ജാലകം നിത്യജീവൻ: January 2012

nithyajeevan

nithyajeevan

Tuesday, January 31, 2012

പൗരോഹിത്യം

                                              ഈശോ പറയുന്നു: "ഭാവിയിലെ നന്മയുടെയും  തിന്മയുടെയും         വേരുകള്‍ വർത്തമാനകാലത്തിലാണ്  ഊന്നിയിരിക്കുന്നത്. ഹിമപാതം   ആരംഭിക്കുന്നത്   ഒരു   മഞ്ഞിന്‍ തരിയിലാണ്. ഒരു പുരോഹിതന്‍, അയോഗ്യനും അശുദ്ധനും പാഷണ്ഡിയും അവിശ്വസ്തനും അവിശ്വാസിയും മന്ദഭക്തനും ബുദ്ധിഹീനനും അലസനും ജഡികാസക്തനും ആകുമ്പോള്‍, അതേ കുറ്റങ്ങള്‍  ചെയ്യുന്ന ഒരു വിശ്വാസിയേക്കാള്‍  പത്തിരട്ടി പാപം ചെയ്യുന്നു. അയാള്‍  അനേകരെ പാപത്തിലേക്കു വലിച്ചിഴയ്ക്കുന്നു. 
              
ഒരു പുരോഹിതനു ചെയ്യാന്‍ കഴിയുന്ന നന്മകള്‍, അയാള്‍ക്കു ചെയ്യാന്‍ കഴിയുന്ന തിന്മകള്‍ - ഇവയെപ്പറ്റി ചിന്തിക്കുവിന്‍ .  തന്റെ വിശുദ്ധമായ  സ്ഥിതിയില്‍  നിന്നും പിന്നോട്ടുപോയ പുരോഹിതന് എത്രമാത്രം തിന്മ ചെയ്യാന്‍  കഴിയും എന്നുള്ളതിന് ഉദാഹരണം നിങ്ങള്‍ക്കുണ്ടായിക്കഴിഞ്ഞു. ഭാവിയില്‍    കറിയോത്തുകാരന്‍  യൂദാസിന്റെ പകര്‍പ്പുകള്‍  എത്രയോ അധികമായി ഉണ്ടാകും!! എത്ര ഭയാനകം!!!
എന്റെ സഭ, അതിന്റെ ശുശ്രൂഷകരാൽത്തന്നെ നശിപ്പിക്കപ്പെടുന്നു!  എന്നാല്‍, സ്വയം ബലിയാക്കുന്ന ആത്മാക്കളുടെ സഹായത്താല്‍  ഞാൻ അതിനെ താങ്ങുന്നു. പുരോഹിതര്‍ക്ക് അപ്പോൾ, പുരോഹിതന്റെ വസ്ത്രം മാത്രമേ ഉണ്ടായിരിക്കയുള്ളൂ. പുരോഹിതന്റെ ആത്മാവുണ്ടായിരിക്കയില്ല. ഭയാനകമായ ആ കാലങ്ങളില്‍, ഇടയനും മുന്‍പേ പോകുന്നവനുമായ നീ (മാര്‍പ്പാപ്പ)  സുവിശേഷം ഉയര്‍ത്തിപ്പിടിക്കുക. കാരണം അതിലാണു രക്ഷ കണ്ടെത്തുക; വേറെ ഒരു ശാസ്ത്രത്തിലുമല്ല.

                       പരിശുദ്ധഅമ്മ പറയുന്നു: "അന്ന് അന്ത്യഅത്താഴവേളയില്‍, അഗാധമായ വേദനയോടെ എന്റെ പുത്രന്‍  തന്റെ അപ്പസ്തോലന്മാരോട്  പറഞ്ഞു; 'നിങ്ങളില്‍  ഒരാള്‍ എന്നെ ഒറ്റിക്കൊടുക്കാന്‍  പോകയാണ്.' ഇന്ന് അവന്റെ പൗരോഹിത്യത്തിലും അവന്റെ ഓഹരിയിലും പങ്കുകാരായ എത്രയോ പേരാണ് അവനെ ഒറ്റിക്കൊടുക്കുന്നത് ! അവർ അവനെ ഒറ്റിക്കൊടുക്കാന്‍   കാരണം, ദൈവത്തിന്റെ പരിശുദ്ധമായ വചനങ്ങള്‍  വിശ്വസിക്കാത്തതാണ്. വിശ്വാസമില്ലായ്മയും  മതത്യാഗവും തിരുസ്സഭയില്‍ 
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മുപ്പതു വെള്ളിക്കാശിന് അവര്‍  അവനെ ഒറ്റിക്കൊടുക്കുകയാണ്. സ്വാര്‍ത്ഥതയുടേയും അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും വെള്ളിനാണയങ്ങളാല്‍  അവര്‍  അവനെ ഒറ്റിക്കൊടുക്കുകയാണ്. അവനെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാര്‍  എത്ര അധികമാണിന്ന് !!!
        
 വൈദികരായ എന്റെ വത്സലസുതരേ, ദുഃഖിതയും ക്രൂശിതയുമായ അമ്മയോടൊത്ത്  കുരിശിന്‍  ചുവട്ടില്‍  നില്‍ക്കുന്ന യോഹന്നാനെപ്പോലെ നിങ്ങളും ആയിരിക്കുവിന്‍ .  എന്റെ ഹൃദയത്തോടു ചേര്‍ന്ന് നിങ്ങള്‍  ശുദ്ധരാകുവിന്‍ . അങ്ങനെ വിശ്വസ്തരായ പുരോഹിതന്മാരായി മാറാന്‍  നിങ്ങള്‍ക്കു കഴിയും.  ഒരുനിമിഷം പോലും ദൈവത്തെ കൈവിടാതെ ജീവിക്കുന്ന നവയുഗയോഹന്നാന്മാരായി നിങ്ങള്‍   മാറും !!"

Saturday, January 28, 2012

വീണുപോയ പക്ഷിക്കൂടും ഒരു സാബത്തും


ഒരു സാബത്തുദിവസം..  കാട്ടുപ്രദേശത്തെ ഒരു പാതയിലൂടെ ഈശോ നടക്കുന്നു. ഒപ്പമുള്ള അപ്പസ്തോലന്മാരോടു സംസാരിച്ചു കൊണ്ടാണു നടപ്പ്.  പെട്ടെന്ന് ഈശോ സംസാരം നിർത്തി എന്തോ ശ്രദ്ധിക്കുന്നു. പിന്നീട് കുറ്റിക്കാട്ടിലെ ഒരു ചെറിയ വഴിയിലൂടെ ചെറിയ വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്ന ഒരു സ്ഥലത്തേക്കു പോകുന്നു. കുനിഞ്ഞു് ചുറ്റിലും നോക്കുന്നുണ്ട്.  സംഗതി കണ്ടുപിടിച്ചു.. പുല്ലിൽ ഒരു പക്ഷിക്കൂട്... കൊടുങ്കാറ്റിൽ വീണു പോയതാകാം;  അഥവാ ആരെങ്കിലും അതെടുത്തശേഷം താഴെയിട്ടിട്ടു പോയതായിരിക്കാം... കൂട്ടിനുള്ളിൽ അഞ്ചു പക്ഷിക്കുഞ്ഞുങ്ങൾ; ഏതാനും ദിവസം മാത്രം പ്രായമായവ, ഇളകുകയും കരയുകയും ചെയ്യുന്നു. വളരെ ഉയരത്തിൽ ഒരു വൃക്ഷക്കൊമ്പിലിരുന്ന് അവയുടെ മാതാപിതാക്കൾ ശരണംകെട്ട് നിലവിളിക്കുന്നു.

