ജാലകം നിത്യജീവൻ: സാത്താനിൽ നിന്നും വിമോചനം

nithyajeevan

nithyajeevan

Monday, July 6, 2015

സാത്താനിൽ നിന്നും വിമോചനം


(വി.ലൂയിസ് ഡി മോണ്ട് ഫോർട്ടിന്റെ  The Secret of the Rosary യിൽ നിന്ന്)



                         1578  ൽ അൻവേർസിലെ  ഒരു സ്ത്രീ തന്നെത്തന്നെ പിശാചിനു നൽകുകയും അവളുടെ സ്വന്തം രക്തം കൊണ്ട് ആ കരാറിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ആത്മാർത്ഥമായ പശ്ചാത്താപം അവളെ പിടിച്ചുലച്ചു. ഭീകരമായ ഈ പ്രവൃത്തി ഉപേക്ഷിച്ച് പ്രായശ്ചിത്തം ചെയ്യുവാനുള്ള തീക്ഷ്ണമായ ആഗ്രഹവും ആ സ്ത്രീയ്ക്കുണ്ടായി. അങ്ങനെ അവൾ, കാരുണ്യവാനും ജ്ഞാനിയുമായ ഒരു കുമ്പസ്സാരക്കാരന്റെ സഹായം തേടി. ആ പട്ടണത്തിലെ ജപമാലാ സഹോദരസംഘത്തിന്റെ ഡയറക്ടറും ഡൊമിനിക്കൻ ആശ്രമ വൈദികനുമായ ഫാ.ഹെൻറിയുടെ അടുത്തുപോയി, ജപമാലാ സഹോദരസംഘത്തിൽ തന്നെ അംഗമായി ചേർക്കണമെന്നും തന്റെ കുമ്പസാരം കേൾക്കണമെന്നും അദ്ദേഹത്തോട് അഭ്യർഥിക്കുവാൻ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച് ഇക്കാര്യങ്ങൾ ചോദിക്കുവാനായി ആ സ്ത്രീ  ഫാ.ഹെൻറിയെ കാണാൻ പോയി. പക്ഷേ, അവൾ കണ്ടുമുട്ടിയത് ഫാ.ഹെൻറിയെ അല്ല, ഡൊമിനിക്കൻ  വൈദികന്റെ വേഷം കെട്ടിയ ഒരു പിശാചിനെ ആയിരുന്നു! ആ പിശാച് അവളെ നിഷ്‌കരുണം ശാസിച്ചു. അവൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇനിയൊരിക്കലും സർവശക്തനായ ദൈവത്തിന്റെ കൃപ വീണ്ടും സ്വീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അവളുടെ കരാറിന്റെ അധീനത വീണ്ടെടുക്കാനാകുന്ന യാതൊരു മാർഗ്ഗവുമില്ലെന്നും ആ പിശാച് പറഞ്ഞു. ഇത് അവളെ വളരെയധികം ദുഃഖിപ്പിച്ചു. എങ്കിലും ആ സ്ത്രീ ദൈവത്തിന്റെ കാരുണ്യത്തിലുള്ള പ്രത്യാശ കൈവെടിഞ്ഞില്ല. ഒരിക്കൽക്കൂടി അവൾ  ഫാ.ഹെൻറിയെ തേടിച്ചെന്നു. പക്ഷെ, രണ്ടാംതവണയും പിശാചിനെയും അവന്റെ തിരസ്കരണത്തെയുമാണ് അഭിമുഖീകരിക്കേണ്ടി വന്നത്. മൂന്നാം തവണയും അവൾ ആ വൈദികനെ കാണാൻ പോയി. ഒടുവിൽ, ദൈവിക പരിപാലനയാൽ അവൾക്ക് ഫാ.ഹെൻറിയെ വ്യക്തിപരമായി കാണാൻ സാധിച്ചു. അദ്ദേഹം, വലിയ അലിവോടെ അവളോട് പെരുമാറി.  സർവശക്തനായ ദൈവത്തിന്റെ കരുണയിലേക്ക് സ്വയം സമർപ്പിക്കുവാനും ഒരു നല്ല കുമ്പസാരം നടത്തുവാനും ഫാ.ഹെൻറി ആ സ്ത്രീയെ പ്രോത്സാഹിപ്പിച്ചു.  ജപമാലാ സഹോദരസംഘത്തിൽ അവളെ  അംഗമായി സ്വീകരിച്ചു.  ജപമാല ഇടയ്ക്കിടെ ചൊല്ലുവാൻ അദ്ദേഹം അവളോടു  പറഞ്ഞു.
                     ഒരു ദിവസം ഫാ.ഹെൻറി ആ സ്ത്രീയ്ക്കുവേണ്ടി വി. ബലി അർപ്പിച്ചുകൊണ്ടിരിക്കെ, അവൾ ഒപ്പുവെച്ചിരുന്ന ആ കരാർ അവൾക്കു തിരിയെ നൽകുവാൻ പരിശുദ്ധ കന്യക പിശാചിനെ നിർബന്ധിച്ചു. ഇപ്രകാരം പരിശുദ്ധ മറിയത്തിന്റെ അധികാരത്താലും പരിശുദ്ധ ജപമാലയോടുള്ള അവളുടെ ഭക്തിയാലും പിശാചിൽ നിന്നും ആ സ്ത്രീ മോചിതയായി.