ജാലകം നിത്യജീവൻ: ഫലം തരാത്ത അത്തിവൃക്ഷം

nithyajeevan

nithyajeevan

Wednesday, September 9, 2015

ഫലം തരാത്ത അത്തിവൃക്ഷം


                                  
   കൻസാസിലെ സേക്രഡ് ഹാർട്ട് പള്ളിയിലെ വികാരിയായിരുന്ന ഫാദർ സ്റ്റീഫൻ, 1985 ഒക്ടോബർ 18 ന് ഒരു വലിയ അപകടത്തിൽപ്പെട്ടു. കുറച്ചകലെയുള്ള ഒരു സ്ഥലത്തുനിന്നും  തന്റെ വാഹനത്തിൽ ഇടവകയിലേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ  വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്നും പുറത്തേക്കു തെറിച്ചു വീണ അച്ചന്റെ തലച്ചോറിനും കഴുത്തിലെ അസ്ഥികൾക്കും വളരെ ഗുരുതരമായ ക്ഷതമേറ്റു.  അപകടസ്ഥലത്തുവെച്ചു തന്നെ അബോധാവസ്ഥയിലായ അദ്ദേഹത്തെ പ്രാഥമിക പരിചരണങ്ങൾക്കുശേഷം  വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്ടറിൽ   മറ്റൊരാശുപത്രിയിലേക്കു കൊണ്ടുപോയി. അച്ചന്റെ തലച്ചോറിന്റെ വലതുഭാഗത്തിന്  ഭാഗികമായി സ്ഥാനഭ്രംശം സംഭവിക്കുകയും ആ ഭാഗത്തെ ഒട്ടുമിക്ക സെല്ലുകളും ചതഞ്ഞുപോവുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി.. അദ്ദേഹം രക്ഷപെടാൻ 15 ശതമാനം സാദ്ധ്യതയെയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി..
           അച്ചന്റെ ജീവനുവേണ്ടി പ്രാർഥനകൾ എമ്പാടുമുയർന്നു.. അതിന്റെ ഫലമെന്നോണം,  തലയുടെ വലതുഭാഗത്ത്  "ഹാലോ"(വിശുദ്ധരുടെ ശിരസ്സിനു ചുറ്റും കാണുന്ന പ്രകാശവലയം)  പോലെയൊരു ഫിക്സ്ചറുമായി 1985 ഡിസംബർ  2 ന് അച്ചൻ ആശുപത്രി വിട്ടു.  പൂർണ്ണ സുഖപ്രാപ്തിക്കായി ഏതാനും മാസങ്ങൾ വീട്ടിലും കഴിച്ചുകൂട്ടി.  ഒടുവിൽ, 1986 മെയ്‌ മാസത്തിൽ അച്ചൻ തന്റെ ഇടവകയിൽ തിരിച്ചെത്തി.  
                ഒരു ദിവസം അദ്ദേഹം ബലിയർപ്പിച്ചു കൊണ്ടിരിക്കവേ, അന്നത്തെ സുവിശേഷം വായിച്ചപ്പോൾ  വായിച്ചുകൊണ്ടിരുന്ന ഭാഗം (ലൂക്കാ 13:1-9)  പ്രകാശപൂരിതമാവുകയും ആ ഭാഗം വലുതാക്കപ്പെട്ട രീതിയിൽ അദ്ദേഹത്തിന്റെ നേർക്ക്‌ വരുന്നതായി അദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ആകെ സംഭ്രമിച്ചു പോയ അച്ചൻ ഒരുവിധത്തിൽ ബലിയർപ്പണം പൂർത്തിയാക്കി മേടയിലെ  തന്റെ മുറിയിലെത്തി.. പെട്ടെന്ന് തലേവർഷത്തെ വാഹനാപകട സമയത്ത് ഈശോയുമായി കണ്ടുമുട്ടിയതും അവിടുന്നുമായി നടത്തിയ സംഭാഷണവും  അദ്ദേഹത്തിൻറെ ഓർമ്മയിലേക്കു കടന്നുവന്നു.. അതിപ്രകാരമായിരുന്നു..
        അച്ചൻ തന്റെ വിധിയും കാത്ത് ഈശോയുടെ മുൻപിൽ നിൽക്കുകയാണ്..അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ കാണിച്ചുകൊടുത്തിട്ട്, എപ്രകാരമാണ് ഒരു വൈദികന്റെ ജീവിതം ജീവിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുപോയതെന്ന് അവിടുന്ന് വ്യക്തമാക്കിക്കൊടുത്തു.  അപകടം സംഭവിക്കുന്നതിനു മുൻപ് അച്ചൻ ഈശോയ്ക്കുവേണ്ടിയല്ല, തനിക്കുവേണ്ടി മാത്രമാണ് ജീവിച്ചതെന്ന് അച്ചനു ബോദ്ധ്യമായി. സഹനങ്ങളിൽ നിന്ന് അച്ചൻ എപ്പോഴും ഒഴിഞ്ഞുനിന്നിരുന്നു. ആത്മീയ കാര്യങ്ങളിലോ പ്രാർഥനാജീവിതത്തിലോ ഒന്നും അച്ചനു താൽപ്പര്യമുണ്ടായിരുന്നില്ല. ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിലുപരി, ജനങ്ങളുടെ നല്ല അഭിപ്രായം സമ്പാദിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപ്പര്യം.    