ജാലകം നിത്യജീവൻ: February 2014

nithyajeevan

nithyajeevan

Wednesday, February 12, 2014

പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത

ഈശോ പുനരുഥാനത്തിനു ശേഷം   അപ്പസ്തോലന്മാർക്കു  നൽകുന്ന പ്രബോധനം: 
                  

 "എന്റെ സ്നേഹിതരേ, പുരോഹിതർ  എന്നുള്ള നിലയില്‍ നിങ്ങള്‍ക്കുള്ള ശ്രേഷ്ഠത നിങ്ങള്‍  പരിഗണിക്കുവിൻ. 
                                                 വിധിക്കുവാനും പാപപ്പൊറുതി 
നല്‍കുവാനുമുള്ള   അധികാരം   പൂര്‍ണ്ണമായും    എന്റെ കരങ്ങളിലാണ്.      കാരണം,    പിതാവ്    അത്   എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.    എന്നാലത്   ഭയാനകമായ   ഒരു വിധിയായിരിക്കും. കാരണം, അതു സംഭവിക്കുന്നത് മനുഷ്യന് ഭൂമിയില്‍  എത്രനാള്‍  പരിഹാരം ചെയ്താലും പാപപ്പൊറുതി ലഭിക്കാന്‍    സാദ്ധ്യമല്ലാതാകുമ്പോഴായിരിക്കും.   ഓരോ മനുഷ്യനും അവന്റെ അരൂപിയില്‍  എന്റെ പക്കല്‍  വരും. അതു സംഭവിക്കുന്നത്‌  പദാര്‍ത്ഥപരമായ അവന്റെ മരണത്തില്‍  അവന്‍  ശരീരം വിട്ടുപിരിയുമ്പോഴാണ്. ഉപയോഗശൂന്യമായ ശരീരം.......   അപ്പോള്‍ ആദ്യത്തെ വിധി ഞാന്‍  നടത്തും. പിന്നീട്‌ മനുഷ്യവംശം   വീണ്ടും   മാംസം   ധരിച്ചു വരും. ദൈവകല്‍പ്പനയാല്‍  രണ്ടായി വിഭജിക്കപ്പെടുന്നതിനായി വീണ്ടും വരും.    ചെമ്മരിയാട്ടിന്‍കുട്ടികള്‍   അവരുടെ ഇടയനോടുകൂടിയും   കാട്ടാടുമുട്ടന്മാര്‍    അവരുടെ പീഡകനോടു കൂടിയും ചേര്‍ക്കപ്പെടും. എന്നാല്‍ മാമോദീസാ കഴിഞ്ഞ് അവര്‍ക്കു പാപപ്പൊറുതി നല്‍കുവാന്‍  ആരുമില്ലെങ്കില്‍  എത്രപേര്‍  അവരുടെ ഇടയനോടുകൂടിയുണ്ടായിരിക്കും?
                   അതുകൊണ്ടാണ് ഞാന്‍   പുരോഹിതരെ സൃഷ്ടിക്കുന്നത്. എന്റെ രക്തത്താൽ രക്ഷിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന്.... എന്റെ രക്തം രക്ഷിക്കുന്നു... എന്നാല്‍  മനുഷ്യന്‍  മരണത്തിലേക്കുള്ള വീഴ്ച തുടരുന്നു. വീണ്ടും മരണത്തിലേക്കു നിപതിക്കുന്നു... അവരെ തുടര്‍ച്ചയായി കഴുകിക്കൊണ്ടിരിക്കണം...ഏഴ് എഴുപതു പ്രാവശ്യം അതു ചെയ്യാന്‍  അധികാരമുള്ളവരാല്‍  അതു  നിര്‍വ്വഹിക്കപ്പെടണം. നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും അതു ചെയ്യണം. അതുകൊണ്ട് നിങ്ങളെ നിങ്ങളുടെ  സകല പാപങ്ങളില്‍  നിന്നും ഞാന്‍   മോചിക്കുന്നു. 
                                  എന്റെ നാമത്തില്‍  വിധിക്കുകയും പാപം മോചിക്കുകയും ചെയ്യുക എന്നത് വലിയ ശുശ്രൂഷയാണ്. നിങ്ങള്‍  അപ്പവും വീഞ്ഞും സമര്‍പ്പിച്ചു് അവ എന്റെ ശരീരവും രക്തവുമായി    മാറ്റുമ്പോള്‍,     സ്വഭാവാതീതമായ, അതിശ്രേഷ്ഠമായ ഒരു കര്‍മ്മമാണ് നിങ്ങള്‍   ചെയ്യുന്നത്. അതു  യോഗ്യതയോടുകൂടി നിര്‍വ്വഹിക്കണമെങ്കില്‍  നിങ്ങള്‍   പരിശുദ്ധരായിരിക്കണം.   കാരണം   നിങ്ങള്‍  പരിശുദ്ധനായവനെ സ്പര്‍ശിക്കയാണു ചെയ്യുന്നത്. ദൈവത്തിന്റെ മാംസത്താല്‍  നിങ്ങള്‍   നിങ്ങളെത്തന്നെ   പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. നിങ്ങള്‍   നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും അവയവങ്ങളിലും നാവിലും പരിശുദ്ധിയുള്ളവരായിരിക്കണം.   പരിശുദ്ധകുര്‍ബ്ബാനയെ  നിങ്ങള്‍   സ്നേഹിക്കണം. ഈ സ്വര്‍ഗ്ഗീയ സ്നേഹത്തോടു  കൂടി അശുദ്ധമായ യാതൊരു സ്നേഹവും കൂട്ടിക്കുഴയ്ക്കുവാന്‍  പാടുള്ളതല്ല.   അങ്ങനെ   ചെയ്യുന്നത് ദൈവനിന്ദയായിരിക്കും. നിങ്ങള്‍  ഈ സ്നേഹത്തിന്റെ രഹസ്യം വിശ്വസിക്കുകയും മനസ്സിലാക്കുകയും വേണം. ചിന്തയിലെ അശുദ്ധി വിശ്വാസത്തെ കൊല്ലുന്നു..." 

