ജാലകം നിത്യജീവൻ: സഭയും ഫാത്തിമാ ദർശനങ്ങളും

nithyajeevan

nithyajeevan

Saturday, August 8, 2015

സഭയും ഫാത്തിമാ ദർശനങ്ങളും

         
                        ഫാത്തിമാ ദർശനങ്ങൾ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിക്കുന്നത്   1930  ഒക്ടോബർ 13 ന് ആണ്. ഫാത്തിമായിൽ ദൈവമാതാവിന്റെ  ദർശനങ്ങൾ തുടരുമ്പോഴും പിന്നീട് കുറെക്കാലത്തേക്കും, അതുൾപ്പെടുന്ന ലിറിയ രൂപതയിലെ സഭാധികാരികൾ അകന്നുനിന്നു വീക്ഷിച്ചതല്ലാതെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മിനക്കെട്ടില്ല.  എന്നാൽ, കാലം ചെല്ലുംതോറും വർദ്ധിക്കുന്ന തീർഥാടകരുടെ ഒഴുക്കും  ദർശനസ്ഥലത്ത് നടക്കുന്നതായി പറയപ്പെടുന്ന അത്ഭുതങ്ങളും ഇതേപ്പറ്റി ആഴത്തിൽ പഠിക്കാൻ സഭാധികാരികളെ പ്രേരിപ്പിച്ചു. 1922 ൽ, ദൈവശാസ്ത്ര പണ്ഡിതരായ രണ്ടു വൈദികരുൾപ്പെടുന്ന ഒരു കമ്മിറ്റിയെ ലിറിയ ബിഷപ്പ് ഇതിനായി നിയോഗിച്ചു.  വളരെ വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ കമ്മിറ്റി സമർപ്പിച്ച  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഫാത്തിമായിലെ സംഭവങ്ങൾ ദൈവിക ഇടപെടലുകളാണെന്ന  സത്യം പ്രാദേശിക സഭ അംഗീകരിച്ചു. ഫാത്തിമയിലെ കോവാ ദ ഇറിയയിൽ 1917 മെയ്‌മാസം  മുതൽ ഒക്ടോബർ വരെ  ലൂസി, ജസീന്ത, ഫ്രാൻസിസ്കോ എന്നീ ഇടയബാലകർക്കു ദർശനമരുളിയത് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയമാണെന്നും 1917 ഒക്ടോബർ 13 ലെ  ദർശനവേളയിൽ നടന്നത് അത്ഭുതമാണെന്നും സഭ സ്ഥിരീകരിച്ചു.  ഫാത്തിമാനാഥ എന്ന നാമധേയത്തിൽ മാതാവിനെ വണങ്ങുന്നതിനുള്ള അനുമതിയും സഭ വിശ്വാസികൾക്കു  നല്കി.
       ലോകത്തിൽ സമാധാനം കൈവരുത്തുന്നതിനായി മാനവരാശിയുടെ സഹകരണം തേടുകയായിരുന്നു ഈ ദർശനങ്ങളിലൂടെ മാതാവു ചെയ്തത്.  ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. യുദ്ധങ്ങൾ മനുഷ്യരുടെ പാപങ്ങൾക്കുള്ള ശിക്ഷയാണെന്നും അതിനാൽ മനുഷ്യർ പാപവഴികളിൽ നിന്നകന്ന്  ദൈവകൽപ്പനകൾ അനുസരിച്ചു ജീവിക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ ഭയാനകമായ യുദ്ധങ്ങളിലൂടെയും മറ്റു ദുരന്തങ്ങളിലൂടെയും ലോകം കടന്നുപോകുമെന്നും മാതാവ് മുന്നറിയിപ്പു നല്കി. ലോകത്തെ ശിക്ഷിക്കുന്നതിനായി ദൈവം തെരഞ്ഞെടുത്തിരിക്കുന്നത് റഷ്യയെയാണെന്നും അതിനാൽ  റഷ്യൻ ജനതയുടെ  മാനസാന്തരത്തിനായി എല്ലാവരും പ്രാർഥിക്കുകയും ത്യാഗങ്ങൾ അനുഷ്ടിക്കുകയും ചെയ്യണമെന്നും റഷ്യയെ  മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. മാതാവിന്റെ  ഈ അപേക്ഷകൾ തിരസ്കരിക്കപ്പെട്ടാൽ റഷ്യ അതിന്റെ അബദ്ധസിദ്ധാന്തങ്ങൾ ലോകം മുഴുവൻ പരത്തുമെന്നും തൽഫലമായി മഹായുദ്ധങ്ങളും ഭയാനകമായ മറ്റു വിപത്തുകളും ഉണ്ടാകുമെന്നും സഭയും അതിന്റെ ഇടയനും പീഡിപ്പിക്കപ്പെടുമെന്നും   ലോകത്തിലെ പല രാജ്യങ്ങളും നാമാവശേഷമാകുമെന്നുമുള്ള മുന്നറിയിപ്പും അമ്മ നല്കി. 