മുറയ്ക്കു കുമ്പസാരിച്ചിരുന്നുവെങ്കിലും അത് വേണ്ടപോലെയായിരുന്നില്ല; അതായത്, കുമ്പസാരമെന്ന കൂദാശ വഴി തന്റെ ജീവിതത്തിൽ പരിവർത്തനം വരുത്തുവാൻ അദ്ദേഹം തയാറായിരുന്നില്ല. ചെയ്യുന്ന തെറ്റുകൾക്കെല്ലാം  അദ്ദേഹം   ഒരുപാട് ന്യായീകരണങ്ങൾ കണ്ടെത്തിയിരുന്നു.  അനുതപിക്കാനോ തെറ്റുതിരുത്താനോ അദ്ദേഹത്തിന് ഉദ്ദേശമില്ലായിരുന്നു.. അവസാനത്തെ കുമ്പസാരത്തിനു ശേഷം അച്ചൻ ചെയ്ത പാപങ്ങളും, അനുതാപമില്ലാതെ കുമ്പസാരിച്ചതിനാൽ മാപ്പുകിട്ടാതെ പോയ പാപങ്ങളും ഈശോ അദ്ദേഹത്തിനു വ്യക്തമായി കാണിച്ചുകൊടുത്തു .. ഈശോ പറഞ്ഞതിനൊക്കെ "അതെ, അതെ.." എന്നുമാത്രം പറയാനേ അച്ചനു കഴിഞ്ഞുള്ളു..ഒടുവിൽ, ഈശോ അച്ചനു നരകം വിധിച്ചു.   അതിനും അച്ചൻ "യെസ്"  പറഞ്ഞു;  കാരണം അച്ചൻ  അതർഹിച്ചിരുന്നു.. 
   ആ സമയം ഒരു സ്ത്രീ ശബ്ദം ഇപ്രകാരം പറയുന്നത് അച്ചൻ കേട്ടു: "മകനേ, ദയവായി  ഇദ്ദേഹത്തോടും  നിത്യമായ ഇദ്ദേഹത്തിന്റെ ആത്മാവിനോടും ദയ കാണിക്കൂ..."  അത് കന്യകാ മാതാവാണെന്ന് അച്ചനു മനസ്സിലായി. 
ഈശോ ഇപ്രകാരം മറുപടി പറയുന്നതും അച്ചൻ കേട്ടു: "അമ്മേ, ഇദ്ദേഹത്തിന്റെ 13 വർഷത്തെ പൗരോഹിത്യജീവിതം എനിക്കുവേണ്ടിആയിരുന്നില്ല; തനിക്കുവേണ്ടി മാത്രമായിരുന്നു.  ഇദ്ദേഹം എന്താണോ വിതച്ചത് അതുതന്നെ കൊയ്യട്ടെ!"
വീണ്ടും കന്യകാമാതാവിന്റെ സ്വരം: "ഇദ്ദേഹത്തിന് പ്രത്യേക കൃപകൾ നൽകി നമുക്ക് ശക്തിപ്പെടുത്താം മകനേ.. എന്നിട്ടും ഫലം തരുന്നില്ലെങ്കിൽ നിന്റെ ഹിതം പോലെയാകട്ടെ .."
ഈശോയുടെ മറുപടി: "അമ്മേ, ഇനി ഇദ്ദേഹം അമ്മയുടേതാണ്.." 
  അന്ന് സംഭവിച്ച കാര്യങ്ങളുടെ ഒരോർമ്മപ്പെടുത്തലാണ് ബലിയർപ്പണവേളയിൽ നടന്നതെന്ന് അച്ചനു മനസ്സിലായി.  അന്നുമുതൽ ഫാദർ സ്റ്റീഫൻ പരിശുദ്ധ അമ്മയുടേതായി ..!!  അപകട ത്തിനുമുൻപ് അച്ചന്  പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹമോ ഭക്തിയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ,  ഇന്ന് പരിശുദ്ധ അമ്മ അച്ചന്റെ എല്ലാമാണ് ..
ഈശോയുടെ കരുണ അനുഭവിച്ചറിഞ്ഞ ആളാണ് അച്ചൻ. എന്നാൽ, ആ കാരുണ്യം ഒഴുകിയെത്തിയത്‌ കന്യകാമാതാവിന്റെ മദ്ധ്യസ്ഥതയിലൂടെയാണ്..
  ദൈവത്തിലും പരിശുദ്ധഅമ്മയിലും വിശുദ്ധരിലുമൊക്കെ വിശ്വസിക്കുന്നവരാണ് നമ്മൾ.  ഈ വിശ്വാസം രണ്ടുതരത്തിലുണ്ട്;  ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും.  ഫാദർ സ്റ്റീഫൻ തന്റെ ബുദ്ധി കൊണ്ടാണ് അതുവരെ ദൈവത്തിൽ വിശ്വസിച്ചിരുന്നത്.  അപകടത്തിനുശേഷം അച്ചൻ തന്റെ ഹൃദയം കൊണ്ട് വിശ്വസിക്കാനാരംഭിച്ചു..ഇന്നദ്ദേഹം ഈശോയ്ക്കു വേണ്ടി ജീവിക്കുന്ന ഒരു പുരോഹിതനാണ്.  തന്റെ അനുഭവങ്ങൾ പങ്കു വെച്ചുകൊണ്ട് ഈശോയുടെ കാരുണ്യത്തെപ്പറ്റിയും  ദൈവമാതാവിന്റെ    മാദ്ധ്യസ്ഥശക്തിയെപ്പറ്റിയും  പ്രഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദൗത്യം..

 Luke 13:6-9
              Then he told this parable:  "A man had a fig tree growing in his vineyard, and he went to look for fruit on it, but did not find any. So he said to the man who took care of the vineyard, "For three years now I have been coming to  look for fruit on this fig tree and haven’t found any. Cut it down! Why should it use up the soil?’
 “‘Sir,’ the man replied, ‘leave it alone for one more year, and I’ll dig around it and fertilize it.  If it bears fruit next year, fine! If not, then cut it down.’”