ഈശോ ആ കൂട് ശ്രദ്ധയോടെ കയ്യിലെടുത്തു; ഒരു കയ്യിൽ അതു സൂക്ഷിച്ചുപിടിച്ചു. അത് എവിടെ നിന്നായിരിക്കാം വീണതെന്നു കണ്ടുപിടിക്കാൻ നോക്കുന്നു. അഥവാ ഈ കൂട് സുരക്ഷിതമായി എവിടെ വയ്ക്കുവാൻ കഴിയുമെന്നു നോക്കുന്നു.     വള്ളികളും ശിഖരങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭദ്രമായ ഒരു സ്ഥലം കണ്ടു... കുറ്റിക്കാടിന്റെ ഉള്ളിൽ, ഒരു ചെറിയ കുട്ടപോലെ കുഴിവുള്ള ഭാഗം..  ഇനി കൂടു് അവിടെ വയ്ക്കണം.  പത്രോസിന്റെ കൈയിലേക്കു കൂടു കൊടുത്തശേഷം അങ്കിയുടെ കൈകൾ തെറുത്തുകയറ്റി, മുള്ളുകൾ കൈയിൽ കൊള്ളുന്നതു വകവയ്ക്കാതെ ആ കൂടു വയ്ക്കാനുള്ള ഭാഗം ഒന്നുകൂടി കൈ കൊണ്ടു ശരിയാക്കുകയാണ്. അതിനുശേഷം പത്രോസിന്റെ കൈയിൽ നിന്നു കൂടു വാങ്ങി ഒരുക്കിയ സ്ഥലത്തു വച്ചു. ഒന്നുകൂടി സുരക്ഷിതമാകുന്നതിന് നീളമുള്ള ഇലകൾ കൊണ്ട് മറയ്ക്കുകയും ചെയ്യുന്നു. കൂടു് ഇപ്പോൾ സുരക്ഷിതമായി. ഈശോ മാറിനിന്ന് സംതൃപ്തിയോടെ പുഞ്ചിരി തൂകുന്നു. പിന്നെ പ്രധാന വഴിയിലേക്കു പോകാൻ  ഈശോ തിരിഞ്ഞു....... കാത്തിരുന്ന    പക്ഷികൾ     സന്തോഷത്തോടെ പാടിക്കൊണ്ട് അവരുടെ കഞ്ഞുങ്ങളുടെ പക്കലേക്ക് പറന്നുവന്നു.

                  പ്രധാന വഴിയരികിൽ ഏതാനും പേർ കൂടി നിൽക്കുന്നു. ഈശോയ്ക്ക്    അഭിമുഖമായി   നിൽക്കുന്ന  അവരെ   കണ്ടപ്പോൾ  പുഞ്ചിരിയുണ്ടായിരുന്ന ഈശോയുടെ മുഖം വാടി. ഗൗരവത്തോടെ ഈശോ   നടന്നുവന്ന്   അവിടെ   നിന്നു.    അപ്രതീക്ഷിതമായി അവിടെ പ്രത്യക്ഷപ്പെട്ട അവരെ ഈശോ നോക്കുന്നു... അവരുടെ ഹൃദയങ്ങളെയും       അതിലെ       നിഗൂഢചിന്തകളെയുമാണ് നോക്കുന്നത്.    ഈശോയ്ക്ക്   മുന്നോട്ടു   കടന്നുപോകാൻ  പറ്റാത്ത വിധത്തിൽ വഴിക്കു തടസ്സമുണ്ടാക്കിയാണ് അവർ നിൽക്കുന്നത്.  എന്നാൽ ഈശോ ഒന്നും പറയുന്നില്ല.

"ഗുരുവിനു് കടന്നുപോകാൻ വഴി കൊടുക്കൂ.."  പത്രോസിന് സംസാരിക്കാതിരിക്കാൻ കഴിയുന്നില്ല.
 

"മിണ്ടാതിരിക്കൂ... നിന്റെ ഗുരു എങ്ങനെയാണ് എന്റെ സ്ഥലത്തു പ്രവേശിച്ചതും സാബത്തിൽ ശരീരാദ്ധ്വാനം ചെയ്തതും?"   സംഘത്തിലുണ്ടായിരുന്ന ഒരാൾ പറയുന്നു.

ഈശോ അയാളെ തറപ്പിച്ചു നോക്കി; മുഖത്തെ ഭാവം സമ്മിശ്രവികാരങ്ങൾ ഉൾക്കൊള്ളുന്നു.. പത്രോസ് എന്തോ പറയുവാൻ ഭാവിച്ചു.  എന്നാൽ ഈശോ ചോദിക്കുന്നു: "നീ ആരാണ്?"

"ഈ സ്ഥലത്തിന്റെ ജന്മി, യോഹന്നാൻ ബൻസക്കായി."

"വിശ്രുതനായ നിയമജ്ഞൻ! എന്തിനാണ് നീ എന്നെ ശകാരിക്കുന്നത്?

"സാബത്ത് അശുദ്ധമാക്കുന്നതിന്."

"യോഹന്നാൻ ബൻസക്കായീ, നിനക്ക് നിയമാവർത്തനപ്പുസ്തകം അറിയാമോ?"

"നീ എന്നോടാണോ ചോദിക്കുന്നത്?  ഇസ്രായേലിലെ യഥാർത്ഥ റബ്ബിയായ എന്നോട്?"

"നീ എന്നോടു പറയാനാഗ്രഹിക്കുന്നതെന്താണെന്ന് എനിക്കറിയാം. 'ഞാൻ ഒരു നിയമജ്ഞനല്ല, ഒരു ഗലീലേയനായ എനിക്ക് റബ്ബിയാകുക സാദ്ധ്യമല്ല' എന്ന്.  എന്നാൽ ഞാൻ വീണ്ടും ചോദിക്കുന്നു,  നിയമാവർത്തനപ്പുസ്തകം നിനക്ക് അറിയാമോ?"

"തീർച്ചയായും നിന്നെക്കാൾ നന്നായി അറിയാം.."

"അക്ഷരങ്ങളെല്ലാം തീർച്ചയായും  അറിയാം എന്നു നീ വിചാരിക്കുന്നു.  എന്നാൽ അവയുടെ ശരിയായ അർത്ഥം നിനക്കറിയാമോ?"

"ശരിയായ അർത്ഥമോ? അവയ്ക്ക് ഒരർത്ഥമേയുള്ളൂ.."

