ഈശോ, സുവിശേഷഭാഗ്യങ്ങളെപ്പറ്റി പ്രസംഗിച്ച മലയിലാണ്. സമയം പ്രഭാതം. അതിരാവിലെ മുതൽ മലയിലേയ്ക്ക് കയറിവരുന്ന ആളുകളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യത്തക്കവിധം ഈശോ ഓരോ അപ്പസ്തോലനെയും ഓരോ സ്ഥലത്ത് ഇരുത്തുന്നു. മുകളിലേക്കു വരുന്നവരിൽ കൈകളിലോ കിടക്കകളിലോ എടുത്തുകൊണ്ടുവരുന്ന രോഗികൾ, താങ്ങുവടി ഉപയോഗിച്ചു നടന്നുവരുന്ന മുടന്തന്മാർ തുടങ്ങിയവരുണ്ട്. ജനക്കൂട്ടത്തിനിടയിൽ ഗമാലിയേലിന്റെ പ്രേഷ്ഠശിഷ്യരായ സ്റ്റീഫനും ഹെർമാസും ഉണ്ട്
രണ്ടുകുന്നുകളുടെ ഇടയിലുള്ള താഴ്വരയിൽ അങ്ങിങ്ങായി
കിടന്നിരുന്ന കല്ലുകളിൽ ജനങ്ങൾ ഇരുന്നു. വെയിലുറച്ച് പുൽത്തകിടിയിലെ മഞ്ഞുതുള്ളികൾ മായുമ്പോൾ തറയിൽ ഇരിക്കുന്നതിനുവേണ്ടി കുറേപ്പേർ കാത്തുനിന്നു. പാലസ്തീനായുടെ എല്ലാഭാഗത്തുനിന്നുമായി ഒരു വലിയ ജനക്കൂട്ടം തന്നെ എത്തിയിട്ടുണ്ട്.
കിടന്നിരുന്ന കല്ലുകളിൽ ജനങ്ങൾ ഇരുന്നു. വെയിലുറച്ച് പുൽത്തകിടിയിലെ മഞ്ഞുതുള്ളികൾ മായുമ്പോൾ തറയിൽ ഇരിക്കുന്നതിനുവേണ്ടി കുറേപ്പേർ കാത്തുനിന്നു. പാലസ്തീനായുടെ എല്ലാഭാഗത്തുനിന്നുമായി ഒരു വലിയ ജനക്കൂട്ടം തന്നെ എത്തിയിട്ടുണ്ട്.
ഈശോ പുൽത്തകിടിയിൽനിന്ന് അൽപ്പംകൂടി ഉയരത്തിൽ കയറിനിന്നു. ഒരു പാറയിൽ ചാരിനിന്നുകൊണ്ട് അവിടുന്ന് പ്രസംഗം ആരംഭിച്ചു.
" കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പലരും എന്നോടു ചോദിച്ചു; അങ്ങ് ദൈവപുത്രനാണെന്ന് അങ്ങ് പറയുന്നു. എന്താണ് സ്വർഗ്ഗം, എന്താണ് സ്വർഗ്ഗരാജ്യം, എന്താണ് ദൈവം എന്നൊക്കെ ഞങ്ങൾക്കു പറഞ്ഞുതരൂ. എന്തെന്നാൽ ഇവയെപ്പറ്റി ഞങ്ങൾക്കുള്ള ധാരണ അസ്പഷ്ടമാണ്. ദൈവവും മാലാഖമാരുമുള്ള ഒരു സ്വർഗ്ഗമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാലത് എങ്ങിനെയിരിക്കുമെന്ന് ഞങ്ങൾക്കാരും പറഞ്ഞുതന്നിട്ടില്ല. ഈ ചോദ്യങ്ങൾക്കുത്തരം ഇതുവരെ പറയാതിരുന്നത്, അതെനിക്കു ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടല്ല, നേരെമറിച്ച് നിങ്ങളുടെ ധാരണകൾക്കു വിരുദ്ധമായ സത്യം അംഗീകരിക്കുവാൻ നിങ്ങൾക്കു പലവിധ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ്. സ്വർഗ്ഗത്തെ സംബന്ധിച്ച് നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ ഒട്ടേറെ ആശയങ്ങൾ നിങ്ങളുടെ ഇടയിൽ പ്രചരിച്ചിട്ടുണ്ട്. ദൈവത്തെ സംബന്ധിച്ചാണെങ്കിൽ അവിടുത്തെ ഉദാത്തമായ സ്വഭാവം സുഗ്രാഹ്യവുമല്ല.
