ജാലകം നിത്യജീവൻ: April 2012

nithyajeevan

nithyajeevan

Saturday, April 14, 2012

വിശുദ്ധ സ്റ്റീഫൻ - ക്രിസ്തുവിൻ്റെ ആദ്യ രക്തസാക്ഷി

                     സൻഹെദ്രീൻ സഭ ഈശോയുടെ വിസ്താരത്തിന് വ്യാഴാഴ്ച രാത്രിയിൽ എങ്ങനെ സമ്മേളിച്ചിരുന്നുവോ അതുപോലെതന്നെ ഇപ്പോഴും സമ്മേളിച്ചിരിക്കയാണ്. പ്രധാന പുരോഹിതനും മറ്റുള്ളവരും അവരവരുടെ ഇരിപ്പിടങ്ങളിലുണ്ട്. ഈശോ നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ സ്റ്റീഫനാണുള്ളത്.

                           സ്റ്റീഫൻ, അവൻ്റെ വിശ്വാസപ്രഖ്യാപനം നടത്തിക്കഴിഞ്ഞിരിക്കയാണ്. ക്രിസ്തുവിൻ്റെയും അവൻ്റെ സഭയുടെയും സ്വഭാവത്തെക്കുറിച്ചും അവൻ പറഞ്ഞുകഴിഞ്ഞു. സഭയിൽ ആക്രോശവും ബഹളവും അതിന്റെ  അത്യുച്ചിയിൽ എത്തിയിരിക്കയാണ്. ഈശോയോട് ചെയ്തതുപോലുള്ള ക്രൂരതയാണ് അവർ സ്റ്റീഫനോടും കാണിക്കുന്നത്. പ്രഹരങ്ങൾ, ശാപവാക്കുകൾ, ശപഥം ചെയ്യൽ എല്ലാം സ്റ്റീഫനെതിരെ നടക്കുന്നു. മൃഗീയമായി അങ്ങോട്ടുമിങ്ങോട്ടും അവനെ ഉന്തുകയും തള്ളുകയും ചെയ്യുമ്പോൾ, കാലുകൾ ഉറപ്പിക്കുവാൻ കഴിയാതെ അവൻ വീഴാൻ തുടങ്ങുന്നുമുണ്ട്.   എങ്കിലും അവൻ ശാന്തനാണ്. അവൻ്റെ മഹത്വം പാലിക്കുന്നു.   എന്നു മാത്രമല്ല, അവൻ  സന്തോഷവാനും ആനന്ദപാരവശ്യത്തിൽ ആമഗ്നനുമാണ്. അവൻ്റെ മുഖത്തുകൂടെ തുപ്പൽ ഒലിക്കുന്നു; മൂക്കിൽ നിന്നു രക്തം ഒഴുകുന്നു;  ഒരു സമയം, ദൈവികപ്രചോദനത്താൽ അവൻ  ശിരസ്സുയർത്തി, പുഞ്ചിരി തൂകുന്ന കണ്ണുകളോടെ, അവനു മാത്രം അറിയാവുന്ന ഒരു ദർശനത്തിലേക്കുതന്നെ സൂക്ഷിച്ചു നോക്കുന്നു. അവൻ  കൈകൾ കുരിശാകൃതിയിൽ വിരിച്ചു പിടിച്ചു; അവൻ കാണുന്നതിനെ ആശ്ളേഷിക്കുവാൻ എന്നപോലെ കൈകൾ  നീട്ടി. പിന്നെ മുട്ടിന്മേൽ നിന്ന് വിളിച്ചുപറയുന്നു; "എനിക്കു കാണാൻ കഴിയുന്നു; സ്വർഗ്ഗം തുറക്കപ്പെട്ടിരിക്കുന്നു; മനുഷ്യപുത്രനായ ഈശോ, ദൈവത്തിൻ്റെ ക്രിസ്തു, നിങ്ങൾ വധിച്ചവൻ, ദൈവത്തിൻ്റെ വലതുഭാഗത്തു നിൽക്കുന്നത് ഞാൻ കാണുന്നു."
                        ഇതു കേട്ടപ്പോൾ ആക്രോശങ്ങളും അധിക്ഷേപങ്ങളും പൂർവ്വാധികം വർദ്ധിച്ചു. ഒരു പറ്റം ചെന്നായ്ക്കളെപ്പോലെ അവർ അവൻ്റെ മേൽ ചാടിവീണു; അവനെ നിലത്തിട്ടു ചവിട്ടുന്നു; മുടിയിൽപ്പിടിച്ച് മേലോട്ടുയർത്തുന്നു; വലിച്ചിഴയ്ക്കുന്നു, അവനെ ഉപദ്രവിക്കുവാൻ അവർ മത്സരിക്കുന്നു.
