ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Friday, October 1, 2021

യുഗാന്ത്യത്തിനായി ഒരുങ്ങുക

                             

                 യുഗാന്ത്യത്തിനും ക്രിസ്തുനാഥൻ്റെ രണ്ടാം വരവിനും  തൊട്ടു മുമ്പുളള ശുദ്ധീകരണ നാളുകളിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകവും തുടർച്ചയായതുമായ പ്രകൃതിക്ഷോഭങ്ങളും മറ്റു ദുരന്തസംഭവങ്ങളുമെല്ലാം അതാണു സൂചിപ്പിക്കുന്നത്‌.

    2017 ഓഗസ്റ്റിൽ, ഒരു ദർശകനിലൂടെ ഈശോ വെളിപ്പെടുത്തി: "എത്രയോ പ്രാവശ്യം ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുകൾ നൽകി.. എൻ്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ കൺമുമ്പിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കാണാതിരിക്കാനും മാത്രം അന്ധരാണോ നിങ്ങൾ? നിന്ന നിൽപ്പിൽ ആളുകളും സ്ഥലങ്ങളും ഇല്ലാതാകുന്നത് നിങ്ങൾ കാണുന്നു.. എന്നിട്ടും നിങ്ങൾക്കു മാറ്റം വരുന്നില്ല.."

        2019 മെയ്മാസത്തിൽ നൽകിയ സന്ദേശത്തിൽ ദൈവപിതാവ്‌ പറയുന്നു: "പ്രവചിക്കപ്പെട്ട കാര്യങ്ങൾ ഓരോന്നായി നിറവേറുന്നത് നിങ്ങൾ കാണും.  ഇതാണ്‌ സമയം.  

    തിന്മയുടെ അഴിഞ്ഞാട്ടമാണ്‌  ലോകത്തിലിപ്പോൾ നടക്കുന്നത്.  മൃഗങ്ങളേക്കാൾ മോശമായി ജീവിച്ചിട്ട്‌ എൻ്റെ രാജ്യത്തിൽ പ്രവേശിക്കാമെന്ന വ്യാമോഹം നിങ്ങൾക്കു വേണ്ടാ.. മാനസാന്തരപ്പെടുന്നില്ലെങ്കിൽ  വലിയ ശിക്ഷ വരുമെന്ന് പഴയനിയമകാലത്ത് ഞാൻ നോഹ വഴി ജനത്തെ അറിയിച്ചു.  ആരും വിശ്വസിച്ചില്ല. അതിൻ്റെ ഫലം അവർ അനുഭവിച്ചു.  അതുപോലെ, ലോകമെമ്പാടുമുളള അനേകരിലുടെ ഇപ്പോൾ ഞാൻ സന്ദേശങ്ങൾ നൽകുന്നു.    സ്വീകരിക്കാത്തവർ എന്നെന്നേക്കുമായി നശിക്കും."

         അഞ്ചും ആറും പ്രമാണങ്ങളുടെ ലംഘനമാണ് (അബോർഷൻ, വ്യഭിചാരം, അവിഹിതബന്ധങ്ങൾ, സ്വവർഗ ബന്ധങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളെ ദുരുപയോഗിക്കുന്നത്) ഇപ്പോഴത്തെ ഏറ്റവും വലിയ പാപമെന്നും ഈ അവസ്ഥ തുടരാൻ ഇനി അനുവദിക്കില്ലെന്നും തൻ്റെ നീതി ഉടൻ നടപ്പാകുമെന്നും അതോടെ ലോകത്തിൽ തിന്മ ഇല്ലാതാകുമെന്നും  ഈശോയും സന്ദേശം നൽകുന്നു. ഈശോ പറയുന്നു: "മനുഷ്യർക്ക്‌ മാനസാന്തരം വരണമെന്ന്‌ അവർ മനസ്സിലാക്കുന്നതിനായി പ്രകൃതിക്ഷോഭങ്ങളിലുടെ  ഞാൻ മുന്നറിയിപ്പു നൽകുന്നു. എന്നാൽ, അധികം പേരും അതു ഗൗനിക്കുന്നില്ല. ഇവ കാണുമ്പോൾ നിങ്ങൾ പാപവഴിയിലാണെന്നു മനസ്സിലാക്കണം.  പീഢനകാലം തൊട്ടടുത്തെത്തിയെന്നും പിശാചിൻ്റെ ഭരണം അവസാനിക്കാൻ പോകയാണെന്നും ഭൂമിക്കൊരു സമാധാനകാലം ഞാൻ കൊണ്ടുവരുമെന്നും ഗ്രഹിച്ചുകൊളളുക... അനുതപിച്ച് ഒരുങ്ങുക.  ആകാശത്തിൽ അടയാളം കാണുമ്പോൾ കൃപയിലായിരിക്കണം.."

   പരിശുദ്ധ അമ്മ പറയുന്നു: "ദൈവനീതിയുടെ പാനപാത്രം നിറഞ്ഞുകഴിഞ്ഞു; അതു മുഴുവനായി നിറഞ്ഞു കവിഞ്ഞൊഴുകുന്നു. ഇക്കാലത്ത്‌ മനുഷ്യരിൽ ഭൂരിഭാഗവും കർത്താവിൻ്റെ പത്തു പ്രമാണങ്ങൾ അനുസരിക്കുന്നില്ല. നിങ്ങളുടെ ദൈവം പരസ്യമായി അവഹേളിക്കപ്പെടുന്നു, നിഷേധിക്കപ്പെടുന്നു, അവിടുത്തേക്കെതിരേ ദൂഷണം പറയപ്പെടുന്നു. കർത്താവിൻ്റെ ദിവസം ആചരിക്കാത്തവരുടെ എണ്ണം കുടിക്കൂടി വരുന്നു.

      ഓരോ വർഷവും ലോകമാസകലം ലക്ഷക്കണക്കിനു നിരപരാധികളായ ശിശുക്കൾ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ വച്ചുതന്നെ വധിക്കപ്പെടുന്നു. കൊലപാതകങ്ങൾ, മോഷണങ്ങൾ, അക്രമങ്ങൾ, ബലാൽക്കാരങ്ങൾ, തുടങ്ങിയവയുടെ എണ്ണം കൂടിക്കൂടി വരുന്നു.

