ജാലകം നിത്യജീവൻ: ഫാത്തിമ - അവസാന ദർശനം

nithyajeevan

nithyajeevan

Thursday, August 6, 2015

ഫാത്തിമ - അവസാന ദർശനം

                  1917 ഒക്ടോബർ 13 ന് നടന്ന, ദൈവമാതാവിന്റെ ഫാത്തിമായിലെ ആറാമത്തെ  ദർശനത്തെപ്പറ്റി സി.ലൂസി പിന്നീട് തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി:
           "അലങ്കരിക്കപ്പെട്ട ആ ഓക്ക്മരത്തിന്റെ മുകളിലായി  അതീവസൌന്ദര്യവതിയായ മാതാവിനെ ഞങ്ങൾ കണ്ടു.  ഞാൻ എന്റെ പതിവുചോദ്യം ആവർത്തിച്ചു; "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
                    "എന്റെ ബഹുമാനത്തിനായി ഇവിടെ ഒരു ചാപ്പൽ നിർമ്മിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കുകയും പട്ടാളക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്."
"അങ്ങയുടെ പേരെന്താണെന്ന് ഞങ്ങളോട് പറയുമോ?"
"ഞാൻ ജപമാല രാജ്ഞിയാണ്."
                       അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസി പറഞ്ഞു; "ഒരുപാട് ആളുകൾ അപേക്ഷകൾ അറിയിച്ചിട്ടുണ്ട്. അങ്ങ് അവയെല്ലാം സാധിച്ചു കൊടുക്കുമോ?"
                      "ചിലത് ഞാൻ സാധിച്ചു കൊടുക്കുന്നതാണ്; മറ്റുള്ളത് ഇല്ല."  ദൈവമാതാവ് ഗൗരവത്തോടെ  പറഞ്ഞു.  ദർശനവേളകളിൽ ഒരിക്കൽപ്പോലും മാതാവ് പുഞ്ചിരിച്ചില്ല.  ആളുകൾ തങ്ങളുടെ  പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്.   "അവർ  ജീവിതം നവീകരിക്കുകയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്യണം. ഇനിയും അവിടുത്തെ കൂടുതൽ ദ്രോഹിക്കരുത്. നിങ്ങളുടെ പാപങ്ങളാൽ ഇപ്പോൾത്തന്നെ അവിടുന്ന് അത്യധികം വ്രണിതനാണ്‌."