                                        ഏറ്റം കോപവെറി പൂണ്ടവരുടെ കൂടെ, പൊക്കംകുറഞ്ഞ, കാഴ്ചയ്ക്ക് വിരൂപനായ ഒരു  മനുഷ്യനുണ്ട്.   അതു സാവൂളാണ്. അവൻ്റെ മുഖത്തെ ക്രൂരത വിവരണാതീതമാണ്. ആ മുറിയുടെ ഒരു  മൂലയിൽ ഗമാലിയേലുമുണ്ട്.   ഈ ബഹളത്തിലൊന്നും അയാൾ പങ്കെടുക്കുന്നേയില്ല. സ്റ്റീഫനോടോ മറ്റാരോടെങ്കിലുമോ സംസാരിക്കുന്നുമില്ല. അവിടെ നടക്കുന്ന കിരാതമായ നടപടിയിൽ അയാൾക്കുള്ള അതൃപ്തി പ്രകടമാണ്. മറ്റൊരു മൂലയിൽ നിക്കോദേമൂസും ഉണ്ട്‌. അയാൾക്കും അതൃപ്തിയാണ്. വിചാരണയിലോ ആക്രോശങ്ങളിലോ അയാളും പങ്കുചേരുന്നില്ല. അയാൾ  ഗമാലിയേലിനെ നോക്കുന്നുണ്ട്. ഗമാലിയേലിൻ്റെ മുഖം വാക്കുകളെക്കാൾ വാചാലമാണ്. മൂന്നാംപ്രാവശ്യം സ്റ്റീഫൻ്റെ മുടിക്കു പിടിച്ച് അയാളെ ഉയർത്തുന്നതു കണ്ടപ്പോൾ ഗമാലിയേൽ, വിസ്തൃതമായ മേലങ്കി ഒതുക്കിപ്പിടിച്ചുകൊണ്ട് സ്റ്റീഫനെ അവർ വലിച്ചിഴയ്ക്കുന്ന ഭാഗത്തിന്‌ എതിർവശത്തുകൂടി വാതിൽക്കലേക്കു നടക്കുന്നു.
                        ഈ പ്രവൃത്തി സാവൂൾ ശ്രദ്ധിച്ചു. അയാൾ   ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നു; "റബ്ബീ, നീ പോകയാണോ?" ഗമാലിയേൽ  മറുപടി പറയുന്നില്ല.  ചോദ്യം ഗമാലിയേലിനോടാണെന്ന് അയാൾ   മനസ്സിലാക്കിയിട്ടുണ്ടാവില്ല എന്നുകരുതി സാവൂൾ സ്വരമുയർത്തി ഒരുപ്രാവശ്യം കൂടി ചോദിക്കുന്നു;   "റബ്ബി ഗമാലിയേൽ, ഈ വിധിത്തീർപ്പിൽ നിന്ന് നീ ഒഴിഞ്ഞുമാറുകയാണോ?"
                              വട്ടം തിരിഞ്ഞുനിന്ന് തീ പാറുന്ന കണ്ണുകളോടെ, പ്രകടമായ വെറുപ്പോടെ ഗമാലിയേൽ ദൃഢസ്വരത്തിൽ തറപ്പിച്ചു പറയുന്നു; "അതേ." ആ വാക്ക് ഒരു  നീണ്ട പ്രസംഗത്തേക്കാൾ ശക്തമായിരുന്നു.  ആ 'അതെ' എന്ന വാക്കിന്റെ അർത്ഥം സാവൂളിന് നന്നായി മനസ്സിലായി. ആ കാട്ടുമൃഗങ്ങളുടെ കൂട്ടത്തിൽ നിന്ന് അയാൾ ഓടി ഗമാലിയേലിൻ്റെ  അടുത്തെത്തി. അയാളെ തടഞ്ഞു   നിർത്തിക്കൊണ്ട്  സാവൂൾ പറയുന്നു; "ഓ! റബ്ബീ, ഞങ്ങളുടെ വിധിത്തീർപ്പ് നീ അംഗീകരിക്കുന്നില്ല എന്നു നീ എന്നോടു പറയുകയില്ല എന്നു ഞാൻ കരുതുന്നു."

                       ഗമാലിയേൽ  മറുപടി പറയുന്നില്ല; അയാളെ നോക്കുന്നുപോലുമില്ല.  സാവൂളിന്  നിർബ്ബന്ധം.... "ആ മനുഷ്യൻ ഇരട്ടക്കുറ്റം ചെയ്തവനാണ്. അവൻ നിയമത്തെ നിരാകരിച്ചു; ബേൽസബൂബ് ബാധിച്ച ഒരു സമരിയാക്കാരനെ അവൻ അനുഗമിച്ചു;   അതും നിൻ്റെ ശിഷ്യനായിരുന്നതിനു ശേഷം."
ഗമാലിയേൽ  വിദൂരത്തിലേക്കു നോക്കുന്നു. മൗനം പാലിക്കയും ചെയ്യുന്നു. സാവൂൾ  ചോദിക്കുന്നു; "നീയുമിപ്പോൾ കുറ്റവാളിയായ ഈശോ എന്ന മനുഷ്യൻ്റെ അനുയായി  ആയിരിക്കയാണോ?"
                ഗമാലിയേൽ സംസാരിക്കുന്നു; "ഇതുവരെ ആയിട്ടില്ല. എന്നാൽ അവൻ  പറഞ്ഞതുപോലെ  തന്നെയാണ്  അവനെങ്കിൽ, എന്നെയും അവൻ്റെ അനുഗാമിയാക്കണമേ എന്ന് ദൈവത്തോടു ഞാൻ പ്രാർത്ഥിക്കുന്നു."

"ഭയാനകം." സാവൂൾ ഉച്ചത്തിൽ വിളിച്ചുപറയുന്നു.

             "ഒരു ഭയാനകവും അല്ല.  എല്ലാ മനുഷ്യര്‍ക്കും ബുദ്ധിയുണ്ട്. അതുപയോഗിക്കാനുള്ളതാണ്; അത് പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.   അതിനാല്‍  എല്ലാ   മനുഷ്യരും അതുപയോഗിക്കട്ടെ.  എല്ലാ മനുഷ്യര്‍ക്കും  ആ സ്വാതന്ത്ര്യം ദൈവം കൊടുത്തിട്ടുണ്ടല്ലോ.  ആ  പ്രകാശം എല്ലാ  ഹൃദയങ്ങളിലും അവൻ വച്ചിട്ടുമുണ്ട്.   നീതിമാന്മാരായവർ എപ്പോഴെങ്കിലും അതുപയോഗപ്പെടുത്തും. ഉടനെ ആയിരിക്കാം; പിന്നീടായിരിക്കാം, നീതിമാന്മാർ അതു നന്മയ്ക്കായി ഉപയോഗിക്കും; ദുഷ്ടന്മാർ തിന്മയ്ക്കായും."    ഇത്രയും പറഞ്ഞശേഷം അയാൾ നടന്നുനീങ്ങി.  ഭണ്ഡാരത്തിന്റെ ഭാഗത്തുള്ള അങ്കണത്തിലെ തൂണിന്മേൽ ചാരി അയാൾ നിൽക്കുന്നു.

                       അധികസമയമായില്ല; അപ്പോഴേക്കും സാവൂൾ അവിടെയെത്തിക്കഴിഞ്ഞു.    ഗമാലിയേലിൻ്റെ   മുന്നിൽ  നിലയുറപ്പിച്ച അയാൾ ഗമാലിയേലിനെ തുറിച്ചുനോക്കി. അൽപ്പസമയം മൗനം പാലിച്ചു; പിന്നെ താണസ്വരത്തിൽ എന്തോ അയാളോടു പറഞ്ഞു.