     ലൈംഗികപാപം, ദുഷിച്ച ജലപ്രവാഹം പോലെ എങ്ങും പ്രചരിക്കുന്നു.  സാമൂഹ്യമാധ്യമങ്ങളത്രേ ഇതിനിത്ര പ്രചാരം നൽകുന്നത്. ടെലിവിഷനും കംപ്യൂട്ടറുകളും പാപവശീകരണത്തിൻ്റേയും വഷളത്തത്തിൻ്റേയും സൂക്ഷ്മവും പൈശാചികവുമായ ഒരുപകരണമായി ഓരോ കുടുംബത്തിലും നുഴഞ്ഞു കയറുന്നു.  അതിൻ്റെ ബലിയാടുകൾ, യാതൊരു സംരക്ഷണവും ലഭിക്കാത്ത കുഞ്ഞുങ്ങളും യുവാക്കളുമാണ്‌. അവരെ ഞാൻ ഒരമ്മയുടെ ആർദ്രമായ ഉത്കണ്ഠയോടെ വീക്ഷിക്കുന്നു.

    ദൈവനീതി തയാറാക്കി വച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ പ്രാർത്ഥനയുടേയും പരിഹാര പ്രായശ്ചിത്തങ്ങളുടേയും പ്രബലശക്തിക്കു മാത്രമേ കഴിയുകയുളളൂ.  എന്നാൽ, പശ്ചാത്തപിക്കുന്നതിനുളള ഓരോ അഭ്യർത്ഥനയും ലോകം മർക്കടമുഷ്ടിയോടെ തളളിക്കളയുന്നു..."


Thursday, September 30, 2021

ആൾമാറാട്ടക്കാരനായ കർദിനാൾ

(വാലന്റീന പാപ്പഗ്ന എന്ന ദർശകയ്ക്ക് ലഭിച്ച ദർശനം)

ഇന്നു രാവിലെ ഞാൻ ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയും കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ മാലാഖ വന്നു പറഞ്ഞു: "എന്നോടൊപ്പം വരിക."
                    ഒരു ഗണം ശുദ്ധീകരണാത്മാക്കളുടെ അടുത്തേക്കാണ് മാലാഖ എന്നെ കൊണ്ടുപോയത്. അവർ ഏതാണ്ട് അൻപതോളം പേരുണ്ടായിരുന്നു. അവർക്ക് വലുതായ സഹനമൊന്നും ഉള്ളതായി തോന്നിയില്ല.   അവരെ പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാനായി ദേവാലയത്തിൽ അൾത്താരയുടെ മുൻപിലേക്കു കൊണ്ടുപോകണമെന്ന്  എനിക്കു  തോന്നി. ഞാനത് അവരോടു പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി.  
              സാധാരണയായി, എൻ്റെയടുത്തു പ്രാർത്ഥന ചോദിച്ചു വരുന്ന ആത്‌മാക്കളെ ഞാൻ പരിശുദ്ധ കുർബാനയുടെ സമയത്ത് സമർപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാലിപ്പോൾ ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് ഞാനാലോചിച്ചു. ആത്മാക്കളെല്ലാം പ്രതീക്ഷയോടെ കാത്തു നിൽക്കുകയുമാണ്..

                   ഞാനവരെയും കൂട്ടിക്കൊണ്ട് നടക്കുമ്പോൾ ഒരു ചെറിയ കറുത്ത സ്റ്റീൽ ഗേറ്റ് കണ്ടു.  ഗേറ്റ് തള്ളിത്തുറന്ന്  ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.  അവിടെ, ഒരു കസേരയിൽ, ഏതാണ്ട് എഴുപതു വയസ്സോളം പ്രായമുള്ള ഒരു  മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. കർദിനാളന്മാർ ധരിക്കുന്ന തരത്തിലുള്ള ചുവന്ന കുപ്പായവും തലയിൽ ചുവന്ന തൊപ്പിയും  അദ്ദേഹം ധരിച്ചിരുന്നു.  ഞാനദ്ദേഹത്തിന്റെ മുൻപിൽ ചെന്ന് മുട്ടുകുത്തി സ്തുതി ചൊല്ലിയിട്ടു പറഞ്ഞു,  "അങ്ങയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് പിതാവേ,  പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർഥിക്കുന്നതിനായി ഈ ആത്മാക്കളെ ഞാൻ കൂട്ടിക്കൊണ്ടു വന്നതാണ്.  എനിക്ക് ദിവ്യകാരുണ്യം തന്നാലും..  ഞങ്ങൾ താമസിച്ചുപോയോ?"

കർദിനാൾ മറുപടി പറഞ്ഞു; ഇല്ല, നിങ്ങൾ താമസിച്ചുപോയില്ല.  നിങ്ങൾക്ക് ദിവ്യകാരുണ്യം തരാൻ സാധിക്കുകയില്ല. കാരണം, അങ്ങനെയൊന്ന് ഇപ്പോഴില്ല. അതൊക്കെ പഴംകഥയാണ്.  ദിവ്യകാരുണ്യം ഇല്ലാതെതന്നെ നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് മനസ്സിലായില്ലേ?  അതൊക്ക മനുഷ്യർ മെനഞ്ഞെടുത്ത ഓരോ കഥകളാണ്."
ഞാൻ സ്തംഭിച്ചു പോയി.   "ഏതു മനുഷ്യർ? ദൈവമാണ് 
ദിവ്യകാരുണ്യം സ്ഥാപിച്ചത്..."
"അല്ലേയല്ല,  ദിവ്യകാരുണ്യത്തെപ്പറ്റി ആകുലത വേണ്ട.. നിങ്ങൾക്ക് അതിൻ്റെ ആവശ്യമില്ല.  അതില്ലാതെതന്നെ നിങ്ങൾക്ക് കഴിയാൻ പറ്റും."
വീണ്ടും ഞാൻ ഞെട്ടി..
"ഇല്ല..ഇത് ശരിയല്ല.. ദിവ്യകാരുണ്യമില്ലാതെ ജീവിക്കാൻ എനിക്കാഗ്രഹമില്ല.  ഈ ആത്മാക്കളെയൊക്കെ ഞാൻ കൂട്ടിക്കൊണ്ടുവന്നത് എൻ്റെ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ അവർക്ക് ആശ്വാസം നൽകുന്നതിനായിട്ടാണ്... ദിവ്യകാരുണ്യം നൽകാൻ താങ്കൾക്കു നിർവാഹമില്ലെങ്കിൽ  താങ്കളുടെ മുകളിലുള്ള അധികാരിയെക്കാണാൻ എന്നെ അനുവദിക്കുക."

