ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Wednesday, May 18, 2011

പത്തു കുഷ്ഠരോഗികൾ


            ഈശോ എഫ്രായിമിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കയാണ്. അപ്പസ്തോലന്മാർ ഒപ്പമുണ്ട്. അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങള്‍ക്കും ഈശോ ക്ഷമയോടെ, കാരുണ്യപൂർവം മറുപടി നൽകുന്നു. പർവതത്തിലൂടെയുള്ള ദുർഘടവഴിയിലൂടെ അവർ മുമ്പോട്ടു നീങ്ങവേ, സമീപെയുള്ള കുന്നിൻമുകളിൽ നിന്ന് ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു; "ഈശോയെ, റബ്ബി ഈശോയേ, ദാവീദിന്റെ പുത്രാ, ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ."

"അവർ കുഷ്ഠരോഗികളാണ്. ഗുരുവേ, നമുക്ക് പോകാം. അല്ലെങ്കിൽ ഗ്രാമം മുഴുവനും ഓടിയെത്തി അവരുടെ വീടുകളിൽ നമ്മെ തടഞ്ഞുവയ്ക്കും." അപ്പസ്തോലന്മാർ പറയുന്നു.

കുഷ്ഠരോഗികൾ അവർക്കു മുമ്പിൽ ഉയരത്തിലാണ്. അവർ ഞൊണ്ടിയും വലിഞ്ഞും കരഞ്ഞുകൊണ്ട് ഈശോയുടെ പക്കലേക്കു പാഞ്ഞുവരികയാണ്.

"നമുക്ക് ഗ്രാമത്തിലേക്കു പോകാം ഗുരുവേ, അവർക്ക് അവിടെ വരാൻ സാധിക്കയില്ല." അപ്പസ്തോലന്മാരിൽ ചിലർ പറയുന്നു. "നമ്മൾ ഗ്രാമത്തിൽ പ്രവേശിച്ചാൽ കുഷ്ഠരോഗികളെ ഒഴിവാക്കാൻ കഴിയും. പക്ഷേ നമ്മെ കണ്ടുപിടിക്കുകയും താമസിപ്പിക്കുകയും ചെയ്യാതിരിക്കയില്ല."

കുഷ്ഠരോഗികൾ  ഇതിനോടകം ഈശോയുടെ പക്കലേക്കു  കൂടുതൽ അടുത്തുകഴിഞ്ഞു. അപ്പസ്തോലന്മാരുടെ എതിർപ്പു വകവയ്ക്കാതെ ഈശോ മുമ്പോട്ടുതന്നെ നടക്കുകയാണ്. അപ്പസ്തോലന്മാർ  നിവൃത്തികേടു കൊണ്ട് അവനെ അനുഗമിക്കുന്നു. കുറെ സ്ത്രീകളും ഏതാനും വൃദ്ധന്മാരും കാണുവാൻ ഇറങ്ങിവന്നു. അവർ കുഷ്ഠരോഗികളിൽ നിന്ന് വിവേകപൂർവം അകന്നാണു നിൽക്കുന്നത്. കുഷ്ഠരോഗികൾ  ഈശോയിൽനിന്ന് ഏതാനും മീറ്റർ അകലെ നിന്നുകൊണ്ട് വീണ്ടും കരഞ്ഞപേക്ഷിക്കുന്നു; 'ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ.'

ഈശോ ഒരുനിമിഷം അവരെ നോക്കി. അനന്തരം അവരുടെ അടുത്തേക്കു പോകാതെ ചോദിക്കുന്നു: "നിങ്ങൾ ഈ ഗ്രാമത്തിലെ ആളുകളാണോ?"

"അല്ല ഗുരുവേ, ഞങ്ങൾ പല സ്ഥലങ്ങളിൽ നിന്നു വന്നവരാണ്. ഞങ്ങൾ താമസിക്കുന്ന മലയുടെ എതിർവശം ജറീക്കോ റോഡാണ്. അതിനാൽ നല്ല ഒരു സ്ഥാനവും."

"എങ്കിൽ നിങ്ങളുടെ മലയ്ക്ക് ഏറ്റം അടുത്തുള്ള ഗ്രാമത്തിലേക്കു പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുക. 

ഈശോ നടന്നു പോവുകയാണ്. ഈശോയെ നോക്കിനിൽക്കുന്ന കുഷ്ഠരോഗികളെ സ്പർശിക്കാതിരിക്കാൻ റോഡിന്റെ എതിർവശത്തുകൂടിയാണ് പോകുന്നത്.  ഈശോ  അടുത്തെത്തിയപ്പോൾ അവർ പ്രത്യാശപൂർവ്വം നോക്കുന്നു.  അവർ നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ ഈശോ കൈകളുയർത്തി അവരെ അനുഗ്രഹിക്കുന്നു. 
ഗ്രാമത്തിലെ  ആളുകൾ നിരാശരായി വീടുകളിലേക്കു മടങ്ങി. കുഷ്ഠരോഗികൾ നിരങ്ങി മുകളിലേക്കു കയറി അവരവരുടെ ഗുഹകളിലേക്കു പോകുന്നു. ചിലരെല്ലാം ജറീക്കോ റോഡിന്റെ ഭാഗത്തേക്കും.

"അവരെ നീ സുഖപ്പെടുത്താതിരുന്നതു നന്നായി. ഗ്രാമത്തിലെ  ആളുകൾ നമ്മെ വിടില്ലായിരുന്നു.

"അതെ, രാത്രിയാകുന്നതിനു മുമ്പ് നമുക്ക് എഫ്രായിമിൽ എത്തുകയും വേണം."

ഈശോ മൗനം പാലിച്ചു നടക്കുകയാണ്. വളഞ്ഞുകിടക്കുന്ന റോഡായതിനാൽ ഗ്രാമം ഇപ്പോൾ കാണാനില്ല. എന്നാൽ ഒരു മനുഷ്യസ്വരം അവരുടെ കാതുകളിൽ എത്തുന്നു. "അത്യുന്നതനായ ദൈവത്തിനു സ്തുതി. യൂദയായിലും സമരിയായിലും ഗലീലിയായിലും യോർദ്ദാന്റെ അപ്പുറത്തുമുള്ള പട്ടണവാസികളേ, അവനെ സ്തുതിക്കുവിൻ. അത്യുന്നതനും അവന്റെ ക്രിസ്തുവിനുമുള്ള സ്തുതി ഹെർമോന്റെ മുകളിലുളള മഞ്ഞുവരെ മാറ്റൊലിക്കൊള്ളട്ടെ. ബാലാമിന്റെ പ്രവചനം നിറവേറിയിരിക്കുന്നു. ഗോത്രപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഇവിടെ നിറവേറിയിരിക്കുന്നു. പാലസ്തീനായിലെ ജനങ്ങളേ, ഇതു ശ്രദ്ധാപൂർവം ശ്രവിച്ചു മനസ്സിലാക്കുവിൻ. ഇതു കർത്താവാകുന്നു. അവനെ അനുഗമിക്കുവിൻ. ഇവിടെയിതാ പ്രകാശം നമ്മുടെയിടയിൽക്കൂടി കടന്നുപോകുന്നു. ആത്മാവിൽ അന്ധരായിരിക്കുന്ന മനുഷ്യരേ, നിങ്ങളുടെ കണ്ണുകൾ തുറക്കുവിൻ. കാണുവിൻ."

കുഷ്ഠരോഗികളിൽ  ഒരുവൻ അവരെ അനുഗമിക്കുന്നു. അവൻ അടുത്തേക്കു  വരികയും ഈശോയെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.

അപ്പസ്തോലന്മാർക്ക് അസഹ്യത. രണ്ടുമൂന്നു പ്രാവശ്യം അവർ തിരിഞ്ഞുനോക്കി,  പൂർണ്ണസൗഖ്യം പ്രാപിച്ച അവനോട് ശബ്ദിക്കരുതെന്ന് ആജ്ഞാപിക്കുന്നു. അവസാനം ഭീഷണിയായി.
അവൻ ഒരുനിമിഷത്തേക്ക് അവന്റെ പ്രഭാഷണം നിർത്തി, എല്ലാവരോടും മറുപടി പറയുവാൻ. "ദൈവം എനിക്കു ചെയ്ത വൻകാര്യങ്ങൾ ഞാൻ പറയാതിരിക്കണമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അവനെ വാഴ്ത്തരുതെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്?"

"നിന്റെ ഹൃദയത്തിൽ അവനെ വാഴ്ത്തുക. എന്നിട്ട് അടങ്ങൂ."

"ഇല്ല, എനിക്കു സംസാരിക്കാതിരിക്കുക സാദ്ധ്യമല്ല. ദൈവം എന്റെ അധരങ്ങളിൽ വാക്കുകൾ വയ്ക്കുന്നു." അവൻ  അൽപ്പംകൂടി ഉച്ചത്തിൽ അവന്റെ പ്രഭാഷണം  തുടരുന്നു. ആൾക്കൂട്ടം വർദ്ധിച്ചുവരുന്നു. 

"അവനെ നിശ്ശബ്ദനാക്കൂ കർത്താവേ, അവൻ  സമരിയാക്കാരനാണ്. നിന്നെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് മുൻപേ പോകാൻ ഞങ്ങളെ അനുവദിക്കാത്തതിനാൽ അവൻ   സംസാരിക്കുവാനും നീ അനുവദിക്കരുത്." അപ്പസ്തോലന്മാർ കോപത്തോടെ പറയുന്നു.

"എന്റെ പ്രിയ സ്നേഹിതരേ, മോശ നൂനിന്റെ മകനായ ജോഷ്വായോടു പറഞ്ഞ വാക്കുകൾ ഞാൻ  ഇപ്പോൾ നിങ്ങൾക്കായി ആവർത്തിക്കാം. എൽദാദും മെദാദും കൂടാരത്തിനുള്ളിൽ പ്രവചിക്കുന്നു എന്ന് ജോഷ്വാ പരാതിപ്പെട്ടു. 'എന്നെക്കുറിച്ച് നിനക്ക് അസൂയയാണോ?' ഓ! യാഹ്വേയുടെ ജനം മുഴുവനും പ്രവചിച്ചിരുന്നെങ്കിൽ... യാഹ്വേ തന്റെ അരൂപി അവർക്കെല്ലാവർക്കും കൊടുത്തിരുന്നെങ്കിൽ.... എന്നാലും നിങ്ങളുടെ  സന്തോഷത്തിനായി അവന്റെ സംസാരം ഞാൻ  നിർത്താം."

ഈശോ നിന്ന് പുറകോട്ടു തിരിഞ്ഞ് സുഖം പ്രാപിച്ച  കുഷ്ഠരോഗിയെ വിളിച്ചു. അയാൾ ഓടിച്ചെന്ന് ഈശോയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച് നിലം ചുംബിക്കയാണ്.

"എഴുന്നേൽക്കൂ, മറ്റുള്ളവർ എവിടെ? നിങ്ങൾ  ആകെ പത്തുപേരായിരുന്നില്ലേ? ബാക്കി ഒൻപതുപേർക്കും കർത്താവിനു നന്ദി പറയേണ്ടത് ആവശ്യമാണെന്നു തോന്നിയില്ല. എന്ത്? പത്തു കുഷ്ഠരോഗികളിൽ  സമരിയാക്കാരനായി ഒരുവൻ  മാത്രമേ ഉണ്ടായിരുന്നുള്ളൂ? ഈ വിദേശിയായ ഒരുത്തനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് കർത്താവിനെ മഹത്വപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നു തോന്നിയില്ലല്ലോ. എന്നിട്ട്  അവർ പറയുന്നു, അവൻ   ഒരു സമരിയാക്കാരനാണെന്ന്. വിദേശീയർ അവന്റെ വാക്കു മനസ്സിലാക്കുന്നു. അവന്റെ നാട്ടുകാർ മനസ്സിലാക്കുന്നുമില്ല. എങ്കിൽ വചനം അന്യഭാഷയാണോ സംസാരിക്കുന്നത്?"

ഈശോ തന്റെ സുന്ദരമായ കണ്ണുകൾ  പാലസ്തീനായുടെ എല്ലാ ഭാഗങ്ങളിൽനിന്നും അവിടെ വന്നുകൂടിയിരിക്കുന്നവരുടെ മേൽ തിരിക്കുന്നു.  ആ നോട്ടം താങ്ങാനാവാതെ പലരും സ്ഥലം വിടുന്നു.
ഈശോ കണ്ണുകൾ   താഴ്ത്തി വളരെ കാരുണ്യത്തോടെ തന്റെ പാദത്തിങ്കൽ മുട്ടിന്മേൽ നിൽക്കുന്ന  സമരിയാക്കാരനെ നോക്കുന്നു. കരമുയർത്തി അവനെ അനുഗ്രഹിച്ചുകൊണ്ട് ഈശോ പറയുന്നു: "എഴുന്നേൽക്കൂ, പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്റെ ജഡത്തേക്കാൾ ശ്രേഷ്ടമായി നിന്നിലുള്ള എന്തിനെയോ രക്ഷിച്ചിരിക്കുന്നു. ദൈവത്തിന്റെ പ്രകാശത്തിൽ മുന്നേറുക. പോകുക."

