ജാലകം നിത്യജീവൻ: ഫാത്തിമ - അഞ്ചാം ദർശനം

nithyajeevan

nithyajeevan

Monday, July 20, 2015

ഫാത്തിമ - അഞ്ചാം ദർശനം

                          ജൂലൈ മാസത്തിലെ ദർശനവേളയിൽ തങ്ങൾ കണ്ട നരകത്തിന്റെ ഭീകര കാഴ്ച  ലൂസിയുടേയും ഫ്രാൻസിസിന്റെയും ജസീന്തയുടെയും മനസ്സിൽനിന്നു പിന്നീടൊരിക്കലും മാഞ്ഞുപോയില്ല.  മാതാവിന്റെ ആഗ്രഹപ്രകാരം, എല്ലാ സമയവും  അവർ പ്രാർഥിക്കുകയും  പുതിയ പുതിയ ത്യാഗ പ്രവൃത്തികൾ  കണ്ടുപിടിച്ച് അനുഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു.                                                                               ദൈവദൂതൻ ആദ്യം പ്രത്യക്ഷനായ സ്ഥലത്ത് മണിക്കൂറുകളോളം സാഷ്ടാംഗപ്രണാമം ചെയ്ത്‌ ദൂതൻ പഠിപ്പിച്ച  "എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു;  ആരാധിക്കുന്നു; ഞാനങ്ങയിൽ വിശ്വസിക്കുന്നു; ഞാനങ്ങയിൽ ശരണപ്പെടുന്നു;  അങ്ങയെ സ്നേഹിക്കുകയോ ആരാധിക്കുകയോ അങ്ങയിൽ വിശ്വസിക്കുകയോ ശരണപ്പെടുകയോ ചെയ്യാത്തവർക്കുവേണ്ടി ഞാനങ്ങയോടു മാപ്പുചോദിക്കുന്നു"എന്ന പ്രാർത്ഥന   അവർ പ്രാർഥിച്ചുപോന്നു.  ദീർഘനേരം സാഷ്ടാംഗം വീണു പ്രാർഥിക്കുന്നതുമൂലമുണ്ടാകുന്ന ശരീരവേദന ദുസ്സഹമാകുമ്പോൾ എണീറ്റ് മുട്ടുകുത്തി കൊന്ത ചൊല്ലാൻ തുടങ്ങും.  മാതാവ് പഠിപ്പിച്ച  "ഓ, എന്റെ ഈശോയെ,  ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ" എന്ന പ്രാർത്ഥന ഓരോ ദശകത്തിന്റെയും ഇടയ്ക്ക് ചൊല്ലാൻ അവർ ഒരിക്കലും മറന്നിരുന്നില്ല. 
       കഠിനതാപസരായ സന്യാസിമാരെപ്പോലെ കർശനമായ ഇന്ദ്രിയനിഗ്രഹവും  ഇതിനിടെ  രഹസ്യമായി അവർ പരിശീലിച്ചു.  മേലധികാരികളുടെ ആജ്ഞയ്ക്കു വിധേയയായി സി.ലൂസി എഴുതിയ അവളുടെ  ഓർമ്മക്കുറിപ്പുകളിൽ  ഇതിന്റെ വിനീതമായ വിവരണം കാണാം. 
അവരുടെ ഉച്ചഭക്ഷണം ആടുകൾക്കും ചിലപ്പോൾ പാവപ്പെട്ട കുട്ടികൾക്കും കൊടുത്തുകൊണ്ട് അവർ പരസ്നേഹം പരിശീലിച്ചു. വേനൽക്കാലം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ദാഹം ശമിപ്പിക്കാനായി വെള്ളമോ മറ്റ് പാനീയങ്ങളോ അവർ ഉപയോഗിച്ചില്ല. ദിവസങ്ങളോളം ഒന്നും കുടിക്കാതെ, കഠിനമായ ദാഹം സഹിച്ചുകൊണ്ട് പാപികളുടെ മാനസാന്തരത്തിനായി അവർ പ്രാർഥിച്ചു. 
     സെപ്റ്റംബർ മാസമായതോടെ,  പരീക്ഷണങ്ങളാൽ പരിക്ഷീണരായ കുട്ടികൾ മാതാവിന്റെ ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു.. ദർശനങ്ങളെപ്പറ്റിയുള്ള നിശിതമായ പരിഹാസങ്ങൾ അപ്പോഴും അവർക്കു ചുറ്റും അലയടിച്ചിരുന്നു. എന്നാൽ, ഇടവകയ്ക്കു പുറത്ത്‌, ദർശനങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വന്നു.  ഔറമിലെ ഭരണാധികാരിയുടെ മുൻപിൽ കുട്ടികൾ കാട്ടിയ ധീരതയും ചാഞ്ചല്യമില്ലായ്മയും അനേകരെ സ്പർശിച്ചു. തന്നെയുമല്ല,  തലേമാസം ദർശനസ്ഥലത്ത് അനുഭവപ്പെട്ട അസാധാരണമായ സംഭവവികാസങ്ങളും അവരെ സ്വാധീനിച്ചു. 
