ജാലകം നിത്യജീവൻ: February 2016

nithyajeevan

nithyajeevan

Saturday, February 13, 2016

വി.ജറാൾഡ് മജില്ല


1726 ഏപ്രിൽ ആറാം തീയതി, തെക്കേ ഇറ്റലിയിലെ മുറോ
എന്ന കൊച്ചുഗ്രാമത്തിലാണ് വിശുദ്ധന്റെ ജനനം. 
ചെറുപ്പത്തിൽത്തന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു വിശുദ്ധൻ. 
അതുകൊണ്ടുതന്നെ ഏവർക്കും പ്രിയങ്കരനുമായിരുന്നു.
1749 ൽ അദ്ദേഹം, ദിവ്യരക്ഷകസഭയിൽ തുണ
സഹോദരനായി ചേർന്നു.  അവിടെയും പാവങ്ങളെയും
അവശത അനുഭവിക്കുന്നവരേയും തനിക്കുള്ളതെല്ലാം നൽകി സഹായിച്ചുകൊണ്ട് മറ്റുള്ളവർക്ക്‌
മാതൃകയായി. 1752 ജൂലൈ 16 ന് ബ്രദർ  ജറാൾഡ് വ്രതവാഗ്ദാനമെടുത്തു. അന്നുമുതൽ അദ്ദേഹം
രക്ഷകനായ ദൈവത്തിനു മാത്രമുള്ളവനായിത്തീർന്നു. 
ആഴമായ പ്രാർഥനാജീവിതം  അദ്ദേഹത്തെ
ഒരു അത്ഭുതപ്രവർത്തകനാക്കി മാറ്റി.
താൻ എപ്പോൾ മരിക്കുമെന്ന് വിശുദ്ധന് മുൻകൂട്ടി നിശ്ചയമുണ്ടായിരുന്നു. അദ്ദേഹം ഡോക്റ്ററോടു പറഞ്ഞു;
"പ്രിയപ്പെട്ട ഡോക്ടർ, എന്നെ ഹൃദയപൂർവ്വം
വി.ത്രേസ്യയ്ക്ക് സമർപ്പിക്കുക. പിന്നീട് എനിക്കുവേണ്ടി ദിവ്യകാരുണ്യത്തിനു പോവുക.'' പരിശുദ്ധ കുർബാന
സ്വീകരിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു: "ഇന്ന് വി.ത്രേസ്യയുടെ തിരുനാളാകയാൽ  
നിങ്ങൾക്ക് ഉല്ലാസദിനമാണ്. നാളെയും നിങ്ങൾക്ക് ഉല്ലസിക്കാം .." ഇതുകൊണ്ട്‌  
അദ്ദേഹം ഉദ്ദേശിച്ചത് തന്റെ മരണം തന്നെയാണ്. ദിവ്യരക്ഷകസഭയിലെ വൈദികർ വി.ത്രേസ്യയുടെ
തിരുനാളാഘോഷിക്കുന്ന പതിവുണ്ട്. അതുകൊണ്ടാണ് ആ ദിവസം അവർക്ക്
ഉല്ലാസമായിരിക്കുന്നത്. കൂടാതെ, ആശ്രമത്തിലെ ഏതെങ്കിലും ഒരംഗം മരിച്ചാൽ, പിറ്റേ ദിവസം ആ ആശ്രമത്തിൽപ്പെട്ടവർ ഉല്ലസിക്കുന്നു. അപ്പോൾ
ബ്രദർ  ജറാൾഡ് സൂചിപ്പിച്ചത്, വി.ത്രേസ്യയുടെ തിരുനാളിൽ
താൻ കർത്താവിൽ നിദ്ര പ്രാപിക്കുമെന്നും തന്മൂലം ആശ്രമവാസികൾ പിറ്റേദിവസം ഉല്ലസിക്കുമെന്നുമാണ്.
അന്നു രാത്രി 10 മണിക്ക് (1756 ഒക്ടോബർ 15) തന്റെ മുപ്പതാമത്തെ വയസ്സിൽ
തന്റെ രക്ഷകന്റെ സവിധത്തിലേക്ക് അദ്ദേഹം യാത്രയായി.
    ഗർഭിണികളുടെ പ്രത്യേക സ്വർഗ്ഗീയ
മദ്ധ്യസ്ഥനായി സഭ അദ്ദേഹത്തെ ആദരിക്കുന്നു.  ഗർഭിണികൾ അദ്ദേഹത്തിന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ  ഭരമേല്പ്പിക്കുന്നു. പ്രസവാരിഷ്ടതകളിലൂടെ സുരക്ഷിതരായി കടന്നു പോകുന്നതിന് അദ്ദേഹത്തോട് അവർ മാധ്യസ്ഥാപേക്ഷ നടത്താറുണ്ട്‌. ഇതിന് ഉപോദ്ബലകമായ സംഭവം ഇങ്ങനെയാണ്:
പുണ്യവാൻ ഒരിക്കൽ സെനർക്കിയ ഗ്രാമത്തിൽക്കൂടി സഞ്ചരിക്കുകയായിരുന്നു.   പ്രസവാരിഷ്ടത കൊണ്ട് മരിക്കുമെന്ന ഘട്ടത്തിലെത്തിയ ഒരു സാധു സ്ത്രീ അദ്ദേഹത്തിന്റെ  സഹായം അഭ്യർഥിച്ചു. അദ്ദേഹം അവൾക്കുവേണ്ടി പ്രാർഥിച്ച് അവളുടെ ജീവൻ രക്ഷിച്ചു. അതേത്തുടർന്ന്  ഈ സഹായമപേക്ഷിച്ച് പുണ്യവാന്റെ സഹായവും പ്രാർത്ഥനയും തേടുന്നവരുടെ എണ്ണം സംഖ്യാതീതമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഗർഭിണികളുടെ പ്രത്യേക മദ്ധ്യസ്ഥനായി അറിയപ്പെടുവാൻ തുടങ്ങിയത്.