Sunday, May 15, 2011

ഈശോ ഷാരോൺ സമതലത്തിൽ ഒരു സ്ത്രീയ്ക്ക് പ്രത്യക്ഷനാകുന്നു

തീരപ്രദേശത്തുകൂടെയുള്ള ഒരു വഴിയിലൂടെ അതിരാവിലെ കണ്ണീരൊഴുക്കിക്കൊണ്ട് ഒരു സ്ത്രീ പോകുന്നു. അവൾ ക്ഷീണിതയാണ്. ഇടയ്ക്ക് മൈൽക്കുറ്റിയിലോ വഴിയിലോ തന്നെ അവൾ ഇരിക്കുന്നുണ്ട്. അൽപ്പം കഴിഞ്ഞ് വീണ്ടും നടക്കുന്നു. മുന്നോട്ടുതന്നെ പോകാൻ എന്തോ അവളെ പ്രേരിപ്പിക്കുന്നുണ്ട്.
ഈശോ മേലങ്കിയും ധരിച്ച് ഒരു  വഴിയാത്രക്കാരനായി അവളുടെ സമീപെ തന്നെ നടക്കുന്നു. സ്ത്രീ അവനെ നോക്കുന്നില്ല. അവൾ സ്വന്തം ദുഃഖത്തിൽ ആമഗ്നയായി നടക്കുന്നു. ഈശോ അവളോട് ചോദിക്കുന്നു: "സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? എവിടെ നിന്നാണ് നീ വരുന്നത്? എങ്ങോട്ടാണ് ഒറ്റയ്ക്കു പോകുന്നത്?"
"ഞാൻ ജറുസലേമിൽ നിന്നു വരുന്നു. വീട്ടിലേക്കാണു പോകുന്നത്."
"ദൂരെയാണോ?"
"ജോപ്പായുടേയും സെസ്സേറിയായുടേയും മദ്ധ്യത്തിലാണെന്നു പറയാം."
"നടന്നു പോകയോ?"
"താഴ്വരയിൽ വച്ച് മോഡിനിൽ എത്തുന്നതിനു മുമ്പ് കൊള്ളക്കാർ എന്റെ കഴുതയേയും അതിന്മേൽ വച്ചിരുന്നതുമെല്ലാം അപഹരിച്ചു."
"നീ ഒറ്റയ്ക്കു വന്നതു വിവേകമായില്ല. പെസഹായ്ക്ക് ഒറ്റയ്ക്കു വരുന്ന പതിവില്ലല്ലോ?"
"ഞാൻ പെസഹായ്ക്കു വന്നതല്ല. ഞാൻ വീട്ടിലിരിക്കയായിരുന്നു. കാരണം, എനിക്കു രോഗിയായ ഒരു  മകനുണ്ട്. ഇപ്പോഴും ഉണ്ടെന്നു ഞാൻ  വിചാരിക്കുന്നു. എന്റെ ഭർത്താവ് മറ്റുള്ള ആളുകളുടെ കൂടെപ്പോയി. അവനാദ്യം പോകാൻ ഞാൻ  അനുവദിച്ചു. നാലു ദിവസം കഴിഞ്ഞാണ്‌ ഞാൻ പുറപ്പെട്ടത്. കാരണം, ഞാൻ  പറഞ്ഞു,  റബ്ബി  പെസഹായ്ക്ക് 
തീർച്ചയായും ജറുസലമിൽ ഉണ്ടായിരിക്കും; ഞാനവനെ അന്വേഷിക്കും. എനിക്കു പേടിയുണ്ടായിരുന്നു; എങ്കിലും ഞാൻ പറഞ്ഞു, ഞാൻ തെറ്റു ചെയ്യുന്നില്ലല്ലോ.... ദൈവം കാണുന്നു. ഞാൻ വിശ്വസിക്കുന്നു. അവൻ നല്ലവനാണെന്ന് എനിക്കറിയാം... അവൻ എന്നെ നിരസിക്കയില്ല; കാരണം..." ഭയപ്പെട്ടതുപോലെ പെട്ടെന്നവൾ സംസാരം നിർത്തി. അവളുടെ സമീപെ നടക്കുന്ന മനുഷ്യനെ നോക്കി. അവൻ ആകെ മൂടിപ്പുതച്ചിരിക്കുന്നു. കണ്ണുകൾ മാത്രം കഷ്ടിച്ചുകാണാം.
"എന്തുകൊണ്ടാണ് നീ മൗനിയായത്? നിനക്കെന്നെ ഭയമാണോ? നീ അന്വേഷിക്കുന്നവന്റെ ശത്രുവാണു ഞാൻ എന്നു നീ വിചാരിക്കുന്നുണ്ടോ? കാരണം  നസ്രസ്സിലെ റബ്ബിയെയാണു നീ അന്വേഷിക്കുന്നത്; നിന്റെ വീട്ടിൽ വന്ന് ബാലനെ സുഖപ്പെടുത്തണം എന്നാവശ്യപ്പെടണം, ഭർത്താവ് ദൂരെയായിരിക്കുന്ന സമയത്ത്."
"നീ ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. നീ പറഞ്ഞത് ശരിയാണ്. പക്ഷേ ഞാൻ പട്ടണത്തിലെത്തിയപ്പോൾ ഗുരു മരിച്ചു കഴിഞ്ഞു... " കണ്ണീർ അവൾക്ക് ശ്വാസതടസ്സം വരുത്തി.
"അവൻ ഉയിർത്തു. നീ അതു വിശ്വസിക്കുന്നില്ലേ?"
"എനിക്കറിയാം.... ഞാനത് വിശ്വസിക്കുന്നു. പക്ഷേ ഞാൻ.....  പക്ഷേ ഞാൻ..... കുറെ ദിവസങ്ങൾ ഞാൻ വിചാരിച്ചു ഞാനവനെ കാണുമെന്ന്. അവർ പറയുന്നു, അവൻ ചിലയാളുകൾക്ക് കാണപ്പെട്ടുവെന്ന്... അതിനാൽ ഞാനെന്റെ യാത്ര നീട്ടിവച്ചു. എന്നും അതൊരു പീഡനമായിരുന്നു... കാരണം എന്റെ മകൻ അത്രയ്ക്കും രോഗിയാണ്.  എന്റെ മനസ്സ് രണ്ടുവിധത്തിൽ ചിന്തിച്ചു; ഞാൻ തിരിച്ചുപോയി അവന്റെ മരണസമയത്ത് അവന് ആശ്വാസം നൽകണമോ അതോ ഗുരുവിനെ അന്വേഷിച്ച് തുടർന്ന് താമസിക്കണമോ? ഗുരു എന്റെ വീട്ടിൽ വരണമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; എന്നാൽ അവനെ  സുഖപ്പെടുത്താം എന്നു പറഞ്ഞെങ്കിൽ മതിയായിരുന്നു.."
"അതു നീ  വിശ്വസിക്കുമായിരുന്നോ? ദൂരെ നിന്ന് അതു ചെയ്യാൻ അവനു സാധിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ?"
"ഞാൻ വിശ്വസിക്കുന്നു... ഓ! അവനെന്നോട് ഇങ്ങനെ പറഞ്ഞെങ്കിൽ  മതിയായിരുന്നു; സമാധാനത്തിൽ പോവുക, നിന്റെ മകൻ സുഖം പ്രാപിക്കും. ഞാൻ സംശയിക്കയില്ല...   എന്നാൽ എനിക്കതിന് അർഹതയില്ല... കാരണം..."  അവൾ കരയുകയാണ്. ശിരോവസ്ത്രം അധരങ്ങളിലേക്കു ചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്നു. 
"കാരണം, നിന്റെ ഭർത്താവ്  യേശുക്രിസ്തുവിനെ കുറ്റപ്പെടുത്തുകയും കുരിശിൽ തറയ്ക്കുകയും ചെയ്തവരിൽ ഒരുവനാണ്. എന്നാൽ  യേശുക്രിസ്തു മിശിഹായാണ്. അവൻ ദൈവമാണ്. ദൈവം നീതിമാനാണ്. സ്ത്രീയേ, കുറ്റക്കാരനായ ഒരുവൻ നിമിത്തം, കുറ്റമില്ലാത്തവനെ അവൻ ശിക്ഷിക്കയില്ല. ഒരു പിതാവ് പാപിയായതു കൊണ്ട് അവൻ ഒരമ്മയെ പീഡിപ്പിക്കുകയില്ല. യേശുക്രിസ്തു ജീവിക്കുന്ന കാരുണ്യമാണ്."
"ഓ! നീ ഒരുപക്ഷേ, അവന്റെ അപ്പസ്തോലന്മാരിൽ ഒരുവനാണോ? അവൻ എവിടെയാണെന്ന് ഒരുപക്ഷേ നിനക്കറിയാമായിരിക്കും. നീ... ഒരുപക്ഷേ ഇക്കാര്യം എന്നോടു പറയാൻ അവൻ നിന്നെ അയച്ചതായിരിക്കും. അവൻ എന്റെ പ്രാർത്ഥന കേട്ടു; എന്റെ ദുഃഖം കണ്ടു. എന്റെ വിശ്വാസവും കണ്ടു. തോബിയാസിന്റെ പക്കലേക്കു് അത്യുന്നതൻ റപ്പായേലിനെ അയച്ചതുപോലെ അവൻ നിന്നെ എന്റെ പക്കലേക്കു്  അയച്ചിരിക്കയാണ്. ഇതു ശരിയാണോ എന്ന് എന്നോടു പറയൂ... ഞാനിപ്പോൾ ക്ഷീണിതയാണെങ്കിലും എനിക്കു പനി പിടിച്ചതുപോലെ തോന്നുന്നുണ്ടെങ്കിലും ഞാൻ തിരിച്ചുപോയി കർത്താവിനെ അന്വേഷിച്ചുകൊള്ളാം."
"ഞാൻ അപ്പസ്തോലനല്ല. എന്നാൽ  അപ്പസ്തോലന്മാർ അവന്റെ ഉയിർപ്പിനുശേഷം അനേക ദിവസങ്ങൾ  ജറുസലമിൽ  ഉണ്ടായിരുന്നു."
"അതു  സത്യമാണ്... എനിക്ക് അവരോടു ചോദിക്കാമായിരുന്നു."
"അങ്ങനെ, അവർ  ഗുരുവിന്റെ തുടർച്ചയാണ്."
"അവർക്കു് അത്ഭുതം ചെയ്യുവാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല."
"അവർ  എപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്."
"എന്നാൽ ഇപ്പോൾ... ഞാൻ  കേട്ടത് അവരിൽ ഒരുവൻ മാത്രമേ വിശ്വസ്തനായിരുന്നുള്ളൂ എന്നാണു്. ഞാൻ വിചാരിച്ചില്ല....."
"ശരിയാണ്. നിന്റെ ഭർത്താവ്  നിന്നോടങ്ങനെ പറഞ്ഞു. അവന്റെ തെറ്റായ വിജയാഹ്ളാദത്തിൽ നിന്നെ അവൻ നിന്ദിക്കയായിരുന്നു. എന്നാൽ ഞാൻ നിന്നോടു പറയുന്നു, മനുഷ്യൻ പാപം ചെയ്യാന്‍ പാടുണ്ട്. കാരണം, ദൈവം മാത്രമേ പരിപൂർണ്ണനായിട്ടുള്ളൂ. മനുഷ്യന് അനുതപിക്കാൻ കഴിയും. അവൻ  അനുതപിക്കയാണെങ്കിൽ അവന്റെ ശക്തി 
വർദ്ധിക്കും. ദൈവം  തന്റെ കൃപ അവനിൽ വർദ്ധിപ്പിക്കുന്നു. അത്യുന്നതനായ കർത്താവ് ദാവീദിനു മാപ്പു നൽകിയില്ലേ?"
"എന്നാൽ നീ ആരാണ്? ഇത്ര ശാന്തനായും ജ്ഞാനത്തോടെയും സംസാരിക്കുന്ന നീ അപ്പസ്തോലനല്ലെങ്കിൽ പിന്നെ ആരാണ്? ഒരുപക്ഷേ  എന്റെ മകൻ അന്ത്യശ്വാസം വലിച്ചിട്ടുണ്ടാകും... എന്നെ ഒരുക്കുവാനായിരിക്കും നീ വന്നത്?"
ഈശോ തന്റെ മേലങ്കി താഴെ വീഴ്ത്തി. സാധാരണക്കാരനായ തീർത്ഥാടകന്റെ രൂപം മാറി; മഹത്വീകൃതനായ ദൈവമനുഷ്യൻ. മരിച്ചവരിൽ നിന്നുയിർത്തവൻ. കാരുണ്യം നിറഞ്ഞ മഹിമയോടെ ഈശോ പറയുന്നു: "ഇത് ഞാനാണ്. കുരിശിൽ തറയ്ക്കപ്പെട്ട മിശിഹാ. ഞാനാണ് പുനരുത്ഥാനവും ജീവനും. സ്ത്രീയേ പൊയ്ക്കൊള്ളുക. നിന്റെ മകൻ ജീവിച്ചിരിക്കുന്നു. കാരണം, നിന്റെ വിശ്വാസത്തിനു ഞാൻ പ്രതിസമ്മാനം നൽകുന്നു.  
നിന്റെ മകൻ സുഖം പ്രാപിച്ചു. നസ്രസ്സിലെ റബ്ബി അവന്റെ ദൗത്യം പൂർത്തിയാക്കിയെങ്കിൽ, ഇമ്മാനുവലായ അവൻ, അവന്റെ ദൗത്യം കാലത്തിന്റെ അന്ത്യം വരെ തുടരുന്നു. ഏകവും ത്രിത്വവുമായ ദൈവത്തിൽ വിശ്വാസവും  പ്രത്യാശയും സ്നേഹവും അർപ്പിച്ചിരിക്കുന്നവർക്ക് അത് ലഭിക്കും. അവതരിച്ച വചനം, ആ ത്രിത്വത്തിൽ ഒരുവനാണ്. ദൈവികസ്നേഹത്താൽ അവൻ സ്വർഗ്ഗം വിട്ടിറങ്ങി വന്നു; പഠിപ്പിക്കുവാൻ, സഹിക്കുവാൻ, മനുഷ്യർക്ക് ജീവൻ പ്രദാനം ചെയ്യുന്നതിനായി മരിക്കുവാൻ. സ്ത്രീയേ, സമാധാനത്തിൽ പോകുവിൻ. വിശ്വാസത്തിൽ ദൃഢതയുള്ളവളായിരിക്കുവിൻ."


ഈശോ അവളെ  അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനാകുന്നു.

ഈശോ യൂദാസിന്റെ അമ്മയ്ക്കു പ്രത്യക്ഷപ്പെടുന്നു

ഈശോയെ ഒറ്റിക്കൊടുത്ത അപ്പസ്തോലൻ യൂദാ സ്കറിയോത്തായുടെ അമ്മയും സൈമണിന്റെ ഭാര്യയുമായ മേരി, ഈശോയുടെ വനിതാശിഷ്യഗണത്തിലെ ഒരംഗമായിരുന്നു. യൂദാസിന്റെ ദുഃസ്വഭാവത്തെയോർത്ത് വളരെ വേദനിച്ചിരുന്ന മേരിയെ ഈശോ പലപ്പോഴും അതീവ സ്നേഹത്തോടെ ആശ്വസിപ്പിച്ചിരുന്നു. 
               ഈശോയുടെ അപ്പസ്തോലനാകുന്നതിനു മുമ്പ് യൂദാസ്, മേരിയുടെ കൂട്ടുകാരിയായ അന്നയുടെ മകൾ യോവന്നായുമായി വിവാഹവാഗ്ദാനം നടത്തിയിരുന്നെന്നും എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ യൂദാസ് അതിൽനിന്നു പിന്മാറുകയാൽ യോവന്നാ ഹൃദയം തകർന്ന് മരിച്ചുവെന്നും അന്നുമുതൽ തന്റെ കൂട്ടുകാരിയും യോവന്നായുടെ അമ്മയുമായ അന്ന തന്നോട് കടുത്ത ശത്രുതയിലാണ് കഴിയുന്നതെന്നും, ഒരിക്കൽ യൂദാസിന്റെ  കറിയോത്തിലെ ഭവനത്തിലെത്തിയപ്പോൾ ഈശോയോട് മേരി പറയുകയും ആ ശത്രുത അവസാനിപ്പിക്കുവാൻ ഈശോയുടെ സഹായം തേടുകയുമുണ്ടായി. അന്ന് മേരിയുടെ  അഭ്യർത്ഥന പ്രകാരം, ഈശോ മേരിയുമൊത്ത് അന്നയുടെ ഭവനം സന്ദർശിക്കുകയും മകളുടെ മരണത്തിൽ മനംനൊന്ത് രോഗിയായിത്തീർന്നിരുന്ന അന്നയെ സമാധാനിപ്പിക്കുകയും സൗഖ്യമാക്കുകയും  ചെയ്തു. അന്ന് ഈശോ അന്നയോട് ഒരു പ്രത്യേകസഹായം ആവശ്യപ്പെടുകയും ചെയ്തു. അതായത്, യൂദാസിന്റെ  അമ്മ മേരി, കറിയോത്തിലെ എല്ലാവരാലും വെറുക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു സമയം വരും. അന്ന്, യൂദാസിന്റെ  അമ്മ മേരിയെ കൈവിടരുത് എന്ന് ഈശോ അന്നയോട്  ആവശ്യപ്പെട്ടു. അന്ന, അപ്രകാരം ഈശോയ്ക്ക് വാഗ്ദാനം നൽകുകയും ഈശോയുടെ മരണശേഷം ജനങ്ങളാൽ അധിക്ഷേപിക്കപ്പെടുകയും ഹൃദയതാപത്താൽ രോഗിയായി ശയ്യാവലംബിയായിത്തീരുകയും ചെയ്ത മേരിയെ സ്വഭവനത്തിൽ സ്വീകരിച്ച് ശുശ്രൂഷിക്കുകയും ചെയ്തു.  അന്നയുടെ ഈ ഭവനത്തിൽ വച്ച് ഈശോ ഉത്ഥാനശേഷം       അവർക്കു പ്രത്യക്ഷനാകുന്നു.
                    യോവന്നായുടെ അമ്മ അന്നയുടെ വീട്. ഈ വീട്ടിൽ ഒരു  സ്ത്രീ മുറിയിൽ കട്ടിലിന്മേൽ കിടക്കുന്നു. മാരകമായ മനോവേദനയാൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വിരൂപയായിത്തീർന്നിരിക്കുന്ന ഒരു  സ്ത്രീ.... അവളുടെ മുഖം ശോഷിച്ച് തൊലി മാത്രമായി. പനികൊണ്ട് അത് ചുവന്ന് കവിളിന്റെ എല്ലിന്മേൽ തിളങ്ങുന്നു. കവിളുകൾ ഒട്ടി കുഴിഞ്ഞിരിക്കുന്നു. പനിയുടെ ചുവപ്പില്ലാത്ത ഭാഗമെല്ലാം വെറും മഞ്ഞനിറം. കരങ്ങൾ വിരിപ്പിന്മേൽ തളർന്നു കിടക്കുന്നു. കിതപ്പിനനുസരിച്ച് വിരിപ്പുകൾ അനങ്ങുന്നുണ്ട്. 
                           രോഗിണിയായ ഈ സ്ത്രീ യൂദാസിന്റെ  അമ്മയാണ്. അവളുടെയടുത്ത്   യോവന്നായുടെ  അമ്മ  അന്നയുണ്ട്.   അവൾ രോഗിണിയുടെ വിയർപ്പും കണ്ണീരും തുടയ്ക്കുന്നു. അവളുടെ  അഴിഞ്ഞു കിടക്കുന്ന     മുടിയിലും     കൈകളിലും      തലോടുന്നു.    അന്ന കരഞ്ഞുകൊണ്ട്   ആശ്വാസവാക്കുകൾ    പറയുന്നു;    "മേരി, കരയാതിരിക്കൂ... കരഞ്ഞതു മതി; അവൻ പാപംചെയ്തു... പക്ഷേ, നിനക്കറിയാമല്ലോ,     കർത്താവായ     ഈശോ     എങ്ങനെ....."
                            "മിണ്ടാതിരിക്കൂ......       ആ പേര്...    എന്നോട്.....     എന്നോട്.....  പറയുമ്പോൾ  അത്    അശുദ്ധമാക്കപ്പെടുകയാണ്.     ഞാൻ.... കായേന്റെ ....    അമ്മ....    ദൈവത്തിന്റെ     കായേൻ ....     ഹാ!" 
                                    ശാന്തമായിരുന്ന     അവളുടെ     കരച്ചിൽ      ഹൃദയഭേദകമായി പൊട്ടിപ്പുറപ്പെട്ടിരിക്കയാണ്.    ശ്വാസംമുട്ടൽ    അനുഭവപ്പെടുന്ന അവൾ,    സ്നേഹിതയുടെ    കഴുത്തിൽ   ബലം   പിടിച്ച് അൽപ്പം പിത്തവെള്ളം ഛർദ്ദിച്ചു.
                    "സമാധാനം, സമാധാനം, മേരീ... കർത്താവായ അവൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിന്നെ ബോദ്ധ്യപ്പെടുത്താൻ ഞാനെന്താണ് പറയേണ്ടത്?   ഞാനത് ആവർത്തിച്ചു പറയുന്നു. എനിക്കേറ്റവും വിശുദ്ധമായ   വസ്തുക്കൾ   സാക്ഷിയായി   ഞാൻ ശപഥം ചെയ്തു പറയുന്നു;  എന്റെ രക്ഷകന്റേയും എന്റെ കുഞ്ഞിന്റേയും പേരിൽ ശപഥം  ചെയ്തു പറയുന്നു;   നീ   അവനെ   എന്റെ    പക്കലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോൾ അവൻ പറഞ്ഞിരുന്നു, അവൻ നിനക്ക് പരിധിയില്ലാത്ത     സ്നേഹത്തിന്റെയും      പരിപാലനയുടേയും വാക്കുകളാണ് തന്നിട്ടുള്ളത്.   നീ കുറ്റമില്ലാത്തവളാണ്. അവൻ നിന്നെ സ്നേഹിക്കുന്നു. എനിക്കുറപ്പാണ്... നല്ല ഉറപ്പാണ്. അവൻ വീണ്ടും അവനെത്തന്നെ സമർപ്പിക്കും, രക്തസാക്ഷിണിയായ അമ്മേ, നിനക്കു സമാധാനം നൽകുന്നതിന്..."
                            "ദൈവത്തിന്റെ   കായേന്    ജന്മം  നൽകിയ അമ്മ... നിനക്കിതു കേൾക്കാൻ    കഴിയുന്നുണ്ടോ...?    ആ കാറ്റ്...      വെളിയിൽ... അതങ്ങനെയാണ്   പറയുന്നത്....   ആ സ്വരം   ലോകം മുഴുവൻ എത്തുന്നു...   സൈമണിന്റെ  ഭാര്യ മേരി...   യൂദാസിന്റെ  അമ്മ ... യൂദാസ് ...   ഗുരുവിനെ വഞ്ചനയാൽ ഏൽപ്പിച്ചു കൊടുത്തവൻ... കൊലയാളികൾക്ക് ഏൽപ്പിച്ചു കൊടുത്തവൻ... യൂദാസിന്റെ  അമ്മ ... നിനക്കതു കേൾക്കാൻ കഴിയുന്നുണ്ടോ? എല്ലാം അങ്ങനെയാണു പറയുന്നത്... അവിടെയുള്ള ആ അരുവി, ആ പ്രാവുകൾ, ആ ആട്ടിൻപറ്റങ്ങൾ.... ഭൂമി മുഴുവനും ഉച്ചത്തിൽ പറയുന്നു... വേണ്ട... എനിക്ക് ആരോഗ്യം വീണ്ടു കിട്ടേണ്ട... എന്നെ ശിക്ഷിക്കയില്ല.. എന്നാൽ ഇവിടെ... ഇല്ല, ലോകം ക്ഷമിക്കയില്ല... ഞാൻ ഭ്രാന്തിയായിപ്പോകുന്നു... കാരണം ലോകം കൂവിപ്പറയുന്നു... നീ യൂദാസിന്റെ  അമ്മയാണ്..."

