ഈശോയുടെ തിരുശ്ശരീരം സംസ്കരിക്കുന്നു
ഈശോ പറയുന്നു: "നിങ്ങളുടെ അരൂപി എത്ര പുരോഗമിക്കുന്നുവോ അത്രയുമധികമായി നിങ്ങൾ ദൈവത്തെ അറിയും. ദൈവത്തെ അറിയുക എന്നുപറയുന്നത് ദൈവത്തെ സ്നേഹിക്കയും ശുശ്രൂഷിക്കയുമാണ്. അങ്ങനെ നിങ്ങൾക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് അർഹത നേടുകയെന്നതാണ്. അതിന്റെ അർത്ഥം, ഭൂമിയിൽ നിന്ന് തങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന പുരോഹിതരാകുക എന്നതാണ്. കാരണം സമർപ്പിതനാകുന്നവൻ, വിശുദ്ധീകരിക്കപ്പെട്ടവൻ, പുരോഹിതനാണ്. എന്നാൽ, ബോദ്ധ്യമുള്ള, സ്നേഹമുള്ള, സത്യസന്ധനായ വിശ്വാസിയും പുരോഹിതനാണ്. എല്ലാറ്റിനുമുപരിയായി, ഒരു പുരോഹിതൻ സഹോദരസ്നേഹത്താൽ സ്വയം ബലിയായിത്തീരുന്നു. ദൈവം, വസ്ത്രമല്ല, ഹൃദയമാണ് നോക്കുന്നത്. ഞാൻ ഗൗരവമായി പറയുന്നു; എന്റെ കണ്ണുകൾ വൈദികപട്ടമുള്ള അനേകമാളുകളെ കാണുന്നു. അവർക്ക് പട്ടമല്ലാതെ പൗരോഹിത്യത്തിന്റേതായി മറ്റൊന്നുമില്ല. എന്റെ കണ്ണുകൾ അനേകം അൽമായരേയും കാണുന്നു. അവർ സ്വന്തമാക്കിയിരിക്കുന്ന പരസ്നേഹം, തങ്ങളെത്തന്നെ മറ്റുള്ളവർക്കു വേണ്ടി ഇല്ലായ്മയാക്കുന്ന പരസ്നേഹം, അവരെ അഭിഷേകം ചെയ്യുന്ന വിശുദ്ധതൈലമായി ഞാൻ കാണുന്നു. അവരാണ് എന്റെ പുരോഹിതർ. ലോകത്തിനു് അവരെ അറിയില്ല. എന്നാൽ ഞാനവരെ അറിയുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു."