ജാലകം നിത്യജീവൻ: July 2015

nithyajeevan

nithyajeevan

Wednesday, July 22, 2015

ഫാത്തിമ - ആറാം ദർശനം

                       ഫാത്തിമായിലെ ആറാമത്തേതും അവസാനത്തേതുമായ ദർശനത്തിൽ, എല്ലാവർക്കും വിശ്വാസം വരത്തക്കവിധത്തിൽ ദൈവമാതാവ് ഒരത്ഭുതം പ്രവർത്തിക്കുന്നതാണെന്ന വിവരം നാടെങ്ങും പരന്നു.  ദർശനങ്ങളിൽ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഇതിന് പ്രചാരണം നല്കി. പത്ര മാധ്യമങ്ങൾ  പരിഹാസ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു..   നാളും തീയതിയും സമയവും എല്ലാം മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരത്ഭുതത്തിന്റെ സംഭാവ്യത പോർട്ടുഗലിൽ എല്ലാവരുടെയും ചർച്ചാവിഷയമായി.   
                                              എന്നാൽ ദർശകരായ കുട്ടികളുടെ സ്ഥിതി ദയനീയമായിരുന്നു. നാട്ടുകാരുടെയിടയിൽ, കുട്ടികളെയും അവർക്കു ദർശനം നൽകുന്നെന്നു പറയപ്പെടുന്ന ദൈവമാതാവിനെയും വിശ്വസിച്ചിരുന്നവർ തുലോം വിരളമായിരുന്നു. ജസീന്തയുടെയും ഫ്രാൻസിസിന്റെയും മാതാപിതാക്കളായ ഒളിമ്പിയായും ടി മാർട്ടോയും  തങ്ങളുടെ കുട്ടികൾക്ക് സർവ്വവിധ പിന്തുണയും നൽകിയപ്പോൾ ലൂസിയുടെ മാതാപിതാക്കൾ തങ്ങളുടെ മകൾ പറയുന്നതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല.  ലൂസിയുടെ അമ്മ അതീവഭക്തയായ ഒരു സ്ത്രീയായിരുന്നെങ്കിലും തന്റെ മകൾക്ക് മാതാവിന്റെ ദർശനമുണ്ടായി എന്നുവിശ്വസിക്കാൻ അവർ പാടെ വിസമ്മതിച്ചു. ഇതെല്ലാം പിശാചിന്റെ തട്ടിപ്പുകളാണെന്ന ഇടവക വികാരിയുടെ അഭിപ്രായം  അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. തന്മൂലം ലൂസി  നുണ പറയുകയാണെന്നാരോപിച്ച് അവളെ ദേഹോപദ്രവം ചെയ്യാനും അവർ മടിച്ചിരുന്നില്ല.
                              ലൂസിയുടെ മൂത്ത സഹോദരി മരിയ പറയുന്നു: "ദർശനങ്ങളെപ്രതി  ഞങ്ങളുടെ കുടുംബം വല്ലാതെ വിഷമിച്ചിരുന്നു..   കുടുംബം ഒന്നടങ്കം ഇതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ,  ഒക്ടോബർ 13 അടുത്തു വരുംതോറും ഞങ്ങളുടെ മാനസിക സംഘർഷം കൂടിക്കൂടി വന്നു.  ഇതെല്ലാം ഉണ്ടാക്കിപ്പറഞ്ഞ നുണകളാണെന്ന കാര്യം തുറന്നുപറഞ്ഞ് എല്ലാവരോടും മാപ്പുചോദിക്കാൻ   ലൂസിയെ  ഞങ്ങൾ  ദിവസവും നിർബന്ധിച്ചിരുന്നു.. അപ്പൻ അവളോട്‌ വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത് -  പ്രത്യേകിച്ച് മദ്യപിച്ചു വരുമ്പോൾ.. അവളെ തല്ലിയിട്ടില്ലെന്നേയുള്ളൂ..  എന്നാൽ അമ്മ അതും ചെയ്തിരുന്നു നടക്കുമെന്ന് പ്രവചിക്കപെട്ട അത്ഭുതം അന്നു നടന്നില്ലെങ്കിൽ കുട്ടികളെ അവരുടെ വീടും വീട്ടുകാരുമടക്കം ബോബ്  വയ്ക്കുമെന്ന ഭീഷണി  നിലനിന്നിരുന്നതിനാൽ അതോർത്തും ഞങ്ങൾ വല്ലാതെ വിഷമിച്ചു .. ഞങ്ങളുടെ പേടി അതിന്റെ മൂർദ്ധന്യത്തിലെത്തിയതിനാൽ, ലൂസി  ഒഴികെ   മറ്റാര് എന്തുപറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കാൻ തയാറായി...ലൂസിയെ ഇവിടെ നിന്നും മാറ്റിക്കളയണം എന്നുവരെ ആളുകൾ അമ്മയെ ഉപദേശിച്ചു.  എന്തു ചെയ്യണമെന്നറിയാതെ അമ്മ വിഷമിച്ചു.              

