ഈശോയുടെ തിരുശ്ശരീരം മാതാവിന്റെ മടിയിൽക്കിടത്തുന്നു
ഈശോ പറയുന്നു: "എന്റെ അമ്മയെ ഞാനെത്രമാത്രം സ്നേഹിച്ചുവെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. മേരിയുടെ മകന് സ്നേഹത്തോട് എത്രയധികം പ്രതികരിക്കാൻ കഴിയുമായിരുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നതേയില്ല. നിങ്ങൾ വിചാരിക്കുന്നത് എന്റെ പീഡനങ്ങൾ തനി ശാരീരികപീഡകളായിരുന്നു എന്നാണ്. ഏറിയാൽ, പിതാവ് എന്നെ ഉപേക്ഷിച്ചു എന്ന അരൂപിയുടെ പീഡനവുംകൂടെ ഉണ്ടായിരുന്നു എന്നുമാത്രം.
കുഞ്ഞുങ്ങളേ, അങ്ങനെയല്ല. മനുഷ്യരുടെ വികാരങ്ങൾ എനിക്കും അനുഭവപ്പെട്ടിരുന്നു. എന്റെ അമ്മ വേദനിക്കുന്നതു കാണുക എനിക്കു വേദനയായിരുന്നു. ശാന്തയായ ഒരു
പെണ്ണാട്ടിൻകുട്ടിയെ പീഡിപ്പിക്കുവാൻ കൊണ്ടുപോകുന്നതുപോലെ അവളെ വേദനിപ്പിക്കുവാൻ ഞാൻ നിർബ്ബന്ധിതനായിരുന്നു. തുടർച്ചയായി വരുന്ന യാത്രപറച്ചിലുകൾ.... എന്റെ പരസ്യജീവിതത്തിനു മുമ്പ്, അന്ത്യഅത്താഴത്തിനു മുമ്പ്, യൂദാസിന്റെ വഞ്ചനയോടുകൂടി ആരംഭിച്ച എന്റെ പീഡാസഹനവേള, ഒടുവിൽ കാൽവരിയിലെ അതിഭയങ്കരമായ വിടവാങ്ങൽ.....
ഈശോയോടുള്ള സ്നേഹത്തിന്റെ ആദ്യ ബലിയാട് മേരിയാണ്. ഇതു നിങ്ങൾ മറക്കരുത്."