ജാലകം നിത്യജീവൻ: അന്ത്യകാലം വളരെ അടുത്തിരിക്കുന്നു

nithyajeevan

nithyajeevan

Thursday, September 23, 2021

അന്ത്യകാലം വളരെ അടുത്തിരിക്കുന്നു

മഹാ മുന്നറിയിപ്പ് 

(ഫാ.ജോൺ മാത്യു കുന്നത്തുമറ്റത്തിൻ്റെ  പ്രഭാഷണങ്ങളിൽ നിന്ന്)



                        മനുഷ്യ ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ  ഒരു കാലയളവിലാണ് നാമിപ്പോൾ ജീവിക്കുന്നത്.  എങ്കിലും നാമൊക്കെ മഹാഭാഗ്യവാന്മാരാണെന്നു കൂടി പറയേണ്ടതുണ്ട്; കാരണം, മാനവചരിത്രത്തിലെ  ഏറ്റവും വലിയ വിശുദ്ധരെ സൃഷ്ടിക്കുന്ന കാലമാണ് വരാൻ പോകുന്നത്.  പാപംനിറഞ്ഞ ഈ ലോകത്തെ ശുദ്ധീകരിക്കുന്നതിനും അവിടുത്തെ പ്രിയമക്കളായ നമ്മെ എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും പാപത്തിൻ്റെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുന്നതിനുമായി  ദൈവത്തിൻ്റെ മഹാകരുണ ഒരുക്കിയിരിക്കുന്ന ഒരു മഹാ പ്രതിഭാസം ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തിൽ സംഭവിക്കാൻ പോകുന്നു!  മഹാ മുന്നറിയിപ്പ് അഥവാ The Great Warning എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെപ്പറ്റി പല കാലഘട്ടങ്ങളിലായി പല മിസ്റ്റിക്കുകളിലൂടെ ദൈവം അനേകം വെളിപ്പെടുത്തലുകൾ നൽകിയിട്ടുണ്ട്.  വി.പാദ്രേ പിയോ, വി.ഫൗസ്റ്റീനാ തുടങ്ങിയവർ അവരിൽ ചിലർ മാത്രം..

എന്താണ് ഈ മുന്നറിയിപ്പ്?

           നിനച്ചിരിക്കാത്ത ഒരു ദിവസം, ഭൂമി അതിവേഗത്തിൽ കറങ്ങുന്നതായി ജനങ്ങൾക്കനുഭവപ്പെടും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനായി അവർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന്, അല്ലെങ്കിൽ ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്തുവരും. ആകാശത്തിലേക്കു നോക്കുന്ന അവർ ഒരു അസാധാരണ ദൃശ്യം കാണും; സൂര്യൻ അസാധാരണമാം വിധം വലുതായിരിക്കുന്നതായി അവർ കാണും; സമീപത്തായി മറ്റൊരു സൂര്യനെയും കാണും. പിന്നീട്, ഫാത്തിമായിൽ മാതാവിൻ്റെ അവസാന ദർശനവേളയിൽ സംഭവിച്ചതുപോലെ, സൂര്യൻ സ്വയം അതിവേഗത്തിൽ കറങ്ങി ഭൂമിയിലേക്കു വരുന്നതായി കാണുകയും വലിയ ചൂട് എല്ലാവർക്കും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം, വിപരീതദിശകളിൽ നിന്നു വരുന്ന രണ്ടു വാൽനക്ഷത്രങ്ങൾ വലിയ ശക്തിയോടുകൂടി കൂട്ടിയിടിച്ചു പൊട്ടിത്തെറിക്കും. ഈ ദൃശ്യം ഭൂമിയിലെ സകല മനുഷ്യരും ഒരേസമയം ദർശിക്കും. ഇതേത്തുടർന്ന് ഭൂമിയിൽ വലിയ ഭൂകമ്പം ഉണ്ടാവുകയും ഭൂമിയുടെ പല ഭാഗങ്ങളും ഇല്ലാതാവുകയും ചെയ്യും.

               പെട്ടെന്ന് ഭൂമി മുഴുവൻ അന്ധകാരം വ്യാപിക്കും. ആകാശത്തിലെയും ഭൂമിയിലെയും സകല വിളക്കുകളും അണയും. ആമോസ് 8:9 - ൽ  ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; "അന്ന് മധ്യാഹ്നത്തിൽ സൂര്യൻ അസ്തമിക്കും; നട്ടുച്ചയ്ക്ക് ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും."  ജോയേൽ 2:30 പറയുന്നു; "ആകാശത്തിലും ഭൂമിയിലും ഞാൻ അത്ഭുതകരമായ അടയാളങ്ങൾ കാണിക്കും."  ഈ വചനങ്ങൾ കൃത്യമായി ഇവിടെ നിറവേറും. 