                         അവൾ    അവശയായി   തലയണകളിൽ    തളർന്നു വീഴുന്നു.     അന്ന, അവൾക്കു പരിചരണം നൽകി
 സമാധാനപ്പെടുത്തിയ ശേഷം വൃത്തിഹീനമായ തുണികളുമായി പുറത്തേക്കു പോകുന്നു.
                       മരിച്ചതുപോലെ വിളറിക്കിടക്കുന്ന മേരി തേങ്ങുന്നു.... "യൂദാസിന്റെ  അമ്മ... യൂദാസ് ... യൂദാസ് ..  എന്നാൽ  യൂദാസ് എന്താണ്? ഞാൻ എന്തിനെയാണ് പ്രസവിച്ചത്...?"

             ഈശോ   മുറിയിൽ വന്നു.   ചലിക്കുന്ന ഒരു  പ്രകാശം.   ഈശോ ശാന്തമായി വിളിക്കുന്നു:   "മേരീ,   സൈമണിന്റെ ഭാര്യ മേരീ..."
                     ആ സ്ത്രീയുടെ മനസ്സ് സ്വസ്ഥമല്ല. ഈശോയുടെ വിളി അവൾ  കാര്യമാക്കിയില്ല. അവളുടെ  മനസ്സ് വളരെ വിദൂരത്താണ്. മനസ്സിനെ   അലട്ടുന്ന   ആശയങ്ങൾ    അവൾ    യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരിക്കയാണ്. "യൂദാസിന്റെ  അമ്മ...  ഞാൻ  എന്തിനെയാണ്  പ്രസവിച്ചത്...    ലോകം  ആക്രോശിക്കുന്നു... യൂദാസിന്റെ  അമ്മ..."

                        ഈശോയുടെ ശാന്തമായ കൺകോണുകളിൽ കണ്ണീർത്തുള്ളികൾ നിറഞ്ഞു. ഈശോ കുനിഞ്ഞ് പനി പിടിച്ച ആ നെറ്റിത്തടത്തിൽ കൈവയ്ക്കുന്നു. ഈശോ പറയുന്നു: "പാവം! ദുരിതം അനുഭവിക്കുന്ന സ്ത്രീ ... ലോകം  സ്വരം വയ്ക്കുന്നെങ്കിൽ ദൈവം   അതിലും    ഉച്ചത്തിൽ    നിന്നോടു     പറയുന്നു:  സമാധാനമായിരിക്കുക;   കാരണം ഞാൻ നിന്നെ  സ്നേഹിക്കുന്നു. എന്നെ നോക്കൂ, പാവം അമ്മേ, നിന്റെ നഷ്ടപ്പെട്ട അരൂപി സ്വരൂപിച്ച് എന്റെ കൈകളിൽ വയ്ക്കുക. ഞാൻ  ഈശോയാണ്."
                        മേരി ഏതോ പേടിസ്വപ്നത്തിൽ നിന്നുണർന്നു വരുന്നതു പോലെ കണ്ണുകൾ തുറക്കുന്നു. അവൾ  കർത്താവിനെക്കാണുന്നു. അവന്റെ കരം അവളുടെ നെറ്റിത്തടത്തിൽ  വച്ചിരിക്കയാണെന്നു മനസ്സിലാക്കുന്നു.   അവൾ      വിറയ്ക്കുന്ന     കൈകൾ    കൊണ്ടു മുഖംപൊത്തിക്കരയുന്നു;     "എന്നെ ശപിക്കരുതേ...    ഞാൻ   ഇവനെയാണ്                  പ്രസവിക്കാൻ                   പോകുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ എന്റെ ഗർഭപാത്രം വലിച്ചുകീറി അവൻ ജനിക്കുവാൻ ഇടയാക്കുകയില്ലായിരുന്നു."
                   "അപ്പോൾ നീ പാപം ചെയ്യുമായിരുന്നു മേരീ! ഓ! മേരീ! മറ്റൊരാളിന്റെ പാപം നിമിത്തം നിന്റെ നീതിയുടെ പാതയിൽനിന്ന് നീ വിട്ടുപോകരുത്. തങ്ങളുടെ ചുമതലകൾ നിർവ്വഹിച്ച അമ്മമാർ, തങ്ങളുടെ മക്കളുടെ പാപങ്ങൾക്ക് ഉത്തരവാദികളാണെന്ന് വിചാരിക്കരുത്. മേരീ... നീ നിന്റെ കടമ നിർവ്വഹിച്ചു. നിന്റെ ക്ഷീണിച്ച കരങ്ങൾ ഇങ്ങുതരൂ... നീ ശാന്തമാകൂ... പാവം അമ്മ!"

             "ഞാൻ യൂദാസിന്റെ അമ്മയാണ്... പിശാച് സ്പർശിച്ച എല്ലാ സാധനങ്ങളും പോലെ ഞാൻ  അശുദ്ധയാണ്... ഒരു പിശാചിന്റെ അമ്മ... എന്നെ സ്പർശിക്കരുതേ..." അവളെ താങ്ങുവാൻ ആഗ്രഹിക്കുന്ന കരങ്ങൾ ഒഴിവാക്കുവാൻ അവൾ ശ്രമിക്കുന്നു.

               ഈശോയുടെ  കണ്ണുകളിൽ നിറഞ്ഞുനിന്ന രണ്ടുതുള്ളി കണ്ണീർ, പനി കൊണ്ടു പൊള്ളുന്ന അവളുടെ മുഖത്തേക്കു വീണു. "നിന്നെ ഞാൻ ശുദ്ധീകരിച്ചിരിക്കുന്നു മേരീ... എന്റെ സഹതാപക്കണ്ണീർ നിന്റെമേൽ   വീണിരിക്കുന്നു.    എന്റെ   ദുഃഖങ്ങൾ    ഞാൻ ഉൾക്കൊണ്ടശേഷം മറ്റൊരുത്തരുടേയും മേൽഎന്റെ കണ്ണീർ ഞാൻ വീഴ്ത്തിയിട്ടില്ല." അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് കട്ടിലിന്റെ വക്കിൽ ഈശോ ഇരിക്കുന്നു. 

                                           ഈശോയുടെ തിളങ്ങുന്ന കണ്ണുകളിലെ സഹതാപം     അവളെ     ആവരണം     ചെയ്യുന്നു.    അവളെ സുഖപ്പെടുത്തുന്നു.    അവൾ    ശാന്തമായി  കരഞ്ഞുകൊണ്ട്
ചോദിക്കുന്നു; "നിനക്ക് എന്നോട് ഒരു വിഷമവുമില്ലേ?"

                "എനിക്കുള്ളത് സ്നേഹമാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. സമാധാനമായിരിക്കുക."

                     "നീ ക്ഷമിക്കുന്നു. എന്നാൽ ലോകം! നിന്റെ അമ്മ!  അവൾ എന്നെ വെറുക്കും."
                     "അവൾ ഒരു സഹോദരിയായിട്ടാണ് നിന്നെക്കുറിച്ച് ചിന്തിക്കുന്നത്. ലോകം ക്രൂരമാണ്; അതു ശരി. എന്നാൽ  എന്റെ അമ്മ    സ്നേഹത്തിന്റെ     അമ്മയാണ്.     അവൾ നല്ലവളാണ്. നിനക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. എല്ലാം ശാന്തമായിക്കഴിയുമ്പോൾ അവൾ  നിന്റെ പക്കലേക്കു വരും. സമയം എല്ലാം ശാന്തമാക്കും."

"നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ മരിപ്പിക്കുക."

"അൽപ്പം കൂടെ കഴിഞ്ഞുകൊള്ളട്ടെ. നിന്റെ മകന് എനിക്കൊന്നും തരാൻ കഴിവുണ്ടായില്ല. സഹനത്തിന്റെ ഒരു കാലം നീയെനിക്കു തരും. അത് ചെറിയ ഒരു കാലമായിരിക്കും."

"എന്റെ മകൻ നിനക്കു വളരെയധികം തന്നു; പരിധിയില്ലാത്ത ഭയങ്കര തിക്താനുഭവങ്ങൾ..."

"നീ നിന്റെ പരിധിയില്ലാത്ത ദുഃഖങ്ങളും.  ഭീകരാനുഭവങ്ങൾ കടന്നുപോയി. അവ കൊണ്ട് ഒരുപകാരവുമില്ല. എന്നാൽ നിന്റെ ദുഃഖം കൊണ്ട് പ്രയോജനമുണ്ട്. അത് എന്റെ മുറിവുകളോടു ചേരുന്നു. നിന്റെ കണ്ണീരും എന്റെ രക്തവും ലോകത്തെ കഴുകി ശുദ്ധിയാക്കുന്നു. ലോകത്തെ കഴുകുവാൻ എല്ലാ ദുഃഖങ്ങളും ഒരുമിച്ചു ചേരുന്നു. നിന്റെ കണ്ണുനീർ, എന്റെ രക്തത്തിന്റെയും എന്റെ അമ്മയുടെ കണ്ണീരിന്റെയും ഇടയ്ക്കുണ്ട്. അവയ്ക്കു ചുറ്റും വിശുദ്ധരായ എല്ലാവരുടേയും കണ്ണീരുണ്ട്. അവർ ക്രിസ്തുവിനു വേണ്ടിയും മനുഷ്യർക്കു വേണ്ടിയും സഹിക്കുന്നവരാണ്... പാവം മേരി!"
അവൻ അവളെ മെല്ലെ കിടത്തി അവൾ മെല്ലെ ശാന്തയാകുന്നതു നോക്കി നിൽക്കുന്നു.

              അന്ന തിരിച്ചുവന്നു. അവൾ വാതിൽപ്പടിക്കൽ സ്തംഭിച്ചു നിന്നുപോയി. ഈശോ അവളെ  നോക്കിക്കൊണ്ടു പറയുന്നു: "നീ എന്റെ   ആഗ്രഹപ്രകാരം  ചെയ്തു.   അനുസരണയുള്ളവർക്ക് സമാധാനമുണ്ട്. നിന്റെ ആത്മാവ് എന്നെ മനസ്സിലാക്കി. നീ എന്റെ സമാധാനത്തിൽ ജീവിക്കുക."

             ഈശോ വീണ്ടും മേരിയെ നോക്കുന്നു. അവൾ കണ്ണീർ ധാരധാരയായി ഒഴുക്കിക്കൊണ്ട്, എന്നാൽ ശാന്തമായി ഈശോയെ  നോക്കുന്നുണ്ട്. ഈശോ അവളെ നോക്കി പുഞ്ചിരി തൂകുന്നു. ഇങ്ങനെ പറയുകയും ചെയ്യുന്നു: "നിന്റെ പ്രത്യാശ കർത്താവിൽ വയ്ക്കുവിൻ. അവൻ സകലവിധ ആശ്വാസങ്ങളും നിനക്കു തരും." അവൻ അവളെ  അനുഗ്രഹിച്ചുകൊണ്ട് പോകാൻ തുടങ്ങുന്നു.
മേരി ശക്തി സംഭരിച്ച് ഉച്ചത്തിൽക്കരഞ്ഞുകൊണ്ട് പറയുന്നു; "ആളുകൾ പറയുന്നത് എന്റെ മകൻ ഒരു ചുംബനം വഴിയാണ് നിന്നെ  ശത്രുക്കൾക്കു കാണിച്ചുകൊടുത്തതെന്നാണ്. 
കർത്താവേ, അതു സത്യമാണോ? ആണെങ്കിൽ, നിന്റെ കരങ്ങൾ  ചുംബിച്ചുകൊണ്ട് അതു  കഴുകിക്കളയുവാൻ എന്നെ അനുവദിക്കണമേ... എനിക്കു മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല... അത് ഇല്ലാതാക്കാൻ വേറൊന്നും എനിക്കു ചെയ്യുവാനില്ല..." അവൾക്ക് ആഴമായ ദുഃഖം.

ഈശോ തന്റെ കരം അവൾക്ക്  ചുംബിക്കുവാൻ കൊടുക്കുന്നില്ല. മഞ്ഞുപോലെ ധവളമായ അവന്റെ അങ്കിയുടെ വീതികൂടിയ കൈ, മുറിവിനെ മറച്ച് അത്രയും ഇറങ്ങിയാണ് കിടക്കുന്നത്. ഈശോ അവളുടെ ശിരസ്സ്‌ കൈകളിലെടുത്ത് കുനിഞ്ഞ് ആ ദൈവികമായ അധരങ്ങൾ കൊണ്ട് പനിപിടിച്ച നെറ്റിയിൽ മെല്ലെ  ചുംബിച്ചു. നിവർന്നുനിന്ന് വീണ്ടും അവളോടു പറയുന്നു: "എന്റെ ചുംബനവും വേറെയൊരുത്തർക്കും ഇത്രയധികം എന്നിൽനിന്ന് കിട്ടിയിട്ടില്ല. അതിനാൽ സമാധാനമായിരിക്കൂ! കാരണം, നമുക്ക് പരസ്പരം സ്നേഹമല്ലാതെ മറ്റൊന്നുമില്ല."

