍പ്പം  മുന്നില്‍  നടക്കുകയായിരുന്ന ഈശോ,  പത്രോസിന്റെ  സംസാരം  കേട്ട് തിരിഞ്ഞുനോക്കുന്നു. ഈശോ പറയുന്നു: "സ്നേഹിക്കുന്നതിനും മാപ്പു നല്‍കുന്നതിനും ഒരു  പരിധിയുമില്ല. ദൈവത്തിലും ദൈവത്തിന്റെ മക്കളിലും  ഇല്ല.  പാപപ്പപ്പൊറുതിയും സ്നേഹവും വ്യക്തിയിലേക്ക് ഇറങ്ങുന്നതിന് തടസ്സമായി നില്‍ക്കുന്നത് അനുതാപമില്ലാത്ത പാപിയുടെ എതിര്‍പ്പാണ്.  എന്നാല്‍  അയാൾ അനുതപിക്കുന്നെങ്കില്‍  അയാളോട് എപ്പോഴും പൊറുക്കണം. ഒരിക്കല്‍  മാത്രമല്ല, രണ്ടു പ്രാവശ്യമോ  മൂന്നു  പ്രാവശ്യമോ അതില്‍ക്കൂടുതലോ  പ്രാവശ്യം  പാപം ചെയ്താലും അനുതപിച്ചാല്‍  അവനോടു് വീണ്ടും വീണ്ടും ക്ഷമിക്കണം. നിങ്ങളും പാപം ചെയ്യുന്നു; 
നിങ്ങൾക്ക് ദൈവത്തില്‍  നിന്ന് പാപപ്പപ്പൊറുതി ലഭിക്കാനായി  ദൈവത്തോട് നിങ്ങൾ പറയുന്നു; 'ഞാന്‍  പാപം  ചെയ്തുപോയി, എന്നോടു് ക്ഷമിക്കണമേ' എന്ന്. പാപപ്പപ്പൊറുതി ലഭിക്കുന്നത് നിങ്ങൾക്ക് സന്തോഷമാണല്ലോ. അതു നൽകുന്നത് ദൈവത്തിനും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍  നിങ്ങൾ ദൈവങ്ങളല്ല. അതിനാല്‍ നിങ്ങളെപ്പോലുള്ളവര്‍  തന്നെ നിങ്ങളോടു  ചെയ്യുന്ന ഉപദ്രവങ്ങൾ അത്ര ഗൗരവമുള്ളവയല്ല. മറ്റൊരുത്തരേയുംപോലെ അല്ലാത്ത ദൈവത്തോട് ചെയ്യുന്ന ദ്രോഹമാണ് കൂടുതല്‍  ഗൗരവമായിട്ടുള്ളത്. എന്നിട്ടും ദൈവം പൊറുക്കുന്നു. നിങ്ങളും  അതുപോലെ ചെയ്യുക.  നിങ്ങളുടെ അസഹിഷ്ണുത നിങ്ങൾക്ക് ഉപദ്രവമായിത്തീരാതിരിക്കാന്‍  നിങ്ങൾ കരുതലുള്ളവരായിരിക്കുക. ദൈവം നിങ്ങളോടു് അസഹിഷ്ണുത  കാണിക്കുവാന്‍  ഇടയാകാതിരിക്കുന്നതിന് വളരെ സൂക്ഷിച്ചുകൊള്ളുക.ഞാന്‍  നേരത്തേ നിങ്ങളോടു  പറഞ്ഞിട്ടുള്ളതാണ്; എങ്കിലും ഞാന്‍   വീണ്ടും വീണ്ടും പറയുന്നു, കരുണ ലഭിക്കുന്നതിനായി കരുണയുള്ളവരായിരിക്കുവിന്‍ . പാപിയോടു ക്ഷമിക്കാതിരിക്കുവാന്‍  തക്കവിധത്തില്‍  അത്ര പാപരഹിതരായി ആരുമില്ല. മറ്റുള്ളവരുടെ പാപങ്ങളെ പരിഗണിക്കുന്നതിനു മുമ്പ് സ്വന്തം ആത്മാവിലേക്കു നോക്കുക. അവിടെയുള്ള ഭാരങ്ങൾ എടുത്തു കളയുക. പിന്നീട് മറ്റുള്ളവരിലേക്കു തിരിയുക.  കുറ്റം വിധിക്കുന്ന കാഠിന്യം  അവര്‍ക്കു് അനുഭവപ്പെടുത്തുവാനല്ല; തിന്മയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുവാന്‍  പഠിപ്പിക്കുന്ന സ്നേഹമായിത്തീരുന്നതിന്.  ദൈവത്തിനെതിരായും അയല്‍ക്കാരനെതിരായും നീ പാപം  ചെയ്തു എന്നു പറയണമെങ്കില്‍  - പാപി നിങ്ങളെ എതിര്‍ക്കാതിരിക്കണമെങ്കില്‍  നിങ്ങൾ പാപം  ചെയ്യാതിരിക്കണം. കുറഞ്ഞപക്ഷം, ചെയ്ത  പാപത്തിന്  പരിഹാരം ചെയ്തവരെങ്കിലും ആയിരിക്കണം.  പാപം ചെയ്തതിനാല്‍  മനസ്സിടിഞ്ഞവരോട്, "അനുതപിക്കുന്നവരോട് ദൈവം ക്ഷമിക്കുന്നു" എന്നു പറയുന്നതിനു വേണ്ടി ക്ഷമിക്കുമ്പോൾ നിങ്ങൾ ധാരാളം കാരുണ്യം കാണിക്കണം.     അനുതപിക്കുന്ന പാപികളോടു ക്ഷമിക്കുന്ന ദൈവത്തിന്റെ ദാസരാണു നിങ്ങൾ എന്നവര്‍  മനസ്സിലാക്കാനിടയാകണം. അപ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാന്‍  കഴിയും; 'നോക്കൂ, അനുതപിക്കുന്ന നിന്നോട് നിന്റെ പാപങ്ങൾ ഏഴ് എഴുപതു പ്രാവശ്യം ഞാന്‍  ക്ഷമിക്കുന്നു; കാരണം, എണ്ണമില്ലാത്ത വിധത്തില്‍  എപ്പോഴും  ക്ഷമിക്കുന്നവന്റെ ദാസനാണ് ഞാന്‍.'  
  അതിനാല്‍  നിന്റെ സഹോദരന്‍  പാപം   ചെയ്യുന്നെങ്കില്‍ ദയാപൂര്‍വ്വം അവനെ ശാസിക്കുക. ദിവസത്തിന്റെ അന്ത്യത്തില്‍  അവന്‍  ഏഴു പ്രാവശ്യം പാപം ചെയ്തു എന്നു നീ കാണുകയും ഏഴു പ്രാവശ്യവും 'ഞാന്‍  പാപം ചെയ്തുപോയി' എന്നു നിന്നോടു പറയുകയും ചെയ്താല്‍  ഏഴു പ്രാവശ്യവും അവനോടു ക്ഷമിക്കണം. ഇങ്ങനെ ചെയ്യുമെന്ന് നിങ്ങൾ എനിക്ക് വാക്കു തരണം.  അവന്‍  (യൂദാസ്) അകലെയായിരിക്കുമ്പോൾ അവനോടു  ദാക്ഷിണ്യം കാണിക്കാമെന്ന് നിങ്ങൾ വാക്കു തരിക. അവന്‍  എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ നിങ്ങൾ ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് അവനെ സുഖപ്പെടുത്താന്‍  എന്നെ സഹായിക്കാമോ? അരൂപിയില്‍  അവന്‍ നിങ്ങളുടെ സഹോദരനാണ്. കാരണം, നിങ്ങൾ ഒരേപിതാവില്‍ നിന്നുള്ളവരാണ്. വംശത്തില്‍  സഹോദരനാണ്. കാരണം, അവനും നിങ്ങളുടെ വംശത്തില്‍പ്പെട്ടവനാണ്. ദൗത്യത്തിലും സഹോദരനാണ്. കാരണം, നിങ്ങളെപ്പോലെ അവനും എന്റെ അപ്പസ്തോലനാണ്. അതിനാല്‍  നിങ്ങൾ   അവനെ മൂന്നിരട്ടി സ്നേഹിക്കണം. നിങ്ങളുടെ  കുടുംബത്തില്‍  പിതാവിനെ ദുഃഖിപ്പിക്കുന്ന ഒരു പുത്രനുണ്ടെങ്കില്‍  അവനെ തിരുത്തുവാന്‍  നിങ്ങൾ ശ്രമിക്കയില്ലേ? അപ്പന്റെ വിഷമം തീര്‍ക്കാനും കുടുംബത്തിന്റെ സല്‍പ്പേരു  നിലനിര്‍ത്താനും നിങ്ങൾ അതു ചെയ്യും. നിങ്ങളുടെ  ഈ കുടുംബം  അതിലും  ശ്രേഷ്ഠവും കൂടുതല്‍  വിശുദ്ധവുമാണ്. കാരണം അതിന്റെ തലവന്‍  ദൈവവും ഞാന്‍  അവന്റെ ആദ്യജാതനുമാണ്. പിന്നെ എന്തുകൊണ്ടാണ് പിതാവിനെയും എന്നെയും   ആശ്വസിപ്പിക്കാനും   സ്വയം സന്തോഷമില്ലാത്ത   നിങ്ങളുടെ  പാവം സഹോദരനെ  നന്നാക്കാന്‍  ഞങ്ങളെ സഹായിക്കാനും  നിങ്ങൾ ശ്രമിക്കാത്തത്?"
               കുറ്റങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ആ അപ്പസ്തോലനു  വേണ്ടി  ഈശോ ഉത്ക്കണ്ഠയോടെ കേണപേക്ഷിക്കുകയാണ്. 
                             ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നു: "ഞാന്‍  ഒരു വലിയ ഭിക്ഷുവാണ്. നിങ്ങളോടു് ഏറ്റം വിലപിടിച്ച ദാനമാണ് ഞാനാവശ്യപ്പെടുന്നത്. ആത്മാക്കളെ എനിക്കു തരൂ എന്നാണ് ഞാനാവശ്യപ്പെടുന്നത്. ഞാന്‍  അവയെ അന്വേഷിച്ചാണ് ചുറ്റി നടക്കുന്നത്. നിങ്ങൾ എന്നെ സഹായിക്കണം. എന്റെ ഹൃദയം സ്നേഹം ആഗ്രഹിക്കുന്നു. എന്നാല്‍  വളരെക്കുറച്ച് ആളുകളില്‍  മാത്രമേ ഞാനതു കാണുന്നുള്ളൂ. മനസ്സിലാക്കപ്പെടാത്തതിനാലും സ്നേഹിക്കപ്പെടാത്തതിനാലും വിഷമിച്ചിരിക്കുന്ന നിങ്ങളുടെ ഗുരുവിനു് ആത്മാക്കളെ തരൂ..."

