ജാലകം നിത്യജീവൻ: ഭവനങ്ങളുടെ വെഞ്ചരിപ്പ്‌

nithyajeevan

nithyajeevan

Monday, July 29, 2019

ഭവനങ്ങളുടെ വെഞ്ചരിപ്പ്‌



                  തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താല്‍ ബന്ധിക്കപ്പെട്ടവരുടെ സമ്പര്‍ക്കങ്ങളും ദുഷ്ടാരൂപികള്‍ക്ക് കടന്നുവരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തു നടക്കുമ്പോള്‍ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവര്‍ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകര്‍ച്ചകള്‍ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ തിന്മയുടെ എത്രയോ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കര്‍മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.