        എന്നാൽ കുട്ടികൾ മൂവരും അക്ഷോഭ്യരും അചഞ്ചലരുമായിരുന്നു  ..
        ഒക്ടോബർ പന്ത്രണ്ടാം തീയതി രാത്രിയിലും പിറ്റേന്ന് കാലത്തു മുഴുവനും ഇടമുറിയാതെ മഴ പെയ്തുകൊണ്ടിരുന്നു. കുന്നിൻപുറങ്ങൾ നിലയ്ക്കാത്ത മഴയിൽ  നനഞ്ഞു കുതിർന്നു.  
                       വണ്ടികളുടേയും ആളുകളുടേയും സഞ്ചാരവും തിക്കും തിരക്കും നിമിത്തം ദർശനസ്ഥലത്തേക്കുള്ള റോഡുകൾ ചെളിയിൽക്കുഴഞ്ഞ്  കാൽനടയായി പോകുന്നവരുടെ കണങ്കാലുകൾ വരെ ചെളിയിൽ പുതയുന്ന നിലയിലായി. തകർത്തു പെയ്യുന്ന മഴയിൽ കുട്ടികൾ മൂവരും മാതാപിതാക്കളോടൊപ്പം ദർശന സ്ഥലത്തേക്കു തിരിച്ചു...             ജസീന്തയുടെ പിതാവ് അന്നത്തെ സംഭവങ്ങൾ വിവരിക്കുന്നു: 
            "കുട്ടികൾ റോഡിലേക്ക് ഇറങ്ങിയ മാത്രയിൽ,  സ്ത്രീകൾ - അതും ഉന്നതകുലജാതരായവർ വരെ - കുട്ടികളുടെ മുൻപിൽ മുട്ടുകുത്തി; അവരേതോ വിശുദ്ധരാണെന്നപോലെ ദൈവമാതാവിനോടുള്ള അവരുടെ അപേക്ഷകൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.     ഞാൻ വിളിച്ചു പറഞ്ഞു; "എന്റെ നല്ലവരായ  നാട്ടുകാരേ, കുട്ടികളുടെ വഴി തടയാതെ അവരെ വെറുതേ വിടൂ.."
                   എന്നാൽ, അതുകൊണ്ട് ഒരുഫലവുമുണ്ടായില്ല. ആളുകൾ കൂടുതലായി കുട്ടികളെ  വളഞ്ഞുകൊണ്ടിരുന്നു.. വളരെ സമയമെടുത്താണ് ഞങ്ങൾ കോവാ ദ ഇറിയായിലെത്തിയത്. ആൾക്കൂട്ടം വളരെ വലുതായിരുന്നതിനാൽ ഞങ്ങൾക്ക് ഉള്ളിലേക്കു കടക്കാൻ കഴിഞ്ഞില്ല.  

  ഒരു മനുഷ്യൻ ജസീന്തയെ പൊക്കിയെടുത്തുകൊണ്ട് ദർശനസ്ഥലത്തേക്കു നീങ്ങി.. "ദർശകരായ കുട്ടികൾക്ക്‌ വഴി കൊടുക്കുവിൻ" എന്നയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ഞാൻ അയാളുടെ പിന്നാലെ നീങ്ങി ..           
                  ഒരു തരത്തിൽ അയാൾ ജസീന്തയെയുമായി ആ ഓക്കുമരത്തിനരികിലെത്തി അവളെ താഴെ നിർത്തി.  തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തെക്കണ്ട് അവൾ പേടിച്ചു കരയാൻ തുടങ്ങി. ഈ സമയം കൊണ്ട് മറ്റു രണ്ടു കുട്ടികളും ഒരുതരത്തിൽ അവിടെയെത്തിച്ചേർന്നു. എന്റെ ഭാര്യയെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. എന്നാൽ, ലൂസിയുടെ അമ്മയെ കണ്ടതായി ഞാൻ ഓർക്കുന്നു...
                 മെല്ലെ മെല്ലെ ആൾക്കൂട്ടത്തിന്റെ ബഹളം കെട്ടടങ്ങി;  ആ മഹത് മുഹൂർത്തമായപ്പോഴേക്കും ഓക്കുമരത്തിന്റെ പരിസരങ്ങൾ അതീവ ശാന്തമായി..
                    നനഞ്ഞു കുതിർന്ന ആ ഉച്ച നേരത്ത്,  ശിഖരങ്ങളെല്ലാം ഒടിച്ചെടുക്കപ്പെട്ട   ആ ചെറിയ ഓക്ക് മരത്തിന്റെയരികെ പ്രതീക്ഷയോടെ കുട്ടികൾ നിന്നു.  സമയം ഒരു മണി കഴിഞ്ഞിരുന്നു.. മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു...ലൂസി കിഴക്കുദിക്കിലേക്കു  നോക്കി.  അവൾ പറഞ്ഞു; "ജസീന്താ, മുട്ടുകുത്ത് .. മാതാവ് വരുന്നുണ്ട്. ഞാൻ മിന്നൽ കണ്ടു.."
കുട്ടികൾ മുട്ടുകുത്തി. ഒപ്പം ചുറ്റുമുണ്ടായിരുന്ന പതിനായിരങ്ങളും...."
               കുട്ടികൾ  ആനന്ദനിർവൃതിയിലാണെന്ന് അവരുടെ മുഖങ്ങൾ വിളിച്ചുപറഞ്ഞു.  അന്നത്തെ ദർശനത്തെപ്പറ്റി സി.ലൂസി പിന്നീട് തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി:
           "അലങ്കരിക്കപ്പെട്ട ആ ഓക്ക്മരത്തിന്റെ മുകളിലായി  അതീവസൌന്ദര്യവതിയായ മാതാവിനെ ഞങ്ങൾ കണ്ടു.  ഞാൻ എന്റെ പതിവുചോദ്യം തന്നെ ചോദിച്ചു; "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
              "എന്റെ ബഹുമാനാർത്ഥം   ഒരു ചാപ്പൽ ഇവിടെ നിർമ്മിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കുകയും പട്ടാളക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്."
"അങ്ങയുടെ പേരെന്താണെന്ന് ഞങ്ങളോട് പറയുമോ?"
"ഞാൻ ജപമാല രാജ്ഞിയാണ്."
                    അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസി പറഞ്ഞു; "ഒരുപാട് ആളുകൾ അപേക്ഷകൾ അറിയിച്ചിട്ടുണ്ട്. അങ്ങ് അവയെല്ലാം സാധിച്ചു കൊടുക്കുമോ?"
                              "ചിലത് ഞാൻ സാധിച്ചു കൊടുക്കുന്നതാണ്; മറ്റുള്ളത് ഇല്ല."  ദൈവമാതാവ് ഗൗരവമായി പറഞ്ഞു.  ദർശനവേളകളിൽ ഒരിക്കൽപ്പോലും മാതാവ് പുഞ്ചിരിച്ചില്ല. പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്.   "ആളുകൾ അവരുടെ ജീവിതം നവീകരിക്കുകയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്യണം. ഇനിയും അവിടുത്തെ കൂടുതൽ ദ്രോഹിക്കരുത്. നിങ്ങളുടെ പാപങ്ങളാൽ ഇപ്പോൾത്തന്നെ അവിടുന്ന് അത്യധികം വ്രണിതനാണ്‌.."