"സത്യം.. അവയ്ക്ക് ഒരർത്ഥമേയുള്ളൂ.  ആ അർത്ഥം സ്നേഹമാണ്. സ്നേഹമെന്ന് അതിനെ വിളിക്കുക സാദ്ധ്യമല്ലെങ്കിൽ കാരുണ്യം; അതും അസഹ്യമാണെങ്കിൽ മനുഷ്യത്വം എന്നു വിളിക്കുക.
നിയമാവർത്തനപ്പുസ്തകം  ഇങ്ങനെ പറയുന്നു:  'നിന്റെ സഹോദരന്റെ ആടോ കാളയോ വഴിതെറ്റി അലയുന്നതു കണ്ടാൽ അവ സമീപ പ്രദേശത്തല്ലെങ്കിൽത്തന്നെയും നീ നിന്റെ വഴിക്കു പോകാതെ, നീ അവയെ അവന്റെ വീട്ടിലെത്തിക്കുക; അല്ലെങ്കിൽ അവൻ അന്വേഷിച്ചു വരുന്നതുവരെ നിന്റെ വീട്ടിൽ സൂക്ഷിക്കുക.' വീണ്ടും പറയുന്നു; 'നിന്റെ സഹോദരന്റെ കഴുതയോ കാളയോ വീണു കിടക്കുന്നതു കണ്ടാൽ നീ കണ്ടില്ല എന്നു നടിക്കരുത്. അതിനെ എഴുന്നപ്പിച്ചു നിർത്തുവാൻ സഹായിക്കുക.'  അത് തുടർന്നു പറയുന്നു, 'ഒരു വൃക്ഷത്തിലോ നിലത്തോ നീ ഒരു പക്ഷിക്കൂടു കാണുകയും അതിൽ തള്ളപ്പക്ഷി മുട്ടയുടെ മേൽ അടയിരിക്കുകയോ കുഞ്ഞുങ്ങളുടെ മേൽ ഇരിക്കുകയോ ആണെങ്കിൽ     തള്ളയെ       എടുക്കരുത്.       കാരണം സന്താനോൽപ്പാദനത്തിന് അവൾ ആവശ്യമാണ്. നിങ്ങൾക്കു് 
കുഞ്ഞുങ്ങളെ മാത്രം എടുക്കാം.' ഞാൻ നിലത്തു കിടന്ന ഒരു പക്ഷിക്കൂടും     കരയുന്ന     തള്ളയേയും   കണ്ടു.      അവൾ ഒരമ്മയായതിനാൽ എനിക്കവളോട് അനുകമ്പ തോന്നി. അവളുടെ കുഞ്ഞുങ്ങളെ അവൾക്കു ഞാൻ തിരിച്ചുകൊടുത്തു.  ഒരമ്മയെ ആശ്വസിപ്പിച്ചതു       നിമിത്തം     ഞാൻ          സാബത്ത് അശുദ്ധമാക്കിയെന്നു കരുതുന്നില്ല.   നീയും നിന്റെ സ്നേഹിതരും അക്ഷരങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളൂ. അരൂപിയെക്കുറിച്ച് ചിന്തിക്കുന്നില്ല.      നീയും നിന്റെ സ്നേഹിതരും ഒരുവിധത്തിലല്ല, രണ്ടു   വിധത്തിലല്ല,    മൂന്നു   വിധത്തിലാണ്   സാബത്ത് ലംഘിക്കുന്നത്. ഒന്നാമത്, ദൈവ വചനത്തെ മനുഷ്യ മനസ്സിന്റെ അൽപ്പത്വത്തിലേക്കു നിങ്ങൾ തരം താഴ്ത്തുന്നു; രണ്ടാമത് ദൈവത്തിന്റെ കൽപ്പനയിൽ നിങ്ങൾ ഇടപെടുന്നു; മൂന്നാമത്, നിങ്ങളുടെ  സഹോദരനോടു്   നിങ്ങൾ കരുണ   കാണിക്കുന്നില്ല.    ശകാരിച്ചു   കൊണ്ട് സഹോദരനെ ഉപദ്രവിക്കുന്നത്   തെറ്റാണെന്നു   നിങ്ങൾ   കരുതുന്നില്ല.   അനാവശ്യമായി സംസാരിക്കുന്നതു തെറ്റാണ്. അതും ജോലിയാണ്. എന്നാൽ   ഉപകാരമുള്ളതോ   ആവശ്യമുള്ളതോ നല്ലതോ അല്ല. എങ്കിലും   ഇത്   സാബത്തിനെ   അശുദ്ധമാക്കുന്നതായി   നീ കരുതുന്നില്ല.  യോഹന്നാൻ   ബൻസക്കായീ,   എന്നെ ശ്രദ്ധിച്ചു   കേൾക്കൂ... ഫരിസേയരീതിയനുസരിച്ച് ഇന്നു നീ ഒട്ടും കരുണ കാണിക്കാതെ ഒരു    കറുമ്പിത്തലച്ചിപ്പക്ഷിയെ     ദുഃഖത്താൽ     ചാകാൻ അനുവദിക്കുകയും    അവളുടെ    കുഞ്ഞുങ്ങൾ   നശിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അതുപോലെ,   നാളെ നീ അൽപ്പം പോലും കാരുണ്യം കാണിക്കാതെ, ഒരമ്മ ദുഃഖത്താൽ മരിക്കാൻ അനുവദിക്കും.  അവളുടെ സന്തതിയെ കൊല്ലിക്കും.  കാരണമായി പറയുന്നത്, നിങ്ങളുടെ നിയമത്തോടുള്ള ആദരവു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാകും... നിങ്ങളുടെ നിയമം!   അല്ലാതെ ദൈവത്തിന്റെ നിയമമല്ല.  നീയും നിന്നെപ്പോലുള്ളവരും നിർമ്മിച്ച നിയമം!     ബലഹീനരെ    അമർത്തുവാനും     നിങ്ങൾക്കു വിജയിക്കുവാനും നിർമ്മിച്ചിട്ടുള്ള നിയമം...  എന്നാൽ നോക്കൂ... ബലഹീനർ    എപ്പോഴും    ഒരു     രക്ഷകനെ    കണ്ടെത്തുന്നു. നേരെമറിച്ച്     അഹങ്കാരികൾ,     ലോകനിയമമനുസരിച്ച് ശക്തരായവർ,     അവരുടെതന്നെ    ഭാരമേറിയ നിയമങ്ങളുടെ കീഴിൽ   ഞെരിഞ്ഞു    തകരും.     ദൈവം     നിന്നോടു  കൂടെയുണ്ടായിരിക്കട്ടെ, യോഹന്നാൻ ബൻസക്കായീ..   ഈ മണിക്കൂർ ഓർമ്മിച്ചുകൊള്ളൂ....  മറ്റൊരു സാബത്ത്, ഒരു കുറ്റകൃത്യം ചെയ്തതിന്റെ സംതൃപ്തിയാൽ അശുദ്ധമാക്കാതിരിക്കാൻ കരുതലുള്ളവനായിരിക്കുക."

 ഈശോ കോപത്തോടെ വൃദ്ധനായ നിയമജ്ഞനെ നോക്കുന്നു. അയാൾ വഴിമാറിക്കൊടുത്തതിനാൽ അരികിലുള്ള പുല്ലിന്മേൽ ചവിട്ടി ഈശോ കടന്നുപോകുന്നു.

  
              ഈശോ പറയുന്നു: "ധാരാളം ആളുകൾക്ക് നിയമത്തിന്റെ വാക്കുകൾ     അറിയാം.    എന്നാലവർക്ക്    വാക്കുകൾ     മാത്രമേ അറിയാവൂ.    അത്    അവർ ജീവിക്കുന്നില്ല. അതാണ് തെറ്റ്.

നിയമാവർത്തനപ്പുസ്തകത്തിൽ  മാനുഷികമായ നിയമങ്ങളാണ് പറഞ്ഞിരിക്കുന്നത്.     കാരണം      അക്കാലത്ത്      മനുഷ്യർ ആദ്ധ്യാത്മികമായി ശൈശവാവസ്ഥയിലായിരുന്നു. മൃഗീയന്മാരും കിരാതന്മാരും..        അവരെ     കൈപിടിച്ച്       നടത്തേണ്ടത് ആവശ്യമായിരുന്നു.   ദയ, ബഹുമാനം, സഹോദരനോടു സ്നേഹം, വീണു കിടക്കുന്ന    മൃഗത്തോടു കാരുണ്യം   എന്നിത്യാദി പുഷ്പങ്ങൾ വിരിഞ്ഞു   നിൽക്കുന്ന   പാതയിലൂടെ   നയിക്കണമായിരുന്നു. എന്നാൽ   ഞാൻ   വന്നപ്പോൾ  മോശയുടെ നിയമങ്ങളെ ഞാൻ പൂർത്തിയാക്കി. പുതിയ ചക്രവാളങ്ങൾ ഞാൻ തുറന്നു. അക്ഷരം

സർവതുമാണെന്നുള്ള സ്ഥിതി മാറി.   അരൂപി സർവതുമാണെന്നു വന്നു.   ആ പക്ഷിക്കൂടിനോടും അതിലെ കുഞ്ഞുങ്ങളോടും   ഞാൻ ചെയ്ത      മാനുഷികമായ      പ്രവൃത്തിയുടെ      ആന്തരാർത്ഥം പരിഗണിക്കുക ആവശ്യമാണ്.    സ്രഷ്ടാവിന്റെ  പുത്രനായ ഞാൻ, സ്രഷ്ടാവിന്റെ    കരവേലയുടെ    മുമ്പിൽ   തലകുനിക്കുന്നു.    ആ പക്ഷിക്കുഞ്ഞുങ്ങളും അവന്റെ വേലയാണ്.