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്) 

Saturday, February 8, 2014

ദൈവമുണ്ടോ? രസകരമായ ഒരു സംവാദം

           നിരീശ്വരവാദിയായ ഒരു പ്രൊഫസ്സർ, തന്റെ ക്ളാസ്സിൽ വിദ്യാർഥികളോട് ദൈവത്തെപ്പറ്റി  സംസാരിക്കുകയായിരുന്നു.  ശാസ്ത്രീയമായി  ചിന്തിച്ചാൽ ദൈവത്തിന് അസ്തിത്വമില്ല എന്ന്  നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നദ്ദേഹം സമർഥിച്ചു. തന്റെ വാദം തെളിയിക്കാനായി ദൈവവിശ്വാസിയായ ഒരു വിദ്യാർഥിയെ എഴുന്നേൽപ്പിച്ചു നിർത്തി അവനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി:
പ്രൊ: "അപ്പോൾ നീ ദൈവത്തിൽ വിശ്വസിക്കുന്നു,അല്ലേ ? 
വി: "പൂർണ്ണമായും, സർ.."
പ്രൊ:"ആട്ടെ, നിന്റെ ഈ ദൈവം നല്ലവനാണോ?
"തീർച്ചയായും നല്ലവനാണ് .."
പ്രൊ: "ദൈവം സർവശക്തനാണോ?"
"അതെ.."
പ്രൊ: "എന്റെ സഹോദരൻ കാൻസർരോഗബാധിതനായി മരണമടഞ്ഞു.. തന്നെ സുഖപ്പെടുത്തണമേ എന്ന അവന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടില്ല. മനുഷ്യരിലധികംപേരും കഷ്ടതയനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ഉത്സുകരാണ്; എന്നാൽ, ദൈവം അങ്ങിനെയല്ല. എന്നിട്ട് നീ പറയുന്നു ദൈവം നല്ലവനാണെന്ന്, അല്ലെ?
(വിദ്യാർഥി മൌനം)
പ്രൊ: "നിനക്ക് ഉത്തരമില്ല, അല്ലേ ? ശരി, നമുക്ക് ഇനിയും നോക്കാം.. ദൈവം നല്ലവനാണോ?"
"അതെ.."
പ്രൊ: "സാത്താൻ നല്ലവനാണോ?"
"അല്ല.."
പ്രൊ: "സാത്താൻ എവിടെനിന്നാണ് വന്നത്?"
"അത് ... ദൈവത്തിൽ നിന്ന് .."
പ്രൊ: "ശരിയാണ്.. ആകട്ടെ, ഈ ലോകത്തിൽ തിന്മയുണ്ടോ?"
"ഉണ്ട് .."
പ്രൊ: "തിന്മ എല്ലായിടത്തുമുണ്ട്; എല്ലാത്തിന്റെയും സൃഷ്ടാവ് ദൈവമാണെന്നും നീ പറയുന്നു; അല്ലേ "
"അതേ.."
പ്രൊ: "അപ്പോൾ ആരാണ് തിന്മ സൃഷ്ടിച്ചത് ?"
(വിദ്യാർഥി മൌനം)
പ്രൊ: "ഈ ലോകത്തിൽ ദുഃഖങ്ങളുണ്ട്‌, ദുരിതങ്ങളുണ്ട്, രോഗങ്ങളുണ്ട്, അധാർമ്മികതയുണ്ട്, വെറുപ്പും വിദ്വേഷവുമുണ്ട് .. ഭയാനകമായ ഈ കാര്യങ്ങളെല്ലാം ലോകത്തിലുണ്ട്,ഇല്ലേ ?"
"ഉണ്ട് .."
പ്രൊ: "ആരാണ് അവയെല്ലാം സൃഷ്ടിച്ചത് ?"
(വിദ്യാർഥി വീണ്ടും മൌനം)
പ്രൊ: "നിങ്ങൾക്ക് അഞ്ച് ഇന്ദ്രിയങ്ങൾ ഉണ്ടെന്നും അവ ഉപയോഗിച്ച് നിങ്ങൾക്കു ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിലയിരുത്തണമെന്നും സയൻസ് (ശാസ്ത്രം) നിങ്ങളെ പഠിപ്പിക്കുന്നു. ആകട്ടെ, എന്നോടു പറയൂ, നീ ദൈവത്തെ കണ്ടിട്ടുണ്ടോ ?"
"ഇല്ല സർ.." 
പ്രൊ: "നീ ദൈവത്തെ കേട്ടിട്ടുണ്ടോ?"
"ഇല്ല സർ.." 
