ജാലകം നിത്യജീവൻ: വി.ജറാൾഡ് മജില്ല

nithyajeevan

nithyajeevan

Saturday, February 13, 2016

വി.ജറാൾഡ് മജില്ല


1726 ഏപ്രിൽ ആറാം തീയതി, തെക്കേ ഇറ്റലിയിലെ മുറോ
എന്ന കൊച്ചുഗ്രാമത്തിലാണ് വിശുദ്ധന്റെ ജനനം. 
ചെറുപ്പത്തിൽത്തന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു വിശുദ്ധൻ. 
അതുകൊണ്ടുതന്നെ ഏവർക്കും പ്രിയങ്കരനുമായിരുന്നു.
1749 ൽ അദ്ദേഹം, ദിവ്യരക്ഷകസഭയിൽ തുണ
സഹോദരനായി ചേർന്നു.  അവിടെയും പാവങ്ങളെയും
അവശത അനുഭവിക്കുന്നവരേയും തനിക്കുള്ളതെല്ലാം നൽകി സഹായിച്ചുകൊണ്ട് മറ്റുള്ളവർക്ക്‌
മാതൃകയായി. 1752 ജൂലൈ 16 ന് ബ്രദർ  ജറാൾഡ് വ്രതവാഗ്ദാനമെടുത്തു. അന്നുമുതൽ അദ്ദേഹം
രക്ഷകനായ ദൈവത്തിനു മാത്രമുള്ളവനായിത്തീർന്നു. 
ആഴമായ പ്രാർഥനാജീവിതം  അദ്ദേഹത്തെ
ഒരു അത്ഭുതപ്രവർത്തകനാക്കി മാറ്റി.
താൻ എപ്പോൾ മരിക്കുമെന്ന് വിശുദ്ധന് മുൻകൂട്ടി നിശ്ചയമുണ്ടായിരുന്നു. അദ്ദേഹം ഡോക്റ്ററോടു പറഞ്ഞു;
"പ്രിയപ്പെട്ട ഡോക്ടർ, എന്നെ ഹൃദയപൂർവ്വം
വി.ത്രേസ്യയ്ക്ക് സമർപ്പിക്കുക. പിന്നീട് എനിക്കുവേണ്ടി ദിവ്യകാരുണ്യത്തിനു പോവുക.'' പരിശുദ്ധ കുർബാന
സ്വീകരിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു: "ഇന്ന് വി.ത്രേസ്യയുടെ തിരുനാളാകയാൽ  
നിങ്ങൾക്ക് ഉല്ലാസദിനമാണ്. നാളെയും നിങ്ങൾക്ക് ഉല്ലസിക്കാം .." ഇതുകൊണ്ട്‌  
അദ്ദേഹം ഉദ്ദേശിച്ചത് തന്റെ മരണം തന്നെയാണ്. ദിവ്യരക്ഷകസഭയിലെ വൈദികർ വി.ത്രേസ്യയുടെ
തിരുനാളാഘോഷിക്കുന്ന പതിവുണ്ട്. അതുകൊണ്ടാണ് ആ ദിവസം അവർക്ക്
ഉല്ലാസമായിരിക്കുന്നത്. കൂടാതെ, ആശ്രമത്തിലെ ഏതെങ്കിലും ഒരംഗം മരിച്ചാൽ, പിറ്റേ ദിവസം ആ ആശ്രമത്തിൽപ്പെട്ടവർ ഉല്ലസിക്കുന്നു. അപ്പോൾ
ബ്രദർ  ജറാൾഡ് സൂചിപ്പിച്ചത്, വി.ത്രേസ്യയുടെ തിരുനാളിൽ
താൻ കർത്താവിൽ നിദ്ര പ്രാപിക്കുമെന്നും തന്മൂലം ആശ്രമവാസികൾ പിറ്റേദിവസം ഉല്ലസിക്കുമെന്നുമാണ്.
അന്നു രാത്രി 10 മണിക്ക് (1756 ഒക്ടോബർ 15) തന്റെ മുപ്പതാമത്തെ വയസ്സിൽ
തന്റെ രക്ഷകന്റെ സവിധത്തിലേക്ക് അദ്ദേഹം യാത്രയായി.
    ഗർഭിണികളുടെ പ്രത്യേക സ്വർഗ്ഗീയ
മദ്ധ്യസ്ഥനായി സഭ അദ്ദേഹത്തെ ആദരിക്കുന്നു.  ഗർഭിണികൾ അദ്ദേഹത്തിന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ  ഭരമേല്പ്പിക്കുന്നു. പ്രസവാരിഷ്ടതകളിലൂടെ സുരക്ഷിതരായി കടന്നു പോകുന്നതിന് അദ്ദേഹത്തോട് അവർ മാധ്യസ്ഥാപേക്ഷ നടത്താറുണ്ട്‌. ഇതിന് ഉപോദ്ബലകമായ സംഭവം ഇങ്ങനെയാണ്:
പുണ്യവാൻ ഒരിക്കൽ സെനർക്കിയ ഗ്രാമത്തിൽക്കൂടി സഞ്ചരിക്കുകയായിരുന്നു.   പ്രസവാരിഷ്ടത കൊണ്ട് മരിക്കുമെന്ന ഘട്ടത്തിലെത്തിയ ഒരു സാധു സ്ത്രീ അദ്ദേഹത്തിന്റെ  സഹായം അഭ്യർഥിച്ചു. അദ്ദേഹം അവൾക്കുവേണ്ടി പ്രാർഥിച്ച് അവളുടെ ജീവൻ രക്ഷിച്ചു. അതേത്തുടർന്ന്  ഈ സഹായമപേക്ഷിച്ച് പുണ്യവാന്റെ സഹായവും പ്രാർത്ഥനയും തേടുന്നവരുടെ എണ്ണം സംഖ്യാതീതമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഗർഭിണികളുടെ പ്രത്യേക മദ്ധ്യസ്ഥനായി അറിയപ്പെടുവാൻ തുടങ്ങിയത്.