ഇന്ന് വി.ബനഡിക്ടിന്റെ തിരുനാൾ
AD 480 ൽ ഇറ്റലിയിലെ നർസിയായിലാണ് അദ്ദേഹം ജനിച്ചത്. പഠനത്തിനായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ, അദ്ദേഹത്തെ റോമിലേയ്ക്കയച്ചുവെങ്കിലും ആ നഗരത്തിന്റെ കുത്തഴിഞ്ഞ രീതികൾ അദ്ദേഹത്തിന്റെ അഭിരുചികൾക്കിണങ്ങുന്നതായിരുന്നില്ല. തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കണമെന്നാഗ്രഹിച്ച ആ യുവാവ്, റോമിനു തെക്കുകിഴക്കുള്ള സുബിയാക്കോ ഗുഹയിലേക്ക് പലായനം ചെയ്ത് ഏകാന്തവാസിയായി മൂന്നു വർഷത്തോളം അവിടെ കഴിച്ചുകൂട്ടി. കാര്യങ്ങളന്വേഷിക്കാനായി ഒരു സ്നേഹിതൻ മാത്രം ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹത്തെ കണ്ടുമുട്ടാനിടയായ ചില സന്യാസികൾ അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ കർശന രീതികളും നിയമങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ അവർക്കു കഴിയാതെ വന്നതിനാൽ അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിക്കുകയും അതിൽനിന്ന് അദ്ദേഹം ദൈവാനുഗ്രഹത്താൽ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം അവരെ വിട്ട് സുബിയാക്കോ ഗുഹയിൽത്തന്നെ അഭയം തേടി.
കാലക്രമേണ, അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം ചുറ്റുപാടും വ്യാപിച്ചു. അദ്ദേഹത്തിന് ശിഷ്യന്മാർ കൂടിക്കൂടി വന്നു. അവർക്കായി സുബിയാക്കോയ്ക്കു ചുറ്റും പന്ത്രണ്ടു ചെറിയ ആശ്രമങ്ങൾ സ്ഥാപിതമായി. വി.ബനഡിക്ടായിരുന്നു അവരുടെയെല്ലാം ആത്മീയ ഗുരു.
AD 530 ൽ വി.ബനഡിക്ട് സുബിയാക്കോ വിട്ട് റോമിനും നേപ്പിൾസിനും ഇടയ്ക്കുള്ള മോണ്ടെ കാസിനോയിലേക്കു പോവുകയും അവിടെ മറ്റൊരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. AD 547 ൽ തന്റെ മരണം വരെ അദ്ദേഹം അവിടെയാണ് കഴിഞ്ഞത്. അവിടെ കഴിയുമ്പോഴാണ് അദ്ദേഹം തന്റെ ആശ്രമനിയമങ്ങൾ എഴുതിയുണ്ടാക്കിയത്. പ്രാർത്ഥന, പഠനം, അദ്ധ്വാനം ഈ മൂന്നു കാര്യങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിതരീതിയാണ് വിശുദ്ധൻ തന്റെ അനുയായികൾക്കായി നിർദേശിച്ചത്. ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു എന്നു മാത്രമല്ല, "The Rule of Saint Benedict" എന്ന പേരിൽ ഇന്നത് വിശ്വപ്രസിദ്ധവുമാണ്.
വി.ബനഡിക്ടിന്റെ കാശുരൂപം
ഈ കാശുരൂപത്തിന്റെ ഒരു വശത്ത് വിശുദ്ധന്റെ പടമാണ്. വലത്തെ കൈയിൽ ഒരു കുരിശ്; ഇടത്തെ കൈയിൽ അദ്ദേഹം എഴുതിയ, തന്റെ സന്യാസസഭയുടെ നിയമപുസ്തകവും.
കാശുരൂപത്തിന്റെ അകത്തും വിളുമ്പിനും ലത്തീനിൽ Eivs in obitv nostro prae sentia mvniamvr അതായത്, "നമ്മുടെ മരണനേരത്ത് അവിടുത്തെ സാന്നിധ്യം കൊണ്ട് നാം സഹായിക്കപ്പെടട്ടെ" എന്ന് എഴുതിയിരിക്കുന്നു.
കാശുരൂപത്തിന്റെ മറുവശത്ത്, നടുവിലായി ഒരു കുരിശു കാണാം. അതു നമ്മുടെ രക്ഷയുടെ അടയാളവും പിശാചിനോടു യുദ്ധം ചെയ്യുന്നതിനുള്ള ആയുധവുമത്രേ.
കുരിശിന്റെ നെടിയ തണ്ടിന്മേൽ കാണുന്ന അഞ്ച് അക്ഷരങ്ങളായ C,S,S,M,L ഇവയുടെ സാരാർത്ഥമിതാണ്:
Crux, Sacra, Sit, Mihi, Lux (വി.ബനഡിക്റ്റിന്റെ കുരിശ് എനിക്കു വെളിച്ചമായിരിക്കട്ടെ)
കുരിശിന്റെ കുറിയ തണ്ടിന്മേൽ കാണുന്ന അഞ്ച് അക്ഷരങ്ങളായ N,D,S,M,D ഇവയുടെ അർത്ഥമാകട്ടെ,
Non, Draco, Sit, Mihi, Dux (പിശാച് എനിക്കു വഴികാട്ടിയാകേണ്ട)
കാശുരൂപത്തിന്റെ പുറത്തെ വിളുമ്പിൽ കാണുന്ന പതിന്നാല് അക്ഷരങ്ങളായ V,R,,S,N,S,M,V, S,M,Q, L,I,V,B ഇവയുടെ സാരാർത്ഥമിതാണ്: Vade, Retro Santna, Nunpuam, Suade, Mihi, Vana, Sunt, Mala, Quae, Libas, Ipse, Venea, Bibis (പിശാചേ, നീ പുറകോട്ടു പോവുക; മായകളെ നീ എനിക്ക് ഉപദേശിക്കേണ്ട. നീ കുടിക്കുന്നത് വിഷമാകുന്നു)
ഈ കാശുരൂപം വെഞ്ചെരിക്കുന്നതിന് വൈദികർക്ക് പ്രത്യേക അനുവാദം വേണം. ഇതിന് പ്രത്യേക വെഞ്ചെരിപ്പും നമസ്കാരങ്ങളുമാണുള്ളത്.