കർദിനാളിൻ്റെ പുറകിലായി  തിരുവസ്ത്രമെന്നു തോന്നിക്കുന്ന തരത്തിലുള്ള  വസ്ത്രങ്ങളണിഞ്ഞ മൂന്നു സ്ത്രീകൾ നിൽപ്പുണ്ടായിരുന്നു.  ദിവ്യകാരുണ്യം നൽകാൻ ഒരു വൈദികനെ കിട്ടുമോ എന്ന് ഞാനവരോടു ചോദിച്ചു.  അവർ പറഞ്ഞു; ഇല്ല, ദിവ്യകാരുണ്യം ഇനിമേൽ നല്കപ്പെടുകയില്ല! ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല."

ഇതുകേട്ട് ഞാൻ വളരെ അസ്വസ്ഥയായി. 
 അപ്പോൾ ഒരു മാലാഖ എൻ്റെയടുത്തേക്കു  വന്നു. കർദിനാളിനെ ഉദ്ദേശിച്ച് മാലാഖ പറഞ്ഞു:  "അത് ആൾമാറാട്ടക്കാരനായ കർദിനാളാണ്. അവരെല്ലാം ആൾമാറാട്ടക്കാരാണ്. ഇതാണ് ഇപ്പോൾ ദേവാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.  ദേവാലയങ്ങൾ അടയ്ക്കപ്പെടാൻ കാരണമിതാണ്."
ഞാൻ ചോദിച്ചു: "ദിവ്യകാരുണ്യം സ്വീകരിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന കർദിനാൾ എന്തുതരം കർദിനാളാണ് ?"
മാലാഖ പറഞ്ഞു; "വിശ്വാസികൾക്ക്  ദിവ്യകാരുണ്യം നൽകാൻ ഇവർക്ക് താൽപര്യമില്ല. അവർക്ക് അതിലൊന്നും വിശ്വാസവുമില്ല."
ഞാൻ ചോദിച്ചു; "അവർ എവിടെയുള്ളവരാണ്?"
മാലാഖ പറഞ്ഞു; "അതു വെളിപ്പെടുത്താൻ നിർവാഹമില്ല."
പെട്ടെന്ന് ഞാനോർത്തു; കർദിനാളന്മാർ കൂടുതലും റോമിലാണ് !!
ഞാൻ തിരിഞ്ഞ് എൻ്റെയൊപ്പം ഉണ്ടായിരുന്ന ആത്മാക്കളോടു പറഞ്ഞു; "നിങ്ങൾ കാണുന്നില്ലേ, എനിക്ക് നിങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ കഴിയുന്നില്ല.. ഇനി ഞാനെവിടെ പോകും?"

    എന്നോടും മാലാഖയോടുമൊപ്പം ആയിരിക്കുന്നതിൽ ആത്മാക്കൾ സന്തുഷ്ടരായിരുന്നു. ഞങ്ങൾ വീണ്ടും നടന്ന് ഒരു ചെറിയ താഴ്വരയിലെത്തി. ആത്മാക്കൾക്ക് ആശ്വാസം ലഭിക്കുന്നതിനായി അവരെ നേരെ ഈശോയുടെ അടുക്കലേക്കു കൊണ്ടുപോകാമെന്ന് ഞാൻ കരുതി.  അവർക്കത് വളരെ ഇഷ്ടമായി..

Thursday, September 23, 2021

ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു

 

ഈശോ പറയുന്നു: 



                                         "ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു  (വെളിപാട്  6:12).  നിങ്ങളെല്ലാം അന്ധകാരത്തിൽ ആഴ്ത്തപ്പെടാൻ പോകുന്നു. അൽപം പോലും വെളിച്ചം ഉണ്ടായിരിക്കുകയില്ല.  കാരണം, പാതാളത്തിൽ നിന്ന് കോരിയൊഴിക്കപ്പെടുന്ന പുക, വലിയൊരു ചൂളയിൽ നിന്ന് വമിക്കുന്ന പുക പോലെ ഉയർന്ന് സൂര്യനെയും ആകാശത്തെയും ഇരുളിലാഴ്ത്തും (വെളിപാട്  9:2).  

                             കണ്ടുകൊള്ളുക !എൻ്റെ നാലു  മാലാഖമാർ ഇപ്പോൾ ആകാംക്ഷയോടെ എൻ്റെ സിംഹാസനത്തിനു ചുറ്റും എൻ്റെ ആജ്ഞ കാത്തുനിൽക്കുകയാണ്.  ഇടിനാദം കേൾക്കുകയും മിന്നൽപ്രഭ കാണുകയും ചെയ്യുമ്പോൾ ഓർത്തുകൊള്ളുക, എൻ്റെ നീതിവിധിയുടെ മണിക്കൂർ സമാഗതമായിരിക്കുന്നു എന്ന്.  

                          ഭൂമി ഇളകുകയും അതിൻ്റെ അച്ചുതണ്ടിൽ ഒരു ഉൽക്ക പോലെ കറങ്ങുകയും പർവ്വതങ്ങളെയും ദ്വീപുകളെയും വേരോടെ പിഴുതെറിയുകയും ചെയ്യും.

                                  രാജ്യങ്ങൾ മുഴുവൻ നശിപ്പിക്കപ്പെടും. മുകളിലേക്കു തെറുത്തു കയറുന്ന ഒരു ചുരുൾ പോലെ ആകാശം അപ്രത്യക്ഷമാകും (വെളിപാട്  6:14)  എല്ലാ ജനങ്ങളും മരണവേദനയിൽ പിടയും ... അവിശ്വാസിക്ക് ദുരിതം! അന്ധകാരത്തിൻ്റെ മണിക്കൂർ വരുമ്പോൾ നിങ്ങളുടെ ഉള്ള് ഞാൻ തുറന്നുകാട്ടും. നിങ്ങളുടെ ആത്മാവിൻ്റെ അകം ഞാൻ പുറത്തു കൊണ്ടുവരും.  കരി പോലെ കറുത്ത നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കാണുമ്പോൾ അഭൂതപൂർവമായ ഒരസ്വാസ്ഥ്യം നിങ്ങൾ അനുഭവിക്കുകയും ചുറ്റും കാണുന്ന അന്ധകാരത്തെക്കാൾ കടുപ്പമേറിയതാണ് ഉള്ളിലെ അന്ധകാരമെന്നു പറഞ്ഞ് ഹൃദയവേദനയോടെ നിങ്ങൾ നെഞ്ചത്തടിച്ചു കരയുകയും ചെയ്യും.

