ജാലകം നിത്യജീവൻ: പോക്കർ കളിക്കുന്ന ദൈവം !!

nithyajeevan

nithyajeevan

Wednesday, September 16, 2015

പോക്കർ കളിക്കുന്ന ദൈവം !!

                         ( 20 വർഷം  ഫിലിപ്പീൻസ് സർക്കാരിന്റെ PRO ആയി ജോലി ചെയ്ത    കാർലോസ്   ഫിൽ                              കാൻസർ രോഗബാധയെത്തുടർന്ന്      ചികിത്സയ്ക്കായി 1995 ൽ     കുടുംബത്തോടൊപ്പം       കാനഡയിലേക്കു കുടിയേറി.  രോഗക്കിടക്കയിലായിരിക്കവേ, അദ്ദേഹം   രചിച്ചതാണിത്.)    

                  "എന്റെ ഡോക്ടർ കാൻസർ എന്ന വാക്കുപോലും ഉച്ചരിച്ചില്ല. എന്നിട്ടും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കപ്പോൾത്തന്നെ പിടികിട്ടി.  "ഇത് വളരെ വേഗത്തിൽ വ്യാപിക്കുന്ന ഇനമാണ്"  എന്നാണദ്ദേഹം പറഞ്ഞത്.   പിന്നീടുള്ള എന്റെ രാത്രികൾ ഉറക്കമില്ലാത്തവയായിരുന്നു ... കണ്ണീരോടെ ഞാൻ ദൈവത്തോടു ചോദിച്ചു: "എന്നോടെന്തേ ദൈവമേ ഇങ്ങനെ ചെയ്തു?" സഹായത്തിനായി എങ്ങോട്ടേയ്ക്കാണ് തിരിയേണ്ടതെന്നതിനെപ്പറ്റി ചിന്തിച്ചു ഞാൻ തല പുകച്ചു..
 കന്യാസ്ത്രീകളായ . എന്റെ മൂന്നു സഹോദരിമാരെപ്പറ്റി അപ്പോൾ ഞാനോർത്തു.  അവരോടു ഞാനാവശ്യപ്പെട്ടു;  "നിങ്ങളുടെ തീക്ഷ്ണമായ പ്രാർഥനകളാൽ സ്വർഗ്ഗത്തെ ആക്രമിക്കുക.."  33 വർഷങ്ങൾക്കു മുൻപ് സ്വർഗ്ഗത്തിലേക്കു യാത്രയായ  പുണ്യവതിയായ  എന്റെ അമ്മയോടും ഞാൻ സഹായം യാചിച്ചു.. ഇതൊക്കെയായിട്ടും, എല്ലാം വ്യർഥമാണെന്നൊരു ചിന്ത എന്നിൽ നിലനിന്നു ...
  അപ്പോഴാണ്‌ തീർത്തും അപ്രതീക്ഷിതമായി അതു സംഭവിച്ചത്..   ഒരു ദൈവദൂതൻ എന്റെ മുൻപിൽ പ്രത്യക്ഷനായി എന്നോടു പറഞ്ഞു: "എന്നോടൊപ്പം വരിക; അദ്ദേഹം നിന്നെക്കാണാൻ ആഗ്രഹിക്കുന്നു.." ഞാൻ ദൂതനൊപ്പം യാത്രയായി..
    ലളിതമായ ഒരു ഇരിപ്പിടത്തിൽ ആസനസ്ഥനായിരുന്ന ഒരാളുടെ അടുത്തേക്കാണ് ദൂതൻ എന്നെ കൂട്ടിക്കൊണ്ടു പോയത്. അദേഹത്തിന്റെ മുഖം കണ്ട് വിസ്മയഭരിതനായി ഞാൻ ഉറക്കെപ്പറഞ്ഞു.. "യേശുക്രിസ്തു.." 
അവിടുന്നു പറഞ്ഞു: "നിന്റെ സമയം പൂർത്തിയായിരിക്കുന്നു.."  തനിക്കെതിരെ ഇരിക്കാൻ അവിടുന്ന് എന്നോടാവശ്യപ്പെട്ടു.  ഞാൻ ഇരുന്നപ്പോൾ എന്റെ മുഖത്തേക്ക് അവിടുന്ന് നോക്കി. ആ നോട്ടം ശാന്തമായിരുന്നെങ്കിലും പുഞ്ചിരിയുടെ ഒരു ലാഞ്ചന പോലും അതിലില്ലായിരുന്നു.  അവിടുന്ന് എന്നോടു വീണ്ടും പറഞ്ഞു: "നിന്റെ സമയം പൂർത്തിയായതായി ഞാൻ മനസ്സിലാക്കുന്നു.." പതിഞ്ഞ സ്വരത്തിൽ ഞാൻ പ്രത്യുത്തരിച്ചു; "ഉവ്വ് .."
  അവിടുന്ന് തുടർന്നു: "എന്നാൽ,  നിന്റെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ധുക്കൾ,  എനിക്കു സ്വൈരം തരുന്നില്ല.. നിനക്ക് ഒരവസരം കൂടി നൽകണമെന്നാണവരുടെ ആവശ്യം.  എനിക്ക് അവരെ കണക്കിലെടുക്കേണ്ട കാര്യമൊന്നുമില്ല .." ഇപ്രാവശ്യം യേശുവിന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു.  "അവരെ നിശബ്ദരാക്കാൻ വേണ്ടി മാത്രം ഞാൻ നിനക്ക് ഒരവസരം കൂടി തരാം.."
എന്റെ ദൈവമേ, അങ്ങേക്ക് ഒത്തിരി നന്ദി .."പതിയെ പറഞ്ഞുകൊണ്ട് കസേരയിൽ നിന്ന് ഞാൻ എഴുന്നേല്ക്കാൻ തുടങ്ങി.. എന്നാൽ, എന്റെ തിരിച്ചുപോക്ക് അത്ര എളുപ്പമായിരുന്നില്ല...
"നിൽക്കൂ .." യേശു തുടർന്നു;  "ഒരുപാടു പാപം ചെയ്യുകയും ഒരൽപ്പം പ്രാർഥിക്കുകയും ചെയ്തിരുന്നതൊഴിച്ചാൽ,  മറ്റെന്തൊക്കെയാണ് നീ ഭൂമിയിലായിരുന്നപ്പോൾ ചെയ്തിരുന്നത് ?"
മറുപടി പറയാനൊന്നുമില്ലാതെ ഞാൻ താഴെക്കുനോക്കിക്കൊണ്ടു നിന്നു .
"നീ പോക്കർ  (ഒരുതരം ചീട്ടുകളി)  കളിച്ചിരുന്നതായി ഞാൻ മനസ്സിലാക്കുന്നു ..."
ഞാൻ പരിഭ്രാന്തിയോടെ പറഞ്ഞു;  "അത് ...അത് ഒരു പെനിയുടെ കളി മാത്രം പ്രഭോ .. അതും ഏറ്റവുമടുത്ത കൂട്ടുകാരൊത്തു മാത്രം .."
"ശരി; നാമിപ്പോൾ പോക്കർ കളിക്കാൻ പോകയാണ് .. കളിയിൽ നീ എന്നെ തോൽപ്പിച്ചാൽ നിനക്ക് ജീവിക്കാൻ ഒരവസരം കൂടി ഞാൻ നല്കും; മറിച്ച്, ഞാൻ നിന്നെ തോൽപ്പിച്ചാൽ നിനക്കുപിന്നെ രക്ഷയില്ല.  നിന്റെ ബന്ധുക്കൾക്കും നിന്നെ രക്ഷിക്കാനാവില്ല ,."
"പ്രഭോ, വേണ്ട... പോക്കർ കളിക്കേണ്ട" ഞാൻ ദുർബലമായി എതിർത്തുനോക്കി. ഞാൻ പോക്കർ കളിയിൽ  ഒരു വൻപരാജയമാണെന്ന്  ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ചു;  പിന്നെ ഞാനോർത്തു, അവിടുത്തേക്ക്‌ എല്ലാം അറിയാം,  ഞാൻ തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ ഈ കളി തന്നെ യേശു തെരഞ്ഞെടുത്തത്...
"ചീട്ടു കൊണ്ടുവരൂ ," ദൂതനോട് യേശു ആവശ്യപ്പെട്ടു.