"ഇത്ര മാത്രമേയുള്ളുവോ" ?
"കൂടുതലായി ഒന്നുമില്ല."
                                                         മെല്ലെ കിഴക്കുഭാഗത്തേക്ക് ഉയർന്നുകൊണ്ട് മാതാവ് വിട പറഞ്ഞു. പോകുംവഴി തന്റെ മൃദുലകരങ്ങൾ ഇരുണ്ടുമൂടിയ  ആകാശത്തിനു നേരെ വിടർത്തിപ്പിടിച്ചു. അതൊരു അടയാളമെന്നപൊലെ മഴ തൽക്ഷണം നിലച്ചു.  
1917 ഒക്ടോ.13 ന്  പെരുമഴയത്ത് കോവാ ദ ഇറിയായിൽ തടിച്ചു കൂടിയ ജനാവലി 
       സൂര്യനെ മറച്ചുകൊണ്ട്‌ നിന്നിരുന്ന വൻ കാർമേഘങ്ങൾ നീങ്ങിപ്പോയി. സൂര്യൻ ഉഗ്രപ്രതാപവാനായി ജ്വലിക്കാൻ തുടങ്ങി.. മാതാവിന്റെ കരങ്ങളിൽ നിന്ന്, സൂര്യന്റെ ഉഗ്രതാപം കുറയ്ക്കാനെന്നപോലെ   അസാധാരണങ്ങളായ പ്രകാശരശ്മികൾ പുറപ്പെടുന്നത് ഞങ്ങൾ കണ്ടു. പെട്ടെന്ന് സൂര്യൻ ഒരു വെള്ളിത്തളിക കറങ്ങുന്നതുപോലെ കറങ്ങാൻ തുടങ്ങി. ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: "അതാ സൂര്യനെ നോക്കൂ ..."
                 പിന്നെ ഞാൻ കാണുന്നത് മാതാവ് അത്യന്തം മഹിമയോടെ സൂര്യന്റെ വലതുവശത്തു നിൽക്കുന്നതാണ്. അവളുടെ അത്യധികമായ തേജസ്സിൽ   സൂര്യന്റെ പ്രകാശം മങ്ങിപ്പോയി. ആദ്യം വെള്ളയങ്കി ധരിച്ചു നിൽക്കുന്നതായി  കാണപ്പെട്ട മാതാവ് പെട്ടെന്നുതന്നെ നീലയങ്കി ധരിച്ച് കൈകളിൽ ഉണ്ണിയീശോയെ വഹിച്ചു നിൽക്കുന്ന വിശുദ്ധ യൗസേപ്പിനൊടൊപ്പം കാണപ്പെട്ടു.
                           ഈ ദർശനങ്ങൾ ഒന്നിനു പിറകേ ഒന്നായി അതിവേഗത്തിലാണ് കാണപ്പെട്ടത്.  വി.യൌസേപ്പ് തന്റെ കരങ്ങളുയർത്തി     ജനക്കൂട്ടത്തിന്റെമേൽ  മൂന്നുപ്രാവശ്യം  കുരിശടയാളം വരച്ചു.  അനന്തരം വി.യൌസേപ്പിന്റെ രൂപം മായുകയും ഈശോ പ്രത്യക്ഷനാവുകയും ചെയ്തു. ചുവന്ന അങ്കി ധരിച്ചാണ് അവിടുന്ന് തന്റെ അമ്മയോടൊപ്പം കാണപ്പെട്ടത്. അമ്മയുടെ വസ്ത്രം ഇപ്പോൾ വെളുപ്പോ നീലയോ അല്ലായിരുന്നു. വ്യാകുലമാതാവിന്റെ ചിത്രത്തിലുള്ള  അമ്മയെയാണ് ഞങ്ങൾ കണ്ടത്.  ഈശോ അവിടെയുണ്ടായിരുന്ന  ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.  ഏറ്റവും ഒടുവിലായി കർമ്മല മാതാവും പ്രത്യക്ഷയായി.   

                   കുട്ടികൾ ഈ സ്വർഗ്ഗീയ ദൃശ്യങ്ങൾ  വീക്ഷിക്കുമ്പോൾ ചുറ്റും തടിച്ചു കൂടിയിരുന്ന ജനക്കൂട്ടം മറ്റൊരു വിഭ്രമജനകമായ കാഴ്ച കാണുകയായിരുന്നു.. 
"അതാ സൂര്യനെ നോക്കൂ" എന്ന് ലൂസി വിളിച്ചുപറയുന്നതുകേട്ട് സൂര്യനെ നോക്കിയവർ അത്ഭുതസ്തബ്ധരായി.. ഇത്രയും നേരം   മഴമേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്ന സൂര്യൻ  ഇപ്പോൾ കത്തിജ്ജ്വലിക്കുന്നു ..  ജ്വലിക്കുന്ന  ഉച്ചസൂര്യനെ കണ്ണു ചുളിക്കാതെ  അവർ നോക്കിനിന്നു.. പെട്ടെന്ന്   സൂര്യൻ വിചിത്രമായ രീതിയിൽ  കറങ്ങാനും ഡാൻസ് ചെയ്യുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാനും തുടങ്ങി.. ബഹുവർണ്ണ പ്രകാശരശ്മികൾ സൂര്യനിൽ നിന്നും എല്ലാ ദിശകളിലേക്കും പ്രസരിച്ചുകൊണ്ടിരുന്നു...  അത് ഭൂമിയിൽ വന്നുപതിച്ചപ്പോൾ മനുഷ്യരും വൃക്ഷങ്ങളും എല്ലാം മഴവിൽനിറങ്ങൾ വാരിപ്പൂശിയതുപോലെ കാണപ്പെട്ടു.. പെട്ടെന്ന്, സൂര്യൻ അതിന്റെ അച്ചുതണ്ടിൽനിന്നും വേർപെട്ട് അമ്പരപ്പിക്കുന്ന  വേഗതയിൽ ഭൂമിയിലേക്കു  പാഞ്ഞു വരുന്നതു പോലെ അവർക്ക് തോന്നി.  ലോകാവസാനമായെന്നു ഭയപ്പെട്ട് ആളുകൾ ചെളി നിറഞ്ഞ നിലത്ത് മുട്ടുകുത്തി നിലവിളിച്ചു പ്രാർഥിക്കാൻ തുടങ്ങി. "ഈശോയേ, രക്ഷിക്കണേ, ഈശോയേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ " എന്ന മുറവിളി എങ്ങും മുഴങ്ങി.. ചിലർ  വിളിച്ചുപറഞ്ഞു; "അത്ഭുതം.. അത്ഭുതം.."  മറ്റുചിലർ   മാതാവിനെ വിളിച്ചു കരഞ്ഞു..
    