               ലോകരാജ്യങ്ങളെ എൻ്റെ നീതി കാണിച്ചുകൊടുക്കുന്നത് ഇങ്ങനെയായിരിക്കും. ആ മണിക്കൂർ ആഗതമാകുമ്പോൾ എല്ലാ രാജ്യങ്ങളും എൻ്റെ വിധിവാചകം കേൾക്കും. " 

(From "The True Life in God" - messages given by Jesus to Vassula Ryden) 

Wednesday, September 8, 2021

ഉറ കെട്ടുപോയ ഉപ്പ്

(പരിശുദ്ധ 'അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

     എൻ്റെ പാവപ്പെട്ട അനേകം വൈദികസുതരെ പിശാച് ഇപ്പോൾ പൂർണ്ണമായി കൈവശപ്പെടുത്തിക്കഴിഞ്ഞു.   ഇതുമൂലം എൻ്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന  കയ്‌പ്പേറിയ മഹാദുഃഖത്തിൻ്റെ ഒരു ചെറിയ തുള്ളി നീയും രുചിച്ചു നോക്കണമെന്ന് ഞാനാഗ്രഹിച്ചു.

എൻ്റെ പാവപ്പെട്ട മക്കൾ! എത്രമാത്രം മനോവേദനയാണ് അവരെനിക്കു വരുത്തുന്നത്!!

എൻ്റെ പുത്രൻ്റെ പുരോഹിതർ! അവർ എൻ്റെ പുത്രനിൽ വിശ്വസിക്കുന്നില്ല. അവനെ അവർ തുടർച്ചയായി ഒറ്റിക്കൊടുക്കുന്നു.  പ്രസാദവരം പ്രദാനം ചെയ്യുന്നതിനു വിളിക്കപ്പെട്ട വൈദികർ ഇപ്പോൾ പാപത്തിൽ സ്ഥിരമായി ജീവിക്കുന്നു! അവരുടെ ജീവിതം തുടർച്ചയായ ഒരു ദൈവനിന്ദയാണ്. അനേകം ആത്മാക്കളെ അവർ നാശത്തിൻ്റെ പാതയിലേക്കു നയിക്കുന്നു.

വിനാശത്തിൻ്റെ  അശുദ്ധലക്ഷണം ദൈവത്തിൻ്റെ ആലയത്തിൽ യഥാർത്ഥമായി പ്രവേശിച്ചിരിക്കുന്ന സമയം ഇതാണ്.

അവർ ഭൂമിയുടെ ഉപ്പല്ലാതായിത്തീർന്നിരിക്കുന്നു. ഉപ്പുരസം നഷ്ടപ്പെട്ട്, അഴുകി ദുർഗന്ധം വമിക്കുകയും തറയിൽ എറിയപ്പെടുകയും സർവ്വരാലും ചവുട്ടി മെതിക്കപ്പെടുകയും ചെയ്യുന്ന ലവണം മാത്രമാണവർ. അവർ ദീപപീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദീപമല്ല, പ്രത്യുത, രാത്രിയെ കൂടുതൽ ഇരുണ്ടതാക്കിത്തീർക്കുന്ന അന്ധകാരം മാത്രം..

രോഗത്തിൽ വീണ് വേദനിക്കുന്ന എൻ്റെ വൈദികസുതരാണവർ. പിശാചിൻ്റെ ആധിപത്യത്തിന് അവർ അടിമപ്പെട്ടുപോയതാണ് ഇതിൻ്റെ കാരണം.

എൻ്റെ പ്രസ്ഥാനത്തിലെ വൈദികരേ, ഈ പുരോഹിതരെ രക്ഷിക്കാൻ നിങ്ങൾ എന്തുചെയ്യണം?

അവരെ വിധിക്കാതെ അവർക്കു സഹായമരുളുക. അവരെ എപ്പോഴും സ്നേഹിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക.

എൻ്റെ ഈ ദുർഭഗസുതരുടെ മാനസാന്തരം യേശുവിൽനിന്നു നേടാൻ വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്. എൻ്റെ വിമലഹൃദയം ലോകത്തിൽ കൈവരിക്കാൻപോകുന്ന വിജയത്തിനുവേണ്ടി തെരെഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ. ഈ വിജയം, എൻ്റെയീ വഴിതെറ്റിപ്പോയ നിരവധി വൈദികസുതരുടെ ആത്മരക്ഷയോടുകൂടിയാണ് ആരംഭിക്കുന്നത്.

           അവർക്കുവേണ്ടി സഹിക്കുക. മാർപാപ്പായോടുകൂടെ, മെത്രാന്മാരോടുകൂടെ, വൈദികരോടുകൂടെ ഉപവസിക്കുക.

നിങ്ങളിൽനിന്ന് ഇപ്പോൾ യേശു ആവശ്യപ്പെടുന്ന കുരിശ് ഇതാണ്. 


Saturday, August 21, 2021

എൻ്റെ പാപ്പാമാരെ പിന്താങ്ങുക

ഈശോയുടെ  11 - 08 - 2018 ലെ  സന്ദേശം 


എൻ്റെ അജഗണമേ, സമാധാനം നിങ്ങളോടുകൂടെ !

