(സഭാപിതാക്കന്മാരിൽ അഗ്രഗണ്യനും അതുല്യവാഗ്മിയും അഗാധപണ്ഡിതനുമായ വി.അഗസ്റ്റിന്റെ ആത്മകഥ ദൈവത്തോടുള്ള ഒരു സംഭാഷണമാണ്. അതിൽ നിന്ന്:-)
"...ഓരോ ദിവസവും എനിക്കു വേണ്ടുവോളം അനുഭവപ്പെടുന്ന മറ്റൊരു ദുരിതമുണ്ട്; ഉദരത്തോടൊപ്പം ഭക്ഷണത്തെയും നീ നശിപ്പിച്ചു കളയുന്ന കാലം വരെ, ശരീരത്തിന് ഓരോ ദിവസവുമുണ്ടാകുന്ന തേച്ചിലും നാശനഷ്ടങ്ങളും ഭക്ഷണം കൊണ്ട് അന്നന്നു ഞങ്ങൾ പരിഹരിക്കേണ്ടിയിരിക്കുന്നു. എന്നിലുള്ള ശൂന്യതയെ അത്ഭുതാവഹമായ സമ്പൂർണ്ണത കൊണ്ട് ഒരുകാലത്ത് നീ സംഹരിക്കും. എന്റെ നശ്വരതയെ നീ അനശ്വരത കൊണ്ട് ആവരണം ചെയ്യും എന്നാൽ, അതുവരെ, ഭക്ഷണം കഴിക്കുക ഒരാവശ്യമാണ്. ഈ മാധുര്യത്തിന്, അഥവാ സന്തോഷത്തിന് ഞാൻ അടിമയായിത്തീരാതിരിക്കാൻ വേണ്ടി ദിവസം പ്രതി ഉപവസിച്ചുകൊണ്ട് അതിനോടു ഞാൻ സമരം ചെയ്യുന്നു. ശരീരത്തെ വീണ്ടും വീണ്ടും ഞാനിങ്ങനെ കീഴ്പെടുത്തുന്നുണ്ടെങ്കിലും, ഉപവസിക്കുമ്പോഴുണ്ടാകുന്ന ക്ലേശത്തെ, ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്നസന്തോഷം വിപാടനം ചെയ്യുന്നു. വിശപ്പും ദാഹവും ഒരുതരം വേദനയാണ്. കഠിനമായ ജ്വരമെന്നപോലെ, അത് മനുഷ്യനെ ദഹിപ്പിക്കുകയും മൃതിപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന് ഒരൗഷഷധമേയുള്ളൂ - ഭക്ഷണം. അത് കടലിലും കരയിലും ആകാശത്തിലുമുള്ള വിഭവങ്ങളിൽ നിന്ന് സമൃദ്ധമായി ലഭിക്കുന്നുണ്ട്.അതുപയോഗിച്ചാണ് ഈ രോഗത്തിന് ശമനം വരുത്തുന്നത്. നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തെ ഞങ്ങൾ സന്തോഷമെന്നു വിളിക്കുകയും ചെയ്യുന്നു..
ആകയാൽ, ഭക്ഷണം മരുന്നു പോലെ കഴിക്കുവാൻ ശ്രദ്ധിക്കണമെന്ന് നീ ഉപദേശിക്കുന്നു. പക്ഷെ, വിശപ്പിന്റെ വേദനയിൽ നിന്ന് നിറവിന്റെ സംതൃപ്തിയിലേയ്ക്കുണ്ടാകുന്ന ഈ പരിവർത്തനത്തിൽത്തന്നെ, സന്തോഷത്തോടുള്ള ആസക്തി എന്നൊരു അപകടം പതിയിരിപ്പുണ്ട്. സംതൃപ്തിയിലേയ്ക്കുള്ള ഈ മാർഗ്ഗം തന്നെ സന്തോഷകരമാണ്. ഉദ്ദിഷ്ടലക്‌ഷ്യം പ്രാപിക്കുവാൻ മറ്റു മാർഗ്ഗമൊന്നുമില്ലതാനും. തിന്നുന്നതും കുടിക്കുന്നതും ആരോഗ്യത്തെ ലക്ഷ്യമാക്കി ആയിരിക്കണമെങ്കിലും അപകടകാരിയായ ഒരു സന്തോഷം കൂടി അതിൽ അടങ്ങിയിട്ടുണ്ട്. ഈ സന്തോഷം മിക്കപ്പോഴും ലക്ഷ്യത്തെ അതിലംഘിക്കുവാൻ വെമ്പൽ കൊള്ളുന്നു. തന്മൂലം ആരോഗ്യത്തിന്റെ പേരിൽ ചെയ്യുന്ന പ്രവൃത്തി, വാസ്തവത്തിൽ സന്തോഷത്തിലായിരിക്കാം ചെന്നുചേരുന്നത്. ആരോഗ്യത്തെക്കാൾ ഞാനാഗ്രഹിക്കുന്നതും സന്തോഷത്തെയായിരിക്കാം. ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ട ഭക്ഷണം ഒരേ അളവിൽ ആയിരിക്കയില്ല. ആരോഗ്യത്തിനു മതിയാകുന്നത് സന്തോഷത്തിനു തീരെ കുറവായിരിക്കും. തന്നിമിത്തം, ഭക്ഷിക്കുവാൻ ഒരുവൻ ആഗ്രഹിക്കുന്നത് ആരോഗ്യ സംരക്ഷണമെന്ന ആവശ്യം മൂലമാണോ ഭക്ഷണസുഖത്തോടുള്ള കൊതി മൂലമാണോ എന്നു പലപ്പോഴും തീരുമാനിക്കുവാൻ വയ്യ..ഈ അനിശ്ചിതത്വം ദുർഭഗമായ ആത്മാവിന് സന്തോഷകരമത്രേ. ആരോഗ്യ സംരക്ഷണത്തിന്റെ മറയിൽ, ഭക്ഷണസുഖം ആസ്വദിക്കാനും സ്വന്തം ഇഷ്ടത്തെ സാധൂകരിക്കാനും അതുമൂലം ആത്മാവിനു സാധിക്കുന്നു. ഇതുപോലുള്ള പ്രലോഭനങ്ങളോടാണ് ഓരോ ദിവസവും എനിക്ക് പൊരുതേണ്ടി വരുന്നത്. ഇതിലാണ് നിന്റെ വലതുകരത്തിന്റെ സഹായം ഞാൻ അഭ്യർഥിക്കുന്നത്...
