ജാലകം നിത്യജീവൻ: ഫാത്തിമാ രഹസ്യങ്ങൾ

nithyajeevan

nithyajeevan

Thursday, August 13, 2015

ഫാത്തിമാ രഹസ്യങ്ങൾ

 എന്താണ് ഫാത്തിമാ രഹസ്യങ്ങൾ ?

    സിസ്റ്റർ ലൂസി തന്റെ മൂന്നാമത്തെ ഓർമ്മക്കുറിപ്പിൽ എഴുതി:
              "ഫാത്തിമാ രഹസ്യത്തിന് മൂന്നു പ്രത്യേക ഭാഗങ്ങളുണ്ട്. ഇതിൽ ആദ്യത്തെ ഭാഗം നരകദർശനമാണ്. മാതാവ് ഞങ്ങളെ കാണിച്ച ദർശനത്തിലെ തീക്കടലും അതിലേക്ക് നിരന്തരം വന്നുപതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും ഞങ്ങളുടെ ഓർമ്മയിൽ നിന്നൊരിക്കലും മാഞ്ഞുപോയില്ല. മാതാവ് ഞങ്ങളെ പഠിപ്പിച്ച "ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണേ, എല്ലാ ആത്മാക്കളെയും, വിശിഷ്യാ, അങ്ങേ സഹായം ഏറ്റം ആവശ്യമായിരിക്കുന്നവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ" എന്ന പ്രാർത്ഥന  ഞങ്ങൾ കൂടെക്കൂടെ  ചൊല്ലുമായിരുന്നു..
                   നരകത്തിന്റെ ഭീകരദർശനം ഏറ്റവും ആഴത്തിൽ പതിഞ്ഞത് ജസീന്തയുടെ മനസ്സിലാണ്. പാവപ്പെട്ട പാപികൾ നരകത്തിൽ വീഴാതിരിക്കാനായി, എത്ര കഠിന ത്യാഗവും അനുഷ്ഠിക്കാൻ അവളൊരുക്കമായിരുന്നു.  ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ അവൾ പലപ്പോഴും ആലോചനയിലാണ്ടിരിക്കുന്നതു കാണാം; പിന്നെ സ്വയം പറയും, ''ഓ, നരകം.. അതിൽ വീഴുന്നവരെയോർത്ത് എനിക്കെത്ര സങ്കടമാണെന്നോ? അവർ വിറകു കത്തുന്നതുപോലെയല്ലേ അവിടെ കത്തിക്കൊണ്ടിരിക്കുന്നത് ?"  പെട്ടെന്നുതന്നെ അവൾ ഞെട്ടിയെഴുന്നേറ്റു മുട്ടുകുത്തി, കൈകൾ കൂപ്പി മാതാവ്  പഠിപ്പിച്ച 'ഓ, എന്റെ ഈശോയെ'  എന്ന പ്രാർത്ഥന ആവർത്തിച്ചാവർത്തിച്ച് ചൊല്ലും.. ഇടയ്ക്ക് സഹോദരനെ വിളിക്കും; "ഫ്രാൻസിസ്, നീ എന്റെ കൂടെ പ്രാർഥിക്കുന്നില്ലേ? ആളുകൾ  നരകത്തിൽ വീഴാതിരിക്കാനായി നമുക്ക് ഒരുപാട് പ്രാർഥിക്കണം; എത്രയാളുകളാണെന്നോ നരകത്തിൽ പോകുന്നത്?" 
                 മറ്റുചിലപ്പോൾ സങ്കടത്തോടെ അവൾ ചോദിക്കും; "നമ്മളെ കാണിച്ചപോലെ നരകത്തിന്റെ കാഴ്ച  എന്തുകൊണ്ടാണ്  മാതാവ്  പാപികളെക്കൂടെ കാണിക്കാത്തത്?  അവരതു കണ്ടിരുന്നെങ്കിൽ നരകത്തിൽ വീഴാതിരിക്കാനായി പാപം ചെയ്യാതിരുന്നേനെ ..  ഇനി മാതാവ് വരുമ്പോൾ നീ പറയണം എല്ലാവരെയും ഈ കാഴ്ച കാണിക്കണമെന്ന് ..അപ്പോൾ അവരെല്ലാം നല്ലവരായി ജീവിക്കും.."
                          ചിലപ്പോൾ അവൾ ഇങ്ങനെയും ചോദിക്കും; "ആളുകളെ നരകത്തിലേക്കു തള്ളിവിടുന്ന പാപങ്ങൾ എന്തൊക്കെയാണ്?"  ഞാൻ പറയും; "എനിക്കറിഞ്ഞുകൂടാ.. ചിലപ്പോൾ ഞായറാഴ്ചക്കുർബാന മുടക്കിയിട്ടായിരിക്കും .. ചിലപ്പോൾ മോഷണം നടത്തിയിട്ടായിരിക്കും .. അല്ലെങ്കിൽ ചീത്തവാക്കുകൾ പറഞ്ഞിട്ടായിരിക്കും ...ചിലപ്പോൾ ആണയിട്ടിട്ടോ  ശപിച്ചിട്ടോ ഒക്കെയായിരിക്കും .."
"അപ്പോൾ,  വെറും ഒരു വാക്കു മൂലവും  ആളുകൾ നരകത്തിൽ പോകുമോ ?"
"അതും പാപം തന്നെയല്ലേ?"
" ഓ, നരകത്തിൽ പോകുന്നവരെയോർത്ത് എനിക്ക് വല്ലാത്ത സങ്കടമുണ്ട്."
