ജാലകം നിത്യജീവൻ: ഈശോ സിക്കോമിനോണിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Sunday, January 15, 2012

ഈശോ സിക്കോമിനോണിൽ പ്രസംഗിക്കുന്നു

ഈശോ സിക്കോമിനോൺ എന്ന സ്ഥലത്താണ്.  ഈശോയെ ശ്രവിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെ എത്തിയിട്ടുണ്ട്.  ഈശോ പ്രസംഗം തുടങ്ങുന്നു: 
"കാര്യങ്ങൾ ശരിക്കു മനസ്സിലാക്കുന്നതിനായി നിങ്ങളെ ഒരുക്കാൻ എന്റെ സമാധാനം നിങ്ങൾക്കു നൽകുന്നു. കൊടുങ്കാറ്റിൽ ദൈവസ്വരം ശ്രവിക്കുക എളുപ്പമല്ല. ഓരോ അസ്വസ്ഥതയും ജ്ഞാനത്തിന് വിനാശകരമാണ്. ജ്ഞാനം ദൈവത്തിൽ നിന്നു വരുന്നതാകയാൽ അത്    സമാധാനപൂർണ്ണമായിരിക്കും. അസ്വസ്ഥത, ദൈവത്തിൽ നിന്നുള്ളതല്ല. വേവലാതി, ഉത്ക്കണ്ഠ, സംശയം മുതലായവ മനുഷ്യമക്കളെ കലക്കിമറിക്കുന്നതിന് അശുദ്ധാരൂപി പ്രയോഗിക്കുന്നവയാണ്. അവ ദൈവത്തിൽ നിന്ന് അവരെ അകറ്റും. എന്റെ ഉപദേശം കുറച്ചുകൂടി വ്യക്തമാക്കാൻ ഞാനൊരു ഉപമ പറയാം.      

ഒരു കൃഷിക്കാരന് അവന്റെ പറമ്പിൽ ധാരാളം വൃക്ഷങ്ങളും മുന്തിരിച്ചെടികളുമുണ്ടായിരുന്നു. അവയിൽ ഒരു മുന്തിരി പ്രത്യേക ഇനമായിരുന്നു. വളരെ സ്വാദുള്ള മുന്തിരിപ്പഴങ്ങൾ നൽകിയിരുന്ന ആ ചെടിയിൽ അയാൾ അഭിമാനം കൊണ്ടിരുന്നു. ഒരു വർഷം ആ മുന്തിരിയിൽ ധാരാളം ഇലകളുണ്ടായി. ഫലങ്ങൾ കുറവായിരുന്നു. ഒരു കൂട്ടുകാരൻ അതുകണ്ട് പറഞ്ഞു; "നീ അതു വെട്ടി ശരിയാക്കാഞ്ഞിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്." അടുത്ത വർഷം, അയാൾ അത് നന്നായി മുറിച്ചുനിർത്തി. എന്നാൽ ആ വർഷം വളരെക്കുറച്ച് ഇലകളും ഫലങ്ങളും മാത്രമേ ഉണ്ടായുള്ളൂ. മറ്റൊരു കൂട്ടുകാരൻ അവനോടു പറഞ്ഞു; "നീ മുറിച്ചത് അധികമായിപ്പോയതു കൊണ്ടാണ് ഇങ്ങനെ വന്നത്."  മൂന്നാം വർഷം കൃഷിക്കാരൻ പ്രത്യേകമായ ഒരു പരിചരണവും മുന്തിരിച്ചെടിക്കു നൽകിയില്ല. അക്കൊല്ലം, രോഗം ബാധിച്ചു ചുരുണ്ട ഏതാനും ഇലകൾ മാത്രമുണ്ടായി. അപ്പോൾ മൂന്നാമത് ഒരു കൂട്ടുകാരൻ പറഞ്ഞു; "മണ്ണ് നല്ലതല്ലാത്തതു കൊണ്ടാണ് അതു നശിക്കുന്നത്. അതു കത്തിച്ചുകളയൂ.."

"എന്താണീപ്പറയുന്നത്? മറ്റുള്ളവ വളരുന്ന അതേ മണ്ണിൽത്തന്നെയല്ലേ ഇതും? ഇതിനുമുമ്പ് ഇത് നന്നായി വളർന്നിരുന്നല്ലോ?" അതുകേട്ട് കൂട്ടുകാരൻ തോളുയർത്തി അലസഭാവത്തിൽ അവിടെ നിന്നു പോയി.