Monday, July 20, 2015

ഫാത്തിമ - അഞ്ചാം ദർശനം

                          ജൂലൈ മാസത്തിലെ ദർശനവേളയിൽ തങ്ങൾ കണ്ട നരകത്തിന്റെ ഭീകര കാഴ്ച  ലൂസിയുടേയും ഫ്രാൻസിസിന്റെയും ജസീന്തയുടെയും മനസ്സിൽനിന്നു പിന്നീടൊരിക്കലും മാഞ്ഞുപോയില്ല.  മാതാവിന്റെ ആഗ്രഹപ്രകാരം, എല്ലാ സമയവും  അവർ പ്രാർഥിക്കുകയും  പുതിയ പുതിയ ത്യാഗ പ്രവൃത്തികൾ  കണ്ടുപിടിച്ച് അനുഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു.                                                                               ദൈവദൂതൻ ആദ്യം പ്രത്യക്ഷനായ സ്ഥലത്ത് മണിക്കൂറുകളോളം സാഷ്ടാംഗപ്രണാമം ചെയ്ത്‌ ദൂതൻ പഠിപ്പിച്ച  "എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു;  ആരാധിക്കുന്നു; ഞാനങ്ങയിൽ വിശ്വസിക്കുന്നു; ഞാനങ്ങയിൽ ശരണപ്പെടുന്നു;  അങ്ങയെ സ്നേഹിക്കുകയോ ആരാധിക്കുകയോ അങ്ങയിൽ വിശ്വസിക്കുകയോ ശരണപ്പെടുകയോ ചെയ്യാത്തവർക്കുവേണ്ടി ഞാനങ്ങയോടു മാപ്പുചോദിക്കുന്നു"എന്ന പ്രാർത്ഥന   അവർ പ്രാർഥിച്ചുപോന്നു.  ദീർഘനേരം സാഷ്ടാംഗം വീണു പ്രാർഥിക്കുന്നതുമൂലമുണ്ടാകുന്ന ശരീരവേദന ദുസ്സഹമാകുമ്പോൾ എണീറ്റ് മുട്ടുകുത്തി കൊന്ത ചൊല്ലാൻ തുടങ്ങും.  മാതാവ് പഠിപ്പിച്ച  "ഓ, എന്റെ ഈശോയെ,  ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ" എന്ന പ്രാർത്ഥന ഓരോ ദശകത്തിന്റെയും ഇടയ്ക്ക് ചൊല്ലാൻ അവർ ഒരിക്കലും മറന്നിരുന്നില്ല. 
       കഠിനതാപസരായ സന്യാസിമാരെപ്പോലെ കർശനമായ ഇന്ദ്രിയനിഗ്രഹവും  ഇതിനിടെ  രഹസ്യമായി അവർ പരിശീലിച്ചു.  മേലധികാരികളുടെ ആജ്ഞയ്ക്കു വിധേയയായി സി.ലൂസി എഴുതിയ അവളുടെ  ഓർമ്മക്കുറിപ്പുകളിൽ  ഇതിന്റെ വിനീതമായ വിവരണം കാണാം. 
അവരുടെ ഉച്ചഭക്ഷണം ആടുകൾക്കും ചിലപ്പോൾ പാവപ്പെട്ട കുട്ടികൾക്കും കൊടുത്തുകൊണ്ട് അവർ പരസ്നേഹം പരിശീലിച്ചു. വേനൽക്കാലം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ദാഹം ശമിപ്പിക്കാനായി വെള്ളമോ മറ്റ് പാനീയങ്ങളോ അവർ ഉപയോഗിച്ചില്ല. ദിവസങ്ങളോളം ഒന്നും കുടിക്കാതെ, കഠിനമായ ദാഹം സഹിച്ചുകൊണ്ട് പാപികളുടെ മാനസാന്തരത്തിനായി അവർ പ്രാർഥിച്ചു. 
     സെപ്റ്റംബർ മാസമായതോടെ,  പരീക്ഷണങ്ങളാൽ പരിക്ഷീണരായ കുട്ടികൾ മാതാവിന്റെ ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു.. ദർശനങ്ങളെപ്പറ്റിയുള്ള നിശിതമായ പരിഹാസങ്ങൾ അപ്പോഴും അവർക്കു ചുറ്റും അലയടിച്ചിരുന്നു. എന്നാൽ, ഇടവകയ്ക്കു പുറത്ത്‌, ദർശനങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വന്നു.  ഔറമിലെ ഭരണാധികാരിയുടെ മുൻപിൽ കുട്ടികൾ കാട്ടിയ ധീരതയും ചാഞ്ചല്യമില്ലായ്മയും അനേകരെ സ്പർശിച്ചു. തന്നെയുമല്ല,  തലേമാസം ദർശനസ്ഥലത്ത് അനുഭവപ്പെട്ട അസാധാരണമായ സംഭവവികാസങ്ങളും അവരെ സ്വാധീനിച്ചു. 
                സെപ്റ്റംബർ 13 ന്  ഉച്ചയായപ്പോഴേക്കും ഏതാണ്ട് 30,000   ആളുകളാണ്  കോവാ ദെ ഇറിയായിലെ ദർശനസ്ഥലത്ത് അണിചേർന്നത്.   രാവിലെ മുതൽ തന്നെ അങ്ങോട്ടേക്കുള്ള റോഡുകൾ ജനനിബിഡമായിക്കഴിഞ്ഞിരുന്നു. തീർഥാടകർ ഭക്തിപൂർവ്വം ജപമാല ചൊല്ലി നീങ്ങുന്നത് ഹൃദയസ്പർശിയായ ഒരു കാഴ്ച തന്നെയായിരുന്നു..
               ദർശനസമയമടുത്തപ്പോൾ കുട്ടികൾ മൂവരും അവരുടെ വീടുകളിൽ നിന്ന് പുറപ്പെട്ടു.  എന്നാൽ, ആളുകൾ ചുറ്റും തിങ്ങിക്കൂടിയതിനാൽ മുന്നോട്ടു നീങ്ങാൻ അവർക്കു കഴിഞ്ഞില്ല. ചിലർ വളരെ ബുദ്ധിമുട്ടി ആൾക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അവരെ മുമ്പോട്ടു നയിച്ചു. ഒരുവിധത്തിൽ അവർ ദർശനസ്ഥലത്തെത്തി. അവിടെ, വളരെ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിൽ ആളുകൾ മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലി പ്രാർഥിക്കുന്നുണ്ടായിരുന്നു.  പുരുഷന്മാരെല്ലാവരും തന്നെ തലയിൽ  നിന്ന് തൊപ്പി മാറ്റിയിരുന്നു.  
                         കുട്ടികൾ പതിവുസ്ഥലത്തെത്തി മുട്ടുകുത്തി. ലൂസി ജപമാല കൈയിലേന്തി പ്രാർത്ഥന നയിക്കാൻ തുടങ്ങി. 
