(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശം)
നിങ്ങളുടെ ഈ കാലഘട്ടം പോലെ മറ്റൊരു കാലത്തും സമാധാനത്തിനെതിരായി ഇത്രയേറെ ഭീഷണികൾ ഉയർന്നിട്ടില്ല. കാരണം, ദൈവത്തിനെതിരായുള്ള എൻ്റെ ശത്രുവിൻ്റെ തീവ്രയത്‌നം കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ച് സാർവത്രികമായ ഒരു പ്രതിഭാസമായിത്തീർന്നിരിക്കുന്നു.
ആകയാൽ, നിങ്ങൾ മഹാപരീക്ഷണത്തിൻ്റെ നടുവിൽ എത്തി നിൽക്കുന്നുവെന്ന് ഓർത്തുകൊള്ളുവിൻ. സാത്താനാൽ നിരന്തരം ഭയപ്പെടുത്തപ്പെട്ടും അശുദ്ധാത്മാക്കളുടെ ആവൃതിക്കുള്ളിൽ ബന്ധിക്കപ്പെട്ടും നിൽക്കുന്ന എൻ്റെ സാധുകുഞ്ഞുങ്ങളെ ഈ കഠിന പരീക്ഷണം സാരമായി ബാധിച്ചിട്ടുണ്ട്. അതിലൂടെ പ്രസാദവര സമൃദ്ധിയും ദൈവത്തോടുള്ള ഐക്യവും നിങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്.
ഇന്ന് പാപമെന്നത് ഒരു തിന്മയായി കരുത്തപ്പെടുന്നില്ല; മാത്രമല്ല, നന്മ നിറഞ്ഞതോ മൂല്യമുള്ളതോ ആയ ഒന്നായി പാപം ശ്ലാഘിക്കപ്പെടുകയും ചെയ്യുന്നു. വഞ്ചനാത്മകമായ സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം മൂലവും പാപം ഒരു തിന്മയാണെന്ന ചിന്ത ക്രമാനുഗതമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ പാപം കൂടുതൽ കൂടുതലായി ആവർത്തിക്കപ്പെടുകയും നീതികരിക്കപ്പെടുകയും ചെയ്യുന്നു ; എന്നുമാത്രമല്ല, പാപസങ്കീർത്തനത്തിനുള്ള സാദ്ധ്യതകളും ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു.
പാപത്തിൽ ജീവിക്കുന്നുവെങ്കിൽ, നിങ്ങൾ പിശാചിൻ്റെ അടിമത്തത്തിലേക്ക് നിങ്ങൾ മടങ്ങിവരികയാണെന്ന് മറക്കാതിരിക്കുക. അതിലൂടെ വീണ്ടും അവൻ്റെ കുടിലതന്ത്രങ്ങൾക്ക് നിങ്ങൾ വിധേയരാവുകയും ഈശോ നേടിത്തന്ന വീണ്ടെടുപ്പ് നിങ്ങളിൽ നിഷ്ഫലമാവുകയും ചെയ്യും.