വേറൊരു ദിവസം കൃഷിക്കാരൻ ആ മുന്തിരിയിൽ ചാരി ദുഃഖിതനായി നിൽക്കുമ്പോൾ ഒരു വഴിയാത്രക്കാരൻ അതിലേ കടന്നുപോയി. അപരിചിതനെങ്കിലും അയാൾ നിന്നു ചോദിച്ചു: "എന്തുപറ്റി? വീട്ടിൽ ആരെങ്കിലും മരിച്ചോ?"

"ഇല്ല; എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ മുന്തിരി മരിച്ചുകൊണ്ടിരിക്കുന്നു. നീരെല്ലാം വറ്റി അതു ഫലം പുറപ്പെടുവിക്കുന്നില്ല. അവരെല്ലാം പറഞ്ഞതൊക്കെ ഞാൻ ചെയ്തു; പക്ഷേ യാതൊരു ഫലവുമുണ്ടായില്ല."

ആ വഴിയാത്രക്കാരൻ വയലിൽ പ്രവേശിച്ച് മുന്തിരിച്ചെടിയുടെ അടുത്തുചെന്നു; അതിന്റെ ഇല സ്പർശിച്ചു നോക്കി; ചുവട്ടിൽ നിന്ന് ഒരുപിടി മണ്ണു വാരി മണത്തുനോക്കി;  "നീ മുന്തിരിക്കു താങ്ങു കൊടുത്തിരിക്കുന്ന ആ തടി നീക്കം ചെയ്യണം. അതാണ് മുന്തിരി ഫലം നൽകാത്തതിന്റെ കാരണം."

"അത് മുന്തിരിക്കു താങ്ങായി അവിടെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായല്ലോ?"

"എന്നോടു പറയൂ, മനുഷ്യാ, നീ ആ മുന്തിരി നട്ടപ്പോൾ ആ ചെടി എങ്ങനെയുണ്ടായിരുന്നു? ആ വൃക്ഷം എങ്ങനെയുണ്ടായിരുന്നു?"

"ഓ! അത് മൂന്നു വർഷം പ്രായമുള്ള ഒരു നല്ല മുന്തിരിയായിരുന്നു... വൃക്ഷം, മുന്തിരിത്തണ്ടിനു താങ്ങായി നട്ട ഒരു ചെറിയ ചെടിയായിരുന്നു. മണ്ണു നല്ലതായിരുന്നതിനാൽ രണ്ടും നന്നായി വളർന്നു. വർഷങ്ങൾ കഴിയുന്തോറും മുന്തിരി നന്നായി വളർന്നു.. അതിനെ മുറിച്ചൊരുക്കി നിർത്തി. വൃക്ഷം അത്ര നന്നായി വളർന്നില്ല. അതിനെ എന്തിനു കൊള്ളാം? എന്നാൽ പിന്നീട് അതു ശക്തിയായി വളർന്നു. നോക്കൂ.. അതിപ്പോൾ എത്ര വലുതായിരിക്കുന്നു?"

"പക്ഷേ, അത് മുന്തിരിയെ നശിപ്പിച്ചു. അത് മുന്തിരിയെ മറികടന്നു വളർന്നു. സ്വന്തം ജീവനെ നിലനിർത്താൻ എന്നുള്ളത് ശരിതന്നെ... മണ്ണ്, സൂര്യപ്രകാശം, നീ നൽകിയ സംരക്ഷണം എല്ലാമുപയോഗിച്ച് അതു ശക്തിയായി വളർന്നു. മുന്തിരിയുടെ വേരിനെ ചുറ്റിപ്പിണഞ്ഞ് അതിനെ ശ്വാസംമുട്ടിച്ചു കൊന്നു; പോഷണം മുഴുവൻ വലിച്ചെടുത്തു; ശ്വസിക്കുന്നതിനും പ്രകാശം ലഭിക്കുന്നതിനും തടസ്സമുണ്ടാക്കി. ഉടനെതന്നെ ഉപയോഗശൂന്യമായ ആ വൃക്ഷം വെട്ടിക്കളയുക. നിന്റെ മുന്തിരി പുനർജ്ജീവിക്കും. ഞാൻ പറയുന്നതു വിശ്വസിക്കുക; നിനക്കു സന്തോഷമുണ്ടാകും."