                                  അപ്പസ്തോലന്മാര്‍ക്കെല്ലാം വിഷമമായി. അവര്‍  ഈശോയുടെ ചുറ്റും കൂടി ഈശോയെ തഴുകുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. 

              അവസാനം ശാന്തനായ ആന്‍ഡ്രൂവാണ് സംസാരിക്കുന്നത്: "ഉവ്വ്, കര്‍ത്താവേ, ക്ഷമയും മൗനവും ത്യാഗങ്ങളുമാകുന്ന മാര്‍ഗ്ഗങ്ങളുപയോഗിച്ച് മാനസാന്തരം നേടി നിനക്കു ഞങ്ങൾ ആത്മാക്കളെ നല്‍കും. ദൈവം സഹായിക്കുന്നെങ്കില്‍  ... ആ ആത്മാവിനെയും....."

"ഉവ്വ്, കര്‍ത്താവേ, നിന്റെ പ്രാര്‍ത്ഥനയാല്‍  നീ ഞങ്ങളെ സഹായിക്കണമേ..."
                "ശരി, എന്റെ സ്നേഹിതരേ, അതിനിടയ്ക്ക് അകലെയായിരിക്കുന്ന നിങ്ങളുടെ കൂട്ടുകാരനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം."
                    ഈശോ തന്റെ മിഴിവുറ്റ സ്വരത്തില്‍  "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന 
പ്രാര്‍ത്ഥന ചൊല്ലുന്നു. മറ്റുള്ളവര്‍  എല്ലാവരും ഒരുമിച്ചു് ചേര്‍ന്നു ചൊല്ലിക്കൊണ്ട് നടന്നുനീങ്ങുന്നു.

Saturday, August 20, 2011

ദൈവ പരിപാലനയില്‍ ആശ്രയിക്കുവിന്‍

(മലയിലെ പ്രസംഗം - തുടര്‍ച്ച)
ഈശോ പ്രസംഗം തുടരുന്നു: "ഞാന്‍  നിങ്ങളോടു പറയുന്നു; പണമില്ല എന്നതുകൊണ്ട് നിങ്ങള്‍ ദുഃഖിക്കുകയോ ഭയപ്പെടുകയോ അരുത്. ആവശ്യമുള്ളത് നിങ്ങള്‍ക്ക്  എപ്പോഴും ലഭിക്കും.
നിങ്ങളുടെ ഉദരത്തെയോ കൈകാലുകളെയോ കാള്‍  എത്രയോ വിലപിടിച്ചതാണ് നിങ്ങളുടെ ആത്മാവ്. ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍.. അവ വിതക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയ്ക്കു ഭക്ഷണം കൊടുക്കുന്നതിനാല്‍ അവ ഒരിക്കലും വിശന്നു ചാകുന്നില്ല. പിതാവിന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടികളായ നിങ്ങള്‍   ഇതിലും എത്രയോ അധികം വിലപ്പെട്ടവരാണ്!
നിങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചാലും സ്വന്തം ഉയരത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഇപ്രകാരം ഒരു ചാണ്‍ ഉയരംപോലും കൂട്ടുവാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ ഭാവി എങ്ങിനെ മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക്  കഴിയും?  ധനം വര്‍ദ്ധിപ്പിച്ച് ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ ദീര്‍ഘവും സന്തുഷ്ടവുമായ വാര്‍ദ്ധക്യകാലം വരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ? നിങ്ങള്‍ക്ക്     മരണത്തോട് "ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി എന്നു പറയാന്‍ കഴിയമോ?  ഇല്ല. പിന്നെ എന്തിനാണ് ഭാവിയെക്കുറിച്ചുള്ള  ഈ ഉത്ക്കണ്ഠ? ഒരു വസ്ത്രം പോലും കൂടെക്കൊണ്ടുപോകാന്‍ കഴിയാത്ത നിങ്ങള്‍  ധനസമ്പാദനത്തിനു വേണ്ടി ഇത്രയധികം പാടുപെടുന്നതെന്തിനാണ്? വയലിലെ ലില്ലികളെ നോക്കുക. അവ അധ്വാനിച്ചു പണിയെടുക്കുന്നില്ല; കച്ചവടക്കാരില്‍ നിന്നു തുണി വാങ്ങുന്നില്ല; എന്നിട്ടും അവയുടെ ഭംഗി കാണുവിന്‍... സോളമന്റെ രാജകീയമായ കുപ്പായങ്ങള്‍ക്ക്  പോലും ഇത്രമേല്‍ ഭംഗിയുണ്ടായിരുന്നില്ല.
 വയലിലെ പുല്‍ക്കൊടികളെ ദൈവം ഇത്രയധികം അണിയിക്കുന്നുവെങ്കില്‍ തന്റെ മക്കളായ നിങ്ങളെ അവിടുന്ന് എത്രയോ അധികമായി അണിയിക്കും!  പുല്‍ക്കൊടികള്‍ ഇന്ന് ഭംഗിയുള്ളവയാണെങ്കിലും നാളെ അവ അടുപ്പില്‍   വീണ് ചാരമായിത്തീരേണ്ടവയോ 
കന്നുകാലികള്‍ക്കു ഭക്ഷണമായി ചാണകമായിത്തീരേണ്ടവയോ  ആണെന്ന് ഓര്‍ക്കുക. 
നിങ്ങള്‍  ഒരിക്കലും അല്‍പ്പവിശ്വാസികളാകരുത്. അനിശ്ചിതമായ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുകയും അരുത്. നിങ്ങള്‍ക്ക്  സ്നേഹസമ്പന്നനായ ഒരു പിതാവുണ്ട്. അവിടുത്തേക്ക് നിങ്ങളുടെ ആവശ്യങ്ങള്‍   അറിയാമെന്നും അവിടുന്ന് നിങ്ങളെ സ്നേഹിക്കുവെന്നും    നിങ്ങള്‍ക്ക്    അറിയാമല്ലോ. അതുകൊണ്ട് ആ പിതാവില്‍  വിശ്വാസമര്‍പ്പിക്കുക. യഥാര്‍ത്ഥത്തില്‍  ആവശ്യമായ വിശ്വാസം, നന്മ, ഔദാര്യം, വിനയം, കാരുണ്യം, പരിശുദ്ധി, നീതി, അച്ചടക്കം എന്നിവ നിങ്ങള്‍   ആദ്യം അന്വേഷിക്കുവിന്‍. ദൈവത്തിന്റെ സ്നേഹിതന്മാരായിത്തീരുന്നതിനും അവിടുത്തെ രാജ്യത്തിന്റെ അവകാശികളായിത്തീരുന്നതിനും ഇതാണാവശ്യം.  മറ്റു കാര്യങ്ങളെല്ലാം ചോദിക്കാതെ തന്നെനിങ്ങള്‍ക്ക്   ലഭിക്കുമെന്ന് ഞാന്‍    ഉറപ്പു നല്‍കുന്നു. അതിനാല്‍ ലൗകികമായ സമ്പത്തിന്റെ പിന്നാലെ നിങ്ങള്‍    പരക്കം പായരുത്. നാളെയെ ഓത്ത് നിങ്ങള്‍ വ്യാകുലപ്പെടരുത്. നാളത്തെക്കാര്യം നാളെ നടക്കും. നാളെ നിങ്ങള്‍  ജീവിക്കുമ്പോള്‍  നിങ്ങള്‍ക്ക്  കാര്യങ്ങള്‍  നടത്താന്‍  പറ്റും. അതിനെച്ചൊല്ലി ഇന്നു ദുഃഖിക്കുന്നതെന്തിന്? ഓരോ ദിവസത്തേയും ദുഃഖം അതാതു ദിവസത്തേക്കു മതിയാകും. ദൈവത്തിന്റെ മഹത്തായ വചനമായ "ഇന്ന്" എന്ന് എപ്പോഴും  പറയുക. 