          മാതാവു നൽകിയ ഈ സന്ദേശങ്ങൾ, ദർശകരായ മൂന്നു കുട്ടികളും രഹസ്യമായി സൂക്ഷിച്ചു. മാതാവിന്റെ നിർദേശാനുസാരമായിരുന്നു ഇത്.   1917 ജൂലൈ 13 നു നൽകിയ ദർശനത്തിൽ, മാതാവ് തന്റെ രണ്ടു പ്രത്യേക നിർദേശങ്ങൾ നടപ്പിലാക്കേണ്ട കാലം അറിയിക്കുന്നതിനായി താൻ വീണ്ടും വരുന്നതാണെന്ന് ലൂസിയെ അറിയിച്ചിരുന്നു. മാതാവിന്റെ വിമലഹൃദയത്തിനുള്ള റഷ്യയുടെ പ്രതിഷ്ഠയും മാതാവിന്റെ വിമലഹൃദയഭക്തിയുടെ പ്രചാരവുമായിരുന്നു ഈ രണ്ടു പ്രത്യേക നിർദേശങ്ങൾ. 
            8 വർഷങ്ങൾക്കുശേഷം, 1925 ഡിസംബർ 10 ന്, ലൂസി സ്പെയിനിലെ ഒരു കോണ്‍വെന്റിൽ സന്യാസാർഥിയായിരിക്കുമ്പോൾ, ഉണ്ണിയീശോയെ കൈകളിലേന്തി മാതാവ് അവൾക്കു പ്രത്യക്ഷയായി. മാതാവിന്റെ ഹൃദയം മുള്ളുകളാൽ വലയം ചെയ്യപ്പെട്ടിരുന്നു. മാതാവ് അവളോടു പറഞ്ഞു: "കാണുക, എന്റെ മകളേ, ദൈവദൂഷണങ്ങളാകുന്ന മുള്ളുകളാൽ, നന്ദിയറ്റ മനുഷ്യർ എന്റെ ഹൃദയം   ഓരോ നിമിഷവും കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു...."   ദൈവമാതാവിനെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കും നിന്ദയ്ക്കും പരിഹാരമായി, തുടർച്ചയായ അഞ്ചു മാസാദ്യ ശനിയാഴ്ചകളിൽ കുമ്പസ്സാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ മരണസമയത്ത് നല്ല മരണം ലഭിക്കുന്നതിനാവശ്യമായ എല്ലാ കൃപകളും അവരുടെമേൽ വർഷിച്ച് അവരുടെ ആത്മരക്ഷ ഉറപ്പാക്കുന്നതാണെന്ന് മാതാവ് അവളെ അറിയിച്ചു.  പരിശുദ്ധ കുർബാന സ്വീകരിക്കുന്നതോടൊപ്പം   അന്നേദിവസം എപ്പോഴെങ്കിലും ജപമാലയുടെ 5 ദശകങ്ങൾ ചൊല്ലുകയും 15 മിനിറ്റ് ജപമാല രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യണമെന്നും ഇക്കാര്യം എല്ലാവരെയും അറിയിക്കണമെന്നും   മാതാവ് ആവശ്യപ്പെട്ടു.  
            സി.ലൂസി ഇക്കാര്യം ഉടൻതന്നെ അവളുടെ കുമ്പസാരക്കാരനായ വൈദികനെയും മദർ സുപ്പീരിയറിനെയും അറിയിച്ചു.  കുമ്പസാരക്കാരനച്ചന്റെ നിർദ്ദേശ പ്രകാരം ദർശനവിവരങ്ങളെല്ലാം അവൾ  വിശദമായി  രേഖപ്പെടുത്തിവെച്ചു.  പിന്നീട് ലിറിയ ബിഷപ്പിനും സഭാനേതൃത്വവുമായി ബന്ധപ്പെട്ട മറ്റനേകം പേർക്കും ഇക്കാര്യം വിശദമാക്കി അവൾ കത്തുകളെഴുതി.  മെല്ലെ മെല്ലെ ഈ ഭക്തി സഭയാകമാനം വ്യാപിച്ചു. "മാസാദ്യശനിയാഴ്ചആചരണം" എന്നപേരിൽ ഈ ഭക്തി ഇപ്പോൾ സഭയിൽ സജീവമാണ്. 
എന്തുകൊണ്ട് 5 മാസാദ്യശനിയാഴ്ചകൾ? 
         ഈ ചോദ്യത്തിന് സി.ലൂസിക്ക് ഉത്തരം നൽകിയത് മറ്റാരുമല്ല, നമ്മുടെ കർത്താവ്‌ തന്നെയാണ്. അവിടുന്ന് പറഞ്ഞു:  "എന്റെ മകളേ, ഉത്തരം വളരെ ലളിതമാണ്. എന്റെ അമ്മയ്ക്കെതിരായി പറയപ്പെടുന്ന 5 പ്രധാന ദൂഷണങ്ങൾ ഇവയാണ്:
1.അവളുടെ  അമലോത്ഭവ ജനനത്തിനെതിരെ,
2. അവളുടെ  നിത്യകന്യാത്വത്തിനെതിരെ,
3.അവളുടെ ദൈവമാതൃത്വത്തിനെതിരെ;  അവൾ ഒരേസമയം ദൈവമാതാവും മനുഷ്യകുലം മുഴുവന്റെയും  മാതാവുമാണെന്ന  സത്യം അംഗീകരിക്കാൻ മടിക്കുന്ന ധാരാളം മനുഷ്യരുണ്ട്‌ .
4.അവൾക്കെതിരായി പരസ്യമായി പറയുന്ന ദൂഷണങ്ങൾ വഴി കുട്ടികളുടെ  മനസ്സിൽ അവളോടുള്ള വെറുപ്പു വിതയ്ക്കുക
5. അവളുടെ  തിരുസ്വരൂപങ്ങൾക്കുനേരെയുള്ള പരസ്യാവഹേളനം
            ഈ അഞ്ച് അവഹേളനങ്ങൾക്കു പരിഹാരമായിട്ടാണ് നിങ്ങൾ ഈ  മാസാദ്യശനിയാഴ്ച ആചരണം നടത്തേണ്ടത്."