"നിന്നെ ഞാൻ വിശ്വസിക്കേണ്ടതിന് നീ ആരാണെന്ന് എന്നോടു പറയുക."

"ഞാനാണ് ജ്ഞാനമുള്ളവൻ. എന്നെ വിശ്വസിക്കുന്നവൻ സുരക്ഷിതനായിരിക്കും."

  കൃഷിക്കാരൻ സംശയാലുവായി; എന്നാൽ അൽപ്പം കഴിഞ്ഞ് തീരുമാനത്തിലെത്തി. ഒരു വാൾ എടുത്തു; സഹായത്തിന് കൂട്ടുകാരെയും വിളിച്ചു. എന്നാൽ അവർ അവനെ പരിഹസിച്ചു; "നിനക്കു ഭ്രാന്താണോ? നിനക്കു മുന്തിരിയും വൃക്ഷവും നഷ്ടപ്പെടും. ഞാനാണെങ്കിൽ മുന്തിരിക്കു വായു കിട്ടുന്നതിന് വൃക്ഷത്തിന്റെ മുകൾഭാഗം മാത്രം മുറിക്കും.."

"മുന്തിരിക്കു് ഒരു താങ്ങുവൃക്ഷം ഉണ്ടായിരിക്കണം. നീ പ്രയോജനമില്ലാത്ത ഒരു പണിക്കാണ് ഒരുങ്ങുന്നത്."

എന്നാൽ കൃഷിക്കാരൻ പറഞ്ഞു; "എനിക്കയാളിൽ വിശ്വാസമുണ്ട്. അയാൾ പറഞ്ഞതുപോലെ പോലെ ഞാൻ ചെയ്യും."

 അയാൾ  വളരെ ക്ഷമയോടെ മുന്തിരിക്കു കേടു വരുത്താതെ താങ്ങുവൃക്ഷം നീക്കം ചെയ്തു.   മുന്തിരിക്കു് താങ്ങില്ലാത്തതിനാൽ ബലമുള്ള ഒരു ഇരുമ്പുകമ്പിയെടുത്ത് അതിനു സമീപം നാട്ടി. ഒരു മരപ്പലകയിൽ "വിശ്വാസം" എന്നെഴുതി അതിന്മേൽ വച്ചുകെട്ടി.

കൂട്ടുകാരെല്ലാം തലകുലുക്കിക്കൊണ്ട് സ്ഥലം വിട്ടു. ശരത്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വസന്തം വന്നു. മുന്തിരിയിൽ ധാരാളം മുകുളങ്ങളുണ്ടായി. പിന്നീട് ചെറിയ പുഷ്പങ്ങളുണ്ടാവുകയും അവ മുന്തിരിഫലങ്ങളായിത്തീരുകയും ചെയ്തു. ഇലകളേക്കാൾ കൂടുതൽ മുന്തിരിക്കുലകൾ...


 "ഇപ്പോൾ നിങ്ങൾ എന്തു പറയുന്നു? ആ വൃക്ഷമായിരുന്നോ എന്റെ മുന്തിരി കൊഴിഞ്ഞുപോകാൻ കാരണം? ആ ജ്ഞാനിയായ മനുഷ്യൻ പറഞ്ഞത് ശരിയോ തെറ്റോ? കൃഷിക്കാരൻ കൂട്ടുകാരോടു ചോദിച്ചു.

"നീ ശരിയായി ചെയ്തു. നീ ഇപ്പോൾ സന്തോഷിക്കുന്നു; കാരണം നിനക്കു വിശ്വാസമുണ്ട്.  മുമ്പുണ്ടായിരുന്നതിനെ നശിപ്പിക്കാനും നിനക്കു കിട്ടിയ തെറ്റായ അറിവിനെ അവഗണിക്കാനും കഴിഞ്ഞു."
 

ഇതാണ് ഉപമ.  എന്നാൽ ഈ ഉപമയ്ക്ക് വിപുലമായ അർത്ഥങ്ങളുമുണ്ട്. 

