ജാലകം നിത്യജീവൻ: വീണുപോയ പക്ഷിക്കൂടും ഒരു സാബത്തും

nithyajeevan

nithyajeevan

Saturday, January 28, 2012

വീണുപോയ പക്ഷിക്കൂടും ഒരു സാബത്തും


ഒരു സാബത്തുദിവസം..  കാട്ടുപ്രദേശത്തെ ഒരു പാതയിലൂടെ ഈശോ നടക്കുന്നു. ഒപ്പമുള്ള അപ്പസ്തോലന്മാരോടു സംസാരിച്ചു കൊണ്ടാണു നടപ്പ്.  പെട്ടെന്ന് ഈശോ സംസാരം നിർത്തി എന്തോ ശ്രദ്ധിക്കുന്നു. പിന്നീട് കുറ്റിക്കാട്ടിലെ ഒരു ചെറിയ വഴിയിലൂടെ ചെറിയ വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്ന ഒരു സ്ഥലത്തേക്കു പോകുന്നു. കുനിഞ്ഞു് ചുറ്റിലും നോക്കുന്നുണ്ട്.  സംഗതി കണ്ടുപിടിച്ചു.. പുല്ലിൽ ഒരു പക്ഷിക്കൂട്... കൊടുങ്കാറ്റിൽ വീണു പോയതാകാം;  അഥവാ ആരെങ്കിലും അതെടുത്തശേഷം താഴെയിട്ടിട്ടു പോയതായിരിക്കാം... കൂട്ടിനുള്ളിൽ അഞ്ചു പക്ഷിക്കുഞ്ഞുങ്ങൾ; ഏതാനും ദിവസം മാത്രം പ്രായമായവ, ഇളകുകയും കരയുകയും ചെയ്യുന്നു. വളരെ ഉയരത്തിൽ ഒരു വൃക്ഷക്കൊമ്പിലിരുന്ന് അവയുടെ മാതാപിതാക്കൾ ശരണംകെട്ട് നിലവിളിക്കുന്നു.

ഈശോ ആ കൂട് ശ്രദ്ധയോടെ കയ്യിലെടുത്തു; ഒരു കയ്യിൽ അതു സൂക്ഷിച്ചുപിടിച്ചു. അത് എവിടെ നിന്നായിരിക്കാം വീണതെന്നു കണ്ടുപിടിക്കാൻ നോക്കുന്നു. അഥവാ ഈ കൂട് സുരക്ഷിതമായി എവിടെ വയ്ക്കുവാൻ കഴിയുമെന്നു നോക്കുന്നു.     വള്ളികളും ശിഖരങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭദ്രമായ ഒരു സ്ഥലം കണ്ടു... കുറ്റിക്കാടിന്റെ ഉള്ളിൽ, ഒരു ചെറിയ കുട്ടപോലെ കുഴിവുള്ള ഭാഗം..  ഇനി കൂടു് അവിടെ വയ്ക്കണം.  പത്രോസിന്റെ കൈയിലേക്കു കൂടു കൊടുത്തശേഷം അങ്കിയുടെ കൈകൾ തെറുത്തുകയറ്റി, മുള്ളുകൾ കൈയിൽ കൊള്ളുന്നതു വകവയ്ക്കാതെ ആ കൂടു വയ്ക്കാനുള്ള ഭാഗം ഒന്നുകൂടി കൈ കൊണ്ടു ശരിയാക്കുകയാണ്. അതിനുശേഷം പത്രോസിന്റെ കൈയിൽ നിന്നു കൂടു വാങ്ങി ഒരുക്കിയ സ്ഥലത്തു വച്ചു. ഒന്നുകൂടി സുരക്ഷിതമാകുന്നതിന് നീളമുള്ള ഇലകൾ കൊണ്ട് മറയ്ക്കുകയും ചെയ്യുന്നു. കൂടു് ഇപ്പോൾ സുരക്ഷിതമായി. ഈശോ മാറിനിന്ന് സംതൃപ്തിയോടെ പുഞ്ചിരി തൂകുന്നു. പിന്നെ പ്രധാന വഴിയിലേക്കു പോകാൻ  ഈശോ തിരിഞ്ഞു....... കാത്തിരുന്ന    പക്ഷികൾ     സന്തോഷത്തോടെ പാടിക്കൊണ്ട് അവരുടെ കഞ്ഞുങ്ങളുടെ പക്കലേക്ക് പറന്നുവന്നു.