അവളെ  അനുഗ്രഹിച്ചശേഷം  ഈശോ മുറിയിൽ നിന്ന് അന്നയുടെ പുറകിലൂടെ കടന്നുപോകുന്നു. അന്ന, മുന്നോട്ടു ചെല്ലുവാൻ ധൈര്യപ്പെടാതെ തരളിതയായി കരയുന്നു...

Saturday, May 14, 2011

ഈശോ പത്രോസിനെ സഭയുടെ തലവനായി നിയോഗിക്കുന്നു

            ഇല പോലും അനങ്ങാതെ ശ്വാസം മുട്ടിക്കുന്ന ഒരു രാത്രി. ആകാശം നിറയെ നക്ഷത്രങ്ങളുണ്ട്. തടാകത്തിലൂടെ ചില ചെറുവഞ്ചികൾ സഞ്ചരിക്കുന്നുണ്ട്. 
            തടാകതീരത്തുള്ള ഒരു കൂരയിൽ നിന്ന് പത്രോസ് തല പുറത്തേക്കിട്ടു നോക്കുന്നു. അവൻ ആകാശത്തിലേക്കു നോക്കുന്നു; പിന്നെ തടാകത്തിലേക്കും നോക്കുന്നു. അവൻ തീരത്തിന്റെ വക്കു വരെ പോകുന്നു. പിന്നീടു് വെള്ളത്തിലിറങ്ങി നീന്തി, കൈനീട്ടി ഒരു വഞ്ചിയുടെ വക്കിൽ തടവുന്നു. സബദീപുത്രന്മാരായ ജോണും ജയിംസും അവിടേയ്ക്കെത്തി.
"നല്ല രാത്രി."
"ചന്ദ്രൻ ഉടനെ ഉയരും."
"മീൻ പിടിക്കുന്ന രാത്രി."
"പക്ഷേ തുഴയണം."
"കാറ്റ് അശേഷമില്ല."
"എന്തു ചെയ്യും?"
"നമ്മൾ പോകണം. പിടിക്കുന്ന മൽസ്യത്തിൽ കുറച്ചു നമുക്കു വിൽക്കാം."
ആൻഡ്രൂ, തോമസ്, ബർത്തലോമിയോ എന്നിവരും എത്തി.
"എത്ര ചൂടുള്ള രാത്രി!"  ബർത്തലോമിയോ പറയുന്നു.
"കൊടുങ്കാറ്റുണ്ടാവുമോ?" തോമസ് ചോദിക്കുന്നു.
"ഓ! ഇല്ല; ശാന്തമാണ്. കട്ടിയായ മൂടൽമഞ്ഞുണ്ടായേക്കും. പക്ഷേ കൊടുങ്കാറ്റുണ്ടാവുകയില്ല. ഞാൻ മീൻ പിടിക്കാൻ പോകയാണ്. ആരാണ് എന്റെ കൂടെ വരുന്നത്?"
"ഞങ്ങളെല്ലാവരും വരുന്നു. ഒരുപക്ഷേ, അവിടെ കുറേക്കൂടെ തണുപ്പുണ്ടായിരിക്കും."
"ഞാൻ പോയി സൈമണിനോടു പറയട്ടെ. അവൻ തനിയെ അവിടെ നിൽക്കുന്നു." ജോൺ പറഞ്ഞു. 
          പത്രോസ് വഞ്ചി ഒരുക്കിത്തുടങ്ങി. ആൻഡ്രൂവും ജയിംസും കൂടെയുണ്ട്.  പഴയ ദിനങ്ങളിലെ സന്തോഷം ഒരുത്തർക്കുമില്ല. 
"ഞങ്ങൾ തയ്യാറായി. വരൂ, നീ അമരത്ത്; നിങ്ങൾ തുഴയുമായി....  നമ്മൾ  പോകുന്നത് എപ്പോസിന്റെ ആ വളവിലേക്കാണ്. അതൊരു നല്ല സ്ഥാനമാണ്‌."
              പത്രോസാണ് വഞ്ചിയുടെ ഗതി നിയന്ത്രിക്കുന്നത്. ബർത്തലോമിയോ അമരത്ത്; തോമസും സൈമണും പണിക്കാരെപ്പോലെ വലയെറിയാൻ തയ്യാറായി നിൽക്കുന്നു. ചന്ദ്രൻ  ഉയർന്നു കഴിഞ്ഞു. 
"നല്ലൊരു കോളു കിട്ടിയാൽ അതൊരനുഗ്രഹമായിരിക്കും. കാരണം,  നമുക്ക് പണമില്ല. നമ്മൾ  റൊട്ടി വാങ്ങി മൽസ്യവും റൊട്ടിയും കൂടെ മലയിലുള്ളവർക്കു കൊണ്ടുചെന്നു കൊടുക്കാം."
"വല തുറക്കൂ, സാവധാനത്തിൽ..... തുഴയുന്നത് വളരെ സാവധാനത്തിൽ..... തുറമുഖത്തേക്കു തിരിയൂ, ബർത്തലോമിയോ... വലിക്കൂ, തിരിയൂ... വലിക്കൂ, തിരിയൂ... വല ശരിക്കു വിരിഞ്ഞാണോ കിടക്കുന്നത്? തുഴ എടുത്തുകൊള്ളൂ... ഇനി നമുക്കു  കാത്തിരിക്കാം." പത്രോസ്  ആജ്ഞാപിക്കുന്നു.
           മണിക്കൂറുകൾ കടന്നുപോയി. ഇടയ്ക്കിടെ വല വലിക്കുന്നു; വലയിലൊന്നുമില്ല.... അവർ വീണ്ടും വലയിറക്കി. വേറെ സ്ഥലത്ത്.... ഒരു  ഭാഗ്യവുമില്ല.... ചന്ദ്രൻ   അസ്തമിച്ചു. പ്രഭാതം പൊട്ടി വിടരുകയാണ്.... മഞ്ഞ് തീരത്തേക്കു പുകഞ്ഞു പായുന്നു. തിബേരിയാസ് മഞ്ഞുകൊണ്ടു മൂടിപ്പോയി. അതിനെ ഒഴിവാക്കാൻ അവർ കിഴക്കു വശത്തേക്കു പോകുന്നു. ആഴങ്ങളും അവയിലെ ആപത്തും അറിയാവുന്ന അവർ, സൂക്ഷിച്ചാണ് തുഴയുന്നത്.
"വഞ്ചിയിൽ പോകുന്നവരേ, നിങ്ങൾക്കു ഭക്ഷിക്കുവാൻ എന്തെങ്കിലുമുണ്ടോ?"  തീരത്തു നിന്ന് ഒരു മനുഷ്യന്റെ സ്വരം കേൾക്കുന്നു. ആ സ്വരം അവരെ ഞെട്ടിച്ചു.
എന്നാലവർ തോളുകൾ ഉയർത്തിക്കൊണ്ട് വലിയ സ്വരത്തിൽ പറയുന്നു; "ഇല്ല." പിന്നെ അവർ പരസ്പരം പറയുന്നു; "നമുക്കെപ്പോഴും തോന്നുന്നത് കേൾക്കുന്നതെല്ലാം അവന്റെ സ്വരമാണെന്നാണ്."
"വഞ്ചിയുടെ  വലതുഭാഗത്തു വലയിറക്കൂ. അപ്പോൾ മീൻ കിട്ടും."
              അവർ വലയിറക്കി. അവർ സംഭ്രമത്തിലാകുന്നു... ചാട്ടം, കുലുക്കം, ഘനം... വഞ്ചി ആ വശത്തേക്കു ചെരിയുന്നു.
"പക്ഷേ, അതു കർത്താവാണ്..." ജോൺ വിളിച്ചുപറയുന്നു.
"കർത്താവോ?... നിനക്കുറപ്പാണോ?" പത്രോസ്  ചോദിക്കുന്നു.
"നിനക്കു സംശയമാണോ? അവന്റെ സ്വരമാണെന്ന് നമ്മൾ  സംശയിച്ചില്ലേ? ഇതാണ് അതിന്റെ തെളിവ്... വലയിൽ നോക്കൂ!! അന്നത്തേതു പോലെ! ഞാൻ  പറയുന്നു ഇതവനാണെന്ന്... ഓ! എന്റെ ഈശോയേ... നീ എവിടെയാണ്?"
എല്ലാവരും കണ്ണുകൾ തുറന്ന് മഞ്ഞിനിടയിലൂടെ നോക്കുന്നു.
                 വല ബലമായി വഞ്ചിയിൽ  ബന്ധിച്ചു. അത് വഞ്ചിയുടെ പിന്നാലെ വലിച്ചുകൊണ്ടു വരുന്നു. അവർ തീരത്തേക്കു തുഴയുന്നു. പത്രോസിന്റെ തുഴ തോമസെടുത്തു. പത്രോസ് ട്രൗസറിന്റെ മുകളിൽ ഒരു ചെറിയ അങ്കി ധരിച്ച് വെള്ളത്തിലേക്ക്‌ ചാടി; ശക്തിയോടെ ആഞ്ഞു നീന്തി വഞ്ചിക്കു മുന്നിലായി തീരത്ത് കാലുകുത്തി. അവിടെ രണ്ടുകല്ലുകൾ അടുപ്പിച്ചുവച്ച് ഇടയ്ക്ക് തീ കത്തിച്ചിട്ടുണ്ട്. തീയുടെയരികിൽ സ്നേഹത്തോടെ പുഞ്ചിരി തൂകിക്കൊണ്ട് ഈശോ നിൽക്കുന്നു.
"കർത്താവേ, കർത്താവേ..." വികാരാവേശത്താൽ ശ്വാസമെടുക്കാൻ കഴിയാത്ത പത്രോസിന് അതു മാത്രമേ പറയാൻ കഴിയുന്നുള്ളൂ. മണലിൽ സാഷ്ടാംഗപ്രണാമം ചെയ്ത് അയാൾ ഈശോയെ ആരാധിക്കുന്നു. 
                  ചരലുള്ള തീരത്ത് വഞ്ചി ഉരഞ്ഞുകയറി, ഉറച്ചു. അവരെല്ലാം സന്തോഷത്താൽ വിസ്മയഭരിതരായി നിൽക്കുന്നു.
"ആ മൽസ്യത്തിൽ ചിലത് ഇവിടെ കൊണ്ടുവരൂ. തീ ശരിയായിരിക്കുന്നു. വന്നു വല്ലതും ഭക്ഷിക്കുവിൻ." ഈശോ കൽപ്പിച്ചു.
            പത്രോസ് വഞ്ചിയിലേക്കോടി വല വലിച്ചു കയറ്റാൻ സഹായിച്ചു. വളഞ്ഞുപുളഞ്ഞു കൊണ്ടിരുന്ന മൽസ്യക്കൂനയിൽ നിന്ന് മൂന്നു വലിയ മൽസ്യങ്ങൾ അവൻ പിടിച്ചെടുത്തു. അവയെക്കൊല്ലുവാൻ വഞ്ചിയുടെ വക്കിൽ അടിച്ചു. പിന്നെ കത്തിയെടുത്ത് വയറു കീറി വൃത്തിയാക്കി. പക്ഷേ കൈകൾ വിറയ്ക്കുന്നു; തണുപ്പു മൂലമല്ല. മൽസ്യം കഴുകിക്കൊണ്ടുചെന്ന് തീയ്ക്കു മീതേ വച്ചു. അതു വേവുന്നതു ശ്രദ്ധിച്ചു കാത്തുനിന്നു. മറ്റുള്ളവർ കർത്താവിനെ ആരാധിക്കുന്നു.
"എല്ലാം ശരിയായി; റൊട്ടി  ഇവിടെ ഇതാ; നിങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചു. അതിനാൽ ക്ഷീണിച്ചിട്ടുണ്ട്. ഇനി അൽപ്പം ഭക്ഷണം കഴിക്കൂ... അത് തയ്യാറായോ പത്രോസേ?"
"ഉവ്വ്, എന്റെ കർത്താവേ..." പത്രോസ് മൽസ്യം എടുത്ത് ഒരിലയിൽ വച്ചു. 
                  ഈശോ ഭക്ഷണം സമർപ്പിച്ചു് ആശീർവ്വദിച്ചു. അപ്പവും മീനും ഭാഗിച്ച് എട്ടുപേർക്കും കൊടുത്തു. ഈശോയും അൽപ്പം രുചിച്ചു. അവർ വളരെ ബഹുമാനത്തോടെ, ആദരവോടെയാണു ഭക്ഷിക്കുന്നത്. ഈശോ അവരെ  നോക്കുകയും പുഞ്ചിരി തൂകുകയും ചെയ്യുന്നു. ഈശോ ചോദിക്കുന്നു: "മറ്റുള്ളവർ എവിടെയാണ്?" 
"മലമുകളിൽ, നീ പറഞ്ഞ സ്ഥലത്ത്. ഞങ്ങൾ മീൻ  പിടിക്കുവാൻ പോന്നു; കാരണം ഞങ്ങളുടെ പക്കൽ പണമില്ല. ഞങ്ങൾക്കു് ശിഷ്യരിൽ നിന്നു സ്വീകരിക്കാൻ ആഗ്രഹമില്ല."
"നിങ്ങൾ  ശരിയായി പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾത്തുടങ്ങി അപ്പസ്തോലന്മാരായ നിങ്ങൾ  മലയിൽ പ്രാർത്ഥിക്കണം. ശിഷ്യർക്കു സന്മാതൃക നൽകണം. അവരെ മീൻ  പിടിക്കാൻ വിടണം. നിങ്ങൾ  അവിടെ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതും ആവശ്യമുള്ളവർക്ക് ഉപദേശം നൽകുന്നതുമായിരിക്കും കൂടുതൽ നല്ലത്. ശിഷ്യരെ ഐക്യമുള്ള ഒരു ഗണമായി പരിശീലിപ്പിക്കണം. ഞാൻ  വേഗംതന്നെ വരും."
"കർത്താവേ, ഞങ്ങൾ അങ്ങനെ ചെയ്യും."
                മൗനം... പിന്നെ തല അൽപ്പം കുനിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ഈശോ നേരെ നോക്കി. പത്രോസിനെ സൂക്ഷിച്ചു നോക്കുകയാണ്. പത്രോസിന് ഭയമായി; ഞെട്ടിക്കൊണ്ട് അൽപ്പം  പിന്നിലേക്കു വലിഞ്ഞു.... എന്നാൽ ഈശോ സ്നേഹത്തോടെ ഒരു കൈ പത്രോസിന്റെ തോളിൽ വച്ചുകൊണ്ട്, ആ കൈ കൊണ്ട് മുറുകെപ്പിടിച്ചുകൊണ്ടു ചോദിക്കുന്നു: "യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"തീർച്ചയായും, കർത്താവേ.... ഞാൻ  നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ?" നിശ്ചയദാർഡ്യത്തോടെ പത്രോസ് പറയുന്നു.
" എന്റെ ആട്ടിൻകുട്ടികളെ മേയിക്കുക.
.........യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"ഉവ്വ്, എന്റെ കർത്താവേ, ഞാൻ  നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം." പത്രോസിന്റെ  സ്വരത്തിന് അത്ര ദൃഢതയില്ല.  ഈശോ ചോദ്യം ആവർത്തിച്ചതിൽ വിസ്മയിക്കയും ചെയ്യുന്നു.
"എന്റെ ആട്ടിൻകുട്ടികളെ മേയിക്കുക......... യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"കർത്താവേ, നിനക്കെല്ലാം അറിയാം... ഞാൻ  നിന്നെ സ്നേഹിക്കുന്നുണ്ടോ എന്നു നിനക്കറിയാം.." പത്രോസിന്റെ സ്വരം വിറയ്ക്കുന്നു. അവന് അവന്റെ സ്നേഹത്തെക്കുറിച്ച് ഉറപ്പാണ്. എന്നാൽ അവന്റെ വിചാരം ഈശോയ്ക്ക് ഉറപ്പില്ല എന്നാണു്.
"എന്റെ ആടുകളെ മേയിക്കുക. മൂന്നു പ്രാവശ്യം നീ നടത്തിയ സ്നേഹപ്രഖ്യാപനം മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിച്ചു പറഞ്ഞതിനെ റദ്ദാക്കിയിരിക്കുന്നു. നീ പരിപൂർണ്ണമായി ശുദ്ധനാക്കപ്പെട്ടിരിക്കുന്നു. യോനായുടെ പുത്രൻ ശിമയോനെ, നീ അത്യുന്നത പുരോഹിതവസ്ത്രങ്ങൾ അണിയുക. എന്റെ അജഗണങ്ങൾക്കിടയിൽ കർത്താവിന്റെ പരിശുദ്ധിയുള്ളവനായിരിക്കുക. എന്റെ വസ്ത്രങ്ങൾ അരയിൽ കെട്ടിമുറുക്കുക. അത് അപ്രകാരം തന്നെയിരിക്കട്ടെ. ഇടയന്റെ സ്ഥാനത്തുനിന്ന് ആട്ടിൻകുട്ടിയാകുന്നതു വരെ നീയും അതു  ചെയ്യുക. ഞാൻ  ഗൗരവമായിപ്പറയുന്നു,  നീ ചെറുപ്പമായിരുന്നപ്പോൾ നീ തന്നെ നിന്റെ ബൽറ്റ് മുറുക്കിയിരുന്നു. നിനക്കിഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയിരുന്നു. എന്നാല്‍ നിനക്ക് 
വാർദ്ധക്യമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റു ചിലർ നിന്റെ ബൽറ്റു മുറുക്കുകയും നീ പോകുവാനിഷ്ടപ്പെടാത്ത സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകയും ചെയ്യും. എന്നാലിപ്പോൾ ഞാനാണ് നിന്നോടു പറയുന്നത്, അരമുറുക്കി എന്റെ വഴിയിലൂടെ എന്നെ അനുഗമിക്കുക. എഴുന്നറ്റു് വരിക."
        ഈശോ എഴുന്നേൽക്കുന്നു. പത്രോസും എഴുന്നേൽക്കുന്നു. തീരത്തേക്കു  പോകുന്നു. മറ്റുള്ളവർ തീയ് മണ്ണിൽക്കുത്തി കെടുത്തുന്നു.
റൊട്ടി മിച്ചംവന്നത് ശേഖരിച്ചശേഷം ജോൺ ഈശോയെ അനുഗമിക്കുന്നു. പത്രോസ്     പിന്നിലെ കാലൊച്ച കേട്ടു തിരിഞ്ഞുനോക്കി; ജോണിനെക്കണ്ടപ്പോൾ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോയോട് ചോദിക്കുന്നു; "അപ്പോൾ  ഇവന് എന്താണ് സംഭവിക്കുക?"
ഞാൻ തിരിച്ചുവരുന്നതു വരെ അവൻ  ഇവിടെ നിൽക്കട്ടെ എന്നാണു് ഞാൻ   ആവശ്യപ്പെടുന്നതെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കയാണു വേണ്ടത്."
             അവർ തീരത്തെത്തി. പത്രോസിന്  തുടർന്നു സംസാരിച്ചാൽക്കൊള്ളാമെന്നുണ്ട്. എന്നാല്‍  ഈശോയുടെ മഹത്വവും അവനോടു പറഞ്ഞ വാക്കുകളും അവനെ പിന്തിരിപ്പിക്കുന്നു. അവൻ  മുട്ടിന്മേൽ നിന്നു. മറ്റുള്ളവരും അവനെ അനുകരിച്ചു. എല്ലാവരും  ഈശോയെ  ആരാധിക്കുന്നു. ഈശോ അവരെ അനുഗ്രഹിച്ച് പറഞ്ഞയച്ചു. അവർ വഞ്ചിയിൽ തുഴഞ്ഞകലുന്നു. അവർ പോകുന്നതുനോക്കി ഈശോ നിൽക്കുന്നു.