പ്രൊ: "എപ്പോഴെങ്കിലും നീ ദൈവത്തെ സ്പർശിക്കുകയോ മണത്തറിയുകയോ രുചിക്കുകയൊ, അല്ലെങ്കിൽ ഇന്ദ്രിയപരമായ എന്തെങ്കിലും അനുഭവം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടോ ?"
"ഇല്ല സർ .."
പ്രൊ: "എന്നിട്ടും നീ ദൈവത്തിൽ വിശ്വസിക്കുന്നു!!"
"അതെ സർ .."
പ്രൊ:"സയൻസിന്റെ പ്രഖ്യാപിത തത്വങ്ങളനുസരിച്ച്‌, ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാനാവാത്തതും ശാസ്ത്രീയമായി അസ്തിത്വം  തെളിയിക്കുവാൻ പറ്റാത്തതുമായ ഈ ദൈവം എന്നൊന്ന് ഇല്ല..  നീ എന്തുപറയുന്നു?"
"എനിക്കൊന്നും പറയാനില്ല. ഞാൻ വിശ്വസിക്കുക മാത്രം ചെയ്യുന്നു."
പ്രൊ: "വിശ്വാസം.. അതെ, അവിടെയാണ് കുഴപ്പം .. ശാസ്ത്രവുമായി പൊരുത്തപ്പെടാതെ വരുന്നതവിടെയാണ്.."
പ്രൊഫസ്സറുടെ ചോദ്യംചെയ്യൽ കഴിഞ്ഞപ്പോൾ വിദ്യാർഥി ചോദിച്ചു: "സർ, ഞാനൊന്നു ചോദിക്കട്ടെ; ചൂട് (താപം) എന്നൊരു കാര്യമുണ്ടോ ?"
പ്രൊ: "ഉണ്ടല്ലോ.."
"തണുപ്പ് എന്നൊരു കാര്യമുണ്ടോ ?"
പ്രൊ: "അതുമുണ്ട് .."
"ഇല്ല സർ, സാറിനു തെറ്റി.."
ഈ സമയം ക്ളാസ്സു മുഴുവൻ നിശ്ശബ്ദമായി. വിദ്യാർഥി തുടർന്നു: "സർ, ചൂട് എന്നൊരു കാര്യം ഉണ്ട്; പല  തരത്തിൽ നമുക്കതിനെ അളക്കാം. ചെറിയ ചൂട്, വലിയ ചൂട്, കൊടും ചൂട്, ചൂടില്ലാത്ത അവസ്ഥ ഇങ്ങനെയെല്ലാം പറയാം. എന്നാൽ, തണുപ്പ് എന്നൊരു കാര്യമില്ല. ചൂടില്ലാത്ത ഒരവസ്ഥയ്ക്ക് പറയുന്ന പേരു മാത്രമാണ് തണുപ്പ് .. തണുപ്പിനെ നമുക്ക് അളക്കാൻ സാധിക്കുമോ? ഇല്ല.  ചൂട് ഊർജ്ജമാണ്; ചൂടിന്റെ അഭാവം മാത്രമാണ് തണുപ്പ്; അതിന്റെ വിപരീതമല്ല.."
ക്ളാസ് പരിപൂർണ്ണ നിശബ്ദമായി. 
വി. "സർ, ഇരുട്ട് എന്നൊരു കാര്യമുണ്ടോ?"
പ്രൊ: "പിന്നെ രാത്രി എന്നത് എന്താണ്? 
"സാറിനു വീണ്ടും തെറ്റി; ഇരുട്ട് എന്നൊന്നില്ല.വെളിച്ചത്തിന്റെ  അഭാവം മാത്രമാണ് ഇരുട്ട്.  ചെറിയ വെളിച്ചം, വലിയ വെളിച്ചം, സാധാരണ വെളിച്ചം, ശക്തിയേറിയ വെളിച്ചം ഇതൊക്കെയാകാം; തുടർച്ചയായി വെളിച്ചം ഒട്ടും തന്നെ ഇല്ലാതാകുന്ന അവസ്ഥ  മാത്രമാണ് ഇരുട്ട്. ശരിയല്ലേ ?" 
പ്രൊ: "അപ്പോൾ നീ എന്താണ് പറഞ്ഞുവരുന്നത്?"
"ഇത്രമാത്രം സർ.. സർ മുൻപുപറഞ്ഞ, ദൈവത്തിന് അസ്തിത്വമില്ല എന്നുള്ള ആ സിദ്ധാന്തം തെറ്റാണ്.."
പ്രൊ: "തെറ്റാണെന്നോ ? എങ്കിൽ തെളിയിക്കൂ .."
"സർ, താങ്കളുടെ വാദങ്ങൾ  തെറ്റാണ്. ജീവനും പിന്നെ മരണവുമുണ്ടെന്നും   ഇവ രണ്ടും രണ്ടു വ്യത്യസ്തകാര്യങ്ങളാണെന്നും താങ്കൾ പറയുന്നു. സർ,  മരണം എന്നുപറയുന്നത് ജീവനില്ലാത്ത അവസ്ഥയ്ക്കാണ്.. മരണത്തിന് ഭൗതികമായ അസ്തിത്വം ഉണ്ടാവുക സാധ്യമല്ല.    ദൈവം   നല്ലവനോ ദുഷ്ടനോ എന്നു  താങ്കൾ ചോദിക്കുന്നത്, ദൈവത്തെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാടുതന്നെ തെറ്റായതുകൊണ്ടാണ്.  