മറ്റു ചിലർ ചോദിച്ചു; കൊള്ളാം, സ്വർഗ്ഗരാജ്യം അങ്ങനെയാണ്, ദൈവം ഇങ്ങനെയാണ, പക്ഷേ അവ നേടുവാൻ ഞങ്ങളെന്തു ചെയ്യണം ? ഇതിനെ സംബന്ധിച്ചു് സീനായിലെ നിയമത്തിന്റെ യഥാർത്ഥ അന്തസ്സത്ത ക്ഷമാപൂർവം നിങ്ങൾക്കു വിവരിച്ചു തരുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ അന്തഃസത്തയെ അനുസരിക്കുന്നവൻ സ്വർഗ്ഗത്തെ കീഴ്പ്പെടുത്തുന്നു. എന്നാൽ സീനായിലെ നിയമം നിങ്ങൾക്കു വിശദീകരിച്ചു തരുന്നതിന് നിയമദാതാവിന്റെയും അവിടുത്തെ പ്രവാചകന്റെയും അത്യുച്ചത്തിലള്ള ഇടിനാദസദൃശ്യമായ സ്വരം നിങ്ങളെ കേൾപ്പിക്കേണ്ടിയിരിക്കുന്നു. ആ പ്രവാചകൻ, അനുസരണയുള്ള വിശ്വാസികൾക്ക് അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അനുസരണ കെട്ടവർക്ക് ഭയങ്കരമായ ശിക്ഷകളും ശാപങ്ങളും ലഭിക്കുമെന്ന്ഭീഷണിപ്പെടുത്തുകയാണു ചെയ്യുന്നത്. സീനായിലെ വെളിപ്പെടുത്തൽ ഭയപ്പെടുത്തുന്നതായിരുന്നു.
എന്നാൽ ദൈവം ഒരു നിയമദാതാവ്മാത്രമല്ല, ഒരു പിതാവുകൂടിയാണ്. അനന്തമായ നന്മയുള്ള ഒരു പിതാവു്.
എന്നാൽ ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ പരിപൂർണ്ണതയിലേക്കു് ഉയർന്നുവരാൻ കഴിയുന്ന അവസ്ഥയിലല്ല നിങ്ങളുടെ ആത്മാക്കൾ. അവിടുത്തെ നന്മയുടെ കാര്യത്തിലും അതുതന്നെയാണു സ്ഥിതി. എന്തെന്നാൽ നന്മയും സ്നേഹവുമാണ് മനുഷ്യരിൽ ഏറ്റവും ചുരുക്കമായി കാണുന്ന ഗുണവിശേഷങ്ങൾ. ജന്മപാപത്താലും ആസക്തികളാലും സ്വന്തം പാപങ്ങളാലും മറ്റുള്ളവരുടെ സ്വാർത്ഥതയാലും നിങ്ങൾ ദുർബലരായിത്തീർന്നിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്വന്തം പാപങ്ങൾ നിങ്ങളുടെ ആത്മാക്കളെ ബന്ധനത്തിലാക്കുന്നു. മറ്റുള്ളവരുടെ തിന്മകൾ നിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. നന്മ ! വിദ്വേഷവും അഹങ്കാരവും അസൂയയുമില്ലാതെ നല്ലതായിരിക്കുന്നത് എത്ര മധുരതരം ! സ്നേഹത്തിനുവേണ്ടി നോക്കുന്ന കണ്ണുകളും സ്നേഹത്തെപ്രതി നീട്ടപ്പെടുന്ന കരങ്ങളും സ്നേഹപൂർണ്ണമായ വാക്കുകൾ മാത്രം സംസാരിക്കുന്ന അധരങ്ങളും സ്നേഹം മാത്രം നിറഞ്ഞിരിക്കുന്ന ഹൃദയവും ഉണ്ടാവുകയെന്നത് എത്ര നല്ല കാര്യമാണ്.
