ജാലകം നിത്യജീവൻ: വിശുദ്ധ കുരിശിന്റെ തിരുനാള്‍

nithyajeevan

nithyajeevan

Monday, September 14, 2015

വിശുദ്ധ കുരിശിന്റെ തിരുനാള്‍

  സെപ്തംബർ 14                 

 ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍


ഈശോയുടെ മരണസമയത്തു തിബേരിയസ്‌ സീസര്‍  റോമിലെ ചക്രവര്‍ത്തിയും പീലാത്തോസ്‌ യൂദയായിലെ ഭരണാധിപനുമായിരുന്നു. ഈശോയുടെ  അത്ഭുതകരമായ 
 സ്വര്‍ഗാരോഹണത്തെക്കുറിച്ചുള്ള വാര്‍ത്ത ലോകപ്രസിദ്ധമായി. അന്നു നിലവിലിരുന്ന നിയമമനുസരിച്ച്‌ ഓരോ പ്രവിശ്യകളുടെയും ഭരണാധികാരികള്‍‍ തങ്ങളുടെ സ്ഥലങ്ങളില്‍‍ നടക്കുന്ന സംഭവം ചക്രവര്‍ത്തിയെ അറിയിക്കണമായിരുന്നു. അതനുസരിച്ച്‌ പീലാത്തോസ്‌ ഈശോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും 
 ചക്രവര്‍ത്തിയെ അറിയിച്ചു. ചക്രവര്‍ത്തി അതില്‍‍ വിശ്വസിച്ചുവെങ്കിലും റോമന്‍‍ സെനറ്റ്‌ അതു തള്ളിക്കളഞ്ഞു. എന്നിരുന്നാലും ചക്രവര്‍ത്തി ക്രിസ്‌തുമതം പ്രചരിപ്പിക്കാന്‍ ‍ അനുവാദം കൊടുത്തു. അദ്ദേഹത്തിന്റെ കാലത്ത്‌ ക്രിസ്‌തുമതം തഴച്ചുവളര്‍‍ന്നു.

 തിബേരിയസിനുശേഷം വന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ എ.ഡി. 312 വരെ ക്രൈസ്‌തവരെ അതിദാരുണമായി പീഡിപ്പിച്ചിരുന്നു. വളരെയധികം വിശ്വാസികള്‍ സന്തോഷത്തോടും അഭിമാനത്തോടുംകൂടി രക്തസാക്ഷികളായി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ എതിരാളികളോടു യുദ്ധം ചെയ്യേണ്ടിയിരുന്നതിന്റെ തലേരാത്രി കൊട്ടാരത്തില്‍ ചിന്താമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയത്ത്‌ ആകാശത്ത്‌ ഒരു ദിവ്യപ്രഭ കണ്ടു. ആ പ്രഭയില്‍ തിളങ്ങുന്ന ഒരു കുരിശും അതോടുകൂടി ഈ അടയാളത്തില്‍ നീ വിജയിക്കുമെന്ന വാക്കുകളും കണ്ടു. പിറ്റേ ദിവസത്തെ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. ചക്രവര്‍ത്തി കുരിശിന്റെ ശക്തിയും മഹത്വവും മനസിലാക്കി കുരിശു തന്റെ വിജയ ചിഹ്നമായി സ്വീകരിച്ചു. അദ്ദേഹം പിന്നീടു ക്രൈസ്‌തവവിശ്വാസിയായി. തുടര്‍ന്ന്‌ അദ്ദേഹം എ.ഡി 313ല്‍ നടത്തിയ ചരിത്രപ്രസിദ്ധമായ മിലാന്‍ വിളംബരം ക്രൈസ്‌തവരെ പൂര്‍ണ സ്വതന്ത്രരാക്കി.
അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഈശോയുടെ കുരിശും കല്ലറയും നാമാവശേഷമാക്കി അവിടെ റോമ‍ന്‍  ക്ഷേത്രങ്ങള്‍ പണിയുകയും വീനസ്‌ ദേവതയെ  പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലനാ രാജ്ഞി 75- മത്തെ വയസില്‍ ജറുസലെം സന്ദര്‍ശിക്കുകയും മെത്രാനായിരുന്ന മക്കാരിയൂസിന്റെ സഹായത്തോടെ ദിവ്യരക്ഷകന്‍ തറയ്‌ക്കപ്പെട്ട യഥാര്‍ത്ഥ കുരിശ്‌ കണ്ടെത്തുകയും ചെയ്‌തു.
കാല്‍വരിയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്‌തപ്പോള്‍ മൂന്നു കുരിശുകളും കണ്ടെത്തി. മൂന്നു കുരിശുകളും ഓരോന്നായി എടുത്ത്‌ ബിഷപ്‌ മക്കാരിയൂസ്‌ രോഗിണിയായ ഒരു സ്‌ത്രീയെ സ്‌പര്‍ശിച്ചു. ഈശോയുടെ കുരിശില്‍ തൊട്ടപ്പോള്‍ അവള്‍ പൂര്‍ണസുഖം പ്രാപിച്ചു.