               ദൂതൻ ചീട്ടു കൊണ്ടുവന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു; ഭൂമിയിലെപ്പോലെയുള്ള    കാർഡുകളായിരുന്നില്ല  അവ.   'C' എന്ന ഇംഗ്ലീഷ് അക്ഷരം മാത്രമാണ് അവയുടെ ഒരു വശത്തു ഞാൻ കണ്ടത്.  അത് എന്തിനെക്കുറിക്കുന്നുവെന്ന് ഞാൻ ആലോചിച്ചുനോക്കി.. കാർലോസ്‌ എന്ന എന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായിരിക്കാം; അല്ലെങ്കിൽ ചിലപ്പോൾ ക്രിസ്തു എന്നതായിരിക്കാം;  പെട്ടെന്നൊരു ദുഷിച്ച ചിന്ത എന്നിലേക്കു കടന്നുവന്നു.. അത് കാൻസർ എന്നതിന്റെ  'C' ആയിരിക്കുമോ?  കൂടുതൽ ചിന്തിക്കാൻ നേരം കിട്ടുന്നതിനു മുൻപ് യേശുവിന്റെ സ്വരം ഞാൻ കേട്ടു : "നമുക്ക്  LORD'S DEAL  കളിക്കാം .."
 'LORD'S DEAL'?  അതെന്തൊരു കളിയാണ്? ഞാൻ കേട്ടിട്ടു പോലുമില്ല... 
                "നാം കളിക്കുന്നത് പണത്തിനുവേണ്ടിയല്ല; "  യേശു തുടർന്നു. സ്വർഗ്ഗത്തിൽ പണത്തിന്റെ ആവശ്യമില്ല.  ഒന്നുനിർത്തിയിട്ട് അവിടുന്ന് വീണ്ടും പറഞ്ഞു; "നീ അവിടെ എത്തുകയാണെങ്കിൽ .."  
അപ്പോഴാണ്‌ ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിലല്ല എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നത്.  യേശു തുടർന്നു: "ആ മനുഷ്യൻ, യൂദാ സ്കറിയോത്താ 30 വെള്ളിക്കാശുമായി ഓടിപ്പോയതിൽപ്പിന്നെ പണം സ്വർഗ്ഗത്തിനു നിഷിദ്ധമാണ്.."

(തുടരും)