                         സഭയ്‌ക്കെതിരായ ആക്രമണങ്ങളും  കർദിനാളന്മാരുടെ നിസ്സഹകരണവും നിമിത്തം, ഭൂമിയിലെ എൻ്റെ ഇപ്പോഴത്തെ വികാരി ഈസമയം നിശബ്‌ദസഹനങ്ങളിലൂടെ കടന്നുപോവുകയാണ്.  അനേകം കർദിനാളന്മാരും ബിഷപ്പുമാരും വൈദികരും അദ്ദേഹത്തെ അനുസരിക്കുന്നില്ല. കർദിനാളന്മാരുടെ സംഘം വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ മാർപാപ്പായെ പിന്താങ്ങുമ്പോൾ മറ്റൊരു കൂട്ടർ അദ്ദേഹത്തെ എതിർക്കുന്നു. നിലവിലെ പാപ്പായ്‌ക്കെതിരായ ഉപജാപങ്ങളും ഭിന്നതയും അവരുടെയിടയിൽ നിലനിൽക്കുന്നു.  

അധികാരികൾക്കു വഴങ്ങാത്ത വഴക്കാളികളായ ഒരു കൂട്ടം കർദിനാളന്മാർ, നിലവിലെ മാർപാപ്പാ രാജി വെച്ച് പുതിയ കോൺക്ളേവ് കൂടി മറ്റൊരു പാപ്പായെ തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടർക്ക് വഴങ്ങിക്കൊണ്ട് പുതിയ പാപ്പായെ തെരഞ്ഞെടുക്കുമ്പോൾ,  ഇനി ആരാണ് പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ പോകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുക.  

ആകയാൽ, എൻ്റെ അജഗണമേ, കാനോനികമായി തെരെഞ്ഞെടുക്കപ്പെട്ട ഇപ്പോഴുള്ള എൻ്റെ രണ്ടു വികാരിമാർക്കും വേണ്ടി പ്രാർഥിക്കുക.  കാരണം സഭ പിളർക്കപ്പെടുമ്പോൾ ഈ രണ്ടു പാപ്പാമാരുടെയും ജീവൻ അപകടത്തിലാകും.  കാരണം ഇവർ രണ്ടുപേരും വത്തിക്കാനുള്ളിൽ പൂർണമായ സ്വീകാര്യതയുള്ളവരല്ല. 

സഭ ആടിയുലയുകയാണ്; എന്നാൽ, അതു വീണുപോകാൻ ഞാൻ അനുവദിക്കില്ല.  അടുത്തുതന്നെ ഉണ്ടാകാൻ പോകുന്ന ഭിന്നിപ്പിനും കലാപത്തിനുമിടയ്ക്ക് പുതിയൊരു മാർപ്പാപ്പാ തെരെഞ്ഞെടുക്കപ്പെടും; എന്നാൽ, അത് എൻ്റെ പാപ്പായായിരിക്കുകയില്ല!  ഈ എതിർപാപ്പാ വന്നുകഴിയുമ്പോൾ എൻ്റെ ആലയങ്ങൾ അടയ്ക്കപ്പെടുകയും എൻ്റെ  സക്രാരികൾ അശുദ്ധമാക്കപ്പെടുകയും ചെയ്യും.  ദൈനംദിനബലി നിർത്തലാക്കപ്പെടും; എൻ്റെ ജനം പീഡിപ്പിക്കപ്പെടുകയും അവരിൽ അനേകം പേർ രക്തസാക്ഷികളാവുകയും ചെയ്യും.  എതിർപാപ്പാ തെരെഞ്ഞെടുക്കപ്പെട്ടു കഴിയുന്നതോടെ ഇപ്പോഴുള്ള മാർപാപ്പായ്ക്ക് റോമിൽനിന്ന് പലായനം ചെയ്യേണ്ടിവരും; എൻ്റെ 'അമ്മ ഫാത്തിമയിൽ വെച്ചു പ്രവചിച്ച കാര്യങ്ങൾ അതിൻ്റെ പൂർണതയിൽ നിറവേറുന്നത് നിങ്ങൾ  കാണും.

എൻ്റെ അജഗണമേ,    എൻ്റെ സഭയ്ക്കും  എൻ്റെ വികാരിയ്ക്കും കുടിക്കാനുള്ള  കയ്പ്പ് നിറഞ്ഞ കാസായെ പ്രതി  നിങ്ങൾ പ്രാർഥിക്കുകയും  ഉപവസിക്കുകയും  പരിഹാരം ചെയ്യുകയും ചെയ്യുക.  സഭ ആത്മീയമായ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സഭയുടെ ഈ ശുദ്ധീകരണ നാളുകളിൽ നിങ്ങൾ അപാരമായ ധൈര്യവും അടിപതറാത്ത വിശ്വാസവും ഉള്ളവരായിരിക്കണമെന്ന്  ഞാനാഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ എൻ്റെ സുവിശേഷത്തിൽ നിന്നും ക്രിസ്തീയ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരാകാതിരിക്കട്ടെ!  

എൻ്റെ സഭയുടെ കാൽവരി യാത്ര തുടങ്ങിക്കഴിഞ്ഞു. എൻ്റെ പാപ്പാമാരെ നിങ്ങളുടെ പ്രാർത്ഥനയാൽ പിന്താങ്ങുക;  ഒരിക്കലും സഭ വിട്ടുപോകരുത്.  ലോകം മുഴുവനും വ്യാപിക്കുന്ന പ്രാർത്ഥന കൊണ്ട് - വിശേഷിച്ചും എൻ്റെ അമ്മയോടു ചേർന്നുള്ള ജപമാല പ്രാർഥന കൊണ്ട് സഭയ്ക്ക് സഭയ്ക്ക് സംരക്ഷണം തീർക്കുക; നരകകവാടങ്ങൾ അവൾക്കെതിരേ പ്രബലപ്പെടാതിരിക്കട്ടെ!! വി.മിഖായേലിനോടുള്ള പ്രാർത്ഥന ഒഴിവാക്കരുത്.   

     ഭയപ്പെടാതിരിക്കുക; എൻ്റെ അജഗണമേ, എഴുതപ്പെട്ടിരിക്കുന്നവയെല്ലാം നിറവേറേണ്ടിയിരിക്കുന്നു. ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എൻ്റെ വാക്കുകൾ കടന്നുപോകയില്ല!

അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുവിൻ; എന്തെന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു..