ഓ!    എല്ലാറ്റിലും   ദൈവത്തെക്കാണുവാനും ബഹുമാനം നിറഞ്ഞ സ്നേഹത്തിന്റെ     അരൂപിയിൽ     അവനെ     ശുശ്രൂഷിക്കുവാനും കഴിയുന്നവർക്ക് സൗഭാഗ്യം." 

Sunday, January 15, 2012

ഈശോ സിക്കോമിനോണിൽ പ്രസംഗിക്കുന്നു

ഈശോ സിക്കോമിനോൺ എന്ന സ്ഥലത്താണ്.  ഈശോയെ ശ്രവിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെ എത്തിയിട്ടുണ്ട്.  ഈശോ പ്രസംഗം തുടങ്ങുന്നു: 
"കാര്യങ്ങൾ ശരിക്കു മനസ്സിലാക്കുന്നതിനായി നിങ്ങളെ ഒരുക്കാൻ എന്റെ സമാധാനം നിങ്ങൾക്കു നൽകുന്നു. കൊടുങ്കാറ്റിൽ ദൈവസ്വരം ശ്രവിക്കുക എളുപ്പമല്ല. ഓരോ അസ്വസ്ഥതയും ജ്ഞാനത്തിന് വിനാശകരമാണ്. ജ്ഞാനം ദൈവത്തിൽ നിന്നു വരുന്നതാകയാൽ അത്    സമാധാനപൂർണ്ണമായിരിക്കും. അസ്വസ്ഥത, ദൈവത്തിൽ നിന്നുള്ളതല്ല. വേവലാതി, ഉത്ക്കണ്ഠ, സംശയം മുതലായവ മനുഷ്യമക്കളെ കലക്കിമറിക്കുന്നതിന് അശുദ്ധാരൂപി പ്രയോഗിക്കുന്നവയാണ്. അവ ദൈവത്തിൽ നിന്ന് അവരെ അകറ്റും. എന്റെ ഉപദേശം കുറച്ചുകൂടി വ്യക്തമാക്കാൻ ഞാനൊരു ഉപമ പറയാം.      

ഒരു കൃഷിക്കാരന് അവന്റെ പറമ്പിൽ ധാരാളം വൃക്ഷങ്ങളും മുന്തിരിച്ചെടികളുമുണ്ടായിരുന്നു. അവയിൽ ഒരു മുന്തിരി പ്രത്യേക ഇനമായിരുന്നു. വളരെ സ്വാദുള്ള മുന്തിരിപ്പഴങ്ങൾ നൽകിയിരുന്ന ആ ചെടിയിൽ അയാൾ അഭിമാനം കൊണ്ടിരുന്നു. ഒരു വർഷം ആ മുന്തിരിയിൽ ധാരാളം ഇലകളുണ്ടായി. ഫലങ്ങൾ കുറവായിരുന്നു. ഒരു കൂട്ടുകാരൻ അതുകണ്ട് പറഞ്ഞു; "നീ അതു വെട്ടി ശരിയാക്കാഞ്ഞിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്." അടുത്ത വർഷം, അയാൾ അത് നന്നായി മുറിച്ചുനിർത്തി. എന്നാൽ ആ വർഷം വളരെക്കുറച്ച് ഇലകളും ഫലങ്ങളും മാത്രമേ ഉണ്ടായുള്ളൂ. മറ്റൊരു കൂട്ടുകാരൻ അവനോടു പറഞ്ഞു; "നീ മുറിച്ചത് അധികമായിപ്പോയതു കൊണ്ടാണ് ഇങ്ങനെ വന്നത്."  മൂന്നാം വർഷം കൃഷിക്കാരൻ പ്രത്യേകമായ ഒരു പരിചരണവും മുന്തിരിച്ചെടിക്കു നൽകിയില്ല. അക്കൊല്ലം, രോഗം ബാധിച്ചു ചുരുണ്ട ഏതാനും ഇലകൾ മാത്രമുണ്ടായി. അപ്പോൾ മൂന്നാമത് ഒരു കൂട്ടുകാരൻ പറഞ്ഞു; "മണ്ണ് നല്ലതല്ലാത്തതു കൊണ്ടാണ് അതു നശിക്കുന്നത്. അതു കത്തിച്ചുകളയൂ.."

"എന്താണീപ്പറയുന്നത്? മറ്റുള്ളവ വളരുന്ന അതേ മണ്ണിൽത്തന്നെയല്ലേ ഇതും? ഇതിനുമുമ്പ് ഇത് നന്നായി വളർന്നിരുന്നല്ലോ?" അതുകേട്ട് കൂട്ടുകാരൻ തോളുയർത്തി അലസഭാവത്തിൽ അവിടെ നിന്നു പോയി.

വേറൊരു ദിവസം കൃഷിക്കാരൻ ആ മുന്തിരിയിൽ ചാരി ദുഃഖിതനായി നിൽക്കുമ്പോൾ ഒരു വഴിയാത്രക്കാരൻ അതിലേ കടന്നുപോയി. അപരിചിതനെങ്കിലും അയാൾ നിന്നു ചോദിച്ചു: "എന്തുപറ്റി? വീട്ടിൽ ആരെങ്കിലും മരിച്ചോ?"

"ഇല്ല; എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ മുന്തിരി മരിച്ചുകൊണ്ടിരിക്കുന്നു. നീരെല്ലാം വറ്റി അതു ഫലം പുറപ്പെടുവിക്കുന്നില്ല. അവരെല്ലാം പറഞ്ഞതൊക്കെ ഞാൻ ചെയ്തു; പക്ഷേ യാതൊരു ഫലവുമുണ്ടായില്ല."

ആ വഴിയാത്രക്കാരൻ വയലിൽ പ്രവേശിച്ച് മുന്തിരിച്ചെടിയുടെ അടുത്തുചെന്നു; അതിന്റെ ഇല സ്പർശിച്ചു നോക്കി; ചുവട്ടിൽ നിന്ന് ഒരുപിടി മണ്ണു വാരി മണത്തുനോക്കി;  "നീ മുന്തിരിക്കു താങ്ങു കൊടുത്തിരിക്കുന്ന ആ തടി നീക്കം ചെയ്യണം. അതാണ് മുന്തിരി ഫലം നൽകാത്തതിന്റെ കാരണം."

"അത് മുന്തിരിക്കു താങ്ങായി അവിടെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായല്ലോ?"

"എന്നോടു പറയൂ, മനുഷ്യാ, നീ ആ മുന്തിരി നട്ടപ്പോൾ ആ ചെടി എങ്ങനെയുണ്ടായിരുന്നു? ആ വൃക്ഷം എങ്ങനെയുണ്ടായിരുന്നു?"

"ഓ! അത് മൂന്നു വർഷം പ്രായമുള്ള ഒരു നല്ല മുന്തിരിയായിരുന്നു... വൃക്ഷം, മുന്തിരിത്തണ്ടിനു താങ്ങായി നട്ട ഒരു ചെറിയ ചെടിയായിരുന്നു. മണ്ണു നല്ലതായിരുന്നതിനാൽ രണ്ടും നന്നായി വളർന്നു. വർഷങ്ങൾ കഴിയുന്തോറും മുന്തിരി നന്നായി വളർന്നു.. അതിനെ മുറിച്ചൊരുക്കി നിർത്തി. വൃക്ഷം അത്ര നന്നായി വളർന്നില്ല. അതിനെ എന്തിനു കൊള്ളാം? എന്നാൽ പിന്നീട് അതു ശക്തിയായി വളർന്നു. നോക്കൂ.. അതിപ്പോൾ എത്ര വലുതായിരിക്കുന്നു?"