നമുക്ക് അളക്കാനും അസ്തിത്വം തെളിയിക്കാനും  പറ്റുന്ന,  ഭൗതികമായ എന്തോ ഒരു വസ്തുവാണ് ദൈവം എന്നാണ് താങ്കൾ ചിന്തിക്കുന്നത്. സർ, മനുഷ്യന്റെ ചിന്ത എന്നുള്ളത് എന്താണെന്നുപൊലും വിശദീകരിക്കാൻ സയൻസിനു കഴിഞ്ഞിട്ടില്ല.  ഇലക്ട്രിസിറ്റിയും മാഗ്നറ്റിസവും   സയൻസിന്റെ കണ്ടുപിടുത്തങ്ങളാണ്. നിരവധി മേഖലകളിൽ നാമവ  പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ആരെങ്കിലും അവയെ കണ്ടിട്ടുണ്ടോ? പോട്ടെ, ഏതെങ്കിലും ഒന്നിനെപ്പറ്റിയെങ്കിലും പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടോ?  അതുപോകട്ടെ സർ, താങ്കളുടെ വിദ്യാർഥികളെ താങ്കൾ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നില്ലേ ? അവരുടെ പൂർവികർ കുരങ്ങന്മാരായിരുന്നു എന്നല്ലേ താങ്കൾ അവരെ പഠിപ്പിക്കുന്നത്?"
പ്രൊ: "അതെ."
"താങ്കൾ പഠിപ്പിക്കുന്ന ഈ "പരിണാമം"  താങ്കളുടെ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുണ്ടോ?"
വാദത്തിന്റെ ഗതി മനസ്സിലായ പ്രൊഫസ്സർ  പുഞ്ചിരിക്കുന്നു.
"താങ്കളെന്നല്ല ആരും തന്നെ, പരിണാമസിദ്ധാന്തത്തിൽ പറയുന്ന, കുരങ്ങിൽ നിന്നു മനുഷ്യനിലേക്കുള്ള  പരിണാമം നേരിൽ കണ്ടിട്ടില്ല. ആരുമത് തെളിയിച്ചിട്ടില്ല .. അപ്പോൾപ്പിന്നെ,  താങ്കൾ താങ്കളുടെ അഭിപ്രായം മാത്രമല്ലേ  പഠിപ്പിക്കുന്നത്? അങ്ങനെ വരുമ്പോൾ താങ്കൾ ഒരു സയന്റിസ്റ്റ് അല്ല,  ഒരു പ്രസംഗകൻ മാത്രമല്ലേ?
ക്ളാസ്സിൽ കൂട്ടച്ചിരി ഉയർന്നു ..
വിദ്യാർഥി തന്റെ വാദം തുടർന്നു;
"ഈ ക്ളാസ്സിൽ ആരെങ്കിലും നമ്മുടെ പ്രൊഫസ്സറുടെ തലച്ചോറ് കണ്ടിട്ടുണ്ടോ?
ക്ളാസ്സിൽ വീണ്ടും കൂട്ടച്ചിരി ..
"ആരെങ്കിലും അദ്ദേഹത്തിൻറെ തലച്ചോറിനെ കേൾക്കുകയോ സ്പർശിക്കുകയോ മണക്കുകയോ ചെയ്തിട്ടുണ്ടോ?  ഇല്ല; ആരും ഉണ്ടെന്നു തോന്നുന്നില്ല. അതിനാൽ, സയന്സിന്റെ പ്രഖ്യാപിതതത്വങ്ങളനുസരിച്ച്‌ നമ്മുടെ പ്രൊഫസ്സർക്ക് തലച്ചോറില്ല!!  സർ, അങ്ങയോടുള്ള ആദരവോടുകൂടിത്തന്നെ ഞാൻ ചോദിക്കുന്നു:  (തലച്ചോറില്ലാത്ത) താങ്കൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും?"
          അൽപസമയം വിദ്യാർഥിയെ നോക്കിനിന്നശേഷം  പ്രൊഫസ്സർ  പറഞ്ഞു: "അത്.....അത് .. കുഞ്ഞേ, നിങ്ങൾക്കെന്നെ വിശ്വാസത്തിലെടുക്കേണ്ടിവരുമെന്ന് എനിക്കു തോന്നുന്നു.."
"അതുതന്നെ സർ,  വിശ്വാസം!!  അതുതന്നെയാണ് ദൈവത്തെയും മനുഷ്യനെയും യോജിപ്പിക്കുന്ന കണ്ണി.. അതാണ്‌ ഈ പ്രപഞ്ചത്തിലുള്ള സകലത്തെയും സജീവമാക്കുന്നത്..."

            ഇത് കഥയല്ല; നടന്ന സംഭവമാണ്. രസികനായ ഈ വിദ്യാർഥി ആരെന്നോ ?പിൽക്കാലത്ത്  വിഖ്യാത ശാസ്ത്രജ്ഞനായിത്തീർന്ന   ആൽബർട്ട് ഐൻസ്റൈൻ! 

Sunday, February 2, 2014

ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ

ഫെബ്രുവരി 2 - ഇന്ന്  ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ 




                കന്യകാമാതാവും യൌസേപ്പുപിതാവും ഉണ്ണിയീശോയെയുമായി ജെറുസലേം ദേവാലയത്തിന്റെ  മതിൽക്കെട്ടിനുള്ളിലേക്കു  പ്രവേശിക്കുന്നു. അവർ ആദ്യം പോകുന്നത് കച്ചവടക്കാരുള്ള സ്ഥലത്തേക്കാണ്. പിൽക്കാലത്ത് ഈശോ അടിച്ചോടിക്കുന്നത് ഈ സ്ഥലത്ത് കച്ചവടം നടത്തുന്നവരെയാണ്. ആടുകളെയും പ്രാവുകളെയും വിൽക്കുന്നവരും നാണയമാറ്റക്കാരുമാണ് അവിടെ. ജോസഫ് രണ്ടു വെള്ളപ്രാക്കളെ വാങ്ങുന്നു. 
               പിന്നീടവർ ദേവാലയത്തിന്റെ ഒരു വശത്തുള്ള വാതിൽക്കലേക്കു പോകുന്നു. ഒരു പുരോഹിതൻ അവരുടെ അടുത്തേക്കു വരുന്നു. മേരി പ്രാവുകളെ അദ്ദേഹത്തിന്റെ കൈയിലേക്കു കൊടുക്കുന്നു. പുരോഹിതൻ മേരിയുടെമേൽ വെള്ളം തളിക്കുന്നു. പുരോഹിതൻ ദേവാലയത്തിനകത്തേക്കു പോകുന്നു. മേരി ഒരു നിശ്ചിതസ്ഥാനം വരെ പുരോഹിതനെ അനുഗമിക്കുന്നു. പിന്നെ നില്ക്കുന്നു; ശിശുവിനെ പുരോഹിതന്റെ കൈയിൽ കൊടുക്കുന്നു.  അവിടെ നിന്നും ഏതാനും മീറ്റർ അകലെ വീണ്ടും നടകളും അവയുടെ മുകളിൽ ഒരു അൾത്താരയുമുണ്ട്.  പുരോഹിതൻ, ശിശുവിനെ തന്റെ കരങ്ങളിലെടുത്ത് അൾത്താരയ്ക്കെതിരെ നിന്ന് ദേവാലയഭാഗത്തേക്കുയർത്തിപ്പിടിക്കുന്നു. ഈ സമയം, ഉണ്ണി ഉണർന്ന്,  ഏതാനും ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ നിഷ്കളങ്കവും അത്ഭുതം നിറഞ്ഞതുമായ കണ്ണുകളോടെ പുരോഹിതനെ നോക്കുന്നു. കർമ്മം കഴിഞ്ഞ് പുരോഹിതൻ ശിശുവിനെ അമ്മയുടെ കൈയിൽ കൊടുത്തശേഷം പോകുന്നു.
                                ഇതെല്ലാം നോക്കിനില്ക്കുന്ന ഒരു സംഘം ആളുകളുടെ ഇടയിൽ നിന്നും ഒരു ചെറിയ മനുഷ്യൻ, പ്രായാധിക്യം കൊണ്ട് കൂനുള്ള ഒരാൾ, വടിയുടെ സഹായത്തോടെ നടന്നുവരുന്നു.  അയാൾ, മേരിയുടെ അടുത്തുചെന്ന് കുഞ്ഞിനെ ഒരു നിമിഷത്തേക്കു കൊടുക്കാമോ എന്നു ചോദിക്കുന്നു. മേരി പുഞ്ചിരിതൂകിക്കൊണ്ട് അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നു.
                               ശിമയോൻ ശിശുവിനെ കൈയിലെടുത്തു ചുംബിക്കുന്നു. ഈശോ ശിശുക്കൾക്കു സഹജമായവിധം അയാളെ നോക്കി പുഞ്ചിരിതൂകുന്നു. വൃദ്ധൻ കരയുകയും ചിരിക്കുകയും ചെയ്യുന്നു.. കണ്ണുനീർ, ചിത്രപ്പണിപോലെ ചുളിവുകളുള്ള മുഖത്തു തിളങ്ങുകയും നീളമുള്ള താടിമീശയെ തടവി മുത്തുമണികൾ പോലെ താഴേക്ക് ഒഴുകുകയും ചെയ്യുന്നു..
                                               സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ ശിമയോൻ ഉച്ചരിക്കുന്നു.. ജോസഫ് വിസ്മയിക്കുന്നു.. മേരി ദുഃഖം നിറഞ്ഞ കണ്ണുകളോടെ ശിമയോനെ നോക്കുന്നു.  അവളുടെ പുഞ്ചിരി താനെ വിളറുന്നു .. അവൾക്കറിയാമെങ്കിലും ആ വാക്കുകൾ അവളുടെ ആത്മാവിൽ തുളച്ചുകയറുന്നു.  ആശ്വാസത്തിനായി അവൾ ജോസഫിന്റെ പക്കലേക്കു പോകുന്നു. ശിശുവിനെ നെഞ്ചോടുചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്നു.. ദാഹിച്ചുപൊരിയുന്ന ആത്മാവിനെപ്പോലെ ഫനുവേലിന്റെ പുത്രി അന്നയുടെ വാക്കുകൾ സ്വീകരിക്കുന്നു..അന്ന, മേരിയുടെ സഹനങ്ങളെക്കുറിച്ച് യഥാർത്ഥ സഹതാപത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു..നിത്യനായ പിതാവ്, ദുഃഖത്തിന്റെ ആ നാഴികയിൽ, സ്വഭാവാതീതമായ ശക്തി നല്കി നിന്നെ സംരക്ഷിച്ച് ആ ദുഃഖം മയപ്പെടുത്തും എന്നുപറയുന്നു.. "സ്ത്രീയേ, തന്റെ ജനത്തിനു രക്ഷകനെ പ്രദാനം ചെയ്തവൻ, നിന്റെ കണ്ണീർ തുടയ്ക്കാൻ ദൈവദൂതനെ അയയ്ക്കുന്നതിന് അശക്തനല്ല.  ഇസ്രായേലിലെ സ്ത്രീകൾക്ക് ദൈവമായ കര്ത്താവിന്റെ സഹായം ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല. നീയാകട്ടെ, യൂദിത്തിനെയും ജായേലിനെയുംകാൾ എത്രയോ ശ്രേഷ്ഠയാകുന്നു..ഏറ്റം നിർമലമായ ഒരു ഹൃദയം നമ്മുടെ കർത്താവു നിനക്കു തരും..ദുഃഖത്തിന്റെ കൊടുങ്കാറ്റിനെ നീ അതിജീവിക്കും. അങ്ങനെ   സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരിൽ വെച്ച് 
അതിശ്രേഷ്ഠയായ  സ്ത്രീയും അമ്മയും നീആയിത്തീരും.    കുഞ്ഞേ, നിന്റെ      ദൗത്യനിർവഹണസമയത്ത്   എന്നെ   നീ        ഓർക്കണമേ ..."
                                                                                                              (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)                                                  

സാത്താൻ വാസ്തവത്തിൽ ഉണ്ടോ?