Monday, May 9, 2011

ഈശോ അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെടുന്നു

           അപ്പസ്തോലന്മാർ തിരുവത്താഴമുറിയിൽ ഒരുമിച്ചു കൂടിയിരിക്കുന്നു. പെസഹാ അത്താഴം കഴിച്ച മേശയ്ക്കു ചുറ്റുമാണ് അവർ കൂടിയിരിക്കുന്നത്. എന്നാൽ ബഹുമാനം നിമിത്തം മദ്ധ്യത്തിലുള്ള ഇരിപ്പിടം - ഈശോയുടെ ഇരിപ്പിടം - ഒഴിവാക്കിയിട്ടിരിക്കുന്നു.
ജനലുകളെല്ലാം അടച്ചിരിക്കയാണ്. വാതിലുകൾ പൂട്ടിയിട്ടുമുണ്ട്. ഒരു തൂക്കുവിളക്കിന്റെ രണ്ടു തിരികൾ മാത്രം കുത്തിച്ചിട്ടുണ്ട്. അത് നേരിയ പ്രകാശം പ്രദാനം ചെയ്യുന്നു. 
         മുറിയുടെ ഒരുവശത്തുള്ള ഭിത്തിയോടു ചേർന്ന് ഒരു പലകത്തട്ടുണ്ട്. അതിന്മേൽ അവരുടെ ഭക്ഷണത്തിനാവശ്യമായ മൽസ്യം, റൊട്ടി, തേൻ, പുതിയ ചീസ് തുടങ്ങിയവ വച്ചിരിക്കുന്നു. ജോണിനാണ് ഭക്ഷണം വിളമ്പുന്ന ചുമതല. അവൻ, തന്റെ സഹോദരനായ ജയിംസ് ആവശ്യപ്പെട്ട ചീസ്  കൊടുക്കുവാൻ മേശയിലേക്കു തിരിഞ്ഞപ്പോൾ ഈശോയെക്കണ്ടു.
               ഈശോ വെള്ളവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതീവസുന്ദരൻ. സ്നേഹവും പുഞ്ചിരിയും വഴിഞ്ഞൊഴുകുന്ന മുഖം. കൈകൾ നേരെ പാർശ്വങ്ങളിൽ; ഉള്ളംകൈ അപ്പസ്തോലന്മാരുടെ നേർക്കു തുറന്നു പിടിച്ചിരിക്കയാണ്. കൈകളിലെ മുറിവുകൾ വജ്റം കൊണ്ടുള്ള നക്ഷത്രങ്ങൾ പോലെയുണ്ട്. അവയിൽ നിന്ന് പ്രകാശധാര ഒഴുകുന്നു. പാദങ്ങളും മാറിടവും വസ്ത്രം കൊണ്ടു മറഞ്ഞിരിക്കുന്നു.  ആദ്യം ഒരു പ്രകാശരൂപം പോലെ കാണപ്പെട്ട ഈശോയുടെ രൂപം ഇപ്പോൾ സ്വാഭാവികരൂപത്തിലായി. ദൈവമനുഷ്യൻ; എന്നാൽ കൂടുതൽ ഗാംഭീര്യമുള്ളവൻ.
           ഈശോയെ ആദ്യം കണ്ടത് ജോൺ ആണ്. അവൻ ചീസ്  വച്ചിരുന്ന പാത്രം മേശയിലേക്കിട്ടു. കൈകൾ മേശയുടെ വക്കിൽപ്പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് വികാരാവേശത്തിൽ "ഓ!" എന്നു പറഞ്ഞു.
         പാത്രം മേശയിൽ വീണ സ്വരം കേട്ട് എല്ലാവരും ജോണിനെ നോക്കി. അവന്റെ ആനന്ദപാരവശ്യം കണ്ട് അവൻ നോക്കുന്ന ഭാഗത്തേക്കു തന്നെ നോക്കി. അവരെല്ലാം ഈശോയുടെ  നേർക്ക് തിരിഞ്ഞിരിക്കുന്നു. എല്ലാവരും എഴുന്നറ്റു് ഈശോയുടെ പക്കലേക്കു വേഗം കടന്നുചെല്ലുകയാണ്. കൂടുതൽ തെളിവായി പുഞ്ചിരിച്ചുകൊണ്ട് ഈശോ അവർക്കഭിമുഖമായി അടുത്തുവരുന്നു. തറയിലൂടെ നടന്നാണ് ഈശോ വരുന്നത്.
             ആദ്യം ജോണിനെ മാത്രം സൂക്ഷിച്ചു നോക്കിയിരുന്ന ഈശോ, ഇപ്പോൾ  എല്ലാവരേയും നോക്കിക്കൊണ്ടു പറയുന്നു: "നിങ്ങൾക്കു സമാധാനം."
          അപ്പസ്തോലന്മാരെല്ലാവരും ഇപ്പോൾ  ഈശോയ്ക്കു ചുറ്റിലുമാണ്. ചിലരെല്ലാം മുട്ടിന്മേൽ നിൽക്കുന്നു.  പത്രോസും ജോണും അക്കൂട്ടത്തിലുണ്ട്.  ജോൺ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ ചുംബിക്കുന്നു. പിന്നിൽ നിൽക്കുന്നവർ ആദരവോടെ കുനിഞ്ഞു നിൽക്കുന്നു.
               അൽപ്പം അകലെ മാറി നിൽക്കുന്ന ഒരേ ഒരാൾ, അന്ധാളിച്ചു നിൽക്കുന്ന തോമസാണ്. അയാൾ മേശയ്ക്കരികിൽ മുട്ടിന്മേൽ നിൽക്കുകയാണ്. മുന്നോട്ടു വരാൻ ധൈര്യമില്ല. 
               ഈശോ ഇരുകരങ്ങളും ചുംബിക്കുന്നതിന് നീട്ടിക്കൊടുത്തു. അപ്പസ്തോലന്മാർ ആ കരം ചുംബിക്കുവാൻ വലിയ ആഗ്രഹത്തോടെ മുന്നോട്ടു വരുമ്പോൾ - ഈശോ ചുറ്റിലും കുനിഞ്ഞ ശിരസ്സുകൾ നോക്കുന്നു; പതിനൊന്നാമനെ അന്വേഷിക്കുന്നതു പോലെ ശ്രദ്ധിച്ചു നോക്കുന്നു. വാസ്തവത്തിൽ ഈശോ ആദ്യം തന്നെ തോമസിനെ കണ്ടു; എന്നാൽ ഇങ്ങനെ ചെയ്തുകൊണ്ട് തോമസിനു സമയം കൊടുക്കുകയാണ്, ധൈര്യമാർജ്ജിച്ച് മുന്നോട്ടു വരാൻ. അവിശ്വാസിയായ അവൻ മുന്നോട്ടു  വരുന്നില്ലെന്നു കണ്ടപ്പോൾ ഈശോ അവനെ വിളിക്കുന്നു: "തോമസേ, ഇവിടെ വരൂ.."
             തോമസ് തലയുയർത്തുന്നു; വലിയ വിഷമവും കണ്ണീരും.... എങ്കിലും ഈശോയുടെ  പക്കലേക്കു പോകുന്നില്ല. വീണ്ടും തല കുനിച്ചു മുട്ടിന്മേൽ നിൽക്കയാണ്....
                ഈശോ ഏതാനും ചുവടുകൾ മുന്നോട്ടുവച്ചു. ആവർത്തിച്ചു പറയുന്നു: ""തോമസേ, ഇവിടെ വരൂ.." ആദ്യത്തേക്കാൾ ആജ്ഞാസ്വരത്തിലാണ് ഈശോ പറഞ്ഞത്.
               തോമസ്  എഴുന്നറ്റുനിന്നു; മടിച്ചു മടിച്ച് ലജ്ജിച്ച് ഈശോയുടെ അടുത്തേക്ക് ചെന്നു.
              ഈശോ പറയുന്നു: "കാണാതെ വിശ്വസിക്കയില്ലാത്ത മനുഷ്യൻ ഇതാ..." എന്നാൽ  ആ സ്വരത്തിൽ മാപ്പു നൽകുന്നതിന്റെ പുഞ്ചിരി അടങ്ങിയിട്ടുണ്ട്.
            തോമസിനു് അതു മനസ്സിലായി. അതിനാൽ ഈശോയെ നോക്കാൻ ധൈര്യപ്പെട്ടു. ഈശോ വാസ്തവത്തിൽ പുഞ്ചിരിയോടെയാണു നിൽക്കുന്നതെന്നു മനസ്സിലായപ്പോൾ ധൈര്യപ്പെട്ടു് കൂടുതൽ വേഗത്തിൽ നടന്നു.
"ഇവിടെ വരൂ.... എന്റെയടുത്തു ചേർന്നുനിൽക്കൂ... നോക്കൂ! നോക്കുന്നതു പോരെങ്കിൽ നിന്റെ വിരൽ നിന്റെ ഗുരുവിന്റെ മുറിവുകളിലേക്കു് ഇടുക."
                 ഈശോ രണ്ടു കൈകളും നീട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്. പിന്നീട്‌ മാറിലെ അങ്കി മാറ്റി പാർശ്വത്തിലെ വലിയ മുറിവു കാണിച്ചു. 
                തോമസ് വിറയ്ക്കുന്നു; നോക്കുന്നുണ്ട്, എന്നാൽ സ്പർശിക്കുന്നില്ല. അധരങ്ങൾ ചലിപ്പിക്കുന്നുണ്ട്; എന്നാൽ ശബ്ദം പുറത്തേക്കു വരുന്നില്ല.
                      ഈശോ വലിയ കാരുണ്യത്തോടെ പറയുന്നു: "നിന്റെ കൈ ഇവിടെ കൊണ്ടുവരിക, തോമസേ." ഈശോ തന്റെ വലതുകരം കൊണ്ടു് തോമസിന്റെ വലതുകൈയിൽ പിടിച്ചു; അയാളുടെ ചൂണ്ടുവിരൽ ഈശോയുടെ ഇടതുകൈയിലെ മുറിവിലേക്കു കൊണ്ടുവന്നു. ആ വിരൽ മുറിവിനുള്ളിലേക്കു തള്ളിക്കയറ്റി. പിന്നെ ആ കൈയെടുത്ത് മാറിലെ മുറിവിലേക്കു കൊണ്ടുപോയി. തോമസിന്റെ നാലു വിരലുകളും ഒരുമിച്ചു ചേർത്തുപിടിച്ച് മാറിലെ ആഴമേറിയ മുറിവിലേക്കു കടത്തി. അങ്ങനെ പിടിച്ചുകൊണ്ട് തോമസിന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. നിശിതമായ, എന്നാലും കാരുണ്യമുള്ള നോട്ടം. ഈശോ പറയുന്നു: "നിന്റെ വിരൽ ഇവിടെ വയ്ക്കുക; നിന്റെ വിരലുകളും കൈ മുഴുവനും വേണമെങ്കിൽ എന്റെ പാർശ്വത്തിൽ ഇടുക; സംശയിക്കാതിരിക്കുക; നീ വിശ്വസിക്കുക."
             തോമസ്  മുട്ടിന്മേൽ വീണ് കൈകൾ രണ്ടും ഉയർത്തിപ്പിടിച്ച് അനുതാപത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ കർത്താവേ.... എന്റെ ദൈവമേ...."  വേറൊന്നും പറയുവാൻ അയാൾക്കു കഴിയുന്നില്ല.
              ഈശോ അവനു മാപ്പു നൽകുന്നു.  തന്റെ വലതുകരം അവന്റെ ശിരസ്സിൽ വച്ചുകൊണ്ട് ഈശോ പറയുന്നു: "തോമസേ, തോമസേ, നീ ഇപ്പോൾ വിശ്വസിക്കുന്നത് നീ കണ്ടതുകൊണ്ടാണ്. എന്നാൽ  കാണാതെ എന്നിൽ വിശ്വസിക്കുന്നവർ അനുഗൃഹീതരാകുന്നു. നിന്റെ വിശ്വാസം,  നിനക്കു കാണാൻ സാധിച്ചു എന്നതുകൊണ്ട് സഹായിക്കപ്പെട്ടു. നിന്റെ ഈ വിശ്വാസത്തിനു ഞാൻ പ്രതിസമ്മാനം നൽകുകയാണെങ്കിൽ, അവർക്കു ഞാൻ എത്ര വലിയ പ്രതിസമ്മാനമായിരിക്കും കൊടുക്കേണ്ടത്?"
        പിന്നീട്‌ ഈശോ ജോണിന്റെ തോളിൽ കൈയിട്ടുകൊണ്ട് പത്രോസിന്റെ കരം ഗ്രഹിച്ച് മേശയ്ക്കരികിലേക്കു പോയി. ഈശോ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. തോമസിനെ ജോണിന്റെ അടുത്തിരുത്തി.
"എന്റെ സ്നേഹിതരേ, ഭക്ഷണം കഴിക്കുവിൻ."
പക്ഷേ ഒരുത്തർക്കും വിശപ്പില്ല. സന്തോഷത്തിന്റെ നിറവിലാണ് എല്ലാവരും. അനുദ്ധ്യാനത്തിന്റെ ആനന്ദം...