"പക്ഷേ, അത് മുന്തിരിയെ നശിപ്പിച്ചു. അത് മുന്തിരിയെ മറികടന്നു വളർന്നു. സ്വന്തം ജീവനെ നിലനിർത്താൻ എന്നുള്ളത് ശരിതന്നെ... മണ്ണ്, സൂര്യപ്രകാശം, നീ നൽകിയ സംരക്ഷണം എല്ലാമുപയോഗിച്ച് അതു ശക്തിയായി വളർന്നു. മുന്തിരിയുടെ വേരിനെ ചുറ്റിപ്പിണഞ്ഞ് അതിനെ ശ്വാസംമുട്ടിച്ചു കൊന്നു; പോഷണം മുഴുവൻ വലിച്ചെടുത്തു; ശ്വസിക്കുന്നതിനും പ്രകാശം ലഭിക്കുന്നതിനും തടസ്സമുണ്ടാക്കി. ഉടനെതന്നെ ഉപയോഗശൂന്യമായ ആ വൃക്ഷം വെട്ടിക്കളയുക. നിന്റെ മുന്തിരി പുനർജ്ജീവിക്കും. ഞാൻ പറയുന്നതു വിശ്വസിക്കുക; നിനക്കു സന്തോഷമുണ്ടാകും."

"നിന്നെ ഞാൻ വിശ്വസിക്കേണ്ടതിന് നീ ആരാണെന്ന് എന്നോടു പറയുക."

"ഞാനാണ് ജ്ഞാനമുള്ളവൻ. എന്നെ വിശ്വസിക്കുന്നവൻ സുരക്ഷിതനായിരിക്കും."

  കൃഷിക്കാരൻ സംശയാലുവായി; എന്നാൽ അൽപ്പം കഴിഞ്ഞ് തീരുമാനത്തിലെത്തി. ഒരു വാൾ എടുത്തു; സഹായത്തിന് കൂട്ടുകാരെയും വിളിച്ചു. എന്നാൽ അവർ അവനെ പരിഹസിച്ചു; "നിനക്കു ഭ്രാന്താണോ? നിനക്കു മുന്തിരിയും വൃക്ഷവും നഷ്ടപ്പെടും. ഞാനാണെങ്കിൽ മുന്തിരിക്കു വായു കിട്ടുന്നതിന് വൃക്ഷത്തിന്റെ മുകൾഭാഗം മാത്രം മുറിക്കും.."

"മുന്തിരിക്കു് ഒരു താങ്ങുവൃക്ഷം ഉണ്ടായിരിക്കണം. നീ പ്രയോജനമില്ലാത്ത ഒരു പണിക്കാണ് ഒരുങ്ങുന്നത്."

എന്നാൽ കൃഷിക്കാരൻ പറഞ്ഞു; "എനിക്കയാളിൽ വിശ്വാസമുണ്ട്. അയാൾ പറഞ്ഞതുപോലെ പോലെ ഞാൻ ചെയ്യും."

 അയാൾ  വളരെ ക്ഷമയോടെ മുന്തിരിക്കു കേടു വരുത്താതെ താങ്ങുവൃക്ഷം നീക്കം ചെയ്തു.   മുന്തിരിക്കു് താങ്ങില്ലാത്തതിനാൽ ബലമുള്ള ഒരു ഇരുമ്പുകമ്പിയെടുത്ത് അതിനു സമീപം നാട്ടി. ഒരു മരപ്പലകയിൽ "വിശ്വാസം" എന്നെഴുതി അതിന്മേൽ വച്ചുകെട്ടി.

കൂട്ടുകാരെല്ലാം തലകുലുക്കിക്കൊണ്ട് സ്ഥലം വിട്ടു. ശരത്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വസന്തം വന്നു. മുന്തിരിയിൽ ധാരാളം മുകുളങ്ങളുണ്ടായി. പിന്നീട് ചെറിയ പുഷ്പങ്ങളുണ്ടാവുകയും അവ മുന്തിരിഫലങ്ങളായിത്തീരുകയും ചെയ്തു. ഇലകളേക്കാൾ കൂടുതൽ മുന്തിരിക്കുലകൾ...


 "ഇപ്പോൾ നിങ്ങൾ എന്തു പറയുന്നു? ആ വൃക്ഷമായിരുന്നോ എന്റെ മുന്തിരി കൊഴിഞ്ഞുപോകാൻ കാരണം? ആ ജ്ഞാനിയായ മനുഷ്യൻ പറഞ്ഞത് ശരിയോ തെറ്റോ? കൃഷിക്കാരൻ കൂട്ടുകാരോടു ചോദിച്ചു.

"നീ ശരിയായി ചെയ്തു. നീ ഇപ്പോൾ സന്തോഷിക്കുന്നു; കാരണം നിനക്കു വിശ്വാസമുണ്ട്.  മുമ്പുണ്ടായിരുന്നതിനെ നശിപ്പിക്കാനും നിനക്കു കിട്ടിയ തെറ്റായ അറിവിനെ അവഗണിക്കാനും കഴിഞ്ഞു."
 

ഇതാണ് ഉപമ.  എന്നാൽ ഈ ഉപമയ്ക്ക് വിപുലമായ അർത്ഥങ്ങളുമുണ്ട്. 

സ്വന്തം ജനമാകുന്ന മുന്തിരിയെ ദൈവം നല്ല സ്ഥലത്തു നട്ടു.  വളർച്ചയ്ക്കും ധാരാളം നല്ല ഫലങ്ങൾ  പുറപ്പെടുവിക്കുന്നതിനും ആവശ്യമായതെല്ലാം നൽകി. താങ്ങായി ഗുരുക്കന്മാരെ നൽകി. നിയമം ശരിക്കു മനസ്സിലാക്കി അത് അവരുടെ ശക്തിയാക്കിത്തീർക്കണമെന്നുദ്ദേശിച്ചാണ് ഗുരുക്കന്മാരെ നൽകിയത്. എന്നാൽ നിയമദാതാവിനേക്കാൾ ശ്രേഷ്ഠരാകുവാൻ ഗുരുക്കന്മാർ ആഗ്രഹിച്ചു. അവർ വളർന്നു വളർന്ന് നിത്യവചനത്തിന്മേൽ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ ഇസ്രായേൽ ഫലശൂന്യമായി.

ഫലശൂന്യതയെക്കുറിച്ച് ദുഃഖിച്ച ഗുരുക്കന്മാരുടെ നിർദ്ദേശങ്ങളനുസരിച്ച് അതുമിതുമെല്ലാം ചെയ്യുന്ന ഏതാനും ശുദ്ധാത്മാക്കൾ, ഗുരുക്കന്മാർ ഇസ്രായേലിലുണ്ട്. ലോകത്തിന്റെ രീതിയിൽ മാത്രം അറിവുള്ളവരും സ്വഭാവാതീതമായ അറിവില്ലാത്തവരുമായ ഗുരുക്കന്മാരുടെ ഉപദേശം കൊണ്ട് നിഷ്ഫലയത്നം ചെയ്ത് വിഷമിക്കുന്ന അവർക്ക് ശരിയായ ഉപദേശം നൽകുന്നതിന് കർത്താവ് ജ്ഞാനിയായവനെ അയച്ചു.

എന്നാൽ എന്താണു് സംഭവിക്കുന്നത്? കർത്താവിനോടു വിശ്വസ്തത പുലർത്തിയിരുന്ന ആ സുവർണ്ണകാലത്തേതുപോലെ ഇസ്രായേൽ എന്തുകൊണ്ടാണ് അതിന്റെ ജീവനും ശക്തിയും വീണ്ടെടുക്കാത്തത്?  കാരണം ഉപദേശം ഇതാണ്:  പരിശുദ്ധമായതിനെ നശിപ്പിക്കുന്ന എല്ലാ പ്രമാണങ്ങളും നീക്കിക്കളയുക.  പത്തുകൽപ്പനകളാകുന്ന പ്രമാണങ്ങൾ, അതു തന്നതുപോലെ തന്നെ, ഒത്തുതീർപ്പു ചാപല്യവും കാപട്യവുമെല്ലാം തള്ളിക്കളഞ്ഞ് പരിശുദ്ധമാക്കി അനുസരിക്കുക. വായുവും സ്ഥലവും വളവും മുന്തിരിക്കു നൽകുക.  ദൈവജനത്തെ ശ്വാസംമുട്ടിക്കുന്ന എല്ലാം നീക്കിക്കളയുക. ശക്തിയുള്ളതും വളയാതെ നേരെ നിൽക്കുന്നതുമായ ഒരു നല്ല താങ്ങും നൽകുക. അതിന്റെ പേരു് സൂര്യനെപ്പോലെ ശോഭയുള്ള ഒന്നാണ്; അതായത് വിശ്വാസം. എന്നാൽ ഇസ്രായേൽ ഈ ഉപദേശം സ്വീകരിക്കുന്നില്ല.  അതിനാൽ ഞാൻ പറയുന്നു: ഇസ്രായേൽ നശിക്കും. വിശ്വസിക്കുകയും സ്വയം തിരുത്തുകയും വ്യത്യാസപ്പെടുകയും ചെയ്തിരുന്നെങ്കിൽ പുനർജ്ജീവൻ പ്രാപിക്കുകയും ദൈവരാജ്യം നേടുകയും ചെയ്യാമായിരുന്ന ഇസ്രായേൽ, വിശ്വസിക്കാത്തതിനാൽ നശിക്കും.

സമാധാനത്തിൽ പോവുക. കർത്താവ് നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!"

Saturday, January 14, 2012

മലയിലെ പ്രസംഗം

 ഈശോ, സുവിശേഷഭാഗ്യങ്ങളെപ്പറ്റി പ്രസംഗിച്ച മലയിലാണ്. സമയം പ്രഭാതം.  അതിരാവിലെ മുതൽ മലയിലേയ്ക്ക് കയറിവരുന്ന ആളുകളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യത്തക്കവിധം ഈശോ ഓരോ അപ്പസ്തോലനെയും ഓരോ സ്ഥലത്ത് ഇരുത്തുന്നു. മുകളിലേക്കു വരുന്നവരിൽ കൈകളിലോ കിടക്കകളിലോ എടുത്തുകൊണ്ടുവരുന്ന രോഗിക, താങ്ങുവടി ഉപയോഗിച്ചു നടന്നുവരുന്ന മുടന്തന്മാർ തുടങ്ങിയവരുണ്ട്. ജനക്കൂട്ടത്തിനിടയിൽ ഗമാലിയേലിന്റെ പ്രേഷ്ഠശിഷ്യരായ സ്റ്റീഫനും ഹെർമാസും ഉണ്ട്

     രണ്ടുകുന്നുകളുടെ ഇടയിലുള്ള താഴ്വരയിൽ അങ്ങിങ്ങായി
 കിടന്നിരുന്ന കല്ലുകളിൽ ജനങ്ങൾ ഇരുന്നു. വെയിലുറച്ച് പുൽത്തകിടിയിലെ മഞ്ഞുതുള്ളികൾ മായുമ്പോൾ തറയിൽ ഇരിക്കുന്നതിനുവേണ്ടി കുറേപ്പേർ കാത്തുനിന്നു. പാലസ്തീനായുടെ എല്ലാഭാഗത്തുനിന്നുമായി ഒരു വലിയ ജനക്കൂട്ടം തന്നെ എത്തിയിട്ടുണ്ട്.

   ഈശോ പുൽത്തകിടിയിൽനിന്ന് അൽപ്പംകൂടി ഉയരത്തിൽ കയറിനിന്നു. ഒരു പാറയിൽ ചാരിനിന്നുകൊണ്ട് അവിടുന്ന് പ്രസംഗം ആരംഭിച്ചു.

                           " കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പലരും എന്നോടു ചോദിച്ചു; അങ്ങ് ദൈവപുത്രനാണെന്ന് അങ്ങ് പറയുന്നു.    എന്താണ് സ്വർഗ്ഗം, എന്താണ് സ്വർഗ്ഗരാജ്യം, എന്താണ് ദൈവം എന്നൊക്കെ ഞങ്ങൾക്കു പറഞ്ഞുതരൂ. എന്തെന്നാൽ  ഇവയെപ്പറ്റി ഞങ്ങൾക്കുള്ള ധാരണ അസ്പഷ്ടമാണ്. ദൈവവും മാലാഖമാരുമുള്ള ഒരു  സ്വർഗ്ഗമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാലത് എങ്ങിനെയിരിക്കുമെന്ന് ഞങ്ങൾക്കാരും                പറഞ്ഞുതന്നിട്ടില്ല.  ഈ ചോദ്യങ്ങൾക്കുത്തരം ഇതുവരെ പറയാതിരുന്നത്, അതെനിക്കു ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടല്ല, നേരെമറിച്ച് നിങ്ങളുടെ ധാരണകൾക്കു വിരുദ്ധമായ സത്യം  അംഗീകരിക്കുവാൻ നിങ്ങൾക്കു പലവിധ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ്. സ്വർഗ്ഗത്തെ സംബന്ധിച്ച് നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ ഒട്ടേറെ ആശയങ്ങൾ നിങ്ങളുടെ ഇടയിൽ പ്രചരിച്ചിട്ടുണ്ട്. ദൈവത്തെ സംബന്ധിച്ചാണെങ്കിൽ അവിടുത്തെ ഉദാത്തമായ സ്വഭാവം സുഗ്രാഹ്യവുമല്ല.
             മറ്റു ചിലർ ചോദിച്ചു; കൊള്ളാം, സ്വർഗ്ഗരാജ്യം അങ്ങനെയാണ്, ദൈവം ഇങ്ങനെയാണ, പക്ഷേ അവ നേടുവാൻ ഞങ്ങളെന്തു ചെയ്യണം ?   ഇതിനെ സംബന്ധിച്ചു് സീനായിലെ നിയമത്തിന്റെ യഥാർത്ഥ അന്തസ്സത്ത ക്ഷമാപൂർവം നിങ്ങൾക്കു വിവരിച്ചു തരുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ അന്തഃസത്തയെ അനുസരിക്കുന്നവൻ സ്വർഗ്ഗത്തെ കീഴ്പ്പെടുത്തുന്നു. എന്നാൽ സീനായിലെ നിയമം നിങ്ങൾക്കു വിശദീകരിച്ചു തരുന്നതിന് നിയമദാതാവിന്റെയും അവിടുത്തെ പ്രവാചകന്റെയും അത്യുച്ചത്തിലള്ള ഇടിനാദസദൃശ്യമായ സ്വരം നിങ്ങളെ കേൾപ്പിക്കേണ്ടിയിരിക്കുന്നു. ആ പ്രവാചകൻ, അനുസരണയുള്ള വിശ്വാസികൾക്ക് അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അനുസരണ കെട്ടവർക്ക് ഭയങ്കരമായ ശിക്ഷകളും ശാപങ്ങളും ലഭിക്കുമെന്ന്ഭീഷണിപ്പെടുത്തുകയാണു ചെയ്യുന്നത്. സീനായിലെ വെളിപ്പെടുത്തൽ ഭയപ്പെടുത്തുന്നതായിരുന്നു.

          എന്നാൽ ദൈവം ഒരു നിയമദാതാവ്മാത്രമല്ല, ഒരു പിതാവുകൂടിയാണ്. അനന്തമായ നന്മയുള്ള ഒരു പിതാവു്.

           എന്നാൽ ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ പരിപൂർണ്ണതയിലേക്കു് ഉയർന്നുവരാൻ കഴിയുന്ന അവസ്ഥയിലല്ല നിങ്ങളുടെ ആത്മാക്കൾ. അവിടുത്തെ നന്മയുടെ   കാര്യത്തിലും അതുതന്നെയാണു സ്ഥിതി. എന്തെന്നാൽ നന്മയും സ്നേഹവുമാണ് മനുഷ്യരിൽ ഏറ്റവും ചുരുക്കമായി കാണുന്ന ഗുണവിശേഷങ്ങൾ. ജന്മപാപത്താലും ആസക്തികളാലും സ്വന്തം  പാപങ്ങളാലും  മറ്റുള്ളവരുടെ  സ്വാർത്ഥതയാലും  നിങ്ങൾ ദുർബലരായിത്തീർന്നിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്വന്തം  പാപങ്ങൾ നിങ്ങളുടെ ആത്മാക്കളെ ബന്ധനത്തിലാക്കുന്നു. മറ്റുള്ളവരുടെ തിന്മകൾ നിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. നന്മ ! വിദ്വേഷവും അഹങ്കാരവും അസൂയയുമില്ലാതെ നല്ലതായിരിക്കുന്നത് എത്ര മധുരതരം ! സ്നേഹത്തിനുവേണ്ടി നോക്കുന്ന കണ്ണുകളും  സ്നേഹത്തെപ്രതി നീട്ടപ്പെടുന്ന കരങ്ങളും  സ്നേഹപൂർണ്ണമായ വാക്കുകൾ മാത്രം സംസാരിക്കുന്ന അധരങ്ങളും  സ്നേഹം മാത്രം നിറഞ്ഞിരിക്കുന്ന ഹൃദയവും ഉണ്ടാവുകയെന്നത് എത്ര നല്ല കാര്യമാണ്.

                 ആദാമിനെയും അവന്റെ പിൻഗാമികളേയും എങ്ങിനെയാണ് ദൈവം ധന്യരാക്കിയതെന്ന് നിങ്ങളിൽ ഏറെ പഠിപ്പുള്ളവർക്ക് അറിയാം. ഇസ്രയേൽമക്കളിൽ ഏറ്റം അജ്ഞരായവർക്കും നമ്മിൽ ഒരു ആത്മാവുണ്ടെന്ന് അറിയാമല്ലോ. നമ്മുടെ ശരീരത്തെ ജീവിപ്പിക്കുന്ന ഈ ദൈവിക പ്രകാശത്തെപ്പറ്റി പാവപ്പെട്ട പുറജാതിക്കാർക്ക് അറിഞ്ഞുകൂടാ.

      കുറച്ച് ചെളിയും പിന്നെ തന്റെ ശ്വാസവും ഉപയോഗിച്ച് താൻ സൃഷ്ടിച്ച മനുഷ്യന്റെ രക്തമാംസങ്ങളോട് കാണിക്കുന്നതിലും അധികം കാരുണ്യം ദൈവം മനുഷ്യാത്മാവിനോട് കാണിക്കുന്നുണ്ട്. പ്രകൃത്യാ ഉള്ള ദാനങ്ങളായ സൗന്ദര്യം, വിശ്വസ്തത, ബുദ്ധിശക്തി,  ഇച്ഛാശക്തി, തന്നെത്താനും മറ്റുള്ളവരേയും സ്നേഹിക്കാനുള്ള കഴിവ് എന്നിവ അവിടുന്ന് മനുഷ്യനു നൽകിയിട്ടുണ്ട്.  ഇതിനു പുറമേ ധാർമ്മികമായ കഴിവുകളും ഇന്ദ്രിയങ്ങളുടെ മേൽ യുക്തിക്കുള്ള മേൽക്കോയ്മയും അവിടുന്ന് നൽകി.

              നിങ്ങൾ എന്നോടു ചോദിക്കുന്നു; സീനായിലെ പരുക്കൻപാതയിലൂടെയല്ലാതെ മയമുള്ള ഒരു പാതയിലൂടെ ദൈവത്തിലും ദൈവത്തിന്റെ പാതയിലും ചെന്നെത്തുന്നതെങ്ങനെ ? ആ ഒരു പാതയല്ലാതെ വേറെ പാതയില്ല. എന്നാൽ അതിനെ ഭീഷണിയുടെ കാഴ്ചപ്പാടിലൂടെയല്ലാതെ സ്നേഹത്തിന്റെ കാഴ്ചപ്പാടിലൂടെ       കാണാൻ         കഴിയും.           നിയമത്തെ
സ്നേഹപൂർവം അനുസരിക്കുന്നതിലൂടെ സ്വർഗ്ഗീയഭാഗ്യങ്ങളിലേക്ക് നമുക്ക് ഓടിയെത്താം.

"ആത്മാവിൽ ദാരിദ്ര്യമുണ്ടായിരുന്നാൽ സ്വർഗ്ഗരാജ്യം എന്റേതായിരിക്കും. ഞാനെത്ര സന്തുഷ്ടനായിരിക്കും."

                          തുടർന്ന് സുവിശേഷഭാഗ്യങ്ങൾ ഓരോന്നും വളരെ വിശദമായി ഈശോ വിശദീകരിക്കുന്നു.  നാലു ദിവസങ്ങളിലായി  നീളുന്ന പ്രഭാഷണങ്ങൾക്കൊടുവിൽ ഈശോ പറയുന്നു. "അതിനാൽ ലൗകികമായ സമ്പത്തിന്റെ പിന്നാലെ നിങ്ങൾ പരക്കം പായരുത്. നാളയെ ഓർത്ത് നിങ്ങൾ വ്യാകുലപ്പെടരുത്. നാളത്തെക്കാര്യം നാളെ നടക്കും. അതിനെച്ചൊല്ലി ഇന്നു ദുഃഖിക്കുന്നതെന്തിന് ? ഓരോ ദിവസത്തേയും ദുഃഖം അതാതു ദിവസത്തേക്കു മതിയാവും. ദൈവത്തിന്റെ മഹത്തായ വചനമായ "ഇന്ന്" എന്ന് എപ്പോഴും പറയുക.

   ഞാൻ ഇന്ന് നിങ്ങൾക്ക് എന്റെ അനുഗ്രഹങ്ങൾ നൽകുന്നു. ഒരു പുതിയ "ഇന്നി"ന്റെ ഉദയം വരെ അതു നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ."

Monday, January 9, 2012

തിരുക്കുടുംബം


ഈശോ പറയുന്നു: "എല്ലാ കുടുംബങ്ങൾക്കും, പ്രത്യേകിച്ച് ദുരിതങ്ങളുടെ ഈ കാലഘട്ടത്തിലെ കുടുംബങ്ങൾക്ക്  തിരുക്കുടുംബം ഒരു മാതൃകയാണ്. എളിമയുടേയും വിധേയത്വത്തിന്റെയും പരസ്പര യോജിപ്പിന്റെയും പാഠങ്ങൾ അതു നിങ്ങൾക്കു നൽകുന്നു.

ജോസഫിനും മേരിക്കും സത്യദൈവമായ എന്നെ അവരുടെ പുത്രനായി ലഭിച്ചു. എങ്കിലും തങ്ങളുടെ ദരിദ്രജീവിതം, സ്വന്തം നാട്ടിൽ നയിക്കാനുള്ള സാഹചര്യം പോലും അവർക്കില്ലാതെ വന്നു. ഞാൻ അവരുടെ കൂടെ ആയിരുന്നതു മൂലം അവർ രണ്ടുപേരും അഭയാർത്ഥികളാകേണ്ടി വന്നു.  വ്യത്യസ്തമായ നാട്,  വ്യത്യസ്തമായ കാലാവസ്ഥ, ഗലീലിയ നാടിനോടു താരതമ്യപ്പെടുത്തിയാൽ വിഷാദമുളവാക്കുന്ന സ്ഥലം, അറിഞ്ഞുകൂടാത്ത ഭാഷ, വ്യത്യസ്തമായ പെരുമാറ്റ രീതി, അറിയാത്ത ജനങ്ങളുടെയിടയിലെ ജീവിതം.... ഇവയെല്ലാം അവർക്ക് സഹിക്കേണ്ടി വന്നു.