Wednesday, August 18, 2021

മൈക്രോ ചിപ്പുകൾ

 മൈക്രോ ചിപ്പുകളെ സംബന്ധിച്ച ദൈവിക സന്ദേശങ്ങൾ 


30 - 07 - 2017  - പരിശുദ്ധ മാതാവ് 

     നിങ്ങളുടെ ശരീരത്തിൽ ഒരുതരത്തിലുള്ള ചിപ്പുകളും നിവേശിപ്പിക്കുവാൻ അനുവദിക്കരുത്. മനുഷ്യശരീരത്തിൽ മൈക്രോചിപ്പു കൊണ്ടു മുദ്രകുത്തി  ലോകത്തെ അടക്കി ഭരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന അന്തിക്രിസ്തുവിൻ്റെ ആധിപത്യത്തിന് നാന്ദി കുറിക്കുന്ന ഒരു കാര്യമായിരിക്കും അത്.

മൈക്രോചിപ്പ് വഴി മനുഷ്യശരീരത്തിൽ മുദ്ര കുത്തുന്നതിലൂടെ  സാത്താൻ   അവരുടെ ചിന്താശക്തിയെ  ദുർബലമാക്കുകയും എൻ്റെ പുത്രൻ അവർക്കു നൽകിയ സ്വാതന്ത്ര്യം അപഹരിക്കുകയും ചെയ്യും. അന്തിക്രിസ്തുവിൻ്റെ പരസ്യ പ്രവേശനത്തിൻ്റെ ഏറ്റവും പ്രകടമായ അടയാളമായിരിക്കും മൈക്രോചിപ്പ്.

വിശ്വാസമുള്ളവരായിക്കുക; എൻ്റെ പുത്രനും ഞാനും,  ഞങ്ങളുടെ പ്രിയപ്പെട്ട മക്കൾ  അന്തിക്രിസ്തുവിൻ്റെ അനുയായികളുടെ കൂട്ടത്തിൽ അണി നിരക്കുന്നവരായി കാണപ്പെടുവാൻ ഒരിക്കലും അനുവദിക്കുകയില്ല. 

 

Tuesday, August 17, 2021

ഡയാനാ രാജകുമാരിയുമായുള്ള കണ്ടുമുട്ടൽ

 (വാലൻറ്റീന  പാപ്പാഗ്നയുടെ   23-07-2017 ലെ  വിവരണത്തിൽ നിന്ന്)

 



       1997 ഓഗസ്റ്റ് 31 - ഞായറാഴ്ച..    അന്നു കാലത്ത് ഞാൻ പള്ളിയിൽ പോയി. ഡയാനാ രാജകുമാരിക്കു പാരീസിൽവെച്ചു നേരിട്ട കാറപകടത്തെപ്പറ്റിയുള്ള വാർത്ത ഞങ്ങളുടെ നാട്ടിലുമെത്തിയിരുന്നു.  പള്ളിയിൽനിന്ന് തിരിച്ചുവന്നപ്പോൾ തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന എൻ്റെ സഹോദരി, ഡയാനായുടെ മരണവിവരം എന്നെ അറിയിച്ചു. അവൾ കരയുകയായിരുന്നു. 




       ഞാനും കരയാൻ തുടങ്ങി. എനിക്കയ്ക്കവരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.  എന്നാൽ, പെട്ടെന്നുതന്നെ ഞാനോർമിച്ചു; അവർക്ക് വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്.. അവിചാരിതമായും ഒരുക്കമില്ലാതേയും മരണമടയുന്ന ആത്മാക്കൾക്ക് വളരെയേറെ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ശുദ്ധീകരാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാളെന്ന നിലയിൽ  എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതാണിത്.  പെട്ടെന്നുതന്നെ ഞാനവൾക്കുവേണ്ടി ഒരു തിരി കത്തിച്ചു; കൊന്ത ചൊല്ലാൻ തുടങ്ങി. അവളുടെ ആത്മാവി
ൻ്റെ മേൽ കരുണയായിരിക്കണമേ എന്ന് ഈശോയോട് മുട്ടിപ്പായി പ്രാർഥിച്ചു.. 

                                പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിയാകാറായപ്പോൾ വലിയൊരു ശബ്‌ദം  കേട്ട് ഞാനുണർന്നു.  ശ്വാസംമുട്ടലുള്ള ഒരാൾ വളരെ വിമ്മിഷ്ടപ്പെട്ട് ശ്വാസം കഴിക്കുന്നതുപോലെയുള്ള ഒരു സ്വരമായിരുന്നു അത്. 

                 ഞാൻ കണ്ണുതുറന്നപ്പോൾ എൻ്റെ കിടക്കയ്ക്ക് അരികിലായി ഡയാനാ രാജകുമാരിയെക്കണ്ടു. പെട്ടെന്നുതന്നെ ഞാനവളെ തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകളൊഴികെ മുഖത്തിൻ്റെ ബാക്കിഭാഗങ്ങൾ ഒരു മുഖംമൂടികൊണ്ടെന്നപോലെ മറഞ്ഞിരുന്നു.

ഞാനവളോടു പറഞ്ഞു; ഡയാനാ,  നീ പോകൂ.. കർത്താവിന്റെ അടുത്തേക്കു പോകൂ.. നിൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ..

എന്നാലവൾ പോയില്ല. ഞാൻ വീണ്ടും വീണ്ടും ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.. എനിക്കു പേടി തോന്നി; എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാൻ ബെഡ്ഷീറ്റ് തലവഴി മൂടിയിട്ട് ഈശോയെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. 

അവസാനം, ഏറെ സമയത്തിനു ശേഷം അവൾ പോയി.. ഞാൻ ആശ്വസിച്ചു... കുരിശുവരച്ചതിനു ശേഷം ഞാൻ കൊന്ത ചൊല്ലാൻ തുടങ്ങി.  അന്നത്തെ  പ്രഭാതബലിയിൽ  പ്രത്യേകമായി അവൾക്കുവേണ്ടി പ്രാർഥിച്ചു.  എൻ്റെ ആത്മീയപിതാവായ ഫാ. വലേറിയനോട് എൻ്റെ അനുഭവം പങ്കുവെച്ചു.  അവൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടോ എന്ന് ഫാ.വലേറിയൻ ചോദിച്ചു.  ഇല്ലെന്നും എന്നാൽ  ആസ്മാരോഗമുള്ള ഒരാൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നതുപോലെ വളരെ  ബുദ്ധിമുട്ടിയാണ്  അവൾ ശ്വാസമെടുത്തിരുന്നത് എന്നും ഞാൻ പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു; "അവൾ വളരെയധികം സഹിക്കുന്നുണ്ട്; അതാണവൾക്കു സംസാരിക്കാൻ സാധിക്കാതിരുന്നത്."