ആളുകളുടെ  താളാത്മകമായ പ്രത്യുത്തരം ഉയർന്നുകേട്ടു;  "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ ...."
            ജപമാലമണികൾ ഉരുണ്ടു നീങ്ങുന്നതിനിടയിൽ പെട്ടെന്ന് കുട്ടികൾ മുട്ടിൽ നിന്നെണീറ്റ് അത്ഭുതാദരങ്ങളോടെ കിഴക്കു ഭാഗത്തേക്കു നോക്കി നിൽക്കുന്നത്  ആളുകൾ കണ്ടു.  ഒരു നിമിഷം അങ്ങനെ നിന്നശേഷം അവരുടെ കണ്ണുകൾ ഇപ്പോൾ ഓക്ക് മരത്തിന്മേലായി.  ആഹ്ലാദ ഭരിതരായ കുട്ടികൾ വീണ്ടും മുട്ടുകുത്തി. 
ലൂസിയുടെ ഓർമ്മക്കുറിപ്പിൽ നിന്ന്: "ഞാൻ എന്റെ പതിവുചോദ്യം ആവർത്തിച്ചു:  "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
എന്റെ  മുൻപിൽ പ്രത്യക്ഷയായ മനോഹരിയുടെ മുഖത്ത് പുഞ്ചിരിയില്ലായിരുന്നു.. എന്നാൽ, ഗൗരവഭാവവും കാണപ്പെട്ടില്ല.  മാതാവ് തന്റെ ലളിതമായ നിർദേശങ്ങൾ ഞങ്ങൾക്കു നല്കി.."
  "എന്റെ കുഞ്ഞുങ്ങളേ, യുദ്ധം അവസാനിക്കാനായി ജപമാല ചൊല്ലുന്നതു
 നിങ്ങൾ   തുടരുക.."
"വേറെ എന്തെങ്കിലുമുണ്ടോ?"             
"നിങ്ങളുടെ പ്രാർത്ഥനയിലും ത്യാഗങ്ങളിലും ദൈവം സംപ്രീതനാണ്. എന്നാൽ നിങ്ങൾ അരയിൽ കെട്ടുന്ന ആ ചരട് രാത്രിയിലും ധരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല...പകൽ  സമയങ്ങളിൽ മാത്രം അത് ധരിച്ചാൽ മതിയാകും.."(കുട്ടികൾ മൂവരും തങ്ങളുടെ അരയിൽ കെട്ടുകളുള്ള പരുക്കൻ ചരട് മുഴുവൻ സമയവും ധരിച്ചിരുന്നു.) തങ്ങളുടെ അപേക്ഷകളും യാചനകളും മാതാവിൻ പക്കൽ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നവരുടെ കാര്യം ലൂസി ഓർമ്മിച്ചു. അവൾ മാതാവിനോട് പറഞ്ഞു: "ഒരുപാട് ആളുകൾ പ്രാർഥനാസഹായം യാചിച്ചിട്ടുണ്ട്.. അങ്ങ് അവരെയെല്ലാം സഹായിക്കുമോ?  ഊമയും ബധിരയുമായ ആ കൊച്ചു പെണ്‍കുട്ടിയെ അങ്ങ് സഹായിക്കുമോ?"
"ഇക്കൊല്ലം തന്നെ അവളുടെ സ്ഥിതി ,മെച്ചപ്പെടുന്നതാണ്.."
"ചിലർ ആവശ്യപ്പെട്ട മാനസാന്തരങ്ങൾ അങ്ങ് സാധിച്ചുകൊടുക്കുമോ? രോഗികളായ ചിലർക്ക് സൗഖ്യം നൽകുമോ ?"
"ചിലർക്ക് സൗഖ്യം ലഭിക്കുന്നതാണ്. ചിലർക്ക് ലഭിക്കയില്ല.."
ലൂസി നിർദ്ദേശങ്ങളെല്ലാം വിനീതയായി സ്വീകരിച്ചു. ദർശനങ്ങളിൽ തുടക്കം മുതലേ വിശ്വസിച്ചിരുന്ന മരിയ കരേരയുടെയും മറ്റു ഭക്തസ്ത്രീകളുടെയും ആഗ്രഹം അപ്പോൾ അവൾ ഓർമ്മിച്ചു. അവൾ ചോദിച്ചു: "ആളുകൾ നേർച്ചയായി സമർപ്പിക്കുന്ന പണം കൊണ്ട് ഒരു ചെറിയ ചാപ്പൽ ഇവിടെ പണിയുന്നത്‌ അങ്ങേയ്ക്ക് ഇഷ്ടമാകുമോ?"
"ജപമാലരാജ്ഞിയുടെ ബഹുമാനത്തിനായി ഒരു  ചെറിയ ചാപ്പൽ ഇവിടെ പണിയാവുന്നതാണ്. എന്നാൽ, നേർച്ചപ്പണത്തിന്റെ പകുതി മാത്രമേ അതിനായി ഉപയോഗിക്കാവൂ എന്ന് അവരോടു പറയുക.  .. ബാക്കിപ്പണം ഞാൻ കഴിഞ്ഞ മാസം പറഞ്ഞതുപോലെ, തിരുസ്വരൂപം വഹിക്കാനുപയോഗിക്കുന്ന രണ്ടു  ഫ്രെയിമുകൾ പണിയാനായി എടുക്കുക."
ദർശനങ്ങളെ പ്രതി അവരനുഭവിക്കുന്ന പീഡനങ്ങൾ ലൂസി ഓർമ്മിച്ചു.  അവൾ പറഞ്ഞു: "ഞാനൊരു നുണച്ചിയാണെന്നാണ് ഒരുപാടാളുകൾ വിശ്വസിക്കുന്നത്. എന്നെ തീയിലിട്ടു ചുട്ടുകളയണമെന്നും തൂക്കിലിടമെന്നും ഒക്കെയാണ് അവർ പറയുന്നത്.  എല്ലാവർക്കും വിശ്വാസം വരത്തക്ക വിധത്തിൽ ഒരു അത്ഭുതം അങ്ങ് പ്രവർത്തിക്കുമോ?"
"എല്ലാവർക്കും ഈ ദർശനങ്ങളിൽ വിശ്വാസം വരുന്നതിനായി ഒക്ടോബർ മാസത്തിൽ ഞാനൊരത്ഭുതം പ്രവർത്തിക്കുന്നതാണ്.." മാതാവ് മറുപടി നൽകി.
ദർശനം അവസാനിച്ചു. ഉയരത്തിലേക്കു പോകുന്ന മാതാവിനെ നോക്കിക്കൊണ്ട്‌ ലൂസി വിളിച്ചു പറഞ്ഞു: "അതാ നോക്കൂ.. മാതാവിനെ നിങ്ങൾക്കു കാണണമെങ്കിൽ അതാ നോക്കൂ.."
                          ലൂസി കൈ ചൂണ്ടിയ ദിക്കിലേക്ക് എല്ലാവരും നോക്കിയെങ്കിലും മാതാവിനെ ആർക്കും കാണാനായില്ല. എന്നാൽ, തിളങ്ങുന്ന ഒരു പ്രകാശഗോളം ദർശനം തുടങ്ങുന്നതിനു മുൻപ് വന്നിറങ്ങുന്നതും ഏതാനും മിനിട്ടുകൾക്കു ശേഷം ഉയർന്നു പൊങ്ങുന്നതും ഒരുപാടാളുകൾ കണ്ടു! ദർശനം കഴിഞ്ഞപ്പോൾ   അൽപ്പസമയം  നീണ്ടുനിന്ന നിശബ്ദതയ്ക്കുശേഷം ആളുകളുടെ ആഹ്ലാദാരവം അവിടമാകെ മുഴങ്ങി.