                  പ്രധാന വഴിയരികിൽ ഏതാനും പേർ കൂടി നിൽക്കുന്നു. ഈശോയ്ക്ക്    അഭിമുഖമായി   നിൽക്കുന്ന  അവരെ   കണ്ടപ്പോൾ  പുഞ്ചിരിയുണ്ടായിരുന്ന ഈശോയുടെ മുഖം വാടി. ഗൗരവത്തോടെ ഈശോ   നടന്നുവന്ന്   അവിടെ   നിന്നു.    അപ്രതീക്ഷിതമായി അവിടെ പ്രത്യക്ഷപ്പെട്ട അവരെ ഈശോ നോക്കുന്നു... അവരുടെ ഹൃദയങ്ങളെയും       അതിലെ       നിഗൂഢചിന്തകളെയുമാണ് നോക്കുന്നത്.    ഈശോയ്ക്ക്   മുന്നോട്ടു   കടന്നുപോകാൻ  പറ്റാത്ത വിധത്തിൽ വഴിക്കു തടസ്സമുണ്ടാക്കിയാണ് അവർ നിൽക്കുന്നത്.  എന്നാൽ ഈശോ ഒന്നും പറയുന്നില്ല.

"ഗുരുവിനു് കടന്നുപോകാൻ വഴി കൊടുക്കൂ.."  പത്രോസിന് സംസാരിക്കാതിരിക്കാൻ കഴിയുന്നില്ല.
 

"മിണ്ടാതിരിക്കൂ... നിന്റെ ഗുരു എങ്ങനെയാണ് എന്റെ സ്ഥലത്തു പ്രവേശിച്ചതും സാബത്തിൽ ശരീരാദ്ധ്വാനം ചെയ്തതും?"   സംഘത്തിലുണ്ടായിരുന്ന ഒരാൾ പറയുന്നു.

ഈശോ അയാളെ തറപ്പിച്ചു നോക്കി; മുഖത്തെ ഭാവം സമ്മിശ്രവികാരങ്ങൾ ഉൾക്കൊള്ളുന്നു.. പത്രോസ് എന്തോ പറയുവാൻ ഭാവിച്ചു.  എന്നാൽ ഈശോ ചോദിക്കുന്നു: "നീ ആരാണ്?"

"ഈ സ്ഥലത്തിന്റെ ജന്മി, യോഹന്നാൻ ബൻസക്കായി."

"വിശ്രുതനായ നിയമജ്ഞൻ! എന്തിനാണ് നീ എന്നെ ശകാരിക്കുന്നത്?

"സാബത്ത് അശുദ്ധമാക്കുന്നതിന്."

"യോഹന്നാൻ ബൻസക്കായീ, നിനക്ക് നിയമാവർത്തനപ്പുസ്തകം അറിയാമോ?"

"നീ എന്നോടാണോ ചോദിക്കുന്നത്?  ഇസ്രായേലിലെ യഥാർത്ഥ റബ്ബിയായ എന്നോട്?"

"നീ എന്നോടു പറയാനാഗ്രഹിക്കുന്നതെന്താണെന്ന് എനിക്കറിയാം. 'ഞാൻ ഒരു നിയമജ്ഞനല്ല, ഒരു ഗലീലേയനായ എനിക്ക് റബ്ബിയാകുക സാദ്ധ്യമല്ല' എന്ന്.  എന്നാൽ ഞാൻ വീണ്ടും ചോദിക്കുന്നു,  നിയമാവർത്തനപ്പുസ്തകം നിനക്ക് അറിയാമോ?"

"തീർച്ചയായും നിന്നെക്കാൾ നന്നായി അറിയാം.."

"അക്ഷരങ്ങളെല്ലാം തീർച്ചയായും  അറിയാം എന്നു നീ വിചാരിക്കുന്നു.  എന്നാൽ അവയുടെ ശരിയായ അർത്ഥം നിനക്കറിയാമോ?"

"ശരിയായ അർത്ഥമോ? അവയ്ക്ക് ഒരർത്ഥമേയുള്ളൂ.."