ഞാന്‍  നിങ്ങള്‍ക്ക്  എന്റെ അനുഗ്രഹം തരുന്നു. ഒരു  പുതിയ "ഇന്നി'ന്റെ ഉദയം വരെ  അത് നിങ്ങളോടു കൂടി ഉണ്ടായിരിക്കട്ടെ! 
സമാധാനത്തില്‍ പോകുവിന്‍!

Wednesday, August 17, 2011

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍


ഈശോ സുവിശേഷ ഭാഗ്യങ്ങളുടെ മലയിലാണ്. അവിടുന്ന് പ്രസംഗം തുടരുന്നു:

 "കാരുണ്യമുള്ള പക്ഷം ഞാന്‍ എത്ര സന്തുഷ്ടനായിരിക്കും.'   എനിക്ക് കാരുണ്യം ആവശ്യമില്ല എന്നു പറയുവാന്‍ മനുഷ്യരില്‍ ആര്‍ക്കു കഴിയും? ആര്‍ക്കും കഴിയുകയില്ല.  "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്" എന്നു പഴയ നിയമത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ "കാരുണ്യം കാണിക്കുന്നവന്‍ കരുണ കണ്ടെത്തും" എന്ന് എന്തുകൊണ്ട് നമുക്ക് പറഞ്ഞുകൂടാ? എല്ലാ മനുഷ്യര്‍ക്കും കാരുണ്യം ആവശ്യമുണ്ട്.
കാരുണ്യം നേടുന്നതിന് എന്തെങ്കിലും സൂത്ര വാക്യങ്ങളോ അനുഷ്ഠാനങ്ങളോ മതിയാകയില്ല. അതൊക്കെ മനുഷ്യന്റെ വിരസമായ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വെച്ചിട്ടുള്ള ബാഹ്യമായ അടയാളങ്ങള്‍ മാത്രമാണ്. കാരുണ്യം വരുന്നത്, ആന്തരികമായ സ്നേഹാനുഷ്ഠാനത്തിലൂടെയാണ്. സ്നേഹം തന്നെ കാരുണ്യമാണ്. ഒരു ആടിനെ ബലിയര്‍പ്പിക്കാനോ ഏതാനും നാണയങ്ങള്‍ കാഴ്ചയര്‍പ്പിക്കാനോ പറഞ്ഞിട്ടുള്ളത്, എല്ലാ തിന്മകളുടെയും അടിസ്ഥാനം അത്യാഗ്രഹവും അഹങ്കാരവും ആയതുകൊണ്ടാണ്. കാഴ്ചവസ്തുവിനെ വില കൊടുത്ത് വാങ്ങുന്നതിലൂടെ അത്യാഗ്രഹം ശിക്ഷിക്കപ്പെടുന്നു.  പരസ്യമായി അനുഷ്ഠാന കര്‍മം നടത്തുന്നതിലൂടെ അഹങ്കാരത്തിനും ശിക്ഷ കിട്ടുന്നു. എങ്ങനെയെന്നാല്‍, 'ഈ ബലി ഞാനര്‍പ്പിക്കുന്നത് ഞാന്‍ പാപിയായതുകൊണ്ടാണ്' എന്നയാള്‍ പരോക്ഷമായി പറയുകയാണല്ലോ. ഇതിനു പുറമേ ഈ ബലി, വരാനിരിക്കുന്ന മറ്റൊരു ബലിയുടെ പ്രതീകം കൂടിയാണ്. മനുഷ്യന്റെ പാപങ്ങള്‍ക്ക്‌ മോചനം നല്‍കുന്ന ദൈവ കുഞ്ഞാടിന്റെ രക്തത്തെയാണ് ആ രക്തത്തിലൂടെ പ്രതീകമാക്കുന്നത്.

വിശന്നിരിക്കുന്നവരോടും നഗ്നരോടും ഭവനരഹിതരോടും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവരോടും കരുണ കാണിക്കുന്നവര്‍ അനുഗ്രഹീതരായിരിക്കും.  കഷ്ടത അനുഭവിക്കുന്നവരോട് കാരുണ്യം കാണിക്കുകയും അവര്‍ക്ക് സഹായം നല്‍കുകയും അവരെ പഠിപ്പിക്കുകയും അവര്‍ക്ക് പിന്തുണ നകുകയും വേണം. "ഞാന്‍ 
പരിശുദ്ധനാണ്;  പാപികളുടെ ഇടയിലേക്ക് ഇറങ്ങുകയില്ല" എന്നോ "ഞാന്‍ ധനികനും സന്തുഷ്ടനുമാണ്; മറ്റുള്ളവരുടെ കഷ്ടതകള്‍ എനിക്ക് കേള്‍ക്കേണ്ടാ" എന്നോ നിങ്ങള്‍ സ്വയം പറയരുത്. നിങ്ങളുടെ സമ്പത്തും ആരോഗ്യവും കുടുംബ ബലവും ഒക്കെ കാറ്റത്ത്‌ പുക എന്നതിനെക്കാളധികം വേഗത്തില്‍ മാഞ്ഞു പോയേക്കാം എന്ന് നിങ്ങള്‍ മറക്കരുത്. 

നിരന്തരവും രഹസ്യവും പരിശുദ്ധവുമായ പരിഹാരബലി അര്‍പ്പിക്കുന്നതിന് കാരുണ്യം ആവശ്യമാണ്‌. കാരുണ്യം നേടുന്നതിനും കരുണ കാണിക്കേണ്ടത് ആവശ്യമാണ്‌.

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും."

Monday, August 15, 2011

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞി

ഇന്ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാൾ


 (1997 August 15 ന്  ഫാദർ സ്റ്റെഫാനോ ഗോബി വഴി അമ്മ നൽകിയ സന്ദേശം)

"ആത്മശരീരങ്ങളോടെ പറുദീസയുടെ മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ട നിങ്ങളുടെ സ്വർഗ്ഗീയമാതാവിൻ്റെ നേർക്കു് പ്രത്യാശാപൂർവ്വം നിങ്ങൾ നോക്കുക. സ്വർഗ്ഗത്തിൻ്റെ ഏറ്റം ഉന്നതതലങ്ങളിലേക്ക് ഉയർത്തപ്പെട്ട് എൻ്റെ പുത്രനായ യേശുവിൻ്റെ വലതുഭാഗത്ത് ഉപവിഷ്ടയായിരിക്കുന്ന രാജ്ഞിയായ എൻ്റെ മുമ്പിൽ വാനവദൂതർ താണുവണങ്ങി നമസ്കരിക്കുന്നു. പറുദീസാനിവാസികൾ ഏവരും എന്നെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിക്കുന്നു: 'അങ്ങയുടെ വലതുഭാഗത്ത് ഉജ്ജ്വല പ്രഭയാർന്ന രാജ്ഞി ഉപവിഷ്ടയായിരിക്കുന്നു.'

 പ്രത്യേക ആദരവിനു പാത്രീഭൂതനാകുന്ന ഒരു വ്യക്തിക്ക് തൊട്ടു വലതുഭാഗത്താണ് സ്ഥാനം നൽകുക. എന്റെ പുത്രനായ യേശു മഹത്വത്തിൻ്റെ പ്രഭയോടെ ഉയിർത്ത് സ്വർഗ്ഗത്തിലേക്ക് എഴുന്നെള്ളിയപ്പോൾ പിതാവ് തൻ്റെ വലതുഭാഗത്താണ്  യേശുവിനെ ഉപവിഷ്ടനാക്കിയത്.
ൻ്റെ ഏകജാതനെന്ന നിലയിൽ യേശുവിനു മാത്രം അവകാശമായ വലതുഭാഗത്ത് പിതാവ് അവിടുത്തെ ഉപവിഷ്ടനാക്കി. ഇതുവഴി, മാംസമായ വചനവും രക്ഷകനും നാഥനും വിശ്വൈക രാജാവുമായ തൻ്റെ ഏകജാതന് ഏറ്റം ഉന്നതമായ ആദരവാണ് പിതാവു നൽകിയത്.

പറുദീസയുടെ  മഹത്വത്തിലേക്ക് ഞാൻ ആരോപണം ചെയ്തപ്പോൾ എൻ്റെ പുത്രൻ്റെ വലതുഭാഗത്താണ്  എന്നെ ഉപവിഷ്ടയാക്കിയത്. നിർമ്മലയായ അമ്മയോടു് ഉചിതമായ ആദരവ് പുത്രൻ അങ്ങനെ പ്രകടമാക്കി. രക്ഷാകർമ്മത്തിൽ അവിടുത്തോടൊപ്പം ഗാഢമാംവിധം ചേർന്നു നിൽക്കുകയും അവിടുത്തെ വ്യാകുലങ്ങളിൽ പങ്കാളിയാവുകയും ചെയ്ത എന്നെ, ഇപ്പോൾ അവിടുത്തെ  മഹത്വത്തിൽ ഭാഗഭാക്കാക്കിക്കൊണ്ട് പുത്രൻ്റെ ആദരവ് അവിടുന്ന് പ്രദർശിപ്പിച്ചു. 

അവിടുത്തെ വലതുഭാഗത്ത് ഉപവിഷ്ടയായി, തിരുസഭയുടേയും മാനവവംശത്തിന്റെയും അമ്മയെന്ന നിലയിലുള്ള എൻ്റെ ആത്മീയ ചുമതലകൾ വിശ്വസ്തതയോടെ ഞാൻ നിറവേറ്റും.    

മരണം ഇനിയും നിങ്ങളുടെ മേൽ ചെലുത്തുന്ന ആധിപത്യം ഇല്ലാതാക്കി ഒരുനാൾ ക്രിസ്തു നിങ്ങളിൽ വിജയം വരിക്കുന്നതിനു വേണ്ടി ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കയും മാദ്ധ്യസ്ഥം അപേക്ഷിക്കയും സാത്താനും അവൻ്റെ ദുഷ്ടാരൂപികൾക്കുമെതിരേയുള്ള നിങ്ങളുടെ പോരാട്ടത്തിൽ നിങ്ങളെ സഹായിക്കയും ചെയ്യുന്നതിനായി അവിടുത്തെ വലതുഭാഗത്ത് ഞാൻ ഉപവിഷ്ടയായിരിക്കുന്നു."

Sunday, August 14, 2011

ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്

ഈശോയുടെ പ്രസംഗം കേൾക്കാനായി ധാരാളമാളുകൾ കൂടിയിട്ടുണ്ട്. ഈശോ പ്രസംഗം ആരംഭിച്ചു: "നിങ്ങൾക്കെല്ലാവർക്കും സമാധാനമുണ്ടാകട്ടെ! സമാധാനത്തോടുകൂടെ പ്രകാശവും പരിശുദ്ധിയും നിങ്ങളിലേക്കു പ്രവഹിക്കട്ടെ!
"ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്" എന്നു പറയപ്പെട്ടിരിക്കുന്നു.
എപ്പോഴാണ് ആ നാമം വൃഥാ പ്രയോഗിക്കുന്നത്? ആ നാമത്തെ ശപിക്കുമ്പോൾ മാത്രമാണോ? തന്നെത്തന്നെ ആ നാമം ഉച്ചരിക്കുന്നതിന് അർഹനാക്കാതെ അതു പറയുമ്പോഴാണോ? ഒരു പിതാവ് മകനോടാവശ്യപ്പെടുന്ന കാര്യങ്ങൾക്കു നേരെ വിപരീതം ചെയ്യുന്ന മകന്, 'ഞാൻ എന്റെ പിതാവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു' എന്നു പറയാൻ സാധിക്കുമോ? 'അപ്പാ' എന്നു പറയുന്നതുകൊണ്ട് ഒരുവൻ തന്റെ പിതാവിനെ  സ്നേഹിക്കുന്നില്ല. ദൈവമേ, ദൈവമേ എന്നു പറയുന്നതുകൊണ്ട് ഒരുവൻ ദൈവത്തെ  സ്നേഹിക്കുന്നില്ല. 
 ഇസ്രായേൽ മക്കളുടെ ഹൃദയങ്ങളിൽ  ധാരാളം രഹസ്യ വിഗ്രഹങ്ങളുണ്ട്. അതുപോലെ കപടമായ ദൈവസ്തുതികളുമുണ്ട്. സ്തുതിക്കുന്നവരുടെ പ്രവൃത്തികൾ സ്തുതികൾക്കു ചേരുന്നില്ല. മറ്റൊരു പ്രവണതയും ഇസ്രായേലിലുണ്ട്. ബാഹ്യമായ കാര്യങ്ങളിൽ അവർ ധാരാളം പാപങ്ങൾ കാണുന്നു. എന്നാൽ അവ യഥാർത്ഥത്തിൽ എവിടെയാണോ അവിടെ, അതായത് ആന്തരിക കാര്യങ്ങളിൽ കണ്ടുപിടിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. വളരെ ബാലിശമായ ഒരഹങ്കാരവും ഇസ്രായേലിലുണ്ട്. മനുഷ്യത്വത്തിനും ആദ്ധ്യാത്മികതയ്ക്കും എതിരായ ഒരു പ്രവണത; നമ്മുടെ ദൈവത്തിന്റെ നാമം അജ്ഞാനികൾ ഉച്ചരിച്ചാൽ അത് ആണയിടീലായി പരിഗണിക്കുന്നു. പുറജാതിക്കാർ ദൈവത്തെ സമീപിക്കുന്നത് ദൈവനിന്ദയായിക്കരുതി അവരെ അതിൽനിന്നു തടയുകയും ചെയ്യുന്നു.

ഇതുവരെയും സ്ഥിതിഗതികൾ അങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾത്തുടങ്ങി അങ്ങനെയല്ല.