                സെപ്റ്റംബർ 13 ന്  ഉച്ചയായപ്പോഴേക്കും ഏതാണ്ട് 30,000   ആളുകളാണ്  കോവാ ദെ ഇറിയായിലെ ദർശനസ്ഥലത്ത് അണിചേർന്നത്.   രാവിലെ മുതൽ തന്നെ അങ്ങോട്ടേക്കുള്ള റോഡുകൾ ജനനിബിഡമായിക്കഴിഞ്ഞിരുന്നു. തീർഥാടകർ ഭക്തിപൂർവ്വം ജപമാല ചൊല്ലി നീങ്ങുന്നത് ഹൃദയസ്പർശിയായ ഒരു കാഴ്ച തന്നെയായിരുന്നു..
               ദർശനസമയമടുത്തപ്പോൾ കുട്ടികൾ മൂവരും അവരുടെ വീടുകളിൽ നിന്ന് പുറപ്പെട്ടു.  എന്നാൽ, ആളുകൾ ചുറ്റും തിങ്ങിക്കൂടിയതിനാൽ മുന്നോട്ടു നീങ്ങാൻ അവർക്കു കഴിഞ്ഞില്ല. ചിലർ വളരെ ബുദ്ധിമുട്ടി ആൾക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അവരെ മുമ്പോട്ടു നയിച്ചു. ഒരുവിധത്തിൽ അവർ ദർശനസ്ഥലത്തെത്തി. അവിടെ, വളരെ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിൽ ആളുകൾ മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലി പ്രാർഥിക്കുന്നുണ്ടായിരുന്നു.  പുരുഷന്മാരെല്ലാവരും തന്നെ തലയിൽ  നിന്ന് തൊപ്പി മാറ്റിയിരുന്നു.  
                         കുട്ടികൾ പതിവുസ്ഥലത്തെത്തി മുട്ടുകുത്തി. ലൂസി ജപമാല കൈയിലേന്തി പ്രാർത്ഥന നയിക്കാൻ തുടങ്ങി. 
ആളുകളുടെ  താളാത്മകമായ പ്രത്യുത്തരം ഉയർന്നുകേട്ടു;  "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ ...."
            ജപമാലമണികൾ ഉരുണ്ടു നീങ്ങുന്നതിനിടയിൽ പെട്ടെന്ന് കുട്ടികൾ മുട്ടിൽ നിന്നെണീറ്റ് അത്ഭുതാദരങ്ങളോടെ കിഴക്കു ഭാഗത്തേക്കു നോക്കി നിൽക്കുന്നത്  ആളുകൾ കണ്ടു.  ഒരു നിമിഷം അങ്ങനെ നിന്നശേഷം അവരുടെ കണ്ണുകൾ ഇപ്പോൾ ഓക്ക് മരത്തിന്മേലായി.  ആഹ്ലാദ ഭരിതരായ കുട്ടികൾ വീണ്ടും മുട്ടുകുത്തി. 
ലൂസിയുടെ ഓർമ്മക്കുറിപ്പിൽ നിന്ന്: "ഞാൻ എന്റെ പതിവുചോദ്യം ആവർത്തിച്ചു:  "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
എന്റെ  മുൻപിൽ പ്രത്യക്ഷയായ മനോഹരിയുടെ മുഖത്ത് പുഞ്ചിരിയില്ലായിരുന്നു.. എന്നാൽ, ഗൗരവഭാവവും കാണപ്പെട്ടില്ല.  മാതാവ് തന്റെ ലളിതമായ നിർദേശങ്ങൾ ഞങ്ങൾക്കു നല്കി.."
  "എന്റെ കുഞ്ഞുങ്ങളേ, യുദ്ധം അവസാനിക്കാനായി ജപമാല ചൊല്ലുന്നതു
 നിങ്ങൾ   തുടരുക.."
"വേറെ എന്തെങ്കിലുമുണ്ടോ?"             