Sunday, May 8, 2011

ഈശോ എമ്മാവൂസിലെ ശിഷ്യര്‍ക്കു പ്രത്യക്ഷനാകുന്നു

                  ഒരു മലമ്പാതയിലൂടെ മദ്ധ്യവയസ്ക്കരായ രണ്ടുപേർ വേഗത്തിൽ നടന്നുപോകുന്നു. അവർ ജറുസലേംമലകൾ പിന്നിട്ടു കഴിഞ്ഞു.
                             അവർ പരസ്പരം സംസാരിച്ചുകൊണ്ടാണു നടക്കുന്നത്. കൂടുതൽ പ്രായമുള്ളവൻ പറയുന്നു; "ഞാൻ പറയുന്നത് വിശ്വസിക്കൂ.... അങ്ങനെ ചെയ്യുന്നതായിരുന്നു നല്ലത്. എനിക്ക് ഒരു കുടുംബമുണ്ട്; നിനക്കുമുണ്ട്.... ദേവാലയം തമാശ പറയുകയല്ല;  അവർക്ക് ഇക്കാര്യം തീർത്തും ഇല്ലായ്മയാക്കുക തന്നെ വേണം... അവർ  ചെയ്യുന്നത് ശരിയാണോ? തെറ്റാണോ?  എനിക്കറിഞ്ഞുകൂടാ. ഇക്കാര്യത്തിന് അന്ത്യം കുറിക്കണമെന്നു തന്നെയാണ് അവരുടെ ആഗ്രഹം."
"ഈയൊരു കുറ്റത്തിനാണോ സൈമൺ?"
"അത് ചിലതിനെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. സൻഹെദ്രീനെതിരെ ചിന്തിക്കാന്‍ സ്നേഹം നമ്മെ നിര്‍ബ്ബന്ധിക്കുന്നു.... പക്ഷേ..... ആര്‍ക്കറിയാം......"
"അങ്ങനെയല്ല; ഒരിക്കലും അങ്ങനെയല്ല. സ്നേഹം പ്രകാശിപ്പിക്കുന്നു. അതു തിന്മയിലേക്കു നയിക്കുന്നില്ല."
                         "സന്‍ഹെദ്രീനും പുരോഹിതരും ജനപ്രമാണികളും സ്നേഹിക്കുന്നുണ്ട്. അവര്‍   യഹോവയെ സ്നേഹിക്കുന്നുണ്ട്. ദൈവവും ഗോത്രപിതാക്കന്മാരുമായി ഉടമ്പടി സ്ഥാപിച്ച നാൾ മുതല്‍ അവര്‍   യഹോവയെ സ്നേഹിക്കുന്നുണ്ട്.  അതിനാല്‍  സ്നേഹം അവര്‍ക്കും പ്രകാശമാണ്;  അതു തിന്മയിലേക്കു നയിക്കുന്നില്ല."
"അവരുടെ സ്നേഹം  കര്‍ത്താവിനോടല്ല. ശരിയാണ്.. ഇസ്രായേല്‍  യുഗങ്ങളായി ആ വിശ്വാസത്തിലായിരുന്നു. പക്ഷേ, എന്നോടു പറയൂ......... ദേവാലയ പ്രമാണികളും പ്രീശരും നിയമജ്ഞരും നമുക്കു തരുന്നത് വിശ്വാസമാണോ? നിനക്കു  തന്നെ  കാണാം;  കര്‍ത്താവിനു വിശുദ്ധമായ ദേവാലയത്തിലെ നാണയം കൊണ്ട് അവര്‍  ഒറ്റുകാരനു പ്രതിഫലം നല്‍കി. ഇപ്പോൾ കാവല്‍ഭടന്മാര്‍ക്കും കൊടുക്കുന്നു. ഒറ്റുകാരനു കൊടുത്തത് ക്രിസ്തുവിനെ വഞ്ചിച്ചതിന്;
കാവല്‍ക്കാര്‍ക്കു  കൊടുത്തത്  കള്ളം പറയുവാനായിട്ടും... ഓ ! എനിക്കറിഞ്ഞുകൂടാ.... നിത്യമായ ശക്തി പട്ടണമതിലുകൾ തകര്‍ക്കുകയും ദേവാലയ  തിരശ്ശീലകൾ കീറുകയും മാത്രം ചെയ്തത്  എന്തുകൊണ്ടാണെന്ന് !!!  ഞാന്‍  പറയുന്നു;  ഈ പുതിയ ഫിലിസ്ത്യരെയെല്ലാം നാശകൂമ്പാരത്തിനടിയില്‍  കുഴിച്ചുമൂടേണ്ടതായിരുന്നു എന്ന്... എല്ലാറ്റിനേയും !"
"ക്ളെയോപ്പാസേ, നീ പ്രതികാരം തന്നെയാകും."
"അങ്ങനെ ആയിക്കൊള്ളട്ടെ. ഈശോ ഒരു  പ്രവാചകന്‍  മാത്രമായിരുന്നുവെന്ന് നമുക്ക് സമ്മതിക്കാമെന്നു തന്നെ വയ്ക്കുക. എന്നാല്‍ത്തന്നെയും കുറ്റമില്ലാത്തവനെ ശിക്ഷിക്കുന്നതു നിയമവിധേയമാണോ? കാരണം, അവന്‍  കുറ്റമില്ലാത്തവനായിരുന്നു. അവനെ വധിക്കാന്‍  അവര്‍  ആരോപിച്ച ഏതെങ്കിലും കുറ്റം അവനില്‍  നീ കണ്ടിട്ടുണ്ടോ?"
"ഇല്ല; ഒരു  കുറ്റം പോലും അവന്‍   ചെയ്തിട്ടില്ല.  പക്ഷേ, അവന് ഒരു തെറ്റുപറ്റി."
"അതെന്താണ്, സൈമൺ?"
"അവന്റെ കുരിശില്‍  നിന്ന് അവന്‍   ശക്തി പ്രകടിപ്പിച്ചില്ല. നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നതിനും വിശ്വാസമില്ലാത്ത, ദൈവദോഷം ചെയ്ത ആളുകളെ  ശിക്ഷിക്കാനും അതു ചെയ്യണമായിരുന്നു. അവരുടെ വെല്ലുവിളി സ്വീകരിച്ച് അവന്‍   കുരിശില്‍  നിന്ന് ഇറങ്ങി വരണമായിരുന്നു."
"അവന്‍   അതില്‍ക്കൂടുതലും ചെയ്തല്ലോ. അവന്‍  മരിച്ചവരില്‍  നിന്ന്  ഉയിര്‍ത്തു."
"പക്ഷേ, അതു സത്യമാണോ? എങ്ങനെ ഉയിര്‍ത്തു? അരൂപിയില്‍  മാത്രമോ, അതോ അരൂപിയോടും ശരീരത്തോടും കൂടിയോ?"
"അരൂപി നിത്യമാണ്. അതിന് ഉയിര്‍ക്കേണ്ട ആവശ്യമില്ല." ക്ളെയോപ്പാസ് പറയുന്നു.
"എനിക്കും അതറിയാം. ഞാനുദ്ദേശിച്ചത് ഇതാണ്; അവന്‍  ദൈവസ്വഭാവത്തില്‍  മനുഷ്യരുടെ എല്ലാ കെണികൾക്കും മീതേ ഉയിര്‍ത്തഴുന്നേറ്റതേയുള്ളോ എന്നാണു്. കാരണം, മാനുഷികമായ, ഭീതി ജനിപ്പിക്കുന്ന ക്രൂരതയാല്‍  അവര്‍  അവനു കെണികൾ വച്ചു. നീ അതു കേട്ടില്ലായിരുന്നോ? മാര്‍ക്ക് പറഞ്ഞു, ഗദ്സെമനിയില്‍  അവന്‍  പ്രാര്‍ത്ഥിക്കാന്‍  പോയ പാറയില്‍  ധാരാളം രക്തം ഉണ്ടായിരുന്നെന്ന്. മാര്‍ക്കിനോട് ജോൺ പറഞ്ഞു, അവിടെ ചവിട്ടി നടക്കരുത്, കാരണം ദൈവമനുഷ്യന്റെ രക്തം വിയര്‍പ്പായതാണ് അവിടെ വീണു കിടക്കുന്നതെന്ന്. പീഡനങ്ങൾക്കു മുമ്പ് അവന്‍  രക്തം വിയര്‍ത്തെങ്കില്‍  അവനു പീഡനങ്ങളെക്കുറിച്ച് കടുത്ത ഭയമുണ്ടായതായിരിക്കണം!"
"ഓ ! പാവം ഗുരുവേ...!"  അവര്‍  മനസ്സിടിവു കൊണ്ടു നിശ്ശബ്ദരാകുന്നു.
                             ഈശോ അവരുടെ ഒപ്പം എത്തിക്കൊണ്ടു ചോദിക്കുന്നു; "നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? ആരാണ് കൊല്ലപ്പെട്ടത്? ഈ നിശ്ശബ്ദതയില്‍  നിങ്ങളുടെ സംസാരം ഇടയ്ക്കിടെ എനിക്കും കേൾക്കാമായിരുന്നു." ധൃതിയില്‍  നടന്നുപോകുന്ന ഒരു  സാധു വഴിപോക്കനെപ്പോലെയാണ് ഈശോ കാണപ്പെടുന്നത്.  അവര്‍  രണ്ടുപേരും ഈശോയെ മനസ്സിലാക്കിയില്ല. 
"താങ്കൾ വളരെ ദൂരെ നിന്നാണോ വരുന്നത്? താങ്കൾ  ജറുസലേമില്‍  തങ്ങിയില്ലേ?"
"ഞാന്‍   വളരെയകലെ നിന്നാണു വരുന്നത്."
"എങ്കില്‍  താങ്കൾ ക്ഷീണിച്ചുകാണും. ഇനിയും വളരെ ദൂരം പോകാനുണ്ടോ?"
"ഉണ്ട്. കുറെയധികം അകലെയാണ് എനിക്കു പോകാനുള്ളത്. ഞാന്‍   വന്ന സ്ഥലത്തേക്കാൾ കൂടുതല്‍  ദൂരം ഇനിയും പോകണം."
"താങ്കൾ കച്ചവടകാര്യങ്ങൾക്കായി  വന്നതാണോ?"
"എനിക്കു കുറേയധികം ആട്ടിന്‍ കുട്ടികളെ വാങ്ങണം; അത്യുന്നതനായ കര്‍ത്താവിനു വേണ്ടി. എനിക്കു ലോകം മുഴുവന്‍  സഞ്ചരിച്ച് ആടുകളെയും ആട്ടിന്‍കുട്ടികളെയും തെരഞ്ഞെടുക്കണം. കാട്ടാടുകളുടെ കൂട്ടത്തിലേക്കും പോകണം. അവയെ ഇണക്കിക്കഴിഞ്ഞാല്‍  നാട്ടിലുള്ളവയെക്കാൾ നല്ലതായിത്തീരും."
"ബുദ്ധിമുട്ടുള്ള ജോലിയാണ്. എങ്കിലും ജറുസലേമിൽ നിൽക്കാതെ താങ്കൾ  കടന്നുപോന്നോ?"
"എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?"
"കാരണം, ഈ ദിവസങ്ങളിൽ അവിടെ  സംഭവിച്ചതൊന്നും അറിയാത്ത ഏകവ്യക്തി താങ്കളാണെന്നു തോന്നുന്നു."   
"എന്തു സംഭവിച്ചു?"
"താങ്കൾ വളരെ ദൂരെനിന്നു വരുന്നതു കൊണ്ടാവാം ഒരുപക്ഷേ താങ്കള്‍ക്കറിഞ്ഞു കൂടാത്തത്. എങ്കില്‍  മനസ്സിലാക്കിക്കൊള്ളൂ........ കഴിഞ്ഞ മൂന്നു വർഷങ്ങളായി നമ്മുടെ പിതൃരാജ്യത്ത് ഒരു വലിയ പ്രവാചകനുണ്ടായിരുന്നു. നസ്രസ്സിലെ ഈശോ എന്നു പേരുള്ള അവന്‍, വാക്കിലും പ്രവൃത്തിയിലും ശക്തനായിരുന്നു; ദൈവസന്നിധിയിലും മനുഷ്യരുടെ മുമ്പിലും അങ്ങനെ തന്നെ.  അവന്‍  നാട്ടിലെങ്ങും സഞ്ചരിച്ച് പ്രസംഗിച്ചിരുന്നു. അവനാണ് മിശിഹാ എന്ന് അവന്‍   പറഞ്ഞു. അവന്റെ വാക്കും പ്രവൃത്തികളും വാസ്തവത്തില്‍  ദൈവപുത്രന്റേതായിരുന്നു... അവന്‍    പറഞ്ഞതു പോലെ തന്നെ... പക്ഷേ, നീ പരിച്ഛേദിതനാണോ?"
"ഞാൻ  ആദ്യജാതനും കർത്താവിനു  പരിശുദ്ധനുമാണ്."
"എങ്കിൽ ഞങ്ങളുടെ മതത്തെക്കുറിച്ചു നിനക്കറിയാമോ?"
"അതിന്റെ വള്ളിപുള്ളി പോലും എനിക്കറിയാം."
"കൊള്ളാം; അങ്ങനെയെങ്കില്‍  നിനക്കറിയാമല്ലോ, ഇസ്രായേലിന് മിശിഹായെ വാഗ്ദാനം ചെയ്തിരുന്നു. എങ്ങനെ? ഇസ്രായേലിനെ ഒരുമിച്ചുകൂട്ടുന്ന ശക്തനായ ഒരു  രാജാവായി അവൻ   വരുമെന്ന്....... എന്നാല്‍  ഇവന്‍  അങ്ങനെയല്ലായിരുന്നു."
"എങ്ങനെയായിരുന്നു പിന്നെ?"
"അവന്‍ഭൗമികമായ അധികാരം ലക്ഷ്യമാക്കിയില്ല. അവന്‍  പറഞ്ഞത്, നിത്യമായ, ആത്മീയരാജ്യമാണ് അവന്‍  ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. അവന്‍  ഇസ്രായേലിനെ ഒന്നിപ്പിച്ചില്ല; നേരെമറിച്ച്,  അതിനെ ഭിന്നിപ്പിക്കയാണ് ചെയ്തത്. കാരണം, ജനം ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു; അവനില്‍   വിശ്വസിക്കുന്നവരും അവന്‍ കുറ്റവാളിയാണെന്നു കരുതുന്നവരും. വാസ്തവത്തിൽ രാജാക്കന്മാരുടെ രീതിയൊന്നുമല്ല അവന്റേത്; കാരണം അവന്‍   ശാന്തനും തെറ്റുകൾ ക്ഷമിക്കുന്നവനും ആയിരുന്നു. അവന് അതു മാത്രം മതിയായിരുന്നു. ഈ ആയുധങ്ങൾ കൊണ്ട് കീഴ്പ്പെടുത്താനും ഭരിക്കാനും കഴിയുമോ?"
"അതുകൊണ്ട്?"
"അതുകൊണ്ട് പ്രധാന പുരോഹിതന്മാരും ഇസ്രായേലിലെ ജനപ്രമാണികളും അവനെ ബന്ധനസ്ഥനാക്കുകയും മരണത്തിനു വിധിക്കുകയും ചെയ്തു. അവന്‍  ചെയ്തിട്ടില്ലാത്ത കുറ്റങ്ങൾ അവന്റെമേല്‍  ആരോപിക്കപ്പെട്ടു. അവന്റെ ഏക കുറ്റം, അവന്‍  വളരെ നല്ലവനും കര്‍ശനക്കാരനും ആയിരുന്നു എന്നുള്ളതായിരുന്നു."
"ഇതുരണ്ടും കൂടെ എങ്ങനെയാണ് ചേര്‍ന്നുപോകുന്നത്?"
"അതു  സാധ്യമാണ്. കാരണം, ഇസ്രായേലിലെ  പ്രമാണികളോട് അവന്‍  സത്യം കര്‍ശനമായി പറഞ്ഞു; അതേസമയം, അന്യായക്കാരായ അവന്റെ ശത്രുക്കളെ അത്ഭുതം ചെയ്ത് മരണം നല്‍കി  പ്രഹരിക്കാതിരുന്നതും അവന്‍  അത്ര നല്ലവനായിരുന്നതു കൊണ്ടാണ്.

"അവൻ സ്നാപകനെപ്പോലെ കർശനക്കാരനായിരുന്നോ?"

"അതെനിക്കറിഞ്ഞുകൂടാ... അവൻ നിയമജ്ഞരേയും പ്രീശരേയും ശകാരിക്കുമായിരുന്നു; പ്രത്യേകിച്ച് ഈയടുത്ത നാളുകളിൽ അവരെ കർശനമായി ശാസിച്ചിരുന്നു. ദേവാലയ പ്രമാണികളെ, അവർ ദൈവകോപത്തിനായി അടയാളം വയ്ക്കപ്പെട്ടവരെന്നപോലെ,  ഭയപ്പടുത്തിയിരുന്നു. എന്നാൽ ഒരുവൻ യഥാർത്ഥത്തിൽ അനുതാപമുള്ളവനാണെങ്കിൽ, അവന്റെ ഹൃദയത്തിൽ അനുതാപം കണ്ടിരുന്നെങ്കിൽ, ഒരമ്മയേക്കാൾ കാരുണ്യം അവൻ കാണിച്ചിരുന്നു. ഒരു നിയമജ്ഞന് നിയമപുസ്തകം വായിക്കുവാനുള്ള കഴിവിനേക്കാൾ അധികമായ കഴിവ് മനുഷ്യഹൃദയങ്ങൾ വായിക്കുവാൻ അവനുണ്ടായിരുന്നു."

"എന്നിട്ടും നിർദ്ദോഷിയായവനെ വധിക്കാൻ റോമ്മാ അനുവദിച്ചോ?"

