2000 ജൂൺ മാസത്തിൽ വത്തിക്കാൻ പരസ്യപ്പെടുത്തിയ രേഖകൾ പ്രകാരം, ഫാത്തിമായിലെ മൂന്നാം രഹസ്യത്തെപ്പറ്റിയുള്ള സി.ലൂസിയായുടെ വിവരണം ഇപ്രകാരമാണ്:
"ഞാൻ മുൻപു വിവരിച്ച ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു ശേഷം, പരിശുദ്ധ അമ്മയുടെ ഇടതുവശത്ത് അൽപ്പം മുകളിലായി, ജ്വലിക്കുന്ന ഒരു വാൾ ഇടതുകൈയിലേന്തിയ ഒരു മാലാഖയെ ഞങ്ങൾ കണ്ടു. ആ വാളിൽനിന്ന് ലോകത്തെ ചാമ്പലാക്കാനെന്നോണം തീജ്വാലകൾ
"ഞാൻ മുൻപു വിവരിച്ച ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു ശേഷം, പരിശുദ്ധ അമ്മയുടെ ഇടതുവശത്ത് അൽപ്പം മുകളിലായി, ജ്വലിക്കുന്ന ഒരു വാൾ ഇടതുകൈയിലേന്തിയ ഒരു മാലാഖയെ ഞങ്ങൾ കണ്ടു. ആ വാളിൽനിന്ന് ലോകത്തെ ചാമ്പലാക്കാനെന്നോണം തീജ്വാലകൾ
പുറപ്പെട്ടുകൊണ്ടിരുന്നു.. എന്നാൽ, ആ തീജ്വാലകൾ പരിശുദ്ധ അമ്മയുടെ കൈയിൽ നിന്നും മാലാഖയുടെ നേർക്ക് പുറപ്പെട്ടിരുന്ന തേജോസ്ഫുലിംഗങ്ങളിൽ തട്ടി ഇല്ലാതാകുന്നതു ഞങ്ങൾ കണ്ടു. മാലാഖ, തന്റെ ഇടതുകൈ ഭൂമിയുടെ നേരെ ചൂണ്ടിക്കൊണ്ട് ഉച്ചത്തിൽ "പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം" എന്നു പറയുന്നുണ്ടായിരുന്നു..
അനന്തരം, ഒരു വലിയ പ്രകാശത്തിൽ, ധവളവസ്ത്രധാരിയായ ഒരു ബിഷപ്പിനെ ഞങ്ങൾ കണ്ടു. അത് പരിശുദ്ധ പിതാവായിരിക്കാമെന്നു ഞങ്ങൾക്കു തോന്നി. പിന്നാലെ, വേറെ ബിഷപ്പുമാരും വൈദികരും പുരുഷന്മാരും സ്ത്രീകളുമായ സന്യസ്തരും പല പദവിയിൽപ്പെട്ട അല്മായരും പിതാവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അവർ കുത്തനെയുള്ള ഒരു മലയിലേക്കു കയറിപ്പോവുകയായിരുന്നു. മലയുടെ മുകളിൽ, ഒരു വലിയ പരുക്കൻ മരക്കുരിശ് നാട്ടിയിരുന്നു. മലമുകളിലെത്തുന്നതിനു മുൻപ് പാതി നശിപ്പിക്കപ്പെട്ട ഒരു നഗരത്തിലൂടെ പരിശുദ്ധ പിതാവ് കടന്നുപോയി. വേച്ചുപോകുന്ന കാലടികളോടെ, ഇടയ്ക്കിടെ സന്താപനിമഗ്നനായി നിന്നുകൊണ്ട്, വഴിമദ്ധ്യേ കാണാനിടയായ മരിച്ചയാളുകളുടെ ആത്മശാന്തിക്കായി പിതാവ് പ്രാർഥിക്കുന്നുണ്ടായിരുന്നു. മലമുകളിലെത്തി കുരിശിൻ ചുവട്ടിൽ മുട്ടുകുത്തിയ പരിശുദ്ധ പിതാവിനെ ഒരുകൂട്ടം പട്ടാളക്കാർ വെടിവെച്ചും അമ്പെയ്തും കൊലപ്പെടുത്തി. പിന്നാലെയെത്തിയ ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും വിശ്വാസികളേയും ഇതേരീതിയിൽത്തന്നെ അവർ കൊല ചെയ്തു..
മരക്കുരിശിന്റെ ഇരു കരങ്ങൾക്കും താഴെയായി കൈയിൽ സ്ഫടികക്കാസായുമായി രണ്ടു മാലാഖമാർ നിൽപ്പുണ്ടായിരുന്നു. അവർ രക്തസാക്ഷികളുടെ രക്തം ശേഖരിച്ച് സ്വർഗ്ഗത്തിലേക്കുള്ള യാത്രയിലായിരുന്നവരുടെ മേൽ തളിച്ചുകൊണ്ടിരുന്നു ..."
സി.ലൂസിയായുടെ ഈ വിവരണത്തിന് സഭ നല്കുന്ന വ്യാഖ്യാനം, ഇത് ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കു നേരെയുണ്ടായ പരാജയപ്പെട്ട വധശ്രമത്തെക്കുറിച്ചുള്ള പ്രവചനമാണെന്നാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് വാദമുഖങ്ങളുള്ളതിനാൽ, ഇതൊരു വിവാദവിഷയവുമാണ്.
അതെന്തായാലും ലോകവും സഭയും കടന്നുപോകുന്നത് മുമ്പില്ലാത്തവണ്ണം പ്രശ്നകലുഷിതമായ സമയങ്ങളിലൂടെയാണ്. ഫാത്തിമാനാഥയുടെ സന്ദേശം - "ജപമാല ചൊല്ലി പ്രാർഥിക്കുക; പ്രായശ്ചിത്തം ചെയ്യുക" - അന്നും ഇന്നും എന്നും ഒരുപോലെ പ്രസക്തമാണ്.