"സത്യം.. അവയ്ക്ക് ഒരർത്ഥമേയുള്ളൂ.  ആ അർത്ഥം സ്നേഹമാണ്. സ്നേഹമെന്ന് അതിനെ വിളിക്കുക സാദ്ധ്യമല്ലെങ്കിൽ കാരുണ്യം; അതും അസഹ്യമാണെങ്കിൽ മനുഷ്യത്വം എന്നു വിളിക്കുക.
നിയമാവർത്തനപ്പുസ്തകം  ഇങ്ങനെ പറയുന്നു:  'നിന്റെ സഹോദരന്റെ ആടോ കാളയോ വഴിതെറ്റി അലയുന്നതു കണ്ടാൽ അവ സമീപ പ്രദേശത്തല്ലെങ്കിൽത്തന്നെയും നീ നിന്റെ വഴിക്കു പോകാതെ, നീ അവയെ അവന്റെ വീട്ടിലെത്തിക്കുക; അല്ലെങ്കിൽ അവൻ അന്വേഷിച്ചു വരുന്നതുവരെ നിന്റെ വീട്ടിൽ സൂക്ഷിക്കുക.' വീണ്ടും പറയുന്നു; 'നിന്റെ സഹോദരന്റെ കഴുതയോ കാളയോ വീണു കിടക്കുന്നതു കണ്ടാൽ നീ കണ്ടില്ല എന്നു നടിക്കരുത്. അതിനെ എഴുന്നപ്പിച്ചു നിർത്തുവാൻ സഹായിക്കുക.'  അത് തുടർന്നു പറയുന്നു, 'ഒരു വൃക്ഷത്തിലോ നിലത്തോ നീ ഒരു പക്ഷിക്കൂടു കാണുകയും അതിൽ തള്ളപ്പക്ഷി മുട്ടയുടെ മേൽ അടയിരിക്കുകയോ കുഞ്ഞുങ്ങളുടെ മേൽ ഇരിക്കുകയോ ആണെങ്കിൽ     തള്ളയെ       എടുക്കരുത്.       കാരണം സന്താനോൽപ്പാദനത്തിന് അവൾ ആവശ്യമാണ്. നിങ്ങൾക്കു് 
കുഞ്ഞുങ്ങളെ മാത്രം എടുക്കാം.' ഞാൻ നിലത്തു കിടന്ന ഒരു പക്ഷിക്കൂടും     കരയുന്ന     തള്ളയേയും   കണ്ടു.      അവൾ ഒരമ്മയായതിനാൽ എനിക്കവളോട് അനുകമ്പ തോന്നി. അവളുടെ കുഞ്ഞുങ്ങളെ അവൾക്കു ഞാൻ തിരിച്ചുകൊടുത്തു.  ഒരമ്മയെ ആശ്വസിപ്പിച്ചതു       നിമിത്തം     ഞാൻ          സാബത്ത് അശുദ്ധമാക്കിയെന്നു കരുതുന്നില്ല.   നീയും നിന്റെ സ്നേഹിതരും അക്ഷരങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളൂ. അരൂപിയെക്കുറിച്ച് ചിന്തിക്കുന്നില്ല.      നീയും നിന്റെ സ്നേഹിതരും ഒരുവിധത്തിലല്ല, രണ്ടു   വിധത്തിലല്ല,    മൂന്നു   വിധത്തിലാണ്   സാബത്ത് ലംഘിക്കുന്നത്. ഒന്നാമത്, ദൈവ വചനത്തെ മനുഷ്യ മനസ്സിന്റെ അൽപ്പത്വത്തിലേക്കു നിങ്ങൾ തരം താഴ്ത്തുന്നു; രണ്ടാമത് ദൈവത്തിന്റെ കൽപ്പനയിൽ നിങ്ങൾ ഇടപെടുന്നു; മൂന്നാമത്, നിങ്ങളുടെ  സഹോദരനോടു്   നിങ്ങൾ കരുണ   കാണിക്കുന്നില്ല.    ശകാരിച്ചു   കൊണ്ട് സഹോദരനെ ഉപദ്രവിക്കുന്നത്   തെറ്റാണെന്നു   നിങ്ങൾ   കരുതുന്നില്ല.   അനാവശ്യമായി സംസാരിക്കുന്നതു തെറ്റാണ്. അതും ജോലിയാണ്. എന്നാൽ   ഉപകാരമുള്ളതോ   ആവശ്യമുള്ളതോ നല്ലതോ അല്ല. എങ്കിലും   ഇത്   സാബത്തിനെ   അശുദ്ധമാക്കുന്നതായി   നീ കരുതുന്നില്ല.  യോഹന്നാൻ   ബൻസക്കായീ,   എന്നെ ശ്രദ്ധിച്ചു   കേൾക്കൂ... ഫരിസേയരീതിയനുസരിച്ച് ഇന്നു നീ ഒട്ടും കരുണ കാണിക്കാതെ ഒരു    കറുമ്പിത്തലച്ചിപ്പക്ഷിയെ     ദുഃഖത്താൽ     ചാകാൻ അനുവദിക്കുകയും    അവളുടെ    കുഞ്ഞുങ്ങൾ   നശിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അതുപോലെ,   നാളെ നീ അൽപ്പം പോലും കാരുണ്യം കാണിക്കാതെ, ഒരമ്മ ദുഃഖത്താൽ മരിക്കാൻ അനുവദിക്കും.  അവളുടെ സന്തതിയെ കൊല്ലിക്കും.  കാരണമായി പറയുന്നത്, നിങ്ങളുടെ നിയമത്തോടുള്ള ആദരവു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാകും... നിങ്ങളുടെ നിയമം!   അല്ലാതെ ദൈവത്തിന്റെ നിയമമല്ല.  നീയും നിന്നെപ്പോലുള്ളവരും നിർമ്മിച്ച നിയമം!     ബലഹീനരെ    അമർത്തുവാനും     നിങ്ങൾക്കു വിജയിക്കുവാനും നിർമ്മിച്ചിട്ടുള്ള നിയമം...  എന്നാൽ നോക്കൂ... ബലഹീനർ    എപ്പോഴും    ഒരു     രക്ഷകനെ    കണ്ടെത്തുന്നു. നേരെമറിച്ച്     അഹങ്കാരികൾ,     ലോകനിയമമനുസരിച്ച് ശക്തരായവർ,     അവരുടെതന്നെ    ഭാരമേറിയ നിയമങ്ങളുടെ കീഴിൽ   ഞെരിഞ്ഞു    തകരും.     ദൈവം     നിന്നോടു  കൂടെയുണ്ടായിരിക്കട്ടെ, യോഹന്നാൻ ബൻസക്കായീ..   ഈ മണിക്കൂർ ഓർമ്മിച്ചുകൊള്ളൂ....  മറ്റൊരു സാബത്ത്, ഒരു കുറ്റകൃത്യം ചെയ്തതിന്റെ സംതൃപ്തിയാൽ അശുദ്ധമാക്കാതിരിക്കാൻ കരുതലുള്ളവനായിരിക്കുക."