എല്ലാ മനുഷ്യരേയും സൃഷ്ടിച്ച ദൈവം തന്നെയാണ് ഇസ്രായേലിന്റെ ദൈവം. തങ്ങളുടെ സ്രഷ്ടാവിന്റെ ആകർഷണം അനുഭവിക്കുന്നതിൽ നിന്ന് സൃഷ്ടികളെ എന്തിനു തടയുന്നു? അജ്ഞാനികൾക്കും അവരുടെ ഹൃദയത്തിന്റെ അടിയിൽ തൃപ്തമല്ലാത്ത എന്തോ ഒന്ന് അനങ്ങുന്നതായും അന്വേഷിക്കുന്നതായും ഉച്ചത്തിൽ ശബ്ദിക്കുന്നതായും അനുഭവപ്പെടുന്നില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?  അറിയപ്പെടാത്ത  ദൈവത്തിന്റെ അൾത്താരയിലേക്ക് അവർ നീങ്ങുന്നെങ്കിൽ ദൈവം അതു നിരസിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നോ? ആത്മാവാകുന്ന അൾത്താരയിൽ എപ്പോഴും സ്രഷ്ടാവിനെക്കുറിച്ചുള്ള
ഓർമ്മയുണ്ട്. ദൈവമഹത്വത്താൽ ഗ്രസിക്കപ്പെടുന്നതിന് ആത്മാവ് ആജ്ഞാപിച്ചതനുസരിച്ച് മോശ നിർമ്മിച്ച കൂടാരത്തിൽ ദൈവത്തിന്റെ  മഹത്വം ഇറങ്ങി വസിച്ചല്ലോ? അതുപോലെ തന്നിലും വസിക്കണമെന്നാഗ്രഹിച്ച് അതിനായി കേഴുന്ന ആത്മാവിനെ, അത് അജ്ഞാനിയുടെ ആത്മാവായതു കൊണ്ട് ദൈവാലയത്തെ അശുദ്ധമാക്കി എന്നു പറഞ്ഞ് ദൈവം  തള്ളിക്കളയുമോ? "വരൂ" എന്നു പറയുന്ന ദൈവസ്വരത്തിന് "ഞാൻ വരുന്നു" എന്ന് സ്വർഗ്ഗീയ പ്രചോദനത്താൽ പ്രത്യുത്തരം നൽകിക്കൊണ്ട് ആത്മാർത്ഥമായ ആഗ്രഹത്തോടെ ദൈവത്തെ സമീപിക്കാൻ ശ്രമിക്കുന്നത് ഒരു പാപമാണെന്നു നിങ്ങൾ വിചാരിക്കുന്നോ?
അതേസമയം, ഇസ്രായേൽക്കാരൻ,  ആകെ ദുഷിച്ചു വഷളായിരിക്കുന്ന മതാനുഷ്ഠാന വിധി പാലിച്ച് തന്റെ സുഖസന്തോഷങ്ങളെല്ലാം നേടിക്കഴിഞ്ഞ് മിച്ചമുള്ളതു ദൈവത്തിനു സമർപ്പിച്ച് ദൈവസന്നിധിയിലേക്കു പ്രവേശിച്ച് അതിവിശുദ്ധമായ അവിടുത്തെ നാമം ഉച്ചരിക്കുന്നത് വിശുദ്ധിയായി നിങ്ങൾ കരുതുന്നില്ലേ? അയാളുടെ ആത്മാവും ശരീരവും എണ്ണമില്ലാത്ത പാപങ്ങളാൽ മലിനമാക്കപ്പെട്ടിരുന്നാലും അയാളുടെ പ്രവൃത്തി പുണ്യമാണെന്നല്ലേ നിങ്ങൾ വിധിക്കുന്നത്?
തെറ്റ്, ഞാൻ ഗൗരവമായി പറയുന്നു; അശുദ്ധമായ ആത്മാവോടു കൂടെ ദൈവമായ
കർത്താവിന്റെ നാമം വൃഥാ പ്രയോഗിക്കുന്ന ഇസ്രായേൽക്കാരനാണ് പൂർണ്ണമായി ദൈവാലയത്തെ അശുദ്ധമാക്കി  ദൈവത്തെ നിന്ദിക്കുന്നത്. നിങ്ങൾ  ഭോഷന്മാരൊന്നുമല്ലല്ലോ.  നിങ്ങളുടെ ആത്മാക്കളുടെ സ്ഥിതിയറിഞ്ഞുകൊണ്ട് ആ സ്ഥിതിയിൽ ദൈവനാമം ഉച്ചരിക്കുന്നത്  നിഷ്ഫലമാണെന്നറിഞ്ഞിട്ടും ആ നാമം ഉപയോഗിക്കുന്നത് വൃഥാ ആയിരിക്കും. കപടഭക്തനായ ഒരാൾ ദൈവത്തെ വിളിക്കുമ്പോഴും അനുതാപമില്ലാത്ത ഒരാൾ ദൈവനാമം  ഉച്ചരിക്കുമ്പോഴും അതൃപ്തിയിൽ ദൈവം തന്റെ മുഖം തിരിച്ചുകളയുന്നത് ഞാൻ  കാണുന്നു. കോപം നിറഞ്ഞ ആ മുഖം കാണുമ്പോൾ ദൈവകോപത്തിന്
അർഹനല്ലെങ്കിൽത്തന്നെയും ഞാൻ ഭയപ്പെട്ടു പോകുന്നു.
നിങ്ങളിൽ വളരെപ്പേരുടെ ഹൃദയത്തിൽ ഇപ്പോഴുള്ള  വിചാരം ഞാൻ വായിക്കുന്നു. കുട്ടികളൊഴികെ എല്ലാ മനുഷ്യരിലും അശുദ്ധിയും പാപവും ഉള്ളതുകൊണ്ട് ഒരുത്തർക്കും ദൈവനാമം ഉച്ചരിക്കാൻ കഴിയുകയില്ലല്ലോ. അതു  ശരിയല്ല; ദൈവനാമം വിളിക്കേണ്ടത് പാപികളാണ്. സാത്താൻ തങ്ങളെ ശ്വാസംമുട്ടിക്കുന്നു എന്നു മനസ്സിലാക്കുന്നവരും പാപത്തിൽ നിന്നു സ്വതന്ത്രരാകുവാൻ ആഗ്രഹിക്കുന്നവരും ആ നാമം  വിളിച്ചു പ്രാർത്ഥിക്കണം.
ഉൽപ്പത്തിയുടെ പുസ്തകത്തിൽ പറയുന്നത് കർത്താവ് ഏദൻതോട്ടത്തിൽ നടക്കാതിരുന്ന സമയത്താണ് സർപ്പം ഹവ്വായെ പരീക്ഷിച്ചതെന്നാണ്. ദൈവം  ഏദൻതോട്ടത്തിലുണ്ടായിരുന്നെങ്കിൽ സാത്താൻ അവിടെയെത്തുമായിരുന്നില്ല. ഹവ്വാ ദൈവത്തെ  വിളിച്ചപേക്ഷിച്ചിരുന്നെങ്കിൽ സാത്താൻ ഓടിപ്പോകുമായിരുന്നു. എപ്പോഴും ഇക്കാര്യം
ഓർത്തുകൊള്ളണം. കർത്താവിനെ ആത്മാർത്ഥതയോടെ വിളിക്കണം. ആ നാമം രക്ഷയാണ്. നിങ്ങളിൽ അനേകർ ശുദ്ധീകരിക്കപ്പെടുന്നതിന് നദിയിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുക. അതിനായി സ്നേഹത്തോടെ ദൈവം എന്ന വാക്ക് ഹൃദയത്തിൽ നിരന്തരം എഴുതൂ. തെറ്റായ പ്രാർത്ഥനകൾ ഉപേക്ഷിക്കൂ. പതിവു മാത്രമായ അഭ്യാസങ്ങൾ നിർത്തൂ. ദൈവം എന്ന നാമം നിങ്ങളുടെ  ഹൃദയം കൊണ്ടും നിങ്ങളുടെ മുഴുവൻ വ്യക്തിത്വം കൊണ്ടും ആവർത്തിച്ചു പറയുക. പാപപ്പപ്പൊറുതി ലഭിക്കുന്നതിനായി ആ നാമം ആവർത്തിച്ചുരുവിടുക.
"സീനായിലെ ദൈവം" എന്നതിന്റെ അർത്ഥം മനസ്സിലാക്കൂ. "ദൈവം" എന്ന വാക്കുച്ചരിക്കുമ്പോൾ നന്മയിലേക്കു വരുന്ന ഒരു  മാറ്റം സംഭവിക്കുന്നില്ലെങ്കിൽ ദൈവനാമം വൃഥാ പ്രയോഗിക്കലാണ്. അപ്പോൾ അതു പാപമാണ്. നിങ്ങളുടെ ഹൃദയമിടിപ്പു പോലെ ദിവസത്തിലെ എല്ലാ സമയത്തും എല്ലാ പ്രവൃത്തികളിലും എല്ലാ  ആവശ്യങ്ങളിലും പ്രലോഭനങ്ങളിലും ദുഃഖങ്ങളിലും പുത്രനിർവ്വിശേഷമായ സ്നേഹത്തോടെ "എന്റെ ദൈവമേ, വരൂ" എന്ന് നിങ്ങളുടെ അധരങ്ങൾ ഉരുവിടുന്നെങ്കിൽ അത് ദൈവനാമം വൃഥാ പ്രയോഗിക്കലല്ല. അപ്പോൾ ദൈവത്തിന്റെ പരിശുദ്ധനാമം ഉച്ചരിക്കുന്നത്  പാപമല്ല.

പൊയ്ക്കൊള്‍ക. സമാധാനം നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ!"

Saturday, August 13, 2011

You shall not covet your neighbour’s wife

ഈശോ തെളിവെള്ളം (Clear Water) എന്ന സ്ഥലത്താണ്. ഒരു വലിയ ജനക്കൂട്ടത്തിന്റെ നടുവിലൂടെ ഈശോ  കടന്നു പോകുന്നു.  എല്ലാ വശത്തു നിന്നും ആളുകള്‍ ഈശോയെ വിളിക്കുന്നു.   ചിലര്‍ അവരുടെ മുറിവുകള്‍ കാണിക്കുന്നു. ചിലര്‍  എന്റെ മേല്‍ കരുണയായിരിക്കണമേ എന്നു  മാത്രം പറയുന്നു. 
             ഈശോ തന്റെ സ്ഥാനത്ത് കഷ്ടിച്ച് എത്തിയതേയുള്ളൂ. നദിയിലേക്ക് ഇറങ്ങുന്ന വഴിയില്‍ നിന്ന് സങ്കടകരമായ ഒരു വിളി  കേള്‍ക്കുന്നു. "ദാവീദിന്റെ പുത്രാ, നിര്‍ഭാഗ്യനായ ഒരു മനുഷ്യന്റെ   മേല്‍  കരുണയായിരിക്കണമേ". ആ ഭാഗത്തേക്ക് ഈശോയും ജനക്കൂട്ടവും ശിഷ്യരും നോക്കുന്നു. എന്നാല്‍ തിങ്ങി നില്‍ക്കുന്ന കുറ്റിക്കാടുകള്‍ കരയുന്ന മനുഷ്യനെ മറച്ചിരിക്കയാണ്.
"നീയാരാണ്‌? ഇറങ്ങി വരൂ."
   "എനിക്ക് വരാന്‍ കഴിയുകയില്ല. ഞാന്‍ അശുദ്ധനാണ്. ലോകത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെടാന്‍ ഞാന്‍ പുരോഹിതന്റെ
 പക്കലേക്കു പോകണം. ഞാന്‍ പാപം ചെയ്തു. കുഷ്ഠരോഗം എന്നെ പിടികൂടിയിരിക്കുന്നു. നിന്നിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു."


"കുഷ്ഠരോഗി,  ഒരു കുഷ്ഠരോഗി, ഭ്രഷ്ട്, നമുക്കയാളെ കല്ലെറിയാം..." ജനക്കൂട്ടം ബഹളം വച്ചു പറയുന്നു.

ഈശോ ആംഗ്യം കാണിച്ചുകൊണ്ട് ശാന്തമായി, നിശ്ശബ്ദരായിരിക്കാൻ ആജ്ഞാപിക്കുന്നു. "പാപത്തിലായിരിക്കുന്ന ഒരുവനേക്കാൾ കൂടുതൽ അവൻ അശുദ്ധനല്ല. ദൈവസന്നിധിയിൽ അനുതപിക്കുന്ന ഒരു കുഷ്ഠരോഗിയേക്കാൾ അശുദ്ധൻ, അനുതപിക്കാത്ത ഒരു പാപിയാണ്. വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ എന്റെ കൂടെ വരൂ."