ആദാമിനെയും അവന്റെ പിൻഗാമികളേയും എങ്ങിനെയാണ് ദൈവം ധന്യരാക്കിയതെന്ന് നിങ്ങളിൽ ഏറെ പഠിപ്പുള്ളവർക്ക് അറിയാം. ഇസ്രയേൽമക്കളിൽ ഏറ്റം അജ്ഞരായവർക്കും നമ്മിൽ ഒരു ആത്മാവുണ്ടെന്ന് അറിയാമല്ലോ. നമ്മുടെ ശരീരത്തെ ജീവിപ്പിക്കുന്ന ഈ ദൈവിക പ്രകാശത്തെപ്പറ്റി പാവപ്പെട്ട പുറജാതിക്കാർക്ക് അറിഞ്ഞുകൂടാ.
കുറച്ച് ചെളിയും പിന്നെ തന്റെ ശ്വാസവും ഉപയോഗിച്ച് താൻ സൃഷ്ടിച്ച മനുഷ്യന്റെ രക്തമാംസങ്ങളോട് കാണിക്കുന്നതിലും അധികം കാരുണ്യം ദൈവം മനുഷ്യാത്മാവിനോട് കാണിക്കുന്നുണ്ട്. പ്രകൃത്യാ ഉള്ള ദാനങ്ങളായ സൗന്ദര്യം, വിശ്വസ്തത, ബുദ്ധിശക്തി, ഇച്ഛാശക്തി, തന്നെത്താനും മറ്റുള്ളവരേയും സ്നേഹിക്കാനുള്ള കഴിവ് എന്നിവ അവിടുന്ന് മനുഷ്യനു നൽകിയിട്ടുണ്ട്. ഇതിനു പുറമേ ധാർമ്മികമായ കഴിവുകളും ഇന്ദ്രിയങ്ങളുടെ മേൽ യുക്തിക്കുള്ള മേൽക്കോയ്മയും അവിടുന്ന് നൽകി.
നിങ്ങൾ എന്നോടു ചോദിക്കുന്നു; സീനായിലെ പരുക്കൻപാതയിലൂടെയല്ലാതെ മയമുള്ള ഒരു പാതയിലൂടെ ദൈവത്തിലും ദൈവത്തിന്റെ പാതയിലും ചെന്നെത്തുന്നതെങ്ങനെ ? ആ ഒരു പാതയല്ലാതെ വേറെ പാതയില്ല. എന്നാൽ അതിനെ ഭീഷണിയുടെ കാഴ്ചപ്പാടിലൂടെയല്ലാതെ സ്നേഹത്തിന്റെ കാഴ്ചപ്പാടിലൂടെ കാണാൻ കഴിയും. നിയമത്തെ
സ്നേഹപൂർവം അനുസരിക്കുന്നതിലൂടെ സ്വർഗ്ഗീയഭാഗ്യങ്ങളിലേക്ക് നമുക്ക് ഓടിയെത്താം.
"ആത്മാവിൽ ദാരിദ്ര്യമുണ്ടായിരുന്നാൽ സ്വർഗ്ഗരാജ്യം എന്റേതായിരിക്കും. ഞാനെത്ര സന്തുഷ്ടനായിരിക്കും."
തുടർന്ന് സുവിശേഷഭാഗ്യങ്ങൾ ഓരോന്നും വളരെ വിശദമായി ഈശോ വിശദീകരിക്കുന്നു. നാലു ദിവസങ്ങളിലായി നീളുന്ന പ്രഭാഷണങ്ങൾക്കൊടുവിൽ ഈശോ പറയുന്നു. "അതിനാൽ ലൗകികമായ സമ്പത്തിന്റെ പിന്നാലെ നിങ്ങൾ പരക്കം പായരുത്. നാളയെ ഓർത്ത് നിങ്ങൾ വ്യാകുലപ്പെടരുത്. നാളത്തെക്കാര്യം നാളെ നടക്കും. അതിനെച്ചൊല്ലി ഇന്നു ദുഃഖിക്കുന്നതെന്തിന് ? ഓരോ ദിവസത്തേയും ദുഃഖം അതാതു ദിവസത്തേക്കു മതിയാവും. ദൈവത്തിന്റെ മഹത്തായ വചനമായ "ഇന്ന്" എന്ന് എപ്പോഴും പറയുക.
ഞാൻ ഇന്ന് നിങ്ങൾക്ക് എന്റെ അനുഗ്രഹങ്ങൾ നൽകുന്നു. ഒരു പുതിയ "ഇന്നി"ന്റെ ഉദയം വരെ അതു നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ."