ജാലകം നിത്യജീവൻ: January 2014

nithyajeevan

nithyajeevan

Wednesday, January 29, 2014

സ്വർഗ്ഗവും നരകവും ഉണ്ടോ? ഫാ.ജോസിന്റെ അനുഭവസാക്ഷ്യം

 ഫാ.ജോസിന്റെ അനുഭവസാക്ഷ്യം തുടരുന്നു: 

           ഈശോ എന്നോടു പറഞ്ഞു: "നിന്നെ ഞാൻ ഭൂമിയിലേക്കു തിരിച്ചയയ്ക്കാനാഗ്രഹിക്കുന്നു. നിന്റെ ഈ രണ്ടാം ജന്മത്തിൽ നീ എന്റെ സമാധാനത്തിന്റെ ഉപകരണവും മനുഷ്യർക്കു സൗഖ്യവുമായിത്തീരും. ഒരു വിദേശ രാജ്യത്തു പോയി നീ വിദേശഭാഷ സംസാരിക്കും. എന്റെ കൃപ മൂലം ഇതെല്ലാം നിനക്കു സാധ്യമാകും.  അപ്പോൾ പരിശുദ്ധമാതാവ് എന്നോടു പറഞ്ഞു: "അവിടുന്ന് പറയുന്നതുപോലെ ചെയ്ക.  നിന്റെ ശുശ്രൂഷയിൽ ഞാൻ നിന്നെ സഹായിക്കും."
                    തുടർന്ന് എന്റെ കാവൽമാലാഖയോടൊപ്പം ഞാൻ ഭൂമിയിലേക്കു മടങ്ങി വന്നു.  ആ സമയത്ത് എന്റെ മൃതദേഹം ആശുപത്രിയിലായിരുന്നു.  ഡോക്ടർമാർ പരിശോധനക്കു ശേഷം ഞാൻ  മരിച്ചതായി പ്രഖ്യാപിച്ചു!  മരണകാരണം രക്തസ്രാവവും...  എന്റെ കുടുംബാംഗങ്ങളൊക്കെയും വളരെ ദൂരെയായിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുവാൻ തീരുമാനമായി. അവിടേക്ക് ശരീരം മാറ്റുന്നതിനിടയിൽ എന്റെ ആത്മാവ് മടങ്ങിയെത്തി ശരീരത്തിൽ പ്രവേശിച്ചു. പെട്ടെന്ന് അതികഠിനമായ വേദന എനിക്കനുഭവപ്പെടാൻ തുടങ്ങി..ശരീരത്തിലുള്ള മുറിവുകളും അസ്ഥികൾക്കു സംഭവിച്ച ഒടിവുകളുമായിരുന്നു വേദനയ്ക്ക് കാരണം. ഞാൻ കരഞ്ഞു നിലവിളിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരം മോർച്ചറിയിലേക്കു കൊണ്ടുപോയിരുന്നവർ ഭയപ്പെട്ട് കരഞ്ഞുകൊണ്ടോടിപ്പോയി. അതിലൊരാൾ ഡോക്ടറെ സമീപിച്ച് മൃതദേഹം കരഞ്ഞുനിലവിളിക്കുന്നതായി അറിയിച്ചു. ഡോക്ടർ ഉടൻതന്നെ വന്ന്‌ എന്നെ പരിശോധിച്ചപ്പോൾ എനിക്കു ജീവനുള്ളതായിക്കണ്ടു !! ഇത് ഒരത്ഭുതമാണെന്നും അച്ചൻ ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞ് എന്നെ ആശുപത്രിയിലേക്കു മാറ്റി.
                   അവിടെ വെച്ച് എനിക്കു രക്തം നൽകുകയും എന്നെ പല ശസ്ത്രക്രിയകൾക്കും വിധേയനാക്കുകയും ചെയ്തു.   എന്റെ കീഴ്ത്താടിയുടെ എല്ല്, വാരിയെല്ലുകൾ, കൈയുടെ കുഴ, വലത്തുകാൽ, ഇടുപ്പെല്ല് ഇവയെല്ലാം ഒടിഞ്ഞിരുന്നു... രണ്ടുമാസത്തിനു ശേഷം ഞാൻ ആശുപത്രി വിട്ടു. ഇനിയൊരിക്കലും എനിക്കു നടക്കാൻ കഴിയില്ലെന്ന് അവിടുത്തെ അസ്ഥിരോഗവിദഗ്ദ്ധൻ വിധിയെഴുതി. എന്റെ ജീവൻ  തിരിച്ചു നല്കി ഈ ലോകത്തിലേക്ക് എന്നെ മടക്കി അയച്ച ദൈവം,  എന്നെ സുഖപ്പെടുത്തുമെന്ന് ഞാൻ മറുപടി നല്കി. 
               വീട്ടിലേക്കു മടങ്ങിയ ഞാൻ, ഒരത്ഭുതം സംഭവിക്കാൻ എല്ലാവരുമൊത്തു പ്രാർത്ഥന തുടങ്ങി. ഒരു മാസം കഴിഞ്ഞിട്ടും എനിക്കു നടക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഇടുപ്പിന്റെ ഭാഗത്ത് ശക്തിയായ വേദന അനുഭവപ്പെട്ടു.. അൽപസമയം കഴിഞ്ഞപ്പോൾ വേദന മാറി. തുടർന്ന് ഒരു സ്വരം ഞാൻ കേട്ടു:  "നിനക്കു സൌഖ്യം ലഭിച്ചിരിക്കുന്നു; എഴുന്നേറ്റു നടക്കുക."  സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും അനുഭവം എന്റെ ശരീരത്തിൽ ഞാനനുഭവിച്ചു. പെട്ടെന്ന് ഞാൻ എഴുന്നേറ്റുനടന്നു!!  ഈ അത്ഭുതരോഗസൗഖ്യത്തിന്  ദൈവത്തിനു ഞാൻ നന്ദിയർപ്പിച്ചു..
                            ഈ വിവരം ഞാനെന്റെ ഡോക്ടറെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ദൈവമാണ് സത്യദൈവം. ഞാൻ ആ ദൈവത്തെ അംഗീകരിക്കുന്നു.." ഹിന്ദുമതവിശ്വാസിയായ ആ ഡോക്ടർ, കത്തോലിക്കാസഭയെപ്പറ്റി പഠിപ്പിക്കുവാൻ എന്നോടാവശ്യപ്പെട്ടു. പഠനത്തിനു ശേഷം മാമോദീസ സ്വീകരിച്ച് അദ്ദേഹം  കത്തോലിക്കാസഭയിൽ അംഗമായി. 

                   ഈശോ നല്കിയ സന്ദേശമനുസരിച്ച്    1986 നവംബർ പത്താംതീയതി, ഞാനൊരു മിഷനറി വൈദികനായി അമേരിക്കയിലെത്തി. അവിടുത്തെ ബോയിസ് രൂപതയിലും ഈദോഹയിൽ 1987 മുതൽ 1989 വരെയും തുടർന്ന് 1989 മുതൽ 1992 വരെ ഫ്ളോറിഡയിലും  പിന്നീട് സെന്റ് അഗസ്റ്റിൻസ് രൂപതയിലും  സേവനം ചെയ്തു.  ഇപ്പോൾ, മാക്ലെന്നിലുള്ള സെന്റ്‌ മേരി മദർ ഓഫ് മേഴ്സി കാത്തലിക് ചർച്ചിൽ വികാരിയായി സേവനം അനുഷ്ടിക്കുന്നു. ഈ പള്ളിയിൽ എല്ലാ മാസാദ്യ ശനിയാഴ്ചകളിലും ദൈവകാരുണ്യസൗഖ്യശുശ്രൂഷകൾ നടത്തുന്നു. കൂടാതെ, കുടുംബശാപങ്ങളെ സൗഖ്യമാക്കുന്ന പ്രത്യേകശുശ്രൂഷ വർഷത്തിൽ പല തവണ നടത്താറുണ്ട്‌. ഇങ്ങനെ പൂർവികരിലൂടെ കടന്നുവരുന്ന പാപശാപങ്ങളുടെ സ്വാധീനത്തിൽ നിന്നും ധാരാളം ആളുകൾക്ക് സൗഖ്യം ലഭിച്ചിട്ടുണ്ട്. 

(2012 ലെ അറ്റ്ലാന്റാ സീറോ മലബാർ കണ്‍വെൻഷനിൽ വെച്ചു നൽകിയ അനുഭവസാക്ഷ്യം)

Web site: http://frmaniyangathealingministry.com

സ്വർഗ്ഗവും നരകവും ഉണ്ടോ?

സ്വർഗ്ഗവും നരകവും ഉണ്ടോ?
അവ ഉണ്ടെന്നു തെളിയിക്കുന്ന റവ.ഫാ.ജോസ് മണിയങ്ങാട്ടിന്റെ അനുഭവസാക്ഷ്യം 

Fr.Jose
ഞാൻ 1949 ജൂലയ് 15 ന് മണിയങ്ങാട്ട് ജോസഫിന്റെയും തെരെസായുടെയും മകനായി കേരളത്തിൽ ജനിച്ചു. എനിക്കു 14 വയസ്സുള്ളപ്പോൾ തിരുവല്ലായിലെ സെൻറ് മേരീസ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. നാലു വർഷത്തിനു ശേഷം ആലുവായിലെ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പഠനം തുടർന്നു. ഫിലോസഫിയിലും തിയോളജിയിലും 7 വർഷത്തെ പഠനത്തിനുശേഷം 1975 ജനുവരി ഒന്നാം തീയതി എനിക്കു വൈദിക പട്ടം ലഭിച്ചു. തുടർന്ന് തിരുവല്ലാ രൂപതയിൽ മിഷനറിയായി സേവനം ചെയ്യാൻ തുടങ്ങി. 
                           സുൽത്താൻ ബത്തേരിയിലെ മൈനർ സെമിനാരിയിൽ അദ്ധ്യാപകനായിരിക്കെ, 1978 - ൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ സജീവ അംഗമായി മാറി. ഏറെ കരിസ്മാറ്റിക് ധ്യാനങ്ങളും സമ്മേളനങ്ങളും കേരളത്തിൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞു. 1985 ഏപ്രിൽ പതിന്നാലാം തീയതി, ദൈവകരുണയുടെ തിരുനാൾ ദിവസം, കേരളത്തിന്റെ വടക്കുഭാഗത്തുള്ള ഒരു ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കാനായി പോകവേ, ഞാനൊരു വലിയ അപകടത്തിൽപ്പെട്ടു.
                മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന എന്നെ,  മദ്യപനായ ഒരാൾ  ഓടിച്ചിരുന്ന ഒരു ജീപ്പ് ഇടിച്ചുവീഴ്ത്തി.  ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിൽ കിടന്നിരുന്ന എന്നെ, ഏകദേശം 35 മൈൽ അകലെയുള്ള ഒരാശുപത്രിയിൽ എത്തിച്ചു.  ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ, ഞാൻ മരിക്കുകയും എന്റെ ആത്മാവ് എന്റെ ശരീരത്തിനു പുറത്തുവരികയും ചെയ്തു.എന്റെ കാവൽമാലാഖയെ ഞാൻ കണ്ടു.  എന്റെ ശരീരത്തെയും അതിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവരെയുമൊക്കെ പുറത്തുനിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. അവർ കരയുന്നതും എനിക്കുവേണ്ടി പ്രാർഥിക്കുന്നതുമല്ലാം ഞാൻ കണ്ടു. അപ്പോൾ എന്റെ  കാവൽ മാലാഖ ഇപ്രകാരം പറഞ്ഞു: "ദൈവം നിന്നെ കാണുവാനും നിന്നോടു സംസാരിക്കാനും ആഗ്രഹിക്കുന്നു."  പോകുന്ന വഴിക്ക് നരകവും ശുദ്ധീകരണസ്ഥലവും എന്നെ കാണിച്ചുതരാമെന്നും കാവൽമാലാഖ പറഞ്ഞു. 
                           


