ജാലകം നിത്യജീവൻ: യഥാർഥ ആരാധന

nithyajeevan

nithyajeevan

Monday, July 29, 2019

യഥാർഥ ആരാധന


                     

John 4:19-26

നമുക്ക് വളരെ പരിചിതമായ ഒരു വചനഭാഗമാണ് യോഹ.4:19-26. ഈശോയും സമരിയാക്കാരി സ്ത്രീയും തമ്മിലുള്ള സംവാദം..  സമരിയാക്കാരി സ്ത്രീയെ രക്ഷയിലേക്കു നയിച്ച സംവാദം..  ഇന്നും അനേകരെ രക്ഷയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഒരു വചനഭാഗം.. 
  ഇവിടെ ഈശോ ആരാധനയെപ്പറ്റിയാണ് - ദൈവാരാധനയെപ്പറ്റിയാണ്- പറയുന്നത്. യഹൂദരുടെ  ദൈവാരാധനയെ ഈശോ നിശിതമായി വിമർശിക്കുന്നത് സുവിശേഷത്തിൽ പലയിടത്തും നമുക്ക് കാണാം.. മത്തായി 15: 8-9 ഇപ്രകാരം പറയുന്നു; "കപടനാട്യക്കാരേ, ഏശയ്യ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു -  ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു ; എന്നാൽ അവരുടെ ഹൃദയങ്ങൾ എന്നിൽ നിന്നും വളരെ അകലെയാണ്. അവർ മാനുഷിക നിയമങ്ങൾ പ്രമാണങ്ങളാക്കി പഠിപ്പിച്ചുകൊണ്ട് വ്യർധമായി എന്നെ ആരാധിക്കുന്നു.." ഫരിസേയരെയും നിയമജ്ഞരെയും പറ്റിയാണ് ഈശോ ഇവിടെ പറയുന്നത് - അവരുടെ ആരാധന വ്യർത്ഥമാണെന്നാണ് ഈശോ പറയുന്നത് - അവർ,  അവരുടെ വായ്‌ കൊണ്ട് - അവരുടെ വാക്കുകൾ കൊണ്ട്  ദൈവത്തെ ആരാധിക്കുന്നു.. എന്നാൽ, അവരുടെ പ്രവർത്തികൾ ദൈവത്തിനു വെറുപ്പുളവാക്കുന്നവയാണ്- എന്താണവർ ചെയ്യുന്നത്?  മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് ദൈവം കൽപ്പിച്ചിരിക്കുന്നു - ദൈവകൽപ്പനയാണത് .. എന്നാൽ, യഹൂദർ വേറൊരു  നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട് ; അതായത് ,ഒരാൾ  തന്റെ മാതാപിതാക്കന്മാരോട് ഇപ്രകാരം പറയുകയാണ്‌ - നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടാനുള്ളതൊക്കെ വഴിപാടായി ഞാൻ നല്കിക്കഴിഞ്ഞു എന്നുപറഞ്ഞാൽ പിന്നെ അവൻ അവരെ സംരക്ഷിക്കേണ്ടതില്ല  എന്ന് - ഇതാണ് മാനുഷിക നിയമം .. ഈ മാനുഷിക നിയമം കൊണ്ട് അവർ ദൈവകല്പ്പനയെ മറികടക്കുകയാണ് - ഇപ്രകാരം ദൈവകല്പ്പനയ്ക്ക് വിരുദ്ധമായ പ്രവർത്തികൾ ചെയ്തിട്ട് പോയി ദൈവത്തെ ആരാധിച്ചാൽ അത്  വ്യർത്ഥമാണെന്ന് വളരെ വ്യക്തമായി ഈശോ പഠിപ്പിക്കുകയാണ് ഇവിടെ.. ഇതല്ല ദൈവാരാധന - പിന്നെയെന്താണ് ?
 സമരിയാക്കാരിയോട് ഈശോ പറയുകയാണ്‌ - സ്ത്രീയേ, എന്നെ വിശ്വസിക്കുക; ഈ മലയിലോ ജരുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത ഒരു സമയം വരുന്നു .. ഈ മലയിലോ ജെരുസലേമിലോ  അല്ല പിതാവിനെ ആരാധിക്കേണ്ടത് -  ദൈവം ആത്മാവാണ് - ദൈവം അരൂപിയാണ് .. ഏതെങ്കിലും ഒരു സ്ഥലത്ത് - ഗരിസിം മലയിലോ അല്ലെങ്കിൽ ജെറുസലേം ദേവായലത്തിലോ  ദൈവത്തെ  ഒതുക്കി നിർത്താനാവില്ല .. ആരാധനയ്ക്ക് ഈശോ ഒരു പുതിയ മാനം നല്കുകയാണിവിടെ .. ആരാധന നടത്തുന്ന സ്ഥലത്തിനല്ല പ്രാധാന്യം - പിന്നെയോ,  എങ്ങിനെയാണ് ആരാധന നടത്തേണ്ടത് 
എന്ന് ഈശോ പഠിപ്പിക്കയാണ്  ..  ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് ..   ദൈവകൽപ്പനകൾ അനുസരിച്ച് ദൈവത്തിന്റെ പ്രീതിയിൽ നാം ജീവിക്കുമ്പോൾ നമ്മുടെജീവിതം  ആത്മാവിനാൽ നയിക്കപ്പെടുന്നതായിത്തീരുന്നു..   അങ്ങനെ ആത്മാവിൽ നിറഞ്ഞു ജീവിക്കുമ്പോൾ സ്ഥലത്തിനും കാലത്തിനും അതീതനായ ദൈവത്തെ- യഥാർത്ഥദൈവത്തെ- സത്യദൈവത്തെ   ഈശോയിൽ കണ്ടെത്തുവാനും  അവിടുത്തെ ആരാധിക്കുവാനും നാം പ്രാപ്തരാകും.  ഇതാണ് യഥാർഥ ആരാധന ..