Tuesday, February 2, 2016

മൂന്നാം ഫാത്തിമാരഹസ്യം

2000 ജൂൺ മാസത്തിൽ വത്തിക്കാൻ പരസ്യപ്പെടുത്തിയ രേഖകൾ പ്രകാരം, ഫാത്തിമായിലെ  മൂന്നാം രഹസ്യത്തെപ്പറ്റിയുള്ള  സി.ലൂസിയായുടെ വിവരണം ഇപ്രകാരമാണ്:

"ഞാൻ മുൻപു വിവരിച്ച ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു ശേഷം,  പരിശുദ്ധ അമ്മയുടെ ഇടതുവശത്ത്‌ അൽപ്പം മുകളിലായി, ജ്വലിക്കുന്ന ഒരു വാൾ  ഇടതുകൈയിലേന്തിയ ഒരു മാലാഖയെ ഞങ്ങൾ കണ്ടു.  ആ വാളിൽനിന്ന്  ലോകത്തെ  ചാമ്പലാക്കാനെന്നോണം  തീജ്വാലകൾ 
പുറപ്പെട്ടുകൊണ്ടിരുന്നു..  എന്നാൽ, ആ തീജ്വാലകൾ പരിശുദ്ധ അമ്മയുടെ  കൈയിൽ നിന്നും മാലാഖയുടെ നേർക്ക്‌ പുറപ്പെട്ടിരുന്ന തേജോസ്ഫുലിംഗങ്ങളിൽ തട്ടി   ഇല്ലാതാകുന്നതു ഞങ്ങൾ കണ്ടു.  മാലാഖ, തന്റെ ഇടതുകൈ ഭൂമിയുടെ നേരെ ചൂണ്ടിക്കൊണ്ട് ഉച്ചത്തിൽ "പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം" എന്നു പറയുന്നുണ്ടായിരുന്നു..
           അനന്തരം, ഒരു വലിയ പ്രകാശത്തിൽ, ധവളവസ്ത്രധാരിയായ ഒരു ബിഷപ്പിനെ ഞങ്ങൾ കണ്ടു. അത് പരിശുദ്ധ പിതാവായിരിക്കാമെന്നു ഞങ്ങൾക്കു തോന്നി. പിന്നാലെ,  വേറെ ബിഷപ്പുമാരും വൈദികരും പുരുഷന്മാരും സ്ത്രീകളുമായ സന്യസ്തരും പല പദവിയിൽപ്പെട്ട അല്മായരും പിതാവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അവർ  കുത്തനെയുള്ള ഒരു മലയിലേക്കു കയറിപ്പോവുകയായിരുന്നു. മലയുടെ മുകളിൽ, ഒരു വലിയ പരുക്കൻ മരക്കുരിശ് നാട്ടിയിരുന്നു.  മലമുകളിലെത്തുന്നതിനു മുൻപ് പാതി നശിപ്പിക്കപ്പെട്ട ഒരു നഗരത്തിലൂടെ പരിശുദ്ധ പിതാവ് കടന്നുപോയി. വേച്ചുപോകുന്ന  കാലടികളോടെ, ഇടയ്ക്കിടെ  സന്താപനിമഗ്നനായി  നിന്നുകൊണ്ട്, വഴിമദ്ധ്യേ കാണാനിടയായ മരിച്ചയാളുകളുടെ ആത്മശാന്തിക്കായി പിതാവ് പ്രാർഥിക്കുന്നുണ്ടായിരുന്നു.  