             ഗമാലിയേൽ ഉച്ചസ്വരത്തിൽ വ്യക്തമായി അതിനു മറുപടി പറയുന്നു;   "അക്രമം  ഏതു  തരത്തിലുള്ളതായാലും  ഞാൻ അംഗീകരിക്കുന്നില്ല.   ഇക്കാര്യം സൻഹെദ്രീൻ മുഴുവനോടും പരസ്യമായി ഞാൻ പറഞ്ഞിട്ടുണ്ട്.   പത്രോസിനേയും മറ്റ് അപ്പസ്തോലന്മാരേയും   രണ്ടാം പ്രാവശ്യം ബന്ധനസ്ഥരാക്കി, വിധിത്തീർപ്പിനായി   സൻഹെദ്രീൻ  മുമ്പാകെ കൊണ്ടുവന്നപ്പോഴാണ്  അതു പറഞ്ഞത്.   അതുതന്നെ ഞാൻ ആവർത്തിച്ചു പറയുന്നു;  ഇത് മനുഷ്യരുടെ പദ്ധതികളും പ്രവർത്തനങ്ങളും ആണെങ്കിൽ സ്വയം നശിച്ചുകൊള്ളും. ഇത്  ദൈവത്തിൽ നിന്നു വരുന്നതാണെങ്കിൽ, മനുഷ്യർക്ക് അതു നശിപ്പിക്കാൻ കഴിയില്ല.   നേരെ മറിച്ച്, അവർ ദൈവത്താൽ ശിക്ഷിക്കപ്പെടുവാൻ പാടുണ്ട്. ഇക്കാര്യം ഓർമ്മിച്ചുകൊള്ളുക."
                "ദൈവദൂഷകരായ ഈ മനുഷ്യരെ, നസ്രായൻ്റെ അനുയായികളെ, ഇസ്രായേലിലെ ഏറ്റം വലിയ റബ്ബിയായ നീ സംരക്ഷിക്കാൻ ശ്രമിക്കുകയാണോ?"
                      "ഞാൻ നീതിയെ സംരക്ഷിക്കുന്നവനാണ്. നീതി പഠിപ്പിക്കുന്നത്, വിധിക്കുന്നതിൽ വിവേകവും സത്യവും പാലിക്കപ്പെടണമെന്നു തന്നെയാണ്. ഞാൻ നിന്നോട് അതാവർത്തിച്ചു പറയുന്നു. ഇത് ദൈവത്തിൽ നിന്നുള്ളതാണെങ്കിൽ നിലനിൽക്കും. അല്ലെങ്കിൽ അതു തനിയെ നശിച്ചുകൊള്ളും. എന്നാൽ എൻ്റെ കരങ്ങളിൽ രക്തം  പുരളാൻ   ഞാനാഗ്രഹിക്കുന്നില്ല.   ഇത്,  മരണശിക്ഷയ്ക്കർഹമായ കുറ്റമാണെന്ന് ഞാൻ  കരുതുന്നില്ല."
                     "ഒരു പ്രീശനും പണ്ഡിതനുമായ നീ ഇങ്ങനെയാണോ സംസാരിക്കുന്നത്? അത്യുന്നതനെ നിനക്കു ഭയമില്ലേ?"
                     "നിന്നേക്കാൾ കൂടുതൽ ഭയമുണ്ട്.   എന്നാൽ ഞാൻ  ചിന്തിക്കുന്നു. ഞാൻ ഓർമ്മിക്കുന്നു. നീ ഒരു കൊച്ചുകുട്ടി മാത്രമായിരുന്ന കാലം; ഞാൻ   ഈ ദേവാലയത്തിൽ, നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റം പണ്ഡിതനായ റബ്ബിയോടുകൂടെ പഠിപ്പിക്കുന്ന കാലം... മറ്റുള്ളവരും ഉണ്ട്; ജ്ഞാനമുള്ളവർ, എന്നാൽ നീതിരഹിതർ.... ഈ ഭിത്തികൾക്കുള്ളിൽ ഞങ്ങളുടെ ജ്ഞാനത്തിന് ഒരു  പ്രബോധനം ലഭിച്ചു. ഞങ്ങളുടെ ശിഷ്ടജീവിതം മുഴുവൻ ധ്യാനിക്കുവാൻ തക്ക ഒരു  പ്രബോധനം. അത് മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ് നമ്മുടെ ഏറ്റം  ജ്ഞാനിയായിരുന്ന റബ്ബി കണ്ണുകൾ അടച്ചത്. അവൻ്റെ മനസ്സ്, ഒരു  ബാലൻ്റെ അധരങ്ങളിൽ നിന്നു ശ്രവിച്ച സത്യത്തെക്കുറിച്ച് ചിന്തിച്ചാണ് അവസാനിച്ചത്. ആ ബാലൻ, മനുഷ്യർക്ക്, പ്രത്യേകിച്ച് നീതിമാന്മാരായവർക്ക് സ്വയം വെളിപ്പെടുത്തുകയായിരുന്നു. എൻ്റെ കണ്ണുകൾ തുടർന്ന് നിരീക്ഷിക്കുകയും എൻ്റെ മനസ്സ് ചിന്തിക്കുകയും സംഭവങ്ങളെ കൂട്ടിയിണക്കുകയും ചെയ്തിരുന്നു. ഒരു കുട്ടിയുടെ അധരങ്ങൾ വഴി അത്യുന്നതൻ സംസാരിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ ബാലൻ, പിന്നീടു് നീതിമാനും ജ്ഞാനിയും ശക്തനും പരിശുദ്ധനുമായ മനുഷ്യനായിത്തീർന്നു; അവൻ്റെ ഈ സദ്ഗുണങ്ങൾ നിമിത്തം അവൻ വധിക്കപ്പെട്ടു. അവൻ അന്നു പറഞ്ഞ വാക്കുകൾ, ദാനിയേൽ പ്രവചിച്ചിരിക്കുന്നതു പോലെ അനേക വർഷങ്ങൾക്കുശേഷം സംഭവിച്ച കാര്യങ്ങൾ സ്ഥിരീകരിച്ചു. ഞാൻ.... പാവം, ഞാൻ നേരത്തെ ഇതു ഗ്രഹിച്ചില്ലല്ലോ....  വിശ്വസിക്കേണ്ടതിന് അവസാനത്തെ ഭയാനകമായ അടയാളം വരെ ഞാൻ  കാത്തിരുന്നു! ഇസ്രായേൽ ജനങ്ങൾ! പാവങ്ങൾ! അവർ  അന്നു മനസ്സിലാക്കിയില്ല! ഇപ്പോഴും മനസ്സിലാക്കുന്നില്ല.... ദാനിയേലിൻ്റെയും മറ്റു പ്രവാചകരുടേയും പ്രവചനങ്ങൾ നിവൃത്തിയാകുന്നത് അവർക്കു് കാണുവാനിടയാകും... കാരണം, അത് അവൻ്റെ അനുയായികളിലൂടെ മിശിഹായെ പീഡിപ്പിക്കൽ തുടരുന്നു."

"ശാപം!! നീ ദൈവദൂഷണം പറയുന്നു."
                  "ഞാൻ ദൈവദൂഷണം പറയുന്നില്ല. നസ്രായനെ ധിക്കരിക്കയും നിന്ദിക്കയും ചെയ്തവരാണ് ദൈവദൂഷണം  പറയുന്നത്. നീ, നീയാണ് ദൈവദൂഷണം  പറയുന്നത്."
                    "നീ എന്നെ ഭയം കൊണ്ട് നിറയ്ക്കുന്നു. നീ നിയമത്തെ തള്ളിപ്പറയുന്നു; ദേവാലയത്തെ തള്ളിപ്പറയുന്നു."

                         "എങ്കിൽ സൻഹെദ്രീൻ്റെ പക്കൽ എന്നെ കുറ്റക്കാരനാക്കിക്കൊള്ളുക.  എങ്കിൽ ഇപ്പോൾ കല്ലെറിയപ്പെടാൻ പോകുന്നവൻ്റെ ഗതി തന്നെ എനിക്കും ലഭിക്കട്ടെ. അത് നിൻ്റെ ദൗത്യത്തിൻ്റെ ആരംഭവും സന്തോഷകരമായ അന്ത്യവുമായിരിക്കും. അപ്പോൾ എനിക്കു മാപ്പു ലഭിക്കും. കടന്നുപോയ ദൈവത്തെ, രക്ഷകനും ഗുരുവും ആയ അവനെ,   അവൻ്റെ ജനവും മക്കളും ആയവരുടെ  ഇടയിൽക്കൂടെ  കടന്നുപോയ  അവനെ, തിരിച്ചറിയാതെ  പോയ എൻ്റെ  പാപത്തിന് മാപ്പു ലഭിക്കും."

                        സാവൂൾ കോപിച്ച് ചാടിത്തുള്ളി സൻഹെദ്രീൻ സഭയിലേക്കു തിരിച്ചുപോകുന്നു.   അവിടെ   ആൾക്കൂട്ടം   സ്റ്റീഫനെതിരെ ആവേശത്തോടെ ആക്രോശം തുടരുകയാണ്. സാവൂൾ അവരോടൊപ്പം കൂടി. പിന്നെ അവരല്ലാവരും കൂടെ ദേവാലയത്തിനു പുറത്തുകടന്നു, പട്ടണമതിലുകൾക്കു വെളിയിലേക്കു പോയി. അധിക്ഷേപങ്ങളും പ്രഹരങ്ങളും നൽകി സ്റ്റീഫനെ അവർ കൊണ്ടുപോകുന്നു. ക്ഷീണിതനായി, മുറിവേറ്റവനായി സ്റ്റീഫൻ കൊലക്കളത്തിലേക്കു നയിക്കപ്പെടുന്നു.
മതിലുകൾക്കു വെളിയിൽ കല്ല് ധാരാളമുള്ള കുറെ സ്ഥലം കിടപ്പുണ്ട്.  വൃക്ഷലതാദികളൊന്നുമില്ലാത്ത തരിശുഭൂമി. കൊലയാളികൾ അവിടെ നിരന്ന് ഒരു വലയം സൃഷ്ടിച്ചു. വിധിക്കപ്പെട്ടവനെ ഏകനായി മദ്ധ്യത്തിൽ നിർത്തി. അവൻ്റെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരിക്കുന്നു. ശരീരത്തിൽ ധാരാളം മുറിവുകളുമുണ്ട്. അവയിൽനിന്ന് രക്തമൊഴുകുന്നു. അവൻ്റെ വസ്ത്രങ്ങൾ അവർ വലിച്ചുകീറി മാറ്റി. വളരെ നീളംകുറഞ്ഞ ഒരങ്കി മാത്രം ശരീരത്തിൽ  അവശേഷിച്ചിട്ടുണ്ട്. അവരല്ലാവരും  അവരുടെ നീളമുള്ള വസ്ത്രങ്ങളെല്ലാം മാറ്റി. സാവൂളിനെപ്പൊലെ ചെറിയ അങ്കി മാത്രം ധരിച്ചു. മാറ്റിയ വസ്ത്രങ്ങളെല്ലാം സൂക്ഷിക്കുവാൻ  അവർ സാവൂളിനെ ഏൽപ്പിച്ചു. കല്ലെറിയുന്നതിൽ സാവൂൾ പങ്കു ചേരുന്നില്ല. ഗമാലിയേലിൻ്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരിക്കാം.
                                                   കൊലയാളികൾ മുഴുത്ത പാറക്കഷണങ്ങളും മൂർച്ചയുള്ള കല്ലുകളും ആ സ്ഥലത്തുനിന്നു ശേഖരിച്ചശേഷം കല്ലേറു തുടങ്ങുന്നു. സ്റ്റീഫൻ ആദ്യത്തെ ഏറുകൾ നിന്നുകൊണ്ടു സ്വീകരിക്കുന്നു. മുറിവേറ്റ അധരങ്ങളിൽ, ശത്രുക്കളോടു ക്ഷമിക്കുന്നതിന്റെ നേരിയ പുഞ്ചിരിയുണ്ട്. ഏറു തുടങ്ങുന്നതിനു തൊട്ടുമുമ്പ് അയാൾ  സാവൂളിനോട് ഇങ്ങനെ വിളിച്ചുപറയുന്നു: "എൻ്റെ സ്നേഹിതാ, ക്രിസ്തുവിന്റെ വഴിയിൽ നിന്നെക്കാത്ത് ഞാൻ നിൽക്കും."  
                    അതിനു മറുപടിയായി സാവൂൾ  പറയുന്നു; "പന്നീ! പിശാചു ബാധിച്ചവനെ!"  അതോടൊപ്പം ഒരു തൊഴിയും. സ്റ്റീഫൻ  വീഴാൻ തുടങ്ങി.
                 ഏതാനും കല്ലുകൾ എറിഞ്ഞുകഴിഞ്ഞപ്പോൾ സ്റ്റീഫൻ  മുറിവേറ്റ നെറ്റിയിലും   അതിന്റെ   പാർശ്വങ്ങളിലും   കൈകൾ അമർത്തിപ്പിടിച്ചുകൊണ്ടു പറയുന്നു: "മുൻകൂട്ടിപ്പറഞ്ഞതുപോലെ... കിരീടം... മാണിക്യക്കല്ലുകൾ... ഓ! എൻ്റെ കർത്താവേ, എൻ്റെ ഗുരുവേ, എൻ്റെ ഈശോയേ, എൻ്റെ അരൂപിയെ നീ സ്വീകരിക്കണമേ..."
                        ഉടനെ  വീണ്ടും എല്ലാ വശങ്ങളിലും നിന്ന് തെരുതെരെ കല്ലുകൾ വന്നുപതിക്കുന്നു.   സ്റ്റീഫൻ തളർന്നു  നിലത്തുവീണു.   വീണ സ്ഥലത്ത് രക്തം ധാരാളം വീഴുന്നു. അന്ത്യശ്വാസം വലിക്കുന്ന സമയത്ത് നേരിയ സ്വരത്തിൽ അവൻ  പറയുന്നു: "കർത്താവേ, പിതാവേ, അവരോടു് ക്ഷമിക്കണമേ... ഈ പാപത്തിന് അവരോടു്  അപ്രീതി   തോന്നരുതേ...........   അവർ എന്താണ്.... അവർക്കറിഞ്ഞുകൂടാ...." മരണം ആ വാചകത്തെ മുറിച്ചുനിർത്തി. അവസാനം ഒരു  ഞെട്ടലോടെ അവൻ  ചുരുണ്ടുകൂടി; അങ്ങനെ തന്നെ കിടക്കുന്നു. അവൻ മരിച്ചു. 
                           കൊലയാളികൾ അടുത്തു ചെന്നുനോക്കി. വീണ്ടും ഒരു  പ്രാവശ്യം കൂടെ തെരുതെരെ  കല്ലെറിഞ്ഞു. കല്ലുകൊണ്ട് അവനെ മൂടി. പിന്നീടു് വസ്ത്രങ്ങൾ  വാങ്ങി ധരിച്ച് ദേവാലയത്തിലേക്കു പോയി.

Thursday, April 5, 2012

കുരിശിന്റെ വഴി - പതിനാലാം സ്ഥലം

                   ഈശോയുടെ തിരുശ്ശരീരം സംസ്കരിക്കുന്നു
  ഈശോ പറയുന്നു: "നിങ്ങളുടെ അരൂപി എത്ര പുരോഗമിക്കുന്നുവോ അത്രയുമധികമായി നിങ്ങൾ ദൈവത്തെ അറിയും. ദൈവത്തെ അറിയുക എന്നുപറയുന്നത് ദൈവത്തെ സ്നേഹിക്കയും ശുശ്രൂഷിക്കയുമാണ്. അങ്ങനെ നിങ്ങൾക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് അർഹത നേടുകയെന്നതാണ്.  അതിന്റെ അർത്ഥം, ഭൂമിയിൽ നിന്ന് തങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന പുരോഹിതരാകുക എന്നതാണ്. കാരണം സമർപ്പിതനാകുന്നവൻ, വിശുദ്ധീകരിക്കപ്പെട്ടവൻ, പുരോഹിതനാണ്. എന്നാൽ, ബോദ്ധ്യമുള്ള, സ്നേഹമുള്ള, സത്യസന്ധനായ വിശ്വാസിയും പുരോഹിതനാണ്.  എല്ലാറ്റിനുമുപരിയായി, ഒരു പുരോഹിതൻ സഹോദരസ്നേഹത്താൽ സ്വയം ബലിയായിത്തീരുന്നു. ദൈവം, വസ്ത്രമല്ല, ഹൃദയമാണ്‌ നോക്കുന്നത്. ഞാൻ ഗൗരവമായി പറയുന്നു; എന്റെ കണ്ണുകൾ വൈദികപട്ടമുള്ള അനേകമാളുകളെ കാണുന്നു. അവർക്ക് പട്ടമല്ലാതെ പൗരോഹിത്യത്തിന്റേതായി മറ്റൊന്നുമില്ല. എന്റെ കണ്ണുകൾ അനേകം അൽമായരേയും കാണുന്നു. അവർ സ്വന്തമാക്കിയിരിക്കുന്ന പരസ്നേഹം, തങ്ങളെത്തന്നെ മറ്റുള്ളവർക്കു വേണ്ടി ഇല്ലായ്മയാക്കുന്ന പരസ്നേഹം, അവരെ അഭിഷേകം ചെയ്യുന്ന വിശുദ്ധതൈലമായി ഞാൻ കാണുന്നു. അവരാണ് എന്റെ പുരോഹിതർ. ലോകത്തിനു് അവരെ അറിയില്ല. എന്നാൽ ഞാനവരെ അറിയുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു."

Wednesday, April 4, 2012

കുരിശിന്റെ വഴി - പതിമൂന്നാം സ്ഥലം

    ഈശോയുടെ തിരുശ്ശരീരം  മാതാവിന്റെ മടിയിൽക്കിടത്തുന്നു
       ഈശോ പറയുന്നു: "എന്റെ അമ്മയെ ഞാനെത്രമാത്രം സ്നേഹിച്ചുവെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. മേരിയുടെ മകന് സ്നേഹത്തോട് എത്രയധികം പ്രതികരിക്കാൻ കഴിയുമായിരുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നതേയില്ല. നിങ്ങൾ വിചാരിക്കുന്നത് എന്റെ പീഡനങ്ങൾ തനി ശാരീരികപീഡകളായിരുന്നു എന്നാണ്. ഏറിയാൽ, പിതാവ് എന്നെ ഉപേക്ഷിച്ചു എന്ന അരൂപിയുടെ പീഡനവുംകൂടെ ഉണ്ടായിരുന്നു എന്നുമാത്രം.
               കുഞ്ഞുങ്ങളേ, അങ്ങനെയല്ല. മനുഷ്യരുടെ വികാരങ്ങൾ എനിക്കും അനുഭവപ്പെട്ടിരുന്നു. എന്റെ അമ്മ വേദനിക്കുന്നതു കാണുക    എനിക്കു    വേദനയായിരുന്നു.    ശാന്തയായ   ഒരു 
പെണ്ണാട്ടിൻകുട്ടിയെ പീഡിപ്പിക്കുവാൻ കൊണ്ടുപോകുന്നതുപോലെ അവളെ വേദനിപ്പിക്കുവാൻ ഞാൻ നിർബ്ബന്ധിതനായിരുന്നു. തുടർച്ചയായി വരുന്ന യാത്രപറച്ചിലുകൾ.... എന്റെ പരസ്യജീവിതത്തിനു മുമ്പ്,  അന്ത്യഅത്താഴത്തിനു മുമ്പ്, യൂദാസിന്റെ വഞ്ചനയോടുകൂടി ആരംഭിച്ച എന്റെ പീഡാസഹനവേള, ഒടുവിൽ കാൽവരിയിലെ അതിഭയങ്കരമായ വിടവാങ്ങൽ.....
                   ഈശോയോടുള്ള സ്നേഹത്തിന്റെ ആദ്യ ബലിയാട് മേരിയാണ്.    ഇതു നിങ്ങൾ മറക്കരുത്."

Tuesday, April 3, 2012

കുരിശിന്റെ വഴി - പന്ത്രണ്ടാം സ്ഥലം

              ഈശോ കുരിശിൽത്തൂങ്ങി മരിക്കുന്നു
  ഈശോ പറയുന്നു: "എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല. എങ്കിലും എന്നിൽ   വിശ്വസിക്കുന്നവരുടെ, എന്റെ വചനം സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ   ഒരു രാജ്യം സ്ഥാപിക്കപ്പെടുന്നുണ്ട്. അത് ദൈവരാജ്യമാണ്; നിങ്ങളുടെ ഉള്ളിലെ ദൈവത്തിന്റെ രാജ്യം ....  ശത്രുക്കളോടു ക്ഷമിക്കുവിൻ .......... ആന്മനിയന്ത്രണം പാലിക്കുവിൻ .......  സത്യസന്ധത പാലിക്കുവിന്‍ൻ .......  ബലഹീനരെ സഹായിക്കുവിൻ ....... ഔദാര്യമുള്ളവരായിരിക്കുവിൻ  ... ഒരിക്കലും പ്രതികാരം ചെയ്യരുത്. നിങ്ങളെ രക്ഷിക്കുന്ന കാര്യം ദൈവത്തിനു വിടുക."

Sunday, April 1, 2012

കുരിശിന്റെ വഴി - പതിനൊന്നാം സ്ഥലം

                            ഈശോയെ കുരിശിൽ തറയ്ക്കുന്നു
    ഈശോ പറയുന്നു: "ജോബിന്റെ വിലാപം..... പീഡിപ്പിക്കപ്പെടുന്ന നല്ലയാളുകളുടെ നിത്യവിലാപമാണത്. കാരണം, ജഡം വിലപിക്കുന്നു. പക്ഷേ, അതു വിലപിക്കേണ്ടതില്ല. അതു കൂടുതൽ പീഡിപ്പിക്കപ്പെടുമ്പോൾ ആത്മാവിന്റെ ചിറകുകൾ വിടർത്തി കർത്താവിൽ ആനന്ദിക്കയാണു വേണ്ടത്.... ക്ഷമ, നന്മ, സ്ഥിരത, പ്രാർത്ഥന ഇവയാണ്‌ രക്ഷകന്റെയും രക്ഷകരുടേയും രഹസ്യം."