ആ നിമിഷം മുതൽ ഞാൻ ഡയാനാ രാജകുമാരിക്കുവേണ്ടി എന്നും തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി..

ഡിസംബർ മാസമായി..  ഞാൻ ക്രിസ്തുമസ്സിനായി ഒരുങ്ങുകയായിരുന്നു.  എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റുമായി ക്രിസ്മസ് കാർഡുകൾ അയയ്ക്കാനാരംഭിച്ചു.

രാത്രികളിൽ ഞാൻ വളരെ വൈകിയാണ് ഉറങ്ങാറുള്ളത്.  പ്രാർത്ഥനകളൊക്കെ കഴിഞ്ഞു കിടക്കുമ്പോൾ മിക്കപ്പോഴും ഒന്നര മണിയൊക്കെയാകും.

ഡിസംബറിലെ ഒരു രാത്രിയിൽ എൻ്റെ കിടപ്പുമുറിയിൽ ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എൻ്റെ പിന്നിൽനിന്ന് ആരോ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

"വാലൻറ്റീനാ  !  എനിക്കും ഒരു ക്രിസ്മസ് കാർഡ് അയയ്ക്കുമോ?"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ രൂപം  കണ്ടു.  

അവൾ മനോഹരിയായി കാണപ്പെട്ടു. ആദ്യം കണ്ടപ്പോൾ അവളുടെ മുഖത്തു ഞാൻ കണ്ട മുഖംമൂടി ഇപ്പോഴുണ്ടായിരുന്നില്ല... 

വീണ്ടും അവൾ അഭ്യർഥിച്ചു; "പ്ലീസ്, വാലൻറ്റീനാ !  ദയവായി എനിക്കുകൂടി ഒരു  ക്രിസ്മസ് കാർഡ് അയയ്ക്കൂ.."

ഞാൻ ആശയക്കുഴപ്പത്തിലായി.. ഞാൻ ചോദിച്ചു; "പക്ഷെ,  എങ്ങോട്ടേക്കാണ് അയയ്‌ക്കേണ്ടത്?"

പെട്ടെന്ന് അവൾ അപ്രത്യക്ഷയായി!

കിടക്കാൻപോകുമ്പോഴും ഇതുതന്നെയായിരുന്നു എൻ്റെ ചിന്ത. എന്തുകൊണ്ടാണ് തനിക്കൊരു ക്രിസ്മസ് കാർഡയയ്ക്കാൻ ഡയാന ആവശ്യപ്പെട്ടത്? എങ്ങോട്ടേക്കാണ് അത് അയയ്‌ക്കേണ്ടത്? എൻ്റെ ചിന്തകളെല്ലാം ഈശോയ്ക്ക് സമർപ്പിച്ച് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈശോ ഒരു മറുപടിയും തന്നില്ല.  മൂന്നാം ദിവസം പ്രഭാതത്തിൽ ഞാൻ ബലിയർപ്പണത്തിനായി  പോയി.  കുർബാനസമയത്തും ഇക്കാര്യം എൻ്റെ ചിന്തയിൽനിന്നു വിട്ടുപോയില്ല.  

"എന്തുകൊണ്ടായിരിക്കാം ഡയാന അങ്ങനെ പറഞ്ഞത്? എന്താണിതിൻ്റെയൊക്കെ അർത്ഥം ?"

ഒരു ഉത്തരവും കിട്ടിയില്ല.

ക്രിസ്മസ് സമീപിച്ചുകൊണ്ടിരുന്നു. ഞാൻ ക്രിസ്മസ് കാർഡുകൾ അയയ്‌ക്കുന്നത്‌ തുടർന്നു.

ഒരു രാത്രിയിൽ പ്രാർത്ഥനയ്ക്കു ശേഷം  വളരെ വൈകി ഞാൻ കിടക്കാനൊരുങ്ങുമ്പോൾ  ഈശോയുടെ മനോഹരമായ തിരുഹൃദയ രൂപത്തിലേക്കുനോക്കി അന്നത്തെ ദിവസത്തിനു നന്ദി പറഞ്ഞു.  പെട്ടെന്ന് എനിക്കു പിടികിട്ടി, ഡയാന എന്നോട് എന്താണ് ആവശ്യപ്പെട്ടതെന്ന്..

ഞാൻ ഉച്ചത്തിൽ എന്നോടുതന്നെ പറഞ്ഞു; എന്തൊരു മണ്ടിയാണു ഞാൻ!

ഈശോയോടായി ഞാൻ പറഞ്ഞു: "ക്രിസ്മസ് കാർഡ് എങ്ങോട്ടാണ് അയയ്‌ക്കേണ്ടതെന്ന് എനിക്കു മനസ്സിലായി.. കർത്താവേ, ഡയാനാ രാജകുമാരിക്കല്ല, ഞാനത് അവിടുത്തേക്കാണ് അയയ്ക്കാൻ പോകുന്നത്...

ഇതാണെൻ്റെ അപേക്ഷ:

എൻ്റെ സ്നേഹമുള്ള ഈശോയേ,  എൻ്റെ പേരിലും ഡയാനാ രാജകുമാരിയുടെ പേരിലും ഞാനവിടുത്തോട് അപേക്ഷിക്കുന്നു; ഈ ക്രിസ്മസ്സിന് സ്വർഗ്ഗത്തിലെത്താനുള്ള കൃപ അവൾക്കു നൽകണമേ.. നന്ദി ഈശോയെ.."

പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു.  ഇത് മനസ്സിലാക്കാൻ ഇത്രയും സമയം എടുത്ത ഞാൻ എന്തൊരു മണ്ടിയാണ്? എന്തായാലും പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു. 