ആദ്യം, മാലാഖ എന്നെ നരകം കാണിച്ചു. സാത്താനും പിശാചുക്കളും അത്യധികം ചൂടു വമിക്കുന്ന കെടാത്ത അഗ്നിയും ഇഴഞ്ഞു നടക്കുന്ന പുഴുക്കളും കരയുകയും തമ്മിൽ പോരടിക്കുകയും ചെയ്യുന്ന അനേകം മനുഷ്യരും എല്ലാംകൂടി വളരെ ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. മനുഷ്യരെയെല്ലാം പിശാചുക്കൾ പീഡിപ്പിക്കുന്നുണ്ടായിരുന്നു.    മാരകപാപങ്ങൾ ചെയ്തിട്ട് അനുതപിക്കാത്തതുകൊണ്ടാണ്  ഈ പീഡനങ്ങൾ അവർക്കുണ്ടായതെന്നു മാലാഖ പറഞ്ഞുതന്നു.  ഏഴു തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്നും അവ ഭൂമിയിൽ വെച്ച് മനുഷ്യർ ചെയ്തിട്ടുള്ള മാരകപാപങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കുമെന്നും എനിക്കു മനസ്സിലായി. എനിക്കറിയാവുന്ന പല ആളുകളേയും ഞാനവിടെ കണ്ടു. അവർ ആരൊക്കെയെന്നു വെളിപ്പെടുത്തുവാൻ എനിക്ക് അനുവാദമില്ല. അവിടെ കണ്ട ആത്മാക്കൾ ചെയ്ത മാരകപാപങ്ങൾ പ്രധാനമായും  ഭ്രൂണഹത്യ, സ്വവർഗഭോഗം, വെറുപ്പ്‌,  വിശുദ്ധരായ വ്യക്തികളോടോ പവിത്രമായ വസ്തുക്കളോടോ കാണിച്ചിട്ടുള്ള നിന്ദ, ക്ഷമിക്കാത്ത അവസ്ഥ ഇവയൊക്കെയായിരുന്നു.. അവർ മരിക്കുന്നതിനു മുൻപ് അനുതപിച്ചിരുന്നെങ്കിൽ നരകത്തിൽ പോകാതെ ശുദ്ധീകരണസ്ഥലത്തു പോകുമായിരുന്നു എന്ന് എന്റെ കാവൽമാലാഖ എന്നോടു പറഞ്ഞു. അവിടെ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പലരെയും എനിക്കവിടെ കാണാൻ കഴിഞ്ഞു!! സഭാനേതൃത്വത്തിലിരുന്ന ചിലർ, അവരുടെ തെറ്റായ പഠിപ്പിക്കലുകളും ദുർമാതൃകയും മൂലമാണ് നരകത്തിലെത്തിയത്.
                               
നരകം കാണിച്ചതിനു ശേഷം കാവൽമാലാഖ എന്നെ ശുദ്ധീകരണസ്ഥലത്തേക്ക് നയിച്ചു.  അവിടെയും ഏഴു തരത്തിലുള്ള പീഡനങ്ങളും കെടാത്ത അഗ്നിയും ഞാൻ കണ്ടു. എന്നാൽ, അവിടെയുള്ള ആത്മാക്കൾ തമ്മിൽ പോരടിക്കുന്നില്ല.. അവിടെയുള്ള ആത്മാക്കളുടെ ഏറ്റം വലിയ പീഡനം, അവർ ദൈവസന്നിധിയിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന അവസ്ഥയാണ്.  ജീവിച്ചിരുന്നപ്പോൾ കൊടിയ പാപങ്ങൾ ചെയ്തവരെങ്കിലും മരണസമയത്ത് പശ്ചാത്തപിച്ച് ദൈവവുമായി അനുരഞ്ജനപ്പെട്ടതിനാൽ നരകത്തിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞ പല ആത്മാക്കളേയും ഞാൻ കണ്ടു. അവർ അവിടെ നിരവധി യാതനകൾ അനുഭവിക്കുന്നുവെങ്കിലും ഒരു ദിവസം ദൈവദർശനം ലഭിക്കുമെന്ന പ്രത്യാശയിൽ സമാധാനത്തോടെ എല്ലാം സഹിക്കുന്നു. 
                       ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ആശയവിനിമയം നടത്താൻ എനിക്ക് അനുവാദംനൽകപ്പെട്ടു. അവർക്കുവേണ്ടി പ്രാർഥിക്കണമെന്ന് എന്നോടവർ അപേക്ഷിച്ചു.. കൂടാതെ, ലോകത്തിലുള്ളവരോട് അവർക്കുവേണ്ടി പ്രാർഥിക്കുവാൻ പറയണമെന്നും പറഞ്ഞു.  അവർക്കുവേണ്ടി നാം പ്രാർഥിക്കുമ്പോൾ അവരുടെ സ്വർഗ്ഗപ്രവേശനം ത്വരിതപ്പെടുമെന്നും നമ്മുടെ പ്രാർഥനകൾക്ക് എന്നെന്നും അവർ നമ്മോട് നന്ദിയുള്ളവരായിരിക്കുമെന്നും നിത്യതയിലെത്തുമ്പോൾ അതിന് പ്രതിസമ്മാനം ദൈവത്തിൽ നിന്നു പ്രാപിച്ചുതരുന്നതാണെന്നും അവർ പറഞ്ഞു. 

പിന്നീട്, മാലാഖ എന്നെ കണ്ണഞ്ചിപ്പിക്കുന്ന ഒരു വെളുത്ത തുരങ്കത്തിലൂടെ കൊണ്ടുപോയി. ഈ സമയത്ത് ഞാനനുഭവിച സന്തോഷവും സമാധാനവും ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല! പെട്ടെന്ന് സ്വർഗം തുറന്നു...സ്വർഗീയ സംഗീതം കേൾക്കാൻ തുടങ്ങി... മാലാഖമാരെല്ലാം ദൈവത്തെ പടി സ്തുതിക്കുകയാണ് ... പരിശുദ്ധ കന്യകാമാതാവിനെയും വി. യൌസേപ്പുപിതാവിനെയും മറ്റനേകം വിശുദ്ധരേയും അവിടെ കണ്ടു. അവരെല്ലാം നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. തുടർന്ന് ഈശോ എന്റെ മുൻപിൽ നിൽക്കുന്നതായി  ഞാൻ കണ്ടു !!ഈശോ എന്നോടു പറഞ്ഞു: "നിന്നെ ഞാൻ ഭൂമിയിലേക്കു തിരിച്ചയയ്ക്കാനാഗ്രഹിക്കുന്നു. നിന്റെ ഈ രണ്ടാം ജന്മത്തിൽ നീ എന്റെ സമാധാനത്തിന്റെ ഉപകരണവും മനുഷ്യർക്കു സൗഖ്യവുമായിത്തീരും. ഒരു വിദേശ രാജ്യത്തു പോയി നീ വിദേശഭാഷ സംസാരിക്കും. എന്റെ കൃപ മൂലം ഇതെല്ലാം നിനക്കു സാധ്യമാകും.  അപ്പോൾ പരിശുദ്ധമാതാവ് എന്നോടു പറഞ്ഞു: "അവിടുന്ന് പറയുന്നതുപോലെ ചെയ്ക.  നിന്റെ ശുശ്രൂഷയിൽ ഞാൻ നിന്നെ സഹായിക്കും."
                            തുടർന്ന് എന്റെ കാവൽമാലാഖയോടൊപ്പം ഞാൻ ഭൂമിയിലേക്കു മടങ്ങി വന്നു.  

Father Jose 
email: frmaniyangathealingministry@hotmail.com

Website:http://frmaniyangathealingministry.com

Saturday, January 25, 2014

മിതത്വം

 സാന്മാർഗിക പുണ്യങ്ങൾ

 ( വി. ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽ നിന്ന്)

                മിതത്വം മറ്റൊരു സാന്മാർഗിക പുണ്യമാണ്. ഇഷ്ടംപോലെ അലഞ്ഞു നടക്കാൻ അനുവദിക്കാതെ ഭാവനയെ നമുക്കു നിയന്ത്രിക്കാം. നമ്മുടെ കണ്ണ്, വായ്‌ എന്നിവയുടെ ഉപയോഗത്തിലും മിതത്വം പാലിക്കാം. ചിലരുടെ വായിൽ എപ്പോഴും എന്തെങ്കിലും മധുര പദാർഥം കാണും. നമുക്ക്  നമ്മുടെ ചെവിയുടെ ഉപയോഗത്തിലും മിതത്വം പാലിക്കാം. ചീത്തയായ പാട്ടുകളും അശ്ലീല സംസാരങ്ങളും കേൾക്കാൻ അനുവദിക്കാതിരിക്കാം. ഘ്രാണത്തിലും മിതത്വം പാലിക്കാം. ചിലർ, അന്യർക്ക് അസഹ്യത ഉളവാകത്തക്ക രീതിയിൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നു. 
               ചുരുക്കത്തിൽ, നമ്മുടെ ശരീരം മുഴുവൻ കൊണ്ട് മിതത്വം കാക്കുവാൻ കഴിയും. എങ്ങിനെ? കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അങ്ങുമിങ്ങും ഓടുവാൻ നമ്മുടെ ഈ പാവപ്പെട്ട ശരീരത്തെ അനുവദിക്കാതെ, അതിനെ നിയന്ത്രിച്ചു കീഴടക്കിക്കൊണ്ട്..    ചിലർ മെത്തയിൽ കിടക്കുന്നത് കുഴിച്ചു മൂടിയതുപോലെയാണ്. തങ്ങൾ  എത്ര സുഖമായി ശയിക്കുന്നുവെന്ന് കൂടുതൽ നന്നായി അനുഭവിച്ചറിയുവാൻ വേണ്ടി ഉറക്കം വരാതിരിക്കാൻ പോലും അവർ ആഗ്രഹിക്കുന്നു.എന്നാൽ, പുണ്യവാന്മാർ അങ്ങിനെ ആയിരുന്നില്ല. അവർ ഇപ്പോൾ ആയിരിക്കുന്നിടത്ത്‌ നാം എങ്ങിനെ ചെന്നുചേരുമെന്ന് എനിക്കറിഞ്ഞുകൂടാ. 
            ആ മഹാവിശുദ്ധനുണ്ടല്ലോ - വി. ചാൾസ് ബറോമിയോ? അദ്ദേഹത്തിന്റെ മുറിയിൽ എല്ലാർക്കും കാണത്തക്ക ഭാഗത്ത്, ഒരു കർദ്ദിനാളിനു യോജിച്ച ഒന്നാംതരം കിടക്കയുണ്ടായിരുന്നു. എന്നാൽ, അതുകൂടാതെ മരക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ വേറൊരു കിടക്കയുമുണ്ടായിരുന്നു. പക്ഷെ, ഇത് ആർക്കും കാണാൻ സാധിക്കുമായിരുന്നില്ല. ഈ കിടക്കയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്! തണുപ്പകറ്റുവാൻ അദ്ദേഹം യാതൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. അതിഥികൾ ഉള്ളപ്പോൾ തീ കത്തിക്കുമെങ്കിലും അദ്ദേഹം തീയുടെ ചൂടേൽക്കാതെ വളരെ അകന്നു മാറിയാണ് ഇരുന്നിരുന്നത്!വിശുദ്ധരുടെ ജീവിതം ഇപ്രകാരമായിരുന്നു. അവർ ലോകത്തിനു വേണ്ടിയല്ല, സ്വർഗത്തിനു വേണ്ടിയാണ് ജീവിച്ചിരുന്നത്.
                                             

Thursday, January 23, 2014

സാന്മാർഗിക പുണ്യങ്ങൾ

(വി. ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽനിന്ന്)


വിവേകം 

ദൈവത്തിന് ഏറ്റം ഇഷ്ടമുള്ളത് ഏതെന്നും നമ്മുടെ ആത്മരക്ഷയ്ക്ക് ഏറ്റം ഉപകരിക്കുന്നത്‌ ഏതെന്നും വിവേകം നമുക്കു കാണിച്ചു തരുന്നു. ഏറ്റവും പൂർണ്ണമായതിനെ നാം തെരെഞ്ഞെടുക്കണം. നാം സ്നേഹിക്കുന്ന ഒരാൾക്കു വേണ്ടിയും നമ്മെ ദ്രോഹിച്ച വേറൊരാൾക്കുവേണ്ടിയും ഓരോ സത് കൃത്യം നാം ചെയ്യേണ്ടതുണ്ടെന്നു കരുതുക. ആദ്യം നാം ഏതാണ് തെരെഞ്ഞെടുക്കേണ്ടത്? നമ്മെ ദ്രോഹിച്ച ആൾക്കുവേണ്ടിയുള്ളത്.
                       സ്വാഭാവികമായി നാം ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതിൽ നിന്നും വലിയ നന്മയൊന്നും കിട്ടാനില്ല. ഒരിക്കൽ ഒരു മാന്യവനിത വി.അത്തനേഷ്യസിന്റെ പക്കൽ ചെന്ന് അദ്ദേഹം സംരക്ഷിച്ചു പോരുന്ന നിർദ്ധനരുടെ കൂട്ടത്തിൽ  നിന്ന് ഒരു വിധവയെ തനിക്കു കൂട്ടായി നൽകണമെന്ന് അപേക്ഷിച്ചു. അദ്ദേഹം അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. എന്നാൽ, ഈ വിധവ വളരെ നല്ലവളായിരുന്നു. വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെ ചെയ്തിരുന്നു. ഒന്നിനും യജമാനത്തിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. സ്വർഗത്തിൽ പോകണമെങ്കിൽ പ്രയാസമുള്ള പ്രവൃത്തികൾ ചെയ്യണമെന്നറിഞ്ഞിരുന്ന ആ സ്ത്രീ തനിക്ക് അത്രയും നന്മയുള്ള ഒരു കൂട്ടുകാരിയെ നൽകിയതിന് വിശുദ്ധനെ കുറ്റപ്പെടുത്തി. അപ്പോൾ വിശുദ്ധൻ തന്റെ സംരക്ഷണയിൽ ഉണ്ടായിരുന്നതിൽ ഏറ്റവും ദുശ്ശീലയായ ഒരുവളെ അയച്ചുകൊടുത്തു.  അവൾ, പെട്ടെന്നു കോപിക്കുന്നവളും ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവളുമായിരുന്നു. ഈ മാന്യ സ്ത്രീ ചെയ്തതുപോലെയാണ് നാമും ചെയ്യേണ്ടത്.നമ്മുടെ സഹായങ്ങളെ വിലമതിക്കുകയും അവയ്ക്കു തക്ക പ്രതിനന്ദി കാണിക്കുകയും ചെയ്യുന്നവർക്കു നന്മ ചെയ്തതുകൊണ്ട് നമുക്കു വലിയ നേട്ടമൊന്നും കിട്ടാനില്ല.

             മറ്റുള്ളവർ തങ്ങളെ വേണ്ടപോലെ ശുശ്രൂഷിക്കുന്നില്ല എന്നു കരുതുന്നവർ കുറച്ചൊന്നുമല്ല. തങ്ങൾക്ക് എല്ലാറ്റിനും അവകാശമുണ്ടെന്നാണ് അവരുടെ വിചാരം.  അവർ എപ്പോഴും അതൃപ്തരായി കാണപ്പെടുന്നു. തന്നിമിത്തം, പ്രതിനന്ദി കാണിക്കുവാൻ അവർ തുനിയുന്നില്ല. ഇത്തരക്കാർക്കാണ് നാം കൂടുതൽ സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കേണ്ടത്. നമ്മുടെ എല്ലാ പ്രവൃത്തികളിലും നാം വിവേകമുള്ളവരായിരിക്കണം. നമ്മുടെ ഇഷ്ടമല്ല, നല്ലവനായ ദൈവത്തിന്റെ ഇഷ്ടമാണ് നാം ചെയ്യേണ്ടത്.
                      ഒരു കുർബാന ചൊല്ലിക്കുവാൻ നിങ്ങൾ കുറെ പണം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നു കരുതുക. അപ്പോൾ ആഹാരത്തിനു വകയില്ലാതെ ഒരു കുടുംബം കഷ്ടപ്പെടുന്നതായി അറിയുന്നുവെന്നും വിചാരിക്കുക. ആ പണം ആ കുടുംബത്തിനു കൊടുക്കുന്നതാണ് ദൈവത്തിനു കൂടുതൽ ഇഷ്ടം. എന്തുകൊണ്ടെന്നാൽ, ആ പണം കൊടുക്കാതിരുന്നതു നിമിത്തം കുർബാന മുടങ്ങുകയില്ല. ആ പട്ടിണിപ്പാവങ്ങളാകട്ടെ, ആ സഹായം ലഭിക്കുന്നില്ലെങ്കിൽ ഒരുപക്ഷെ മരണമടഞ്ഞേക്കും. ഒരു ദിവസം മുഴുവൻ പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു സങ്കൽപ്പിക്കുക. എന്നാൽ, ദാരിദ്ര്യം മൂലം അത്യധികമായ കഷ്ടതയനുഭവിക്കുന്ന പാവങ്ങൾക്കു വേണ്ടി ആ സമയം വിനിയോഗിക്കുന്നുവെങ്കിൽ അതായിരിക്കും ദൈവത്തെ കൂടുതൽ പ്രസാദിപ്പിക്കുന്നത്.