Saturday, July 18, 2015

കഠിന പരീക്ഷണങ്ങളുടെ വേള

 (പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശം)

         നിങ്ങളുടെ ഈ കാലഘട്ടം പോലെ മറ്റൊരു കാലത്തും സമാധാനത്തിനെതിരായി ഇത്രയേറെ ഭീഷണികൾ ഉയർന്നിട്ടില്ല. കാരണം, ദൈവത്തിനെതിരായുള്ള എൻ്റെ ശത്രുവിൻ്റെ തീവ്രയത്‌നം കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ച് സാർവത്രികമായ ഒരു പ്രതിഭാസമായിത്തീർന്നിരിക്കുന്നു. 

ആകയാൽ, നിങ്ങൾ മഹാപരീക്ഷണത്തിൻ്റെ നടുവിൽ എത്തി നിൽക്കുന്നുവെന്ന് ഓർത്തുകൊള്ളുവിൻ.  സാത്താനാൽ നിരന്തരം ഭയപ്പെടുത്തപ്പെട്ടും അശുദ്ധാത്മാക്കളുടെ ആവൃതിക്കുള്ളിൽ ബന്ധിക്കപ്പെട്ടും നിൽക്കുന്ന എൻ്റെ സാധുകുഞ്ഞുങ്ങളെ ഈ കഠിന പരീക്ഷണം സാരമായി ബാധിച്ചിട്ടുണ്ട്. അതിലൂടെ പ്രസാദവര സമൃദ്ധിയും ദൈവത്തോടുള്ള ഐക്യവും നിങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. 

ഇന്ന് പാപമെന്നത് ഒരു തിന്മയായി കരുത്തപ്പെടുന്നില്ല; മാത്രമല്ല, നന്മ നിറഞ്ഞതോ മൂല്യമുള്ളതോ ആയ ഒന്നായി പാപം ശ്ലാഘിക്കപ്പെടുകയും ചെയ്യുന്നു. വഞ്ചനാത്മകമായ സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം മൂലവും പാപം ഒരു തിന്മയാണെന്ന ചിന്ത ക്രമാനുഗതമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ പാപം കൂടുതൽ കൂടുതലായി ആവർത്തിക്കപ്പെടുകയും നീതികരിക്കപ്പെടുകയും ചെയ്യുന്നു ; എന്നുമാത്രമല്ല,  പാപസങ്കീർത്തനത്തിനുള്ള സാദ്ധ്യതകളും  ഇന്ന്  വിരളമായിക്കൊണ്ടിരിക്കുന്നു.

