ഔറെമിലെ മജിസ്ട്രേട്ട് കുട്ടികളെ മൂവരെയും തട്ടിക്കൊണ്ടു പോയതിനാൽ ഓഗസ്റ്റ് 13 ന് നടക്കേണ്ടിയിരുന്ന നാലാമത്തെ ദർശനം അന്ന് നടക്കുകയുണ്ടായില്ല. എന്നാൽ, അന്നു പതിവുസമയത്തു തന്നെ മാതാവ് അവിടെ വന്നിരുന്നതായി അന്നവിടെ തടിച്ചു കൂടിയ ജനാവലി സാക്ഷ്യപ്പെടുത്തി. കാരണം, ദർശനസമയമായ നട്ടുച്ചനേരത്ത് അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന സുഖകരമായ തണുപ്പും കുളിർമയും മാതാവിന്റെ സാന്നിധ്യത്തിന്റെ മറ്റ് അടയാളങ്ങളും അവർക്ക് അനുഭവപ്പെട്ടു. എങ്കിലും കുട്ടികളുടെ അസാന്നിധ്യത്തിൽ അന്ന് ദർശനത്തിനു സാക്ഷികളാകാൻ അവർക്കു കഴിഞ്ഞില്ല. അങ്ങനെ നിരാശയോടെ അവർ വീടുകളിലേക്കു മടങ്ങി.
കുട്ടികളെ മൂവരെയും പല വിധത്തിൽ ചോദ്യം ചെയ്തിട്ടും മജിസ്ട്രേട്ടിന് അവരിൽ നിന്നും ഒരു വിവരവും കിട്ടിയില്ല. മാതാവ് അവരോടു പറഞ്ഞ രഹസ്യം എന്താണെന്നു വെളിപ്പെടുത്തിയില്ലെങ്കിൽ അവരെ തിളച്ച എണ്ണയിൽ മുക്കി കൊല്ലുമെന്ന ഭീഷണി പോലും അവരുടെ മുൻപിൽ വിലപ്പോയില്ല. ഒടുവിൽ മജിസ്ട്രേട്ട് തോൽവി സമ്മതിച്ച് ഓഗസ്റ്റ് പതിനഞ്ചാം തീയതി, മാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിവസം, കുട്ടികളെ പള്ളിമേടയിൽ കൊണ്ടുവന്നു വിട്ടു. തിരുക്കർമ്മങ്ങൾ കഴിഞ്ഞ് പള്ളി പിരിയുന്ന സമയമായതിനാൽ വലിയൊരു ജനാവലിയുടെ മുൻപിലേക്കാണ് മജിസ്ട്രേട്ടിന്റെ ആൾക്കാർ വന്നുപെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ ക്രുദ്ധരായിരുന്ന നാട്ടുകാർ, അവരെ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയെങ്കിലും ജസീന്തയുടെയും ഫ്രാൻസിസിന്റെയും പിതാവായ ടി മാർട്ടോയുടെ സമയോചിതമായ ഇടപെടൽ നിമിത്തം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കുട്ടികൾ നേരെ ദർശനസ്ഥലത്തേയ്ക്കാണ് പോയത്. അവിടെ പ്രാർഥിച്ചതിനുശേഷം അവർ തങ്ങളുടെ വീടുകളിലേക്കു മടങ്ങി. തങ്ങളുടെ സഹനങ്ങളെല്ലാം പാപികളുടെ മാനസാന്തരത്തിനായി അവർ ദൈവത്തിനു കാഴ്ചവെച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ പതിവുപോലെ തങ്ങളുടെ ജോലി തുടർന്നു. ഓഗസ്റ്റ് 19 ഞായറാഴ്ച, കുർബാനയ്ക്കുശേഷം അവർ കോവാ ദെ ഇറിയായിൽപ്പോയി ജപമാല ചൊല്ലി പ്രാർഥിച്ചു. അവരോടൊപ്പം പ്രാർത്ഥന ചൊല്ലുവാൻ അനേകം ആളുകളും അവിടെ എത്തിയിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മാന്യൻ, കുട്ടികളെ മൂവരെയും അവരോടൊപ്പമുണ്ടായിരുന്ന ജസീന്തയുടെയും ഫ്രാൻസിസിന്റെയും മൂത്ത സഹോദരൻ ജോണിനെയും ഉച്ചഭക്ഷണത്തിനായി തന്റെ വീട്ടിലേക്കു ക്ഷണിച്ചു. സന്തോഷപൂർവ്വം കുട്ടികൾ ആ ക്ഷണം സ്വീകരിച്ചു. അവിടെ നിന്നും തിരിയെ വന്നപ്പോൾ, ജസീന്ത, അവളുടെ അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേയ്ക്കു തിരിച്ചുപോയി. ലൂസിയും ഫ്രാൻസിസും ജോണും ആടുകളെ മേയ്ക്കാനായി മേച്ചിൽപ്പുറം തേടി പോവുകയും ചെയ്തു..
പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റി സി.ലൂസി എഴുതുന്നു:
"എന്റെ ഒരു അമ്മാവന്റെ ഉടമസ്ഥതയിലുള്ള വാലിനോസ് എന്ന പുൽമേട്ടിലേയ്ക്കാണ് അന്നു ഞങ്ങൾ പോയത്. ഏകദേശം 4 മണിയായപ്പോൾ, മാതാവിന്റെ ദർശനത്തിനു മുന്നോടിയായി കോവാ ദെ ഇറിയായിലെ അന്തരീക്ഷത്തിനു വന്നിരുന്ന മാറ്റങ്ങൾ ഇവിടെയും എനിക്ക് അനുഭവപ്പെട്ടു. അന്തരീക്ഷം പെട്ടെന്ന് പുതുമയും കുളിർമ്മയും ഉള്ളതായി; സൂര്യന്റെ ഉഗ്രതാപം പെട്ടെന്ന് താണു.. മാതാവ് വരുന്നതിനു മുൻപുണ്ടാകുന്ന മിന്നൽ ഞാൻ കണ്ടു.. ഫ്രാൻസിസും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു. അവൻ, തന്റെ വലിയ കണ്ണുകൾ വിടർത്തി പ്രതീക്ഷയോടെ, നിന്നു.. അവന്റെ സഹോദരൻ ജോണിന് എന്തോ സംഭവിക്കുന്നതായി തോന്നിയെങ്കിലും എന്താണെന്ന് മനസ്സിലായില്ല. ഞാൻ ജോണിനോട് വിളിച്ചു പറഞ്ഞു; "ജോണ്‍, ദയവായി ജസീന്തയെ വേഗം വിളിച്ചുകൊണ്ടുവരൂ.. മാതാവ് വരുന്നുണ്ട്.."
ഈ അത്ഭുതദൃശ്യം കാണാനാഗ്രഹിച്ച ജോണ്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് വീട്ടിലേക്കോടിപ്പോയി ജസീന്തയെ വിളിച്ചുകൊണ്ടുവന്നു. അവൾ വന്ന് ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ മാതാവ് അവർക്കു മൂവർക്കും പ്രത്യക്ഷയായി. ലൂസി തന്റെ പതിവു ചോദ്യം ആവർത്തിച്ചു: "ഞാൻ എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് ?"
"അടുത്ത മാസം പതിമ്മൂന്നാം തീയതിയും കോവാ ദെ ഇറിയായിൽ വരിക. എന്റെ കുഞ്ഞേ, എല്ലാ ദിവസവും ജപമാല ചൊല്ലുക."
ആളുകളുടെ അവിശ്വാസം നിമിത്തം വളരെയേറെ വിഷമിച്ചിരുന്നതിനാൽ ദർശനസ്ഥലത്ത് ഒരു അത്ഭുതം പ്രവർത്തിച്ച് എല്ലാവരെയും വിശ്വാസത്തിലേക്കു കൊണ്ടുവരണമെന്ന് വീണ്ടും ലൂസി അഭ്യർഥിച്ചു.
"തീർച്ചയായും.." അമ്മ അവൾക്ക് ഉറപ്പു നല്കി. "എല്ലാവരും ഈ ദർശനങ്ങളിൽ വിശ്വസിക്കുന്നതിനായി ഒക്ടോബർ മാസത്തിൽ ഞാനൊരത്ഭുതം പ്രവർത്തിക്കും. അവർ നിങ്ങളെ തടവിലാക്കിയില്ലായിരുന്നുവെങ്കിൽ അത്ഭുതം കുറേക്കൂടി വലുതായിരുന്നേനെ.. ജനങ്ങളെ അനുഗ്രഹിക്കുന്നതിനായി അന്ന് ഈശോ എഴുന്നെള്ളും. ലോകത്തിൽ സമാധാനം കൈവരുന്നതിനായി വി.യൌസേപ്പും അന്ന് ഉണ്ണിമിശിഹായോടൊപ്പം വരും. വ്യാകുലമാതാവും ജപമാല രാജ്ഞിയും ആ സമയം അവിടെ സന്നിഹിതയായിരിക്കും.."
ആ സമയം, മരിയാ കരേരയുടെ അപേക്ഷ ലൂസി ഓർമിച്ചു. അവൾ ചോദിച്ചു: "ദർശനസ്ഥലത്ത് നേർച്ചയായി ജനങ്ങൾ അർപ്പിച്ച പണം കൊണ്ട് ഞങ്ങൾ എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് ?"
"തിരുസ്വരൂപങ്ങൾ വഹിക്കുവാനുപയോഗിക്കുന്ന ഫ്രെയിമുകൾ രണ്ടെണ്ണം പണിയിക്കുക. ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിൽ, അതിലൊരെണ്ണം, മറ്റുരണ്ടു പെണ്‍കുട്ടികളോടൊപ്പം നീയും ജസീന്തയും കൂടി വഹിക്കുക. നിങ്ങൾ രണ്ടുപേരും വെള്ളവസ്ത്രം ധരിച്ചിരിക്കണം. മറ്റേത്, മൂന്ന് ആണ്‍കുട്ടികളോടൊപ്പം ഫ്രാൻസിസ് വഹിക്കണം. അവരും വെള്ളവസ്ത്രം ധരിച്ചിരിക്കണം..."
ലൂസി വിനീതയായി ഈ നിർദേശങ്ങൾ സ്വീകരിച്ചു. പെട്ടെന്ന്, രോഗസൗഖ്യത്തിനായി മാതാവിനോട് അപേക്ഷിക്കാൻ തന്നോട് ശുപാർശ ചെയ്തിരുന്നവരുടെ കാര്യം അവളോർമ്മിച്ചു. മാതാവിനോട് അക്കാര്യം അപേക്ഷിച്ചപ്പോൾ അമ്മ പറഞ്ഞു; "ചിലരെ ഇക്കൊല്ലം ഞാൻ സുഖപ്പെടുത്തുന്നതാണ്.." വീണ്ടും കുട്ടികളെ നോക്കിക്കൊണ്ട് വിഷാദത്തോടെ അമ്മ പറഞ്ഞു: "പ്രാർഥിക്കുക; ധാരാളം പ്രാർഥിക്കുക.. പാപികൾക്കായി ധാരാളം ത്യാഗപ്രവൃത്തികൾ കാഴ്ച വെയ്ക്കുക. വളരെയേറെ ആളുകൾ നരകത്തിൽ നിപതിക്കുന്നു; കാരണം, അവർക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ ആരുമില്ല.."
ദർശനം അവസാനിച്ചു. മാതാവ് കിഴക്കു ഭാഗത്തേക്ക് ഉയർന്നു മറയുന്നതുനോക്കി അവർ നിന്നു ..
(സി.ലൂസിയായുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്)