                     ശിഷ്യന്മാരും ജിജ്ഞാസുക്കളായ കുറെയാളുകളും ഈശോയെ അനുഗമിക്കുന്നു. ഈശോ നടന്നു കുറ്റിക്കാടിനടുത്തെത്തി. അവിടെ നിന്നുകൊണ്ട് ആജ്ഞാപിക്കുന്നു:

"നിന്നെത്തന്നെ കാണിക്കുക."
                   കഷ്ടിച്ച് ഇരുപത്  ഇരുപത്തൊന്ന്  വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പ്രത്യക്ഷപ്പെടുന്നു. മൂടുപടം ധരിച്ച ഒരു ഗണം സ്ത്രീകൾ സ്നേഹത്തോടെ അവനെ വിളിക്കുകയും കരയുകയും ചെയ്യുന്നു. "ഓ, മകനേ.." എന്നു വിളിച്ചു കരഞ്ഞുകൊണ്ട് ഒരു  സ്ത്രീ അടുത്തു നിൽക്കുന്ന മറ്റൊരു സ്ത്രീയുടെ കരങ്ങളിലേക്കു വീഴുന്നു. 
                           ഈശോ തനിയെ നിർഭാഗ്യവാനായ ആ മനുഷ്യന്റെ അടുത്തേക്കു പോകുന്നു. "നിനക്കു നന്നേ ചെറുപ്പമാണല്ലോ. എങ്ങനെയാണ് നീ കുഷ്ഠരോഗിയായിത്തീർന്നത്?"

             യുവാവ് കണ്ണുകൾ താഴ്ത്തി, എന്തോ പിറുപിറുക്കുന്നു. ഈശോ ചോദ്യം ആവർത്തിക്കുന്നു. അയാൾ അൽപ്പം കൂടി തെളിവായി സംസാരിക്കുന്നുണ്ട്; എന്നാലും ഏതാനും വാക്കുകൾ മാത്രമേയുള്ളൂ. "എന്റെ അപ്പൻ..... ഞാൻ പോയി.... ഞങ്ങൾ പാപം ചെയ്തു.... ഞാൻ  മാത്രമല്ല.."

"നിന്റെ അമ്മ അവിടെയുണ്ട്.... പ്രതീക്ഷയോടു കൂടെയും കരഞ്ഞുകൊണ്ടും.... സ്വർഗ്ഗത്തിലുള്ള ദൈവം അറിയുന്നു. ഞാനും അറിയുന്നു. എന്നാൽ നിന്നോടു കരുണ കാണിക്കേണ്ടതിന് നിന്റെ സ്വയം എളിമപ്പെടുത്തൽ ഞാനാവശ്യപ്പെടുന്നു. തുറന്നു പറയൂ."

"പറയൂ മകനേ, നിന്നെ വഹിച്ച ഉദരത്തിന്മേൽ കരുണ കാണിക്കൂ." ആ സ്ത്രീ  ഒരുവിധത്തിൽ വലിഞ്ഞ് കഷ്ടപ്പെട്ട് ഈശോ നിൽക്കുന്നിടത്ത് എത്തി. അവൾ മുട്ടിന്മേൽ നിന്നുകൊണ്ട് ഒരു കൈയിൽ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പ് പിടിച്ചിരിക്കുന്നു. മറ്റേക്കൈ മകനു നേരെ നീട്ടിക്കൊണ്ട് കണ്ണീർ പൊഴിക്കുന്നു. 
ഈശോ തന്റെ കരം അവളുടെ ശിരസ്സിൽ വയ്ക്കുകയാണ്. 
"തുറന്നു പറയൂ." ഈശോ വീണ്ടും ആവശ്യപ്പെടുന്നു.
"ഞാൻ  അമ്മയുടെ മൂത്ത മകനാണ്. ഞാൻ അപ്പനെ കച്ചവടത്തിൽ സഹായിക്കുന്നുണ്ട്.  അപ്പൻ പലപ്പോഴും എന്നെ ജറീക്കോയിലേക്കു വിട്ടിട്ടുണ്ട്; അപ്പനോടു കച്ചവടം ചെയ്യുന്ന പലരേയും കാണാൻ. അവരിൽ ഒരാൾക്ക് സുന്ദരിയായ ഒരു യുവഭാര്യയുണ്ടായിരുന്നു. എനിക്കവളെ ഇഷ്ടമായി. ഞാൻ ചെയ്യാൻ പാടില്ലാത്തതു ചെയ്തു. അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു. ഞങ്ങൾ  പരസ്പരം ആഗ്രഹിച്ചു; അവളുടെ ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ ഞങ്ങൾ  പാപം ചെയ്തു. എന്താണു് സംഭവിച്ചതെന്ന് എനിക്കറിഞ്ഞു കൂടാ. എന്നെക്കൂടാതെ വേറെ പുരുഷന്മാരെ അവൾ  ആഗ്രഹിച്ചിട്ടുണ്ടോ എന്നും രോഗം അങ്ങനെ പിടിപെട്ടതാണോ എന്നും... താമസിയാതെ അവൾ  മുരടിച്ചുപോയി... ഇപ്പോൾ അവൾ ശവകുടീരത്തിനുള്ളിലാണ്. ജീവനോടെ അവൾ   കുഴിച്ചു മൂടപ്പെട്ടു. എന്നിട്ട്, ഞാൻ...ഞാൻ...  അമ്മേ, അമ്മ അതുകണ്ടല്ലോ... ഒരു  ചെറിയ പാണ്ട്... എന്നാൽ എല്ലാവരും പറയുന്നു അത് കുഷ്ഠമാണെന്ന്. അതിൽ ഞാൻ മരിക്കും. എപ്പോൾ? ഇനി ജീവിതമില്ല.... വീടില്ല.... അമ്മയില്ല... ഇന്ന് അവർ വരും... എന്റെ വസ്ത്രങ്ങൾ കീറി എന്നെ വീട്ടിൽ നിന്നിറക്കി വിടാൻ... ഗ്രാമത്തിൽ നിന്നു പുറത്താക്കാൻ.... മരിക്കുന്നതിനേക്കാൾ കഷ്ടമാണ് എന്റെ കാര്യം... എന്റെ മൃതദേഹത്തിന്മേൽ വിലപിക്കാൻ എന്റെ അമ്മ പോലും ഉണ്ടാകയില്ല..."

 യുവാവ്  കരയുകയാണ്. അവന്റെ അമ്മ അതിദയനീയമായി തേങ്ങിക്കരയുന്നു.
               ഈശോയ്ക്ക് വിഷാദമാണ്. ഈശോ പറയുന്നു: "നീ പാപം ചെയ്തപ്പോള്‍ അമ്മയെക്കുറിച്ച് ചിന്തിച്ചില്ലേ? ഭൂമിയില്‍ ഒരമ്മയുണ്ടെന്നും സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവമുണ്ടെന്നും ചിന്തിക്കാന്‍ കഴിയാത്ത വിധം അത്രയ്ക്ക് ഭ്രാന്തനായോ നീ? കുഷ്ഠം കാണപ്പെട്ടില്ലായിരുന്നെങ്കില്‍ ദൈവത്തെയും നിന്റെ അയല്‍ക്കാരനെയും ദ്രോഹിച്ചുവെന്ന് നീ മനസ്സിലാക്കുമായിരുന്നോ?   നിന്റെ ആത്മാവിനെ നീ എന്തുചെയ്തു? നിന്റെ യുവത്വം കൊണ്ട് നീ എന്തുചെയ്തു?"

"എനിക്കു പ്രലോഭനമുണ്ടായി"

"ആ കനി ശപിക്കപ്പെട്ടതാണെന്നറിഞ്ഞു കൂടാത്ത വിധം നീ ഒരു കൊച്ചുകുട്ടിയായിരുന്നോ? കാരുണ്യം കൂടാതെയുള്ള മരണത്തിന് നീ അർഹനാണ്."

"ഓ! കാരുണ്യമേ, നിനക്കു മാത്രമേ കഴിയൂ..."
"ഞാനല്ല, ദൈവം. അതും നീ ഇനി പാപം ചെയ്കയില്ല എന്നു  ശപഥം ചെയ്താൽ മാത്രം."
"ഞാൻ   ശപഥം ചെയ്യുന്നു കർത്താവേ... എന്നെ രക്ഷിക്കണമേ... ഏതാനും  മണിക്കൂറിനുള്ളിൽ എന്നെ ശപിച്ചു പുറന്തള്ളും... അമ്മേ, അമ്മയുടെ കണ്ണീരു കൊണ്ട് എന്നെ സഹായിക്കണമേ... ഓ! എന്റെ അമ്മേ..."