പാപത്തിൽ ജീവിക്കുന്നുവെങ്കിൽ, നിങ്ങൾ പിശാചിൻ്റെ അടിമത്തത്തിലേക്ക് നിങ്ങൾ മടങ്ങിവരികയാണെന്ന് മറക്കാതിരിക്കുക.  അതിലൂടെ വീണ്ടും അവൻ്റെ കുടിലതന്ത്രങ്ങൾക്ക് നിങ്ങൾ വിധേയരാവുകയും ഈശോ നേടിത്തന്ന വീണ്ടെടുപ്പ് നിങ്ങളിൽ നിഷ്ഫലമാവുകയും ചെയ്യും. 

Tuesday, July 14, 2015

ഫാത്തിമ - ദൈവമാതാവിന്റെ നാലാമത്തെ ദർശനം

                      
  ഔറെമിലെ  മജിസ്ട്രേട്ട് കുട്ടികളെ മൂവരെയും തട്ടിക്കൊണ്ടു പോയതിനാൽ ഓഗസ്റ്റ് 13 ന് നടക്കേണ്ടിയിരുന്ന നാലാമത്തെ ദർശനം അന്ന് നടക്കുകയുണ്ടായില്ല. എന്നാൽ, അന്നു പതിവുസമയത്തു തന്നെ മാതാവ് അവിടെ വന്നിരുന്നതായി അന്നവിടെ തടിച്ചു കൂടിയ ജനാവലി സാക്ഷ്യപ്പെടുത്തി. കാരണം, ദർശനസമയമായ നട്ടുച്ചനേരത്ത് അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന സുഖകരമായ തണുപ്പും കുളിർമയും മാതാവിന്റെ സാന്നിധ്യത്തിന്റെ മറ്റ് അടയാളങ്ങളും അവർക്ക് അനുഭവപ്പെട്ടു.  എങ്കിലും കുട്ടികളുടെ അസാന്നിധ്യത്തിൽ അന്ന് ദർശനത്തിനു സാക്ഷികളാകാൻ അവർക്കു കഴിഞ്ഞില്ല.  അങ്ങനെ നിരാശയോടെ അവർ വീടുകളിലേക്കു മടങ്ങി.  
                    കുട്ടികളെ മൂവരെയും പല വിധത്തിൽ ചോദ്യം ചെയ്തിട്ടും മജിസ്ട്രേട്ടിന്  അവരിൽ നിന്നും ഒരു വിവരവും കിട്ടിയില്ല. മാതാവ് അവരോടു പറഞ്ഞ രഹസ്യം എന്താണെന്നു വെളിപ്പെടുത്തിയില്ലെങ്കിൽ അവരെ തിളച്ച എണ്ണയിൽ മുക്കി കൊല്ലുമെന്ന ഭീഷണി പോലും അവരുടെ മുൻപിൽ വിലപ്പോയില്ല. ഒടുവിൽ മജിസ്ട്രേട്ട് തോൽവി സമ്മതിച്ച് ഓഗസ്റ്റ് പതിനഞ്ചാം തീയതി, മാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിവസം,  കുട്ടികളെ പള്ളിമേടയിൽ കൊണ്ടുവന്നു വിട്ടു. തിരുക്കർമ്മങ്ങൾ കഴിഞ്ഞ് പള്ളി പിരിയുന്ന സമയമായതിനാൽ വലിയൊരു ജനാവലിയുടെ മുൻപിലേക്കാണ് മജിസ്ട്രേട്ടിന്റെ ആൾക്കാർ  വന്നുപെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ ക്രുദ്ധരായിരുന്ന നാട്ടുകാർ, അവരെ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയെങ്കിലും ജസീന്തയുടെയും ഫ്രാൻസിസിന്റെയും പിതാവായ ടി മാർട്ടോയുടെ സമയോചിതമായ ഇടപെടൽ നിമിത്തം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കുട്ടികൾ നേരെ ദർശനസ്ഥലത്തേയ്ക്കാണ് പോയത്. അവിടെ പ്രാർഥിച്ചതിനുശേഷം അവർ തങ്ങളുടെ വീടുകളിലേക്കു മടങ്ങി. തങ്ങളുടെ സഹനങ്ങളെല്ലാം പാപികളുടെ മാനസാന്തരത്തിനായി അവർ ദൈവത്തിനു കാഴ്ചവെച്ചു.
           തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ പതിവുപോലെ തങ്ങളുടെ ജോലി തുടർന്നു. ഓഗസ്റ്റ് 19  ഞായറാഴ്ച, കുർബാനയ്ക്കുശേഷം അവർ കോവാ ദെ ഇറിയായിൽപ്പോയി ജപമാല ചൊല്ലി പ്രാർഥിച്ചു. അവരോടൊപ്പം പ്രാർത്ഥന ചൊല്ലുവാൻ അനേകം ആളുകളും അവിടെ എത്തിയിരുന്നു.  അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മാന്യൻ, കുട്ടികളെ മൂവരെയും അവരോടൊപ്പമുണ്ടായിരുന്ന ജസീന്തയുടെയും ഫ്രാൻസിസിന്റെയും  മൂത്ത സഹോദരൻ ജോണിനെയും  ഉച്ചഭക്ഷണത്തിനായി തന്റെ വീട്ടിലേക്കു ക്ഷണിച്ചു. സന്തോഷപൂർവ്വം കുട്ടികൾ ആ ക്ഷണം സ്വീകരിച്ചു. അവിടെ നിന്നും തിരിയെ വന്നപ്പോൾ, ജസീന്ത, അവളുടെ അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേയ്ക്കു തിരിച്ചുപോയി. ലൂസിയും ഫ്രാൻസിസും ജോണും ആടുകളെ മേയ്ക്കാനായി മേച്ചിൽപ്പുറം തേടി പോവുകയും ചെയ്തു..
           പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റി സി.ലൂസി എഴുതുന്നു:
