ജാലകം നിത്യജീവൻ: തിരുക്കുടുംബം

nithyajeevan

nithyajeevan

Monday, January 9, 2012

തിരുക്കുടുംബം


ഈശോ പറയുന്നു: "എല്ലാ കുടുംബങ്ങൾക്കും, പ്രത്യേകിച്ച് ദുരിതങ്ങളുടെ ഈ കാലഘട്ടത്തിലെ കുടുംബങ്ങൾക്ക്  തിരുക്കുടുംബം ഒരു മാതൃകയാണ്. എളിമയുടേയും വിധേയത്വത്തിന്റെയും പരസ്പര യോജിപ്പിന്റെയും പാഠങ്ങൾ അതു നിങ്ങൾക്കു നൽകുന്നു.

ജോസഫിനും മേരിക്കും സത്യദൈവമായ എന്നെ അവരുടെ പുത്രനായി ലഭിച്ചു. എങ്കിലും തങ്ങളുടെ ദരിദ്രജീവിതം, സ്വന്തം നാട്ടിൽ നയിക്കാനുള്ള സാഹചര്യം പോലും അവർക്കില്ലാതെ വന്നു. ഞാൻ അവരുടെ കൂടെ ആയിരുന്നതു മൂലം അവർ രണ്ടുപേരും അഭയാർത്ഥികളാകേണ്ടി വന്നു.  വ്യത്യസ്തമായ നാട്,  വ്യത്യസ്തമായ കാലാവസ്ഥ, ഗലീലിയ നാടിനോടു താരതമ്യപ്പെടുത്തിയാൽ വിഷാദമുളവാക്കുന്ന സ്ഥലം, അറിഞ്ഞുകൂടാത്ത ഭാഷ, വ്യത്യസ്തമായ പെരുമാറ്റ രീതി, അറിയാത്ത ജനങ്ങളുടെയിടയിലെ ജീവിതം.... ഇവയെല്ലാം അവർക്ക് സഹിക്കേണ്ടി വന്നു.

                       സ്വന്തം നാടിനെയും വീടിനെയും ഓർത്ത് അവർ ദുഃഖിച്ചു. ഉപേക്ഷിച്ചു പോന്നവ നശിച്ചുപോകുമല്ലോ   എന്നവർ ഉത്ക്കണ്ഠപ്പെട്ടു.   അവരുടെ ഹൃദയങ്ങളിൽ    അവർക്ക് ദുഃഖമുണ്ടായിരുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, ആളുകളുടെ അവിശ്വാസം - പ്രത്യേകിച്ച്,ആദ്യനാളുകളിൽ  അപരിചിതരായവർ ജോലിയന്വേഷിക്കുമ്പോൾ  ജോലി കൊടുക്കാനുള്ള വൈമനസ്യവും അവിശ്വാസവും - ഇവയെല്ലാം ദുഃഖഹേതുക്കളായിരുന്നു.

 ഇങ്ങനെയെല്ലാമാണെങ്കിലും, ആ കുടുംബത്തിൽ പ്രശാന്തിയും പുഞ്ചിരിയും ഐക്യവും നിറഞ്ഞു നിന്നിരുന്നു. ജോസഫിനും മേരിക്കും ഒരേയൊരു ചിന്ത മാത്രമേയുള്ളൂ.  ഞാൻ ദൈവത്തിൽ നിന്നു വന്നിരിക്കുന്നതിനാൽ ആ നാട് എനിക്കു ശത്രുതയും അപ്രീതിയും അനുഭവപ്പെടുന്നതാകരുതേ എന്ന്. ദൈവവിശ്വാസികളുടേയും ബന്ധുക്കളുടേയും സ്നേഹം അവർ ഏതെല്ലാം വിധത്തിലാണ് കാണിച്ചത്! ഓ! ഭൂമിയിലെ എന്റെ പ്രിയപ്പെട്ട അപ്പൻ, ദൈവത്താൽ എത്രയധികം സ്നേഹിക്കപ്പെട്ടു! അത്യുന്നത സ്വർഗ്ഗത്തിലെ പിതാവും ഭൂമിയിൽ രക്ഷകനായി വന്ന പുത്രനും അദ്ദേഹത്തെ സ്നേഹിച്ചു.