 ഈശോ കോപത്തോടെ വൃദ്ധനായ നിയമജ്ഞനെ നോക്കുന്നു. അയാൾ വഴിമാറിക്കൊടുത്തതിനാൽ അരികിലുള്ള പുല്ലിന്മേൽ ചവിട്ടി ഈശോ കടന്നുപോകുന്നു.

  
              ഈശോ പറയുന്നു: "ധാരാളം ആളുകൾക്ക് നിയമത്തിന്റെ വാക്കുകൾ     അറിയാം.    എന്നാലവർക്ക്    വാക്കുകൾ     മാത്രമേ അറിയാവൂ.    അത്    അവർ ജീവിക്കുന്നില്ല. അതാണ് തെറ്റ്.

നിയമാവർത്തനപ്പുസ്തകത്തിൽ  മാനുഷികമായ നിയമങ്ങളാണ് പറഞ്ഞിരിക്കുന്നത്.     കാരണം      അക്കാലത്ത്      മനുഷ്യർ ആദ്ധ്യാത്മികമായി ശൈശവാവസ്ഥയിലായിരുന്നു. മൃഗീയന്മാരും കിരാതന്മാരും..        അവരെ     കൈപിടിച്ച്       നടത്തേണ്ടത് ആവശ്യമായിരുന്നു.   ദയ, ബഹുമാനം, സഹോദരനോടു സ്നേഹം, വീണു കിടക്കുന്ന    മൃഗത്തോടു കാരുണ്യം   എന്നിത്യാദി പുഷ്പങ്ങൾ വിരിഞ്ഞു   നിൽക്കുന്ന   പാതയിലൂടെ   നയിക്കണമായിരുന്നു. എന്നാൽ   ഞാൻ   വന്നപ്പോൾ  മോശയുടെ നിയമങ്ങളെ ഞാൻ പൂർത്തിയാക്കി. പുതിയ ചക്രവാളങ്ങൾ ഞാൻ തുറന്നു. അക്ഷരം

സർവതുമാണെന്നുള്ള സ്ഥിതി മാറി.   അരൂപി സർവതുമാണെന്നു വന്നു.   ആ പക്ഷിക്കൂടിനോടും അതിലെ കുഞ്ഞുങ്ങളോടും   ഞാൻ ചെയ്ത      മാനുഷികമായ      പ്രവൃത്തിയുടെ      ആന്തരാർത്ഥം പരിഗണിക്കുക ആവശ്യമാണ്.    സ്രഷ്ടാവിന്റെ  പുത്രനായ ഞാൻ, സ്രഷ്ടാവിന്റെ    കരവേലയുടെ    മുമ്പിൽ   തലകുനിക്കുന്നു.    ആ പക്ഷിക്കുഞ്ഞുങ്ങളും അവന്റെ വേലയാണ്.

ഓ!    എല്ലാറ്റിലും   ദൈവത്തെക്കാണുവാനും ബഹുമാനം നിറഞ്ഞ സ്നേഹത്തിന്റെ     അരൂപിയിൽ     അവനെ     ശുശ്രൂഷിക്കുവാനും കഴിയുന്നവർക്ക് സൗഭാഗ്യം."