...നല്ല പിതാവേ, ശുദ്ധിയുള്ളവർക്ക് എല്ലാ സാധനങ്ങളും ശുദ്ധമാണെന്നും വെറുപ്പോടെ ഭക്ഷിക്കുന്നവർക്കാണ് അത് അശുദ്ധമാകുന്നതെന്നും നീ പഠിപ്പിക്കുന്നു. മാംസഭക്ഷണം നമ്മെ ഈശ്വരപ്രീതിക്കു പാത്രമാക്കുന്നില്ലെന്നും ഭക്ഷിക്കാത്തവൻ ഭക്ഷിക്കുന്നവനെയാകട്ടെ, ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെയാകട്ടെ, നിന്ദിക്കരുതെന്നും നീ കൽപ്പിക്കുന്നു. എന്റെ ദൈവമേ, ഇതെല്ലാം ഉപദേശിച്ചുതന്നതിന് നിനക്കു ഞാൻ നന്ദി പറയുന്നു. നിന്നെ ഞാൻ വാഴ്ത്തുന്നു. എല്ലാ പ്രലോഭനങ്ങളിൽ നിന്നും നീയെന്നെ മോചിപ്പിക്കേണമേ! ജഡമോഹങ്ങളുടെ അശുദ്ധിയെയല്ലാതെ മാംസഭക്ഷണത്തിന്റെ അശുദ്ധിയെ ഞാൻ ഭയപ്പെടുന്നില്ല. എനിക്കറിയാം, ഭക്ഷ്യയോഗ്യമായ എല്ലാത്തരം മാംസവും ഭക്ഷിക്കുവാൻ നോഹയ്ക്ക് അനുവാദമുണ്ടായിരുന്നു; ഏലിയാ മത്സ്യം ഭക്ഷിച്ചു; വൈരാഗ്യശീലനായ യോഹന്നാൻ, ജീവനുള്ള വെട്ടുക്കിളികളെ ഭക്ഷിച്ചിട്ടും അശുദ്ധനായില്ല. അതേസമയം, മരക്കറിയിൽ കൊതി തോന്നിയ ഏസാവ് വഞ്ചിതനായി. ഒരു കവിൾ പച്ചവെള്ളത്തിനു കൊതിച്ച ദാവീദ് കുറ്റക്കാരനായിത്തീർന്നു..
ഇത്തരം പരീക്ഷണങ്ങളുടെ നടുവിൽപ്പെട്ടിരിക്കുന്ന ഞാൻ, അശനപാനങ്ങളോടുള്ള അത്യാർത്തിക്കെതിരായി ഓരോ ദിവസവും പോരാടുന്നു. ഈ ആർത്തി, വേശ്യാസംഗമത്തോടു തോന്നുന്ന ആസക്തി പോലെയല്ല. വേശ്യയുടെ സഹവാസത്തെ ഞൊടിയിട കൊണ്ട് മുറിച്ചുമാറ്റാനും എന്നെന്നേയ്ക്കുമായി പരിത്യജിക്കുവാനും എനിക്കു സാധിച്ചു. പക്ഷെ, ഭക്ഷണപ്രിയത്തിന്റെ സ്വഭാവം മറ്റൊന്നാണ്. തീരെ അയച്ചുവിടുകയോ വല്ലാതെ വരിഞ്ഞുമുറുക്കുകയോ ചെയ്യാതെ, എന്റെ തൊണ്ടയുടെ കടിഞ്ഞാണ്‍ ഞാൻ മിതമായി എല്ലാ സമയത്തും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഓ കർത്താവേ, ഈ വിഷയത്തിൽ അത്യാവശ്യത്തിന്റെ പരിധി അല്പം പോലും ലംഘിക്കാത്തവർ ആരെങ്കിലുമുണ്ടോ ? ഉണ്ടെങ്കിൽ അയാളൊരു മഹാത്മാവു തന്നെയാണ്. അയാൾ നിന്റെ തിരുനാമം മഹത്വപ്പെടുത്തട്ടെ! ഞാനോ, അങ്ങനെയല്ല; ഞാനൊരു പാപിയാണ്. എന്നാൽ, നിന്റെ നാമം ഞാനും മഹത്വപ്പെടുത്തുന്നു. എന്തെന്നാൽ, ലോകത്തെ ജയിച്ചടക്കിയവനാണ് എന്റെ പാപങ്ങൾക്കുവേണ്ടി നിന്റെ മുൻപിൽ മാദ്ധ്യസ്ഥം വഹിക്കുന്നത്..."