മലമുകളിലെത്തി കുരിശിൻ ചുവട്ടിൽ മുട്ടുകുത്തിയ പരിശുദ്ധ പിതാവിനെ ഒരുകൂട്ടം പട്ടാളക്കാർ വെടിവെച്ചും അമ്പെയ്തും കൊലപ്പെടുത്തി.  പിന്നാലെയെത്തിയ ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും വിശ്വാസികളേയും ഇതേരീതിയിൽത്തന്നെ അവർ കൊല ചെയ്തു..
           മരക്കുരിശിന്റെ  ഇരു കരങ്ങൾക്കും  താഴെയായി കൈയിൽ സ്ഫടികക്കാസായുമായി രണ്ടു മാലാഖമാർ  നിൽപ്പുണ്ടായിരുന്നു.  അവർ രക്തസാക്ഷികളുടെ രക്തം ശേഖരിച്ച് സ്വർഗ്ഗത്തിലേക്കുള്ള  യാത്രയിലായിരുന്നവരുടെ  മേൽ തളിച്ചുകൊണ്ടിരുന്നു ..." 

                     സി.ലൂസിയായുടെ ഈ വിവരണത്തിന്  സഭ  നല്കുന്ന വ്യാഖ്യാനം, ഇത് ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കു നേരെയുണ്ടായ പരാജയപ്പെട്ട വധശ്രമത്തെക്കുറിച്ചുള്ള പ്രവചനമാണെന്നാണ്.  അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് വാദമുഖങ്ങളുള്ളതിനാൽ, ഇതൊരു വിവാദവിഷയവുമാണ്‌.
                    അതെന്തായാലും  ലോകവും സഭയും കടന്നുപോകുന്നത് മുമ്പില്ലാത്തവണ്ണം പ്രശ്നകലുഷിതമായ സമയങ്ങളിലൂടെയാണ്.  ഫാത്തിമാനാഥയുടെ സന്ദേശം - "ജപമാല ചൊല്ലി പ്രാർഥിക്കുക; പ്രായശ്ചിത്തം ചെയ്യുക" - അന്നും ഇന്നും എന്നും ഒരുപോലെ പ്രസക്തമാണ്.     

                                    "അവസാനം എന്റെ വിമലഹൃദയം വിജയം കൈവരിക്കും (In the end, My Immaculate Heart will Triumph)" എന്നത് ഫാത്തിമാനാഥയുടെ  വാഗ്ദാനമാണ്.   അതിൽ  ഉറപ്പായി വിശ്വസിച്ചുകൊണ്ട് നമുക്ക് നമ്മുടെ ജപമാലകൾ കൈകളിലേന്താം. സാത്താനുമായുള്ള യുദ്ധത്തിൽ നമ്മുടെ അമ്മയ്ക്ക് പൂർണ്ണ പിന്തുണ നല്കാം...   