People witnessing  the Sun Miracle at Fatima on Oct.13, 1917

                  ജസീന്തയുടെ പിതാവായ ടി മാർത്തോ അന്നത്തെ സംഭവങ്ങൾ ഇപ്രകാരം ഓർമ്മിക്കുന്നു:        "ഉച്ചസൂര്യനെ നോക്കിയിട്ട് എന്തുകൊണ്ടോ ഞങ്ങൾക്കു കണ്ണഞ്ചിയില്ല. സൂര്യൻ  അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നു.. സൂര്യനിൽ നിന്നു പുറപ്പെട്ട പലവർണ്ണങ്ങളിലുള്ള പ്രകാശം പതിച്ച് മനുഷ്യരും പ്രകൃതിയും ചുറ്റുപാടുമെല്ലാം   വർണ്ണാഭമായതു
പോലെ ഞങ്ങൾക്കു തോന്നി..ഏറ്റവും വിചിത്രമായി എനിക്കു തോന്നിയത് സൂര്യനെ നോക്കാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല എന്നതാണ്.  എല്ലാവരും മേലേക്ക് നോക്കി നിൽക്കയായിരുന്നു. പെട്ടെന്നൊരു നിമിഷത്തിൽ സൂര്യൻ കറക്കം നിർത്തി  അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ തുടങ്ങി.  ഒരു ആകാശനൃത്തം..  പിന്നെ, അത് ആയിരുന്നിടത്തു നിന്നും വേർപെട്ട് ഞങ്ങളുടെ മേൽ പതിക്കാൻ പോകുന്നതുപോലെ അതിവേഗത്തിൽ താഴേക്കു വന്നു;  അല്ലെങ്കിൽ അങ്ങനെ തോന്നിച്ചു..അതൊരു ഭയാനക നിമിഷം തന്നെയായിരുന്നു..ആ സമയം ആളുകൾ അലമുറയിട്ട് കരയാൻ തുടങ്ങി.."     
       
  
          കോവാ ദ  ഇറിയായിൽ തടിച്ചു കൂടിയ എഴുപതിനായിരത്തിലധികം  ആളുകളാണ് ഈ അത്ഭുത ദൃശ്യങ്ങൾക്കു സാക്ഷികളായത്. അക്കൂട്ടത്തിൽ വിശ്വാസികളും അവിശ്വാസികളും വൃദ്ധരും ചെറുപ്പക്കാരും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.. 
                      സൂര്യനൃത്തം ഏതാണ്ട് 10 മിനിറ്റ് നീണ്ടുനിന്നു.  പിന്നെ  സൂര്യൻ പഴയപടിയായി.  അപകടം ഒഴിവായെന്നു ബോധ്യമായ ജനക്കൂട്ടം അതിരറ്റ ആഹ്ലാദത്തോടെ ദൈവത്തിനു നന്ദി പറയാനും മാതാവിനു സ്തുതി ചൊല്ലാനും തുടങ്ങി.
           ഇതിനിടയിൽ മറ്റൊരത്ഭുതം കൂടി നടന്നു. നിർത്താതെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞുകുതിർന്നിരുന്ന ആളുകളുടെ വസ്ത്രങ്ങൾ, ഷൂസ്, തൊപ്പി തുടങ്ങിയവയെല്ലാം   സൂര്യനൃത്തം കഴിഞ്ഞപ്പോഴേക്കും പരിപൂർണ്ണമായി ഉണങ്ങിക്കഴിഞ്ഞിരുന്നു!!

https://en.wikipedia.org/wiki/Miracle_of_the_Sun