"പീലാത്തോസ് അവനെ മരണത്തിനു വിധിച്ചു. പക്ഷേ, അതു  ചെയ്യാൻ അവനാഗ്രഹമില്ലായിരുന്നു. അവൻ നീതിമാനാണ് എന്നു പീലാത്തോസ്  പറഞ്ഞു. പക്ഷേ, അവനെതിരായി സീസറിനോടു പരാതിപ്പെടുമെന്നു പറഞ്ഞ് അയാളെ അവർ ഭയപ്പടുത്തി. ചുരുക്കത്തിൽ അവൻ കുരിശുമരണത്തിനു വിധിക്കപ്പെട്ടു. അവൻ കുരിശിന്മേൽ മരിക്കുകയും ചെയ്തു. ആ  മരണം,  സൻഹെദ്രീനോടുള്ള ഞങ്ങളുടെ ഭയത്തെ ഒന്നുകൂടെ വർദ്ധിപ്പിച്ചു.  ഞാൻ ക്ളെയോപ്പാസിന്റെ മകൻ ക്ളെയോപ്പാസാണ്. ഇവൻ  സൈമൺ; ഞങ്ങൾ രണ്ടുപേരും എമ്മാവൂസുകാരും ബന്ധുക്കളുമാണ്. ഇയാളുടെ മൂത്തമകളുടെ ഭർത്താവാണു ഞാൻ.  ഞങ്ങൾ പ്രവാചകന്റെ ശിഷ്യരുമായിരുന്നു."
"ഇപ്പോള്‍ അങ്ങനെയല്ലേ?"
                "ഞങ്ങൾ  പ്രത്യാശിച്ചിരുന്നത് അവന്‍  ഇസ്രായേലിനെ സ്വതന്ത്രമാക്കുമെന്നും ഒരത്ഭുതം ചെയ്ത്  അവന്റെ വാക്കുകളെ ഉറപ്പിക്കുമെന്നും ആയിരുന്നു. എന്നാല്‍   നേരെ മറിച്ച്....."
"ഏതു വാക്കുകളാണ് അവന്‍  പറഞ്ഞത്?"
             "ഞങ്ങൾ  പറഞ്ഞു കഴിഞ്ഞല്ലോ, 'ഞാന്‍  ദാവീദിന്റെ രാജ്യത്തിലേക്കാണ് വന്നിരിക്കുന്നത്. ഞാന്‍   സമാധാനത്തിന്റെ രാജാവാണ്' എന്നിങ്ങനെ... അവന്‍  ഇങ്ങനെയും പറയുമായിരുന്നു; 'രാജ്യത്തിലേക്കു വരുവിന്‍.' എന്നാലവന്‍  ഞങ്ങൾക്കു രാജ്യം തന്നതുമില്ല. പിന്നെയും അവന്‍      പറഞ്ഞിട്ടുണ്ട്, 'മൂന്നാം ദിവസം ഞാന്‍   മരിച്ചവരില്‍  നിന്ന് ഉയിര്‍ക്കും' എന്ന്. ഇന്ന് അവന്‍      മരിച്ചിട്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ, അവന്‍ ഉയിര്‍ത്തിട്ടില്ല. ചില സ്ത്രീകളും കാവൽഭടന്മാരും പറയുന്നു, അവന്‍  ഉയിര്‍ത്തഴുന്നേറ്റു എന്ന്. പക്ഷേ ഞങ്ങളാരും അവനെ കണ്ടില്ല. കാവല്‍ക്കാര്‍  ഇപ്പോള്‍ പറയുന്നു, നസ്രായന്റെ ശിഷ്യര്‍  വന്ന് മൃതദേഹം മോഷ്ടിക്കുകയായിരുന്നു; അവര്‍ ആദ്യം പറഞ്ഞതു കള്ളമാണെന്ന്.... എന്നാല്‍   ശിഷ്യന്മാര്‍ ..... ഞങ്ങളെല്ലാം അവനെ ഉപേക്ഷിച്ചുപോയി.......... ഭയമായിട്ട് ഓടിപ്പോയതാണ്; അവന്‍      ജീവിച്ചിരുന്നപ്പോൾ... അവന്‍  മരിച്ചു കഴിഞ്ഞ് ഞങ്ങൾ തീര്‍ച്ചയായും  അവനെ മോഷ്ടിച്ചിട്ടില്ല. പിന്നെ സ്ത്രീകൾ..... അവരെ ആരു വിശ്വസിക്കും!? ഇതൊക്കെയാണ് ഞങ്ങൾ   സംസാരിച്ചുകൊണ്ടിരുന്നത്... ഞങ്ങൾക്ക് ഇക്കാര്യം അറിയണമെന്നുണ്ടായിരുന്നു. അവന്‍       അരൂപിയില്‍  മാത്രമാണോ ഉയിര്‍ക്കുന്നത്, അതോ ശരീരത്തോടും കൂടിയാണോ? സ്ത്രീകൾ പറയുന്നു, അവര്‍  ദൈവദൂതന്മാരെയും കണ്ടുവെന്ന്... അത് സംഭവിച്ചതായിരിക്കാം... കാരണം,  വെള്ളിയാഴ്ച ചില നീതിമാന്മാര്‍  കബറിടങ്ങളില്‍  നിന്നു പുറത്തുവന്നു... എന്നാല്‍   ഞങ്ങളില്‍  രണ്ടുപേര്‍  - പ്രധാനികളായ രണ്ടുപേര്‍ - കല്ലറയിലേക്കു പോയി. അതു ശൂന്യമായിരിക്കുന്നു എന്നവര്‍  കണ്ടു; സ്ത്രീകൾ പറഞ്ഞതു  പോലെ തന്നെ. എന്നാല്‍  അവനെ അവിടെയോ മറ്റെവിടെയെങ്കിലുമോ അവര്‍  കണ്ടില്ല. ഇതൊരു വലിയ വിഷമസന്ധിയാണ്. കാരണം, എന്താണ് ചിന്തിക്കേണ്ടതെന്നു തന്നെ ഞങ്ങൾക്കറിഞ്ഞുകൂടാ.."
"നിങ്ങൾ  എത്ര ബുദ്ധിഹീനരാണ് !  മനസ്സിലാക്കാന്‍  ബുദ്ധിമുട്ടുള്ളവര്‍; പ്രവാചകന്മാരുടെ വാക്കുകൾ വിശ്വസിക്കുന്നതില്‍  എത്രയധികം താമസമുള്ളവര്‍ !!!  ഇവയെല്ലാം  നേരത്തെ പറയപ്പെട്ടിട്ടുള്ളവയല്ലേ? ഇസ്രായേലിന്റെ അബദ്ധം ഇതാണ്; ക്രിസ്തുവിന്റെ രാജത്വം അവര്‍     തെറ്റായി  വ്യാഖ്യാനിച്ചു. അതുകൊണ്ടാണ്  അവനെ  അവര്‍  വിശ്വസിക്കാതിരുന്നത്. അതുകൊണ്ടാണ് അവനെ ഭയപ്പെട്ടത്. അതുകൊണ്ടാണ് നിങ്ങൾ  ഇപ്പോള്‍  സംശയിക്കുന്നത്.  ഉന്നതസ്ഥാനങ്ങളിലും ദേവാലയത്തിലും നാട്ടിന്‍ പുറങ്ങളിലും എല്ലായിടത്തും മാനുഷികമായ വിധത്തിലുള്ള ഒരു രാജാവിനെയാണ് ആളുകൾ പ്രതീക്ഷിച്ചത്. ഇസ്രായേല്‍  രാജ്യത്തിന്റെ പുനഃസ്ഥാപനം നിങ്ങളിലായിരുന്നു; സ്ഥലകാലപരിമിതികളിൽ അല്ലായിരുന്നു. അതാണ്‌ ദൈവഹിതം. ഒരു പ്രത്യേകസമയത്തു മാത്രം ഒതുങ്ങുന്ന പരിമിതി അതിനില്ല. ഒരു    രാജത്വവും, അതെത്ര ശക്തമായതാകട്ടെ, നിത്യമായതല്ല. പ്രബലരായിരുന്ന ഫറവോമാരുടെ കാര്യം ഓർത്തുകൊള്ളൂ. മോശയുടെ നാളുകളില്‍  യഹൂദരെ അയാൾ പീഡിപ്പിച്ചിരുന്നു. എത്ര വംശങ്ങൾ അന്ത്യംകണ്ടു? ആത്മാവില്ലാത്ത മമ്മികൾ മാത്രം രഹസ്യമായ ഭൂഗർഭ അറകളിൽ അവശേഷിക്കുന്നു. അതുണ്ടെങ്കിൽത്തന്നെ, ഒരു മണിക്കുർ സമയത്തെ, അഥവാ അതിലും കുറഞ്ഞൊരു സമയത്തെ അവരുടെ അധികാരം -  കാരണം അവർ രാജവാഴ്ച നടത്തിയ ദശവർഷങ്ങൾ, നിത്യതയോടു തുലനം ചെയ്യുമ്പോൾ യാതൊന്നുമല്ല. എന്നാല്‍    ഈ രാജ്യം   നിത്യമായിട്ടുള്ളതാണ്.സ്ഥലപരിമിതിയില്ലാത്തതാണ് ഈ രാജ്യം. അത് ഇസ്രായേലിന്റെ രാജ്യം എന്നാണു് വിളിക്കപ്പെട്ടത്. കാരണം, മനുഷ്യവംശത്തിന്റെ ഉത്ഭവം ഇസ്രായേലില്‍  നിന്നാണ് വന്നിരിക്കുന്നത്. കാരണം, ഇസ്രായേലിലാണ് ദൈവത്തിന്റെ വിത്തുള്ളത്. അതിനാല്‍  ഇസ്രായേല്‍  എന്നു പറയുമ്പോൾ ദൈവം സൃഷ്ടിച്ചവരുടെ രാജ്യം എന്നാണ ര്‍ ത്ഥം. എന്നാൽ മിശിഹായുടെ രാജത്വം, പാലസ്തീനാ എന്ന ചെറിയ സ്ഥലത്തു മാത്രമായി പരിമിതമല്ല. അതു വടക്കു നിന്നു തെക്കു വരേയും കിഴക്കു നിന്നു പടിഞ്ഞാറു വരേയും, എവിടെയെല്ലാം ശരീരത്തിൽ അരൂപിയുള്ളവരുണ്ടോ അവിടെയെല്ലാം, അതായത്, മനുഷ്യര്‍  എവിടെയുണ്ടോ അവിടെയെല്ലാം വ്യാപിച്ചിരിക്കുന്നു. ഒരു മനുഷ്യന് സകലജാതി മനുഷ്യരേയും അവന്റെ കീഴിലാക്കുവാന്‍  എങ്ങനെ കഴിയും? പരസ്പരം ശത്രുതയുള്ളവരെ എങ്ങനെ ഒരു രാജ്യമാക്കുവാന്‍  കഴിയും? രക്തപ്പുഴകൾ   ഒഴുക്കാതെ, ആയുധധാരികളെക്കൊണ്ട് ക്രൂരമർദ്ദനം നടത്താതെ സാധിക്കില്ല. അപ്പോൾ പ്രവാചകന്മാര്‍  പറയുന്ന സമാധാനത്തിന്റെ രാജാവാകുവാന്‍  അവന് എങ്ങനെ കഴിയും?
മാര്‍ഗ്ഗങ്ങളില്‍  പരിമിതിയില്ലാത്തതാണത്. മാനുഷികമായ മാര്‍ഗ്ഗം മര്‍ദ്ദനമാണെന്ന് ഞാന്‍  പറഞ്ഞുകഴിഞ്ഞു. മനുഷ്യാതീതമായ മാര്‍ഗ്ഗം  സ്നേഹമാണ്. ആദ്യം പറഞ്ഞതിനു പരിമിതിയുണ്ട്; കാരണം, മര്‍ദ്ദകനെതിരെ ആളുകൾ പ്രതിഷേധിക്കും. രണ്ടാമതു പറഞ്ഞതിനു പരിമിതിയില്ല; കാരണം, സ്നേഹം സ്നേഹിക്കപ്പെടുന്നു. സ്നേഹിക്കപ്പെടുന്നില്ലെങ്കിൽ ദ്വേഷിക്കപ്പെടുന്നു. എന്നാലത് അരൂപിയുടേതാകയാല്‍  അതിന്മേല്‍  നേരിട്ട് ആക്രമണം നടത്തുക സാദ്ധ്യമല്ല. പരിമിതിയില്ലാത്ത ദൈവം, അതേ രീതിയിലുള്ള മാര്‍ഗ്ഗമാണ് അവലംബിക്കുന്നത്. അരൂപിയുടെ മാര്‍ഗ്ഗം, അരൂപിയിലേക്കു നയിക്കുന്ന മാർഗ്ഗമാണ്  ദൈവം ആവശ്യപ്പെടുന്നത്. അതാണ്‌ പറ്റിയ അബദ്ധം. അതായത്, മനുഷ്യര്‍   കണക്കാക്കിയ മിശിഹാ ആശയം, അതിന്റെ രൂപത്തിലും മാര്‍ഗ്ഗത്തിലും തെറ്റായിരുന്നു.

ഏറ്റം വലിയ രാജത്വം ഏതാണ്‌? ദൈവത്തിന്റേത്. അങ്ങനെയല്ലേ? അതിനാല്‍ , വിസ്മയനീയനായ ഈ എമ്മാനുവല്‍ , വിശുദ്ധവും മേല്‍പ്പെട്ടതുമായ ഈ ബീജം, ശക്തന്‍, ഭാവി യുഗങ്ങളുടെ പിതാവ്, സമാധാനത്തിന്റെ  ഈ രാജാവ്, അവന്‍  പുറപ്പെട്ടുവരുന്ന അവനെപ്പോലെ ദൈവമായവന്‍, കാരണം അങ്ങനെയാണ് അവന്‍  വിളിക്കപ്പെടുക.  അവന് അവനെ ജനിപ്പിച്ചവനെപ്പോലുള്ള രാജത്വം ഉണ്ടാകയില്ലേ? തീര്‍ച്ചയായും ഉണ്ടാകും.  പൂര്‍ണ്ണമായി ആത്മീയവും നിത്യവുമായ രാജത്വം, കഠിനതയില്‍  നിന്നും രക്തച്ചൊരിച്ചിലില്‍  നിന്നും വിമുക്തമായ രാജത്വം, വഞ്ചനയും അധികാര ദുർവിനിയോഗവും അറിയാത്ത രാജത്വം. അവന്റെ രാജത്വം! നിത്യമായ നന്മ സാധുക്കളായ മനുഷ്യരുടെ മേലും ഏല്‍പ്പിച്ചു കൊടുക്കുന്ന രാജത്വം, തന്റെ വചനത്തിന് ബഹുമാനവും സന്തോഷവും നല്‍കുന്ന രാജത്വം.
എന്നാൽ ദാവീദു പറഞ്ഞില്ലേ ഈ ശക്തനായ രാജാവിന് എല്ലാം പാദപീഠം പോലെ 
കാൽക്കീഴിലുണ്ടായിരിക്കുമെന്ന്? ഏശയ്യാ അവന്റെ പീഡകളെക്കുറിച്ചു പറഞ്ഞിട്ടില്ലേ? ദാവീദ് അവന്റെ പീഡകളെ എണ്ണിയെണ്ണി പറഞ്ഞിട്ടില്ലേ? അവൻ രക്ഷകനും വീണ്ടെടുക്കുന്നവനുമാണെന്ന് ആണെന്ന് പറയപ്പെട്ടിട്ടില്ലേ?
അവന്‍  സ്വന്ത ദഹനബലിയാല്‍  പാപപങ്കിലമായ ലോകത്തെ രക്ഷിക്കുമെന്നും യോനായാണ് അവന്റെ അടയാളമെന്നും പറയപ്പെട്ടിട്ടില്ലേ? മൂന്നു ദിവസത്തേക്കു വിശപ്പടക്കാന്‍  കഴിയാത്ത ഭൂമിയുടെ ഉദരത്തിലേക്കു വിഴുങ്ങപ്പെടുമെന്ന്, പിന്നീട്‌ തിമിംഗലം പ്രവാചകനെ പുറത്താക്കിയതു പോലെ ഭൂമി അവനെ വെളിയിലാക്കും. അവന്‍   തന്നെ പറഞ്ഞില്ലേ, എന്റെ ആലയം, അതായത് എന്റെ ശരീരം നശിപ്പിക്കപ്പെട്ടു കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ തന്നെ പണിതുയർത്തും (അതായത് ദൈവത്താൽ) എന്ന്? നിങ്ങൾ എന്തു വിചാരിച്ചു? അവന്‍   മായാജാലം കൊണ്ട് ദേവാലയഭിത്തികൾ വീണ്ടും ഉയർത്തുമെന്നോ? അല്ല, ഭിത്തികളല്ല, അവനെത്തന്നെ ഉയര്‍ത്തുമെന്നാണ് അവന്‍  പറഞ്ഞത്. ദൈവത്തിനു മാത്രമേ അവനെ മരിച്ചവരില്‍  നിന്ന് ഉയിര്‍പ്പിക്കുവാന്‍  സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ ദേവാലയം അവന്‍    ഉയർത്തി; ബലിയാടായ അവന്റെ ശരീരം. മോശയ്ക്കു ലഭിച്ച കല്‍പ്പനയനുസരിച്ച്, പ്രവചനമനുസരിച്ച് ബലിയാക്കപ്പെട്ട കുഞ്ഞാട്. മരണത്തില്‍  നിന്നും ജീവനിലേക്കുള്ള വഴി ഒരുക്കുവാന്‍, അടിമത്തത്തില്‍  നിന്നു സ്വാതന്ത്ര്യത്തിലേക്ക്,  സാത്താന്റെ അടിമത്തത്തില്‍  നിന്നു ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഒരുക്കുവാന്‍  ബലിയാക്കപ്പെട്ടവനെ ഉയിര്‍പ്പിച്ചു.
അവന്‍  എങ്ങനെയാണ് ഉയിര്‍ത്തത്? നിങ്ങൾ പരസ്പരം ചോദിക്കുന്നു. ഞാനതിനു മറുപടി പറയുന്നു. അവന്‍  ഉയിര്‍ത്തത് അവന്റെ യഥാര്‍ത്ഥ ശരീരത്തോടും അതില്‍  വസിക്കുന്ന അവന്റെ ദൈവിക അരൂപിയോടും കൂടെയാണ്; എല്ലാറ്റിനും പരിഹാരം ചെയ്യാനായി എല്ലാം സഹിച്ചശേഷം.... പുരാതന പാപത്തിനും മനുഷ്യവര്‍ഗ്ഗം ഓരോ ദിവസവും ചെയ്യുന്ന എണ്ണമറ്റ പാപങ്ങൾക്കും പരിഹാരം ചെയ്യുന്നതിനാണ് അവന്‍   സഹിച്ചത്... പ്രവചനങ്ങളുടെ മറയില്‍  പറയപ്പെട്ടിരുന്നതു പോലെയാണവന്‍  ഉയിര്‍ത്തത്. അവന്റെ സമയമായപ്പോൾ അവന്‍   വന്നു; സമയമായപ്പോൾ അവന്‍   ബലിയാക്കപ്പെട്ടു. ഇനി ശ്രദ്ധിക്കുക; ഓര്‍മ്മിച്ചിരിക്കുക... പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ ദൈവഘാതകരുടെ പട്ടണം അവന്റെ മരണത്തിനു ശേഷം നശിപ്പിക്കപ്പെടും.