രാജ്ഞി കുരിശ്‌ കണ്ടെത്തിയ സ്ഥലത്ത്‌ മനോഹരമായ ദേവാലയം പണിയിച്ചു. തകര്‍ന്നടിഞ്ഞ പുരാതന ജറുസലേം നഗരത്തിനഭിമുഖമായിട്ടാണ്‌ ഒരു ദേവാലയം പണിതത്‌ (ഏ.ഡി 70 ല്‍ റോമന്‍ സൈന്യാധിപനായ റെറ്റസ്‌ ജറുസലെം നശിപ്പിച്ചിരുന്നു). അതിനു പുതിയ ജറുസലെം എന്ന പേരു നല്‍കി. രാജ്ഞി വിശുദ്ധ കുരിശിന്റെ ഒരു ഭാഗം വെള്ളിപ്പാത്രത്തില്‍ അടക്കം ചെയ്‌തു. അതു പൊതുദര്‍ശനത്തിന്‌ ആ പള്ളിയില്‍തന്നെ പ്രതിഷ്‌ഠിച്ചു. മറ്റൊരു ഭാഗം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പ്രതിമ നിര്‍മിച്ച്‌ അതിന്റെ തലയില്‍ രഹസ്യമായി നിക്ഷേപിച്ചു. മൂന്നാമതൊരു ഭാഗം റോമിലേക്കുകൊണ്ടുവന്ന്‌ അവിടെ ഒരു ദേവാലയം പണിത്‌ അതില്‍ സ്ഥാപിച്ചു. അത്‌ ഇന്നും റോമിലെ, വിശുദ്ധകുരിശിന്റെ ബസിലിക്കായില്‍ പരസ്യവണക്കത്തിന്‌ വച്ചിട്ടുണ്ട്‌.

ഈശോയെ കുരിശില്‍ തറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന ആണികള്‍ തിരുക്കല്ലറയില്‍ നിന്നു കണ്ടെടുത്തു മറ്റു ലോഹക്കൂട്ടില്‍ ചേര്‍ത്തു ചക്രവര്‍ത്തി യുദ്ധത്തില്‍ തനിക്ക്‌ ഉപയോഗിക്കാനുള്ള ലോഹത്തൊപ്പി ഉണ്ടാക്കി എന്നാണ്‌ സഭാചരിത്രത്തില്‍ കാണുന്നത്‌.

ഈശോയും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം മനോഹരമായ പള്ളികള്‍ രാജ്ഞി പണിതു. ഇന്നു വിശുദ്ധനാട്ടില്‍ കാണുന്ന എല്ലാ പള്ളികളുടെയും ഉത്ഭവം ഈ മഹതിയില്‍ നിന്നാണ്‌. കാലാന്തരത്തില്‍ പല വിദേശാക്രമണങ്ങള്‍ക്കും ഇരയായിത്തീര്‍ന്നെങ്കിലും ആ സ്ഥാനത്ത്‌ ഇന്ന്‌ പുതുക്കിപ്പണിത മനോഹര ദേവാലയങ്ങള്‍ കാണാം. നമ്മുടെ സഭയുടെ അഭിമാനസ്‌തംഭങ്ങളായി ഇവ നിലകൊള്ളുന്നു.
                  
(സണ്‍ഡെ ശാലോമില്‍ നിന്ന്)  


"How splendid is the cross of Christ! It brings life, not death; light, not darkness; Paradise, not its loss. It is the wood on which the Lord, like a great warrior, was wounded in hands and feet and side, but healed thereby our wounds. A tree has destroyed us, a tree now brought us life" 

                                                           (Theodore of Studios)