മൂന്നു മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ അന്ധകാരത്തിലാണ്ടുപോകും. (ത്രിദിനാന്ധകാരമല്ല ഇവിടെ വിവക്ഷിക്കുന്നത്.)  ആകാശം ഒരു പായ തെറുത്തുമാറ്റുന്നതുപോലെ തെറുത്തു മാറ്റപ്പെടും.  (വെളിപാട് 6:14) അവിടെ ഒരു വലിയ അടയാളം കാണപ്പെടും; കർത്താവിൻ്റെ കുരിശിൻ്റെ അടയാളം.  കുരിശിൽ തറയ്ക്കപ്പെട്ടതായി കാണപ്പെടുന്ന കർത്താവിൻ്റെ തിരുശരീരത്തിലെ തിരുമുറിവുകളിൽ നിന്ന് അതിശക്തമായ പ്രകാശരശ്മികൾ ഭൂമിയിലെ   ഓരോ മനുഷ്യനിലേക്കും  കടന്നുചെന്ന് അവൻ്റെ ചേതനയെ പ്രകാശിപ്പിക്കും.  ആ പ്രകാശത്തിൽ അവൻ തൻ്റെ ആത്മാവിൻ്റെ  നിജസ്ഥിതി ദർശിക്കും.  ദൈവത്തിനെതിരായി താൻ ചെയ്ത പാപങ്ങളും അതുവഴിയായി തൻ്റെ ആത്മാവിനേറ്റ കളങ്കങ്ങളും എല്ലാം വളരെ വ്യക്തമായി അവൻ കാണും. തൻ്റെ പാപങ്ങളാൽ ദൈവത്തെ എത്രയധികമായി ദ്രോഹിച്ചുവെന്ന് ഓരോ മനുഷ്യനും മനസ്സിലാക്കും. തൻ്റെ ആത്മാവിൻ്റെ ഭീകരമായ അവസ്ഥ കണ്ട് അവൻ ഞെട്ടിവിറയ്ക്കും.  എത്രമാത്രം വലിയ പാപിയായിരുന്നു താൻ എന്ന് ഓരോ ആത്മാവും മനസ്സിലാക്കും.  ഈശോയുടെ തിരുമുറിവുകൾ വീണ്ടും കാണുന്ന ആ ആത്മാവ്,  താൻ ചെയ്ത പാപങ്ങളാൽ ഈശോയെ വീണ്ടും വീണ്ടും കുരിശിൽ തറയ്ക്കുകയായിരുന്നു എന്ന ബോധ്യത്തിലേക്കു വരുന്നതോടെ അവനിൽ അനുതാപം ഉളവാകുകയും ദൈവത്തിൻ്റെ അതിരറ്റ കരുണയാൽ  പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും കടന്നുവരാൻ ആ ആത്മാവിന് ദൈവം അവസരം നൽകുകയും ചെയ്യും. 

ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കാഴ്ചയുടെ സമയമത്രയും ലോകം മുഴുവൻ വലിയ നിശ്ശബ്ദതയിലേക്കു വീഴും.  സകല ചരാചരങ്ങളും ഈ സമയം നിശ്ചലമാകും.  

ഇത് ദൈവകരുണയുടെ അസാധാരണവും അവസാനത്തേതുമായ പ്രവൃത്തിയായിരിക്കും.  ശതകോടികൾ ഈ അവസരത്തിൽ മാനസാന്തരത്തിലേക്കു കടന്നുവരുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ, അനേകം കഠിനപാപികൾ അനുതപിക്കുവാൻ വിസമ്മതിക്കുമെന്നും അവർ നിത്യശിക്ഷയ്ക്കായി വിധിക്കപ്പെടുമെന്നതിനാൽ അവർക്കായി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് പ്രാർത്ഥിക്കണമെന്നും  അവിടുന്ന് നമ്മോടാവശ്യപ്പെടുന്നു. 

അതോടൊപ്പം,  ഈ മുന്നറിയിപ്പിനായി പ്രാർഥനയോടെ ഒരുങ്ങിയിരിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു.

Video of Fr. John Kunnathumattom

https://youtu.be/GPwcKOU3XPg