നിക്കോളാസ് എന്ന യുവാവിന്റെ  അനുഭവ സാക്ഷ്യം

                         ഫാ.ആൻഡ്രൂ ട്രാപ്  പറയുന്നു: വളരെക്കാലം സഭയിൽ നിന്നകന്നു ജീവിച്ചശേഷം, തിരിച്ച് സഭയിലേക്കു വന്നിട്ടുള്ള   യുവജനങ്ങൾക്കായി  എന്റെ ഇടവകയിൽ  ആഴ്ച തോറും ഒരു  പ്രാർഥനാ യോഗം നടത്തുന്നുണ്ട്. യുവാക്കളോരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചകൂട്ടത്തിൽ,  നിക്കോളാസ് എന്നു പേരായ ഒരു യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി !!

                    അവൻ വർഷങ്ങളോളം സാത്താൻ സേവക്കാരുടെ ഒരു ഗ്രൂപ്പിൽ അംഗമായിരുന്നു! ആ കാലമത്രയും അവൻ ദുസ്സഹമായ മാനസിക സംഘർഷത്തിലും നിരാശയിലുമായിരുന്നു കഴിഞ്ഞിരുന്നത്. താനകപ്പെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ അവൻ  ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.  നിരാശ മൂത്ത അവൻ  ആത്മഹത്യയെപ്പറ്റി ചിന്തിക്കാൻ തുടങ്ങി ..  
                                     നിക്കോളാസിന്റെ അമ്മ അതീവഭക്തയായ ഒരു സ്ത്രീയായിരുന്നു.   അവരുടെ തീക്ഷ്ണമായ പ്രാർഥനയാൽ അവൻ ആ പൈശാചികസംഘത്തിൽ നിന്ന് ഒടുവിൽ മുക്തി നേടി,  ക്രിസ്തുവിനോടൊത്തു ജീവിക്കാൻ തുടങ്ങി. അങ്ങനെയാണ് എന്റെ ഇടവകയിലെ പ്രാർഥനാ ഗ്രൂപ്പിലെ അംഗമായതും മീറ്റിങ്ങുകളിൽ സംബന്ധിക്കാൻ തുടങ്ങിയതും.  
                         നിക്കോളാസിന്റെ തുറന്ന വെളിപ്പെടുത്തൽ കേട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി!    സാത്താൻ സേവക്കാരുമായി ബന്ധമുണ്ടായിരുന്ന ആരെയും അന്നുവരെ ഞാൻ കണ്ടുമുട്ടിയിരുന്നില്ല.  ഇക്കൂട്ടരെപ്പറ്റി  പറഞ്ഞുകേൾക്കുന്നതൊക്കെ സത്യമാണോ എന്നറിയാൻ എനിക്കാഗ്രഹം തോന്നി. ഞാൻ അവനോടു ചോദിച്ചു: "എങ്ങിനെയാണ് നിങ്ങൾ സാത്താനെ ആരാധിച്ചിരുന്നത്?"
"                             "കത്തോലിക്കാ സഭയുടെ ഏറ്റം ആരാധ്യകൂദാശയായ  ദിവ്യബലിയുടെ പരിഹാസ്യ രൂപമായ 'കറുത്ത കുർബാനകൾ' (black mass) നടത്തിക്കൊണ്ട് .."
                          പ്രൊട്ടസ്റ്റന്റുകാരുടെയോ മറ്റു മതക്കാരുടെയോ ആരാധനാരീതികളോ പ്രാർഥനാരീതികളോ ഇപ്രകാരം ഹാസ്യമായി അനുകരിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്നവൻ മറുപടി നല്കി.  കത്തോലിക്കാ ദേവാലയങ്ങളിൽ നിന്ന് വാഴ്ത്തിയ തിരുവോസ്തികൾ  ഇക്കൂട്ടർ മോഷ്ടിക്കാറുണ്ട് എന്നു കേൾക്കുന്നതു സത്യമാണോ എന്നു ചോദിച്ചതിന് സത്യമാണ് എന്നായിരുന്നു മറുപടി. 'കറുത്ത കുർബാന'യുടെ ആഘോഷവേളയിൽ ഈ തിരുവോസ്തികളുടെ മേൽ തുപ്പുകയും ചവിട്ടുകയും ഏറ്റം നിന്ദ്യമായ വിധത്തിൽ അവഹേളിക്കുകയും ചെയ്യുമെന്നും അവൻ പറഞ്ഞു.  