അവസാനം ഞാൻ കിടക്കാനൊരുങ്ങി.  സുഖമായൊരുറക്കം  പ്രതീക്ഷിച്ചാണ് ഞാൻ കിടന്നത്. പക്ഷേ, അതല്ല സംഭവിച്ചത്.  ഡയാനയ്ക്കുവേണ്ടിയുള്ള എൻ്റെ പ്രാർത്ഥന സമർപ്പിച്ച് അരമണിക്കൂറിനകം എനിക്ക് ശരീരത്തിൽ അസ്വസ്ഥതകളനുഭവപ്പെടാൻ തുടങ്ങി. കടുത്ത പനിയും ശരീരനൊമ്പരവും മൂലം ഞാൻ വലഞ്ഞു. മരിക്കാൻ പോകുന്നതുപോലെ എനിക്ക് തോന്നി.  എൻ്റെ മകനെപ്പോലും  ഒന്നുവിളിക്കാൻ പറ്റാതെ മരിക്കേണ്ടി വരുമല്ലോ എന്നു  ഞാൻ ചിന്തിച്ചു. ഈശോയെയും മാതാവിനെയും മാറി മാറി വിളിച്ച് ഞാൻ പ്രാർത്ഥനയോടെ കിടന്നു. ആരും എൻ്റെ സഹായത്തിനു വന്നില്ല. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഈശോ പ്രത്യക്ഷനായി. മൃദുവായ ഒരു പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു:  വാലൻറ്റീനാ,  നീ ഇത്രമാത്രം സഹിക്കേണ്ടി വരുന്നതിൽ എനിക്കു ദുഃഖമുണ്ട്.  എന്നാൽ, നീ മരിക്കുകയില്ല.  നീ അപേക്ഷിച്ച കൃപ ലഭിക്കുന്നതിന് നീ സഹിക്കേണ്ടതുണ്ട്."

അവിടുന്ന് വീണ്ടും പറഞ്ഞു: "നന്നായി സഹിക്കുക! സന്മനസ്സോടെ സഹിക്കുക!"

ഇതു പറഞ്ഞിട്ട് അവിടുന്ന് അപ്രത്യക്ഷനായി !

രാത്രി മുഴുവൻ എൻ്റെ വേദനകളും സഹനവും  തുടർന്നു.   രാവിലെ ഏഴുമണിയായപ്പോൾ ഈശോ വീണ്ടും വന്നു. അവിടുത്തെ  പരിശുദ്ധമായ കരങ്ങൾ  എൻ്റെ ശിരസ്സിൽ വച്ചു. തൽക്ഷണം എൻ്റെ വേദനയും അസ്വസ്ഥതകളും മാറി! എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ കുഞ്ഞേ, ഈ സഹനങ്ങളെ പ്രതി ഞാൻ നിനക്കു നന്ദി പറയുന്നു. ഇനി ശാന്തമായി അൽപ്പം  വിശ്രമിക്കൂ.."

ഇതിനായിട്ടാണ് ഡയാനാ രാജകുമാരി എൻ്റെയരികിൽ വന്നതെന്ന് എനിക്കു മനസ്സിലായി. 

പൂജ്യരാജാക്കന്മാരുടെ തിരുനാളിനുശേഷം, മാലാഖ എൻ്റെയടുത്ത് വന്നുപറഞ്ഞു: "വരൂ, നീ പ്രാർത്ഥനയാൽ സഹായിച്ച ഒരാളിനെ ഞാൻ കാണിച്ചുതരാം.."

പെട്ടെന്നുതന്നെ ഞങ്ങൾ മനോഹരമായ ഒരുദ്യാനത്തിലെത്തി.  മാലാഖ പറഞ്ഞു: " ഇതാണ് ഡയാനാ രാജകുമാരിയുടെ അന്ത്യവിശ്രമസ്ഥലം.  അവളിപ്പോൾ സ്വർഗത്തിലാണ്.."

          എനിക്ക് അത്യധികമായ സന്തോഷം അനുഭവപ്പെട്ടു.  എൻ്റെ ചെറിയൊരു സഹായവും  സഹനവും  കൊണ്ട് അവളെ സഹായിക്കാൻ  അനുവദിച്ചതിന് ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു.

എന്നെങ്കിലും അവളുടെ പുത്രന്മാരെ കാണാനിടവരികയാണെങ്കിൽ ഈ അനുഭവം അവരോടു  പറയുവാൻ ഞാനാഗ്രഹിക്കുന്നു.  അവർക്കിത് സന്തോഷകരമാകുമെന്നും ഞാൻ പ്രത്യാശിക്കുന്നു.  

അവളുടെ മരണത്തിൻ്റെ ഇരുപതാം വാർഷികത്തിൽ  ഇത് പരസ്യമാക്കാൻ ആഴമായ ഒരു ദൈവികപ്രേരണ   ലഭിച്ചതിനാലാണ് ഇത് എഴുതിയത്.

ഈശോ  പറഞ്ഞു:  "നിൻ്റെ അനുഭവങ്ങൾ നീ പങ്കുവെച്ചത്  എന്തുകൊണ്ടും നന്നായി. ഇത് അനേകരെ സ്വാധീനിക്കുകയും സ്പർശിക്കുകയും ചെയ്യും. മരണമെന്നത് ആരുടേയും  അവസാനമല്ലെന്നും പുതിയൊരു ജീവിതത്തിൻ്റെ ആരംഭമാണെന്നും അവർ മനസ്സിലാക്കും."

ഡയാനാ രാജകുമാരി ഒരിക്കൽക്കൂടി എനിക്ക് പ്രത്യക്ഷയായി. ഇപ്രാവശ്യം ഒരു മാലാഖയും അവളോടൊപ്പമുണ്ടായിരുന്നു!  വളരെ സന്തോഷവതിയായി അവൾ പറഞ്ഞു: "വാലൻറ്റീനാ,  നീ എനിക്കു ചെയ്ത എല്ലാ സഹായങ്ങൾക്കും ഞാൻ നന്ദി പറയുന്നു."

ധവളവസ്ത്രത്തിൽ അവൾ അതിമനോഹരിയായിരുന്നു!! 

(1997 ഓഗസ്റ്റ് 31 വെളുപ്പിന് 4 മണിക്ക്  ഡയാനാ രാജകുമാരി  പാരീസിൽവെച്ചുണ്ടായ  ഒരു കാറപകടത്തിൽ മരണമടഞ്ഞു. )