ജാലകം നിത്യജീവൻ: പൗരോഹിത്യം

nithyajeevan

nithyajeevan

Tuesday, January 31, 2012

പൗരോഹിത്യം

                                              ഈശോ പറയുന്നു: "ഭാവിയിലെ നന്മയുടെയും  തിന്മയുടെയും         വേരുകള്‍ വർത്തമാനകാലത്തിലാണ്  ഊന്നിയിരിക്കുന്നത്. ഹിമപാതം   ആരംഭിക്കുന്നത്   ഒരു   മഞ്ഞിന്‍ തരിയിലാണ്. ഒരു പുരോഹിതന്‍, അയോഗ്യനും അശുദ്ധനും പാഷണ്ഡിയും അവിശ്വസ്തനും അവിശ്വാസിയും മന്ദഭക്തനും ബുദ്ധിഹീനനും അലസനും ജഡികാസക്തനും ആകുമ്പോള്‍, അതേ കുറ്റങ്ങള്‍  ചെയ്യുന്ന ഒരു വിശ്വാസിയേക്കാള്‍  പത്തിരട്ടി പാപം ചെയ്യുന്നു. അയാള്‍  അനേകരെ പാപത്തിലേക്കു വലിച്ചിഴയ്ക്കുന്നു. 
              
ഒരു പുരോഹിതനു ചെയ്യാന്‍ കഴിയുന്ന നന്മകള്‍, അയാള്‍ക്കു ചെയ്യാന്‍ കഴിയുന്ന തിന്മകള്‍ - ഇവയെപ്പറ്റി ചിന്തിക്കുവിന്‍ .  തന്റെ വിശുദ്ധമായ  സ്ഥിതിയില്‍  നിന്നും പിന്നോട്ടുപോയ പുരോഹിതന് എത്രമാത്രം തിന്മ ചെയ്യാന്‍  കഴിയും എന്നുള്ളതിന് ഉദാഹരണം നിങ്ങള്‍ക്കുണ്ടായിക്കഴിഞ്ഞു. ഭാവിയില്‍    കറിയോത്തുകാരന്‍  യൂദാസിന്റെ പകര്‍പ്പുകള്‍  എത്രയോ അധികമായി ഉണ്ടാകും!! എത്ര ഭയാനകം!!!
എന്റെ സഭ, അതിന്റെ ശുശ്രൂഷകരാൽത്തന്നെ നശിപ്പിക്കപ്പെടുന്നു!  എന്നാല്‍, സ്വയം ബലിയാക്കുന്ന ആത്മാക്കളുടെ സഹായത്താല്‍  ഞാൻ അതിനെ താങ്ങുന്നു. പുരോഹിതര്‍ക്ക് അപ്പോൾ, പുരോഹിതന്റെ വസ്ത്രം മാത്രമേ ഉണ്ടായിരിക്കയുള്ളൂ. പുരോഹിതന്റെ ആത്മാവുണ്ടായിരിക്കയില്ല. ഭയാനകമായ ആ കാലങ്ങളില്‍, ഇടയനും മുന്‍പേ പോകുന്നവനുമായ നീ (മാര്‍പ്പാപ്പ)  സുവിശേഷം ഉയര്‍ത്തിപ്പിടിക്കുക. കാരണം അതിലാണു രക്ഷ കണ്ടെത്തുക; വേറെ ഒരു ശാസ്ത്രത്തിലുമല്ല.

                       പരിശുദ്ധഅമ്മ പറയുന്നു: "അന്ന് അന്ത്യഅത്താഴവേളയില്‍, അഗാധമായ വേദനയോടെ എന്റെ പുത്രന്‍  തന്റെ അപ്പസ്തോലന്മാരോട്  പറഞ്ഞു; 'നിങ്ങളില്‍  ഒരാള്‍ എന്നെ ഒറ്റിക്കൊടുക്കാന്‍  പോകയാണ്.' ഇന്ന് അവന്റെ പൗരോഹിത്യത്തിലും അവന്റെ ഓഹരിയിലും പങ്കുകാരായ എത്രയോ പേരാണ് അവനെ ഒറ്റിക്കൊടുക്കുന്നത് ! അവർ അവനെ ഒറ്റിക്കൊടുക്കാന്‍   കാരണം, ദൈവത്തിന്റെ പരിശുദ്ധമായ വചനങ്ങള്‍  വിശ്വസിക്കാത്തതാണ്. വിശ്വാസമില്ലായ്മയും  മതത്യാഗവും തിരുസ്സഭയില്‍ 
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മുപ്പതു വെള്ളിക്കാശിന് അവര്‍  അവനെ ഒറ്റിക്കൊടുക്കുകയാണ്. സ്വാര്‍ത്ഥതയുടേയും അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും വെള്ളിനാണയങ്ങളാല്‍  അവര്‍  അവനെ ഒറ്റിക്കൊടുക്കുകയാണ്. അവനെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാര്‍  എത്ര അധികമാണിന്ന് !!!
        
 വൈദികരായ എന്റെ വത്സലസുതരേ, ദുഃഖിതയും ക്രൂശിതയുമായ അമ്മയോടൊത്ത്  കുരിശിന്‍  ചുവട്ടില്‍  നില്‍ക്കുന്ന യോഹന്നാനെപ്പോലെ നിങ്ങളും ആയിരിക്കുവിന്‍ .  എന്റെ ഹൃദയത്തോടു ചേര്‍ന്ന് നിങ്ങള്‍  ശുദ്ധരാകുവിന്‍ . അങ്ങനെ വിശ്വസ്തരായ പുരോഹിതന്മാരായി മാറാന്‍  നിങ്ങള്‍ക്കു കഴിയും.  ഒരുനിമിഷം പോലും ദൈവത്തെ കൈവിടാതെ ജീവിക്കുന്ന നവയുഗയോഹന്നാന്മാരായി നിങ്ങള്‍   മാറും !!"