Monday, February 1, 2016

മൂന്നാം ഫാത്തിമാരഹസ്യം വെളിപ്പെടുന്നു?

                   സി.ലൂസിയ,  തന്റെ ബിഷപ്പിന്റെ ആജ്ഞയ്ക്കു വിധേയപ്പെട്ടും  ദൈവമാതാവിന്റെ നിർദ്ദേശങ്ങളനുസരിച്ചും 1944  ജനുവരി മാസത്തിൽ രേഖപ്പെടുത്തിയതും 1960 ൽ വിശ്വാസികളെ അറിയിക്കേണ്ടിയിരുന്നതുമായ    ഫാത്തിമായിലെ മൂന്നാം രഹസ്യം,  ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ മാർപ്പാപ്പായായിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ വെളിപ്പെടുത്തിയില്ല. 1963 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മാർപ്പാപ്പയായ പോൾ ആറാമൻ, 1965 ൽ 
ഫാത്തിമായിലെ  മൂന്നാം രഹസ്യമടങ്ങുന്ന സി.ലൂസിയായുടെ കത്തു വായിച്ചെങ്കിലും എന്തുകൊണ്ടോ അതു വെളിപ്പെടുത്താനാഗ്രഹിക്കാതെ വത്തിക്കാൻ ആർക്കൈവ്സിലേക്കു തിരിച്ചയയ്ക്കുകയാണുണ്ടായത്‌.   
              1978 ൽ പോൾ ആറാമൻ പാപ്പാ കാലം ചെയ്തു.  അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ജോൺ പോൾ ഒന്നാമൻ പാപ്പാ 1978 ഓഗസ്റ്റ് 26 ന് സ്ഥാനമേറ്റെങ്കിലും 33 ദിവസത്തെ വാഴ്ചയ്ക്കു ശേഷം സെപ്റ്റംബർ 28 ന് കാലം ചെയ്തു.  തുടർന്നുവന്ന ജോൺ പോൾ രണ്ടാമൻ പാപ്പായും 1981 മെയ്‌ 13ന്  അദ്ദേഹത്തിനു നേരെ വധശ്രമം ഉണ്ടാകുന്നതുവരെ ഇതെപ്പറ്റി മൗനം അവലംബിച്ചു. വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടശേഷം ജോൺപോൾ പാപ്പാ മൂന്നാം ഫാത്തിമാരഹസ്യത്തെപ്പറ്റി ലഭ്യമായ എല്ലാ രേഖകളും പഠിക്കുകയും 1982 മെയ് 13 ന് ലോകം മുഴുവനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു  പ്രതിഷ്ടിക്കുകയും ചെയ്തു.  എന്നാൽ സി.ലൂസിയായുടെ കത്തിലെ വിവരങ്ങൾ പുറത്തുവിടുവാൻ  രണ്ടായിരാമാണ്ട്‌ വരെ അദ്ദേഹവും തയാറായില്ല.  
  2000 ജൂൺ മാസത്തിൽ വത്തിക്കാൻ പരസ്യപ്പെടുത്തിയ രേഖകൾ  പ്രകാരം, ഫാത്തിമായിലെ  മൂന്നാം രഹസ്യത്തെപ്പറ്റിയുള്ള സി.ലൂസിയായുടെ വിവരണം ഇപ്രകാരമാണ്:  
    "ഞാൻ മുൻപു വിവരിച്ച ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു ശേഷം,  പരിശുദ്ധ അമ്മയുടെ ഇടതുവശത്ത്‌ അൽപ്പം മുകളിലായി, ജ്വലിക്കുന്ന ഒരു വാൾ  ഇടതുകൈയിലേന്തിയ ഒരു മാലാഖയെ ഞങ്ങൾ കണ്ടു.  ആ വാളിൽനിന്ന്  ലോകത്തെ ചാമ്പലാക്കാനെന്നോണം  തീജ്വാലകൾ പുറപ്പെട്ടുകൊണ്ടിരുന്നു.. "