"നിങ്ങളുടെ പ്രാർത്ഥനയിലും ത്യാഗങ്ങളിലും ദൈവം സംപ്രീതനാണ്. എന്നാൽ നിങ്ങൾ അരയിൽ കെട്ടുന്ന ആ ചരട് രാത്രിയിലും ധരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല...പകൽ  സമയങ്ങളിൽ മാത്രം അത് ധരിച്ചാൽ മതിയാകും.."(കുട്ടികൾ മൂവരും തങ്ങളുടെ അരയിൽ കെട്ടുകളുള്ള പരുക്കൻ ചരട് മുഴുവൻ സമയവും ധരിച്ചിരുന്നു.) തങ്ങളുടെ അപേക്ഷകളും യാചനകളും മാതാവിൻ പക്കൽ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നവരുടെ കാര്യം ലൂസി ഓർമ്മിച്ചു. അവൾ മാതാവിനോട് പറഞ്ഞു: "ഒരുപാട് ആളുകൾ പ്രാർഥനാസഹായം യാചിച്ചിട്ടുണ്ട്.. അങ്ങ് അവരെയെല്ലാം സഹായിക്കുമോ?  ഊമയും ബധിരയുമായ ആ കൊച്ചു പെണ്‍കുട്ടിയെ അങ്ങ് സഹായിക്കുമോ?"
"ഇക്കൊല്ലം തന്നെ അവളുടെ സ്ഥിതി ,മെച്ചപ്പെടുന്നതാണ്.."
"ചിലർ ആവശ്യപ്പെട്ട മാനസാന്തരങ്ങൾ അങ്ങ് സാധിച്ചുകൊടുക്കുമോ? രോഗികളായ ചിലർക്ക് സൗഖ്യം നൽകുമോ ?"
"ചിലർക്ക് സൗഖ്യം ലഭിക്കുന്നതാണ്. ചിലർക്ക് ലഭിക്കയില്ല.."
ലൂസി നിർദ്ദേശങ്ങളെല്ലാം വിനീതയായി സ്വീകരിച്ചു. ദർശനങ്ങളിൽ തുടക്കം മുതലേ വിശ്വസിച്ചിരുന്ന മരിയ കരേരയുടെയും മറ്റു ഭക്തസ്ത്രീകളുടെയും ആഗ്രഹം അപ്പോൾ അവൾ ഓർമ്മിച്ചു. അവൾ ചോദിച്ചു: "ആളുകൾ നേർച്ചയായി സമർപ്പിക്കുന്ന പണം കൊണ്ട് ഒരു ചെറിയ ചാപ്പൽ ഇവിടെ പണിയുന്നത്‌ അങ്ങേയ്ക്ക് ഇഷ്ടമാകുമോ?"
"ജപമാലരാജ്ഞിയുടെ ബഹുമാനത്തിനായി ഒരു  ചെറിയ ചാപ്പൽ ഇവിടെ പണിയാവുന്നതാണ്. എന്നാൽ, നേർച്ചപ്പണത്തിന്റെ പകുതി മാത്രമേ അതിനായി ഉപയോഗിക്കാവൂ എന്ന് അവരോടു പറയുക.  .. ബാക്കിപ്പണം ഞാൻ കഴിഞ്ഞ മാസം പറഞ്ഞതുപോലെ, തിരുസ്വരൂപം വഹിക്കാനുപയോഗിക്കുന്ന രണ്ടു  ഫ്രെയിമുകൾ പണിയാനായി എടുക്കുക."
ദർശനങ്ങളെ പ്രതി അവരനുഭവിക്കുന്ന പീഡനങ്ങൾ ലൂസി ഓർമ്മിച്ചു.  അവൾ പറഞ്ഞു: "ഞാനൊരു നുണച്ചിയാണെന്നാണ് ഒരുപാടാളുകൾ വിശ്വസിക്കുന്നത്. എന്നെ തീയിലിട്ടു ചുട്ടുകളയണമെന്നും തൂക്കിലിടമെന്നും ഒക്കെയാണ് അവർ പറയുന്നത്.  എല്ലാവർക്കും വിശ്വാസം വരത്തക്ക വിധത്തിൽ ഒരു അത്ഭുതം അങ്ങ് പ്രവർത്തിക്കുമോ?"
"എല്ലാവർക്കും ഈ ദർശനങ്ങളിൽ വിശ്വാസം വരുന്നതിനായി ഒക്ടോബർ മാസത്തിൽ ഞാനൊരത്ഭുതം പ്രവർത്തിക്കുന്നതാണ്.." മാതാവ് മറുപടി നൽകി.
ദർശനം അവസാനിച്ചു. ഉയരത്തിലേക്കു പോകുന്ന മാതാവിനെ നോക്കിക്കൊണ്ട്‌ ലൂസി വിളിച്ചു പറഞ്ഞു: "അതാ നോക്കൂ.. മാതാവിനെ നിങ്ങൾക്കു കാണണമെങ്കിൽ അതാ നോക്കൂ.."
                          ലൂസി കൈ ചൂണ്ടിയ ദിക്കിലേക്ക് എല്ലാവരും നോക്കിയെങ്കിലും മാതാവിനെ ആർക്കും കാണാനായില്ല. എന്നാൽ, തിളങ്ങുന്ന ഒരു പ്രകാശഗോളം ദർശനം തുടങ്ങുന്നതിനു മുൻപ് വന്നിറങ്ങുന്നതും ഏതാനും മിനിട്ടുകൾക്കു ശേഷം ഉയർന്നു പൊങ്ങുന്നതും ഒരുപാടാളുകൾ കണ്ടു! ദർശനം കഴിഞ്ഞപ്പോൾ   അൽപ്പസമയം  നീണ്ടുനിന്ന നിശബ്ദതയ്ക്കുശേഷം ആളുകളുടെ ആഹ്ലാദാരവം അവിടമാകെ മുഴങ്ങി.