                സ്ത്രീയ്ക്ക് ശബ്ദമില്ല. അവൾ ഈശോയുടെ കാലുകളിൽ കെട്ടിപ്പിടിക്കുന്നു. വേദന നിറഞ്ഞ കണ്ണുകൾ കൊണ്ട് ഈശോയെ നോക്കുന്നു. ഈശോ അവളെ നോക്കി സഹതാപത്തോടെ പുഞ്ചിരിച്ചു കൊണ്ടു പറയുന്നു: "അമ്മേ, എഴുന്നേൽക്കൂ, മകന്റെ രോഗം മാറി. നിന്നെ 
ഓർത്തിട്ടാണ്; അവനെ ഓർത്തിട്ടല്ല."
              ആ സ്ത്രീയ്ക്ക് വിശ്വസിക്കാൻ  കഴിയുന്നില്ല. അത്രയകലെ നിൽക്കുന്നതു കൊണ്ട് അവനു സുഖം കിട്ടിക്കാണില്ല എന്നാണവളുടെ ചിന്ത. അവൾ നിർത്താതെ കരച്ചിലാണ്. ഈശോ യുവാവിനോടു പറയുന്നു: "മനുഷ്യാ, നിന്റെ മാറിൽ നിന്ന് വസ്ത്രം മാറ്റൂ. അവിടെയായിരുന്നു നിന്റെ പാണ്ട്. അമ്മയ്ക്ക് ആശ്വാസമാകട്ടെ."
              അയാൾ കുപ്പായം താഴേക്കു മാറ്റുന്നു. "അമ്മേ, നോക്കൂ" എന്നു പറഞ്ഞ് ഈശോ കുനിഞ്ഞ് ആ സ്ത്രീയെ എഴുന്നേൽപ്പിക്കുന്നു. അവൾ  ഈശോയുടെ മാറിലേക്ക് വീണ് ഈശോയെ ചുബിക്കുന്നു. അനുഗ്രഹിക്കുന്നു; ഈശോ സഹതാപത്തോടെ അവളെ തലോടുന്നു. അനന്തരം യുവാവിനോടു പറയുന്നു: "പുരോഹിതന്റെ പക്കലേക്ക് പോവുക. നിന്റെ അമ്മയെ പ്രതിയാണ് ദൈവം നിന്നെ സുഖപ്പെടുത്തിയതെന്ന് ഓർമ്മിക്കുക. ഭാവിയിൽ നീതിമാനായി ജീവിക്കാനാണ് നിനക്ക് ആരോഗ്യം നൽകിയത്. പൊയ്ക്കൊള്ളൂ."
                  യുവാവ്  രക്ഷകനെ സ്തുതിച്ചശേഷം പോകുന്നു. അവന്റെ അമ്മയും കൂടെയുള്ള സ്ത്രീകളും അകലെയായി അവനെ അനുഗമിക്കുന്നു. ജനക്കൂട്ടം ഓശാന പാടുകയാണ്.
ഈശോ തന്റെ സ്ഥാനത്തേക്കു തിരിച്ചുപോയി പ്രസംഗം ആരംഭിക്കുന്നു:
                   "നേരായിട്ടുളള ധാർമ്മിക പ്രമാണങ്ങൾ കൽപ്പിച്ചിട്ടുള്ള ദൈവമുണ്ടെന്ന് ആ യുവാവ്   മറന്നുപോയി. ദൈവമല്ലാത്ത ദൈവങ്ങളെ തനിക്കായി ഉണ്ടാക്കുന്നതും വിലക്കപ്പെട്ടതാണെന്ന് അയാൾ മറന്നു. അമ്മയോടു കാണിക്കേണ്ട സ്നേഹവും ബഹുമാനവും അവൻ മറന്നുപോയി. വ്യഭിചാരം, മോഷണം, കാപട്യം, അന്യന്റെ ഭാര്യയെ മോഹിക്കൽ, സ്വന്ത ജീവനെയും ആത്മാവിനെയും കൊല്ലുക ഇവയെല്ലാം നിഷിദ്ധങ്ങളാണെന്ന് അവൻ വിസ്മരിച്ചു. അവൻ എല്ലാംതന്നെ മറന്നു. എങ്ങനെ അവൻ ശിക്ഷിക്കപ്പെട്ടു എന്നു നിങ്ങൾ കണ്ടല്ലോ?
                   "നീ നിന്റെ അയൽക്കാരന്റെ ഭാര്യയെ  മോഹിക്കരുത്" എന്ന പ്രമാണം, "നീ വ്യഭിചാരം ചെയ്യരുത്" എന്ന പ്രമാണത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ജഡികാസക്തി എപ്പോഴും പ്രവൃത്തികൾക്കു മുമ്പേയുണ്ടായിരിക്കും.   ഒരു  കാര്യം ശക്തിയായി ആഗ്രഹിച്ചാൽ അതു സ്വയം നിരസിക്കാനുള്ള ശക്തിയില്ലാത്തവനാണ് മനുഷ്യൻ. ആഗ്രഹിച്ചതു നിറവേറ്റുന്നു. എന്നാൽ  ഏറ്റം സങ്കടകരമായത് നല്ല കാര്യങ്ങൾക്കായുള്ള ആഗ്രഹങ്ങളുടെ കാര്യത്തിൽ ഇങ്ങനെ വർത്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ്. തിന്മയായിട്ടുള്ള കാര്യങ്ങൾ മനുഷ്യൻ ആഗ്രഹിക്കുകയും അതു  നേടുകയും ചെയ്യുന്നു. നന്മ ആഗ്രഹിക്കുന്നു; എന്നാൽ അതു ചെയ്യാതെ നിർത്തിക്കളയുന്നു. പലപ്പോഴും  പിന്നിലേക്കു പോവുകയും ചെയ്യുന്നു.

             എല്ലായിടത്തും തനിയെ കിളിർത്തു വരുന്ന പുല്ലുപോലെ പാപകരമായ ആഗ്രഹങ്ങൾ എല്ലായിടത്തുമുണ്ട്. അതിനാൽ ആ യുവാവിനോടു  പറഞ്ഞ വാക്കുകൾ തന്നെ നിങ്ങളോടും  ഞാൻ  പറയുന്നു; ആ പ്രലോഭനം വിഷമുള്ളതാണെന്നും അതു  വർജ്ജിക്കേണ്ടതാണെന്നും അറിഞ്ഞു കൂടാത്ത ചെറിയ കുട്ടികളാണോ നിങ്ങൾ? 'എനിക്കു പ്രലോഭനമുണ്ടായി....' ആ പഴയ ന്യായം. അത് പഴയ അനുഭവമായതിനാൽ അതിന്റെ അനന്തരഫലങ്ങൾ  ഓർത്തുകൊണ്ട്  മനുഷ്യൻ "ഇല്ല" എന്നു പറയേണ്ടതാണ്. ചാരിത്ര്യശുദ്ധി പാലിച്ച ആളുകളുടെ ഉദാഹരണങ്ങൾ നമ്മുടെ ചരിത്രത്തിൽ കുറവല്ല. ലൈംഗികാകർഷണങ്ങളുണ്ടായിരുന്നിട്ടും ക്രൂരന്മാരുടെ ഭീഷണികളുണ്ടായിരുന്നിട്ടും തങ്ങളുടെ ചാരിത്ര്യശുദ്ധി അവർ പാലിച്ചു.
  പ്രലോഭനം തിന്മയാണോ? അല്ല; ദുഷ്ടന്റെ ജോലിയാണത്. എന്നാൽ അതിനെ ജയിക്കുന്നയാൾ അതിനെ മഹത്വമായി രൂപാന്തരപ്പെടുത്തുന്നു.

             മറ്റു സ്ത്രീകളെ പ്രണയിക്കുന്ന ഒരു ഭർത്താവ് സ്വന്തം ഭാര്യയുടേയും കുട്ടികളുടെയും തന്റെ തന്നെയും ഘാതകനാണ്. വ്യഭിചാരത്തിനായി  അയൽക്കാരന്റെ ഭവനത്തിൽ പ്രവേശിക്കുന്നവൻ കള്ളനാണ്; ഏറ്റം ഹീനനായ ഒരു മോഷ്ടാവാണ്. കുക്കുപ്പക്ഷിയെപ്പോലെ ചെലവൊന്നും കൂടാതെ വേറൊരു കൂട്ടിൽക്കയറി സുഖിക്കുന്നു. ഒരു സ്നേഹിതന്റെ ശുദ്ധമായ വിശ്വാസത്തെ  അവൻ വഞ്ചിക്കുന്നു.

