ജാലകം നിത്യജീവൻ: ഈശോ സിനഗോഗില്‍ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Tuesday, July 17, 2012

ഈശോ സിനഗോഗില്‍ പ്രസംഗിക്കുന്നു

           ഈശോ    കഫര്‍നാമിലെ സിനഗോഗില്‍ പ്രവേശിക്കുന്നു. സാബത്ത് ദിവസമായതിനാല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. പെട്ടെന്നു തന്നെ സിനഗോഗ്  നിറയുകയും ചെയ്തു.                         പ്രാരംഭപ്രാര്‍ഥനകള്‍ കഴിഞ്ഞു. വായനയ്ക്കുള്ള സമയമായി. സിനഗോഗ് തലവന്‍ അതിനായി ഈശോയെ ക്ഷണിക്കുന്നു.  ഈശോ പ്രീശരെ ചൂണ്ടിക്കാണിച്ചുകൊണ്ട് "അവര്‍ ചെയ്യട്ടെ" എന്നു പറഞ്ഞു. അവരത് സ്വീകരിക്കാത്തതിനാല്‍ സംസാരിക്കാന്‍ ഈശോ നിര്‍ബന്ധിതനായി.
                        രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്ന് ഈശോ വായിച്ചു. അതില്‍, ദാവീദ് സീഫിലെ മനുഷ്യരാല്‍ എങ്ങനെ വഞ്ചിക്കപ്പെട്ടുവെന്നും അവന്‍ ജീബോയായില്‍ ഉണ്ടെന്നുള്ള വിവരം സാവൂളിനെ  അറിയിച്ചുവെന്നും പറയുന്നു. ഈശോ ചുരുള്‍ തിരിയെ കൊടുത്തശേഷം  സംസാരിക്കാന്‍ തുടങ്ങി.
                    "ഉപവിയുടെയും ആതിഥ്യമര്യാദയുടെയും സത്യസന്ധതയുടെയും പ്രമാണങ്ങള്‍ ലംഘിക്കുന്നത് എപ്പോഴും തിന്മയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നതിന് മനുഷ്യന് ഒരു മടിയുമില്ല. ഇതുപോലുള്ള അനാസ്ഥയുടെയും തത്ഫലമായുണ്ടാകുന്ന ദൈവശിക്ഷയുടെയും ഇരട്ടക്കഥകളാണ് ഇവിടെ നമ്മള്‍ കാണുന്നത്. സീഫിലെ മനുഷ്യരുടെ പെരുമാറ്റം വഞ്ചനയായിരുന്നു. സാവൂളിന്റെ പെരുമാറ്റവും അങ്ങനെതന്നെ. ആദ്യത്തെക്കൂട്ടര്‍ ശക്തനായവന്റെ കൂടെ ചേരണമെന്നു നിശ്ചയിച്ചു. രണ്ടാമത്തെയാളിന് ദൈവത്തിന്റെ അഭിഷിക്തനെ ഒഴിവാക്കണമെന്നുള്ള ദുരുദ്ദേശവും...  അങ്ങനെ രണ്ടു കൂട്ടരും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ഒത്തുചേര്‍ന്നു. ഇസ്രായേലിന്‍റെ പാപിയായ കപടരാജാവ്, കൂട്ടുകാരുടെ ഹീനമായ ആലോചനയ്ക്ക് മറുപടി കൊടുത്തപ്പോള്‍ കര്‍ത്താവിന്റെ നാമം ഉപയോഗിച്ചു പറഞ്ഞു: "നിങ്ങള്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെടട്ടെ" എന്ന്.
 ദൈവനീതിയോടുള്ള നിന്ദ പലപ്പോഴും ദൈവത്തിന്റെ നാമവും അവന്റെ അനുഗ്രഹവും  മനുഷ്യന്‍റെ ദുഷ്ടതയ്ക്ക് ഉറപ്പിനായോ പ്രതിഫലമായോ യാചിക്കുന്നു. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ദൈവത്തിന്റെ നാമം വൃഥാ ഉച്ചരിക്കരുത്" ഒരുവന്‍റെ അയല്‍ക്കാരനെതിരായി ഒരു ദ്രോഹം ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ നാമം ഉച്ചരിച്ചുകൊണ്ടു ചെയ്യുന്നതിനേക്കാള്‍ ദുഷ്ടത നിറഞ്ഞതും വ്യര്‍ത്ഥവുമായ എന്തെങ്കിലുമുണ്ടോ? എങ്കിലും മറ്റു പാപങ്ങളെക്കാള്‍ കൂടുതലായി ഈ പാപം മനുഷ്യന്‍ ചെയ്യുന്നു. കര്‍ത്താവിന്റെ നാമത്തിലുള്ള സമ്മേളനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നവരും കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവരും പഠിപ്പിക്കുന്നവരും വളരെ നിസ്സംഗതയോടെ ഈ പാപം ചെയ്യുന്നുണ്ട്.  