നിങ്ങൾ ഇതാണു ചെയ്യേണ്ടത്; നിങ്ങളുടെ ആത്മാക്കളെ ഉപയോഗിച്ച് പ്രവാചകന്മാരെ വായിക്കുവിന്‍ ... അഹങ്കാരമുള്ള ബുദ്ധി കൊണ്ടല്ല വായിക്കേണ്ടത്. പുസ്തകത്തിന്റെ ആരംഭം മുതല്‍   ബലിയാക്കപ്പെട്ട വചനത്തിന്റെ വാക്കുകൾ വരെ, അവനെ ആട്ടിൻകുട്ടിയായി ചൂണ്ടിക്കാണിച്ച മുന്നോടിയെ ഓർമ്മിക്കുവിൻ... പ്രതീകമായ ആട്ടിൻകുട്ടിയുടെ അന്ത്യമെന്താണെന്ന് ഓർമ്മിക്കുവിന്‍. ആ രക്തത്തിലൂടെയാണ് ഇസ്രായേലിലെ ആദ്യജാതര്‍  രക്ഷിക്കപ്പെട്ടത്. ഈ രക്തത്തിലൂടെ ദൈവത്തിന്റെ ആദ്യജാതര്‍  രക്ഷിക്കപ്പെടും. അതായത് സന്മനസ്സോടുകൂടെ തങ്ങളെത്തന്നെ  കര്‍ത്താവിനു വിശുദ്ധരാക്കുന്നവര്‍  രക്ഷിക്കപ്പെടും. മിശിഹായെക്കുറിച്ചുള്ള ദാവീദിന്റെ പ്രവചനം, ഏശയ്യായുടെ പ്രവചനം എന്നിവ പഠിക്കുകയും ഓർമ്മിച്ചിരിക്കുകയും ചെയ്യുവിൻ. 
ദാനിയേലിനെ ഓർമ്മിക്കുവിൻ. അവയെ മനസ്സിലേക്കു വരുത്തുവിന്‍ . ഭൂമിയിലെ അഴുക്കില്‍  നിന്ന് അതിനെ ഉയര്‍ത്തി ആകാശത്തിലെ നീലിമയിലേക്കുയര്‍ത്തുക. ദൈവത്തിന്റെ  വിശുദ്ധന്റെ രാജത്വത്തെക്കുറിച്ചുള്ള  ഓർമ്മിക്കുവിന്‍.    ഇതിനേക്കാൾ ശക്തവും നീതിയായതുമായി മറ്റൊരടയാളം  നിങ്ങൾക്കു ലഭിക്കാനില്ല എന്ന് അപ്പോൾ മനസ്സിലാകും.        സ്വയം നിർവ്വഹിച്ച പുനരുത്ഥാനം അത്ര വലിയ അടയാളമാണ്‌. കുരിശിൽനിന്ന് അവന്റെ ശത്രുക്കളെ ശിക്ഷിക്കുക എന്നത് അവന്റെ കാരുണ്യത്തിനും ദൗത്യത്തിനും കടകവിരുദ്ധമാകുമായിരുന്നു. അവൻ  ആ സമയവും രക്ഷകൻ തന്നെയായിരുന്നു. അവന്റെ കൈകാലുകൾ കുരിശില്‍  തറയ്ക്കപ്പെട്ടു. എന്നാലും അവന്റെ അരൂപിയും മനസ്സും സ്വതന്ത്രമായിരുന്നു. അവന്റെ മനസ്സില്‍, കാത്തിരിക്കണമെന്ന് അവൻ ഉറച്ചു. പാപികൾക്ക് വിശ്വസിക്കുവാനും തന്റെ രക്തം അവരുടെമേല്‍  വീഴ്ത്തണമേ എന്നു പ്രാർത്ഥിക്കുവാനും....

ഇപ്പോൾ അവന്‍  ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍  എല്ലാം പൂര്‍ത്തിയാക്കി. മനുഷ്യാവതാരത്തിനു മുമ്പ് അവന്‍  മഹത്വപൂര്‍ണ്ണനായിരുന്നു. ഇപ്പോൾ  മൂന്നിരട്ടി മഹിമപ്രതാപവാനാണ് അവന്‍ ... ഒരു ശരീരത്തില്‍  വസിച്ച് സ്വയം എളിമപ്പെടുത്തി അനേകം വര്‍ഷങ്ങൾ ജീവിച്ചശേഷം അവന്‍  സ്വയം ബലിയായിത്തീര്‍ന്നു. അനുസരണയെ അങ്ങേയറ്റം ഉയര്‍ത്തി. ദൈവഹിതം നിറവേറ്റുന്നതിന് കുരിശില്‍  മരിക്കുക വരെ ചെയ്തു. ഏറ്റം മഹത്വപൂര്‍ണ്ണനായി,  മഹത്വീകൃതമായ അവന്റെ ശരീരത്തോടുകൂടെ ഇപ്പോൾ   അവന്‍      സ്വര്‍ഗ്ഗത്തിലേക്ക് കയറുന്നു. നിത്യമായ മഹത്വത്തിലേക്കു പ്രവേശിക്കുന്നു; ഇസ്രായേല്‍  ഗ്രഹിക്കാതിരുന്ന രാജ്യം ആരംഭിക്കുന്നു... ഈ രാജ്യത്തിലേക്ക് കൂടുതല്‍ക്കൂടുതല്‍  
നിര്‍ബ്ബന്ധമായി, അവന്റെ സ്നേഹത്തിന്റെയും അധീശത്വത്തിന്റെയും നിറവില്‍  നിന്ന് ലോകത്തിലെ സകല ജാതികളേയും അവന്‍  വിളിക്കുന്നു. ഇസ്രായേലിലെ നീതിമാന്മാരും പ്രവാചകന്മാരും മുന്‍കൂട്ടി കാണുകയും പ്രവചിക്കുകയും ചെയ്തതുപോലെ, സകല ജാതി ജനങ്ങളും രക്ഷകന്റെ പക്കലേക്കു വരും. അന്ന് വിവിധ ആചാരങ്ങളും വിവിധ വര്‍ണ്ണങ്ങളും എല്ലാം  ഇല്ലാതാകും. വളരെ പ്രകാശിതരായ ഒരു ജനം മാത്രമേ കാണുകയുള്ളൂ. ഒരു ഭാഷ മാത്രം. ഒരു  സ്നേഹം മാത്രം. അത് ദൈവത്തിന്റെ രാജ്യമായിരിക്കും; സ്വർഗ്ഗരാജ്യം. നിത്യനായ രാജാവ് -  ബലിയായിത്തീര്‍ന്ന ശേഷം മരിച്ചവരില്‍  നിന്നുയിര്‍ത്ത കര്‍ത്താവ്;  നിത്യരായ പ്രജകൾ - അവനില്‍  വിശ്വസിച്ചവര്‍ ...  അവരില്‍  ഉൾപ്പെടുവാനായി നിങ്ങൾ  വിശ്വസിക്കുവിന്‍ .
ഇതാ എമ്മാവൂസായല്ലോ, എന്റെ സ്നേഹിതരേ,  ഞാന്‍  കൂടുതല്‍  ദൂരത്തേക്കു പോകയാണ്. വളരെ ദൂരം പോകാനുള്ള വഴിപോക്കന് ഇടയ്ക്ക് വിശ്രമിക്കാന്‍  സാദ്ധ്യമല്ല."

 "ഗുരോ, നീ ഒരു  റബ്ബിയേക്കാൾ പഠനമുള്ളവനാണ്. ഈശോ മരിച്ചുപോയില്ലായിരുന്നെങ്കില്‍  അവനാണ് ഞങ്ങളോടു സംസാരിച്ചതെന്നു ഞങ്ങൾ പറയുമായിരുന്നു. ഞങ്ങൾക്കു നിന്നില്‍  നിന്നു കൂടുതല്‍   ശ്രവിച്ചാല്‍ക്കൊള്ളാമെന്നുണ്ട്. കാരണം, ഇപ്പോൾ   ഞങ്ങൾ    ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്.  ഇസ്രായേലിന്റെ വിരോധമാകുന്ന കൊടുങ്കാറ്റില്‍പ്പെട്ട് ഞങ്ങൾ  അസ്വസ്ഥരായിരിക്കുന്നു.  അതിനാല്‍  പുസ്തകത്തിലെ വാക്കുകൾ മനസ്സിലാക്കാന്‍  കഴിവില്ലാത്തവരായി.... ഞങ്ങൾ  നിന്റെ കൂടെ വരണമെന്നു നീ ആഗ്രഹിക്കുന്നുണ്ടോ?  നോക്കൂ... നിനക്കു തുടര്‍ന്നും ഞങ്ങളെ പഠിപ്പിക്കുവാന്‍  കുഴിയും. ഗുരു ഞങ്ങളില്‍നിന്ന് എടുക്കപ്പെട്ടു പോയല്ലോ..."

"അവന്‍   നിങ്ങളുടെ കൂടെ ദീര്‍ഘകാലം ഉണ്ടായിരുന്നിട്ടും നിങ്ങൾക്കു തരാനുള്ള പ്രബോധനങ്ങൾ പൂര്‍ണ്ണമാക്കാന്‍  അവനു കഴിഞ്ഞില്ലേ? ഇത് ഒരു സിനഗോഗല്ലേ?"

"അതേ, സിനഗോഗ് തന്നെ. ഞാന്‍  ക്ളെയോപ്പാസ്, സിനഗോഗ് തലവന്റെ പുത്രനും. എന്റെ പിതാവ്,  മിശിഹായെ പരിചയപ്പെടുവാന്‍  സാധിച്ചതിന്റെ സന്തോഷത്തില്‍  മരിച്ചുപോയി."

"എന്നിട്ട്, വ്യക്തമായ, ഉറച്ച വിശ്വാസം സം‌രക്ഷിക്കുന്നതിന്‌ നിനക്ക് ഇതുവരേയും സാധിച്ചില്ലേ? പക്ഷേ, അതു നിന്റെ കുറ്റമല്ല. രക്തം  കഴിഞ്ഞ് തീയുണ്ടാകണം. അത് ഇതുവരെ ആയിട്ടില്ല. അപ്പോൾ നീ വിശ്വസിക്കും. കാരണം, അപ്പോൾ നീ മനസ്സിലാക്കും. ദൈവം നിന്നോടുകൂടെ."
                            "ഓ! ഗുരോ, സന്ധ്യയാകാറായി ...... സൂര്യന്‍   അസ്തമിക്കാന്‍ പോകുന്നു. നീ ക്ഷീണിച്ചിരിക്കുന്നു.  ദാഹവുമുണ്ടല്ലോ... അകത്തേക്കു വരൂ... ഞങ്ങളുടെ കൂടെ താമസിക്കുക. നമ്മൾ അത്താഴം കഴിക്കുന്ന സമയത്ത് നിനക്കു  ഞങ്ങളോടു  ദൈവത്തെക്കുറിച്ചു പറയുകയും ചെയ്യാം."
ഈശോ അകത്തേക്കു ചെന്നു. യഹൂദരുടെ മുറയനുസരിച്ചുള്ള ആതിഥ്യരീതികളില്‍  അവര്‍  അവനെ ശുശ്രൂഷിക്കുന്നു. കാലു കഴുകാന്‍  വെള്ളവും ദാഹശമനത്തിനു പാനീയവും കൊടുത്തു. പിന്നീട്‌ അവര്‍  അത്താഴത്തിനിരുന്നു. ഭക്ഷണം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന് രണ്ടുപേരും അവനോടു യാചിച്ചു.

ഈശോ എഴുന്നറ്റുനിന്ന് അപ്പം കൈകളിലെടുത്ത് കണ്ണുകൾ ആകാശത്തിലേക്കുയര്‍ത്തി ഭക്ഷണം നൽകിയതിനു നന്ദി പറഞ്ഞശേഷം ഇരുന്നു. അപ്പം മുറിച്ച് അവര്‍ക്കു രണ്ടുപേര്‍ക്കും കൊടുത്തു. ആ കൊടുക്കലില്‍  അവര്‍ക്കു സ്വയം വെളിപ്പെടുത്തി; ഉത്ഥിതനായ കര്‍ത്താവ്; മഹത്വം നിറഞ്ഞ ഈശോ; മുറിവുകൾ വളരെ വ്യക്തമായിക്കാണാന്‍  കഴിയുന്ന കൈകൾ.... ദന്തനിറമുള്ള കൈകളില്‍  ചുവന്ന റോസാപ്പൂക്കൾ പോലെയുള്ള മുറിവുകൾ...
അവര്‍  രണ്ടുപേരും ഈശോയെ തിരിച്ചറിഞ്ഞ് മുട്ടിന്മേല്‍   വീണു.   ധൈര്യപ്പെട്ട് 
കണ്ണുകളുയര്‍ത്തിയപ്പോൾ  മുറിച്ച അപ്പമല്ലാതെ മറ്റൊന്നും അവിടെയില്ല......

അവര്‍  അതെടുത്ത് ചുംബിക്കുന്നു. ഓരോ കഷണമെടുത്ത് തൂവാലയില്‍പ്പൊതിഞ്ഞ് തിരുശേഷിപ്പു പോലെ അത നെഞ്ചോടു ചേർത്തുവയ്ക്കുന്നു.

അവര്‍  കരഞ്ഞുകൊണ്ടു പറയുന്നു; "അത് കര്‍ത്താവായിരുന്നു.... എന്നിട്ട് നമുക്കവനെ തിരിച്ചറിയുവാന്‍  കഴിഞ്ഞില്ല... എന്നാലവന്‍  സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, തിരുലിഖിതങ്ങൾ അവന്‍  വ്യാഖ്യാനിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെയുള്ളില്‍  നമ്മുടെ ഹൃദയം കത്തിയെരിഞ്ഞില്ലേ?"
"ഉവ്വ്.... ഹൃദയം കത്തിയിരുന്നു... നമുക്കു പോകാം.... എനിക്കു ക്ഷീണവുമില്ല, വിശപ്പുമില്ല. നമുക്കുപോയി ഈശോയുടെ ജറുസലേമിലുള്ള ശിഷ്യരോടു പറയാം..."
"നമുക്കു പോകാം..."
അവര്‍  വേഗം ജറുസലേമിലേക്കു പോകുന്നു.