                       ഈശോ ഇതിനായി   സമരിയാക്കാരി സ്ത്രീക്ക് തന്നെത്തന്നെ വെളിപ്പെടുത്തുകയാണ് - അവിടുന്നു പറയുന്നു;  "നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു ; ഞങ്ങൾ അറിയുന്നതിനെയും .. രക്ഷ യഹൂദരിൽ നിന്നാണ്.." അതായത് രക്ഷ ക്രിസ്തു വഴിയാണ് എന്ന് ഈശോ അവളെ അറിയിക്കുകയാണ് .. റോമാ 9: 4-5  പറയുന്നു; "അവർ ഇസ്രായേൽ മക്കളാണ് . പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ് .. പൂർവ പിതാക്കന്മാരും അവരുടേത്. ക്രിസ്തുവും വംശമുറക്ക് അവരിൽനിന്നുള്ളവൻ തന്നെ .. അവൻ സർവാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്." രക്ഷ യഹൂദരിൽ നിന്നാണ് എന്നു പറഞ്ഞുകൊണ്ട്  രക്ഷകനെപ്പറ്റിയുള്ള സൂചന ഈശോ അവൾക്കു നല്കുകയാണ് ..

സമരിയക്കാരി പറയുന്നു; "മിശിഹാ - ക്രിസ്തു വരുമെന്നും അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കുമെന്നും എനിക്കറിയാം .."
ഈശോ മറുപടി നല്കുന്നു: "നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.." 
രക്ഷയുടെ അനുഭവത്തിലേക്കു വന്ന ഈ സമരിയാക്കാരി സ്ത്രീയുടെ സാക്ഷ്യം മൂലം അനേകം സമരിയാക്കാർ ഈശോയിൽ വിശ്വസിക്കുന്നവരായി മാറി എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് .  ഈശോ രക്ഷകനാണെന്നും യഥാർഥദൈവമാണെന്നും അവൾക്കു തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് ശക്തയായ ഒരു സാക്ഷിയായി മാറാൻ അവൾക്കുസാധിച്ചത്. 

നമുക്കും സമരിയാക്കാരി സ്ത്രീയെപ്പോലെ നമ്മുടെ ജീവിതം കൊണ്ട് ഈശോയ്ക്കു സാക്ഷ്യം നല്കുന്നവരായി മാറാം ..ആത്മാവിൽ നിറഞ്ഞ ഒരു ജീവിതം നയിക്കുവാനും   പിതാവായ ദൈവത്തെ, പുത്രനായ ഈശോയിലൂടെ   പരിശുധാത്മാവിന്റെ ശക്തിയാൽ  ആരാധിച്ചു കൊണ്ട്  ത്രിയേക ദൈവത്തിന് അർഹമായ യഥാർഥ ആരാധന -  ആത്മാവിലും സത്യത്തിലുമുള്ള ആരാധന അർപ്പിക്കുവാനും നമുക്ക് പരിശ്രമിക്കാം.. അതിനുള്ള കൃപയ്ക്കായി പ്രാർഥിക്കാം. 

ആമേൻ