പിന്നെയവൾ എന്റെ കൈപിടിച്ചിട്ടു പറയും, "ഞാൻ സ്വർഗ്ഗത്തിൽ പോകയാണ്. പക്ഷെ,  നീ ഇവിടെത്തന്നെയാണല്ലോ..  മാതാവ് അനുവദിക്കയാണെങ്കിൽ നീ നരകത്തെപ്പറ്റി എല്ലാവരോടും പറയണം..അവർ പാപം ചെയ്യതിരിക്കട്ടെ.. അങ്ങനെ അവർ നരകത്തിൽ വീഴാതിരിക്കുമല്ലോ .."
അവളെ ശാന്തയാക്കാൻ ഞാൻ പറയും; "പേടിക്കേണ്ട, നീ എന്തായാലും സ്വർഗ്ഗത്തിൽ പോകയല്ലേ?"
പ്രസന്നയായി അവൾ പറയും; "അതെ, പക്ഷെ ഞാൻ മാത്രമല്ല, എല്ലാ  ആളുകളും  സ്വർഗ്ഗത്തിൽ എത്തിച്ചേരണമെന്നാണ് എന്റെ ആഗ്രഹം .."
  മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനുള്ള തീവ്രമായ ആഗ്രഹത്താൽ പലപ്പോഴും അവൾ തന്റെ ഭക്ഷണം  ഉപേക്ഷിക്കുമായിരുന്നു. "ജസീന്താ, വന്നു ഭക്ഷണം കഴിക്കൂ" എന്നു പറഞ്ഞു ഞാൻ വിളിക്കുമ്പോൾ അവൾ പറയും; "ഇല്ല! അമിതഭക്ഷണം കഴിക്കുന്ന പാപികൾക്കുവേണ്ടി ഈ ത്യാഗം  ഞാൻ ദൈവത്തിനു കാഴ്ച വെയ്ക്കുന്നു.." അതുപോലെ, അവൾക്കു സുഖമില്ലാതിരുന്നപ്പോഴും ഇടദിവസങ്ങളിൽ അവൾ കുർബാനയ്ക്കു പോയിരുന്നു. ഞാനവളോടു പറയു; "ജസീന്താ, നിനക്ക് സുഖമില്ല; തന്നെയുമല്ല, ഇന്ന് ഞായറാഴ്ചയുമല്ലല്ലൊ .." അവൾ പറയും; "അതു സാരമില്ല,  ഞായറാഴ്ച പോലും പള്ളിയിൽപ്പോകാൻ കൂട്ടാക്കാത്ത പാപികൾക്കു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.."  എന്നിട്ടവൾ ഫാത്തിമാപ്രാർത്ഥന ആവർത്തിച്ചു ചൊല്ലും.
          ഫാത്തിമാ രഹസ്യത്തിന്റെ രണ്ടാം ഭാഗം മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയെ സംബന്ധിച്ചുള്ളതാണ്.  ജൂണ്‍ 13 ലെ രണ്ടാമത്തെ ദർശന വേളയിൽ,  ഒരിക്കലും എന്നെ കൈവിടില്ലെന്നും മാതാവിന്റെ വിമലഹൃദയം എന്നും എന്റെ അഭയകേന്ദ്രമായിരിക്കുമെന്നും മാതാവ് എന്നോടു പറഞ്ഞിരുന്നു.  ഈ വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ മാതാവ് തന്റെ ഇരുകരങ്ങളും വിടർത്തി. ആ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ പ്രകാശം ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞു കയറി.  ഞങ്ങളുടെ ഉള്ളിൽ മാതാവിന്റെ വിമലഹൃദയത്തോട്  പ്രത്യേകമായ ഒരു സ്നേഹം ഉളവാക്കുക എന്നതായിരുന്നു ആ പ്രകാശധാരയുടെ ലക്ഷ്യം എന്നെനിക്കു തോന്നി. 
         ജൂലയ് മാസത്തിലെ ദർശനത്തിൽ, മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ വ്യാപകമാകണമെന്ന്  നിത്യപിതാവ് ആഗ്രഹിക്കുന്നതായി മാതാവ് വെളിപ്പെടുത്തി. കൂടാതെ,   ഇനിയൊരു യുദ്ധം ഭാവിയിൽ ഉണ്ടാകാതിരിക്കാനായി റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും മാതാവിനെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കു പരിഹാരമായി മാസാദ്യശനിയാഴ്ച  ആചരണം നടത്തണമെന്നും  മാതാവ് അറിയിച്ചു.  ഇക്കാര്യങ്ങൾ ഫ്രാൻസിസിനോടൊഴികെ  മറ്റാരോടും ഇപ്പോൾ പറയരുതെന്നും എപ്പോഴാണ് ഇതു പരസ്യമാക്കേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നും മാതാവ്  പറഞ്ഞു."