ഞാൻ വീണ്ടും ചോദിച്ചു: "സാത്താൻ സേവയിൽ തഴക്കം വന്നവർക്ക് വാഴ്ത്തിയ തിരുവോസ്തികൾ, മറ്റുള്ളവയിൽനിന്ന് തിരിച്ചറിയാമെന്നു പറയുന്നതും സത്യമാണോ? ഉദാഹരണത്തിന് പ്രൊട്ടസ്റ്റന്റുകാർ അവരുടെ പ്രാർഥനാ കർമ്മങ്ങൾക്കുപയോഗിക്കുന്ന അപ്പമോ കൂദാശ ചെയ്യപ്പെടാത്ത ഓസ്തിയോ വാഴ്ത്തിയ തിരുവോസ്തികൾക്കൊപ്പം വെച്ചാൽ ഏതിലാണ്  യേശുക്രിസ്തുവിന്റെ സാന്നിധ്യമുള്ളതെന്ന് ഇവർക്കു തിരിച്ചറിയാൻ പറ്റുമോ?"
"പറ്റും ..  എനിക്കതറിയാമായിരുന്നു.."
"എങ്ങനെ?"
  എന്നെ ഒന്നുനോക്കിയശേഷം നിക്കോളാസ് പറഞ്ഞ മറുപടി എന്റെ ഓർമയിൽനിന്ന് ഒരു കാലത്തും മാഞ്ഞുപോവില്ല.   "മുഖ്യമായും എന്റെയുള്ളിൽ  കത്തിജ്ജ്വലിക്കുന്ന വെറുപ്പു നിമിത്തം.."

                             ഇതുകേട്ട് തലയ്ക്കടി കിട്ടിയവനെപ്പോലെ ഞാൻ മരവിച്ചു നിന്നു.  പല വിശുദ്ധന്മാർക്കും തിരുവോസ്തിയിലെ ഈശോയുടെ പരിശുദ്ധ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഈ സിദ്ധിയുള്ളതായി എനിക്കറിയാം. കൂദാശ ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഓസ്തികൾ  ഒരുമിച്ചു വെച്ചാൽ, യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉള്ള തിരുവോസ്തി  ഏതെന്നു പറയുവാൻ അവർക്കു കഴിയും. പക്ഷെ, അത് യേശുക്രിസ്തുവുമായുള്ള അതീവദൃഡമായ ഐക്യത്തിൽ നിന്നുളവാകുന്ന ഒരു സിദ്ധിയാണ്. എന്നാൽ,  നേരെമറിച്ച് നിക്കൊളാസോ ? സാത്താനെ ആരാധിച്ചതിന്റെ ഫലമായി അവന്റെയുള്ളിൽ രൂപപ്പെട്ട ക്രിസ്തുവിനോടുള്ള അതികഠിനമായ വെറുപ്പിനാൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അവൻ തിരിച്ചറിയുന്നു!!
                        
               ഇത് നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട  ഒരു കാര്യമാണ്. കത്തോലിക്കരായ നമുക്ക് പരിശുദ്ധവും ആരാദ്ധ്യവുമായ എന്തിനെയും പരിഹാസ്യമായി അനുകരിക്കുന്നവനാണ് സാത്താൻ.  ലോകത്തിലെ  പ്രാർഥനകളിൽ ഏറ്റവും പരിശുദ്ധമായതാണ് പരിശുദ്ധ കുർബാന. ഏറ്റം ആരാധ്യമായ ഈ കൂദാശയെ അങ്ങേയറ്റം അവഹേളിച്ചുകൊണ്ട് അവന്റെ അനുയായികൾ കറുത്ത കുര്ബാന നടത്തുന്നു.  തിരുവോസ്തിയിലെ ക്രിസ്തുസാന്നിദ്ധ്യത്തെ സ്നേഹം കൊണ്ടു തിരിച്ചറിയുന്നതിനു പകരം, വെറുപ്പു കൊണ്ടു തിരിച്ചറിയുന്നു! 


                              നിക്കോളാസിന്റെ ഈ വെളിപ്പെടുത്തലുകൾ  ഞെട്ടിപ്പിക്കുന്നതാണെങ്കിലും   മറ്റൊരു വിധത്തിൽ അതു നമുക്ക് പ്രത്യാശയും ശക്തിയും പകർന്നുതരുന്നു.  സാത്താൻ വാസ്തവത്തിൽ ഉണ്ട്; അവൻ ശക്തനുമാണ്. എന്നാൽ, അവനെക്കാൾ അനേകായിരം മടങ്ങ്‌ ശക്തനാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്തു.  അവിടുത്തെ കൃപയാലും പ്രിയപ്പെട്ടവരുടെയോ വിശ്വാസികളായ മറ്റുള്ളവരുടെയോ പ്രാർത്ഥനയാലും  ഏറ്റം നികൃഷ്ഠനായ പാപിയെപ്പോലും ക്രിസ്തുവിന്റെ സ്നേഹത്തിലേക്കു തിരിച്ചുകൊണ്ടു വരാനാകും.