സ്വന്തം ജനമാകുന്ന മുന്തിരിയെ ദൈവം നല്ല സ്ഥലത്തു നട്ടു.  വളർച്ചയ്ക്കും ധാരാളം നല്ല ഫലങ്ങൾ  പുറപ്പെടുവിക്കുന്നതിനും ആവശ്യമായതെല്ലാം നൽകി. താങ്ങായി ഗുരുക്കന്മാരെ നൽകി. നിയമം ശരിക്കു മനസ്സിലാക്കി അത് അവരുടെ ശക്തിയാക്കിത്തീർക്കണമെന്നുദ്ദേശിച്ചാണ് ഗുരുക്കന്മാരെ നൽകിയത്. എന്നാൽ നിയമദാതാവിനേക്കാൾ ശ്രേഷ്ഠരാകുവാൻ ഗുരുക്കന്മാർ ആഗ്രഹിച്ചു. അവർ വളർന്നു വളർന്ന് നിത്യവചനത്തിന്മേൽ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ ഇസ്രായേൽ ഫലശൂന്യമായി.

ഫലശൂന്യതയെക്കുറിച്ച് ദുഃഖിച്ച ഗുരുക്കന്മാരുടെ നിർദ്ദേശങ്ങളനുസരിച്ച് അതുമിതുമെല്ലാം ചെയ്യുന്ന ഏതാനും ശുദ്ധാത്മാക്കൾ, ഗുരുക്കന്മാർ ഇസ്രായേലിലുണ്ട്. ലോകത്തിന്റെ രീതിയിൽ മാത്രം അറിവുള്ളവരും സ്വഭാവാതീതമായ അറിവില്ലാത്തവരുമായ ഗുരുക്കന്മാരുടെ ഉപദേശം കൊണ്ട് നിഷ്ഫലയത്നം ചെയ്ത് വിഷമിക്കുന്ന അവർക്ക് ശരിയായ ഉപദേശം നൽകുന്നതിന് കർത്താവ് ജ്ഞാനിയായവനെ അയച്ചു.

എന്നാൽ എന്താണു് സംഭവിക്കുന്നത്? കർത്താവിനോടു വിശ്വസ്തത പുലർത്തിയിരുന്ന ആ സുവർണ്ണകാലത്തേതുപോലെ ഇസ്രായേൽ എന്തുകൊണ്ടാണ് അതിന്റെ ജീവനും ശക്തിയും വീണ്ടെടുക്കാത്തത്?  കാരണം ഉപദേശം ഇതാണ്:  പരിശുദ്ധമായതിനെ നശിപ്പിക്കുന്ന എല്ലാ പ്രമാണങ്ങളും നീക്കിക്കളയുക.  പത്തുകൽപ്പനകളാകുന്ന പ്രമാണങ്ങൾ, അതു തന്നതുപോലെ തന്നെ, ഒത്തുതീർപ്പു ചാപല്യവും കാപട്യവുമെല്ലാം തള്ളിക്കളഞ്ഞ് പരിശുദ്ധമാക്കി അനുസരിക്കുക. വായുവും സ്ഥലവും വളവും മുന്തിരിക്കു നൽകുക.  ദൈവജനത്തെ ശ്വാസംമുട്ടിക്കുന്ന എല്ലാം നീക്കിക്കളയുക. ശക്തിയുള്ളതും വളയാതെ നേരെ നിൽക്കുന്നതുമായ ഒരു നല്ല താങ്ങും നൽകുക. അതിന്റെ പേരു് സൂര്യനെപ്പോലെ ശോഭയുള്ള ഒന്നാണ്; അതായത് വിശ്വാസം. എന്നാൽ ഇസ്രായേൽ ഈ ഉപദേശം സ്വീകരിക്കുന്നില്ല.  അതിനാൽ ഞാൻ പറയുന്നു: ഇസ്രായേൽ നശിക്കും. വിശ്വസിക്കുകയും സ്വയം തിരുത്തുകയും വ്യത്യാസപ്പെടുകയും ചെയ്തിരുന്നെങ്കിൽ പുനർജ്ജീവൻ പ്രാപിക്കുകയും ദൈവരാജ്യം നേടുകയും ചെയ്യാമായിരുന്ന ഇസ്രായേൽ, വിശ്വസിക്കാത്തതിനാൽ നശിക്കും.

സമാധാനത്തിൽ പോവുക. കർത്താവ് നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!"