ആ ഭവനത്തിൽ ക്ഷിപ്രകോപമില്ല; ദ്വേഷമില്ല; മുഖംമാറ്റമില്ല; പരസ്പരം കുറ്റാരോപണമില്ല; തങ്ങളെ ഭൗമിക സമ്പത്തു നൽകി സമ്പന്നരാക്കാത്തതിൽ ദൈവത്തോട് ഒട്ടും പരിഭവവുമില്ല. തനിക്കുണ്ടാകുന്ന പ്രയാസങ്ങൾക്കെല്ലാം കാരണം മേരിയാണെന്ന് ജോസഫ് പരാതിപ്പെടുന്നില്ല. കൂടുതൽ പണം സമ്പാദിക്കാൻ കഴിയാത്തതിന്റെ പേരിൽ ജോസഫിനെ മേരി കുറ്റപ്പെടുത്തുന്നില്ല.  പരിശുദ്ധമായ സ്നേഹത്താൽ അവർ പരസ്പരം അത്രമാത്രം  ബന്ധിക്കപ്പെട്ടിരുന്നു. അതിനാൽ സ്വന്തം സുഖത്തെയോർത്ത് അവർ പര്യാകുലരാകുന്നില്ല.  മറ്റേയാളിന്റെ സുഖത്തിന് പ്രാധാന്യം നൽകുന്നു. യഥാർത്ഥ സ്നേഹം സ്വാർത്ഥതയില്ലാത്തതാണ്. ആത്മാർത്ഥമായ സ്നേഹം ചാരിത്ര്യമുള്ളതാണ്. കന്യാത്വവും വിരക്തിയും പാലിച്ച ഇവരിരുവരേയും പോലെ ആത്മാർത്ഥമായ പരസ്പരസ്നേഹമുള്ളവർ ചാരിത്ര്യമുള്ളവരായിരിക്കും.


 ചാരിത്ര്യം ഉപവിയോടു ചേരുമ്പോൾ വളരെയേറെ സുകൃതങ്ങൾ അതിൽനിന്നുണ്ടാകും. അത് മറ്റെല്ലാ സുകൃതങ്ങൾക്കും പ്രചോദനം നൽകുന്നു. പ്രത്യേകിച്ചും ദൈവത്തെ സ്നേഹിക്കുന്നതിനും അവിടുത്തെ നിരന്തരം സ്തുതിക്കുന്നതിനും അത് അവരെ സഹായിച്ചു. ദൈവത്തിന്റെ തിരുവിഷ്ടം തങ്ങളുടെ ശരീരത്തിനും മനസ്സിനും വേദനയുളവാക്കിയപ്പോഴും എല്ലാ നാഴികയിലും അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. കാരണം, അവർ രണ്ടുപേരിലും അരൂപി വളരെ ശക്തമായിരുന്നു. അതിനാൽ ദൈവപുത്രന്റെ കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അപാരമായ നന്ദിയോടെ അവർ ദൈവത്തെ നിരന്തരം സ്തുതിച്ചു.

ദാരിദ്ര്യത്തിലും എനിക്കു സന്തോഷമായിരുന്നു. കാരണം, ലോകം കണ്ടിട്ടുള്ളതിൽ ഏറ്റം വലിയ രണ്ടു വിശുദ്ധരുടെ സ്നേഹം എന്നെ ആവരണം ചെയ്തിരുന്നു.

തിരുക്കുടുംബത്തിന്റെ തലവൻ ജോസഫായിരുന്നു. ജോസഫിന്റെ അധികാരത്തെക്കുറിച്ച് തർക്കമില്ലായിരുന്നു. തർക്കിക്കാനാവാത്ത അധികാരം... അതിന്റെ മുമ്പിൽ ദൈവത്തിന്റെ  മാതാവായവൾ ബഹുമാനപൂർവം ശിരസ്സു നമിച്ചു. ദൈവപുത്രൻ സ്വമനസ്സാലെ തന്നെത്തന്നെ അതിനു വിധേയനാക്കി. ജോസഫ് ചെയ്യാൻ നിശ്ചയിച്ചതെല്ലാം നന്നായി ചെയ്തു. അതേക്കുറിച്ച് ചർച്ചയോ  സൂക്ഷ്മനിരീക്ഷണമോ എതിർപ്പോ ഒന്നുമുണ്ടായിരുന്നില്ല. ജോസഫിന്റെ വാക്കായിരുന്നു ഞങ്ങളുടെ നിയമം. എങ്കിലും എന്തുമാത്രം എളിമ അദ്ദേഹത്തിനുണ്ടായിരുന്നു!  കുടുംബത്തലവനാണെന്ന കാരണത്താൽ അധികാര ദുർവിനിയോഗമോ യുക്തിഹീനമായ തീരുമാനമോ ഒരിക്കലും ഉണ്ടായിരുന്നില്ല. തന്റെ മണവാട്ടി മാധുര്യം നിറഞ്ഞ ഉപദേശകയായിരുന്നു. മേരി, തന്റെ എളിമയുടെ ആധിക്യത്തിൽ, ജോസഫിന്റെ ദാസിയായി  സ്വയം കരുതിയെങ്കിൽ, ജോസഫ്, കൃപാവരപൂരിതയായ മേരിയിൽ നിന്ന് എല്ലാക്കാര്യങ്ങളിലും പ്രകാശം തേടിയിരുന്നു. ശക്തമായി വളരുന്ന വൃക്ഷങ്ങളാൽ സംരക്ഷിക്കപ്പെട്ടു വളരുന്ന പുഷ്പം പോലെ, എന്നെ രക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനുമായി എന്റെ മീതെ ചേർത്തിണക്കിയ രണ്ടു സ്നേഹങ്ങളുടെ മദ്ധ്യേ ഞാൻ വളർന്നുവന്നു."


 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)