ഓഗസ്റ്റ് 15 - തിരുസഭ ഇന്ന് പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ സാഘോഷം കൊണ്ടാടുന്നു.
ദൈവപുത്രനായ ഈശോ, ഉയിർപ്പിനുശേഷം തന്റെ തിരുശരീരത്തോടുകൂടി സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തുവെന്നും ഈ ലോകത്തിൽ നീതിയോടെ ജീവിച്ച എല്ലാ മനുഷ്യരുടെയും ശരീരങ്ങൾ അവസാന നാളിൽ സ്വർഗ്ഗത്തിലുള്ള അവരുടെ ആത്മാക്കളോടു ചേരുമെന്നും അവ ക്രിസ്തുവിന്റെ മഹത്വീകൃതമായ ശരീരത്തോടു സാരൂപ്യം പ്രാപിക്കുമെന്നും എല്ലാ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു.
ദൈവമാതാവായ കന്യകാമറിയവും മരണശേഷം സശരീരിയായി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നു.
ക്രിസ്തു തന്റെ ദൈവികശക്തിയാൽ സ്വർഗ്ഗത്തിലേക്ക് സ്വയം ആരോഹണം ചെയ്തപ്പോൾ (സ്വർഗ്ഗാരോഹണം), കന്യകാമാതാവ് തന്റെ പുത്രന്റെ ശക്തിയാൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയായിരുന്നു (സ്വർഗ്ഗാരോപണം).
ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭം മുതൽക്കേ മാതാവിന്റെ സ്വർഗ്ഗാരോപണത്തിൽ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു. അതിന് ഉപോൽബലകമായ ശക്തമായ പല ചരിത്രവസ്തുതകളുമുണ്ട് :
1. ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രത്തിൽ ഒരുകാലത്തും മാതാവിന്റെ കല്ലറ എന്നപേരിൽ ഒരു സ്ഥലമോ കല്ലറയോ ക്രിസ്ത്യാനികൾ വണങ്ങിയിട്ടില്ല.
2. അഞ്ചാം നൂറ്റാണ്ടു വരെ മാതാവിന്റെ കല്ലറയെപ്പറ്റി ഒരു ഐതിഹ്യമോ കേട്ടുകേൾവിയോ ഉണ്ടായിട്ടില്ല.
3. മാതാവിന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു തിരുശേഷിപ്പ് ലോകത്തിൽ ഒരിടത്തും ഉള്ളതായി അറിവില്ല. മാതാവിനെക്കാൾ മുൻപ് മരണമടഞ്ഞ വിശുദ്ധ യൗസേപ്പിന്റെയും അപ്പസ്തോലന്മാരിൽ പലരുടെയും തിരുശേഷിപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്യാദരപൂർവ്വം വണങ്ങപ്പെടുന്നുണ്ട്.
ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ നിർബന്ധപൂർവമായ അപേക്ഷപ്രകാരം, 1950 നവംബർ 1 ന് സ്വർഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ പ്രഖ്യാപിച്ചു. അതിൽ ഇപ്രകാരം പറയുന്നു:
"മറിയം, തന്റെ ഭൗമിക ജീവിതത്തിന്റെ അന്ത്യത്തിൽ, തന്റെ ആത്മാവോടും ശരീരത്തോടും കൂടി സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു.
മറിയം എങ്ങിനെയാണോ ക്രിസ്തുവിനെ ഭൂമിയിലേക്കു സ്വീകരിച്ചത് അതുപോലെ ക്രിസ്തു അവളെ സ്വർഗ്ഗത്തിലേക്കു സ്വീകരിക്കുവാൻ തിരുമനസ്സായി. മനുഷ്യനായി അവളിലേക്കു താണിറങ്ങിയ അവിടുന്ന്, അവിടുത്തെ മഹത്വത്തിലേക്ക് അവളെ ഉയർത്തുവാനും തിരുവുള്ളമായി. ദൈവമാതാവിന്റെ ഇരിപ്പിടം കല്ലറയുടെ ശോകമൂകതയിലല്ല; പിന്നെയോ, നിത്യമഹത്വത്തിന്റെ പ്രശോഭയിലത്രേ.."