അയല്‍ക്കാരനു   ദ്രോഹം ചെയ്യാനായി മറ്റുള്ളവരെക്കൊണ്ട് അന്വേഷണങ്ങള്‍ നടത്തുകയും നോട്ടമിടുകയും  എല്ലാ തയാറെടുപ്പുകളും ചെയ്യുകയും അങ്ങനെ മറ്റുള്ളവരെക്കൊണ്ട് അയല്‍ക്കാരനെ ഉപദ്രവിക്കുകയും ചെയ്യുന്നത് പാപമാണ്.  ഇതില്‍ അടങ്ങിയിരിക്കുന്ന തെറ്റ്,  പാപം ചെയ്‌താല്‍ പ്രതിഫലം നല്‍കിയോ ചെയ്യാതിരുന്നാല്‍ ശിക്ഷ നല്‍കിയോ പാപത്തിനു പ്രേരണ നല്കുന്നു എന്നുള്ളതാണ്." 
       ഇതു പാപമാണെന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തരുന്നു. അത്തരം പെരുമാറ്റം സ്വാര്‍ഥതയും വിദ്വേഷവും നിറഞ്ഞതാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.  സ്വാര്‍ഥതയും വിദ്വേഷവും സ്നേഹത്തിന്‍റെ ശത്രുക്കളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളുടെ ആത്മാക്കളെക്കുറിച്ചുള്ള ഉത്കണ്ഠ നിമിത്തമാണ് നിങ്ങള്‍ക്കു ഞാന്‍ മുന്നറിയിപ്പു തരുന്നത്. കാരണം, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. സാവൂള്‍, ദാവീദിനെ പിടികൂടി കൊല്ലുന്നതിന് അയാളുടെ പിന്നാലെ പോയപ്പോള്‍, ഫിലിസ്ത്യര്‍ അവന്‍റെ രാജ്യം നശിപ്പിച്ചതുപോലെ, ദൈവത്താല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ അയല്‍ക്കാരന് ദോഷം ചെയ്യുന്ന ഏവനും എപ്പോഴും ഇതു സംഭവിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. അവരുടെ വിജയം വയലിലെ പുല്ലിനോളം മാത്രമേ നിലനില്‍ക്കുകയുള്ളൂ. അത് പെട്ടെന്നു മുളച്ചു വരികയും അതിവേഗം ഉണങ്ങിപ്പോവുകയും വഴിയാത്രക്കാരാല്‍ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു. നേരെമറിച്ച്, നല്ല പെരുമാറ്റവും സത്യസന്ധമായ ജീവിതവും വളരാന്‍ ബുദ്ധിമുട്ടുള്ളതായി കാണപ്പെട്ടാലും ജീവിതത്തില്‍ അത് ഉറച്ച തഴക്കമായിത്തീര്‍ന്നാല്‍, ശക്തിയുള്ള ഇലകളോടുകൂടിയ വൃക്ഷങ്ങളായി വളരും. ഒരു കൊടുംകാറ്റിനും അതിനെ പിഴുതു കളയാനോ ഏതു കഠിന വരള്‍ച്ചയ്ക്കും അതിനെ ഉണക്കിക്കളയാനോ പറ്റില്ല. നിയമത്തോടുള്ള യഥാര്‍ത്ഥ വിശ്വസ്തത ശക്തിയുള്ള ഒരു വൃക്ഷമായിത്തീരും.  അത് വികാരങ്ങള്‍ കൊണ്ട് ചായുകയോ സാത്താന്റെ അഗ്നിയില്‍ കത്തിപ്പോവുകയോ ഇല്ല.

ഞാന്‍ നിറുത്തുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയട്ടെ."
             മുന്‍നിരയിലിരുന്ന ഫരിസേയര്‍ ചോദിക്കുന്നു; "ഫരിസേയരായ ഞങ്ങളെ ഉദ്ദേശിച്ചാണോ നീ ഇതു പറഞ്ഞത്?"
"ഈ സിനഗോഗ് നിറയെ  ഫരിസേയരാണോ ? നിങ്ങള്‍ നാലു പേര്‍ മാത്രമല്ലേയുള്ളൂ? എന്‍റെ  വാക്കുകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്."