                                         "എന്റെ ഒരു അമ്മാവന്റെ ഉടമസ്ഥതയിലുള്ള വാലിനോസ് എന്ന പുൽമേട്ടിലേയ്ക്കാണ് അന്നു ഞങ്ങൾ പോയത്. ഏകദേശം 4 മണിയായപ്പോൾ, മാതാവിന്റെ ദർശനത്തിനു മുന്നോടിയായി കോവാ ദെ ഇറിയായിലെ  അന്തരീക്ഷത്തിനു വന്നിരുന്ന മാറ്റങ്ങൾ   ഇവിടെയും   എനിക്ക് അനുഭവപ്പെട്ടു. അന്തരീക്ഷം പെട്ടെന്ന് പുതുമയും കുളിർമ്മയും ഉള്ളതായി;  സൂര്യന്റെ ഉഗ്രതാപം പെട്ടെന്ന് താണു.. മാതാവ് വരുന്നതിനു മുൻപുണ്ടാകുന്ന മിന്നൽ ഞാൻ കണ്ടു.. ഫ്രാൻസിസും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു. അവൻ,  തന്റെ വലിയ കണ്ണുകൾ വിടർത്തി പ്രതീക്ഷയോടെ, നിന്നു.. അവന്റെ സഹോദരൻ ജോണിന് എന്തോ സംഭവിക്കുന്നതായി  തോന്നിയെങ്കിലും എന്താണെന്ന് മനസ്സിലായില്ല. ഞാൻ ജോണിനോട്  വിളിച്ചു പറഞ്ഞു; "ജോണ്‍, ദയവായി ജസീന്തയെ വേഗം വിളിച്ചുകൊണ്ടുവരൂ.. മാതാവ്‌  വരുന്നുണ്ട്.."
             ഈ അത്ഭുതദൃശ്യം കാണാനാഗ്രഹിച്ച ജോണ്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് വീട്ടിലേക്കോടിപ്പോയി ജസീന്തയെ വിളിച്ചുകൊണ്ടുവന്നു. അവൾ വന്ന് ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ മാതാവ് അവർക്കു മൂവർക്കും പ്രത്യക്ഷയായി. ലൂസി തന്റെ പതിവു ചോദ്യം ആവർത്തിച്ചു: "ഞാൻ എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് ?"
"അടുത്ത മാസം പതിമ്മൂന്നാം തീയതിയും കോവാ ദെ ഇറിയായിൽ വരിക.  എന്റെ കുഞ്ഞേ, എല്ലാ ദിവസവും ജപമാല ചൊല്ലുക."
             ആളുകളുടെ അവിശ്വാസം നിമിത്തം വളരെയേറെ വിഷമിച്ചിരുന്നതിനാൽ  ദർശനസ്ഥലത്ത് ഒരു അത്ഭുതം പ്രവർത്തിച്ച് എല്ലാവരെയും വിശ്വാസത്തിലേക്കു കൊണ്ടുവരണമെന്ന് വീണ്ടും  ലൂസി അഭ്യർഥിച്ചു.
"തീർച്ചയായും.." അമ്മ അവൾക്ക് ഉറപ്പു നല്കി. "എല്ലാവരും ഈ ദർശനങ്ങളിൽ വിശ്വസിക്കുന്നതിനായി ഒക്ടോബർ മാസത്തിൽ ഞാനൊരത്ഭുതം പ്രവർത്തിക്കും.  അവർ നിങ്ങളെ തടവിലാക്കിയില്ലായിരുന്നുവെങ്കിൽ അത്ഭുതം കുറേക്കൂടി വലുതായിരുന്നേനെ.. ജനങ്ങളെ അനുഗ്രഹിക്കുന്നതിനായി അന്ന് ഈശോ എഴുന്നെള്ളും. ലോകത്തിൽ സമാധാനം കൈവരുന്നതിനായി  വി.യൌസേപ്പും അന്ന് ഉണ്ണിമിശിഹായോടൊപ്പം വരും. വ്യാകുലമാതാവും ജപമാല രാജ്ഞിയും ആ സമയം അവിടെ  സന്നിഹിതയായിരിക്കും.."
ആ സമയം, മരിയാ കരേരയുടെ അപേക്ഷ ലൂസി ഓർമിച്ചു. അവൾ ചോദിച്ചു: "ദർശനസ്ഥലത്ത് നേർച്ചയായി ജനങ്ങൾ അർപ്പിച്ച പണം കൊണ്ട് ഞങ്ങൾ എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് ?"
"തിരുസ്വരൂപങ്ങൾ വഹിക്കുവാനുപയോഗിക്കുന്ന ഫ്രെയിമുകൾ രണ്ടെണ്ണം പണിയിക്കുക.  ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിൽ, അതിലൊരെണ്ണം, മറ്റുരണ്ടു പെണ്‍കുട്ടികളോടൊപ്പം നീയും ജസീന്തയും കൂടി വഹിക്കുക. നിങ്ങൾ രണ്ടുപേരും വെള്ളവസ്ത്രം ധരിച്ചിരിക്കണം. മറ്റേത്, മൂന്ന് ആണ്‍കുട്ടികളോടൊപ്പം ഫ്രാൻസിസ് വഹിക്കണം. അവരും വെള്ളവസ്ത്രം ധരിച്ചിരിക്കണം..."
     ലൂസി വിനീതയായി ഈ നിർദേശങ്ങൾ സ്വീകരിച്ചു. പെട്ടെന്ന്, രോഗസൗഖ്യത്തിനായി മാതാവിനോട് അപേക്ഷിക്കാൻ  തന്നോട് ശുപാർശ  ചെയ്തിരുന്നവരുടെ കാര്യം അവളോർമ്മിച്ചു. മാതാവിനോട് അക്കാര്യം അപേക്ഷിച്ചപ്പോൾ അമ്മ പറഞ്ഞു; "ചിലരെ ഇക്കൊല്ലം ഞാൻ സുഖപ്പെടുത്തുന്നതാണ്.." വീണ്ടും കുട്ടികളെ നോക്കിക്കൊണ്ട്‌ വിഷാദത്തോടെ അമ്മ പറഞ്ഞു: "പ്രാർഥിക്കുക; ധാരാളം പ്രാർഥിക്കുക.. പാപികൾക്കായി ധാരാളം ത്യാഗപ്രവൃത്തികൾ  കാഴ്ച വെയ്ക്കുക. വളരെയേറെ ആളുകൾ നരകത്തിൽ നിപതിക്കുന്നു; കാരണം, അവർക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ ആരുമില്ല.."
      ദർശനം അവസാനിച്ചു.  മാതാവ് കിഴക്കു ഭാഗത്തേക്ക് ഉയർന്നു മറയുന്നതുനോക്കി അവർ നിന്നു .. 