             ഞാൻ അത്ഭുതം ചെയ്തത് ആ സാധുവായ അമ്മയെ പ്രതിയാണ്. എന്നാൽ കാമാസക്തിയോടുള്ള അറപ്പു നിമിത്തം എനിക്കസ്വസ്ഥതയുണ്ടാകുന്നു. നിങ്ങൾ ബഹളം വച്ചത് കുഷ്ഠരോഗത്തോടുള്ള ഭയം നിമിത്തമാണ്; ഞാൻ ഉച്ചത്തിൽ സംസാരിച്ചത് കാമാസക്തിയോടുള്ള അറപ്പു നിമിത്തവും... എല്ലാത്തരത്തിലുമുള്ള ദൗർഭാഗ്യങ്ങളാൽ ഞാൻ  ചുറ്റപ്പെട്ടിരിക്കുന്നു. ഞാൻ   അവരുടെയെല്ലാം രക്ഷകനാണ്. എന്നാൽ കാമാസക്തിയുടെ 
ദുർഗ്ഗന്ധം വമിക്കുന്ന ഒരു മനുഷ്യന്റെ സമീപത്തു പോകുന്നതിനേക്കാൾ എനിക്കിഷ്ടം നീതിമാനായ ഒരു മനുഷ്യന്റെ മൃതദേഹത്തിന്മേൽ തൊടുന്നതാണ്. ചീഞ്ഞഴുകുന്ന അവന്റെ മാംസം സത്യസന്ധതയുള്ളതായിരിക്കും. 
                കാമാസക്തി കൊണ്ടു നശിപ്പിക്കപ്പെട്ട ഒരുവന്റെ യുവത്വം എന്നെ വളരെ അസ്വസ്ഥനാക്കി. മരണത്തെ ഞാൻ തൊട്ടിരുന്നുവെങ്കിൽ ഇത്രയും പ്രയാസം എനിക്കുണ്ടാകുമായിരുന്നില്ല. നമുക്കു രോഗികളുടെ അടുത്തേക്കു പോകാം. ഓക്കാനം വന്നു ശ്വാസം മുട്ടിയിരിക്കുന്നതിനാൽ വചനമാകാൻ എനിക്കു കഴിയുന്നില്ല. എന്നാൽ എന്നിൽ പ്രത്യാശ വയ്ക്കുന്നവരുടെ ആരോഗ്യമാകുവാൻ കഴിയും."

സൗഖ്യത്തിനായി കാത്തിരിക്കുന്ന രോഗികളുടെ  അടുത്തേക്ക് ഈശോ പോകുന്നു.

കളകളുടെ ഉപമ

 ഈശോ ജനക്കൂട്ടത്തോട്‌ സംസാരിക്കുകയാണ്.  "ഗോതമ്പിനു കതിര്‍ വിരിയുന്ന മനോഹരമായ     കാലമായതിനാല്‍ ഗോതമ്പുമായി ബന്ധപ്പെട്ട ഒരുപമ പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. കേട്ടാലും.

ഒരു മനുഷ്യന്‍ തൻ്റെ നിലത്ത് നല്ല വിത്തു വിതച്ചതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. അയാളും അയാളുടെ വേലക്കാരും ഉറങ്ങിക്കിടന്നപ്പോള്‍ ശത്രു വന്ന് കളപ്പുല്ലിൻ്റെ  വിത്തുകള്‍ ഗോതമ്പിനിടയില്‍ വിതച്ചിട്ട് കടന്നു കളഞ്ഞു. ആദ്യം ആരും ഇതു ശ്രദ്ധിച്ചില്ല. എന്നാല്‍ മഴക്കാലം വന്നപ്പോള്‍  ഗോതമ്പിനൊപ്പം കളകളും വളര്‍ന്നു വന്നു. ആദ്യദിവസങ്ങളില്‍ രണ്ടും ഒരേപോലെയായിരുന്നു. കുരുന്നിലകള്‍ നോക്കി അവയെ വേര്‍തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയ്ക്ക് കതിര്‍  വന്നു. അപ്പോഴാണ്‌ അവയെല്ലാം ഗോതമ്പല്ലെന്നും അതിനിടയില്‍ കള കൂടി വളര്‍ന്നു നില്‍പ്പുന്ടെന്നും മനസ്സിലായത്‌.
യജമാനൻ്റെ വേലക്കാര്‍ അദ്ദേഹത്തിൻ്റെ  വീട്ടില്‍ ചെന്ന് ഇപ്രകാരം പറഞ്ഞു; "പ്രഭോ, അങ്ങ് എന്തു വിത്താണ് വിതച്ചത്? കള  പാറ്റി മാറ്റിയ നല്ല വിത്തായിരുന്നില്ലേ അത്?"
"തീച്ചയായും നല്ല വിത്തായിരുന്നു. ഞാന്‍ നല്ലതുപോലെ പരിശോധിച്ചിരുന്നു."
"എങ്കില്‍, അങ്ങയുടെ ധാന്യങ്ങള്‍ക്കിടയില്‍ ഇത്രയധികം  കളപ്പുല്ലുകള്‍ എങ്ങനെ വന്നു?"
ആ ഭൂവുടമ ആലോചനയില്‍ മുഴുകിയിട്ടു പറഞ്ഞു; "വല്ല ശത്രുക്കളും എന്നെ ഉപദ്രവിക്കാന്‍ വേണ്ടി ചെയ്തതായിരിക്കും."
അപ്പോള്‍ വേലക്കാര്‍ ചോദിച്ചു; "എങ്കില്‍ ഞങ്ങള്‍ പോയി ആ കളകളെല്ലാം പിഴുതു കളയട്ടെ?"
യജമാനന്‍ ഇപ്രകാരം മറുപടി നല്‍കി: "വേണ്ടാ; ചിലപ്പോള്‍ നിങ്ങള്‍ ഗോതമ്പു ചെടികളും പിഴുതു കളയും. ഇളം കതിരുകള്‍ക്കും കേടു വന്നേക്കാം. കൊയ്തു വരെ രണ്ടും കൂടി ഒരുമിച്ചു വളരട്ടെ. അപ്പോള്‍ ഞാന്‍ കൊയ്ത്തുകാരോട്  പറയും; എല്ലാം ഒന്നിച്ചു മുറിച്ചെടുക്കുക. എന്നിട്ട്, കളകള്‍ അവയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് പ്രത്യേകം കെട്ടി വെയ്ക്കുക. അതിനുശേഷം ആ കെട്ടുകള്‍ കത്തിച്ചു കളയണം. അതിൻ്റെ ചാരം മണ്ണിനു വളമായിത്തീരുമല്ലോ. നല്ല ഗോതമ്പ് ശേഖരിച്ച് പത്തായപ്പുരയില്‍ സൂക്ഷിക്കുക. ഒന്നാംതരം അപ്പമുണ്ടാക്കുവാന്‍ അതുപയോഗിക്കാം. അസൂയാകലുഷിതമായ  ദുഷ്ടതയാല്‍ ദൈവത്തോട് മറുതലിച്ച എൻ്റെ  ശത്രുവിന് അപ്പോള്‍ അങ്ങേയറ്റം ലജ്ജയുണ്ടാവും."

"ശത്രു നിങ്ങളുടെ ഹൃദയങ്ങളില്‍ കൂടെക്കൂടെ എത്രയധികമായി കളപ്പുല്ലിൻ്റെ വിത്ത്‌ വിതച്ചിട്ടുന്ടെന്നു നിങ്ങള്‍ ആലോചിച്ചു നോക്കുക. തിരഞ്ഞെടുക്കപ്പെട്ട ഗോതമ്പുമായി കളകള്‍ കലരാതിരിക്കുന്നതിന് നിങ്ങള്‍ സദാ ജാഗ്രത പുലര്‍ത്തണം. കളയുടെ വിധി അഗ്നിയില്‍ എരിയുക  എന്നുള്ളതാണ്. നിങ്ങള്‍ തീയില്‍ എരിയാനാണോ ദൈവരാജ്യത്തിലെ പൗരന്‍മാരാകാനാണോ   ആഗ്രഹിക്കുന്നത്? ദൈവരാജ്യത്തിലെ പൗരന്‍മാരാകാനെന്നു നിങ്ങള്‍ പറഞ്ഞേക്കും. കൊള്ളാം; അതിനായി പരിശ്രമിക്കുവിന്‍. നല്ലവനായ ദൈവം തൻ്റെ വചനത്തെ നിങ്ങള്‍ക്കായി തന്നിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ ശത്രു സദാ അവസരം പാര്‍ക്കുകയാണ്. എന്തെന്നാല്‍ ഗോതമ്പു മാവിന്റെ കൂടെ  കളപ്പുല്ലിൻ്റെ മാവ് കൂടി ചേര്‍ത്താല്‍ അപ്പം കൈപ്പുള്ളതായിത്തീരും. അത് ഉദരത്തിനു ഹാനികരവുമാണ്. നിങ്ങളുടെ ഹൃദയത്തില്‍ കളപ്പുല്ലുകള്‍ ഉണ്ടെങ്കില്‍ സദുദ്ദേശത്തോടെ അവയെ പിഴുതു മാറ്റുക. അങ്ങനെ നിങ്ങള്‍ ദൈവമുന്‍പാകെ കുറ്റമറ്റവരായിത്തീരുക. എൻ്റെ മക്കളെ നിങ്ങള്‍ പോവുക. സമാധാനം നിങ്ങളോടു കൂടി ഉണ്ടായിരിക്കട്ടെ!"

ജനക്കൂട്ടം സാവധാനം പിരിഞ്ഞുപോകുന്നു.