Wednesday, January 22, 2014

പൗരോഹിത്യം


(വി.ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽ നിന്ന്)

               ആരാണ് ഒരു പുരോഹിതൻ? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവൻ. ദൈവത്തിന്റെ എല്ലാ അധികാരങ്ങളാലും അലംകൃതൻ..ദിവ്യരക്ഷകൻ വൈദികരോടു പറഞ്ഞു: "പോകുവിൻ, എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരങ്ങളും എനിക്കു നൽകപ്പെട്ടിരിക്കുന്നു.ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ..."
                            പാപമോചനം നല്കുന്ന വൈദികൻ, "ദൈവം നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഞാൻ  നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നത്രെ. ദിവ്യബലിയിൽ, "ഇത് നമ്മുടെ കർത്താവിന്റെ ശരീരമാകുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഇത് എന്റെ ശരീരമാകുന്നു" എന്നാണ്.
                           നിങ്ങളുടെ പാപങ്ങൾ ഏറ്റു പറയുവാൻ പരിശുദ്ധ കന്യകയെയോ മാലാഖമാരെയോ ഒന്നു വിളിച്ചു നോക്കുക:  അവർ നിങ്ങളുടെ പാപങ്ങൾ മോചിക്കുമോ? ഇല്ല.. അവർ നിങ്ങൾക്ക് നമ്മുടെ കർത്താവിന്റെ തിരു ശരീര രക്തങ്ങൾ തരുമോ? ഇല്ല.. തന്റെ തിരുക്കുമാരനെ തിരുവോസ്തിയിലേക്കു വിളിച്ചു വരുത്തുവാൻ പരിശുദ്ധ കന്യകയ്ക്കു കഴിയില്ല.  ഒരായിരം മാലാഖമാർ ഒന്നിച്ചു കൂടിയാലും നിങ്ങൾക്കു  പാപമോചനം നൽകാൻ  അവർക്കു സാധിക്കയില്ല. എന്നാൽ, എത്ര നിസ്സാരനായിക്കൊള്ളട്ടെ, ഒരു വൈദികന് അതു സാധിക്കും.  "സമാധാനത്തിൽ പോവുക; നിന്റെ പാപങ്ങൾ ഞാൻ മോചിക്കുന്നു" എന്ന് പറയുവാൻ അദ്ദേഹത്തിനു കഴിയും. 
                      കണ്ടാലും! ഒരു വൈദികന്റെ അധികാരം! അദ്ദേഹത്തിന്റെ ഒരു വാക്ക് ഒരു അപ്പക്കഷണത്തെ ദൈവമാക്കുന്നു! പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനേക്കാൾ മഹത്തരമാണത്. ആരോ ചോദിച്ചു, "വി.ഫിലോമിന ആർസിലെ വികാരിയെ അനുസരിക്കുന്നുവോ?" എന്ന്..   തീർച്ചയായും.. ദൈവം അനുസരിക്കുന്ന ആളെ ഫിലോമിനയ്ക്ക് എന്തുകൊണ്ട് അനുസരിച്ചു കൂടാ?
                   വൈദികൻ! ഹാ, എത്ര ഉന്നതനാണദ്ദേഹം! സ്വർഗ്ഗത്തിലെത്തും വരെ തന്റെ വിളിയുടെ മാഹാത്മ്യം അദ്ദേഹം ഗ്രഹിക്കയില്ല. ഈ ലോകത്തിൽ വെച്ച് അതു ഗ്രഹിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നു - ഭയത്താലല്ല; സ്നേഹ പാരവശ്യത്താൽ !
                       തനിക്കു വേണ്ടിയല്ല ഒരാൾ വൈദികനാകുന്നത് . സ്വന്തം പാപങ്ങൾ അദ്ദേഹം മോചിക്കുന്നില്ല; തനിക്കു തന്നെ കൂദാശകൾ നൽകുന്നില്ല . അതേ, അദ്ദേഹം നിങ്ങൾക്കു വേണ്ടിയുള്ളവനാണ്.
പൗരോഹിത്യം, ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹമാകുന്നു. പുരോഹിതനെ കാണുമ്പോൾ രക്ഷകനായ കർത്താവിനെപ്പറ്റി ചിന്തിക്കുവിൻ!

     THE PRIESTHOOD IS A MASTERPIECE OF CHRIST'S DIVINE LOVE, WISDOM AND POWER...

NEVER ATTACK A PRIEST
(Our Lord's revelations to Mutter Vogel)