 (സി.ലൂസിയായുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്)

Monday, July 6, 2015

സാത്താനിൽ നിന്നും വിമോചനം


(വി.ലൂയിസ് ഡി മോണ്ട് ഫോർട്ടിന്റെ  The Secret of the Rosary യിൽ നിന്ന്)



                         1578  ൽ അൻവേർസിലെ  ഒരു സ്ത്രീ തന്നെത്തന്നെ പിശാചിനു നൽകുകയും അവളുടെ സ്വന്തം രക്തം കൊണ്ട് ആ കരാറിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ആത്മാർത്ഥമായ പശ്ചാത്താപം അവളെ പിടിച്ചുലച്ചു. ഭീകരമായ ഈ പ്രവൃത്തി ഉപേക്ഷിച്ച് പ്രായശ്ചിത്തം ചെയ്യുവാനുള്ള തീക്ഷ്ണമായ ആഗ്രഹവും ആ സ്ത്രീയ്ക്കുണ്ടായി. അങ്ങനെ അവൾ, കാരുണ്യവാനും ജ്ഞാനിയുമായ ഒരു കുമ്പസ്സാരക്കാരന്റെ സഹായം തേടി. ആ പട്ടണത്തിലെ ജപമാലാ സഹോദരസംഘത്തിന്റെ ഡയറക്ടറും ഡൊമിനിക്കൻ ആശ്രമ വൈദികനുമായ ഫാ.ഹെൻറിയുടെ അടുത്തുപോയി, ജപമാലാ സഹോദരസംഘത്തിൽ തന്നെ അംഗമായി ചേർക്കണമെന്നും തന്റെ കുമ്പസാരം കേൾക്കണമെന്നും അദ്ദേഹത്തോട് അഭ്യർഥിക്കുവാൻ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച് ഇക്കാര്യങ്ങൾ ചോദിക്കുവാനായി ആ സ്ത്രീ  ഫാ.ഹെൻറിയെ കാണാൻ പോയി. പക്ഷേ, അവൾ കണ്ടുമുട്ടിയത് ഫാ.ഹെൻറിയെ അല്ല, ഡൊമിനിക്കൻ  വൈദികന്റെ വേഷം കെട്ടിയ ഒരു പിശാചിനെ ആയിരുന്നു! ആ പിശാച് അവളെ നിഷ്‌കരുണം ശാസിച്ചു. അവൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇനിയൊരിക്കലും സർവശക്തനായ ദൈവത്തിന്റെ കൃപ വീണ്ടും സ്വീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അവളുടെ കരാറിന്റെ അധീനത വീണ്ടെടുക്കാനാകുന്ന യാതൊരു മാർഗ്ഗവുമില്ലെന്നും ആ പിശാച് പറഞ്ഞു. ഇത് അവളെ വളരെയധികം ദുഃഖിപ്പിച്ചു. എങ്കിലും ആ സ്ത്രീ ദൈവത്തിന്റെ കാരുണ്യത്തിലുള്ള പ്രത്യാശ കൈവെടിഞ്ഞില്ല. ഒരിക്കൽക്കൂടി അവൾ  ഫാ.ഹെൻറിയെ തേടിച്ചെന്നു. പക്ഷെ, രണ്ടാംതവണയും പിശാചിനെയും അവന്റെ തിരസ്കരണത്തെയുമാണ് അഭിമുഖീകരിക്കേണ്ടി വന്നത്. മൂന്നാം തവണയും അവൾ ആ വൈദികനെ കാണാൻ പോയി. ഒടുവിൽ, ദൈവിക പരിപാലനയാൽ അവൾക്ക് ഫാ.ഹെൻറിയെ വ്യക്തിപരമായി കാണാൻ സാധിച്ചു. അദ്ദേഹം, വലിയ അലിവോടെ അവളോട് പെരുമാറി.  സർവശക്തനായ ദൈവത്തിന്റെ കരുണയിലേക്ക് സ്വയം സമർപ്പിക്കുവാനും ഒരു നല്ല കുമ്പസാരം നടത്തുവാനും ഫാ.ഹെൻറി ആ സ്ത്രീയെ പ്രോത്സാഹിപ്പിച്ചു.  ജപമാലാ സഹോദരസംഘത്തിൽ അവളെ  അംഗമായി സ്വീകരിച്ചു.  ജപമാല ഇടയ്ക്കിടെ ചൊല്ലുവാൻ അദ്ദേഹം അവളോടു  പറഞ്ഞു.
                     ഒരു ദിവസം ഫാ.ഹെൻറി ആ സ്ത്രീയ്ക്കുവേണ്ടി വി. ബലി അർപ്പിച്ചുകൊണ്ടിരിക്കെ, അവൾ ഒപ്പുവെച്ചിരുന്ന ആ കരാർ അവൾക്കു തിരിയെ നൽകുവാൻ പരിശുദ്ധ കന്യക പിശാചിനെ നിർബന്ധിച്ചു. ഇപ്രകാരം പരിശുദ്ധ മറിയത്തിന്റെ അധികാരത്താലും പരിശുദ്ധ ജപമാലയോടുള്ള അവളുടെ ഭക്തിയാലും പിശാചിൽ നിന്നും ആ സ്ത്രീ മോചിതയായി.