                       സ്വന്തം നാടിനെയും വീടിനെയും ഓർത്ത് അവർ ദുഃഖിച്ചു. ഉപേക്ഷിച്ചു പോന്നവ നശിച്ചുപോകുമല്ലോ   എന്നവർ ഉത്ക്കണ്ഠപ്പെട്ടു.   അവരുടെ ഹൃദയങ്ങളിൽ    അവർക്ക് ദുഃഖമുണ്ടായിരുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, ആളുകളുടെ അവിശ്വാസം - പ്രത്യേകിച്ച്,ആദ്യനാളുകളിൽ  അപരിചിതരായവർ ജോലിയന്വേഷിക്കുമ്പോൾ  ജോലി കൊടുക്കാനുള്ള വൈമനസ്യവും അവിശ്വാസവും - ഇവയെല്ലാം ദുഃഖഹേതുക്കളായിരുന്നു.

 ഇങ്ങനെയെല്ലാമാണെങ്കിലും, ആ കുടുംബത്തിൽ പ്രശാന്തിയും പുഞ്ചിരിയും ഐക്യവും നിറഞ്ഞു നിന്നിരുന്നു. ജോസഫിനും മേരിക്കും ഒരേയൊരു ചിന്ത മാത്രമേയുള്ളൂ.  ഞാൻ ദൈവത്തിൽ നിന്നു വന്നിരിക്കുന്നതിനാൽ ആ നാട് എനിക്കു ശത്രുതയും അപ്രീതിയും അനുഭവപ്പെടുന്നതാകരുതേ എന്ന്. ദൈവവിശ്വാസികളുടേയും ബന്ധുക്കളുടേയും സ്നേഹം അവർ ഏതെല്ലാം വിധത്തിലാണ് കാണിച്ചത്! ഓ! ഭൂമിയിലെ എന്റെ പ്രിയപ്പെട്ട അപ്പൻ, ദൈവത്താൽ എത്രയധികം സ്നേഹിക്കപ്പെട്ടു! അത്യുന്നത സ്വർഗ്ഗത്തിലെ പിതാവും ഭൂമിയിൽ രക്ഷകനായി വന്ന പുത്രനും അദ്ദേഹത്തെ സ്നേഹിച്ചു.

ആ ഭവനത്തിൽ ക്ഷിപ്രകോപമില്ല; ദ്വേഷമില്ല; മുഖംമാറ്റമില്ല; പരസ്പരം കുറ്റാരോപണമില്ല; തങ്ങളെ ഭൗമിക സമ്പത്തു നൽകി സമ്പന്നരാക്കാത്തതിൽ ദൈവത്തോട് ഒട്ടും പരിഭവവുമില്ല. തനിക്കുണ്ടാകുന്ന പ്രയാസങ്ങൾക്കെല്ലാം കാരണം മേരിയാണെന്ന് ജോസഫ് പരാതിപ്പെടുന്നില്ല. കൂടുതൽ പണം സമ്പാദിക്കാൻ കഴിയാത്തതിന്റെ പേരിൽ ജോസഫിനെ മേരി കുറ്റപ്പെടുത്തുന്നില്ല.  പരിശുദ്ധമായ സ്നേഹത്താൽ അവർ പരസ്പരം അത്രമാത്രം  ബന്ധിക്കപ്പെട്ടിരുന്നു. അതിനാൽ സ്വന്തം സുഖത്തെയോർത്ത് അവർ പര്യാകുലരാകുന്നില്ല.  മറ്റേയാളിന്റെ സുഖത്തിന് പ്രാധാന്യം നൽകുന്നു. യഥാർത്ഥ സ്നേഹം സ്വാർത്ഥതയില്ലാത്തതാണ്. ആത്മാർത്ഥമായ സ്നേഹം ചാരിത്ര്യമുള്ളതാണ്. കന്യാത്വവും വിരക്തിയും പാലിച്ച ഇവരിരുവരേയും പോലെ ആത്മാർത്ഥമായ പരസ്പരസ്നേഹമുള്ളവർ ചാരിത്ര്യമുള്ളവരായിരിക്കും.


 ചാരിത്ര്യം ഉപവിയോടു ചേരുമ്പോൾ വളരെയേറെ സുകൃതങ്ങൾ അതിൽനിന്നുണ്ടാകും. അത് മറ്റെല്ലാ സുകൃതങ്ങൾക്കും പ്രചോദനം നൽകുന്നു. പ്രത്യേകിച്ചും ദൈവത്തെ സ്നേഹിക്കുന്നതിനും അവിടുത്തെ നിരന്തരം സ്തുതിക്കുന്നതിനും അത് അവരെ സഹായിച്ചു. ദൈവത്തിന്റെ തിരുവിഷ്ടം തങ്ങളുടെ ശരീരത്തിനും മനസ്സിനും വേദനയുളവാക്കിയപ്പോഴും എല്ലാ നാഴികയിലും അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. കാരണം, അവർ രണ്ടുപേരിലും അരൂപി വളരെ ശക്തമായിരുന്നു. അതിനാൽ ദൈവപുത്രന്റെ കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അപാരമായ നന്ദിയോടെ അവർ ദൈവത്തെ നിരന്തരം സ്തുതിച്ചു.

ദാരിദ്ര്യത്തിലും എനിക്കു സന്തോഷമായിരുന്നു. കാരണം, ലോകം കണ്ടിട്ടുള്ളതിൽ ഏറ്റം വലിയ രണ്ടു വിശുദ്ധരുടെ സ്നേഹം എന്നെ ആവരണം ചെയ്തിരുന്നു.

തിരുക്കുടുംബത്തിന്റെ തലവൻ ജോസഫായിരുന്നു. ജോസഫിന്റെ അധികാരത്തെക്കുറിച്ച് തർക്കമില്ലായിരുന്നു. തർക്കിക്കാനാവാത്ത അധികാരം... അതിന്റെ മുമ്പിൽ ദൈവത്തിന്റെ  മാതാവായവൾ ബഹുമാനപൂർവം ശിരസ്സു നമിച്ചു. ദൈവപുത്രൻ സ്വമനസ്സാലെ തന്നെത്തന്നെ അതിനു വിധേയനാക്കി. ജോസഫ് ചെയ്യാൻ നിശ്ചയിച്ചതെല്ലാം നന്നായി ചെയ്തു. അതേക്കുറിച്ച് ചർച്ചയോ  സൂക്ഷ്മനിരീക്ഷണമോ എതിർപ്പോ ഒന്നുമുണ്ടായിരുന്നില്ല. ജോസഫിന്റെ വാക്കായിരുന്നു ഞങ്ങളുടെ നിയമം. എങ്കിലും എന്തുമാത്രം എളിമ അദ്ദേഹത്തിനുണ്ടായിരുന്നു!  കുടുംബത്തലവനാണെന്ന കാരണത്താൽ അധികാര ദുർവിനിയോഗമോ യുക്തിഹീനമായ തീരുമാനമോ ഒരിക്കലും ഉണ്ടായിരുന്നില്ല. തന്റെ മണവാട്ടി മാധുര്യം നിറഞ്ഞ ഉപദേശകയായിരുന്നു. മേരി, തന്റെ എളിമയുടെ ആധിക്യത്തിൽ, ജോസഫിന്റെ ദാസിയായി  സ്വയം കരുതിയെങ്കിൽ, ജോസഫ്, കൃപാവരപൂരിതയായ മേരിയിൽ നിന്ന് എല്ലാക്കാര്യങ്ങളിലും പ്രകാശം തേടിയിരുന്നു. ശക്തമായി വളരുന്ന വൃക്ഷങ്ങളാൽ സംരക്ഷിക്കപ്പെട്ടു വളരുന്ന പുഷ്പം പോലെ, എന്നെ രക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനുമായി എന്റെ മീതെ ചേർത്തിണക്കിയ രണ്ടു സ്നേഹങ്ങളുടെ മദ്ധ്യേ ഞാൻ വളർന്നുവന്നു."


 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)